ഹദീസ്

ഇമാം ബുഖാരി മുസ്‌ലിം

Spread the love

ബുഖാരി മുസ്‌ലിം

പ്രവാചകചര്യയുടെ ക്രോഡീകരണം ഹിജ്‌റ രണ്ട്-മൂന്ന് നൂറ്റാണ്ടുകളിലായി പൂര്‍ത്തീകരിക്കപ്പെട്ടു. ഇസ്‌ലാമിന്റെ പൊതു ധാരയില്‍നിന്ന് വ്യത്യസ്തമായി ഖവാരിജുകള്‍, ശീഈകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ അവരവരുടെ ചിന്താഗതികള്‍ പ്രചരിപ്പിക്കുകയും മറുവശത്ത് ബിദ്അത്തുകളും അനാചാരങ്ങളും തലപൊക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ അത്തരം ദുഃസ്വാധീനങ്ങളില്‍നിന്ന് തിരുസുന്നത്തിനെ രക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ സൂക്ഷ്മാലുക്കളായ പണ്ഡിതന്മാര്‍ ഈ രംഗത്തേക്ക് കടന്നുവന്നു. ഹദീസുകളിലെ നെല്ലും പതിരും വേര്‍തിരിച്ച് ഇമാം മാലിക്(റ) രചിച്ച അല്‍ മുവത്വ എന്ന പ്രസിദ്ധ ഗ്രന്ഥം ഈ രംഗത്തെ സുപ്രധാന സംരംഭമായിരുന്നു. അതിനുമുമ്പ് ഹി. 124-ല്‍ ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ താല്‍പര്യമനുസരിച്ച് പ്രസിദ്ധ പണ്ഡിതനായ അബൂബക്‌റുബ്‌നു ഹസം, മുഹമ്മദുബ്‌നു മുസ്‌ലിം ബിന്‍ ശിഹാബുസ്സുഹ്‌രി തുടങ്ങിയ മഹാന്മാരും ഹദീസുകള്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചിരുന്നു. അസാധാരണമായ ക്ഷമയും ത്യാഗമനഃസ്ഥിതിയുമുള്ളവര്‍ക്കേ ഇത്തരം സംരംഭങ്ങള്‍ വിജയിപ്പിക്കാനാകുമായിരുന്നുള്ളൂ. വിദൂര സ്ഥലങ്ങളില്‍ താമസിക്കുന്ന പണ്ഡിതന്മാരെ നേരില്‍കണ്ട് ശരിയായ സ്രോതസ്സില്‍നിന്നുതന്നെ ഹദീസുകള്‍ ശേഖരിക്കാനും സ്വീകാര്യത ഉറപ്പ് വരുത്താനും ദീര്‍ഘമായ യാത്രകള്‍ നടത്തുകയും പ്രയാസങ്ങള്‍ സഹിക്കുകയും ചെയ്യേണ്ടിയിരുന്നു. ഹദീസ് കൈവശമുള്ളവരുടെ ജീവിത രീതികളും വിശ്വാസാചാരങ്ങളും ബുദ്ധിശക്തി, ഓര്‍മശക്തി, ധാര്‍മിക നിലവാരം, സത്യസന്ധത എന്നിവയുമൊക്കെ സൂക്ഷ്മമായി പഠിച്ച് സ്വീകാര്യത ബോധ്യമായവരില്‍നിന്ന് മാത്രമാണ് ഹദീസുകള്‍ സ്വീകരിച്ചിരുന്നത്.

ഈ രൂപത്തില്‍ ശേഖരിച്ച ഹദീസ് സമാഹാരങ്ങളാണ് ‘സ്വീകാര്യമായ ആറു ഗ്രന്ഥങ്ങള്‍’ (സ്വിഹാഹുസ്സിത്തഃ) എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവയില്‍ സമുന്നത സ്ഥാനമലങ്കരിക്കുന്നവയാണ് സ്വഹീഹ് ബുഖാരിയും സ്വഹീഹ് മുസ്‌ലിമും. ചരിത്രത്തില്‍ തുല്യതയില്ലാത്ത ത്യാഗങ്ങളിലൂടെ ശേഖരിച്ച ലക്ഷക്കണക്കില്‍ ഹദീസുകളില്‍നിന്ന് ഉത്തമ വിശ്വാസമുള്ളത് മാത്രം തെരഞ്ഞെടുത്ത് തിരുസുന്നത്തിനെ അറിവിന്റെ അമൂല്യ നിക്ഷേപമായി കാത്തുസൂക്ഷിച്ച് തലമുറകള്‍ക്ക് കൈമാറുന്നതില്‍ ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും നിര്‍വഹിച്ച സേവനം മുസ്‌ലിം ലോകം കലവറയില്ലാതെ അംഗീകരിക്കുന്നു.

ഇമാം ബുഖാരി
ഹദീസിലെ ‘അമീറുല്‍ മുഅ്മിനീന്‍’, ‘ഹദീസ് പണ്ഡിതന്മാരുടെ നേതാവ്’ എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന മുഹമ്മദുബ്‌നു ഇസ്മാഈലുബ്‌നു ഇബ്‌റാഹീമുബ്‌നു മുഗീറതുല്‍ ജഅഫി ഹി. 194-ല്‍ ശവ്വാല്‍ മാസം 13-ന് വെള്ളിയാഴ്ച ബുഖാറയില്‍ ജനിച്ചു. അബുല്‍ ഹസന്‍ എന്ന പേരില്‍ പ്രസിദ്ധനായ അദ്ദേഹത്തിന്റെ പിതാവ് ഇസ്മാഈല്‍, ഇമാം മാലികിന്റെ ശിഷ്യനും ഹദീസ് പണ്ഡിതനുമായിരുന്നു. ഒരേസമയം പാണ്ഡിത്യംകൊണ്ടും സമ്പന്നതകൊണ്ടും അനുഗൃഹീതനായിരുന്ന അബുല്‍ ഹസന്‍, സാത്വികനും സൂക്ഷ്മാലുവുമായിരുന്നു. തന്റെ സമ്പത്തില്‍ ഹറാമായതോ സംശയാസ്പദമായതോ ആയ ഒരു ദിര്‍ഹം പോലും തന്റെ അറിവോടെ കടന്നുകൂടിയിട്ടില്ലെന്ന് മരണസമയത്ത് തന്നെ സന്ദര്‍ശിച്ച യഹ്‌യബ്‌നു ഹഫ്‌സ് എന്ന പണ്ഡിതനോട് അദ്ദേഹം പറയുകയുണ്ടായി. ഇമാം ബുഖാരിയുടെ മാതാവ് ആരാധനാനിരതയും ഭക്തയും ധാരാളം ബഹുമതികളുടെ ഉടമയുമായിരുന്നു. ശൈശവത്തില്‍ കാഴ്ച നഷ്ടപ്പെട്ട ഇമാം ബുഖാരിക്ക്, ചന്ദ്രപ്രകാശത്തില്‍ ‘അത്താരീഖുല്‍ കബീര്‍’ എന്ന ഗ്രന്ഥത്തിന്റെ കരട് കോപ്പി തയാറാക്കാന്‍ സാധിക്കുമാര്‍ കാഴ്ച തിരിച്ചുകിട്ടിയത് മാതാവിന്റെ നിരന്തരമായ പ്രാര്‍ഥനയുടെ ഫലമായിരുന്നുവത്രെ! പിതാവ് മരണപ്പെട്ടപ്പോള്‍ മാതാവിന്റെ സംരക്ഷണത്തിലാണ് അദ്ദേഹം വളര്‍ന്നത്. ‘വിജ്ഞാനത്തിന്റെ മടിത്തട്ടില്‍ ശ്രേഷ്ഠതയുടെ മുലപ്പാല്‍ ഈമ്പിവളര്‍ന്നവനാണ് ബുഖാരി”യെന്ന് ഇമാം ഖസ്ത്വല്ലാനി പറഞ്ഞത് ഈ അര്‍ഥത്തിലാണ്. പത്താം വയസ്സില്‍ മതപാഠശാലയില്‍ പഠിക്കുമ്പോള്‍തന്നെ ഹദീസുകള്‍ ഹൃദിസ്ഥമാക്കാന്‍ താല്‍പര്യം കാണിക്കുകയും വിജ്ഞാനസദസ്സുകളില്‍ പതിവായി പങ്കെടുക്കുകയും ചെയ്യുമായിരുന്നു. ബുഖാറയിലെ ആ കാലഘട്ടത്തിലെ മഹാ പണ്ഡിതനായിരുന്ന അല്ലാമാ ദാഖിലിയുടെ വിജ്ഞാനസദസ്സില്‍ അദ്ദേഹം സദാസന്നിഹിതനായിരുന്നു. ഒരിക്കല്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കെ തെറ്റായി ഉദ്ധരിച്ച ഹദീസ്പരമ്പര ഇമാം ബുഖാരി പെട്ടെന്ന് തിരുത്തുകയുണ്ടായി. ആദ്യം ക്ഷോഭിച്ച ദാഖിലി സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ശാന്തനായി. അദ്ദേഹം തെറ്റ് അംഗീകരിച്ചുവെന്ന് മാത്രമല്ല, അത് തിരുത്താന്‍ ബുഖാരിയെതന്നെ ചുമതലപ്പെടുത്തുകയുമുണ്ടായി. അന്ന് ബുഖാരിക്ക് പതിനൊന്ന് വയസ്സുമാത്രമായിരുന്നു പ്രായം. അന്ന് ബുഖാറാ പട്ടണത്തിലെ പ്രശസ്തമായ വിജ്ഞാനസദസ്സുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മുഹമ്മദുബ്‌നു സലാമ അല്‍ ബീക്കന്‍ദി, അബ്ദുല്ലാഹിബ്‌നു മുഹമ്മദുല്‍ മുസ്‌നദി, ഇബ്‌റാഹീമുബ്‌നു അശ്അസ് തുടങ്ങിയ പ്രഗത്ഭ പണ്ഡിതന്മാരില്‍നിന്നെല്ലാം ഇമാം ബുഖാരി വിജ്ഞാനം നേടി. പതിനാറു വയസ്സ് തികഞ്ഞപ്പോഴേക്കും വലിയ ഒരു ഹദീസ്‌ശേഖരം സ്വന്തമാക്കുകയും പണ്ഡിതന്മാരുടെ വൈജ്ഞാനിക നിലവാരത്തെക്കുറിച്ചും ഗവേഷണങ്ങളെക്കുറിച്ചുമൊക്കെ അഭിപ്രായം പറയാനുള്ള കഴിവ് നേടുകയും ചെയ്തു. ഗ്രന്ഥങ്ങളിലെ തെറ്റുകള്‍ കണ്ടെത്താനും തിരുത്താനും പലരും ബുഖാരിയെത്തന്നെയാണ് ഏല്‍പിച്ചിരുന്നത്.
