വ്യക്തിത്വം

പ്രതിസന്ധികളെ അതിജയിച്ച പ്രവാചകന്‍

Spread the love

”ലോകര്‍ക്കാകെ അനുഗ്രഹമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.” (അമ്പിയാഅ് 107)
പ്രവാചകന്‍ കാരുണ്യത്തിന്റെ നിറകുടമായിരുന്നു… ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക്.., പാപികളായ അടിമകള്‍ക്ക്.., വഴിവിട്ട ജീവിതം നയിച്ചിരുന്ന ധിക്കാരികള്‍ക്ക്… അപ്രകാരം ഭൂമുഖത്തെ എല്ലാവര്‍ക്കും അദ്ദേഹം കാരുണ്യമായി വര്‍ത്തിച്ചു.
പ്രതിസന്ധികള്‍ക്കിടയില്‍ പ്രതിസന്ധികളനുഭവിക്കുന്നവരോടൊപ്പം അദ്ദേഹം ചിലവഴിച്ചു. പ്രവാചകന്‍ അവരെ കൈപിടിച്ചുയര്‍ത്തുകയും പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുകയും അതില്‍ നേരിടുന്ന ബുദ്ധിമുട്ടുകളില്‍ സഹനം കൈക്കൊള്ളുകയും ചെയ്തു. പ്രതിസന്ധിയുടെ വിത്തുകള്‍ കണ്ടെത്തി  അതു വ്യാപിക്കാതിരിക്കാനുള്ള നടപടികളിലേര്‍പ്പെടുകയുമുണ്ടായി. തിരുമേനി മനുഷ്യര്‍ അനുഭവിക്കുന്ന വിവിധങ്ങളായ ദുരിതങ്ങളെ തിരിച്ചറിയുകയും അതിന്റെ അകക്കാമ്പ് കണ്ടെത്തി പരിഹാരം സമര്‍പ്പിക്കുകയും പ്രയാസമനുഭവിക്കുന്നവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു.

