ഹദീസ്

നിയമത്തിന്റെ രണ്ടാം സ്രോതസ്സ്

Spread the love

അല്ലാഹു നബി(സ)ക്ക് വിശുദ്ധ ഖുര്‍ആന്‍ ഇറക്കിക്കൊടുത്തു. അത് ഭക്തജനങ്ങള്‍ക്ക് സന്മാര്‍ഗവും സമൂഹത്തിന് ഭരണഘടനയുമാണ്. അതില്‍ നിയമവും ജീവിത മര്യാദകളും ആപല്‍ സൂചനകളും സന്തോഷവാര്‍ത്തകളും വിശ്വാസകാര്യങ്ങളും ചരിത്ര കഥകളും എല്ലാമുണ്ട്. അത് മുഴുവന്‍ സത്യവുമാണ്.
ഖുര്‍ആന്‍ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുന്നതിന് പുറമെ നബി(സ)ക്ക് വേറെയും ദൗത്യം നിര്‍വഹിക്കാനുണ്ടായിരുന്നു. ഖുര്‍ആന്‍ വിശദീകരിക്കുകയും അതിലെ നിയമങ്ങള്‍ വിവരിച്ചുകൊടുക്കുകയും ചെയ്യുകയാണ് അതില്‍ പ്രധാനം.
മുസ്‌ലിംകള്‍ക്ക് അല്ലാഹുവിന്റെ ഗ്രന്ഥം മാത്രമല്ല നബി(സ)യുടെ വിശദീകരണവും വിശ്വാസികള്‍ അറിയേണ്ടത് അനിവാര്യമാണ്. ഖുര്‍ആന്‍ യഥാവിധി മനസ്സിലാക്കാന്‍ നബിയുടെ സുന്നത്ത് അനിവാര്യ ഘടകമാണ്. കാരണം, ഖുര്‍ആന്‍ അവതരിച്ചു കിട്ടിയത് നബി(സ)ക്കാണ്.
അതിനാല്‍ പൗരാണികരും ആധുനികരുമായ മുസ്‌ലിംകള്‍ തിരുസുന്നത്ത് ഇസ്‌ലാമിക നിയമത്തിന്റെ സ്രോതസ്സാണ് എന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. ഹറാമും ഹലാലും വേര്‍തിരിച്ചറിയാന്‍ സുന്നത്ത് അവലംബിക്കുകയല്ലാതെ നിവൃത്തിയില്ല.
സുന്നത്ത് നിയമത്തിന്റെ രണ്ടാം സ്രോതസ്സാണ്. സുന്നത്ത് ഖുര്‍ആന്റെ വ്യാഖ്യാനവും വിശദീകരണവുമാണ്. അല്ലാഹു പറയുന്നു: ”നിനക്ക് നാം ഉദ്‌ബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചു കൊടുക്കാന്‍ വേണ്ടി. അങ്ങനെ അവര്‍ ചിന്തിച്ചു മനസ്സിലാക്കട്ടെ” (അന്നഹ്ല്‍: 44)
”അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ചിരിക്കുന്നുവോ, അതവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കാന്‍ വേണ്ടിയും, വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമായി മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്.” (അന്നഹ്ല്‍: 64)
മിക്കവാറും സൂക്തങ്ങള്‍ പൊതുവായ പരാമര്‍ശങ്ങള്‍ മാത്രമുള്ളതായിരിക്കും. അതിന് വിശദീകരണം ആവശ്യമായി വരും. നബി(സ) ആ ദൗത്യം നിര്‍വഹിക്കുന്നു.
ഉദാഹരണമായി, ഖുര്‍ആനില്‍ നമസ്‌കരിക്കാന്‍ കല്‍പന വന്നു. എന്നാല്‍ നമസ്‌കാരത്തിലെ റക്അത്തുകളുടെ എണ്ണം, നമസ്‌കാരത്തിന്റെ രൂപം, സമയം എന്നിവയൊന്നും ഖുര്‍ആനില്‍ കൃത്യമായി വിവരിച്ചിട്ടില്ല. സുന്നത്തിലാണ് അതിന്റെ വിശദീകരണം കാണുക.
