അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ വചനങ്ങളും കര്‍മങ്ങളും ഏതെങ്കിലും വിഷയത്തില്‍ അദ്ദേഹം അവലംബിച്ച മൗനംപോലും അതേപടി ഉദ്ധരിക്കപ്പെട്ടതാണ് ഹദീസ്. വാര്‍ത്ത/സംസാരം എന്നാണ് ഹദീസിന്റെ ഭാഷാര്‍ഥം. സുന്നത്ത്, സീറഃ, ഖബര്‍ എന്നിങ്ങനെയും ഹദീസ് വ്യവഹരിക്കപ്പെടുന്നു. നടപടിക്രമം, ചര്യ, ചരിത്രം എന്നാണ് സുന്നഃയുടെയും സീറഃയുടെയും അര്‍ഥം. ഖബര്‍ – വാര്‍ത്ത. ഹദീസിന്റെയും പര്യായപദങ്ങളുടെയും അര്‍ഥങ്ങള്‍ ചരിത്രത്തിന്റെ ആശയം ഉള്‍ക്കൊള്ളുന്നതായി കാണാം. വാസ്തവത്തില്‍ പ്രവാചക ജീവിതത്തിന്റെ പൊട്ടുകളാണ് ഹദീസുകള്‍. പ്രവാചക ശിഷ്യന്മാര്‍ അവരുടെ പിന്മുറക്കാര്‍ക്കുവേണ്ടി അമൂല്യ നിധിയായി കാത്തുസൂക്ഷിച്ച പൊട്ടുകള്‍. ഒരു ചരിത്രാന്വേഷകന്റെ ദൃഷ്ടിയില്‍ അത് ചരിത്രം മിന്നുന്ന സുവര്‍ണ ശകലങ്ങള്‍ തന്നെ. ധര്‍മശാസ്ത്രപഠിതാവിന്റെ കണ്ണില്‍ ആധികാരിക ധര്‍മശാസ്ത്ര പ്രമാണങ്ങളാണ്. ദാര്‍ശനിക ദൃഷ്ടിയില്‍ ജീവിതദര്‍ശനങ്ങളുടെ പ്രായോഗിക രൂപങ്ങളും. ഇങ്ങനെ വൈവിധ്യമാര്‍ന്ന അനേകം മാനങ്ങളില്‍ ഹദീസുകള്‍ വീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഹദീസുകളാകുന്ന പൊട്ടുകളും പൊടികളും സമ്പൂര്‍ണമായി സമാഹരിച്ച് ഓരോന്നും യഥാസ്ഥാനങ്ങളില്‍ വച്ചു വായിക്കുമ്പോള്‍ ഏറ്റവും സത്യസന്ധമായ പ്രവാചകചരിത്രം ലഭിക്കുന്നു. അതുതന്നെ ഏറ്റവും ആധികാരികമായ ജീവിത ദര്‍ശനവും ധര്‍മപ്രമാണ സംഹിതയുമാകുന്നു.
ഹദീസുകള്‍ വന്നവഴി
പ്രവാചകശിഷ്യന്മാര്‍ തിരുജീവിതത്തില്‍ നേരിട്ടുകണ്ടറിഞ്ഞ കാര്യങ്ങള്‍ രേഖപ്പെടുത്തിയതാണ് ഹദീസ്. അവരുടെയോ അവരില്‍നിന്നുദ്ധരിച്ചവരുടെയോ വകയായി നിരൂപണമോ വ്യാഖ്യാനമോ അതിലുണ്ടാവില്ല. പ്രവാചകനില്‍നിന്ന് ഗ്രന്ഥകാരനിലോളം ആര്‍, ആരില്‍നിന്ന്, ആരോടുദ്ധരിച്ചു, അവര്‍ ആരോടുദ്ധരിച്ചു എന്നിങ്ങനെ വിശ്വസ്തരും ആധികാരികരുമായ ആളുകളിലൂടെ കണ്ണിമുറിയാതെ ഉദ്ധരിക്കപ്പെട്ടതേ സാധുവായ ഹദീസായി അംഗീകരിക്കപ്പെടൂ. ഉദ്ധാരകശൃംഖലയില്‍ എവിടെയെങ്കിലും കണ്ണിമുറിയുകയോ ഏതെങ്കിലും ഉദ്ധാരകന്റെ വിശ്വാസ്യത സംശയാസ്പദമാവുകയോ ചെയ്താല്‍ ഒരു ഹദീസ് ദുര്‍ബലമായി. ‘എ’, ‘ബി’ യോട്, ‘ബി’, ‘സി’യോട്, ‘സി’, ‘ഡി’യോട്, ‘ഡി’, ഗ്രന്ഥകാരനോട് എന്നിങ്ങനെയാണ് നിവേദക ശൃംഖല. ‘ബി’ യോടുള്ള ‘എ’യുടെ നിവേദനം പ്രാമാണികമാകണമെങ്കില്‍ ‘എ’ യും ‘ബി’ യും വിശ്വസ്തരും സമകാലികരുമാണെന്നും തമ്മില്‍ കണ്ടുമുട്ടിയിട്ടുള്ളവരാണെന്നും ചരിത്രദൃഷ്ട്യാ തെളിയണം. ഈവിധം ഹദീസുകളെ നിരൂപണ വിധേയമാക്കുകയും സംശോധിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരു വിജ്ഞാനശാഖ തന്നെയുണ്ട് – ഉലൂമുല്‍ ഹദീസ്. അവയില്‍ ഹദീസ് വചനങ്ങള്‍ നിരൂപണ വ്യാഖ്യാനങ്ങളുമായി കലര്‍ന്നുപോകാതെ വേറെത്തന്നെ രേഖപ്പെടുത്തിയിരിക്കും.