ബുഖാരി വിജ്ഞാനപര്യവേക്ഷണത്തിനിറങ്ങുന്നതിന് മുമ്പുള്ള ഒരു സംഭവം മുജാഹിദിന്റെ മകന്‍ സലീം ഉദ്ധരിക്കുന്നു: ‘ഞാനൊരിക്കല്‍ മുഹമ്മദുബ്‌നു സലാമയുടെ സദസ്സില്‍ ചെന്നു. അപ്പോള്‍ അദ്ദേഹം എന്നോടു പറഞ്ഞു, അല്‍പസമയം മുമ്പ് വന്നിരുന്നുവെങ്കില്‍ എഴുപതിനായിരം ഹദീസുകള്‍ മനഃപാഠമുള്ള ഒരത്ഭുതബാലനെ താങ്കള്‍ക്ക് കാണാമായിരുന്നു. ഞാനദ്ദേഹത്തെ അന്വേഷിച്ചു കണ്ടെത്തി. എഴുപതിനായിരം ഹദീസുകള്‍ മനഃപാഠമുണ്ടെന്ന് താങ്കള്‍ പറഞ്ഞത് ശരിയാണോ എന്ന് ഞാന്‍ ചോദിച്ചു. അതും അതില്‍ കൂടുതലും അറിയാെമന്നായിരുന്നു മറുപടി. സ്വഹാബികളില്‍ നിന്നോ താബിഉകളില്‍ നിന്നോ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അവരുടെ ജനനവും മരണവും താമസസ്ഥലവുമെല്ലാം അറിഞ്ഞതിന് ശേഷമാണ് ഞാനത് ചെയ്യാറ്. അല്ലാഹുവിന്റെ ഗ്രന്ഥത്തിലും തിരുസുന്നത്തിലും അടിസ്ഥാനമില്ലാത്ത ഒരു ഹദീസും ഞാന്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു യാത്രക്ക് പുറപ്പെടും മുമ്പ് ‘മുഹമ്മദുബ്‌നു സലാമാ അല്‍ ബീക്കന്‍ദി, ബുഖാരിയോട് ഇപ്രകാരം പറഞ്ഞു: ‘എന്റെ ഗ്രന്ഥങ്ങള്‍ പരിശോധിച്ച് അതില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്തുക. ബീക്കന്‍ദിയുടെ അനുയായികളില്‍ ചിലര്‍ ആശ്ചര്യത്തോടെ ചോദിച്ചു: ‘ആരാണീ യുവാവ്?’ ബീക്കന്‍ദി ആ കാലഘട്ടത്തിലെ ഹദീസ് പണ്ഡിതന്മാരില്‍ പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ തെറ്റുകള്‍ തിരുത്താന്‍ ഈ ചെറുപ്പക്കാരനാര്? അദ്ദേഹം അവരോട് പറഞ്ഞു: ‘ഇദ്ദേഹത്തിന് സമാനനായി മറ്റാരും തന്നെയില്ല.’ ബുഖാരിയെക്കുറിച്ച ഈ പ്രതികരണങ്ങളെല്ലാം അദ്ദേഹത്തിന്റെ പ്രശസ്തി ബുഖാറയിലെ പണ്ഡിതന്മാരില്‍ മാത്രം പരിമിതമായിരുന്ന ഘട്ടത്തിലാണ്. ബുഖാറ വിട്ടതിന് ശേഷം അദ്ദേഹം ബീക്കന്‍ദിയെ കണ്ടിട്ടില്ലെന്ന് ഹാഫിസ് ഇബ്‌നു ഹജര്‍ പറഞ്ഞിട്ടുണ്ട്.

ബുഖാരിയുടെ പഠനയാത്രകള്‍
വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ പരിമിതമാവുകയും ഇസ്‌ലാമിക രാഷ്ട്രം വിശാലമാവുകയും പ്രവാചക ശിഷ്യന്മാരും അവരുടെ അനുയായികളും വിദൂര പ്രദേശങ്ങളില്‍ ജീവിച്ചു മരിക്കുകയും ചെയ്തതുകൊണ്ട് ചിലപ്പോള്‍ ഒരു ഹദീസിനെക്കുറിച്ച് പഠിക്കാനോ ഏതെങ്കിലും വിജ്ഞാനം കരസ്ഥമാക്കാനോ ദീര്‍ഘയാത്രകള്‍ തന്നെ വേണ്ടി വരും. ഇങ്ങനെ സാഹസിക യാത്രകള്‍ നടത്തിയാണ് ഇമാം ബുഖാരി ഹദീസുകള്‍ ശേഖരിച്ചത്. ബുഖാറയിലെ പണ്ഡിതന്മാരില്‍നിന്ന് വിജ്ഞാനം നേടിക്കഴിഞ്ഞപ്പോള്‍ ദിവ്യബോധനത്തിന്റെ കേന്ദ്രവും പ്രവാചകന്റെ ആസ്ഥാനവുമായ മക്കയും മദീനയും ഉള്‍ക്കൊള്ളുന്ന പുണ്യഭൂമിയിലേക്ക് യാത്രപോയി. ഹി. 210-ല്‍ മാതാവും സഹോദരനുമൊപ്പം അദ്ദേഹം ഹജ്ജ് ചെയ്തു. ഹജ്ജ് കഴിഞ്ഞ് സഹോദരനെയും മാതാവിനെയും തിരിച്ചയച്ചു. വിജ്ഞാനസമ്പാദനത്തിനായി ഇമാം ബുഖാരി മക്കയില്‍തന്നെ താമസമാക്കി. അന്ന് മക്കയിലെ വിജ്ഞാനസദസ്സുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഇമാം അബുല്‍ വലീദ് അഹ്മദുബ്‌നുല്‍ അസുറഖി, അബ്ദുല്ലാഹിബ്‌നു യസീദ്, ഇസ്മാഈലുബ്‌നു സാലിം അസ്സ്വാഇഅ്, അബൂബക്ര്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍, അല്ലാമാ അല്‍ഹുമൈദി തുടങ്ങിയവരായിരുന്നു. അവരില്‍നിന്നും മറ്റു പണ്ഡിതന്മാരില്‍നിന്നും വിജ്ഞാനം കരസ്ഥമാക്കിയ ശേഷം 18-ാം വയസ്സില്‍ അദ്ദേഹം മദീനയിലെത്തി. അക്കാലത്ത് മദീനയിലുണ്ടായിരുന്ന പുകള്‍പെറ്റ പണ്ഡിതന്മാരാണ് ഇബ്‌റാഹീമുബ്‌നുല്‍ മുന്‍ദിര്‍, മിത്വ്‌റഹുബ്‌നു അബ്ദില്ല, ഇബ്‌റാഹീമുബ്‌നു ഹംസ, അബൂ സാബിഅ് മുഹമ്മദുബ്‌നു ഉബൈദില്ലാ, അബ്ദുല്‍ അസീസുബ്‌നു അബ്ദില്ല അല്‍ഉവൈസി എന്നിവര്‍. ഈ യാത്രയിലാണ് ‘അത്താരീഖുല്‍ കബീര്‍’ എന്ന ഗ്രന്ഥം രചിച്ചത്. മക്ക, മദീന, ത്വാഇഫ്, ജിദ്ദ എന്നിവിടങ്ങളില്‍ വിജ്ഞാന സമ്പാദനത്തിനായി പലപ്പോഴായി അദ്ദേഹം താമസിച്ചത് മൊത്തം ആറുവര്‍ഷമായിരുന്നു.