സകാത്ത് കൊടുക്കാന്‍ ഖുര്‍ആന്‍ കല്‍പിച്ചു. എന്നാല്‍ സകാത്ത് നിര്‍ബന്ധമാകുന്നത് എപ്പോള്‍, നിബന്ധനകള്‍, വിതരണരീതി എന്ത് തുടങ്ങിയവയൊന്നും വിശദീകരിച്ചില്ല. അതെല്ലാം വിശദീകരിക്കുന്നത് സുന്നത്താണ്.
ചില സംഭവങ്ങളെക്കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശങ്ങള്‍ വരില്ല. നബി(സ)യായിരിക്കും അതിനെക്കുറിച്ച് വിധിപറയുക.
സുന്നത്ത് ഖുര്‍ആന്റെ വിശദീകരണം എന്ന നിലക്ക് രണ്ടാം സ്ഥാനത്താണ് നില്‍ക്കുക.
അബൂദാവൂദും തിര്‍മിദിയും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം: മുആദി(റ)നെ യമനിലെ ഗവര്‍ണറായി നിയോഗിച്ചപ്പോള്‍ തിരുമേനി ചോദിച്ചു: ‘താങ്കളുടെ മുമ്പില്‍ ഒരു പ്രശ്‌നം വന്നാല്‍ താങ്കള്‍ എങ്ങനെ വിധികല്‍പിക്കും?’ മുആദ് പറഞ്ഞു: ‘അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് വിധിക്കും.’ തിരുമേനി ചോദിച്ചു: ‘ഖുര്‍ആനില്‍ കണ്ടില്ലെങ്കിലോ?’ അദ്ദേഹം പറഞ്ഞു: ‘നബിയുടെ ചര്യയനുസരിച്ച് വിധിക്കും.’ നബി(സ) ചോദിച്ചു: ‘അതിലും കണ്ടില്ലെങ്കിലോ?’ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ എന്റെ അഭിപ്രായമനുസരിച്ച് ഇജ്തിഹാദ് ചെയ്യും.’
ഖാദീ ശുറൈഹിന് ഉമര്‍(റ) ഇപ്രകാരം എഴുതി: ‘താങ്കള്‍ക്കു മുമ്പില്‍ ഒരു പ്രശ്‌നം വന്നാല്‍ താങ്കള്‍ അത് അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് വിധിക്കുക. ഖുര്‍ആനില്‍ പരാമര്‍ശിക്കാത്ത പ്രശ്‌നമാണ് വന്നതെങ്കില്‍ നബിയുടെ ചര്യയനുസരിച്ച് വിധി കല്‍പിക്കുക.’
ഇബ്‌നു മസ്ഊദ് പറയുന്നു: ‘നിങ്ങളില്‍ ഒരാള്‍ക്ക് ഒരു പ്രശ്‌നം വന്നാല്‍ അതില്‍ ഖുര്‍ആന്‍ അനുസരിച്ച് വിധികല്‍പിക്കട്ടെ. ഖുര്‍ആനില്‍ പരാമര്‍ശിക്കാത്ത വിഷയമാണെങ്കില്‍ പ്രവാചകന്റെ ചര്യയനുസരിച്ച് വിധിക്കട്ടെ.’
അബൂബക്‌റും ഉമറുമെല്ലാം തങ്ങള്‍ക്ക് മുമ്പില്‍ ഒരു പ്രശ്‌നം വന്നാല്‍ ഖുര്‍ആന്‍ അനുസരിച്ച് വിധിക്കും. ഖുര്‍ആനില്‍ അതിനെക്കുറിച്ച് പരാമര്‍ശമില്ലെങ്കില്‍ പ്രവാചകന്റെ ചര്യ പരിശോധിക്കും. സ്വഹാബികളുടെയും താബിഉകളുടെയും ഇമാമുകളുടെയും മുജ്തഹിദുകളുടെയും ജീവിതത്തില്‍ ഇപ്രകാരമുള്ള മാതൃകകള്‍  കാണാവുന്നതാണ്.
