
ഖുര്‍ആനിക വചനങ്ങള്‍ അവതരിക്കുന്ന മാത്രയില്‍ എഴുതി സൂക്ഷിക്കാന്‍ പ്രത്യേകം നിര്‍ദേശിച്ചിരുന്നു പ്രവാചകന്‍. ഹദീസുകള്‍ എഴുതിവെക്കാന്‍ ആജ്ഞാപിക്കുകയോ നിര്‍ദേശിക്കുകയോ ചെയ്തിരുന്നില്ല. അതേസമയം, ഹദീസുകള്‍ ‘ഹൃദയ ഫലകങ്ങളില്‍’ കുറിച്ചുവെക്കണമെന്ന് പ്രവാചകന്‍ അനുചരന്മാരെ ഉണര്‍ത്തിയിരുന്നു: ”എന്റെ വചനം കേള്‍ക്കുകയും അത് ഹൃദിസ്ഥമാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന അടിമയെ അല്ലാഹു അനുഗ്രഹിക്കട്ടെ” (നബിവചനം). എന്നാല്‍, ഹൃദയങ്ങളിലൂടെ ഹദീസുകള്‍ കൈമാറുമ്പോള്‍ മറന്ന് പോകാനും തെറ്റുകള്‍ പിണയാനും സാധ്യതയില്ലേ? ഇത്തരം സംശയങ്ങളെ അപ്രസക്തമാക്കുംവിധം അത്ഭുതകരമായ ഓര്‍മശക്തിയുടെ ഉടമകളായിരുന്നു അറബികള്‍. പുസ്തകങ്ങളവലംബിക്കുംതോറും ഓര്‍മശക്തി കുറഞ്ഞു വരുന്നതായാണ് കാണുന്നത്. അബൂതമാം എന്ന കവി 14,000 ജാഹിലീ കവിതകള്‍ ഹൃദിസ്ഥമാക്കിയിരുന്നു. ഹമ്മാദ് എന്ന കവി 27,000 കവിതകളും ഓരോ അക്ഷരംകൊണ്ടും തുടങ്ങുന്ന 1,000 കവിതകള്‍ വേറെയും ഹൃദിസ്ഥമാക്കിയിരുന്നു. കവി അസ്മാഈ 16,000 കവിതകള്‍ മനഃപാഠമാക്കിയിരുന്നു. കവിതാ മത്സരങ്ങളില്‍ ഒരേ ഇരിപ്പില്‍ ആയിരക്കണക്കിന് കവിതകള്‍ ചൊല്ലി എതിരാളികളെ വെല്ലുവിളിച്ചവരും അവരിലുണ്ട്. ഇമാം ബുഖാരി(റ) 600,000 ഹദീസുകള്‍ മനഃപാഠമാക്കുകയുണ്ടായി. ഹദീസുകളുടെ ഘടനാഭദ്രതയും പഴഞ്ചൊല്ലുകള്‍ പോലെ ഓര്‍ത്തുവെക്കാനുള്ള സൗകര്യവും പദവിന്യാസവും ഓര്‍മത്തെറ്റു വരാതെ അവ ഹൃദിസ്ഥമാക്കാന്‍ സഹായകമാകുന്നു. ഇങ്ങനെ വിശ്വസ്തരും നിസ്വാര്‍ഥരുമായ അനുചരവൃന്ദത്തിന്റെ മനസിലാണ് ഈ ഘട്ടത്തില്‍ ഹദീസുകള്‍ പൊതുവെ ക്രോഡീകരിക്കപ്പെട്ടത്. പ്രവാചകന്റെ വചനങ്ങളും കര്‍മങ്ങളും മൗനാനുവാദവും മറ്റും ബൃഹത്തായ ഒരു ഗ്രന്ഥത്തില്‍ സമാഹരിക്കുക അക്കാലത്ത് എളുപ്പമായിരുന്നില്ല. കൂടാതെ, പ്രവാചകന്‍ അവര്‍ക്കിടയില്‍ ജീവിച്ചിരിക്കുന്നതിനാല്‍ ഏത് സംശയവും നേരിട്ട് അന്വേഷിക്കാമെന്നിരിക്കെ, ഒരു ഗ്രന്ഥസമാഹാരത്തിന്റെ ആവശ്യവുമുണ്ടായിരുന്നില്ല.
