കത്തുകള്‍

ഇറാന്‍ ഷായുടെ പേരില്‍

Spread the love

ഇറാന്‍ ഷാ ഖുസ്രു പര്‍വേസിന്റെ പേരില്‍ അയച്ച കത്ത് ഇതായിരുന്നു:
”പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍. ദൈവദൂതനായ മുഹമ്മദില്‍നിന്ന് പേര്‍ഷ്യയിലെ മുഖ്യ ഭരണാധികാരി കിസ്രായുടെ പേര്‍ക്ക്. സന്മാര്‍ഗം അനുധാവനം ചെയ്യുകയും ദൈവത്തിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും അല്ലാഹു ഒഴികെ മറ്റൊരു ആരാധ്യനുമില്ലെന്ന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നവന്ന് രക്ഷയുണ്ടാവട്ടെ. മനുഷ്യസഞ്ചയത്തിനാകമാനം ദൈവത്താല്‍ നിയുക്തനായ പ്രവാചകനാണു ഞാന്‍. എല്ലാ അഹങ്കാരികള്‍ക്കും (ദൈവധിക്കാരത്തിന്റെ) ദുരന്തത്തെക്കുറിച്ച് ഞാന്‍ താക്കീത് ചെയ്തുകൊള്ളുന്നു. ദൈവത്തോട് അനുസരണയും കൂറും പുലര്‍ത്തുകയാണെങ്കില്‍ താങ്കള്‍ക്കും മോക്ഷം സിദ്ധിക്കും. അല്ലാത്തപക്ഷം അഗ്നിയാരാധകരായ മജൂസികളുടെ നാശംകൂടി താങ്കളുടെ പിരടിയിലായിരിക്കും.”
പ്രതാപശാലിയായ ചക്രവര്‍ത്തിയായിരുന്നു ഖുസ്രു പര്‍വേസ്. ആദ്യം ദൈവനാമം. പിന്നെ കത്തെഴുതുന്ന ആളുടെപേര്. അതിനുശേഷം ചക്രവര്‍ത്തിയുടെ പേര്. അതും വളരെ സാധാരണ ശൈലിയില്‍. സ്ഥാനപ്പേരുകളോ ആചാരമര്യാദകളോ അദ്ദേഹത്തിന്റെ അടുക്കല്‍ നടപ്പിലുള്ള എഴുത്ത് സമ്പ്രദായമോ ഒന്നുമില്ല. ഇത്തരത്തില്‍ കത്തെഴുതുന്ന ശൈലിതന്നെ അദ്ദേഹത്തിന് കടുത്ത അസഹ്യത ഉളവാക്കുന്നതായിരുന്നു. ഈ കത്ത് കണ്ടപ്പോള്‍ അദ്ദേഹം അട്ടഹസിച്ചു: ‘എന്റെ അടിമയായിക്കൊണ്ട് ഇപ്രകാരമെഴുതുകയോ?’ ഇതു പറഞ്ഞ് തിരുവെഴുത്ത് പിച്ചിച്ചീന്തി. ആ പ്രവാചകത്വവാദിയെ പിടിച്ച് തന്റെ മുമ്പില്‍ ഹാജരാക്കാന്‍ യമനിലെ ഗവര്‍ണര്‍ക്ക് ഉത്തരവിടുകയും ചെയ്തു.
തിരുേമനിയെ വിളിച്ചുകൊണ്ടുവരാന്‍ യമനിലെ ഗവര്‍ണര്‍ രണ്ടാളുകളെ തിരുസന്നിധിയിലേക്ക് അയച്ചു. ഇതിനിടയില്‍ ഖുസ്രുപര്‍വേസിന്റെ പുത്രന്‍ അദ്ദേഹത്തെ വധിച്ചു സ്വയം സിംഹാസനാരോഹണം ചെയ്യുകയുണ്ടായി. ഗവര്‍ണര്‍ നിയോഗിച്ച രണ്ടുപേരും തിരുസന്നിധിയില്‍ ഹാജരായപ്പോള്‍ തങ്ങളുടെ ചക്രവര്‍ത്തി വധിക്കപ്പെട്ട വിവരം അവര്‍ക്കുണ്ടായിരുന്നില്ല. ദൈവകല്‍പന പ്രകാരം നബിതിരുമേനിക്ക് ഈ വിവരം കിട്ടിക്കഴിഞ്ഞിരുന്നു. അങ്ങനെ തിരുമേനി ആ രണ്ട് ആളുകള്‍ക്കും പ്രസ്തുത സംഭവത്തെപ്പറ്റി വിവരം നല്‍കിക്കൊണ്ട് പറഞ്ഞു: ‘നിങ്ങള്‍ മടങ്ങിപ്പോയി ഇസ്‌ലാമിക ഭരണം ഖുസ്രുവിന്റെ ആസ്ഥാനം വരെ എത്തുന്നതാണെന്ന് ഗവര്‍ണറോട് പറഞ്ഞേക്കുക’. യമനില്‍ മടങ്ങി എത്തിയപ്പോള്‍ ഖുസ്രു പര്‍വേസിന്റെ വധവൃത്താന്തം ശരിയാണെന്ന് അവര്‍ക്ക് മനസ്സിലായി.

You may also like