ആദ്യകാല നബിചരിത്രം
ഇങ്ങനെ ഉദ്ധരിക്കപ്പെട്ട ഹദീസുകളുടെ സമാഹാരം തന്നെയായിരുന്നു ആദ്യകാലത്ത് നബിചരിത്രം. പക്ഷേ ധര്‍മശാസ്ത്ര നിയമങ്ങളുടെ രൂപത്തിലാണവ സമാഹരിക്കപ്പെട്ടതും ക്രമീകരിക്കപ്പെട്ടതും. പില്‍ക്കാലത്ത് പ്രവാചക ചരിത്രം വ്യവസ്ഥാപിതമായി രചിക്കപ്പെട്ടു തുടങ്ങിയപ്പോഴും അടിസ്ഥാന പ്രമാണങ്ങളും ആധികാരിക രേഖകളുമായി അവലംബിക്കപ്പെട്ടത് ഹദീസുകള്‍ തന്നെയായിരുന്നു. ഹദീസുകള്‍ പഠിക്കുന്നതിലും അതിനെ ഇതര ചരിത്രവിവരങ്ങളുമായി കൂട്ടിയിണക്കുന്നതിലും പ്രവാചകന്റെ വ്യക്തിത്വത്തോടുള്ള സമീപനത്തിലും ചരിത്രകാരന്മാര്‍ക്കിടയിലുണ്ടാകാവുന്ന സ്വാഭാവികമായ വൈവിധ്യം അവരുടെ ചരിത്രകൃതികളില്‍ പ്രതിഫലിക്കുന്നു. നബി(സ)യുടെ ആത്മീയാശയങ്ങള്‍ക്കും ഭക്തിചര്യക്കും പ്രാമുഖ്യം കല്‍പിച്ചവര്‍ ആത്മജ്ഞാനത്താലും ഭക്തിചര്യയാലും വിശുദ്ധനായ പ്രവാചകനെ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ലളിത ജീവിതത്തിനും ശാന്തപ്രകൃതിക്കും പ്രാധാന്യം നല്‍കിയവര്‍ വൈരാഗിയും സമാധാനപ്രേമിയുമായ പ്രവാചകന്റെ ചിത്രം തീര്‍ത്തു. മുഹമ്മദീയ ജീവിതത്തിലെ സംഘര്‍ഷങ്ങളിലും സംഘട്ടനങ്ങളിലും മനസ്സുടക്കിയവര്‍ വീരയോദ്ധാവും പടത്തലവനുമായി പ്രവാചകനെ വര്‍ണിച്ചു. പ്രവാചകന്റെ നേതൃത്വ ഗുണങ്ങളിലും ഭരണപാടവത്തിലും ആകൃഷ്ടരായവര്‍ സമര്‍ഥനായ സംഘാടകനെയും നീതിമാനായ ഭരണാധികാരിയെയും രാജ്യതന്ത്രജ്ഞനെയുമാണ് കണ്ടെത്തിയത്! ഓരോകൂട്ടര്‍ക്കും ആവശ്യമായ കരുക്കള്‍ ഹദീസുകളില്‍നിന്നു ലഭിച്ചിരുന്നു. മുഹമ്മദ് നബി(സ)യുടെ അമാനുഷികതയിലും ദിവ്യാത്ഭുത സിദ്ധികളിലും ഊന്നി പ്രവാചകചരിത്രം രചിച്ചവരുടെയും അവലംബം ഹദീസുകള്‍ തന്നെ. നിശിതമായ സംശോധനക്കു വിധേയമാക്കാതെ, പ്രക്ഷിപ്തവും അടിസ്ഥാനരഹിതവുമായ നിവേദനങ്ങളെ ഹദീസുകളായി വിലയിരുത്തി ചരിത്രം നിര്‍മിക്കുകയായിരുന്നു അവര്‍. അതിമാനുഷനും അത്ഭുതസിദ്ധികളുടെ അക്ഷയഖനിയുമാണ് അവര്‍ വരച്ചുകാണിക്കുന്ന മുഹമ്മദ് നബി(സ).
