വ്യക്തിത്വം

മാമലകളെ സ്‌നേഹിച്ച പ്രവാചകന്‍

Spread the love

ഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മാമലകളും അംബരചുംബികളായ പര്‍വത നിരകളും പ്രാപഞ്ചിക ഘടനയുടെ സന്തുലിതത്വം നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. മനുഷ്യന്റെ മാനസികആത്മീയ സന്തുലിതത്വം നിലനിര്‍ത്തുന്നതിലും ഇവക്ക് പങ്കില്ലേ?
പ്രവാചകന്മാരും മുനിമാരും ഋഷിമാരും ഏകാന്തപഥികരായി മല ശിബിരങ്ങളിലും വനാന്തരങ്ങളിലും കഴിഞ്ഞിരുന്നത് മേല്‍പറഞ്ഞ സന്തുലിതത്വം കൈവരിക്കാനായിരുന്നുവോ? അതോ മലകളുടെയും വനാന്തരങ്ങളുടെയും ആഹ്‌ളാദകരമായ ഏകാന്തത ആസ്വദിക്കാനായിരുന്നുവോ? മുഹമ്മദ് നബി(സ)യുടെ ജീവിതവുമായി ബന്ധപ്പെടുത്തി പഠിക്കുമ്പോള്‍ ചുരുങ്ങിയത് പത്ത് മലകളുടെയെങ്കിലും സജീവ സാന്നിധ്യം അദ്ദേഹത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നതായി കാണാം.  

സഫാ മലയില്‍ നിന്ന് ആരംഭിച്ച തന്റെ പ്രബോധന ജൈത്രയാത്ര കാരുണ്യത്തിന്റെ മലയെന്ന പേരില്‍ വിശ്രുതമായ അറഫയിലെ ജബലുര്‍റഹ്മയുടെ താഴ്വാരത്തില്‍ നിര്‍വഹിച്ച വിടവാങ്ങല്‍ പ്രസംഗം വരെയും തുടര്‍ന്നുകൊണ്ടിരുന്നു. അറേബ്യയിലെ മറ്റനേകം മലകളെയും സ്‌നേഹിച്ചും തലോടിയും നീണ്ട 23 വര്‍ഷക്കാലം പ്രവാചകന്‍ (സ) പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
എവിടെ ചെന്നെത്തിയാലും ഉയര്‍ന്ന സ്ഥലമായിരുന്നു നബി(സ) ഇഷ്ടപ്പെട്ടിരുന്നത്. ഇഖ്ബാല്‍ കവിതയിലെ രാജാളി പക്ഷിയെപോലെ. പ്രവാചകത്വ പദവി ലഭിക്കുന്നതിന് മുമ്പ് തന്നെ ഏകാന്തവാസം കൊതിച്ചിരുന്ന മുഹമ്മദ് നബി(സ) പ്രകാശത്തിന്റെ പര്‍വതമെന്ന പേരില്‍ വിശ്രുതമായ ‘ജബലുന്നൂറി’ലെ’ഹിറാ ഗുഹയില്‍ ധ്യാന നിമഗ്‌നനായി ഇരിക്കുക പതിവായിരുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 761 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മക്കയിലെ വന്‍ മലകളില്‍ ഒന്നാണിത്.

