പ്രവാചക കരാറുകള്‍

മദീന പരിസരത്തെ ഗോത്രങ്ങളുമായുള്ള പ്രവാചകന്റെ ഉടമ്പടികള്‍

Spread the love

മക്കയുടെയും മദീനയുടെ പരിസരങ്ങളിലുള്ള ബഹുദൈവാരാകരുമായി നബി(സ) ധാരാളം ഉടമ്പടികളിലേര്‍പ്പെട്ടിട്ടുണ്ട്. മദീനയുടെ പരിസരപ്രദേശത്തെ ബനൂ ദംറക്കാരുമായി ഹിജ്‌റ രണ്ടാം വര്‍ഷം നബി(സ) ചെയ്ത ഉടമ്പടി അവയിലൊന്നായിരുന്നു. മഗ്ശ ബിന്‍ അംറുദ്ദംരി ആയിരുന്നു ആ ഗോത്രത്തിന്റെ തലവന്‍. ഹിജ്‌റക്ക് തൊട്ടുടനെ അഥവാ കേവലം ഒരു വര്‍ഷം പൂര്‍ത്തിയായ സന്ദര്‍ഭത്തില്‍ നടത്തിയ ഈ കരാര്‍ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പ്രാരംഭത്തില്‍ തന്നെ സഹവര്‍ത്തിത്വ നയം രൂപപെട്ടിരുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഹിജ്‌റ രണ്ടാം വര്‍ഷം ജമാദുല്‍ ഊലയില്‍ ബനൂ മുദ്‌ലിജുമായുള്ള റസൂലിന്റെ കരാറും ഇവയില്‍ പ്രധാനമാണ്. യന്‍ബു പ്രദേശത്ത് ജീവിച്ചിരുന്നവരായിരുന്നു അവര്‍. ജുഹൈന ഗോത്രക്കാരോടും ഇപ്രകാരം കരാര്‍ ചെയ്തിട്ടുണ്ട്. മദീനയുടെ പടിഞ്ഞാറുള്ള ഗോത്രമായിരുന്നു അവര്‍.

സമീപത്ത് ജീവിക്കുന്ന ഗോത്രങ്ങളും വിഭാഗങ്ങളുമായി സന്ധിചെയ്ത് കൊണ്ട് മുസ്‌ലിങ്ങള്‍ സമാധാന അന്തരീക്ഷത്തില്‍ ജീവിക്കാനാണ് പ്രവാചകന്‍ ശ്രമിച്ചിരുന്നത്. യുദ്ധങ്ങള്‍ക്ക് ശ്രമിച്ചിരുന്നില്ലെന്ന് മാത്രമല്ല പരമാവധി സന്ധി ചെയ്ത് യുദ്ധം ഒഴിവാക്കുകയായിരുന്നു അദ്ദേഹത്തിന്റെ നയം. വിയോജിപ്പിന് പകരം യോജിപ്പാണ് അദ്ദേഹം തെരെഞ്ഞെടുത്തിരുന്നത്.

ഹുദൈബിയ സന്ധി
ഹിജ്‌റ ആറാം വര്‍ഷം ഹുദൈബിയയില്‍ നബി(സ) ഖുറൈശികളുമായി സന്ധി ചെയ്തു. നീണ്ട പത്തൊമ്പത് വര്‍ഷം നബി തിരുമേനി(സ)യെയും അനുയായികളെയും പീഢിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്തവരാണവര്‍. എന്നിട്ടുപോലും പ്രസ്തുത കരാര്‍ പൂര്‍ത്തീകരിക്കുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. പ്രവാചകന്‍(സ)യുടെ ശത്രുക്കളോടുള്ള വിട്ടുവീഴ്ചയും സമാധാന തല്‍പരതയുമാണത് വ്യക്തമാക്കുന്നത്.