സുന്നത്ത് ഖുര്‍ആന്റെ വിശദീകരണം
സുന്നത്ത് ഖുര്‍ആന്റെ വിശദീകരണമാണെങ്കില്‍, സുന്നത്തിലുള്ളതിനെക്കുറിച്ചെല്ലാം ഖുര്‍ആനില്‍ പരാമര്‍ശമുണ്ടാവേണ്ടതല്ലേ? എന്നാല്‍, ഖുര്‍ആനില്‍ പരാമര്‍ശിക്കാത്ത ധാരാളം നിയമങ്ങള്‍ നാം സുന്നത്തില്‍ കാണുന്നുണ്ടല്ലോ? ഈ സംശയത്തിന് പണ്ഡിതന്മാര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ സംഗ്രഹിക്കാം:
ഒന്ന്, സുന്നത്ത് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഖുര്‍ആന്‍ കല്‍പിക്കുന്നു. അതുകൊണ്ട് സുന്നത്ത് പിന്തുടരുകയെന്നത്   ഖുര്‍ആനിക കല്‍പനകള്‍ അനുസരിക്കലാണ്.
അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍നിന്ന് നിവേദനം: ബനൂ സഅ്ദ് ഗോത്രത്തിലെ ഒരു സ്ത്രീ അദ്ദേഹത്തിന്റെയടുത്തു വന്ന് പറഞ്ഞു: ‘അബൂഅബ്ദിര്‍റഹ്മാന്‍, അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റംവരുത്തുന്ന ഭംഗിക്കുവേണ്ടി പച്ചകുത്തുന്നവളെയും കുത്തിപ്പിക്കുന്നവളെയും സ്വന്തം രോമം പറിക്കുന്നവളെയും താങ്കള്‍ ശപിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. ‘അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘തിരുമേനി(സ) ശപിച്ചവരെയാണ് ഞാനും ശപിച്ചത്. അക്കാര്യം ഖുര്‍ആനിലുണ്ട്.’ അപ്പോള്‍ സ്ത്രീ പറഞ്ഞു: ‘ഞാന്‍ ഖുര്‍ആന്‍ മുഴുവനും പരതി നോക്കി. എനിക്കത് കാണാന്‍ കഴിഞ്ഞില്ല.’ ഇതുകേട്ട് അദ്ദേഹം പറഞ്ഞു: നീ വായിച്ചിട്ടുണ്ടെങ്കില്‍ അത് കാണുമായിരുന്നു. അല്ലാഹു പറഞ്ഞിട്ടുണ്ട്: ”ദൈവദൂതന്‍ നിങ്ങള്‍ക്ക് കൊണ്ടുവന്നുതന്നത് നിങ്ങള്‍ സ്വീകരിക്കുക. അദ്ദേഹം വിരോധിച്ച കാര്യത്തില്‍നിന്ന് നിങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്യുക.” (അല്‍ഹശ്ര്‍: 7)
അബ്ദുര്‍റഹ്മാനുബ്‌നു യസീദ് ഇഹ്‌റാം ചെയ്ത ഒരാളെകണ്ടു. അയാള്‍ സാധാരണ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. അദ്ദേഹം അയാളെ വിലക്കി. അയാള്‍ പറഞ്ഞു: ‘താങ്കള്‍ ഒരു ആയത്ത് കേള്‍പ്പിക്കുക. എന്നാല്‍ ഞാന്‍ എന്റെ വസ്ത്രം മാറ്റാം.’ അപ്പോള്‍ അദ്ദേഹം ഓതി: ”റസൂല്‍ നിങ്ങള്‍ക്ക് കൊണ്ടുവന്നത് നിങ്ങള്‍ സ്വീകരിക്കുക.”
ത്വാവൂസ് അസ്വ്ര്‍ നമസ്‌കാരത്തിനു ശേഷം രണ്ട് റക്അത്ത് നമസ്‌കരിക്കുകയായിരുന്നു. അപ്പോള്‍ ഇബ്‌നു അബ്ബാസ് അദ്ദേഹത്തോട് പറഞ്ഞു: ‘നീ അത് ഉപേക്ഷിക്കുക.’ അദ്ദേഹം ചോദിച്ചു: ‘നബി(സ) അത് വിലക്കിയിട്ടുണ്ടോ?’ ഇബ്‌നു അബ്ബാസ് പറഞ്ഞു: അസ്വ്ര്‍ നമസ്‌കാരത്തിനു ശേഷം നമസ്‌കരിക്കുന്നത് നബി(സ) വിലക്കിയിട്ടുണ്ട്. പക്ഷേ, അതിന്റെ പേരില്‍ ശിക്ഷ ലഭിക്കുമോ അതോ പ്രതിഫലം കിട്ടുമോ എന്നെനിക്കറിയില്ല. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു: ”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല.” (അല്‍അഹ്‌സാബ്: 36)
രണ്ട്, ഖുര്‍ആന്റെ  പ്രസ്താവനകള്‍ പലതും പൊതുസ്വഭാവത്തിലുള്ളതാണ്. സുന്നത്ത് അതിനെ വിശദീകരിക്കുന്നു. ഇതിന് ധാരാളം ഉദാഹരണങ്ങള്‍ കാണാം.
