വ്യക്തിത്വം

മുഖത്തെപ്പോഴും ചന്ദ്രപ്രഭ നിഴലിട്ടിരുന്നു

Spread the love

പ്രവാചകനെ നേരില്‍ കാണാന്‍ നമുക്ക് അവസരം ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ അനുചരന്മാരുടെ വര്‍ണനകളില്‍ നിന്ന് തിരുമേനിയുടെ ശരീര ഘടനയെക്കുറിച്ചും ആകാര ഭംഗിയെക്കുറിച്ചും ഒട്ടൊക്കെ മനസിലാക്കാന്‍ കഴിയും.
 
ബറാഅ് ബിന്‍ ആസ്വിബ്(റ) പറഞ്ഞു: നബി(സ) ജനങ്ങളില്‍ വെച്ച് ഏറ്റവും സുന്ദരവദനമുളളവനും, ഭംഗിയുളള ശരീര ഘടനയുടെ ഉടമയുമായിരുന്നു. അദ്ദേഹം വല്ലാതെ നീളമുള്ളവനോ, തീരെ കുറിയവനോ ആയിരുന്നില്ല. ഒത്ത ശരീരമുളള തിരുദൂതരുടെ ചുമലുകള്‍ക്കിടയില്‍ നല്ല വിസ്താരമുണ്ടായിരുന്നു. തലമുടി പിറകോട്ട് ചീകി വെച്ചാല്‍ അത് ചെവിക്കുന്നി വരെ എത്തുമായിരുന്നു. ഒരു ദിവസം ഒരു ചുവന്ന വസ്ത്രം ധരിച്ച നിലയില്‍ ഞാന്‍ നബി(സ) യെ കണ്ടു. അതിനെക്കാള്‍ ഭംഗിയുളള ഒരു കാഴ്ചയും ഞാന്‍ ഇതുവരെ ദര്‍ശിച്ചിട്ടില്ല.
 
ഹസന്‍ ബിന്‍ അലിയ്യ് പറഞ്ഞു: അല്ലാഹുവിന്റെ ദൂതര്‍ക്ക് വടിവൊത്ത ശരീരമായിരുന്നു. മുഖത്ത് എപ്പോഴും ചന്ദ്രപ്രഭയുണ്ടായിരുന്നു. സാമാന്യം വലിയ തലയും തിങ്ങിയ മുടിയുമുണ്ടായിരുന്നു. അത് ചീകി വെച്ചാല്‍ ചെവിക്കുന്നിവരെ എത്തുമായിരുന്നു. നെറ്റിത്തടം വിശാലമായതും കണ്‍പുരികങ്ങള്‍ വളഞ്ഞതും കനം കുറഞ്ഞതുമായിരുന്നു. വിശാലമായ കവിള്‍ തടവും തിങ്ങിയ താടിയുമുണ്ടായിരുന്നു. വിശാലതയുളള മാറിലും ചുമലിലും കൈകളിലും രോമങ്ങളുണ്ടായിരുന്നു. കാല്‍ പാദങ്ങള്‍ മാംസളവും ചുളിവുകളോ, വിളളലുകളോ ഇല്ലാത്തതുമായിരുന്നു. നടക്കുമ്പോള്‍ സാവകാശം നടക്കുകയും, തിരിഞ്ഞു നോക്കുമ്പോള്‍ പൂര്‍ണമായും തിരിയുകയും, ചൂണ്ടിക്കാണിക്കുമ്പോള്‍ കൈ കൊണ്ട് മുഴുവനായും ചൂണ്ടുകയും ചെയ്തിരുന്നു.
 