വിശുദ്ധ ഹറമിനടുത്തുള്ള തന്റെ വാസസ്ഥലത്ത് നിന്ന് രണ്ട് മൈല്‍ ദൂരത്തുള്ള ഈ മലയുടെ ഏകാന്ത ചെപ്പിലൊതുങ്ങാന്‍ ഒരാള്‍ നടന്ന് പോവുമ്പോള്‍ അതിനോടുള്ള അദ്ദേഹത്തിന്റെ അനുരാഗം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. മഹത്തായൊരു ദൌത്യത്തിന്റെ വാഹകനാവാനും ഭൂമുഖം പരിവര്‍ത്തിപ്പിക്കുന്നതിന് വേണ്ടിയുമുള്ള പരിശീലനത്തിന്റെ ഭാഗവുമായിരുന്നത്. പ്രവാചകത്വം ലഭിക്കുന്നതിന്റെ മൂന്ന് വര്‍ഷം മുമ്പേ ഈ ഏകാന്തവാസം അദ്ദേഹം ആരംഭിച്ചിരുന്നു. മാനവരാശിയെ ദൈവിക പ്രഭയിലേക്ക് നയിച്ച വിശുദ്ധ ഖുര്‍ആന്റെ ആദ്യാവതരണം കൊണ്ട് അനുഗൃഹീതമായതും ‘ജബലുന്നൂര്‍’ആയിരുന്നുവെന്നത് യാദൃശ്ചികമല്ല.
നബി(സ)യുടെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ രംഗവേദിയാകുന്ന മറ്റൊരു മലയാണ് വിശുദ്ധ കഅ്ബക്ക് അടുത്തുള്ള സ്വഫാ. പരസ്യ പ്രബോധനത്തിനുള്ള ആദ്യ കല്‍പന ശുഅ്‌റാഅ് അധ്യായത്തിലെ ”നിന്റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക” (26:214) എന്ന സൂക്തം അവതരിച്ചപ്പോള്‍, സ്വഫായുടെ നെറുകയില്‍ കയറി അദ്ദേഹം സ്വന്തം ജനതയെ അഭിസംബോധന ചെയ്തു.
 
പ്രവാചകന്റെ ബാല്യയൌവനത്തിന് സാക്ഷ്യം വഹിച്ച മാമലകള്‍ മക്കയില്‍ വേറേയുമുണ്ട്. വിശുദ്ധ കഅ്ബാ മന്ദിരത്തിന്റെ കിഴക്ക് 420 മീറ്റര്‍ ഉയരമുള്ള ജബല്‍ ഖുബൈസ് അവയിലൊന്നാണ്. ജബല്‍ മര്‍വ, ജബല്‍ കഅ്ബ, ജബല്‍ ഉമര്‍ തുടങ്ങിയ അനേകം മലനിരകളാല്‍ വലയം ചെയ്യപ്പെട്ടാണ് വിശുദ്ധ കഅ്ബാലയത്തിന്റെ നില്‍പ് തന്നെ.
 
നബി(സ)യുടെ ജീവിതത്തിലെ നിര്‍ണായക സംഭവത്തിന് രംഗവേദിയായ മറ്റൊരു മലയാണ് സൌര്‍. മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിത്താവളമായി നബി (സ) അഭയം തേടിയിരുന്നത് ഈ മലയിലെ ഒരു ഗുഹയിലായിരുന്നു. വിശുദ്ധ ഗേഹത്തില്‍ നിന്ന് അഞ്ച് മൈല്‍ ദൂരത്തുള്ള സൌര്‍ മലയിലേക്ക് അബൂബക്കറി(റ)നോടൊപ്പം വളരെ സാഹസികമായാണ് അവിടുന്ന് യാത്ര ചെയ്തിരുന്നത്.
 
മസ്ജിദുന്നബവിയില്‍ നിന്ന് വിളിപ്പാടകലെയുള്ള ഉഹ്ദ് മലയുമായി നബി (സ) ക്ക് പ്രത്യേകമായ വൈകാരിക ബന്ധം ഉണ്ടായിരുന്നു. ഉഹ്ദിന്റെ താഴ്വരയില്‍ സ്വര്‍ഗത്തിന്റെ പരിമളം അനുഭവപ്പെടുന്നതായി പ്രവാചകന്‍ അനുസ്മരിച്ചിരുന്നു: ‘ഉഹുദ് മല നമ്മെ സ്‌നേഹിക്കുന്നു; നാം അതിനേയും.”” ഉഹുദ് യുദ്ധം കൊടുമ്പിരികൊള്ളുന്ന സന്ദര്‍ഭം. ഏതാനും ശത്രു സൈനികര്‍ മലയുടെ ഉച്ചിയില്‍ ധാര്‍ഷ്ട്യത്തോടെ ഇരിക്കുന്നു. ഇത് കണ്ട പ്രവാചകന്‍ അനുചരന്മാരോട്: ‘അവര്‍ അങ്ങനെ മലയുടെ ഉച്ചിയില്‍ ഇരിക്കേണ്ടവരല്ല. നാമാണ് ഉയരത്തില്‍ ഇരിക്കാന്‍ ഏറ്റവും അര്‍ഹര്‍.””’
 