നമസ്‌കാരത്തിന്റെ സമയം, റുകൂഅ്-സുജൂദ്, സകാത്തിന്റെ തോത്, സമയം, നല്‍കേണ്ട വിധം എന്നിങ്ങനെ. നോമ്പിന്റെ വിശദാംശങ്ങളെകുറിച്ച പല വിധികളും ഖുര്‍ആനില്‍ കാണാന്‍ കഴിയില്ല. അപ്രകാരം ഹജ്ജ്, ബലി, വിവാഹം സംബന്ധമായ നിര്‍ദേശങ്ങള്‍, കച്ചവടം, അതിന്റെ നിയമങ്ങള്‍, കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ തുടങ്ങി ഖുര്‍ആനില്‍ പൊതുവായി പറഞ്ഞ കാര്യങ്ങളുടെ വിശദീകരണം സുന്നത്തില്‍ കാണാം. അതിനെക്കുറിച്ചാണ് ഇങ്ങനെ പരാമര്‍ശിച്ചത്: ”നിനക്ക് നം ഉദ്‌ബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചു കൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും” (അന്നഹ്ല്‍: 44).
ഇംറാനുബ്‌നു ഹുസൈന്‍ പറയുന്നു: ‘ഖുര്‍ആനില്‍ ളുഹ്ര്‍ നമസ്‌കാരം നാലു റക്അത്താണെന്നും അതില്‍ ഉറക്കെ ഓതരുതെന്നും കാണാന്‍ കഴിയുകയില്ല’. പിന്നീട് അദ്ദേഹം നമസ്‌കാരം, സകാത്ത് എന്നീ കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു. അദ്ദേഹം തുടര്‍ന്നു: ‘ഇതൊക്കെ വിശദമായി ഖുര്‍ആനില്‍ കാണാന്‍ കഴിയുകയില്ല. ഇവയെക്കുറിച്ച് ഖുര്‍ആന്‍ നിശ്ശബ്ദത പാലിക്കുകയാണ്. സുന്നത്താണ് അതെല്ലാം വിശദീകരിക്കുന്നത്.’
മൂന്ന്, സുന്നത്തില്‍ വിശദീകരിച്ച വിധികള്‍ ഖുര്‍ആനില്‍ വിശദീകരിച്ച വിധികളുമായി ബന്ധിപ്പിക്കുക.
ഇബ്‌നു ഉമര്‍ ഭാര്യയെ ആര്‍ത്തവ വേളയില്‍ വിവാഹമോചനം ചെയ്തു. അപ്പോള്‍ നബി(സ) ഉമറിനോട് പറഞ്ഞു: താങ്കള്‍ അവനോട് അവളെ മടക്കിയെടുക്കാന്‍ പറയുക. എന്നിട്ട് അവള്‍ ശുദ്ധിയാകുന്നതുവരെ കാത്തിരിക്കട്ടെ. ശേഷം അവള്‍ക്ക് വീണ്ടും ആര്‍ത്തവമുണ്ടാവുകയും വീണ്ടും ശുദ്ധിയാവുകയും ചെയ്യട്ടെ. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവളെ നിലനിര്‍ത്തട്ടെ. അവന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ – അവളുമായി ശാരീരിക ബന്ധം ഉണ്ടാകുന്നതിന് മുമ്പായി – വിവാഹമോചനം ചെയ്യട്ടെ. ഇതാണ് അല്ലാഹു കല്‍പിച്ച രീതിയിലുള്ള ത്വലാഖ്. ഖുര്‍ആനിലെ താഴെ പറയുന്ന സൂക്തമാണ് സൂചന: ”നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹ മോചനം ചെയ്യുകയാണെങ്കില്‍ അവരുടെ ഇദ്ദാ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുക.” (അത്ത്വലാഖ്: 1)