പ്രവാചകന്‍ അധിക സമയവും നിശബ്ദനും ചിന്താനിമഗ്‌നനുമായിരുന്നു. ആവശ്യമില്ലാതെ സംസാരിക്കുകയോ അധികം സംസാരിക്കുകയോ ചെയ്തിരുന്നില്ല. തിരുവചനങ്ങളിലെ വാക്കുകള്‍ ഒരാള്‍ക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ പറ്റുന്ന രൂപത്തില്‍ വ്യക്തവും സ്ഫുടവുമായിരുന്നു. പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയുമ്പോള്‍ അത് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചിരുന്നു. പുഞ്ചിരിച്ചു കൊണ്ടല്ലാതെ സംസാരിക്കാറില്ല. എന്നാല്‍ അദ്ദേഹം ഒരിക്കലും പൊട്ടിച്ചിരിക്കാറുണ്ടായിരുന്നില്ല. ചിലപ്പോള്‍ അണപ്പല്ലുകള്‍ വെളിവാകുന്ന രൂപത്തില്‍ ചിരിക്കാറുണ്ടെങ്കിലും, ശബ്ദം പുറത്ത് വരാറില്ല. നബി(സ) ചിരിച്ചിരുന്നത് പോലെ തന്നെ കരഞ്ഞതും, ആര്‍ക്കും ശല്യമാവാത്ത രൂപത്തിലായിരുന്നു. ദുഖം വരുമ്പോള്‍ ഏങ്ങിക്കരയുകയോ, വിലപിക്കുകയോ ചെയ്തിരുന്നില്ല. അല്ലാഹുവിനെ ഭയപ്പെട്ടിട്ടും, ചില ഖുര്‍ആന്‍ വചനങ്ങള്‍ പാരായണം ചെയ്തപ്പോഴും, സമുദായത്തിന്റെ ഗതിയോര്‍ത്തും, മകന്‍ ഇബ്‌റാഹിം മരണപ്പെട്ട സമയത്തും തിരുമേനി മിഴിനീര്‍ പൊഴിച്ചിരുന്നതായി ഹദീസുകള്‍ വ്യക്തമാക്കുന്നുണ്ട്.
 

വസ്ത്രധാരണം ലളിതവും മാതൃകാപരവുമായിരുന്നു. അനാവശ്യമായതോ, ആവശ്യത്തിന് തികയാത്തതോ ആയ വസ്ത്രങ്ങള്‍ അദ്ദേഹം ധരിച്ചിരുന്നില്ല. ഒരു പ്രത്യേക ഇനത്തിലോ, തരത്തിലോ ഉളള വസ്ത്രം തന്നെ വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നില്ല. ലഭ്യമായ പല തരത്തിലുളള വസ്ത്രങ്ങളും തിരുമേനി ധരിച്ചിരുന്നതായി കാണാം. വെളളിയാഴ്ചയും പെരുന്നാള്‍ ദിവസവും പ്രത്യേക വസ്ത്രവും, അതിഥികളെ സ്വീകരിക്കുമ്പോള്‍ ഏറ്റവും പുതിയ വസ്ത്രവും ധരിച്ചിരുന്നു. വെളള വസ്ത്രം ഏറെ ഇഷ്ടപ്പെട്ടിരുന്ന തിരുദൂതരുടെ വസ്ത്രത്തില്‍ ഒരിക്കലും മാലിന്യങ്ങള്‍ കാണപ്പെട്ടിരുന്നില്ല. സുഗന്ധം ഏറെ ഇഷ്ടപ്പെട്ടിരുന്നതിനാല്‍ നബി(സ) അത് ഒരിക്കലും തിരസ്‌കരിച്ചിരുന്നില്ല. കസ്തൂരി തലയിലും താടിയിലും തേച്ചിരുന്നു. സുറുമയിടുന്നത് പ്രോത്സാഹിപ്പിക്കുകയും സുറുമയിടുകയും ചെയ്തിരുന്നു.
 
വീട്ടില്‍ കടന്നാല്‍ അദ്ദേഹം തന്റെ സമയം മൂന്നായി ഭാഗിക്കും. ഒന്ന് അല്ലാഹുവിന്, രണ്ട് കുടുംബത്തിന്, മൂന്ന് തനിക്ക്. തന്റെ സ്വന്തം കാര്യത്തിന് വേണ്ടി മാറ്റി വെക്കുന്ന സമയം ജനങ്ങള്‍ക്ക് വേണ്ടിയും വിനിയോഗിക്കാറുണ്ട്. ദൈവ സ്മരണ കൊണ്ടല്ലാതെ അദ്ദേഹം ഒരു സദസ്സിലും സന്നിഹിതനാകുകയോ, അവിടുന്ന് പുറത്ത് വരികയോ ചെയ്യാറില്ല. ഭക്തിയും വിനയവും വിശ്വസ്തതയും തിരുസദസ്സിന്റെ സവിശേഷതകളാണ്. അനാവശ്യ ബഹളങ്ങള്‍ അവിടെ ഉയരുകയില്ല. നബി (സ) സംസാരം തുടങ്ങിയാല്‍ അനുചരന്മാര്‍ അവരുടെ ശിരസ്സുകളില്‍ പക്ഷികളിരിക്കുന്നത് പോലെ നിശ്ശബ്ദരായിരിക്കും. അദ്ദേഹം സംസാരം നിര്‍ത്തിയതിന് ശേഷമല്ലാതെ അവരാരും ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കാറില്ല.

You may also like