അക്കാലത്ത്, ഹദീസുകള്‍ മനഃപാഠമാക്കിയിരുന്ന പ്രധാന സ്വഹാബികള്‍ ഇവരായിരുന്നു: അബ്ദുല്ലാഹിബ്‌നു ഉമര്‍, അബ്ദുല്ലാഹിബ്‌നു അബ്ബാസ്, അബ്ദുല്ലാഹിബ്‌നു അംറ്, ആഇശ, അബൂഹുറയ്‌റ. അബൂഹുറയ്‌റ(റ) പറയുകയുണ്ടായി: ”സത്യമിതായിരുന്നു. അഭയാര്‍ഥികളായ ഞങ്ങളുടെ സഹോദരന്മാര്‍ (മുഹാജിര്‍) അങ്ങാടിയില്‍ കച്ചവടകാര്യങ്ങളില്‍ വ്യാപൃതരായിരുന്നു. ഞാന്‍ വയര്‍ അടക്കിപ്പിടിച്ച് എപ്പോഴും പ്രവാചകന്റെ കൂടെ കഴിഞ്ഞു. അങ്ങനെ അവര്‍ സന്നിഹിതരല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഞാന്‍ സന്നിഹിതനായി. അവര്‍ ഓര്‍ക്കാത്തത് ഞാന്‍ ഹൃദിസ്ഥമാക്കി. സഹായികളായ ഞങ്ങളുടെ സഹോദരന്മാര്‍ (അന്‍സ്വാര്‍) കൈത്തൊഴിലുകളില്‍ മുഴുകിക്കഴിഞ്ഞു. ഞാന്‍, സദാ പള്ളിയില്‍ കഴിഞ്ഞിരുന്ന സുഫ്ഫത്ത് വിഭാഗത്തിലെ ഒരു ദരിദ്രനായ അന്തേവാസിയായിരുന്നു. അങ്ങനെ മറ്റുള്ളവര്‍ മറന്ന് കളയുന്നവ ഞാന്‍ മനനം ചെയ്തുകൊണ്ടിരുന്നു.” (ഫത്ഹുല്‍ബാരി. വാള്യം 1, പേജ്: 214).
ഹദീസ് ശേഖരണത്തിന് ആദ്യകാലത്ത് മുഖ്യമായി അവലംബിച്ചിരുന്നത് ഓര്‍മശക്തിയെയായിരുന്നു എന്നുമാത്രമേ ഇപ്പറഞ്ഞതിനര്‍ഥമുള്ളൂ. കാരണം, ഹദീസുകള്‍ എഴുതിയെടുത്ത് ഏടുകളായി സൂക്ഷിക്കുന്നവര്‍ അക്കാലത്തുമുണ്ടായിരുന്നു. അബ്ദുല്ലാഹിബ്‌നു ഉമര്‍, പ്രവാചകന്റെ ജീവിതകാലത്തുതന്നെ ഹദീസുകള്‍ എഴുതിയിരുന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം പ്രവാചക സന്നിധിയില്‍ വന്ന് ചോദിച്ചു: ‘ദൈവദൂതരേ! താങ്കളുടെ ചില ഹദീസുകള്‍ നിവേദനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഹൃദയത്തില്‍ സൂക്ഷിക്കുന്നതോടൊപ്പം അവ എഴുതിവെക്കാനും ഞാന്‍ ഉദ്ദേശിക്കുന്നു. ഇതിനെക്കുറിച്ച് എന്ത് നിര്‍ദേശമാണ് താങ്കള്‍ നല്‍കുന്നത്?’ പ്രവാചകന്‍ പറഞ്ഞു: ‘അവ എന്റെ ഹദീസുകളാണെങ്കില്‍ മനഃപാഠമാക്കുന്നതോടൊപ്പം എഴുതുകയും ചെയ്യുക.’ ഇതുപോലെ പല സ്വഹാബികളുടെയും കൈവശം ഹദീസുകള്‍ എഴുതിയ ഏടുകളുണ്ടായിരുന്നതായി കാണാം. സഅദുബ്‌നു ഉബാദയുടെ (റ) കൈയില്‍ ഹദീസ് രേഖപ്പെടുത്തിയ ഒരു ഏടുണ്ടായിരുന്നതായി തിര്‍മിദി റിപ്പോര്‍ട്ടു ചെയ്യുന്നു. ജാബിറുബ്‌നു അബ്ദില്ല(റ)യുടെയും അബ്ദുല്ലാഹിബ്‌നു അബീ ഔഫിന്റെയും കൈവശവും ഹദീസിന്റെ ഏടുകള്‍ ഉണ്ടായിരുന്നു. അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വ്(റ) പ്രവാചകനില്‍നിന്ന് നേരിട്ട് എഴുതിയെടുത്ത അസ്സ്വഹീഫത്തുസ്സ്വാദിഖഃ (സത്യസന്ധമായ ഏട്) ഏറെ പ്രസിദ്ധമാണ്. ഇതില്‍ ആയിരത്തിലധികം ഹദീസുകള്‍ ഉണ്ടായിരുന്നതായി ഇബ്‌നുല്‍ അസീര്‍ പറയുന്നു. ഇന്നത് ലഭ്യമല്ല. ഇത് ഇമാം അഹ്മദിന്റെ മുസ്‌നദില്‍ ചേര്‍ക്കപ്പെടുകയാണുണ്ടായത്.
രണ്ടാം ഘട്ടം
ഹിജ്‌റ 11 മുതല്‍ ഏകദേശം ഹിജ്‌റ 100 വരെയുള്ള ഘട്ടമാണിത്. പ്രവാചകന്റെ മരണം മുതല്‍ ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മരിച്ച പ്രവാചകനുമായി സഹവസിച്ച ഒടുവിലത്തെ അനുയായിയുടെയും മരണം വരെയുള്ള ഘട്ടം. (ഹിജ്‌റ 91-ല്‍ മരണപ്പെട്ട അനസുബ്‌നു മാലിക്(റ) എന്ന പ്രസിദ്ധ സ്വഹാബിയാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്). സച്ചരിതരായ നാലു ഖലീഫമാരുടെയും പ്രഗത്ഭരായ സ്വഹാബികളുടെയും കാലഘട്ടവും ഇതുതന്നെ.
ഹദീസുകള്‍ പൂര്‍ണമായി ലഭിക്കത്തക്കവിധം ആശ്രയിക്കാവുന്ന ഹദീസ് ഗ്രന്ഥങ്ങള്‍ അവരുടെ കൈവശമുണ്ടായിരുന്നില്ല. മറ്റൊരു അനുചരന്റെ അടുക്കല്‍ പോയി അദ്ദേഹത്തില്‍നിന്ന് നേരിട്ട് കേള്‍ക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.