ഇത്രയൊക്കെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടും തികച്ചും ശാന്തതയോടും സമാധാത്തോടെയും ബഹുദൈവാരാധകരുടെ നാട്ടിലേക്കു പോകുന്നതിനെ കുറിച്ചദ്ദേഹം ചിന്തിക്കുന്നത്. സ്വപ്‌നത്തിലൂടെ ദര്‍ശനം നല്‍കപെട്ട ഉംറ നിര്‍വഹിക്കാനും യാതൊരു വിധ സംഘട്ടനത്തിലും തര്‍ക്കത്തിലും ഏര്‍പ്പെടാതെ മദീനയിലേക്ക് തിരിച്ചു പോരാനുമാണദ്ദേഹം ഉദ്ദേശിച്ചിരുന്നത്.
ഉംറ മാത്രമായിരുന്നു അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. 1400 സഹാബികളോടൊപ്പമാണ് അദ്ദേഹം മദീനയില്‍ നിന്ന് പുറപ്പെട്ടത്. മദീനയിലുണ്ടായിരുന്ന മുഴുവന്‍ ശക്തിയും അദ്ദേഹം കൂടെ കൂട്ടിയിരുന്നില്ല. അഹ്‌സാബ് യുദ്ധത്തില്‍ തന്നെ 3000 ആളുകളുണ്ടായിരുന്നുവല്ലോ. സാധാരണ കൈവശം വെക്കുന്ന വാളല്ലാതെ മറ്റ് ആയുധങ്ങള്‍ ഒന്നും തന്നെ കരുതിയിരുന്നില്ല. അദ്ദേഹം ഉംറക്ക് തന്നെയാണ് വരുന്നതെന്ന് കാണിക്കാനായി ബലിമൃഗങ്ങളെയാണ് മുന്നില്‍ നടത്തിയിരുന്നത്. ദുല്‍ഹുലൈഫക്കടുത്ത് വെച്ച് അവര്‍ ഇഹ്‌റാമില്‍ പ്രവേശിച്ച് തല്‍ബിയത്ത് (ലബ്ബൈക അല്ലാഹുമ്മ ലബ്ബൈക്) ചൊല്ലിയാണ് വഴിനീളെ സഞ്ചരിച്ചത്.
വഴി കണ്ടെത്തുന്നതിനായി ബശര്‍ ബിന്‍ സുഫ്‌യാന്‍ അല്‍ ഗുസാഇയെ പ്രവാചകന്‍ അയച്ചു. മുസ്‌ലിങ്ങളുടെ വരവിന്റെ ഉദ്ദേശ്യം ഖുറൈശികള്‍ മനസിലാക്കിയിട്ടുണ്ടോ എന്നറിയുന്നതിനു കൂടിയായിരുന്നു അത്. തിരിച്ചു വന്ന അദ്ദേഹം അവിടത്തെ അവസ്ഥ വിവരിച്ചു. റസൂലിന്റെ വരവിനെ കുറിച്ച് അവരറിഞ്ഞിരിക്കുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ നബി(സ)യെ തടയാനായി പുറത്തിറങ്ങിയിരിക്കുന്നു. പുലിത്തോലുകള്‍ അണിഞ്ഞാണ് അവര്‍ നില്‍ക്കുന്നത്. ശക്തി പ്രയോഗിച്ച് അദ്ദേഹത്തെ അവിടെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അല്ലാഹുവിന്റെ പേരില്‍ ശപഥം ചെയ്തിട്ടുണ്ട്. ഖാലിദ് ബിന്‍ വലീദ് ആ സമയം തന്റെ സംഘവുമായി കുറാഅ് അല്‍ ഗമീം എന്ന സ്ഥലത്ത് എത്തി. പ്രവാചകനെ അത് പ്രകോപിതനാക്കിയില്ല. വളരെ ശാന്തനായി അദ്ദേഹം പറഞ്ഞു: ‘ഖുറൈശികളുടെ കാര്യം കഷ്ടം തന്നെ, യുദ്ധകൊതി അവരെ ബാധിച്ചിരിക്കുന്നു. എന്നെയും കൂടെയുള്ളവരെയും വെറുതെവിട്ടാല്‍ അവര്‍ക്കെന്താണ്. എന്നെ അക്രമിക്കുയാണെങ്കില്‍ അവരുദ്ദേശിക്കുന്നത് നടന്നു. അല്ലാഹു അവരുടെ മേല്‍ എനിക്ക് വിജയം തരികയാണെങ്കില്‍ അവര്‍ കൂട്ടത്തോടെ ഇസ്‌ലാമില്‍ വരും. അല്ലെങ്കില്‍ ശക്തിയുപയോഗിച്ചവര്‍ യുദ്ധം ചെയ്യും.’