തുടര്‍ന്ന് അന്നത്തെ വിജ്ഞാന കേന്ദ്രങ്ങളും സാംസ്‌കാരിക തലസ്ഥാനങ്ങളുമായിരുന്ന ബസ്വറ, കൂഫ, ബഗ്ദാദ്, സിറിയ, ഈജിപ്ത്, ഖുറാസാന്‍ തുടങ്ങി വിജ്ഞാനവും വിജ്ഞാന സമ്പന്നരും എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം അദ്ദേഹം ചെന്നെത്തുകയും വിജ്ഞാനം സമ്പാദിക്കുകയും ചെയ്തു. പ്രഗത്ഭരും വിഖ്യാതരുമായ ആയിരക്കണക്കില്‍ പണ്ഡിതന്മാരില്‍നിന്ന് ഹദീസുകള്‍ കേട്ടതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ദീര്‍ഘമായ അനുഭവങ്ങളില്‍നിന്ന് അദ്ദേഹം നേടിയ സവിശേഷമായ സിദ്ധി, ഹദീസുകളുടെ സ്വീകാര്യതയെ ബാധിക്കുന്ന നിഗൂഢമായ കാരണങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവ് നേടിയെന്നതാണ്. ഹദീസ് നിദാന ശാസ്ത്രത്തില്‍ വളരെ സുപ്രധാനമാണ് ഈ കഴിവ്. അസാധാരണമായ ഓര്‍മശക്തിയും അപാരമായ ബുദ്ധിശക്തിയും അനുഭവ പരിജ്ഞാനവും ഇതിന്നാവശ്യമാണ്. ഈ രംഗത്ത് പ്രാവീണ്യം തെളിയിച്ച അപൂര്‍വരില്‍ അപൂര്‍വനാണ് ഇമാം ബുഖാരി. ഇദ്ദേഹം ഒരു സ്വഹാബി ആയിരുന്നുവെങ്കില്‍ അത്യത്ഭുതകരമായ ഒരു ദൃഷ്ടാന്തം തന്നെയാകുമായിരുന്നുവെന്ന് ഖുതൈബത്തുബ്‌നു സഈദുസ്സഖഫി എന്ന പണ്ഡിതന്‍ അഭിപ്രായപ്പെട്ടത് ഇതെല്ലാം കൊണ്ടാണ്. അത്ഭുതകരമായ ഒരു ദൃഷ്ടാന്തമായിരുന്നു ബുഖാരി. അതുല്യമായ അര്‍പ്പണബോധവും അചഞ്ചലമായ ഇഛാശക്തിയും അസാധാരണമായ ഓര്‍മശക്തിയുമാണ് ഇമാമുകളുടെ ഒന്നാംനിരയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. റിപ്പോര്‍ട്ടര്‍മാരുടെ ജനന-മരണങ്ങള്‍, സ്വഭാവരീതികള്‍, സമ്പ്രദായങ്ങള്‍, താമസിച്ചതും യാത്രചെയ്തതുമായ സ്ഥലങ്ങള്‍, ഉപജീവനമാര്‍ഗങ്ങള്‍, വിശ്വാസാചാരങ്ങള്‍, റിപ്പോര്‍ട്ടു ചെയ്തവരെ നേരില്‍ കണ്ടിട്ടുണ്ടോ ഇല്ലേ തുടങ്ങി ഹദീസ് പരമ്പരയിലുള്ളവരെ സംബന്ധിച്ച് സമഗ്രമായ വിവരമുള്ളവര്‍ക്ക് മാത്രമേ ഹദീസുകളുടെ ബലാബലം നിര്‍ണയിക്കുവാന്‍ സാധിക്കുകയുള്ളൂ. ഈ രംഗത്താണ് ഇമാം ബുഖാരി മറ്റുള്ളവരെ അതിശയിക്കുന്നത്.
ബഗ്ദാദ് അക്കാലത്ത് സാംസ്‌കാരിക കേന്ദ്രവും പണ്ഡിതന്മാരുടെ സംഗമസ്ഥലവുമായിരുന്നു. ഇമാം ബുഖാരി ബഗ്ദാദിലേക്ക് വരുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഒന്ന് പരീക്ഷിക്കാമെന്ന് ചിലര്‍ തീരുമാനിച്ചു. നൂറു ഹദീസുകള്‍ തെരഞ്ഞെടുത്ത് പരമ്പരകളും പാഠങ്ങളും (സനദും മത്‌നും) മാറ്റിമറിച്ച് പത്ത് വീതം ഹദീസുകള്‍ പത്താളുകള്‍ കൈവശം വെച്ചു. സ്വദേശികളും വിദേശികളുമടങ്ങുന്ന വലിയ ഒരു സദസ്സില്‍ ഓരോരുത്തരായി കൈവശമുള്ള പ്രസ്തുത വികലമാക്കപ്പെട്ട ഹദീസുകള്‍ അവതരിപ്പിച്ചു. ഓരോന്നിനും ‘എനിക്കറിയില്ല’ എന്നായിരുന്നു ബുഖാരിയുടെ മറുപടി. ബുദ്ധിയുള്ളവര്‍ കാര്യം ഗ്രഹിക്കുകയും അല്‍പജ്ഞാനികള്‍ ബുഖാരിയുടെ കഴിവുകേടില്‍ സഹതപിക്കുകയും ചെയ്തു. അവതരണം കഴിഞ്ഞപ്പോള്‍ ആദ്യം മുതല്‍ അവസാനം വരെയുള്ള എല്ലാ ഹദീസുകളും ശരിയായ പരമ്പരകളോടുകൂടി ബുഖാരി ഉദ്ധരിച്ചപ്പോള്‍ സദസ്സ് കോരിത്തരിക്കുകയും അദ്ദേഹത്തിന്റെ അപാരമായ ഓര്‍മശക്തിയെ വാഴ്ത്തുകയും ചെയ്തു. സ്വാലിഹുബ്‌നു മുഹമ്മദ് അല്‍ ബഗ്ദാദി എന്ന പണ്ഡിതന്‍ പറഞ്ഞു: ‘ഇമാം ബുഖാരി ബഗ്ദാദില്‍ വരുമ്പോള്‍ ഞാന്‍ അദ്ദേഹത്തില്‍നിന്ന് ഹദീസുകള്‍ കേട്ടെഴുതിയിരുന്നു. എന്നെപ്പോലെ ആയിരക്കണക്കില്‍ ആളുകള്‍ അദ്ദേഹത്തിന്റെ സദസ്സില്‍ ഹാജരാകുമായിരുന്നു.’
