വ്യക്തിത്വം

കുട്ടികളോടുള്ള സമീപനത്തിലെ പ്രവാചക മാതൃക

Spread the love

മനുഷ്യരെ സംബന്ധിച്ചിടത്തോളം അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ അനുഗ്രഹങ്ങളിലൊന്നാണ് സന്താനങ്ങള്‍. സ്‌നേഹവും വാത്സല്യവും കാരുണ്യവും ഉള്‍ച്ചേര്‍ന്ന പരിപാലനത്തിലൂടെ മാത്രമേ അവരെ സമൂഹത്തിന് ഉപകാരപ്പെടുന്ന ഉത്തമ വ്യക്തിത്വങ്ങളായി വാര്‍ത്തെടുക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ.

ഇസ്‌ലാമിക വീക്ഷണത്തില്‍ സന്താനങ്ങള്‍ അല്ലാഹു മനുഷ്യനെ ഏല്‍പ്പിച്ച അമാനത്താകുന്നു. അവരെ പരിപാലിക്കുന്നതും പരിചരിക്കുന്നതും അവരുടെ കാര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്നതെല്ലാം മാതാപിതാക്കള്‍ക്ക് മേല്‍ നിര്‍ബന്ധവും അല്ലാഹുവോടുള്ള ഇബാദത്തിന്റെ ഭാഗവുമാണ്. ഒരു തരത്തിലുള്ള വിഭാഗീയതയും വേര്‍തിരിവും മാതാപിതാക്കള്‍ മക്കള്‍ക്കിടയില്‍ വെച്ചുപുലര്‍ത്താന്‍ പാടില്ല. ആണ്‍പെണ്‍ ഭേദമില്ലാതെ അവരെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യണമെന്ന് ഇസ്‌ലാം കര്‍ശനമായി അനുശാസിക്കുന്നു. മക്കളുടെ ആരോഗ്യം, വിദ്യഭ്യാസം, പാര്‍പ്പിടം തുടങ്ങിയ കാര്യങ്ങള്‍ മാതാപിക്കള്‍ക്ക് മക്കളുടെ മേലുള്ള നിര്‍ബന്ധ ബാധ്യതയാണ്.

നവ സാമൂഹിക അന്തരീക്ഷത്തില്‍ പണത്തിനു വേണ്ടി നെട്ടോട്ടമോടുന്ന മാതാപിതാക്കള്‍ തങ്ങളുടെ മക്കളോടുള്ള ബാധ്യതകള്‍ പലപ്പോഴും മറന്നുപോകുന്നു. ഇത്തരം മാതാപിതാക്കളുടെ സന്താന സ്‌നേഹം കേവലം സാമ്പത്തിക മേഖലയില്‍ മാത്രം ചുരുങ്ങിപോകുന്നു. യഥാര്‍ഥത്തില്‍ നിഷ്‌കളങ്കമായ സ്‌നേഹത്തിലൂടെയും ആത്മാര്‍ഥമായ പരിപാലനത്തിലൂടെയും മാത്രമേ കുഞ്ഞുമനസ്സുകളെ സ്വാധീക്കാന്‍ കഴിയൂ. ആത്മാര്‍ഥമായ സ്‌നേഹം ഉണ്ടെങ്കില്‍ പോലും മക്കളുടെ മുന്നില്‍ അത് പ്രകടിപ്പിക്കുന്നേടത്ത് പല മാതാപിതാക്കളും പരാജയപ്പെട്ടുപോകുന്നു. കുഞ്ഞുങ്ങളുടെ നിഷ്‌കളങ്ക മനസ്സിനെ അതിജയിക്കാന്‍ സനേഹപ്രകടനത്തിലൂടെ മാത്രമേ സാധിക്കൂ എന്നതാണ് വസ്തുത. അതിലൂടെ നമ്മുടെ പെരുമാറ്റത്തിന്റെയും സ്‌നേഹത്തിന്റെയും ആഴവും ഗഹനവും അനായാസം മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുന്നു. അഥവാ, അവരോടുള്ള പെരുമാറ്റത്തില്‍ അതീവ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നു സാരം.

ഖുര്‍ആനും സുന്നത്തും മുറുെക പിടിക്കുന്ന മാതാപിതാക്കള്‍ പോലും ഇത്തരം കാര്യങ്ങൡ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാത്ത പ്രവണത ഇന്ന് സര്‍വ്വസാധാരണമാണ്.കുട്ടികളോടൊപ്പം ഇടപഴകുന്നതിനും കൊച്ചുവിനോദങ്ങളില്‍ ഏര്‍പ്പെടാനും നമുക്ക് സമയം ലഭിക്കുന്നില്ലെങ്കില്‍ അത് വലിയ ഒരു ദുരന്തത്തിന്റെ സൂചനയാണ്.