സുബൈഅത്തുല്‍ അസ്‌ലമിയ്യ ഭര്‍ത്താവിന്റെ മരണ ശേഷം അരമാസം കഴിഞ്ഞു പ്രസവിച്ചു. അപ്പോള്‍ തിരുമേനി(സ) പറഞ്ഞു: ‘അവളുടെ ഇദ്ദ കഴിഞ്ഞിരിക്കുന്നു.’ അത് താഴെപ്പറയുന്ന സൂക്തത്തിന്റെ വിശദീകരണമാണ്: ”നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവര്‍ (ഭാര്യമാര്‍) തങ്ങളുടെ കാര്യത്തില്‍ നാലു മാസവും പത്ത് ദിവസവും കാത്തിരിക്കേണ്ടതാണ്” (അല്‍ബഖറ: 234). ഇത് ഗര്‍ഭമില്ലാത്ത അവസ്ഥയിലെ നിയമമാണ്. എന്നാല്‍ ‘ഗര്‍ഭവതികളുടെ കാലാവധി അവര്‍ പ്രസവിക്കുന്നത് വരെ’യാണ് എന്ന വിധി വിവാഹ മോചനം ചെയ്യപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും ബാധകമാണ്.
നസ്ഖ് (•ക്കള) അഥവാ ദുര്‍ബലപ്പെടുത്തല്‍
ഹദീസ് നിദാന ശാസ്ത്രത്തിലെ പ്രധാന ചര്‍ച്ചയാണ് നസ്ഖ് അഥവാ ഖുര്‍ആനിലും സുന്നത്തിലും വന്ന മുന്‍ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തല്‍. ആദ്യം ഒരു നിയമം നിശ്ചയിക്കുന്നു. പിന്നീട് സാഹചര്യങ്ങള്‍ മാറുമ്പോള്‍ ആദ്യത്തെ നിയമം റദ്ദ് ചെയ്ത് പുതിയൊരു നിയമം നല്‍കുന്നു. ഇതാണ് സാങ്കേതിക ഭാഷയില്‍ ‘നസ്ഖ്’ എന്നുപറയുന്നത്.
ഖുര്‍ആനെ ഖുര്‍ആന്‍കൊണ്ട് നസ്ഖ് ചെയ്യാം എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല.
സുന്നത്തിനെ സുന്നത്തുകൊണ്ടും നസ്ഖ് ചെയ്യാം എന്ന കാര്യത്തിലും അഭിപ്രായാന്തരമില്ല. സുന്നത്ത് ‘മുതവാതിര്‍’  ആണെങ്കില്‍ നസ്ഖ് ചെയ്യുന്ന ഹദീസും മുതവാതിര്‍ ആവണമെന്ന നിബന്ധനയുണ്ട്. സുന്നത്ത് ‘ആഹാദ്’2 (ഏകം) ആണെങ്കില്‍ നസ്ഖ് ചെയ്യുന്ന ഹദീസ് ആഹാദോ മുതവാതിറോ ആയിരിക്കണം. തദ്വിഷയകമായി ധാരാളം ഹദീസുകള്‍ കാണാം. ഉദാഹരണം: ‘ഞാന്‍ നിങ്ങളെ ഖബ്ര്‍ സന്ദര്‍ശിക്കുന്നത് വിലക്കിയിരുന്നു. ഇപ്പോള്‍ നിങ്ങള്‍ സന്ദര്‍ശിക്കുക’ എന്ന ഹദീസ്.
എന്നാല്‍ രണ്ടു കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്:
1) ഖുര്‍ആന്‍കൊണ്ട് സുന്നത്തിനെ നസ്ഖ് ചെയ്യാമോ?
2) സുന്നത്തുകൊണ്ട് ഖുര്‍ആനെ നസ്ഖ് ചെയ്യാമോ?
ഖുര്‍ആന്‍കൊണ്ട് സുന്നത്തിനെ നസ്ഖ് ചെയ്യല്‍ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായത്തില്‍ അനുവദനീയമാണ്. അതിന് നിരവധി ഉദാഹരണങ്ങള്‍ കാണാനാകും.