വ്യക്തിജീവിതത്തില്‍ സൂക്ഷ്മതയും ലാളിത്യവും വിശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ ഇമാം ബുഖാരി നിഷ്‌കര്‍ഷിച്ചു. ഹദീസ് നിവേദനപരമ്പരയിലെ റിപ്പോര്‍ട്ടര്‍മാരെക്കുറിച്ച് അഭിപ്രായം പറയേണ്ടിവരുമ്പോള്‍ പോലും വളരെ മാന്യമായ രീതിയിലും ഭാഷയിലും മാത്രമാണത് ചെയ്തത്. അസ്വീകാര്യന്മാരായ റിപ്പോര്‍ട്ടര്‍മാരെക്കുറിച്ച് പരമാവധി ‘ഹദീസില്‍ അനഭിലഷണീയന്‍’ (മുന്‍കറുല്‍ ഹദീസ്) എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞിരുന്നത്. തെറ്റുധാരണക്കും ആക്ഷേപത്തിനും ഇടം നല്‍കാതിരിക്കാനും പരമാവധി ശ്രദ്ധിച്ചു. ഈ വിഷയത്തില്‍ രസകരമായ ഒരു സംഭവം പണ്ഡിതനായ അല്‍അജ്‌ലൂനി ഉദ്ധരിച്ചിട്ടുണ്ട്:
ഇമാം ബുഖാരി ഒരു കടല്‍യാത്ര നടത്താനിടയായി. ആയിരം ദീനാര്‍ യാത്രാ ചെലവിനായി കൈവശം വെച്ചിരുന്നു. കപ്പല്‍ യാത്രക്കാരില്‍ ഒരാള്‍ താല്‍പര്യപൂര്‍വം പരിചയപ്പെടുകയും അമിതമായ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇതില്‍ വഞ്ചിതനായ ബുഖാരി സംസാര മധ്യേ കൈവശമുള്ള സംഖ്യയെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. അയാള്‍ പിറ്റേ ദിവസം ഉറക്കത്തില്‍നിന്ന് ചാടി എഴുന്നേറ്റ് അട്ടഹസിക്കാനും മുഖത്തടിച്ച് കരയാനും തുടങ്ങി. ദയനീയമായ ഈ കാഴ്ചകണ്ട് അലിവ് തോന്നിയ സഹയാത്രികര്‍ കാരണം തിരക്കിയപ്പോള്‍, കൈവശമുണ്ടായിരുന്ന ആയിരം ദീനാറിന്റെ സഞ്ചി നഷ്ടപ്പെട്ടതായി സങ്കടപ്പെട്ടു. കപ്പലിലെ ഉദ്യോഗസ്ഥന്മാര്‍ യാത്രക്കാരെ ഓരോരുത്തരെയായി പരിശോധിച്ചു. ബുഖാരി പണസഞ്ചി ആരും കാണാതെ കടലില്‍ താഴ്ത്തി. ആരില്‍നിന്നും സംഖ്യ കാണാന്‍ കഴിയാതെ പരിശോധകരും യാത്രക്കാരും ആര്‍ത്തുവിളിച്ചവനെ അധിക്ഷേപിച്ചു. യാത്രക്കാരെല്ലാം കപ്പലില്‍ നിന്നിറങ്ങിക്കഴിഞ്ഞപ്പോള്‍, പ്രസ്തുത യാത്രക്കാരന്‍ ബുഖാരിയെ സമീപിച്ച് സംഖ്യയെന്താണ് ചെയ്തതെന്ന് രഹസ്യമായി അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ‘ഞാനത് കടലിലേക്കെറിഞ്ഞു.’ ഇത്രയും വലിയ ഒരു സംഖ്യ കടലിലേക്കെറിയാന്‍ താങ്കള്‍ക്കെങ്ങനെ സാധിച്ചുവെന്ന് ചോദിച്ചപ്പോള്‍ ബുഖാരി പറഞ്ഞു: ‘എന്റെ ജീവിതം അന്ത്യപ്രവാചകന്റെ തിരുവചനങ്ങള്‍ സമാഹരിക്കാനും സൂക്ഷിക്കാനും നീക്കിവെക്കുകയും എന്റെ വിശ്വസ്തതയും സത്യസന്ധതയും ലോകം അംഗീകരിക്കുകയും ചെയ്തിരിക്കെ, എന്നെ മോഷണക്കുറ്റത്തിന് പ്രതിയാക്കാന്‍ സമ്മതിക്കുമെന്ന് കരുതിയോ? വിശ്വസ്തത എന്ന അമൂല്യരത്‌നം നിസ്സാരമായ നാണയത്തുട്ടുകള്‍ക്ക് വേണ്ടി ഞാന്‍ നഷ്ടപ്പെടുത്തുകയോ?’
സമ്പന്നനായ പിതാമഹന്റെ അരുമ മകനായിരുന്നുവെങ്കിലും ഭൗതികതാല്‍പര്യമോ ആഡംബരഭ്രമമോ സ്ഥാനമോഹമോ അദ്ദേഹത്തെ പിടികൂടിയില്ല. അറിവന്വേഷിച്ചുകൊണ്ടുള്ള യാത്രയില്‍ പലപ്പോഴും ഭക്ഷണത്തിനും വസ്ത്രത്തിനും വിഷമിക്കേണ്ടിവന്നു. ചില സാഹചര്യങ്ങളില്‍ ഉടുതുണി ഒഴിച്ച് ബാക്കി വസ്ത്രങ്ങള്‍ വില്‍ക്കേണ്ടിവന്നിട്ടുണ്ട്. എന്നാലും പ്രയാസങ്ങള്‍ മറ്റുള്ളവരെ അറിയിക്കുകയോ പരസഹായം തേടുകയോ ചെയ്തിരുന്നില്ല. അധികാരിവര്‍ഗത്തിന്റെ അരികുപറ്റി സുഖജീവിതം നയിക്കാനുള്ള അവസരങ്ങളുണ്ടായിട്ടും അതെല്ലാം തട്ടിക്കളയുകയും അതിന്റെ പേരില്‍ നേരിടേണ്ടിവന്ന പ്രയാസങ്ങള്‍ സസന്തോഷം സഹിക്കുകയും ചെയ്തു.
ബുഖാറയിലെ ഗവര്‍ണര്‍ അമീര്‍ ഖാലിദുബ്‌നു അഹ്മദുദ്ദൗലി, ഇമാം ബുഖാരിയോട് ഗ്രന്ഥങ്ങളുമായി തന്നെ വന്ന് കാണാന്‍ ഖലീഫാ ബിന്‍ ത്വാഹിറിനെ ചുമതലപ്പെടുത്തി. അമീറിന്റെ ദൂതനോടുള്ള ഇമാമിന്റെ മറുപടി വളരെ ധീരമായിരുന്നു: ‘വിജ്ഞാനത്തെ അധികാര കവാടങ്ങളിലേക്കാനയിച്ച് അതിനെ നിന്ദിക്കുവാന്‍ ഞാനാളല്ല. വിജ്ഞാനത്തില്‍ താല്‍പര്യമുള്ളവര്‍ പള്ളിയിലേക്കോ എന്റെ വീട്ടിലേക്കോ വരട്ടെ. അല്ലെങ്കില്‍ വിജ്ഞാന സദസ്സില്‍നിന്ന് എന്നെ തടയുക. അന്ത്യദിനത്തില്‍ അല്ലാഹുവിങ്കല്‍ എനിക്ക് ഒഴികഴിവ് ലഭിക്കുമല്ലോ. വിജ്ഞാനം മറച്ചുവെക്കാന്‍ എനിക്ക് സാധ്യമല്ല. ആരോടെങ്കിലും അറിവ് തേടുകയും അത് മറച്ചുവെക്കുകയും ചെയ്താല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന് തീയിന്റെ കടിഞ്ഞാണിടുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.’ അതോടെ ഗവര്‍ണറുമായുള്ള അദ്ദേഹത്തിന്റെ ബന്ധം മോശമായി. അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുകയും ചെയ്തു.