അങ്ങനെ ഓരോ സ്വഹാബിയും താമസിക്കുന്ന പ്രദേശങ്ങള്‍ ഓരോ വിജ്ഞാന കേന്ദ്രങ്ങളായി ഉയര്‍ന്നുവന്നു. പിന്നീട് ഈ വിദ്യാകേന്ദ്രങ്ങളിലേക്കു വിജ്ഞാനകുതുകികളുടെ പ്രവാഹമായി. ഇത്തരം കേന്ദ്രങ്ങള്‍ ഹദീസ് പഠിപ്പിക്കുന്ന പാഠശാലകളും കലാലയങ്ങളുമായി പരിണമിച്ചു. ജിജ്ഞാസുക്കളായ ചില വിദ്യാര്‍ഥികള്‍ ഏക പാഠശാലകൊണ്ട് തൃപ്തരാവാതെ, അനേകം അനുചരന്മാരെ സമീപിച്ച് ഹദീസ്പഠനവും ശേഖരണവും ആരംഭിച്ചു. അങ്ങനെ ഹദീസ് പഠനത്തിന് ജീവിതം സമര്‍പ്പിച്ച മനസ്സിന്റെ പേജുകളില്‍ ഹദീസുകളുടെ വന്‍ ശേഖരംതന്നെ സ്വായത്തമാക്കിയ ഒരു പണ്ഡിത സമൂഹം രൂപപ്പെട്ടു. ജാബിറുബ്‌നു അബ്ദില്ല ഒരു ഹദീസ് ശരിയാണോ എന്ന് ഉറപ്പിക്കാനായി മദീനയില്‍നിന്ന് സിറിയ വരെ സഞ്ചരിച്ചുവെന്നാണ് ചരിത്രം. ഇത് അക്കാലത്തെ ഒരു മാസത്തെ യാത്രാ ദൈര്‍ഘ്യമാണ്. അബൂ അയ്യൂബില്‍ അന്‍സ്വാരി അഖബതുബ്‌നു ആമിറി(റ)ല്‍നിന്ന് ഒരു ഹദീസ് കേള്‍ക്കാന്‍ സുദീര്‍ഘമായ ഒരു യാത്ര നടത്തി. സൈദുബ്‌നു മുസയ്യബ് ഒരു ഹദീസിന്റെ അന്വേഷണത്തിനുപോലും ദീര്‍ഘയത്രകള്‍ പതിവാക്കിയിരുന്നു. അബ്ദുല്‍ അലി(റ) ഇങ്ങനെ പറഞ്ഞതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു: ”ഞങ്ങള്‍ ഒരു പ്രവാചക വചനം കേള്‍ക്കുന്നു. പക്ഷേ, ആ ഹദീസ് ഉദ്ധരിച്ച വ്യക്തിയില്‍നിന്ന് നേരിട്ട് അത് കേള്‍ക്കാതെ ഞങ്ങള്‍ തൃപ്തരായിരുന്നില്ല” (ഫത്ഹുല്‍ ബാരി, വാള്യം 1, പേജ്: 159). ഈ കാലഘട്ടത്തിലെ ആദ്യ ഹദീസ് സമാഹാരമാണ് ഇമാം അലിയുടെ(റ) അല്‍ ഖതാദ. പ്രവാചകന്റെ മരണാനന്തരം ഇബ്‌നു അബ്ബാസും(റ) മറ്റൊരു ലഘുകൃതി സമാഹരിക്കുകയുണ്ടായി. ഹിജ്‌റ 61-ലാണ് ഇബ്‌നു അബ്ബാസ് മരണപ്പെട്ടത്. അലിയും ഇബ്‌നു അബ്ബാസും എഴുത്തും വായനയും അറിയാവുന്നവരും ഹദീസ് വിദ്യയില്‍ അഗ്രഗണ്യരുമായിരുന്നു. പക്ഷേ, ഇവരുടെ സമാഹാരത്തില്‍ ഏതാനും ഹദീസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ കൃതികള്‍ പിന്നീട് ഇബ്‌നു ശിഹാബ് അല്‍ സുഹ്‌രി വിപുലീകരിക്കുകയുണ്ടായി. ഇദ്ദേഹമാണ് ആദ്യമായി ഹദീസുകള്‍ വ്യവസ്ഥാപിതമായി സമാഹരിച്ചത്. അമവിയ്യാ ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസ് (മരണം ഹി. 