എ. നേരത്തെ ഖിബ്‌ലയാക്കിയിരുന്ന ബൈത്തുല്‍ മുഖദ്ദസ് മാറ്റി കഅ്ബ ഖിബ്‌ലയായി നിശ്ചയിച്ചു. നബി(സ)യും മുസ്‌ലിംകളും ഹിജ്‌റയുടെ ആരംഭത്തില്‍ പത്ത് മാസത്തോളം ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞാണ് നമസ്‌കരിച്ചിരുന്നത്. അതിനെക്കുറിച്ച് ഖുര്‍ആനില്‍ വ്യക്തമായ കല്‍പന വന്നിട്ടുണ്ടായിരുന്നില്ല. പിന്നീടത് താഴെപ്പറയുന്ന ഖുര്‍ആന്‍ സൂക്തം ഇറങ്ങി: ”(നബിയേ) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്കിഷ്ടമാകുന്ന ഒരു ഖിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമുതല്‍ താങ്കളുടെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക.’ (അല്‍ബഖറ: 144)
ബി. ഹുദൈബിയ്യാ സന്ധിയിലെ ഒരു വ്യവസ്ഥ മക്കയില്‍നിന്ന് ഇസ്‌ലാം സ്വീകരിച്ച് മദീനയിലേക്ക് വരുന്നവരെ ഖുറൈശികളുടെ അടുത്തേക്ക് മടക്കി അയക്കണം എന്നായിരുന്നു. പിന്നീടത് സ്ത്രീകള്‍ക്ക് ബാധകമല്ലെന്ന് പറഞ്ഞു. അതുകൊണ്ട് വിശ്വാസിനികളായി മക്കയില്‍നിന്നു പലായനം ചെയ്തു മദീനയില്‍ വന്ന സ്ത്രീകളെ ഖുറൈശികളുടെ അടുത്തേക്ക് മടക്കി അയക്കരുതെന്ന് പറഞ്ഞുകൊണ്ട് ആദ്യ വ്യവസ്ഥ ദുര്‍ബലപ്പെടുത്തി. അവരുടെ വിശ്വാസവും പവിത്രതയും സംരക്ഷിക്കാന്‍ വേണ്ടിയാണത്. താഴെ പറയുന്ന ഖുര്‍ആന്‍ സൂക്തം കൊണ്ടാണത് ദുര്‍ബലപ്പെടുത്തിയത്: ”സത്യവിശ്വാസികളേ, വിശ്വാസിനികള്‍ അഭയാര്‍ഥികളായി നിങ്ങളെ സമീപിച്ചാല്‍ നിങ്ങള്‍ അവരെ പരീക്ഷിച്ചുനോക്കണം. അവരുടെ വിശ്വാസത്തെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്. അവര്‍ വിശ്വാസിനികളാണെന്ന് നിങ്ങള്‍ അറിഞ്ഞുകഴിഞ്ഞാല്‍ അവരെ നിങ്ങള്‍ സത്യനിഷേധികളുടെ അടുത്തേക്ക് മടക്കി അയക്കരുത്. ആ വിശ്വാസിനികള്‍ സത്യനിഷേധികള്‍ക്ക് അനുവദിക്കപ്പെട്ടവരല്ല. ആ സത്യനിഷേധികള്‍ വിശ്വാസിനികള്‍ക്കും അനുവദനീയമല്ല.” (അല്‍ മുംതഹന: 10)
സുന്നത്തുകൊണ്ട് ഖുര്‍ആനെ നസ്ഖ് ചെയ്യാമോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്.