ഇമാം ബുഖാരിയുടെ തിളക്കമാര്‍ന്ന വ്യക്തിജീവിതത്തിലേക്കുള്ള ഒരെത്തിനോട്ടം മാത്രമാണിത്. വിശദാംശങ്ങളിലേക്ക് കടന്നുചെല്ലുമ്പോള്‍ ആ വ്യക്തിത്വത്തിന്റെ തിളക്കം വര്‍ധിക്കുകയാണ് ചെയ്യുന്നത്. ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക് വഴികാട്ടിയായി നിലകൊള്ളുന്ന ഖുര്‍ആന്റെ വിശദീകരണമായ തിരുസുന്നത്ത് ഖുര്‍ആനെപ്പോലെ സുരക്ഷിതമായിരിക്കണമെന്ന ദൈവിക നിയമത്തിന്റെ സാക്ഷാത്കാരമാണ് ഇമാം ബുഖാരിയിലൂടെ സഫലമാകുന്നത്. വ്യക്തിത്വത്തിന്റെ മാഹാത്മ്യവും ജീവിതശുദ്ധിയും സ്വഭാവങ്ങളുടെ സവിശേഷതയും ഹദീസുകള്‍ സ്വീകരിക്കുന്നതില്‍ പുലര്‍ത്തിയ സൂക്ഷ്മതയും ആ മാര്‍ഗത്തില്‍ വരിച്ച ത്യാഗങ്ങളും കണക്കിലെടുക്കുമ്പോഴാണ് എന്തുകൊണ്ട് ‘സ്വഹീഹുല്‍ ബുഖാരി’ വിശുദ്ധഖുര്‍ആന്‍ കഴിച്ചാല്‍ ഏറ്റവും സ്വീകാര്യമായ ഗ്രന്ഥമായിത്തീര്‍ന്നു എന്ന് മനസ്സിലാവുക

ഗ്രന്ഥരചന
മക്കയിലും മദീനയിലുമുള്ള താമസത്തിനിടയിലാണ് ‘സ്വഹാബികളുടെയും താബിഉകളുടെയും പ്രശ്‌നങ്ങള്‍’ (ഖളായസ്സ്വഹാബത്തി വത്താബിഈന്‍), ‘മഹത്തായ ചരിത്രം’ (അത്താരീഖുല്‍ കബീര്‍) എന്നീ സുപ്രധാനങ്ങളായ രണ്ടു ഗ്രന്ഥങ്ങള്‍ ഇമാം ബുഖാരി രചിച്ചത്. അതിനുശേഷം ബസ്വ്‌റ, കൂഫ, സിറിയ, ഈജിപ്ത്, ബഗ്ദാദ് തുടങ്ങിയ ഇസ്‌ലാമിക വിജ്ഞാനകേന്ദ്രങ്ങളില്‍ താമസിച്ച് ഹദീസുകള്‍ ശേഖരിച്ചു. ഇവ്വിധം സമാഹരിച്ച ആറുലക്ഷത്തിലേറെ ഹദീസുകളില്‍നിന്ന് സൂക്ഷ്മ പരിശോധനക്ക് ശേഷം സമാഹരിച്ച 7397 ഹദീസുകള്‍ ഉള്‍ക്കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായ ‘അല്‍ ജാമിഉസ്സ്വഹീഹ്’ എന്ന ഏറ്റവും ആധികാരികമായ ഹദീസ് ഗ്രന്ഥം. നീണ്ട പതിനാറു വര്‍ഷക്കാലത്തെ തീവ്ര തപസ്യയിലൂടെയാണ് ഈ മഹല്‍കൃത്യം അദ്ദേഹം പൂര്‍ത്തിയാക്കിയത്. ദേഹശുദ്ധി വരുത്തി രണ്ടു റക്അത്ത് നമസ്‌കരിച്ച് ഇസ്തിഖാറത്ത് (നന്മതേടിയുള്ള പ്രാര്‍ഥന) നടത്തിയ ശേഷമാണ് ഓരോ ഹദീസും തെരഞ്ഞെടുത്തതെന്നും തന്റെയും അല്ലാഹുവിന്റെയും ഇടയിലുള്ള ഒരു തെളിവായി ഈ ഗ്രന്ഥത്തെ കണക്കാക്കുന്നുവെന്നും അതുകൊണ്ട് സംശയാസ്പദമായ ഒരു ഹദീസ് പോലും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അസന്ദിഗ്ധമായി അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്.
‘അല്‍ജാമിഉസ്സ്വഹീഹ്’ എന്ന ‘സ്വഹീഹുല്‍ ബുഖാരി’ രചിക്കാന്‍ പ്രേരണയായിത്തീര്‍ന്ന കാരണങ്ങള്‍ ഇമാം ബുഖാരി തന്നെ വിശദീകരിക്കുന്നു: ‘ഹദീസ് ക്രോഡീകരണ രംഗത്തേക്ക് കടന്നുവന്ന പല പണ്ഡിതന്മാരും ഹദീസിന്റെ സ്വീകാര്യതയും ബലഹീനതയും പരിഗണിക്കാതെയാണ് രചനകള്‍ നടത്തിയത്. ദുര്‍ബലമായ ഹദീസുകള്‍ ഒഴിവാക്കി സ്വീകാര്യയോഗ്യമായവമാത്രം ഉള്‍പ്പെടുത്തി പ്രാമാണികമായ ഒരു ഗ്രന്ഥത്തില്‍ ഹദീസുകള്‍ സമാഹരിക്കണമെന്ന് ആഗ്രഹിച്ചു. അതിനുപുറമെ പ്രമുഖ പണ്ഡിതശ്രേഷ്ഠനായ ഇമാം ഇസ്ഹാഖുബ്‌നു റാഹവൈഹി, സ്വഹീഹായ ഹദീസുകള്‍ മാത്രം തെരഞ്ഞെടുത്ത് സമഗ്രവും സംക്ഷിപ്തവുമായ ഒരു ഗ്രന്ഥം രചിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതും എന്റെ മനസ്സില്‍ തട്ടുകയുണ്ടായി.’ ഇമാം ബുഖാരി തന്നെ പറഞ്ഞ മറ്റൊരു കാരണവും കൂടിയുണ്ട്: ‘ഒരിക്കല്‍ നബി(സ)യെ ഞാന്‍ സ്വപ്നത്തില്‍ കണ്ടു. ഞാനദ്ദേഹത്തിന്റെ അരികില്‍നിന്ന് എന്റെ കൈയിലുള്ള വിശറി വീശിക്കൊണ്ട് അദ്ദേഹത്തെ പ്രതിരോധിക്കുന്നു.’ സ്വപ്നവ്യാഖ്യാന വിദഗ്ധരായ ചിലരെ സമീപിച്ചപ്പോള്‍ ‘താങ്കള്‍ അദ്ദേഹത്തെ കള്ളം പറയുന്നവരില്‍നിന്ന് രക്ഷിക്കുന്നു’ എന്നാണതിന്റെ പൊരുളെന്ന് പറഞ്ഞു. ഇതും എനിക്ക് ഉള്‍പ്രേരണ നല്‍കി.’ സല്‍സ്വപ്നങ്ങള്‍ പ്രവാചകത്വത്തിന്റെ നാല്‍പത്തി ആറ് അംശങ്ങളില്‍ ഒരംശമാണെന്നും പ്രവാചകനെ ആരെങ്കിലും സ്വപ്നത്തില്‍ ദര്‍ശിച്ചാല്‍ അത് യഥാര്‍ഥ ദര്‍ശനമാണെന്നും ഹദീസില്‍ വന്നതാണല്ലോ!

സ്വഹീഹ് ബുഖാരി’യുടെസവിശേഷത
മറ്റു ഹദീസ് ഗ്രന്ഥങ്ങളില്‍നിന്ന് ‘സ്വഹീഹ് ബുഖാരി’യെ വേര്‍തിരിക്കുന്ന നിരവധി പ്രത്യേകതകളുണ്ട്. അദ്ദേഹത്തിന് മുമ്പ് ജീവിച്ചവരും സമകാലികരുമായ ഹദീസ് പണ്ഡിതന്മാര്‍ സ്വീകാര്യമാണെന്ന് ഏകകണ്ഠമായി അംഗീകരിച്ച ഹദീസുകള്‍ മാത്രമാണ് ‘സ്വഹീഹുല്‍ ബുഖാരി’യില്‍ ഉള്‍പ്പെടുത്തിയത്. ഹദീസുകള്‍ സ്വഹാബിയില്‍നിന്ന് പ്രബലരായ രണ്ടു താബിഉകളും അവരില്‍നിന്ന് ബുഖാരിയില്‍ എത്തുന്നത് വരെയുള്ള ഘട്ടങ്ങളില്‍ വിശ്വസ്തരായ രണ്ടു പ്രാമാണികരും റിപ്പോര്‍ട്ടു ചെയ്തിരിക്കണമെന്ന കര്‍ശനമായ നിബന്ധന അദ്ദേഹം പുലര്‍ത്തിയിരുന്നു. മാത്രമല്ല, റിപ്പോര്‍ട്ടു ചെയ്ത വ്യക്തി(റാവി)യും ആരില്‍നിന്നാണോ റിപ്പോര്‍ട്ടു ചെയ്തത് ആ ഗുരു(ശൈഖ്)വും ഒരേ കാലത്ത് ജീവിച്ചവരാണെന്ന് മാത്രമല്ല, തമ്മില്‍ കണ്ടുമുട്ടിയിട്ടുണ്ടെന്ന് സംശയമന്യേ സ്ഥാപിതമാവുകയും ചെയ്താല്‍ മാത്രമേ ഇമാം ബുഖാരി റിപ്പോര്‍ട്ടു സ്വീകരിക്കുമായിരുന്നുള്ളൂ. ഈ നിബന്ധനയില്‍ അദ്ദേഹം ഒറ്റയാനാണ്.
