പേര്: അബൂദാവൂദ് സുലൈമാനുബ്‌നു അശ്അഥിബ്‌നി ഇസ്ഹാഖ് സജിസ്താനി.
ജനനം: ഹി. 202-ല്‍ സീസ്താനില്‍ (അറബി രൂപം സജിസ്താന്‍ എന്നാണ്. ബലൂചിസ്താനിന്റെ സമീപപ്രദേശമാണിത്)
ജീവിതത്തിന്റെ സിംഹഭാഗവും അദ്ദേഹം ബഗ്ദാദിലാണ് കഴിച്ചുകൂട്ടിയത്. പ്രസിദ്ധമായ തന്റെ സുനനിന്റെ രചന നിര്‍വഹിച്ചതും അവിടെ വെച്ചുതന്നെ. ഹിജ്‌റ 271-ല്‍ വിജ്ഞാനങ്ങളുടെ കേന്ദ്രമായി മാറിക്കഴിഞ്ഞിരുന്ന ബസ്വറയിലേക്ക് താമസം മാറ്റി. ഹി. 275-ല്‍ അവിടെ വെച്ചു മരണപ്പെട്ടു.
പഠനം: ഹദീസ് വിജ്ഞാനീയങ്ങളുടെ സുവര്‍ണ കാലത്താണ് അദ്ദേഹം ജീവിച്ചത്. അക്കാലത്തെ പ്രസിദ്ധരായ മുഴുവന്‍ ഹദീസ് പണ്ഡിത ശ്രേഷ്ഠന്മാരില്‍നിന്നും അദ്ദേഹം വിജ്ഞാനം നേടി. പ്രസ്തുത ലക്ഷ്യത്തിനായി ഇറാഖ്, ഖുറാസാന്‍, സിറിയ, ഈജിപ്ത് തുടങ്ങിയ നാടുകള്‍ സന്ദര്‍ശിച്ചു. അബൂദാവൂദിന്റെ ഗുരുവര്യന്മാരുടെ എണ്ണം തിട്ടപ്പെടുത്താനാവില്ല എന്നാണ് ഖത്വീബ് തിബ്‌രീതി പറയുന്നത്. ഇബ്‌നുഹജറിന്റെ നിഗമനമനുസരിച്ച് അത് മുന്നൂറോളമാണ്. ഇമാം ബുഖാരിയുടെ ഉന്നത ശീര്‍ഷരായ പല ഗുരുവര്യന്മാരും അബൂദാവൂദിന്റെയും ഗുരുനാഥന്മാരാണ്. ഇമാം അഹ്മദുബ്‌നു ഹമ്പല്‍, ഖഅ്‌നബി, അബുല്‍ വലീദ് ത്വയാലിസി, യഹ്‌യബ്‌നു മഈന്‍ എന്നിവര്‍ ഉദാഹരണം. ധാരാളം ശിഷ്യഗണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. തിര്‍മിദി, നസാഈ തുടങ്ങിയവര്‍ക്കു പുറമെ സ്വപുത്രന്‍ അബ്ദുല്ലയും ഈ ഗണത്തിലുണ്ട്. ഗുരുനാഥനായ ഇമാം ഇബ്‌നു ഹമ്പലും അദ്ദേഹത്തില്‍നിന്ന് ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.
മദ്ഹബ്
അബൂദാവൂദ് ഏത് മദ്ഹബുകാരനാണ് എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. നവാബ് സിദ്ദീഖ് ഹസന്‍ ഭോപാലിയുടെ അഭിപ്രായത്തില്‍ അദ്ദേഹം ശാഫിഈ മദ്ഹബുകാരനാണ്. ഇബ്‌നുതൈമിയ്യയുടെ വീക്ഷണത്തില്‍ ഹമ്പലിയാണ്. ചില ഫിഖ്ഹീ വീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടി, ഹമ്പലീ മദ്ഹബുകാരനെന്ന് സ്ഥാപിക്കാനാണ് മിക്ക പണ്ഡിതന്മാരും ശ്രമിച്ചിട്ടുള്ളത്.