സുന്നത്തിനെ നിരാകരിച്ച നബിചരിത്രങ്ങള്‍
പാശ്ചാത്യരാണ് ഖുര്‍ആനും സുന്നത്തും മാറ്റിനിര്‍ത്തി പ്രവാചക ചരിത്രം രചിക്കാന്‍ തുടങ്ങിയത്. കുരിശുയുദ്ധങ്ങളെ തുടര്‍ന്ന് മുസ്‌ലിംലോകത്തെത്തിയ ഇസ്‌ലാംവിരുദ്ധരായ ഓറിയന്റലിസ്റ്റുകളായിരുന്നു അതിന്റെ ഉപജ്ഞാതാക്കള്‍. പൗരസ്ത്യലോകത്ത് നടത്തിയ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ വസ്തുതകളെന്ന നാട്യത്തില്‍ സ്വീകരിച്ച മുന്‍ധാരണകളും വിദ്വേഷാധിഷ്ഠിത നിഗമനങ്ങളുമാണ് അവരുടെ ചരിത്രത്തിന്റെ ആധാരം. ഇക്കൂട്ടരുടെ ഗ്രന്ഥങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മുഹമ്മദ് നബി(സ) -നഊദുബില്ലാഹ്- പ്രവാചകനായി ചമഞ്ഞ് ജനങ്ങളെ വശീകരിച്ച് ഒരു ഹിംസാത്മക മതവും അതിന്റെ തണലില്‍ വിശാലമായ സാമ്രാജ്യവും സ്ഥാപിച്ച കുടിലനായതില്‍ അത്ഭുതമില്ല. ചിലരദ്ദേഹത്തെ തികഞ്ഞ അധാര്‍മികനും സദാചാരവിരുദ്ധനും മനോരോഗിയുമായിപ്പോലും ചിത്രീകരിക്കുന്നുണ്ട്. ഇത്തരം ഓറിയന്റലിസ്റ്റ് ഗ്രന്ഥങ്ങളിലൂടെയും അവയെ ഉപജീവിച്ചെഴുതപ്പെട്ട ഇതര ‘ചരിത്ര’കൃതികളിലൂടെയുമാണ് പാശ്ചാത്യനാടുകളിലെയും അവയുടെ കോളനികളിലെയും കലാലയങ്ങളില്‍ ഇസ്‌ലാമിക ചരിത്രവും നബിചരിത്രവും പഠിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ചരിത്രത്തിന്റെ ധ്വംസനത്തിലൂടെയും അപനിര്‍മാണത്തിലൂടെയും കാവി വിദ്യാഭ്യാസ നവീകരണം അരങ്ങേറാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്ന ആധുനിക ഭാരതീയ സാഹചര്യത്തില്‍, പാശ്ചാത്യ നടപടിയുടെ ആപല്‍ക്കരമായ ലക്ഷ്യങ്ങള്‍ എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. അവര്‍ നല്ലൊരളവോളം ആ ലക്ഷ്യം നേടിക്കഴിഞ്ഞതിന്റെ ഫലം മൊത്തം മുസ്‌ലിംലോകം അനുഭവിച്ചുകൊണ്ടിരിക്കുകയാണിന്ന്. ഇന്ത്യയില്‍ നടക്കുന്ന ചരിത്രധ്വംസനത്തേക്കാള്‍ പതിന്മടങ്ങ് ഗുരുതരമായ ധ്വംസനമാണ് പണ്ട് യൂറോപ്യര്‍ ഇസ്‌ലാമിക ചരിത്രത്തില്‍ നടത്തിയിട്ടുള്ളത്. മുസ്‌ലിം സമൂഹം ഈ യാഥാര്‍ഥ്യം ഇനിയും വേണ്ടവണ്ണം തിരിച്ചറിഞ്ഞിട്ടില്ല. പ്രവാചകനെ നിന്ദിക്കുന്ന കഥകളും കാര്‍ട്ടൂണുകളും വരുമ്പോള്‍ നമ്മള്‍ പ്രകോപിതരാകുന്നു. അതിന്റെ ഉറവിടമായ ധ്വംസിത ചരിത്രത്തെ അവഗണിക്കുകയും ചെയ്യുന്നു. ഇസ്‌ലാം വാളുകൊണ്ട് പ്രചരിച്ച മതമാണെന്ന് ലോകത്തെ തെറ്റുധരിപ്പിക്കാന്‍ ചരിത്രധ്വംസനത്തിലൂടെ യൂറോപ്യര്‍ക്ക് നിഷ്പ്രയാസം കഴിഞ്ഞു. ഒരു കൈയില്‍ നീട്ടിപ്പിടിച്ച ഖുര്‍ആനും മറുകൈയില്‍ ഓങ്ങിപ്പിടിച്ച വാളുമായി രണ്ടിലൊന്നു തെരഞ്ഞെടുക്കാന്‍ ലോകത്തോടു കല്‍പിക്കുന്ന മുഹമ്മദിന്റെ ചിത്രം ഇസ്‌ലാമിന്റെ പ്രതീകമായതങ്ങനെയാണ്. ഇത്തരം ചരിത്ര കൃതികളില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ടാണ്ചില മലയാള സാഹിത്യകാരന്മാര്‍ പോലും മുഹമ്മദ് നബി(സ)ക്ക് അധാര്‍മികന്‍, സദാചാരലംഘകന്‍, ചോരക്കൊതിയന്‍ തുടങ്ങിയ പട്ടങ്ങള്‍ ഉദാരമായി ചാര്‍ത്തിക്കൊടുക്കുന്നത്.
