വ്യക്തിത്വം

പ്രവാചക ഗേഹത്തിലെ പെരുന്നാള്‍ വിശേഷങ്ങള്‍

Spread the love

പ്രവാചകന്‍ (സ)യുടെ പത്‌നി ആയിശ (റ) ആ സംഭവം ഓര്‍ക്കുകയാണ്. ഒരു പെരുന്നാള്‍ ദിവസം നബി(സ) എന്റെയടുത്തേക്ക് വന്നപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ ബുആസ് ദിവസത്തെക്കുറിച്ച് പാട്ടു പാടിക്കൊണ്ടിരിക്കുകയായിരുന്നു. നബി(സ) വിരിപ്പില്‍ കിടന്നു. തന്റെ മുഖം മറുഭാഗത്തേക്ക് തിരിച്ചിട്ടു. (പാട്ടു ശ്രവിച്ചുകൊണ്ടിരുന്നു) അങ്ങനെ അബൂബക്കര്‍ അവിടെ കയറി വന്നു. അദ്ദേഹം എന്റെ നേരെ കണ്ണുരുട്ടി. ഇപ്രകാരം ശകാരിച്ചു: ശൈത്താന്റെ പാട്ട്. അതു തന്നെ നബി(സ)യുടെ അടുത്തു വെച്ചിട്ടും! അപ്പോള്‍ നബി(സ) അബൂബക്കര്‍(റ)ന്റെ നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു: നീ അവരെ വിട്ടേക്കുക. അദ്ദേഹം അതില്‍ നിന്നു ശ്രദ്ധ തിരിച്ചപ്പോള്‍ ഞാന്‍ ആ രണ്ടു പെണ്‍കുട്ടികളോടും ആംഗ്യം കാണിച്ചു. ഉടനെ അവര്‍ രണ്ടുപേരും പുറത്തുപോയി. (ബുഖാരി.)
പ്രവാചക തിരുമുറ്റത്ത് ആഹ്ലാദങ്ങള്‍ അലയടിക്കുകയാണ്. അവിടെ സുഢാനികള്‍ യുദ്ദോപകരണങ്ങളുമായി ആനന്ദത്തിലേര്‍പ്പെട്ടിരിക്കുകയാണ്. നീ അത് കാണാന്‍ കൊതിക്കുന്നോ എന്ന് തിരുദൂതര്‍ ആയിശ(റ)യോട് ചോദിച്ചു. അതിന് താല്‍പര്യം പ്രകടിപ്പിച്ച മഹതിയെ പിന്നിലിരുത്തി മതിവരുവോളം കാണുക എന്ന് പ്രവാചകന്‍ (സ) പറഞ്ഞു.
മറ്റൊരു പെരുന്നാള്‍ സുദിനത്തില്‍ പ്രവാചകരുടെ സദസ്സില്‍   എത്യോപ്യന്‍ അടിമ സ്ത്രീ കുട്ടികളോടൊപ്പം ഗാനാലാപനം നടത്തിയപ്പോള്‍ വരൂ ഒരുമിച്ചാസ്വദിക്കാം എന്ന് ആയിശയെ വിളിച്ചുകൊണ്ട് പ്രവാചകന്‍ പറഞ്ഞു. തിരുമേനിയുടെ തോളില്‍ താടിവെച്ചുകൊണ്ട് ആയിശ(റ) ആ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ മതിയായില്ലേ എന്നു പ്രവാചന്‍ ചോദിച്ചപ്പോള്‍ അല്‍പം കൂടി സാവകാശമാവശ്യപ്പെട്ടു. ഉമര്‍(റ) അവിടെ ആഗതനായപ്പോള്‍ ജനങ്ങളെല്ലാം അവിടെ നിന്നും പിരിഞ്ഞുപോയി. അപ്പോള്‍ നബി(സ) പറഞ്ഞു. മനുഷ്യര്‍ക്കിടയിലെയും ജിന്നുകള്‍ക്കിടയിലെയും പിശാചുക്കള്‍ ഉമറില്‍ നിന്നും ഓടിയകലുന്നതായി ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അപ്പോള്‍ ആയിശയും അവിടെ നിന്ന് മടങ്ങി.