ഹജറുല്‍ അസവദ് വെക്കുന്നതിലെ പ്രതിസന്ധി
ഡോ. അലി ജുമുഅ വിവരിക്കുന്നു. പ്രവാചകന്‍ (സ)യുടെ ബുദ്ധികൂര്‍മത കൊണ്ട് ഭിന്നിപ്പും അനൈക്യവും എളുപ്പത്തില്‍ പരിഹരിച്ചിരുന്നു. ഇത്തരം പ്രതിസന്ധികളുടെ വേളകള്‍ സംസ്‌കരണത്തിനും അവസരോചിത ഇടപെടലുകള്‍ക്കുമായി അദ്ദേഹം പ്രയോജനപ്പെടുത്തുകയുണ്ടായി. പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രതിരോധ നടപടികളിലദ്ദേഹം ഏര്‍പ്പെട്ടു. പ്രവാചകത്വത്തിനു മുമ്പും ശേഷവും ഇത്തരം നടപടികള്‍ നമുക്ക് കാണാന്‍ കഴിയും.
ഇബ്‌നു ഹിശാം അദ്ദേഹത്തിന്റെ സീറയില്‍ രേഖപ്പെടുത്തുന്നു: ‘അബൂ ഉമയ്യ ബിന്‍ മുഗീറ ബിന്‍ അബ്ദുല്ല ബിന്‍ ഉമര്‍ ബിന്‍ മഖ്ദൂം എന്ന വ്യക്തി ഖുറൈശികളില്‍ ഏറ്റവും പ്രായംചെന്നയാളായിരുന്നു. കഅ്ബ നിര്‍മാണ വേളയില്‍ ഹജറുല്‍ അസ്‌വദ് വെക്കുന്ന കാര്യത്തില്‍ വ്യത്യസ്ത ഗോത്രങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയിലേര്‍പ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. ഖുറൈശീ ജനതയേ, നിങ്ങള്‍ അഭിപ്രായ ഭിന്നതയിലേര്‍പ്പെട്ട ഈ വിഷയത്തില്‍ പരിഹാരം കാണുക പള്ളിയുടെ ഈ വാതിലിലൂടെ ആദ്യമായി പ്രവേശിക്കുന്നവനായിരിക്കും. ആദ്യമായി അതിലൂടെ പ്രവേശിച്ചത് റസൂല്‍(സ)ആയിരുന്നു. നബിയെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു. അദ്ദേഹം വിശ്വസ്തനാണ്, മുഹമ്മദിനെ ഞങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുന്നു. പ്രവാചകന്റെ മുമ്പില്‍ അവര്‍ പ്രസ്തുത വിഷയം അവതരിപ്പിച്ചു. നിങ്ങള്‍ ഒരു വിരിപ്പ് കൊണ്ടുവരിക എന്ന് പ്രവാചകന്‍ പറഞ്ഞു. വസ്ത്രം കൊണ്ടുവന്നപ്പോള്‍ കല്ല് എടുത്തു ആ തുണിയില്‍ അദ്ദേഹം വെച്ചു. ഓരോ ഗോത്രവും വിരിപ്പിന്റെ ഓരോ ഭാഗം പിടിച്ചു കല്ലുയര്‍ത്താന്‍ പ്രവാചകന്‍ അവരോട് ആവശ്യപ്പെട്ടു. അവര്‍ അപ്രകാരം കല്ല് ഉയര്‍ത്തിയപ്പോള്‍ പ്രവാചകന്‍ ആ കല്ല് എടുത്ത് തല്‍സ്ഥാനത്ത് വെച്ചു.’ ഡോ. അലി ജുമുഅ വിവരിക്കുന്നു. പ്രവാചകന്‍ തന്റെ ബുദ്ധിസാമര്‍ഥ്യം കൊണ്ടും സുബദ്ധമായ അഭിപ്രായ പ്രകടനത്തിലൂടെയും മക്കയിലെ ഗോത്രങ്ങള്‍ക്കിടയിലെ രൂക്ഷമായ പ്രതിസന്ധി എല്ലാവരുടെയും തൃപ്തിയോടെ രമ്യമായി പരിഹരിക്കുകയുണ്ടായി. എല്ലാ ഗോത്രങ്ങളും പരസ്പരം പോരടിക്കുന്ന വലിയ ഒരുയുദ്ധത്തില്‍ നിന്നും നാടിനെ പ്രവാചകന്‍ രക്ഷിക്കുകയുണ്ടായി’.

പ്രതിസന്ധിയനുഭവിക്കുന്നവരോടൊപ്പം
പ്രയാസമനുഭവിക്കുന്നവരോടൊപ്പമാണ് പ്രവാചകന്‍ ജീവിച്ചിരുന്നത്, അവരുടെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി അദ്ദേഹം അഹോരാത്രം പരിശ്രമിക്കുകയുണ്ടായി. ഡോ. റാഗിബുസ്സര്‍ജാനി രേഖപ്പെടുത്തുന്നു. എല്ലാ മനുഷ്യരും അനുഭവിക്കുന്ന വലിയ പ്രതിസന്ധിയാണ് രോഗം. പ്രവാചകന്‍(സ) രോഗികളെ കുറിച്ച് അറിയിക്കപ്പെട്ടാല്‍ എത്ര വലിയ ജോലിത്തിരക്കാണെങ്കിലും അവരുടെ ശുശ്രൂഷക്കായി വേഗത്തില്‍ അവിടെ എത്തുമായിരുന്നു. പ്രവാചകന്റെ സന്ദര്‍ശനം നിര്‍ബന്ധിതാവസ്ഥ കൊണ്ടോ, അനിവാര്യത കൊണ്ടോ ആയിരുന്നില്ല, ആ രോഗിയോടുള്ള ബാധ്യത ബോധ്യപ്പെട്ടതിനാലായിരുന്നു. അതിനാല്‍ തന്നെ മുസ്‌ലിമിന്റെ ബാധ്യതകളിലൊന്നായി രോഗശുശ്രൂഷയെ അദ്ദേഹം എണ്ണിയത്. ‘ ഒരു മുസ്‌ലിമിന് മറ്റൊരു വിശ്വാസിയോടുള്ള ബാധ്യത അഞ്ച് എണ്ണമാണ്. സലാം മടക്കുക, രോഗിയെ ശുശ്രൂഷിക്കുക, ജനാസയെ അനുഗമിക്കുക, ക്ഷണം സ്വീകരിക്കുക. തുമ്മിയവന് വേണ്ടി പ്രാര്‍ഥിക്കുക’ എന്നിവയാണത്.