ഖുറൈശികളുടെ ഈ യുദ്ധക്കൊതിയും ശത്രുതയും പ്രവാചകന്റെ സമാധാന തല്‍പരതയെ ഇല്ലാതാക്കിയില്ല. മാത്രമല്ല ഖാലിദ് ബിന്‍ വലീദ് എവിടെയാണ് എത്തിയിരിക്കുന്നതെന്ന് മനസ്സിലാക്കി ആ വഴി ഉപേക്ഷിച്ച് മറ്റൊരു വഴി തെരെഞ്ഞെടുക്കുകയായിരുന്നു. മുശ്‌രിക്കുകളുമായുള്ള ഏറ്റുമുട്ടല്‍ കുറച്ചു സമയത്തേക്കാണെങ്കിലും ഒഴിവാക്കാന്‍ അതിലൂടെ കഴിഞ്ഞു. ഭീതി കാരണമല്ല പ്രവാചകന്‍ അങ്ങനെ ചെയ്തത്. യുദ്ധം പരമാവധി ഒഴിവാക്കാനായിരുന്നുവത്.
ഉംറ നിര്‍വഹിക്കാനെത്തിയവരുമായി നബി(സ) ഹുദൈബിയയില്‍ എത്തി. മക്കകാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ഖാലിദ് ബിന്‍ വലീദും സൈന്യവും തിരിച്ചു. വളരെ അദ്ഭുതകരമായ കാര്യമാണ് ഹുദൈബിയയില്‍ സംഭവിച്ചത്. റസൂലിന്റെ ഒട്ടകം മുന്നോട്ട് പോകാന്‍ വിസമ്മതിച്ചു. ആളുകള്‍ എന്തൊക്കെ ശ്രമങ്ങള്‍ നടത്തിയിട്ടും അത് അവിടെ തന്നെ നിലയുറപ്പിച്ചു. ഖസ്‌വാഅ് എന്നു പേരുള്ള നബിതിരുമേനിയുടെ ഒട്ടകമായിരുന്നു അത്. അതിനെ കുറിച്ച് നബി(സ) പറയുന്നു: ‘ഖസ്‌വാഅ് നിന്നതല്ല, അത് അതിന്റെ പ്രകൃതവുമല്ല. ആനകളെ തടഞ്ഞു വെച്ചവന്‍ തന്നെയാണ് അതിനെയും തടഞ്ഞിരിക്കുന്നത്.’ തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുന്ന എല്ലാം ഞാന്‍ അനുവദിക്കുക തന്നെ ചെയ്യും.’
അല്ലാഹുവിന്റെ ദൂതന്‍ സന്ധിയോടുള്ള തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നാലും വിശുദ്ധനാടിനെയും ജീവനെയും അഭിമാനത്തെയും സംരക്ഷിക്കുന്ന എല്ലാ പദ്ധതികളും സ്വീകരിക്കുക തന്നെ ചെയ്യും എന്നാണ് നബി(സ) പ്രഖ്യാപിച്ചത്. ഖുറൈശികള്‍ പ്രവാചകന്റെ അടുക്കലേക്ക് അവരുടെ ദൂതന്‍മാരെ തുടരെതുടരെ അയച്ചു കൊണ്ടിരുന്നു. ഭയപ്പെടുത്തലായിരുന്നു അതിന്റെ ഉദ്ദേശ്യം. യാതൊരു വിധ ഉപാധികളുമില്ലാതെ മക്കയില്‍ പ്രവേശിക്കുന്നത് തടയാനുള്ള ശ്രമവുമായിരുന്നു അത്. സന്ധിയാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ഖുറൈശികളില്‍ നിന്നു വന്ന ആദ്യത്തെ ദൂതനായ ബദീല്‍ ബിന്‍ വറഖാഅ് അല്‍ ഗുസാഇയോട് തന്നെ വ്യക്തമാക്കിയിരുന്നു.