101) ഹദീസ് ക്രോഡീകരിക്കാന്‍ ചുമതലപ്പെടുത്തിയ രണ്ട് പേരിലൊരാള്‍ ഇബ്‌നു ശിഹാബ് സുഹ്‌രിയാണ്. മറ്റേയാള്‍ അബൂബക്‌റുബ്‌നു ഹസമും, ഉമറുബ്‌നു അബ്ദില്‍ അസീസ്, അബൂബക്ര്‍ ഇബ്‌നു ഹസമിന് ഇങ്ങനെ എഴുതിയതായി ബുഖാരി ഉദ്ധരിക്കുന്നു: ”പ്രവാചകന്റെ ഹദീസുകള്‍ കണ്ടാല്‍ അവ രേഖപ്പെടുത്തുക. കാരണം, വിദ്യയുടെ തേയ്മാനവും പണ്ഡിതന്മാരുടെ വിയോഗവും ഞാന്‍ ഭയപ്പെടുന്നു. പ്രവാചകവചനങ്ങളല്ലാതെ മറ്റൊന്നുപോലും സ്വീകരിച്ചുപോവരുത്. ജനങ്ങള്‍ക്കിടയില്‍ വിജ്ഞാനം വ്യാപകമാവട്ടെ. (ഫത്ഹുല്‍ബാരി, വാള്യം 1, പേജ്: 194)
മൂന്നാം ഘട്ടം
ഹിജ്‌റ 101 മുതല്‍ ഏകദേശം ഹിജ്‌റ 200 വരെ പ്രവാചകന്റെ അനുചരന്മാരുടെ പിന്‍ഗാമികള്‍ ജീവിച്ച കാലഘട്ടം. വിവിധ വിദ്യാകേന്ദ്രങ്ങളില്‍നിന്ന് ഹദീസുകള്‍ ശേഖരിക്കുന്നതിലും സമാഹരിക്കുന്നതിലും ബദ്ധശ്രദ്ധരും ത്യാഗസന്നദ്ധരുമായിരുന്നു ഇവര്‍. ഈ കാലത്തെ ചില പ്രമുഖ ഹദീസ് പണ്ഡിതന്മാരുടെ പേരും സ്ഥലവും ചുവടെ ചേര്‍ക്കുന്നു: മഅ്മറുബ്‌നു റശീദ് (ബഗ്ദാദ്), സൈദുബ്‌നു അബീ ഉബാദ (ബസ്വറ), റബീഉബ്‌നു ശാബി (ബസ്വ്‌റ), ഇബ്‌നു ജരീഹ് (ബഗ്ദാദ്), അബ്ദുല്‍ മലികുബ്‌നു ജുറൈജ് (മക്ക), സുഫ്‌യാനുബ്‌നു സൗരി (കൂഫ), വലീദുബ്‌നു മുസ്‌ലിം (സിറിയ), അബ്ദുല്ലാഹിബ്‌നു മുബാറക് (ഖുറാസാന്‍), ഹാശിമുബ്‌നു ബശീര്‍ (ഫുസ്ത്വാത്), സുഫ്‌യാനുബ്‌നു ഉയൈന (മദീന). ഇവരുടെ ഹദീസ്‌സമാഹാരവും പൂര്‍ണമെന്ന് പറയാനാവില്ല. തുടര്‍ന്നാണ് ഇമാം മാലികുബ്‌നു അനസിന്റെ (ഹി. 94-179) മുവത്വ എന്ന ശ്രദ്ധേയമായ ഗ്രന്ഥം പുറത്തു വരുന്നത്. ലക്ഷണമൊത്ത ആദ്യത്തെ ഹദീസ് ഗ്രന്ഥമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇതേ കാലത്ത് തന്നെയാണ് ഇമാം അബൂഹനീഫയുടെയും ആഗമനം. ഇസ്‌ലാമിക പഠനങ്ങള്‍ക്ക് അദ്ദേഹം പുതിയ ദിശാബോധം നല്‍കിയെങ്കിലും ഹദീസ് സംബന്ധമായ രചനകളൊന്നും നടത്തുകയുണ്ടായില്ല. അതോടൊപ്പം ഖുര്‍ആനിലെന്നപോലെ ഹദീസിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നു അദ്ദേഹത്തിന്. രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും മൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി ഉയര്‍ന്നുവന്ന മറ്റു രണ്ട് ഇമാമുകളായിരുന്നു ശാഫിഈയും അഹ്മദ് ഇബ്‌നു ഹമ്പലും.
