കത്തുകള്‍

റോമന്‍ ചക്രവര്‍ത്തിയുടെ പേരില്‍ അയച്ച കത്ത്

Spread the love

റോമായിലെ സീസറി(ഖൈസറി)ന്റെ പേരില്‍ അയച്ച കത്ത് ഇതായിരുന്നു:
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
ദൈവദാസനും പ്രവാചകനുമായ മുഹമ്മദില്‍നിന്ന് റോമായിലെ മുഖ്യ ഭരണാധികാരി ഹിര്‍ഖലി(ഹെര്‍ക്കുലീസി)ന്.
സന്മാര്‍ഗം പിന്‍പറ്റിയവരുടെ മേല്‍ ദൈവരക്ഷയുണ്ടാവട്ടെ. ഇസ്‌ലാമിക സന്ദേശത്തിലേക്ക് ഞാന്‍ താങ്കളെ ക്ഷണിച്ചുകൊള്ളുന്നു.
ദൈവത്തോട് അനുസരണയും കൂറും പുലര്‍ത്തുകയാണെങ്കില്‍ മോക്ഷം ലഭിക്കുന്നതാണ്. എങ്കില്‍ ദൈവം താങ്കള്‍ക്കും ഇരട്ടി പ്രതിഫലം നല്‍കും. അല്ലാഹുവോട് കൂറു പുലര്‍ത്തുന്നതില്‍ നിങ്ങള്‍ പരാങ്ങ്മുഖത കാണിക്കുകയാണെങ്കിലാവട്ടെ സ്വന്തം രാജ്യനിവാസികളുടെ പാപഭാരം കൂടി താങ്കള്‍ പേറേണ്ടിവരും. എന്തുകൊണ്ടെന്നാല്‍ താങ്കളുടെ നിരാകരണം മൂലം ഇസ്‌ലാമികപ്രബോധനം അവര്‍ക്കും എത്തിക്കാന്‍ സാധിക്കാതെ വരും.
അബൂസുഫ്‌യാനുമായി സംഭാഷണം
ഹ. ദഹിയ്യത്തുല്‍ കല്‍ബി റോമായിലെ സീസറിന്റെ പ്രതിനിധിയായി അന്നു സിറിയ ഭരിച്ചിരുന്ന ഹാരിസ് ഗസ്സാനിക്ക് ഈ എഴുത്ത് ബസറയില്‍ ചെന്നു കൊടുത്തു. അദ്ദേഹം അത് സീസറിന് എത്തിച്ചു. എഴുത്ത് കിട്ടിയ സീസര്‍ അറബികളില്‍പെട്ട ആരെങ്കിലും നാട്ടിലുണ്ടെങ്കില്‍ അയാളെ കൊട്ടാരത്തിലെത്തിക്കാന്‍ കല്‍പിച്ചു. ഈ സമയം അബൂസുഫ്‌യാന്‍ വ്യാപാരാവശ്യാര്‍ഥം പ്രസ്തുത പ്രദേശത്ത് പോയിരുന്നു. സീസറിന്റെ ഉദ്യോഗസ്ഥന്മാര്‍ അദ്ദേഹത്തെ ദര്‍ബാറിലെത്തിച്ചു. അദ്ദേഹവുമായി അവിടെവെച്ച് നടന്ന സംഭാഷണമാണ് ചുവടെ:
”സീസര്‍: പ്രവാചകത്വവാദിയുടെ കുടുംബം എങ്ങനെ?
അബൂ: കുലീന കുടുംബത്തില്‍പെട്ടവനാണ് അദ്ദേഹം.
സീസര്‍: ഈ കുടുംബത്തില്‍ മറ്റുവല്ലവരും പ്രവാചകത്വം വാദിച്ചിട്ടുണ്ടോ?
അബൂ: ഇല്ല.
സീസര്‍: ഈ കുടുംബത്തില്‍ എപ്പോഴെങ്കിലും രാജാക്കന്മാര്‍ ഉണ്ടായിരുന്നോ?
അബൂ: ഒരിക്കലുമില്ല.
സീസര്‍: ഈ മതം സ്വീകരിച്ചവര്‍ ദുര്‍ബല വിഭാഗമോ അതോ സമ്പന്നരോ?
അബൂ: ദുര്‍ബല വിഭാഗം.
സീസര്‍: അദ്ദേഹത്തിന്റെ അനുയായികള്‍ വര്‍ധിക്കുകയാണോ?
അബൂ: നന്നായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
സീസര്‍: വല്ലപ്പോഴും അദ്ദേഹം കളവ് പറഞ്ഞതായി നിങ്ങള്‍ക്കറിയാമോ?
അബൂ: ഒരിക്കലുമില്ല.
സീസര്‍: വല്ലപ്പോഴും കരാര്‍ ലംഘിച്ചിട്ടുണ്ടോ?
അബൂ: ഇതേവരെ കരാര്‍ ലംഘന സംബന്ധിയായ ഒരു കാര്യവും അദ്ദേഹത്തില്‍നിന്നുണ്ടായിട്ടില്ല. ഇപ്പോള്‍ പുതിയൊരു കരാറുണ്ടായിട്ടുണ്ട് (ഹുദൈബിയാ സന്ധി). അതില്‍ ഉറച്ചുനില്‍ക്കുമോ ഇല്ലേ എന്നു കണ്ടറിയണം.
സീസര്‍: നിങ്ങള്‍ വല്ലപ്പോഴും അദ്ദേഹവുമായി യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ?
അബൂ: ഉണ്ട്.