പ്രവാചകനും അത്ഭുത സിദ്ധികളും
മുഹമ്മദ് നബി(സ) അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തുനിയോഗിച്ച ദൂതനായിരുന്നു. തീര്‍ച്ചയായും അമാനുഷികമായ ചില അനുഗ്രഹങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വഹ്‌യ് മുഖേനയുള്ള ജ്ഞാനമായിരുന്നു അതില്‍ ഏറ്റവും പ്രധാനം. അതുവഴിയാണദ്ദേഹം പ്രവാചകനായത്. പ്രവാചകത്വം തന്നെയാണ് മുഹമ്മദ് നബി(സ)യുടെ ഏറ്റവുംവലിയ അമാനുഷിക സിദ്ധി. ചില സന്ദര്‍ഭങ്ങളില്‍ അല്ലാഹു അദ്ദേഹത്തെ അമാനുഷിക രീതിയില്‍ സഹായിച്ചിട്ടുമുണ്ട്. ബദ്ര്‍ സംഭവം ഉദാഹരണമാണ്. ഇത്തരം സിദ്ധികളൊന്നും പ്രവാചകന്റെ ഇഛയിലും സ്വാതന്ത്ര്യത്തിലും പെട്ടതല്ല എന്നതാണ് വസ്തുത. അല്ലാഹു ഇഛിക്കുന്നവരെ അവനിഛിക്കുന്ന വിധത്തില്‍ അനുഗ്രഹിക്കുന്നു. ഇതല്ലാതെ, തോന്നുമ്പോഴൊക്കെ അല്ലെങ്കില്‍ ആളുകള്‍ ആവശ്യപ്പെടുമ്പോഴൊക്കെ ദിവ്യാത്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താന്‍ പ്രവാചകന് കഴിയുമായിരുന്നില്ല. മുഹമ്മദ് നബി(സ)യുടെ മാത്രമല്ല, എല്ലാ പ്രവാചകവര്യന്മാരുടെയും അവസ്ഥ ഇതുതന്നെയായിരുന്നു. അത്ഭുത സിദ്ധികള്‍ പ്രവാചകവ്യക്തിത്വത്തിന്റെ ഭാഗമായിരുന്നില്ല. അതിന്റെ നിയന്ത്രണം അല്ലാഹുവിന്റെ ഹസ്തങ്ങളിലാണ്. അവന്‍ നിശ്ചയിക്കുമ്പോള്‍ മാത്രം അതു പ്രത്യക്ഷപ്പെടുന്നു. പ്രവാചകന്‍, പ്രവാചകനാകുന്നത് അമാനുഷികമായ വെളിപാടുകളിലൂടെയാണെന്ന് പറഞ്ഞുവല്ലോ. വെളിപാടുകള്‍ പോലും പ്രവാചകന്‍ ആഗ്രഹിക്കുമ്പോഴും ആവശ്യപ്പെടുമ്പോഴുമൊക്കെ നിര്‍ബാധം ലഭിക്കുന്നതായിരുന്നില്ല. തന്റെ വെളിപാടുകള്‍ നിലച്ചുപോയി എന്ന് ഉല്‍ക്കണ്ഠാകുലനായ ചില സന്ദര്‍ഭങ്ങള്‍ മുഹമ്മദീയ ജീവിതത്തില്‍ തന്നെ ഉണ്ടായിട്ടുണ്ട്. അത്തരം ഒരു സന്ദര്‍ഭത്തെ സൂചിപ്പിച്ചുകൊണ്ടാണ് അല്ലാഹു അദ്ദേഹത്തെ ഇങ്ങനെ സമാശ്വസിപ്പിച്ചത്: ”നിന്റെ നാഥന്‍ നിന്നെ വെടിഞ്ഞിട്ടില്ല, വെറുത്തിട്ടുമില്ല. തീര്‍ച്ചയായും നിന്റെ ഭൂതത്തേക്കാള്‍ വിശിഷ്ടമായിരിക്കും ഭാവി (ഖുര്‍ആന്‍ 93: 3,4). വിശുദ്ധ ഖുര്‍ആനാണ് മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിച്ച നിലനില്‍ക്കുന്ന ദിവ്യാത്ഭുതപ്രതിഭാസം. അതിന്റെ രചനയിലും നബി(സ)ക്കു പങ്കില്ല. അതു മുഴുവന്‍ ദൈവദത്തമാണ്. പൂര്‍ണമായും അല്ലാഹുവിങ്കല്‍ നിന്നവതീര്‍ണമായത് എന്ന് സ്വയം ആവര്‍ത്തിച്ചവകാശപ്പെടുന്ന ഒരേയൊരു വേദ ഗ്രന്ഥമാണ് ഖുര്‍ആന്‍. അവതരിപ്പിച്ചതു മാത്രമല്ല; അതു വള്ളിപുള്ളി വ്യത്യാസമില്ലാതെ സമാഹരിച്ചു സംരക്ഷിക്കുന്നതും അല്ലാഹുവാണ്. ”നമ്മുടെ വചനങ്ങളുടെ സമാഹരണവും പാരായണ സുരക്ഷിതത്വവും നാം തന്നെ ഏറ്റെടുത്തിരിക്കുന്നു.” (75:18)
മജീഷ്യനെപ്പോലെ അത്ഭുതങ്ങള്‍ കാണിച്ച് ആളെ കൂട്ടുകയായിരുന്നില്ല മുഹമ്മദ്(സ). തുടക്കം മുതലേ തിരുമേനിയുടെ പ്രവാചകത്വത്തിന്റെ മുഖ്യതെളിവ് ആ വ്യക്തിത്വത്തിന്റെ അനിതര സാധാരണമായ വിശുദ്ധിയും വിവേകവുമായിരുന്നു. പ്രവാചകന്റെ വിജയരഹസ്യമായി ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നത് അദ്ദേഹത്തിന്റെ ദിവ്യാത്ഭുത സിദ്ധികളല്ല; വ്യക്തിത്വ മഹിമയാണ്: ”തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിനുടമയാണ്” (68:4). അലിവിലൂടെയും കനിവിലൂടെയുമാണ് പ്രവാചകന്‍ ജനങ്ങളെ ആകര്‍ഷിച്ചത്. ”ദൈവാനുഗ്രഹത്താലാണ് നീ ജനങ്ങളോട് അലിവുള്ളവനായത്. നീ മുരടനും പരുഷ ഹൃദയനുമായിരുന്നുവെങ്കില്‍ അവര്‍ നിന്റെ ചുറ്റുനിന്ന് പിരിഞ്ഞുപോയതുതന്നെ” (3:159). ഈ പ്രവാചകനിലാണ് വിശ്വാസികള്‍ക്ക് വിശിഷ്ടമാതൃകയുള്ളത്. ആ മാതൃകകളാണ് ഹദീസുകള്‍. അതാണ് ഹദീസിന്റെ മൂല്യം.