നാലാം ഘട്ടം
താബിഉത്താബിഇകളുടെ ഘട്ടമാണിത്. ഹി. 200 മുതല്‍ 300 വരെ. ഹദീസ് സാഹിത്യത്തിന്റെ സുവര്‍ണഘട്ടമെന്ന് ഇതിനെ വിശേഷിപ്പിക്കാം. തീവ്രവും നിശിതവുമായ ഹദീസ് നിരൂപണമാണ് ഈ ഘട്ടത്തിന്റെ സവിശേഷത. ഇവരില്‍ പ്രധാനികളുടെ പേര് കാലക്രമം പാലിച്ച് താഴെ ചേര്‍ക്കുന്നു. ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ (സ്വിഹാഹുസ്സിത്തഃ) കര്‍ത്താക്കളും ഈ കാലത്താണ് ജീവിച്ചത്:
1) അല്‍ വാഖിദി (ബഗ്ദാദ്; മരണം ഹിജ്‌റ 207.
2) ഇമാം അഹ്മദ് ഇബ്‌നു ഹമ്പല്‍ (ഹി. 164-241). ഇദ്ദേഹത്തിന്റെ മുസ്‌നദ് ഏറെ പ്രസിദ്ധം.
3) അബൂ നാഫിഅ്. ജനനം ഹി. 221 (യമന്‍).
4) അബ്ദുല്ലാഹിബ്‌നു ഹകം (ജനനം ഹി. 221, ബസ്വറ).
5) യഹ്‌യബ്‌നു മുഈന്‍. (ജനനം ഹി. 233, മദീന).
6) അബൂമുഹമ്മദ് അബ്ദില്ല ദാരിമി (ഹി. 181-255). ദാരിമി എന്ന പേരില്‍ പ്രസിദ്ധനായി.
7) മുഹമ്മദുബ്‌നു ഇസ്മാഈല്‍ അല്‍ബുഖാരി (194-256). അദ്ദേഹത്തിന്റെ സ്വഹീഹ് ആണ് ഏറ്റവും ആധികാരിക ഹദീസ് സമാഹാരം.
8) മുസ്‌ലിമുബ്‌നു അല്‍ ഖുശൈരിയുടെ (ഹി. 204-261) സ്വഹീഹ് ആണ് പിന്നീട് വരുന്ന പ്രാമാണിക ഗ്രന്ഥം.
9) ഇബ്‌നു മാജ (ഹി. 209-273).
10) അബൂദാവൂദ് (ഹി. 202-275).
11) അബൂ ഈസാ അത്തിര്‍മിദി (ഹി. 209-279).
12) അബൂ അബ്ദുര്‍റഹ്മാന്‍ നസാഈ. (ഹി. 214-303)
അഞ്ചാം ഘട്ടം
ഹിജ്‌റ 300 മുതല്‍ 600 വരെ. ഈ ഘട്ടത്തിലെ പ്രശസ്തരായ ഹദീസ് പണ്ഡിതന്മാര്‍:
1. അബുല്‍ ഹസന്‍ അലി അദ്ദാറഖുത്വ്‌നി – ദാറഖുത്വ്‌നി എന്ന പേരില്‍ അറിയപ്പെടുന്നു. സുനന്‍ എന്നാണ് ഗ്രന്ഥത്തിന്റെ പേര്. (ഹി. 308-385)
2. അഹ്മദുബ്‌നു ഹുസൈന്‍ (ഹി. 360-ല്‍ മരണം)
3. അബൂബക്ര്‍ അഹ്മദ് അല്‍ ബൈഹഖി. ബൈഹഖി എന്ന പേരില്‍ പ്രസിദ്ധന്‍. (ഹി. 348-456) സുനനുല്‍ കുബ്‌റാ എന്നാണ് ഗ്രന്ഥത്തിന്റെ പേര്.