പിന്നെയും ഖുറൈശികളുടെ ദൂതന്‍മാര്‍ വന്നു. അവരോടും പ്രവാചകന്‍(സ) ഇതേ കാര്യം തന്നെയാണ് ആവര്‍ത്തിച്ചിട്ടുള്ളത്. ഇസ്‌ലാമിന്റെ നിലപാട് ഖുറൈശികളെ അറിയിക്കാനായി നബി(സ) ഒരു ദൂതനെ ഖുറൈശികളിലേക്ക് അയക്കാനും തീരുമാനിച്ചു. ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ)നെയാണ് മുസ്‌ലിങ്ങളുടെ പ്രതിനിധിയായി മക്കയിലേക്ക് അയച്ചത്. അവരുമായുള്ള അദ്ദേഹത്തിന്റെ ചര്‍ച്ച ദിവസങ്ങളോളം നീണ്ടെങ്കിലും അത് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാക്കിയില്ല. അതിനിടക്ക് ഉസ്മാന്‍(റ) കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പ്രചരിച്ചു. പ്രതിനിധികളെ വധിക്കുന്നത് യുദ്ധത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമായിട്ടാണ് കണക്കാക്കുക. പ്രസ്തുത സംഭവമാണ് ബൈഅത്തു റിദ്‌വാന്‍ ചെയ്യാന്‍ പ്രവാചകനെ നിര്‍ബന്ധിതനാക്കിയത്. എന്തു സംഭവിച്ചാലും പിന്തിരിഞ്ഞോടില്ല എന്ന് സ്വഹാബിമാര്‍ ശപഥം ചെയ്തു. അതോടെ യുദ്ധം ആസന്നമായി. ഉസ്മാന്‍(റ) ആ സമയം അവിടെ എത്തിയില്ലായിരുന്നുവെങ്കില്‍ അത് സംഭവിക്കുകയും ചെയ്യുമായിരുന്നു. അത് കേവല പ്രചരണം മാത്രമായിരുന്നു എന്ന് ബോധ്യപ്പെട്ടപ്പോള്‍ ആളുകള്‍ ശാന്തരായി. പിന്നീട് സുഹൈല്‍ ബിന്‍ അംറ് ഖുറൈശികളുടെ ദൂതനായി വന്നു.
സന്ധിയാണ് നബി(സ) ഉദ്ദേശിച്ചിരുന്നതെങ്കിലും ഖുറൈശികള്‍ അത് വിസമ്മതിച്ചു. പക്ഷെ ഒടുവില്‍ പതിയെ അവര്‍ തങ്ങളുടെ നയത്തില്‍ നിന്നും പിറകോട്ടടിച്ച് തുടങ്ങി. സുഹൈലിനെ ദൂതനായി അയച്ചതു തന്നെ അനുരജ്ഞനത്തിലേക്ക് അവര്‍ വരുന്നു എന്നതിന്റൈ സൂചനയായിരുന്നു. സംഭാഷണത്തിലും നയതന്ത്രത്തിലും പ്രഗല്‍ഭനായിരുന്നു അദ്ദേഹം. മറ്റു നേതാക്കന്‍മാരെ പോലെ പരുഷ പ്രകൃതക്കാരനായിരുന്നില്ല അദ്ദേഹം. അതു കൊണ്ടാണ് അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ നിങ്ങളുടെ കാര്യങ്ങള്‍ എളുപ്പമായിരിക്കുന്നു എന്ന് പ്രവാചകന്‍ പ്രതികരിച്ചത്. ഖുറൈശികള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ സന്ധിയുണ്ടാക്കാനാണ് അദ്ദേഹം ഉദ്ദേശിച്ചിരുന്നത് എങ്കിലും കരാറില്‍ അദ്ദേഹം കാര്‍ക്കശ്യം പുലര്‍ത്തിയിരുന്നു. കരാറില്‍ ഉപയോഗിച്ച വാക്കുകളില്‍ അത് പ്രകടവുമായിരുന്നു. പ്രവാചകന്റെ വിശാലമനസ്‌കതയും കരാറില്‍ ഉറച്ചു നില്‍ക്കാനുള്ള താല്‍പര്യവും വ്യക്തമാക്കുന്നതായിരുന്നു അത്.