 പണ്ഡിതന്മാര്‍ പ്രസ്തുത സംഭവങ്ങളില്‍ നിന്നും നിരവധി ഗുണപാഠങ്ങള്‍ മനനം ചെയ്‌തെടുത്തിട്ടുണ്ട്.
-ആഘോഷ സുദിനങ്ങളില്‍ കുടുംബത്തോടൊപ്പം അനുവദനീയമായ സര്‍ഗാത്മക പരിപാടികളില്‍ പങ്കെടുക്കാം. ഒരു വ്യക്തി എത്രതന്നെ ഉന്നതനാണെങ്കിലും മനുഷ്യപ്രകൃതത്തിലടങ്ങിയ ഇത്തരം ആഹ്ലാദങ്ങളില്‍ പങ്കുചേരുകയും സന്താനങ്ങളെയും കുടുംബങ്ങളേയും പങ്കെടുപ്പിക്കുകയും ചെയ്യുന്നത് ഗുണകരം
-ആഘോഷ സുദിനങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കുക എന്നത് ദീനിന്റെ ചിഹ്നങ്ങളില്‍ പെട്ടതാണ്. അടിമപ്പെണ്‍കുട്ടികളുടെ ഗാനാലാപനത്തില്‍ നിന്ന് മഹിതി ആയിശയെ തടയാന്‍ പ്രേരിപ്പിച്ച അബൂബക്കര്‍ (റ) നോട് പ്രവാചകന്‍ പ്രതിവചിച്ചത് ശ്രദ്ധേയമാണ്. അബൂബക്കര്‍ ! എല്ലാ ജനതക്കും അവരുടെതായ പെരുന്നാളുണ്ട്. ഇന്ന് നമ്മുടെ പെരുന്നാളാണ്. മറ്റൊരു നിവേദനത്തില്‍ ഇസ്ലാമിന്റെ വിശാല വീക്ഷണം ജൂതന്മാര്‍ ഗ്രഹിക്കട്ടെ എന്ന് പ്രവാചകന്‍ (സ) പറയുകയുണ്ടായി.
-സ്ത്രീകളോട് സ്‌നേഹവായ്‌പോടും നൈര്‍മല്യത്തോടും കൂടി പെരുമാറുകയും അനുവദനീയമായ ആനന്ദങ്ങളില്‍ അവരോടൊപ്പം പങ്കുചേരുകയും ചെയ്യേണ്ടതുണ്ട്. ഇതിന് ഏറ്റവും അനുകരണീയമായ മാതൃക പ്രവാചക ഭവനം തന്നെ. സ്‌നേഹത്തിന്റെ ആഴം തന്റെ കവിള്‍ത്തടം തിരുമേനിയുടെ കവിള്‍ത്തടത്തോട് ചേര്‍ത്തുവെച്ചു എന്ന ആയിശ(റ) യുടെ വാക്കുകളില്‍ ദര്‍ശിക്കാം.
-ആയിശയുടെ ആനന്ദത്തിനായി പ്രവാചകന്‍ അവസരം ഏര്‍പ്പെടുത്തിയതും യുവതിയായ പത്‌നിയെയും കുടുംബത്തെയും പരിഗണിച്ചതും മാതൃകാപരമാണ്. യുവതികളായ സ്ത്രീകളുടെ ആനന്ദത്തിനുള്ള അവസരങ്ങള്‍ നിങ്ങള്‍ പരിഗണിക്കണമെന്ന് ആയിശ(റ) പറയാറുണ്ടായിരുന്നു.
– ഉല്ലാസങ്ങള്‍ക്കും ആനന്ദത്തിനുള്ള അവസരങ്ങളില്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ശിക്ഷണ മര്യാദകള്‍ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. അനുവദനീയത്തിന്റെ സീമകള്‍ ലംഘിച്ച് നിഷിദ്ധതയുടെ അളവിലേക്ക് എത്താതിരിക്കാന്‍ ജാഗ്രത കൈക്കൊള്ളണം. തിരുമേനിയുടെ മറവിലിരുന്നു കൊണ്ടാണ് അവരുടെ കളികള്‍ ഞാന്‍ ദര്‍ശിച്ചതെന്നും ചെറുപ്രായത്തിലുള്ള അടിമ സ്ത്രീകളായിരുന്ന അവര്‍ എന്ന മഹതി ആയിശ(റ)യുടെ പ്രതിപാദനം ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.