പ്രവാചകന്റെ ദിവ്യാത്ഭുതങ്ങള്‍ സംബന്ധിച്ച ഹദീസുകള്‍ നിരവധിയാണ്. അത്തരം ഹദീസുകളുടെ സമുച്ചയത്തില്‍ തെളിയുന്ന പ്രവാചകന്‍ മനുഷ്യനല്ലാത്ത മറ്റെന്തൊക്കെയോ ആണ്. അത് അദ്ദേഹത്തെ ഒരു ഉപദൈവമായി കാണാന്‍ വരെ ചിലരെ പ്രേരിപ്പിക്കുന്നു. അവരദ്ദേഹത്തിനു വഴിപാടുകള്‍ നേരുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. പ്രവാചകന്‍ മനുഷ്യനായിരുന്നുവെന്ന് പറയുന്നത് അദ്ദേഹത്തെ അനാദരിക്കലും അവമതിക്കലുമായി കാണുന്ന ധാരാളം മുസ്‌ലിംകളുണ്ട്. മുഅ്ജിസത്തുകളുമായി ബന്ധപ്പെട്ട ഹദീസുകളുടെ പ്രചാരത്തിന് ഈ ദുരവസ്ഥ സൃഷ്ടിക്കുന്നതില്‍ വലുതായ പങ്കുണ്ട്. മുസ്‌ലിം വീടുകളില്‍ ധാരാളമായി പാരായണം ചെയ്യപ്പെടുന്ന ‘മന്‍ഖൂസ്’ പോലുള്ള മൗലിദു ഗീതങ്ങളുടെ മുഖ്യ ഉള്ളടക്കം ഇത്തരം നിവേദനങ്ങളുമാണ്. വിരലുകള്‍ക്കിടയില്‍നിന്ന് ജലം പ്രവഹിച്ചവന്‍, കൈയിലിരുന്ന കല്ല് തസ്ബീഹ് ചൊല്ലിയവന്‍ എന്നൊക്കെയാണ് വെള്ളിയാഴ്ച ഖുത്വ്ബകളില്‍ സാധാരണ അനുസ്മരിക്കാറുള്ള പ്രവാചക മഹത്വങ്ങള്‍. ഈ വക ഹദീസുകളുടെ സാധുതയും യാഥാര്‍ഥ്യവും മാത്രമല്ല പ്രശ്‌നം. സാധുവായ നിവേദനങ്ങളാണെങ്കില്‍തന്നെ ഇതൊക്കെയാണോ വിശ്വാസികളെ സ്ഥിരമായി അനുസ്മരിപ്പിച്ചുകൊണ്ടിരിക്കേണ്ട പ്രവാചകചര്യകള്‍ എന്നതും ചിന്തിക്കേണ്ട വിഷയമാണ്. ഖുര്‍ആന്‍ ഒഴിച്ചുള്ള മുഅ്ജിസത്തുകള്‍ക്ക് പില്‍ക്കാല ജനങ്ങളെ സംബന്ധിച്ചിടത്തോളം ചരിത്രസംഭവങ്ങള്‍ എന്നതില്‍കവിഞ്ഞ പ്രസക്തിയില്ല. അവയൊന്നും ഇന്നു നിലനില്‍ക്കുന്നില്ല. വിശ്വാസികള്‍ക്ക് അവയിലൊന്നും മാതൃകയുമില്ല. മനുഷ്യന്‍ എന്ന നിലക്കുള്ള പ്രവാചകജീവിതമാണ് വിശ്വാസികള്‍ക്ക് പ്രസക്തം. അതാണ് അനുകരണീയവും മാതൃകാപരവുമായിട്ടുള്ളത്. മുഅ്ജിസത്തുകളിലൂന്നിയ പ്രവാചക ചരിത്രങ്ങള്‍ പ്രവാചകനെ അമാനുഷികവല്‍ക്കരിക്കുകയും ആ ജീവിതത്തെ അനുകരണക്ഷമമല്ലാതാക്കുകയുമാണ് ചെയ്യുന്നത്.
