ദീനുല്‍ ഇസ്‌ലാമിന്റെ ദ്വിതീയ പ്രമാണമാണ് സുന്നത്ത്. പ്രഥമ പ്രമാണമായ ഖുര്‍ആന്റെ വ്യാഖ്യാനമാണത്. ഖുര്‍ആന്‍ കര്‍മരൂപത്തില്‍ തര്‍ജമ ചെയ്ത് ജനങ്ങളെ പഠിപ്പിക്കാന്‍ അല്ലാഹു നിയോഗിച്ച മുഹമ്മദ് മുസ്ത്വഫ(സ) സ്വ ജീവിതം കൊണ്ട് രചിച്ച ആധികാരികവും പ്രായോഗികവുമായ വ്യാഖ്യാനം.
അല്ലാഹുവാണ് സൃഷ്ടികളുടെ മഖ്‌സ്വദ്- ലക്ഷ്യം. എങ്കില്‍ ആ ലക്ഷ്യത്തിലേക്കെത്താനുള്ള ഒരേയൊരു മാര്‍ഗമാണ് അല്ലാഹുവിന്റെ ദൂതന്‍ പഠിപ്പിച്ചുതന്ന ഖുര്‍ആന്‍. ‘അല്ലാഹുവിന്റെ ദൂതന്‍ പഠിപ്പിച്ച ഖുര്‍ആന്‍’ എന്നത് അടിവരയിട്ടറിയണം. ദൈവദൂതന്‍ അല്ലാത്തവര്‍ പഠിപ്പിച്ചതോ സ്വയം പഠിച്ചെടുത്തതോ ആയ ഖുര്‍ആന്‍ അല്ല. സുന്നത്തിന്റെ വെളിച്ചത്തിലല്ലാതെ സാധുവായ ഖുര്‍ആന്‍ പഠനമില്ല. ഖുര്‍ആന്‍ അനുശാസിക്കുന്ന ധര്‍മങ്ങളുടെ കര്‍മരൂപം നിര്‍ണയിക്കുന്നത് സുന്നത്താണ്. ഖുര്‍ആന്‍ നേരിട്ട് പ്രസ്താവിച്ചിട്ടില്ലാത്ത വിഷയങ്ങളില്‍ വിധി നല്‍കുന്നതും സുന്നത്ത് തന്നെ. ഖുര്‍ആന്‍ അല്ലാഹുവിനെ പ്രതിനിധീകരിക്കുന്നുവെങ്കില്‍ സുന്നത്ത് റസൂലിനെ പ്രതിനിധീകരിക്കുന്നു. അല്ലാഹുവും റസൂലും രണ്ടു ചേരിയല്ല. ഖുര്‍ആനും സുന്നത്തും രണ്ടു വഴിയുമല്ല. ഒരേ വഴിയിലെ രണ്ടു റെയിലാണ്. ഒരേസമയം രണ്ടു റെയിലുകളിലും ചക്രം ഉരുളുമ്പോഴേ വാഹനം ലക്ഷ്യത്തിലേക്കു നീങ്ങൂ. പ്രവാചകനെ നിഷേധിച്ചുകൊണ്ട് അല്ലാഹുവിനെ പ്രാപിക്കാനാവില്ല, സുന്നത്തിനെ നിരാകരിച്ചുകൊണ്ട് ഖുര്‍ആനിനെ പിന്‍പറ്റാനും. സുന്നത്തിനെ തള്ളി ഖുര്‍ആനെ കൊള്ളുമ്പോള്‍ ഖുര്‍ആന്റെ അക്ഷരം സ്വീകരിക്കപ്പെടുകയും അര്‍ഥം തിരസ്‌കരിക്കപ്പെടുകയുമാണ്. രണ്ടിന്റെയും നിഷേധമാണ് ആകത്തുക.