ഹദീസുകള്‍ക്ക് അദ്ദേഹം നല്‍കിയിരിക്കുന്ന തലക്കെട്ടുകളാണ് മറ്റൊരു സവിശേഷത. അഗാധമായ പാണ്ഡിത്യവും ഗവേഷണ സിദ്ധിയും വിളിച്ചറിയിക്കുന്നതാണ് പ്രസ്തുത തലക്കെട്ടുകള്‍. തലക്കെട്ടുകളിലെ സൂക്ഷ്മമായ സൂചനകളും നിഗമനങ്ങളും മനസ്സിലാക്കാന്‍ തന്നെ അഗാധമായ പാണ്ഡിത്യവും ഗവേഷണ വൈഭവവും കൂടിയേ തീരൂ. സുപ്രധാന വിഷയങ്ങളില്‍ താന്‍ എത്തിച്ചേര്‍ന്ന സുചിന്തിതമായ അഭിപ്രായങ്ങളിലേക്ക് തലക്കെട്ടുകള്‍ സൂചന നല്‍കുന്നു. ഖുര്‍ആനിക സൂക്തങ്ങളും ഹദീസുകളും ഉദ്ധരിച്ച് അഭിപ്രായങ്ങള്‍ സമര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. ഒരേ ഹദീസ് തന്നെ പല പ്രാവശ്യം ആവര്‍ത്തിച്ചുവെന്ന് ആരോപിക്കുന്നവര്‍ ഈ വസ്തുത ഉള്‍ക്കൊള്ളാത്തവരാണ്. ഹദീസുകള്‍ സമാഹരിക്കുക മാത്രമല്ല, ഗഹനമായ ഗവേഷണ മനനങ്ങള്‍ നടത്തി ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന് അമൂല്യവരദാനങ്ങള്‍ നല്‍കിയ വിദഗ്ധനായ ഫഖീഹും ഗവേഷകനും കൂടിയാണ് ഇമാം ബുഖാരി. പ്രവര്‍ത്തനങ്ങള്‍ സത്യവിശ്വാസത്തിന്റെ അവിഭാജ്യഘടകങ്ങളാണെന്നും ആ അര്‍ഥത്തില്‍ വിശ്വാസം അധികരിക്കുകയോ കുറയുകയോ ചെയ്യാമെന്നും തെളിവ് സഹിതം ‘ഈമാന്റെ പുസ്തകം’ (കിതാബുല്‍ ഈമാന്‍) എന്ന അധ്യായത്തില്‍ അദ്ദേഹം സ്ഥാപിച്ചു. ഈമാന്‍ വാക്കും പ്രവൃത്തിയുമാണ്. അത് അധികരിക്കുകയും കുറയുകയും ചെയ്യുന്നു എന്ന അഭിപ്രായം അമ്പതിലധികം തെളിവുകള്‍ നിരത്തി അദ്ദേഹം സമര്‍ഥിച്ചു.
ആശയപരമായും ചിന്താപരമായും ഇമാം ബുഖാരിയോട് അഭിപ്രായവ്യത്യാസം പുലര്‍ത്തുന്ന മുന്‍ഗാമികളും പിന്‍ഗാമികളുമായ ധാരാളം പണ്ഡിതന്മാര്‍, ‘സ്വഹീഹുല്‍ ബുഖാരി’യെ അധികരിച്ച് ഗ്രന്ഥങ്ങള്‍ എഴുതിയെന്നത് അതിന്റെ പ്രാധാന്യവും മഹത്വവുമല്ലാതെ മറ്റെന്താണ് തെളിയിക്കുന്നത്? ചിലര്‍ അതിന് വ്യാഖ്യാനങ്ങളും വിശദീകരണങ്ങളുമെഴുതിയപ്പോള്‍, വേറെ ചിലര്‍ അതിലെ വ്യക്തികളെക്കുറിച്ചും തലക്കെട്ടുകളെക്കുറിച്ചും കര്‍മശാസ്ത്രപരമായ ഗവേഷണഫലങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ചിലര്‍ അതിനെ സംഗ്രഹിച്ചു, അതിലെ പദാവലിയുടെ ഭാഷാര്‍ഥങ്ങള്‍ വിശദീകരിച്ചു. പല രൂപത്തിലായി നൂറിലേറെ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ അറബിയിലും മറ്റുമായി അതിന് ഉണ്ടായി എന്നത് മനുഷ്യന്‍ ക്രോഡീകരിച്ച മറ്റൊരു ഗ്രന്ഥത്തിനും അവകാശപ്പെടാനാവില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ ഒന്നാം സ്ഥാനത്ത് ശൈഖുല്‍ ഇസ്‌ലാം അബുല്‍ ഫദ്ല്‍ അഹ്മദുബ്‌നു അലിയ്യുബ്‌നു ഹജറുല്‍ അസ്ഖലാനി (മരണം ഹി. 852) രചിച്ച ‘ഫത്ഹുല്‍ ബാരി’യാണ്. സൂക്ഷ്മവിശകലനത്തിലും വൈജ്ഞാനിക അപഗ്രഥനത്തിലും മികച്ച നിലവാരം പുലര്‍ത്തുന്നു ഈ കൃതി. മറ്റേതൊരു വിശദീകരണത്തെയും പിന്നിലാക്കുംവിധം സമ്പൂര്‍ണവും സമഗ്രവുമാണ് ഫത്ഹുല്‍ ബാരി. സര്‍ഖാവി പറഞ്ഞു: ‘ഫത്ഹുല്‍ ബാരി രചിച്ചതോടുകൂടി ബുഖാരിയോടുള്ള സമുദായത്തിന്റെ ബാധ്യത നിര്‍വഹിക്കപ്പെട്ടതായി കണക്കാക്കാവുന്നതാണ്.’ ഹി. 817-ല്‍ ഈ വിശദീകരണം എഴുതാന്‍ തുടങ്ങുന്നതിന് മുമ്പ് ‘മുഖദ്ദിമ’ എന്ന പേരില്‍ ഒരു ആമുഖം ഇബ്‌നു ഹജര്‍ രചിച്ചിരുന്നു. അല്‍പാല്‍പം എഴുതി ഒരു വാള്യം പൂര്‍ത്തിയായപ്പോള്‍ പണ്ഡിതന്മാരുടെ സദസ്സില്‍ അത് അവതരിപ്പിക്കുകയും സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി കണ്ടെത്തുകയും ചെയ്ത ശേഷമാണ് അത് പ്രസിദ്ധീകരിച്ചിരുന്നത്. മിന്നല്‍ വേഗത്തിലാണ് അത് ലോകമെങ്ങും പ്രചരിച്ചത്.
പ്രവാചകന്മാര്‍ക്കല്ലാതെ അപ്രമാദിത്വം ഇല്ലാത്തത് കൊണ്ടും ചിന്താസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇസ്‌ലാമിന്റെ സവിശേഷതയായതുകൊണ്ടും ഇമാം ബുഖാരിയും വിമര്‍ശനങ്ങള്‍ക്ക് വിധേയനായി. ഇമാം അഹ്മദുബ്‌നു ഹമ്പല്‍, യഹ്‌യബ്‌നു മുഈന്‍, ഇമാം ദാറഖുത്വ്‌നി തുടങ്ങിയവര്‍ ഇമാം ബുഖാരിയെ വിമര്‍ശിച്ച പ്രഗത്ഭരില്‍ ചിലരാണ്. നിഷ്പക്ഷ ബുദ്ധിയോടും നീതിബോധത്തോടും കൂടിയുള്ള ഇത്തരം നിരൂപണങ്ങളെ ഇമാം ഇബ്‌നുഹജര്‍ മുഖവിലക്കെടുക്കുകയും ‘സഞ്ചാരിയുടെ മാര്‍ഗദര്‍ശനം’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുകയും ചെയ്തിട്ടുണ്ട്. സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാതാക്കളായ അല്ലാമാ അല്‍ ഐനി, അല്ലാമാ ഖസ്ത്വുല്ലാനി തുടങ്ങിയ പ്രഗത്ഭരും ഇത്തരം നിരൂപണങ്ങള്‍ക്ക് ഉചിതമായ മറുപടി പറഞ്ഞിട്ടുണ്ട്. ഈ വിമര്‍ശനങ്ങള്‍കൊണ്ട് ഇമാം ബുഖാരിയുടെ പ്രശസ്തിക്ക് മങ്ങലേല്‍ക്കുകയോ സ്വഹീഹ് ബുഖാരിയുടെ സ്വീകാര്യതക്ക് കുറവുവരികയോ ചെയ്തിട്ടില്ല.