പള്ളിയില്‍ മൂത്രമൊഴിച്ച സംഭവം
പള്ളിയില്‍ അപരിഷ്‌കൃതനായ ഗ്രാമീണ അറബി മൂത്രമൊഴിച്ച സംഭവം സുവിദിതമാണല്ലോ. യഥാര്‍ഥത്തില്‍ അതൊരു പ്രശ്‌നം തന്നെയായിരുന്നു. എന്നാല്‍ പ്രവാചകന്‍ വളരെ യുക്തിദീക്ഷയോടു കൂടി അത് പരിഹരിച്ചതായി കാണാം. അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു അഅ്‌റാബി പള്ളിയുടെ ഭാഗത്ത് മൂത്രമൊഴിച്ചു, ജനങ്ങള്‍ അവനെ ശകാരിക്കാന്‍ തുടങ്ങി. എന്നാല്‍ പ്രവാചകന്‍ അതില്‍ നിന്നവരെ വിലക്കി. അദ്ദേഹം മൂത്രമൊഴിച്ചു കഴിഞ്ഞപ്പോള്‍ വെള്ളം കൊണ്ടുവന്നു അവിടെ ഒഴിക്കാന്‍ പറഞ്ഞു. ഇത്തരത്തില്‍ രക്തമൊഴുക്കാന്‍ അവസരമുള്ള പ്രശ്‌നം പ്രവാചകന്‍ സരസമായി പരിഹരിക്കുകയുണ്ടായി, പ്രവാചകന്‍ വളരെ നൈര്‍മല്യത്തോടെ അദ്ദേഹത്തെ കാര്യങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു.
‘പ്രവാചകന്‍(സ) അവരോട് കുറ്റവാളികളെപ്പോലെ വര്‍ത്തിച്ചില്ല, കാരണം പാപം ചെയ്യുന്നവരില്‍ പലരും ചെയ്യുന്നത് പാപമാണെന്ന ബോധ്യമില്ലാത്തവരാണ്, ഇത്തരം സന്ദര്‍ഭത്തില്‍ അവരെ നേരിട്ട് ആക്ഷേപിക്കുകയാണെങ്കില്‍ അവനില്‍ പ്രതിപ്രവര്‍ത്തനമാണ് ഉളവാക്കുക. തിന്മ തിരുത്താന്‍ അവനെ പ്രേരിപ്പിക്കുന്ന രീതിയില്‍ അവന്റെ തെറ്റ് ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് ചെയ്യേണ്ടത്. തെറ്റ് ബോധ്യപ്പെടുന്ന രീതിയില്‍ അവന്റെ കണ്ണില്‍ നിന്നും കരട് നീക്കം ചെയ്യാന്‍ നമുക്ക് കഴിയണം. മറ്റുള്ളവര്‍ എങ്ങനെ ചിന്തിക്കുന്നു എന്നു മനസ്സിലാക്കിയാല്‍ തന്നെ പ്രശ്‌നത്തിന് അര്‍ധ പരിഹാരം കാണാന്‍ നമുക്ക് കഴിയും. അതിനാല്‍ തെറ്റ് ചെയ്തവന്റെ അവസ്ഥ മനസ്സിലാക്കി അതുപോലെ ചിന്തിക്കുക! അവന് സ്വീകാര്യമാകുന്ന വഴി ഏതെന്ന് തിരിച്ചറിഞ്ഞു അനുയോജ്യമായത് സ്വീകരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

You may also like