‘പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.’ എന്ന് തുടങ്ങി കരാര്‍ എഴുതാന്‍ കരാറുകാരനോട് നബി(സ) ആവശ്യപ്പെട്ടു. അപ്പോള്‍ സുഹൈല്‍ പറഞ്ഞു: ‘ അല്ലാഹുവാണ, കാരുണ്യവാന്‍ എന്നത് ഞങ്ങള്‍ക്ക് പരിചയമില്ലാത്തതാണ്. അതിനാല്‍ സാധാരണ എഴുതുന്നതു പോലെ ‘അല്ലാഹുവേ നിന്റെ നാമത്തില്‍’ എന്നെഴുതുക. ‘പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.’ എന്നെഴുതണം എന്നു മുസ്‌ലിങ്ങള്‍ പറഞ്ഞെങ്കിലും പ്രവാചകന്‍ പറഞ്ഞു: ‘അല്ലാഹുവേ നിന്റെ നാമത്തില്‍’ എന്നുതന്നെ എഴുതുക. ‘അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദില്‍ നിന്നുള്ള കരാര്‍’ എന്നു തുടര്‍ന്നെഴുതാന്‍ റസൂല്‍(സ) ആവശ്യപെട്ടപ്പോള്‍ സുഹൈല്‍ പറഞ്ഞു: ‘അല്ലാഹുവാണ, താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് അംഗീകരിക്കുന്നുവെങ്കില്‍ കഅബയില്‍ നിന്ന് താങ്കളെ ഞങ്ങള്‍ തടയുമായിരുന്നില്ല. നിങ്ങളോട് യുദ്ധം ചെയ്യുകയുമുണ്ടായിരുന്നില്ല. അതിനാല്‍ ‘അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് എന്നെഴുതണം. അപ്പോള്‍ നബി(സ) പറഞ്ഞു: ‘അല്ലാഹുവാണ, ഞാന്‍ അവന്റെ ദൂതന്‍ തന്നെയാണ്, നിങ്ങളത് കളവാക്കുന്നുവെങ്കില്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് എന്നെഴുതുക.’
തുടര്‍ന്ന് സുഹൈല്‍ പറഞ്ഞു: ഞങ്ങള്‍ ഞെരുക്കം ഉണ്ടാക്കിയിരിക്കുന്നുവെന്ന് അറബികള്‍ പറയാതിരിക്കട്ടെ, പക്ഷെ, അടുത്ത വര്‍ഷം മുതലായിരിക്കുമത്. അതെഴുതി കഴിഞ്ഞപ്പോള്‍ അടുത്ത വ്യവസ്ഥയെ കുറിച്ച് പറഞ്ഞു: ഞങ്ങളില്‍ നിന്നാരെങ്കിലും നിന്റെ ദീന്‍ സ്വീകരിച്ച് മദീനയില്‍ വന്നാല്‍ അവനെ തിരിച്ചയക്കേണ്ടതാണ്. മുശ്‌രിക്കുകള്‍ക്കിടയില്‍ നിന്ന് മുസ്‌ലിമായി വരുന്ന ഒരാളെ എങ്ങനെ മടക്കിയയക്കുമെന്ന് മുസ്‌ലിങ്ങള്‍ ചോദിച്ചു. അതെഴുതുന്ന സന്ദര്‍ഭത്തിലാണ് അബൂജന്‍ദല്‍ കൈകാലുകളില്‍ ചങ്ങലകളുമായി മുസ്‌ലിങ്ങള്‍ക്കിടയിലേക്ക് എത്തുന്നത്. അപ്പോള്‍ സുഹൈല്‍ പറഞ്ഞു. മുഹമ്മദ്, താങ്കള്‍ അവന്റെ കാര്യത്തിലായിരിക്കണം കരാര്‍ ആദ്യമായി പാലിക്കേണ്ടത്, അതുകൊണ്ട് അവനെ തിരിച്ചയക്കണം. ഞങ്ങള്‍ കരാര്‍ ചെയ്താല്‍ അത് ലംഘിക്കുകയില്ലെന്ന മറുപടിയാണപ്പോള്‍ നബി(സ) അദ്ദേഹത്തിന് നല്‍കിയത്. അബൂജന്‍ദലിനെ വിട്ടുകിട്ടാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടെങ്കിലും സുഹൈല്‍ വഴങ്ങിയില്ല. വിശ്വാസിയായി വന്ന എന്നെ നിങ്ങള്‍ ഇവിടെ മുശ്‌രിക്കുകള്‍ക്കിടയില്‍ ഉപേക്ഷിച്ചു പോവുകയാണോ? എന്നദ്ദേഹം മുസ്‌ലിങ്ങളോട് ചോദിച്ചു. അല്ലാഹുവില്‍ വിശ്വസിച്ചു എന്ന കാരണത്താല്‍ വളരെയേറെ പീഢനങ്ങളേറ്റു വാങ്ങിയ വ്യക്തിയാണദ്ദേഹം.