ഇമാം ബുഖാരിക്ക് തന്റെ കാലത്തെ ശക്തമായ ചില പരീക്ഷണങ്ങള്‍ തരണം ചെയ്യേണ്ടിവന്നു. ഖുര്‍ആന്‍ സൃഷ്ടി(മഖ്‌ലൂഖ്)യാണെന്ന് വിശ്വസിക്കല്‍ നിര്‍ബന്ധമാണ് എന്ന വാദം ശക്തിയായി ഉന്നയിക്കുകയും വാദിക്കുകയും ചെയ്ത പണ്ഡിതനായിരുന്നു ഇമാം മുഹമ്മദുബ്‌നു യഹ്‌യാ അദ്ദഹ്‌ലീ. അദ്ദേഹം തന്റെ ചില അനുയായികളുമായി ഇമാം ബുഖാരിയുടെ അടുത്ത് സംവാദത്തിനായി ചെന്നു: ‘ഖുര്‍ആന്റെ പദങ്ങള്‍ (ച്ചƒത്തറഇഏ) സൃഷ്ടിക്കപ്പെട്ടത് മഖ്‌ലൂഖ് ആണോ അല്ലേ? എന്താണ് താങ്കളുടെ അഭിപ്രായം?’ ആദ്യം അവഗണിച്ചെങ്കിലും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ ഇമാം ബുഖാരി വളരെ തന്ത്രപൂര്‍വം മറുപടി പറഞ്ഞു:
‘ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്, സൃഷ്ടിയല്ല. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിയാണ്, ഇത്തരം പരീക്ഷ നടത്തുന്നത് ബിദ്അത്ത് (പുതിയ സമ്പ്രദായം) ആണ്.’ ചോദ്യത്തിലെ ഖുര്‍ആന്‍ കൊണ്ടുദ്ദേശിക്കുന്നത് അല്ലാഹുവിന്റെ കലാമാണെങ്കില്‍ അത് അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ ഒരു വിശേഷണമാണ്. അല്ലാഹുവിന്റെ വിശേഷണം സൃഷ്ടിയല്ലതാനും. ഇനി മനുഷ്യരുടെ നാവില്‍നിന്നു പുറപ്പെടുന്ന വാക്കുകളാണ് ഉദ്ദേശ്യമെങ്കില്‍, അത് സൃഷ്ടികളുടെ പ്രവര്‍ത്തനമാണ്. അത് സൃഷ്ടി തന്നെയാണെന്നതില്‍ തര്‍ക്കവുമില്ല.
മഹത്തായ ഒരു ലക്ഷ്യത്തിനുവേണ്ടിയുള്ള നിരന്തരമായ അധ്വാനങ്ങള്‍ക്കിടയില്‍ വിവാഹത്തെക്കുറിച്ചോ കുടുംബജീവിതത്തെക്കുറിച്ചോ ചിന്തിക്കാന്‍ അദ്ദേഹത്തിന് സമയം കിട്ടിയില്ല എന്നുതോന്നുമാറ്, അദ്ദേഹത്തിന്റെ വിവാഹത്തെക്കുറിച്ചും സന്താനങ്ങളെക്കുറിച്ചും ഒരു പരാമര്‍ശവും ചരിത്രത്തില്‍ കാണുന്നില്ല. തിരുസുന്നത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്ന ദൈവിക നിയോഗം സ്വയം ഏറ്റെടുത്ത് തന്റെ സ്മരണകളെ ശാശ്വതമാക്കിക്കൊണ്ട് 62-ാം വയസ്സില്‍, ഹി. വര്‍ഷം 256-ന് ചെറിയ പെരുന്നാള്‍ രാത്രി ശനിയാഴ്ച ആ ധന്യ ജീവിതത്തിന് തിരശ്ശീല വീണു.

ഇമാം മുസ്‌ലിം
ഇമാം ബുഖാരിയുടെ സമശീര്‍ഷനും തിരുസുന്നത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്ന മഹത്തായ ദൗത്യം പൂര്‍ത്തീകരിക്കുന്നതില്‍ ബുഖാരിയുടെ പാത പിന്‍പറ്റുകയും ചെയ്ത ഇമാം മുസ്‌ലിം എന്ന ചുരുക്കപ്പേരില്‍ പ്രസിദ്ധനായ അല്‍ഹാഫിസ് ഹുജ്ജത്തുല്‍ ഇസ്‌ലാം അബുല്‍ഹുസൈന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജ് അല്‍ഖുശൈരി ഹി. 206-ല്‍ നൈസാബൂരില്‍ ജനിച്ചു. ഇമാം ബുഖാരിയുടേതു പോലെ ദീനീ പാരമ്പര്യവും വൈജ്ഞാനിക പ്രതാപവുമുള്ള കുടുംബമായിരുന്നു അത്. ചെറുപ്പത്തിലേ വിജ്ഞാന കുതുകിയായിരുന്നതിനാല്‍ സ്വന്തം നാട്ടിലെ വിജ്ഞാന സദസ്സുകളില്‍ ഹാജരാവുകയും പ്രശസ്ത പണ്ഡിതന്മാരില്‍നിന്ന് വിജ്ഞാനം നേടുകയും ചെയ്തു. തുടര്‍ന്ന് ഇറാഖ്, സിറിയ, ഈജിപ്ത്, ഹിജാസ് തുടങ്ങിയ വിജ്ഞാന കേന്ദ്രങ്ങളില്‍ പണ്ഡിതന്മാരുമായി സഹവസിച്ച് ഖുര്‍ആനിക വിജ്ഞാനങ്ങളിലും ഹദീസ് വിജ്ഞാനങ്ങളിലും അഗാധ പാണ്ഡിത്യം നേടി. എന്നിട്ടും ശമിക്കാത്ത വിജ്ഞാനദാഹവുമായി തിരിച്ചെത്തുമ്പോഴാണ് ഹി. 250-ല്‍ മഹാനായ ഇമാം ബുഖാരി നൈസാബൂര്‍ സന്ദര്‍ശിക്കുന്നത്. പ്രായത്തിലും പാണ്ഡിത്യത്തിലും പക്വത നേടിയ മുസ്‌ലിം എന്ന നാല്‍പതുകാരന്‍ ഇമാം ബുഖാരിയുടെ സാന്നിധ്യം അപ്രതീക്ഷിതമായി കൈവന്ന മഹാ ഭാഗ്യമായി കണക്കാക്കി. ശൈഖ് യഹ്‌യാഅന്നൈസാബൂരി, ഖുതൈബത്തുബ്‌നു സഅ്ദ്, ഇസ്ഹാഖുബ്‌നു റാഹവൈഹി, മുഹമ്മദുബ്‌നു അംറ്, അഹ്മദുബ്‌നു ഹമ്പല്‍, അബ്ദുല്ലാഹിബ്‌നു മസ്‌ലമ എന്നിവരുടെ ശിഷ്യത്വം ഇമാം മുസ്‌ലിം സ്വീകരിച്ചു. വിജ്ഞാനം തേടി ഒന്നിലധികം തവണ അദ്ദേഹം ബഗ്ദാദ് സന്ദര്‍ശിച്ചിട്ടുണ്ട്. വിജ്ഞാനം നേടുന്നതിന് മാത്രമല്ല, നേടിയ വിജ്ഞാനം മററുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിലും അതിയായ താല്‍പര്യം പ്രകടിപ്പിച്ചു. ഇമാം അബൂഈസാ അത്തിര്‍മിദി, യഹ്‌യബ്‌നു സ്സ്വാഇദ്, മുഹമ്മദുബ്‌നു മുഖല്ലിദ്, ഇബ്‌റാഹീമുബ്‌നു മുഹമ്മദുബ്‌നു സുഫ്‌യാന്‍ തുടങ്ങിയ സാത്വികന്മാരും പണ്ഡിതന്മാരും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചവരാണ്.
അസാധാരണ ഓര്‍മശക്തി, ഗ്രഹണശേഷി, ഭദ്രതയാര്‍ന്ന ചിന്ത, ഗവേഷണ പാടവം എന്നീ ഗുണങ്ങള്‍ സമ്മേളിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു ഇമാം മുസ്‌ലിം. സത്യത്തോടുള്ള പ്രതിബദ്ധതയിലും ത്യാഗസന്നദ്ധതയിലും തികഞ്ഞ ഒരു ദൃഷ്ടാന്തമായിരുന്നു അദ്ദേഹം. ഇമാം ബുഖാരിയുമായി അഗാധമായ ആത്മബന്ധം പുലര്‍ത്തുകയും തര്‍ക്കവിഷയങ്ങളിലും പ്രതിസന്ധികളിലും ഗുരുവായ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുകയും പ്രതിയോഗികളുടെ വെല്ലുവിളികള്‍ക്കെതിരെ ധീരമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. ഖുര്‍ആന്‍ സൃഷ്ടി (മഖ്‌ലൂഖ്) ആണെന്ന അഭിപ്രായത്തില്‍ തീവ്രതയുള്ള പണ്ഡിതനായിരുന്ന മുഹമ്മദുബ്‌നു യഹ്‌യാ അദ്ദഹ്‌ലി, ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് പറയാന്‍ വിസമ്മതിക്കുന്നവര്‍ തന്റെ സദസ്സില്‍ ഇരിക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്റെ തലപ്പാവ് ശരിയാക്കി തലയുയര്‍ത്തിപ്പിടിച്ച് പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോവുകയുണ്ടായി ഇമാം മുസ്‌ലിം. മാത്രമല്ല, ദഹ്‌ലിയില്‍നിന്ന് പകര്‍ത്തിയ കുറിപ്പുകളും ഗ്രന്ഥങ്ങളും ഒരൊട്ടകപ്പുറത്ത് കയറ്റി, അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊടുത്തുവിടുകയും ചെയ്തു. പക്ഷേ, ഇമാം ദുഹ്‌ലിയുടെ വിശ്വാസ്യതയില്‍ സംശയമില്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തില്‍നിന്ന് ഹദീസുകള്‍ തുടര്‍ന്നും റിപ്പോര്‍ട്ടു ചെയ്യുമായിരുന്നു.