സീസര്‍: യുദ്ധത്തിന്റെ അനന്തരഫലമെന്തായിരുന്നു?
അബൂ: ചിലപ്പോള്‍ ഞങ്ങള്‍ ജയിക്കും. ചിലപ്പോള്‍ അദ്ദേഹം ജയിക്കും.
സീസര്‍: അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ എന്തൊക്കെയാണ്?
അബൂ: ഒരേ ദൈവത്തിനു മാത്രമേ അടിമപ്പെടാവൂ. മറ്റാരെയും അവന് പങ്കാളിയാക്കിവെക്കരുത്. പരിശുദ്ധി കൈക്കൊള്ളുക. സത്യം പറയുക. പരസ്പരം കരുണയോടും സഹാനുഭൂതിയോടും പെരുമാറുക. ഇതൊക്കെയാണ് അദ്ദേഹം പഠിപ്പിക്കുന്നത്.
ഈ സംഭാഷണാനന്തരം സീസര്‍ പറഞ്ഞു: പ്രവാചകന്‍ എപ്പോഴും കുലീന കുടുംബത്തിലാണ് ജനിക്കാറ്. അദ്ദേഹത്തിന്റെ ഗോത്രത്തില്‍ മറ്റു വല്ലവരും പ്രവാചകത്വം വാദിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ അവകാശവാദം കുടുംബത്തിന്റെ സ്വാധീനഫലമാണെന്ന് കരുതാമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തില്‍ വല്ല രാജാക്കന്മാരുമുണ്ടായിരുന്നെങ്കില്‍ അധികാരമോഹത്താലാണ് ഇതെല്ലാം അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ധരിക്കാമായിരുന്നു. മനുഷ്യരുമായുള്ള ഇടപാടില്‍ അദ്ദേഹം ഒരിക്കലും കള്ളം പറയാറില്ല എന്നാണ് അനുഭവമെങ്കില്‍ ദൈവത്തിന്റെ കാര്യത്തില്‍ (ദൈവം തന്നെ പ്രവാചകനാക്കിയിരിക്കുന്നു എന്ന കാര്യത്തില്‍) ഇത്ര വലിയ വ്യാജം അദ്ദേഹം എഴുന്നള്ളിക്കുമെന്ന് എങ്ങനെ പറയാന്‍ കഴിയും? തുടക്കത്തില്‍ പ്രവാചകന്മാരുടെ അനുയായികള്‍ എന്നും പാവങ്ങളായിരുന്നു എന്നതും ഒരനുഭവ യാഥാര്‍ഥ്യമത്രെ. സത്യമതം എപ്പോഴും അഭിവൃദ്ധിപ്പെട്ടുകൊണ്ടുതന്നെയിരിക്കും. പ്രവാചകന്‍ ഒരിക്കലും ആരെയും വഞ്ചിക്കാറില്ല എന്നതും ശരിയാണ്. അദ്ദേഹം നമസ്‌കരിക്കാനും സംശുദ്ധി പുലര്‍ത്താനും ദൈവികഭക്തി നിലനിര്‍ത്താനും ഉപദേശിക്കുന്നുവെന്നും നിങ്ങള്‍ പറയുന്നു. ഇതെല്ലാം ശരിയാണെങ്കില്‍ എന്നെങ്കിലും ഒരു ദിനം അദ്ദേഹത്തിന്റെ അധികാരശക്തി എന്റെ ഭരണകൂടത്തെയും കീഴ്‌പെടുത്തുമെന്ന് എനിക്ക് ഉറപ്പാണ്. ഒരു പ്രവാചകന്‍ വരാനിരിക്കുന്നുണ്ടെന്ന വസ്തുതയും എനിക്കറിയാം. പക്ഷേ, അദ്ദേഹം അറേബ്യയില്‍ ജനിക്കുമെന്ന ധാരണ എനിക്കില്ലായിരുന്നു. എനിക്ക് അവിടെ ചെല്ലാന്‍ സാധിക്കുകയാണെങ്കില്‍ ഞാന്‍ സ്വയം അദ്ദേഹത്തിന്റെ പാദങ്ങള്‍ കഴുകിക്കൊടുക്കും.”
സീസറിന്റെ ഈ വിചാരഗതികള്‍ ശ്രദ്ധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ദര്‍ബാര്‍ പുരോഹിതനും മതപണ്ഡിതന്മാര്‍ക്കും കടുത്ത അസംതൃപ്തിയുളവായി. സീസറിനെതിരില്‍ കലാപം പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്കയുമുണ്ടായി. ഈ ആശങ്കയില്‍ സീസറിന്റെ ഹൃദത്തില്‍ ജന്മംകൊണ്ട പ്രകാശം കെട്ടുമങ്ങി. സത്യം സ്വീകരിക്കുന്നതില്‍ ഏറ്റവും വലിയ പ്രതിബന്ധം സമ്പത്തും അധികാരവുമാണെന്നത് വളരെ ശരിയാണ്.

You may also like