മാനവികതയുടെ മഹനീയ മാതൃക  പ്രവാചകന്‍ മുഹമ്മദ് നബി(സ) സ്വീകരിച്ച നിലപാടുകളാണ് ഈ വിഷയത്തില്‍ നാം സ്വീകരിക്കേണ്ടത്. കുട്ടികളോട് അങ്ങേയറ്റത്തെ ക്ഷമയോടെയും സൗമ്യതയോടെയും സ്‌നേഹത്തോടെയും മാത്രമേ പ്രവാചകന്‍ വര്‍ത്തിച്ചിട്ടുള്ളൂ. അനസ് ബിന്‍ മാലിക്(റ) നിവേദനം ചെയ്യുന്നു: ‘പ്രവാചകനെ പോലെ കുട്ടികളോട് ഇത്രയധികം അനുകമ്പയുള്ള ഒരാളെയും ഞാല്‍ കണ്ടിട്ടില്ല, അദ്ദേഹത്തിന്റെ മകന്‍ മദീനയിലെ മലഞ്ചെരുവില്‍ ഒരു സ്ത്രീയുടെ സംരക്ഷണത്തിലായിരുന്ന സമയം അദ്ദേഹം തന്റെ മകനെ ഇടക്കിടെ  സന്ദര്‍ശിക്കുകയും അവനെ ചുംബിക്കുകയും ചെയ്തിരുന്നു.’

പ്രവാചകന്റെ സ്‌നേഹപ്രകടനം സ്വന്തം മക്കളിലും പേരക്കുട്ടികളിലും മാത്രം ഒതുങ്ങുന്ന ഒന്നായിരുന്നില്ല. മറിച്ച് എല്ലാ കുട്ടികളോടും അദ്ദേഹം അഭേദ്യമായ രീതിയില്‍ സ്‌നേഹം പങ്കുവെക്കുകയും അവരെ പരിപാലിക്കുകയും ചെയ്തിരുന്നു. ഉസാമ ബിന്‍ സൈദ്(റ) നിവേദനം ചെയ്യുന്നു: ‘നബി(സ) എന്നെ ഒരു തുടയിലും ഹസന്‍ ബിന്‍ അലിയെ മറ്റേ തുടയിലും ഇരുത്തുമായിരുന്നു. എന്നിട്ട് ഞങ്ങള്‍ക്കു മേല്‍ കാരുണ്യം വര്‍ഷിക്കാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു’.

നമ്മുടെ സമൂഹത്തില്‍ പലര്‍ക്കും കുട്ടികളുടെ വികാര വിചാരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ പ്രവാചകനെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ മനസ്സിനെയും അവരുടെ ചിന്തകളെയും പരിഗണിച്ചുകൊണ്ട് അതിനനുസരിച്ചുള്ള സമീപനമായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. പ്രവാചകന്റെ ഈ സമീപനമാണ് നാം മാതൃകയാക്കേണ്ടത്. കുട്ടികളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ പങ്കാളികളാവുകയും അവരുടെ കുസൃതികള്‍ എന്ന നിലയില്‍ നോക്കി കാണുകയും ചെയ്യുന്നതിലാണ് രക്ഷിതാക്കള്‍ എന്ന നിലയില്‍ നമ്മുടെ വിനയം പുറത്തു വരേണ്ടത്.

ഒരിക്കല്‍ പ്രവാചകന്‍ ഒരു കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ചപ്പോള്‍ കുഞ്ഞ് അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ മൂത്രമൊഴിക്കുകയുണ്ടായി.എന്നാല്‍ അദ്ദേഹം പുഞ്ചിരിയോടെ അത് വെള്ളം കൊണ്ട് തുടച്ചുതളയുകയായിരുന്നു. മറ്റൊരിക്കല്‍ നബി(സ) സ്വഹാബികളോട് പറഞ്ഞു: ‘നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുക, നിങ്ങളുടെ സന്താനങ്ങളെ വിഭാഗീയത ഇല്ലാതെ വളര്‍ത്തുക.'(ബുഖാരി,മുസ്‌ലിം) കുട്ടികളോട് വളരെ സ്‌നേഹത്തിലും കാരുണ്യത്തിലും വര്‍ത്തിക്കാനാണ് ഉപരി സൂചിത സംഭവങ്ങളെല്ലാം നമ്മോട് ആവശ്യപ്പെടുന്നത്. യഥാര്‍ഥ ഇസ്‌ലാമിന്റെ താല്‍പര്യവും അതു തന്നെയാണ്.

വിവ: എ റബീഹ് ചാലിയം

You may also like