ഇമാം ബുഖാരിയുടെ ശിഷ്യത്വത്തില്‍ അഭിമാനിക്കുകയും ഗ്രന്ഥരചനയില്‍ അദ്ദേഹത്തിന്റെ പാത പിന്‍പറ്റുകയും ചെയ്തു. ബുഖാരിയിലുള്ള അധിക ഹദീസുകളും മുസ്‌ലിമിലും ഉണ്ടെങ്കിലും മറ്റു പരമ്പരകളിലൂടെയാണ് അദ്ദേഹം അവ റിപ്പോര്‍ട്ടു ചെയ്തത് എന്നതുകൊണ്ട് അത്തരം ഹദീസുകള്‍ (മുത്തഫഖുന്‍ അലൈഹി)ക്ക് കൂടുതല്‍ പരിഗണനയും മുന്‍ഗണനയും കല്‍പിക്കപ്പെടുന്നുവെന്നത് സ്വാഭാവികം. ഗുരുവും ശിഷ്യനും ഒരുകാലത്ത് ജീവിച്ചിരുന്നുവെന്നല്ലാതെ, പരസ്പരം കണ്ടുമുട്ടിയതായി സ്ഥിരീകരിക്കപ്പെടണമെന്ന് നിര്‍ബന്ധമാക്കിയില്ലെന്നതാണ് ഹദീസ് സ്വീകരിക്കാനുള്ള നിബന്ധനകളില്‍ അദ്ദേഹം സ്വീകരിച്ച അയവ്. കര്‍മശാസ്ത്രപരമായ വിഷയക്രമമാണ് ഇമാം മുസ്‌ലിം സ്വീകരിച്ചത്. ഇമാം ബുഖാരി ചെയ്ത പോലെ ഹദീസുകള്‍ വിഷയാധിഷ്ഠിതമാക്കുകയോ സ്വന്തം ഗവേഷണങ്ങളും നിരീക്ഷണങ്ങളും ഉള്‍പ്പെടുത്തി തലക്കെട്ടുകള്‍ നല്‍കുകയോ ചെയ്തിട്ടില്ല. ഒരു വിഷയത്തില്‍ ഒന്നിലധികം പരമ്പരകളിലൂടെ വന്ന ഹദീസുകള്‍ ഒരേ അധ്യായത്തില്‍ ചേര്‍ക്കുന്ന രീതിയാണ് ഇമാം മുസ്‌ലിമിന്റേത്.
3 ലക്ഷം ഹദീസുകളില്‍നിന്ന് ഉയര്‍ന്ന മാനദണ്ഡങ്ങളും നിബന്ധനകളും പൂര്‍ത്തിയായ പന്ത്രണ്ടായിരം ഹദീസുകള്‍ ഉള്‍ക്കൊള്ളുന്ന ‘സ്വഹീഹു മുസ്‌ലിം’ നീണ്ട പതിനഞ്ചു വര്‍ഷം കൊണ്ടാണദ്ദേഹം പൂര്‍ത്തിയാക്കിയത് എന്ന് പറയുമ്പോള്‍ രചനയില്‍ സ്വീകരിച്ച സൂക്ഷ്മതയും സാവകാശവും കണിശതയും മനസ്സിലാക്കാവുന്നതാണ്. തിരുസുന്നത്തിന്റെ സുരക്ഷിതത്വത്തില്‍ അദ്ദേഹം സമര്‍പ്പിച്ച അനര്‍ഘമായ സംഭാവന അംഗീകരിച്ചുകൊണ്ട് തന്നെ ഇമാംബുഖാരിയുടെ തൊട്ടടുത്ത സ്ഥാനമാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അദ്ദേഹത്തിന് കല്‍പിച്ചുകൊടുത്തത്. അല്‍ഹാകിം അബൂഅഹ്മദ് അന്നൈസാബൂരി പറയുന്നു: ‘മുഹമ്മദുബ്‌നു ഇസ്മാഈലിനെ അല്ലാഹു അനുഗ്രഹിക്കട്ടെ! ഹദീസ്ശാസ്ത്രത്തിന്റെ മൗലിക തത്വങ്ങള്‍ അദ്ദേഹം ക്രോഡീകരിച്ചു. മുസ്‌ലിമുബ്‌നുല്‍ ഹജ്ജാജിനെപ്പോലെ ശേഷം വന്നവരെല്ലാം അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ നിന്നാണ് എടുത്തത്.’
ഇമാം ദാറഖുത്വ്‌നി, സ്വഹീഹ് ബുഖാരിയെയും സ്വഹീഹ് മുസ്‌ലിമിനെയും ബന്ധപ്പെടുത്തി പറഞ്ഞു: ”ബുഖാരിയില്ലായിരുന്നുവെങ്കില്‍ മുസ്‌ലിം പോവുകയും വരികയും ചെയ്യുമായിരുന്നില്ല.”
ഗ്രന്ഥരചനയില്‍ മാത്രമല്ല, ഇബാദത്തിലും ഭക്തിയിലും സൂക്ഷ്മതയിലും ഉന്നത നിലവാരം പുലര്‍ത്തിയ ഇമാം മുസ്‌ലിം ജനഹൃദയങ്ങളിലും ഉന്നതസ്ഥാനം കരസ്ഥമാക്കി. മഹാന്മാരായ പണ്ഡിതന്മാരുടെ പ്രശംസാവചനങ്ങള്‍ ഇതല്ലാതെ മറ്റെന്താണ് തെളിയിക്കുന്നത്! സമകാലിക പണ്ഡിതന്മാരില്‍ ഒരാളായ അഹ്മദുബ്‌നു സലമ പറഞ്ഞു. ‘അബൂ സറുഅയും അബൂഹാത്തിമും ആ കാലഘട്ടത്തിലെ മഹാന്മാരേക്കാള്‍ മുസ്‌ലിമുബ്‌നു ഹജ്ജാജിന് മുന്‍ഗണന നല്‍കുന്നതായി കണ്ടു.’
ഇസ്ഹാഖുബ്‌നു മന്‍സ്വൂര്‍, ‘അല്ലാഹു താങ്കളെ അവശേഷിപ്പിക്കുന്ന കാലത്തോളം ഞങ്ങള്‍ക്ക് നന്മ നിഷേധിക്കപ്പെടുകയില്ല’ എന്ന് ഇമാം മുസ്‌ലിമിനോട് നേരില്‍തന്നെ പറഞ്ഞു. അദ്ദേഹത്തിന്റെ ഗുരുവായ മുഹമ്മദുബ്‌നു അബ്ദുല്‍ വഹാബ് പറഞ്ഞു: ‘ജനങ്ങളുടെ പണ്ഡിതനായിരുന്നു മുസ്‌ലിം. ഉത്തമനായിട്ടാണ് ഞാനദ്ദേഹത്തെ അറിയുന്നത്.’
സ്വഹീഹ് മുസ്‌ലിമില്‍നിന്ന് പണ്ഡിതന്മാര്‍ പന്ത്രണ്ടിലധികം ഉപഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ബുഖാരിയോടുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് വേറെയും. ചിലര്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടര്‍മാരെക്കുറിച്ച് എഴുതിയപ്പോള്‍, മറ്റുചിലര്‍ സ്വഹീഹ് മുസ്‌ലിമിനെ വിശദീകരിച്ചും സംക്ഷേപിച്ചും ഗ്രന്ഥങ്ങളെഴുതി. അദ്ദേഹത്തിന്റെ ഗ്രന്ഥത്തിന് ലഭിച്ച സ്വീകാര്യതയും അംഗീകാരവുമാണ് ഇതെല്ലാം തെളിയിക്കുന്നത്.
ഇമാം മുസ്‌ലിം ഹി. 261-ല്‍ റജബ് മാസത്തില്‍ നൈസാബൂരിലെ ‘നസറാബാദ്’ എന്ന ഗ്രാമത്തില്‍ 61-ാമത്തെ വയസ്സില്‍ നിര്യാതനായി.

You may also like