കരാര്‍ തുടങ്ങുന്ന ബിസ്മിയുടെ കാര്യത്തില്‍ തന്നെ വിട്ടുവീഴ്ച്ചക്ക് തയ്യാറാവുന്ന നബി(സ)യെയാണ് നാമിവിടെ കാണുന്നത്. അല്ലാഹുവിന്റെ ദൂതനെന്ന വിശേഷണത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ച്ചക്കദ്ദേഹം തയ്യാറാവുന്നു. ആ വര്‍ഷം ഉംറ നിര്‍വ്വഹിക്കാതെ തിരിച്ചുപോകണമെന്ന നിബന്ധന അദ്ദേഹം അംഗീകരിക്കുന്നു. മക്കകാര്‍ക്കിടയില്‍ നിന്ന് ആരെങ്കിലും ഇസ്‌ലാം സ്വീകരിച്ചു വന്നാല്‍ അവരെ തിരിച്ചയക്കണമെന്ന വ്യവസ്ഥയും അംഗീകരിച്ചു. മുസ്‌ലിങ്ങളോട് സഹായം തേടികൊണ്ട് അബൂജന്‍ദല്‍ വന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന് അഭയം നല്‍കാന്‍ കഴിയാത്തതില്‍ നബി(സ)ക്ക് വളരെയധികം പ്രയാസമുണ്ടായിരുന്നു. എന്നിട്ടു പോലും ആ കരാറില്‍ ഉറച്ച് നില്‍ക്കാന്‍ തീരുമാനിച്ച് അതില്‍ ഒപ്പുവെക്കുകയും അതിന്റെ ഓരോ പകര്‍പ്പ് ഇരുകക്ഷികളും സൂക്ഷിക്കുകയും ചെയ്തു.
പ്രവാചക ഉടമ്പടികളുടെ പ്രായോഗിക വശം
കരാര്‍ ചെയ്യുന്നതില്‍ മാത്രമല്ല, അത് പാലിക്കുന്നതിലും നബി(സ) വളരെ ശ്രദ്ധാലുവായിരുന്നു. കരാര്‍ പൂര്‍ത്തിയായ ശേഷം അബൂ ബസീറിനെ സ്വീകരിക്കാന്‍ വിസമ്മതിച്ചത് അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഖുറൈശികളില്‍ പെട്ട അദ്ദേഹം ഇസ്‌ലാം സ്വീകരിച്ച് മക്കയില്‍ നിന്ന് ഓടിവന്നയാളായിരുന്നു. അദ്ദേഹത്തെ ആവശ്യപ്പെട്ടു കൊണ്ട് ഖുറൈശികള്‍ അയച്ച രണ്ടാളുകള്‍ അവരെ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ടു. അയാളെ അവരോടൊപ്പം വിടുകയാണ് പ്രവാചകന്‍ ചെയ്തത്.