1) ഹനഫികള്‍ പറയുന്നു: മുതവാതിറും മശ്ഹൂറുമായ ഹദീസുകൊണ്ട് ഖുര്‍ആനെ നസ്ഖ് ചെയ്യല്‍ അനുവദനീയമാണ്. എന്നാല്‍ ആഹാദ് ആയ ഹദീസുകൊണ്ട് ഖുര്‍ആനെ നസ്ഖ് ചെയ്യാന്‍ പാടില്ല. അവരുടെ തെളിവ് ഇതാണ്: മുതവാതിറായ ഹദീസ് ഖുര്‍ആന്‍ പോലെ സുദൃഢമാണ്. മശ്ഹൂര്‍ പണ്ഡിതന്മാരുടെ കൈകളിലും കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ പ്രവൃത്തിയിലും വന്ന് പ്രസിദ്ധമാവുകയും അത് മുതവാതിറിനോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്തിരിക്കുന്നു. അതെല്ലാം പാരായണം ചെയ്യാത്ത വഹ്‌യ്(വഹ്‌യുന്‍ ഗൈറു മത്‌ലു)ആണ്. അപ്പോള്‍ അത് രണ്ടുകൊണ്ടും ഖുര്‍ആനെ നസ്ഖ് ചെയ്യാം. ഖുഫ്ഫ(കാലുറ) തടവുന്ന ഹദീസുകൊണ്ട് ഖുര്‍ആനെ നസ്ഖ് ചെയ്തത് ഉദാഹരണം. അത് പ്രസിദ്ധമായ ഹദീസാണ്.
അതേപോലെ താഴെ പറയുന്ന ഖുര്‍ആന്‍ സൂക്തം ശ്രദ്ധിക്കുക. ”നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍ അയാള്‍ ധനം വിട്ടുപോകുന്നുവെങ്കില്‍ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്തു ചെയ്യുവാന്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു” (അല്‍ ബഖറ: 180). ഈ ആയത്തിനെ അനന്തരാവകാശിക്കുവേണ്ടി വസ്വിയ്യത്ത് ഇല്ല എന്ന ഹദീസുകൊണ്ട് ദുര്‍ബലപ്പെടുത്തി. ഏറെ പ്രസിദ്ധവും ഭൂരിപക്ഷം പണ്ഡിതന്മാര്‍ കര്‍മപഥത്തില്‍ കൊണ്ടു വന്നതുമായ ഹദീസാണത്.
2) ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായത്തില്‍ സുന്നത്തുകൊണ്ട് ഖുര്‍ആനെ നസ്ഖ് ചെയ്യാന്‍ പാടില്ല. ഹദീസ് മുതവാതിറോ മശ്ഹൂറോ ആഹാദോ ഏതായാലും ശരി. ഇമാം ശാഫിഈ ഇപ്പറഞ്ഞതിന് തെളിവായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ”വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ, അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്” (അല്‍ബഖറ:    106). സുന്നത്ത് ഖുര്‍ആന്ന് തുല്യമല്ല, അതിനേക്കാള്‍ ശ്രേഷ്ഠവുമല്ല.
മറ്റൊരു സൂക്തം: ”(നബിയേ) പറയുക. എന്റെ സ്വന്തം വകയായി അതു ഭേദഗതി ചെയ്യുവാന്‍ എനിക്കുപാടില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്” (യൂനുസ്: 15). അതിന്റെ അര്‍ഥം, നബി(സ) തനിക്ക് ബോധനം നല്‍കപ്പെടുന്ന എല്ലാം പിന്തുടരുകയാണെന്നും ഒരു കാര്യവും അദ്ദേഹം ഭേദഗതി ചെയ്യുകയില്ല എന്നുമാണ്. നസ്ഖ് എന്നാല്‍ ഭേദഗതി ചെയ്യലാണ്.
ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് യാഥാര്‍ഥ്യവുമായി കൂടുതല്‍ അടുത്ത് നില്‍ക്കുന്നത്. യഥാര്‍ഥത്തില്‍ ഒരു സുന്നത്ത് ഖുര്‍ആനെ നസ്ഖ് ചെയ്തത് നാം കാണുകയുണ്ടായിട്ടില്ല. ഹനഫികള്‍ പറയുന്നതു പോലെ ഖുഫ്ഫയില്‍ തടവുക, അനന്തരാവകാശിക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യുക എന്നീ വിഷയങ്ങള്‍ ഈ ഇനത്തില്‍ പെട്ടതല്ല. മറിച്ച്, ഒരു ഖുര്‍ആനിക വിധിയ വിശദീകരിക്കുകയാണ് ഹദീസ് ചെയ്യുന്നത്. പൊതുവായി വന്ന ഖുര്‍ആനിക നിര്‍ദേശങ്ങളെ ആര്‍ക്കെല്ലാം ബാധകമാകുന്നുവെന്ന് വിശദീകരിക്കുകയാണ്, അവയെ ദുര്‍ബലപ്പെടുത്തുകയല്ല സുന്നത്ത്.

You may also like