സഫലമായ മര്‍ത്യജീവിതത്തിന് അല്ലാഹു അനുഗ്രഹിച്ചരുളിയ സമ്പൂര്‍ണ മാതൃകയാണ് മുഹമ്മദീയ ചര്യ. മുഹമ്മദ് നബി(സ)യുടെ ആദര്‍ശം ആ ജീവിതം തന്നെയായിരുന്നു. ആ ജീവിതത്തിന്റെ ഓരോ അനക്കവും അടക്കവും അദ്ദേഹം പ്രതിനിധാനം ചെയ്ത ആദര്‍ശത്തിന്റെ സ്പന്ദനങ്ങളായിരുന്നു. ആ സ്പന്ദനങ്ങളൊപ്പിയെടുത്ത പ്രവാചക ശിഷ്യന്മാര്‍ പിന്മുറക്കു പ്രകാശം ചൊരിയാന്‍ സൂക്ഷിച്ചുവെച്ച മുത്തുകളാണ് ഹദീസുകള്‍. ആ മുത്തുകളെ, അവയുടെ വെളിച്ചത്തെ അവഗണിക്കുന്നവര്‍ പ്രവാചകനെ അറിയുന്നില്ല. ഇസ്‌ലാമില്‍ ജീവിക്കുന്നുമില്ല.
ഇതാണ് സുന്നത്തിന്റെ പ്രസക്തിയും പ്രാധാന്യവും. ഈ പ്രസക്തിയും പ്രാധാന്യവും ഇടക്കാലത്ത് മുസ്‌ലിം സമൂഹം മറന്നുപോയിരുന്നു. ശരീഅത്ത് നിയമങ്ങളുടെ പഠനത്തില്‍പോലും ഖുര്‍ആനിനേക്കാളും സുന്നത്തിനേക്കാളും പ്രാമുഖ്യം മദ്ഹബ് പണ്ഡിതന്മാരുടെ ‘ഖാല’കള്‍ക്കും ‘ഖീല’കള്‍ക്കുമായിത്തീര്‍ന്നു. ഒരറ്റത്ത് ഹദീസ് നിഷേധ പ്രവണതയും മറ്റേയറ്റത്ത് വ്യാജ ഹദീസുകളുടെ വ്യവസായവും വളര്‍ന്നുവന്നു. എണ്ണമറ്റ കെടുതികള്‍ക്കാണ് ഇതവസരമൊരുക്കിയത്. സമൂഹഗാത്രത്തില്‍ സുന്നത്തിന്റെ സ്ഥാനത്ത് ബിദ്അത്ത് – അന്ധവിശ്വാസങ്ങളും അനാചാരങ്ങളും – കുടിയേറിപ്പാര്‍ത്തതാണ് ഏറ്റവും വലിയ ദുരന്തം. ഹദീസുകള്‍ അവഗണിക്കപ്പെട്ടപ്പോള്‍ ഇസ്‌ലാമിക ധര്‍മശാസ്ത്രത്തിന്റെ വളര്‍ച്ച മുരടിക്കുകയും അതിന് കാലത്തോടൊപ്പം സഞ്ചരിക്കാനാവാതെ വരികയും ചെയ്തുവെന്നതും മാരകമായ കെടുതിയാണ്.
മുഹമ്മദീയ ജീവിതം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന കാലമാണിത്. പടിഞ്ഞാറ് പ്രവാചകനിന്ദയുടെ കൊടുങ്കാറ്റടിച്ചു വീശിക്കൊണ്ടിരിക്കുകയാണ്. അതിനുമുമ്പില്‍ പ്രകോപിതരായി ബഹളം കൂട്ടാനേ വിശ്വാസികള്‍ക്ക് കഴിയുന്നുള്ളൂ. അവര്‍ മുഹമ്മദ് നബിയെ വിശ്വസിക്കുന്നു, സ്‌നേഹിക്കുന്നു, ആദരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ ചര്യകള്‍ അറിയുന്നില്ല, അനുകരിക്കുന്നുമില്ല. ഇത്തരത്തില്‍ പ്രവാചക ജീവിതത്തിലെ ബഹുതല സ്പര്‍ശിയായ രംഗങ്ങളിലേക്ക് വഴിനടത്തുകയാണ് ഹദീസ് ചെയ്യുന്നത്.
ഹദീസ്