പ്രവാചകന്റെ ആളത്വം
വെളിപാട് ലഭിക്കുന്നു എന്നതൊഴിച്ചുനിര്‍ത്തിയാല്‍ മറ്റുള്ളവരെപ്പോലെ ആഹാരം കഴിക്കുകയും അങ്ങാടിയില്‍ പോവുകയും കുടുംബത്തെയും കുട്ടികളെയും പോറ്റുകയും ചെയ്യുന്നവരായിരുന്നു പ്രവാചകന്മാരും. പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത സന്ദേശങ്ങള്‍ സത്യമാണെന്നതിന് ദൃഷ്ടാന്തങ്ങളാവശ്യപ്പെട്ടവരോട് അവര്‍ പറഞ്ഞത് ചുറ്റുമുള്ള പ്രപഞ്ചത്തിലേക്ക് നോക്കാനാണ്. പ്രപഞ്ചത്തിലെ ഓരോ വസ്തുവും ഒരു സൃഷ്ടാവിന്റെ സാന്നിധ്യത്തെയും അവന്റെ വ്യവസ്ഥകളോടുള്ള പ്രതിബദ്ധതയെയും വിളിച്ചോതുന്നതുകാണാം. ദിവ്യാത്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ടവര്‍ക്ക് ഇങ്ങനെ മറുപടി നല്‍കാനാണ് അല്ലാഹു പ്രവാചകന്മാരോട് കല്‍പിച്ചിട്ടുള്ളത്: ”ഞാന്‍ നിങ്ങളെപ്പോലൊരു മനുഷ്യന്‍ മാത്രം; വെളിപാട് ലഭിക്കുന്നുവെന്നതു മാത്രമാണെന്റെ പ്രത്യേകത.” (14:11, 41:6)
എന്തുകൊണ്ട് മാലാഖമാരെയോ മറ്റ് അമാനുഷിക ശക്തികളെയോ അല്ലാതെ മനുഷ്യരെത്തന്നെ ദൈവം പ്രവാചകന്മാരായി നിയോഗിക്കുന്നു എന്ന ചോദ്യത്തിന് ഖുര്‍ആന്‍ ഇങ്ങനെ മറുപടി നല്‍കുന്നുണ്ട്: ”ശാന്തരായി ചരിക്കുന്ന മാലാഖമാരാണ് ഭൂമിയില്‍ വാഴുന്നതെങ്കില്‍ മാലാഖമാരെ തന്നെയായിരുന്നു നാം പ്രവാചകനായി നിയോഗിക്കുക (17:95). പക്ഷേ, ഭൂമിയില്‍ വാഴുന്നത് മനുഷ്യരാണ്. അവര്‍ക്ക് ഉത്തമജീവിതത്തിന്റെ മാതൃകയാകേണ്ടത് അവരെപ്പോലുള്ള മനുഷ്യന്‍ തന്നെയാണ്; അവര്‍ക്ക് അപ്രാപ്യവും അനനുകരണീയവുമായ അമാനുഷ ശക്തികളല്ല.
ദൈവിക സന്ദേശം ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ഒരു ശിപായി മാത്രമല്ല പ്രവാചകന്‍. ആയിരുന്നുവെങ്കില്‍ അതു മാലാഖമാര്‍ക്കും കഴിയുമായിരുന്നു. പ്രവാചകന്‍ പക്ഷേ, ദൈവിക സന്ദേശത്തിന്റെ അധ്യാപകനും പ്രയോക്താവും കൂടിയാണ്. ജനങ്ങള്‍ക്ക് അവന്റെ സൂക്തങ്ങള്‍ ഓതിക്കൊടുക്കുകയും അവരെ സംസ്‌കരിക്കുകയും വേദവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ദൈവദൂതനെയാണ് അല്ലാഹു നിയോഗിച്ചത് (62:2), അല്ലാഹു വേദത്തോടൊപ്പം അതു വിശദീകരിച്ചുകൊടുക്കാനുള്ള കല്‍പനയും പ്രവാചകനു നല്‍കിയിട്ടുണ്ട് (16:44, 16:64). ഈ സംസ്‌കരണവും വേദവ്യാഖ്യാനവുമാണ് പ്രവാചക ജീവിതം. അതുകൊണ്ടാണ് ‘പ്രവാചകന്റെ ജീവിതം ഖുര്‍ആന്‍ ആയിരുന്നു’ എന്ന് പത്‌നി ആഇശ(റ) പ്രസ്താവിച്ചത്.