പെരുന്നാള്‍ ഒരു സാമൂഹികാഘോഷം
ഇസ്‌ലാമിലെ പെരുന്നാള്‍ വ്യക്തിപരമായ ഒരു ആഘോഷമല്ല. മാതാപിതാക്കളില്‍ നിന്നും തുടങ്ങി കുടുംബ ബന്ധങ്ങളിലൂടെ കടന്ന് എല്ലാ വിശ്വാസികളിലും സൗരഭ്യം പരത്തുന്ന ആനന്ദമാണ് പെരുന്നാള്‍. പെരുന്നാള്‍ സുദിനം ഒരാളും പട്ടിണി കിടക്കാതിരിക്കാനുള്ള ഫിത്വര്‍ സകാത്ത് സംരംഭം ഈ സാമൂഹികതയുടെ പ്രതിഫലനമാണ്. ബലിപെരുന്നാള്‍ സുദിനത്തിലെ മാംസവിതരണത്തിന്റെ ലക്ഷ്യവും മറ്റൊന്നല്ല. തങ്ങളുടെ ആഘോഷ സുദിനം എല്ലാവര്‍ക്കും സുഭിക്ഷതയോടെ ആഹാരം ലഭ്യമാകണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഏത് വ്യവസ്ഥതയാണ് ലോകത്തുള്ളത്. പട്ടിണിക്കാരെ പരിഗണിക്കാത്ത, ബന്ധങ്ങള്‍ പൂത്തുലയാത്ത സ്‌നേഹമഴ വര്‍ഷിക്കാത്ത പെരുന്നാളുകള്‍ക്ക് പൊരുളില്ല. ഇസ്‌ലാമിന്റെ മാനവികത ഇതരമതസ്ഥര്‍ക്കും പകര്‍ന്നു നല്‍കാന്‍ കഴിയുന്ന സാമൂഹിക സഹവര്‍തിത്വത്തിനുള്ള സംരംഭങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. ‘മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു ‘ (അല്‍ മുംതഹിന: 8)

ഇസ്ലാമിലെ പെരുന്നാള്‍ ആത്മീയതയും ഭൗതികതയും സമഞ്ജസമായി സമ്മേളിക്കുന്ന ഉന്നതമായ ആഘോഷമാണ്. വിശുദ്ധ റമദാനിന്റെ വിശുദ്ധിയുടെ നിറവിലും ഹജ്ജിന്റെ സ്മരണകളിലുമാണ് ഇസ്ലാമിലെ രണ്ട് ആഘോഷങ്ങളും കൊണ്ടാടപ്പെടുന്നത്. അല്ലാഹുവിന്റെ അളവറ്റ ഔദാര്യവും കാരുണ്യവും കൊണ്ടാണിത് ലഭിച്ചത്. അതിനാല്‍ നിങ്ങള്‍ ആഹ്ലാദിക്കുക എന്ന് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. സുഭിക്ഷതയോടെ വിഭവങ്ങള്‍ കഴിച്ച് ശാരീരികമായ ഇഛകളും നിര്‍വഹിക്കേണ്ടതിനാലാണ് പെരുന്നാള്‍ ദിനം നോമ്പനുഷ്ഠിക്കല്‍ നിഷിദ്ധമാക്കിയിട്ടുള്ളത്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

You may also like