4. നിഷാപൂരിലെ അല്‍ ഫഹ്മാനി (ജനനം ഹി. 405)
5. അബൂ ത്വല്‍ഹ. (ജനനം ഹി. 417)
ഈ ഗ്രന്ഥങ്ങളിലെല്ലാം ഹദീസുകളോടൊപ്പം നിവേദകരുടെ ദീര്‍ഘമായ ശൃംഖലയും ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് വന്ന പഠിതാക്കള്‍ക്ക് ഹദീസുകള്‍ മാത്രമേ അനിവാര്യമായിരുന്നുള്ളൂ. നിവേദക ശൃംഖലയില്ലാതെ ഹദീസുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം ആദ്യമായി ക്രോഡീകരിച്ചത് അബുല്‍ഹസന്‍ റസീന്‍ (മരണം ഹി. 520-ല്‍) ആയിരുന്നു. തുടര്‍ന്ന് ശറഫുദ്ദീന്‍ എന്ന പണ്ഡിതന്‍ പരമ്പരകള്‍ വിട്ടുകളഞ്ഞ് തജ്‌രീദുല്‍ ഉസ്വൂല്‍ എന്ന ഗ്രന്ഥം രചിച്ചു. അബുല്‍ ഫറജ് അബ്ദുര്‍റഹ്മാന്‍ അല്‍ ജസ്‌റി (ഹി. 517) ഇതേ രീതിയില്‍ ഗ്രന്ഥമെഴുതിയിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ശ്രദ്ധേയമായ ഗ്രന്ഥം ഹുസൈന്‍ ഇബ്‌നു മസ്ഊദ് അല്‍ ഫറാഅ് (മരണം ഹി. 516-ല്‍) രചിച്ച മസ്വാഹീബുസ്സുന്നഃ എന്ന ഗ്രന്ഥമാണ്. ആ ഗ്രന്ഥം വലിയുദ്ദീന്‍ അബൂ അബ്ദില്ല മുഹമ്മദ് ഒന്നു കൂടി വിപുലീകരിച്ച് മിശ്കാത്തുല്‍ മസ്വാബീഹ് എന്ന പേരില്‍ പുറത്തിറക്കി.
ഈ കാലഘട്ടത്തിലെ മറ്റ് ചില പണ്ഡിതന്മാര്‍:
അബൂ യഹ്‌യ സകരിയ്യാ (ഹി. 631-677)
അബൂ ഈസാ അല്‍ ഹക്കാനീ (മ.ഹി. 694)
അനീസുദ്ദീന്‍ അല്‍ കനാനീ (മ.ഹി. 767)
അബ്ദുര്‍റഊഫുല്‍ മനായി (മ.ഹി. 1031)
അബൂ അബ്ദില്ല നൈസാബൂരി
ഇബ്‌നു ഹിബ്ബാന്‍
സിയാഉദ്ദീന്‍ അല്‍ മഖ്ദസി
ഇമാം സുയൂത്വി (ഹദീസില്‍ ഇദ്ദേഹം രചിച്ച ജംഉല്‍ ജവാമിഅ് (ഞ്ഞലഏള്‍ജ്ജഏ ഞ്ഞബ്ലഘ) എന്ന ഗ്രന്ഥം പ്രസിദ്ധമാണ്).