മനുഷ്യനെന്ന നിലയില്‍ മനുഷ്യസഹജമായ എല്ലാ ആവശ്യങ്ങളും വാസനകളും വികാരങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. വര്‍ത്തകന്‍, ഭര്‍ത്താവ്, പിതാവ്, അനാഥന്‍, അഗതി, ദരിദ്രന്‍, ബഹിഷ്‌കൃതന്‍, പ്രവാസി, പീഡിതന്‍, മര്‍ദിതന്‍, പടയില്‍ തോറ്റ യോദ്ധാവ്, ജനക്കൂട്ടത്താല്‍ ഭര്‍സിക്കപ്പെട്ടവന്‍, നാട്ടുകാരുടെ കണ്ണിലുണ്ണി, അടിമകളുടെ വിമോചകന്‍, പടജയിച്ച വീരനായകന്‍, ജനനേതാവ്, ഭരണകര്‍ത്താവ്, തൊഴിലാളി, മുതലാളി, ഭക്തിവശന്‍, ദൈവാരാധകന്‍, കായികവിനോദ തല്‍പരന്‍, കലാസാഹിത്യ രസികന്‍ എന്നിങ്ങനെ എല്ലാ മനുഷ്യാവസ്ഥകളിലൂടെയും സുഖദുഃഖങ്ങളിലൂടെയും കടന്നുപോന്നിട്ടുള്ളതാണ് പ്രവാചക ജീവിതം. ഈ അവസ്ഥകളെയെല്ലാം ആദര്‍ശപരമായും ധാര്‍മികമായും എങ്ങനെ സമീപിക്കണമെന്ന് ജീവിതത്തിലൂടെ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ദര്‍ശനങ്ങള്‍ പറയുന്ന സ്ഥിതിസമത്വത്തിന്റെയും ജനാധിപത്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയുമെല്ലാം നല്ല വശങ്ങളുടെ അക്കാലത്തേക്കുചിതമായ പ്രായോഗിക രൂപങ്ങള്‍ ആ ജീവിതത്തില്‍ കാണാം. പ്രവാചകന്‍ തന്റെ തത്വശാസ്ത്രം കൂറ്റന്‍ പുസ്തകങ്ങളില്‍ ക്രോഡീകരിക്കുകയായിരുന്നില്ല; തത്വങ്ങളില്‍ ജീവിക്കുകയായിരുന്നു. സ്വന്തം ആദര്‍ശപ്രമാണങ്ങളുടെ പ്രയോഗവല്‍ക്കരണത്തിന്റെ ചരിത്രമാണ് പ്രവാചക ജീവചരിത്രം. പ്രവാചകന്റെ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
ബഹുമുഖമായ പ്രവാചകജീവിതത്തിന്റെ ഏതെങ്കിലും വശത്തുമാത്രം കണ്ണുനട്ടാല്‍ ആ ജീവിതത്തിന്റെ സമഗ്രതയും പൂര്‍ണസാഫല്യവും കണ്ടെത്താനാവില്ല. പ്രവാചകജീവിതത്തിന്റെ എല്ലാ മുക്കുമൂലകളിലേക്കും വെളിച്ചം വീശുന്നവയാണ് ആയിരക്കണക്കിലാളുകള്‍ ഉദ്ധരിച്ച വചനങ്ങളുടെ സമാഹാരമായ സുന്നത്ത്. അതാണ് ഏറ്റവും സമഗ്രവും ആധികാരികവുമായ നബിചരിത്രം, സുന്നത്തിനെ തള്ളിക്കളഞ്ഞ ഇസ്‌ലാംവിരുദ്ധര്‍ ദുഷ്ടനായ മുഹമ്മദിനെയും, പ്രക്ഷിപ്തവും അപ്രമാണികവുമായ ഹദീസുകളെ അവലംബിക്കുന്ന പ്രവാചകാരാധകന്മാര്‍ അതിമാനുഷനും ദൈവതുല്യനുമായ മുഹമ്മദുനബിയെയും അവതരിപ്പിക്കുമ്പോള്‍, പ്രബലവും പ്രാമാണികവുമായ ഹദീസുകള്‍ സാധാരണക്കാരന് പ്രാപ്യനും അനുകരണീയനും അനുകരിക്കപ്പെടേണ്ടവനുമായ പൂര്‍ണ മനുഷ്യനായ പ്രവാചകനെയാണ് അവതരിപ്പിക്കുന്നത്.
ചരിത്രരേഖ എന്ന നിലയില്‍ ഹദീസ്ഗ്രന്ഥങ്ങള്‍ക്ക് വലിയൊരു പരിമിതിയുണ്ട്. ചരിത്ര സന്ദര്‍ഭങ്ങളില്‍നിന്നടര്‍ത്തിയെടുത്ത് കാലക്രമവും സംഭവക്രമവും ദീക്ഷിക്കാതെ സമാഹരിച്ച വചനങ്ങളാണവ. ചരിത്രത്തിന്റെ ചിതറിയ പൊട്ടുകള്‍. ഈ പൊട്ടുകളെ അവയുടെ യഥാസ്ഥാനങ്ങളില്‍ വെച്ചു കൂട്ടിയിണക്കി വീക്ഷിച്ചാല്‍ അവയുടെ പ്രാധാന്യവും മൊത്തം ഘടനക്ക് അത് നല്‍കുന്ന ചാരുതയും വ്യക്തമാകും. പക്ഷേ മുഹദ്ദിസുകള്‍ ചരിത്രമൂല്യത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കിയതായിതോന്നുന്നില്ല. ചരിത്രപരമായി പ്രവാചകകാലഘട്ടത്തിലെ ജീവിതപരിസരവും ഹദീസ്‌സമാഹരണ കാലത്തെ ജീവിത പശ്ചാത്തലവും തമ്മില്‍ വലിയ മാറ്റങ്ങളുണ്ടാവാതിരുന്നതാവാം ഒരുപക്ഷേ അതിന്റെ കാരണം. ഫിഖ്ഹീ നിയമങ്ങളുടെ നിദാനം എന്ന നിലയില്‍ ധര്‍മശാസ്ത്രമൂല്യത്തിന് മുഖ്യപരിഗണന നല്‍കിക്കൊണ്ടാണ് അവര്‍ ഹദീസുകള്‍ സമാഹരിച്ചതും നിവേദനം ചെയ്തതും.