ഇസ്‌ലാം സ്വീകരിച്ചു മദീനയില്‍ വരുന്നവരെ തിരിച്ചയക്കണമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. മദീനയില്‍ സൈന്യത്തിനും മറ്റുമായി ധാരാളം ആളുകളെ ആവശ്യമുളള സന്ദര്‍ഭമായിരുന്നുവത്. മാത്രമല്ല, മുസ്‌ലിമായ ഒരാള്‍ അവിടെ തന്നെ താമസിക്കുന്നത് അയാളുടെ വിശ്വാസത്തിനും ശരീരത്തും തീര്‍ത്തും ദോഷകരമായിരുന്നു. കരാറില്‍ വ്യവസ്ഥ ചെയ്യപ്പെട്ട കാര്യമായതിനാല്‍ കരാര്‍ പാലിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരുന്നു. പ്രവാചകന്റെ ഈ നിലപാടില്‍ അബൂ ബസീര്‍ തന്നെ അത്ഭുതപ്പെട്ടു. എന്റെ വിശ്വാസത്തിന് മുമ്പില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന മുശ്‌രിക്കുകളിലേക്ക് എന്നെ തിരിച്ചയക്കുകയാണോ? എന്നദ്ദേഹം ചോദിക്കുകയും ചെയ്തു. താങ്കളെ പോലെ പ്രയാസപ്പെടുന്നവര്‍ക്ക് അല്ലാഹു രക്ഷയും മോചനവും നല്‍കുമെന്ന് ആശ്വസിപ്പിക്കുകയാണ് ചെയ്തത്.
കരാര്‍ വ്യവസ്ഥ പ്രകാരം മദീനയിലേക്ക് പോകാന്‍ സാധിക്കാതിരുന്ന അബൂ ബസീര്‍ സൈഫുല്‍ ബഹര്‍ എന്ന സ്ഥലത്ത് തമ്പടിച്ചു. അതിലൂടെ കടന്നു പോയിരുന്ന ഖുറൈശി കച്ചവട സംഘങ്ങളെയദ്ദേഹം കൊള്ളയടിക്കാനും അക്രമിക്കാനും തുടങ്ങി. ഖുറൈശികള്‍ക്ക് അതിനെതിരെ ഒന്നും ചെയ്യാനായില്ല. നബി(സ)യുടെ സംരക്ഷണത്തിലുള്ള ആളല്ലാത്തതിനാല്‍ അതിന്റെ പേരില്‍ ആക്ഷേപം കേള്‍ക്കേണ്ടി വരികയുമില്ല. ഇതിനെ കുറിച്ച് അറിഞ്ഞ മക്കയിലുണ്ടായിരുന്ന അബൂ ജന്‍ദലും അതുപോലെ മദീനയിലേക്ക് പോകാന്‍ സാധിക്കാതിരുന്ന എഴുപതോളം ആളുകളും അബൂ ബസീറിനൊപ്പം ചേര്‍ന്നു. ഖുറൈശി സംഘത്തിന് ഇവരില്‍ നിന്നുള്ള അക്രമം ശക്തമായി. അവസാനം അവര്‍ പ്രവാചകന്റെ അടുക്കല്‍ സഹായം ചോദിക്കാന്‍ നിര്‍ബന്ധിതരായി. പ്രവാചകന് അവരുടെ കാര്യത്തില്‍ പരിഹാരം കാണേണ്ട യാതൊരുവിധ ആവശ്യവുമുണ്ടായിരുന്നില്ല. എന്നിട്ടുപോലും ചുറ്റുപാടുമുള്ള ബഹുദൈവാരാധകരോട് സമാധാനത്തില്‍ കഴിയാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ സംഘത്തെ അവര്‍ നിലവിലുണ്ടായിരുന്ന അവസ്ഥയില്‍ ഖുറൈശികള്‍ക്ക് നഷ്ടം വരുന്ന രീതിയില്‍ തുടരാന്‍ അനുവദിക്കാമായിരുന്നിട്ടു കൂടി മാന്യമായിട്ടാണവരോട് പെരുമാറിയത്. അമുസ്‌ലിങ്ങളായ ആളുകളോട് പോലും കരാര്‍ പാലനത്തിന്റെയും നീതിയുടെയും സമാധാനം കാംക്ഷിക്കുന്നതുമായ ഒരു നിലപാടാണ് പ്രവാചകന്‍ സ്വീകരിച്ചിരുന്നതെന്ന് വ്യക്തമാക്കുന്നതാണിവയെല്ലാം. ഇത്തരം മൂല്യങ്ങളാണ് ഇന്ന് ലോകത്തു നിന്നും അന്യമായി കൊണ്ടിരിക്കുന്നത്.

വിവ:അഹ്മദ് നസീഫ് തിരുവമ്പാടി

You may also like