ഉഹുദു മലക്കടുത്തുള്ള ശത്രു സൈന്യത്തിന് നേരെ പ്രവാചകനും അനുയായികളും അമ്പെയ്തിരുന്ന ചെറുകുന്നായിരുന്നു ജബലു റുമാത്.
 
ഹജ്ജ് കര്‍മത്തിന് പോവുമ്പോള്‍ മിനായിലെ ഇരുത്തം അതിലെ പ്രധാന കര്‍മങ്ങളിലൊന്നാണ്. ഖൈഫ് മസ്ജിദിനടുത്തുള്ള ഉയര്‍ന്ന കുന്നിന്‍ ചെരുവിലായിരുന്നു നബി (സ) തമ്പടിച്ചിരുന്നത്. മീനയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലവും ഇതു തന്നെയാണ്.
 
ഹജ്ജ് കര്‍മത്തിലെ മറ്റൊരു സുപ്രധാന കര്‍മമാണ് അറഫയിലെ നിര്‍ത്തം. നബി (സ) അറഫയിലായിരുന്നപ്പോള്‍ കാരുണ്യത്തിന്റെ കുന്നിന്‍ (ജബലുര്‍റഹ്മ) ചെരുവില്‍ നിന്നു കൊണ്ടായിരുന്നു പ്രാര്‍ഥനയില്‍ മുഴുകിയിരുന്നത്. വിശ്വപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗം നിര്‍വഹിച്ചതും ഇതേ മലയില്‍ വെച്ചാണ്. മനുഷ്യാവകാശത്തിന്റെ  മാഗ്‌നാകാര്‍ട്ടയുടെ ആദ്യപ്രഖ്യാപനം നടന്നത് ഈ മലംഞ്ചെരുവികളിലായിരുന്നു.
 
പര്‍വതങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി എല്ലാ വര്‍ഷവും ഡിസംബര്‍ 11 പര്‍വത ദിനമായി ആചരിച്ച് വരുന്നു. പര്‍വതങ്ങള്‍ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. പര്‍വതങ്ങളും മലകളും കടുത്ത ഉന്മൂലന ഭീഷണി നേരിടുകയാണ്. മലനിരകളെ ഇടിച്ച് നിരപ്പാക്കികൊണ്ടിരിക്കുന്നു.
 
പ്രവാചകനെ അനുധാവനം ചെയ്യുന്നവര്‍ അദ്ദേഹം ഏറെ സ്‌നേഹിച്ച മാമലകളെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. മലകള്‍ നിരപ്പാക്കുന്നതിന് യൂറോപ്പില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും, മൂന്നാം ലോക രാജ്യങ്ങളില്‍ പാറക്കൂട്ടങ്ങളുടെയും കുന്നുകളുടെയും മരണമണി മുഴങ്ങുകയാണ്. ഇത് ഒട്ടനവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മഹാ പര്‍വതങ്ങള്‍ നീക്കം ചെയ്താല്‍ ഭൂമിയുടെ നിലനില്‍പ് അവതാളത്തിലാവും. വര്‍ഷകാലത്ത് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുണ്ടാവുന്നതിനുള്ള കാരണവും മറ്റൊന്നല്ല. ദുരമൂത്ത മുതലാളിത്ത മനോഭാവമാണ് ഇതിന് വളം വെച്ച് കൊടുക്കുന്നത്.  വിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ കാണാം: ‘പര്‍വതങ്ങളെ നാം ആണികളാക്കി.” (78:7).
 
‘നിങ്ങളെയും കൊണ്ട് ഉലഞ്ഞ് പോവാതിരിക്കാന്‍ ഭൂമിയില്‍ പര്‍വതങ്ങളെ ഉറപ്പിച്ചിരിക്കുന്നു.” (31:10).
 
മാമലകള്‍ നിലനില്‍ക്കേണ്ടത് നമ്മുടെ ആവാസ വ്യവസ്ഥയുടെ അനിവാര്യതയാണെന്ന് നാം മനസ്സിലാക്കുമോ? എങ്കില്‍ ഭൂമിയുടെ സന്തുലിതത്വം നമുക്ക് കാത്ത് സൂക്ഷിക്കാന്‍ കഴിയും. പ്രവാചകന്‍ സ്‌നേഹിച്ച മാമലകളെ നമുക്കും സ്‌നേഹിക്കാം.

You may also like