ഇതിനര്‍ഥം ചരിത്രരചനയില്‍ ഹദീസുകള്‍ പരിഗണിക്കപ്പെട്ടിട്ടില്ല എന്നല്ല. ഇബ്‌നു ഹിശാം, ഇബ്‌നു ഇസ്ഹാഖ് തുടങ്ങിയ ആദ്യകാല ചരിത്രകാരന്മാരെല്ലാം നിവേദനങ്ങളെ ആധാരമാക്കിത്തന്നെയാണ് ചരിത്രരചന നടത്തിയിട്ടുള്ളത്. പക്ഷേ, ധര്‍മശാസ്ത്ര സംബന്ധിയായ ഹദീസുകള്‍പോലെ ആ നിവേദനങ്ങളുടെ ആധികാരികതയും പ്രാമാണികതയും ഉറപ്പുവരുത്തപ്പെട്ടിട്ടില്ല. അവരുടെ ഗ്രന്ഥങ്ങളെ ഹദീസ് ഗ്രന്ഥങ്ങളായി കണക്കാക്കുകയോ അവയിലെ നിവേദനങ്ങളെ ശരീഅത്തിന്റെ പ്രമാണങ്ങളായി അംഗീകരിക്കുകയോ ചെയ്യുന്നുമില്ല.
എന്നാല്‍ ധര്‍മശാസ്ത്ര മണ്ഡലത്തിലും ഹദീസുകളുടെ ചരിത്രമുഖത്തിന് വലുതായ പ്രസക്തിയുണ്ട് എന്നതാണ് വാസ്തവം. ഒരേ വിഷയത്തിലുള്ള വൈവിധ്യമാര്‍ന്ന ഹദീസുകളെ സംയോജിപ്പിക്കുന്നതിലും ‘നാസിഖും’ ‘മന്‍സൂഖും’ നിശ്ചയിക്കുന്നതിലും ചരിത്രത്തെ അവലംബിച്ചുകൊണ്ട് പൂര്‍വിക മുജ്തഹിദുകള്‍ അത് ഭംഗ്യന്തരേണ അംഗീകരിച്ചിട്ടുമുണ്ട്. ഇന്നാകട്ടെ, പ്രവാചക കാലഘട്ടത്തില്‍നിന്നും തികച്ചും വ്യത്യസ്തമായ ചരിത്രപശ്ചാത്തലത്തിലാണ് ആധുനിക മനുഷ്യന്‍ ജീവിക്കുന്നത്. പല ഹദീസുകള്‍ക്കും അന്നുണ്ടായിരുന്ന അര്‍ഥമാവണമെന്നില്ല ഇന്നുള്ളത്. പ്രവാചകചര്യയുടെ രൂപത്തെയാണോ യാഥാര്‍ഥ്യത്തെയാണോ അനുകരിക്കേണ്ടത് എന്നൊരു ചോദ്യവുമുണ്ട്. രൂപത്തെ എന്നാണുത്തരമെങ്കില്‍ നിലവിലുള്ള ഹദീസുകളെ അക്ഷരാര്‍ഥത്തില്‍ വായിച്ചാല്‍ മതിയാകും. അതല്ല, രണ്ടും അനുകരിക്കപ്പെടണമെന്നോ, രൂപത്തെയല്ല യാഥാര്‍ഥ്യത്തെയാണ് അനുകരിക്കേണ്ടത് എന്നോ ആണുത്തരമെങ്കില്‍ നബിചര്യയുടെ യാഥാര്‍ഥ്യം കണ്ടെത്താന്‍ ഹദീസുകളെ അവയുടെ ചരിത്ര പശ്ചാത്തലത്തില്‍വെച്ചു വായിക്കേണ്ടതുണ്ട്. അപ്പോഴേ അവയുടെ നൈതികവും നൈയാമികവുമായ താല്‍പര്യങ്ങള്‍ പൂര്‍ണമായി വ്യക്തമാകൂ. അത്തരത്തിലുള്ള വായന നിലവിലുള്ള ഹദീസ് ഗ്രന്ഥങ്ങളില്‍ വളരെ പ്രയാസകരമാകുന്നു. ഹദീസുകളെ ചരിത്രപരമായി ക്രമീകരിച്ചാലേ അത് സാധ്യമാകൂ. ശ്രമകരമായ ഗവേഷണം ആവശ്യപ്പെടുന്ന ഗൗരവമേറിയ സംരംഭമാണത്.
ഹദീസ്