രചനയുടെ പ്രേരകം
ഹദീസ് പണ്ഡിതന്മാര്‍ ചില പ്രത്യേക രീതിയില്‍ ഹദീസുകള്‍ ക്രോഡീകരിക്കുന്നത് ചില ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്. പലരും ഹദീസുകള്‍ അക്ഷരം പിഴക്കാതെ അതിസൂക്ഷ്മമായി ഉദ്ധരിക്കാനാണ് നിഷ്‌കര്‍ഷ പുലര്‍ത്തിയത്. കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ അവര്‍ അത്ര ഗൗനിച്ചിരുന്നില്ല. ഇത് ഇമാമുമാരെ കുറിച്ച് അബദ്ധജടിലമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരാന്‍ ഇടയാക്കി. ഇമാം അബൂഹനീഫയെക്കുറിച്ച് ഹുമൈദിയും ഇമാം ശാഫിഈയെക്കുറിച്ച് അഹ്മദുബ്‌നു അബ്ദില്ലാഹ് അല്‍ അജലിയും നടത്തിയ വിമര്‍ശനങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. അതിനാല്‍ കര്‍മശാസ്ത്രകാരന്മാരുടെ അഭിപ്രായങ്ങള്‍ കൂടി തന്റെ സുനനില്‍ ഉള്‍പ്പെടുത്താന്‍ അബൂദാവൂദ് ശ്രദ്ധിച്ചു. ഇമാമുമാരായ മാലിക്, സൗരി, ശാഫിഈ തുടങ്ങിയവരുടെ മദ്ഹബുകളുടെ അവലംബങ്ങള്‍ തന്റെ ഈ ഗ്രന്ഥത്തില്‍ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. നാലുപേരാണ് അബൂദാവൂദില്‍നിന്ന് ഈ സുനന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൂന്ന് പേരുടെ കോപ്പികളില്‍ മുന്‍ഗണനാ ക്രമത്തിലുള്ള ചില വ്യത്യാസങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പോരായ്മകളോ അധികപ്പറ്റോ ഒന്നും കാണുകയില്ല. നാലാമത്തെ റിപ്പോര്‍ട്ടര്‍ ഇബ്‌നുല്‍ അഅ്‌റാബി എന്ന പേരില്‍ വിശ്രുതനായ ഹദീസ് പണ്ഡിതനാണ്. അദ്ദേഹത്തിന്റെ കോപ്പിയില്‍ മറ്റു റിപ്പോര്‍ട്ടുകളിലുള്ള അപേക്ഷിച്ച് ഏതാനും ഭാഗങ്ങള്‍ ഇല്ല.
സ്വീകാര്യത
മുസ്‌ലിം പണ്ഡിതലോകത്ത് സ്വീകാര്യത നേടിയ ഗ്രന്ഥമാണിത്. ഖത്താബിയുടെ അഭിപ്രായമനുസരിച്ച് സുനനു അബീദാവൂദ് പോലുള്ളൊരു ഗ്രന്ഥം നാളിതുവരെ രചിക്കപ്പെട്ടിട്ടില്ലത്രെ. ഹദീസ് നിവേദന – നിരൂപണത്തില്‍ അതിതീവ്രത പുലര്‍ത്തുന്ന ഇബ്‌നുല്‍ ജൗസി, തിര്‍മിദിയുടെ മുപ്പതും, നസാഇയുടെ പത്തും അബൂദാവൂദിന്റെ ഒമ്പതും എണ്ണം ഹദീസുകള്‍ വ്യാജ നിര്‍മിതമെന്ന് വാദിച്ചിട്ടുണ്ട്. ഇതിന് പണ്ഡിതലോകം മറുപടിയും പറഞ്ഞിട്ടുണ്ട്. സുനന്‍ അര്‍ബഅഃയില്‍ അബൂദാവൂദിന്റേതാണ് സ്വീകാര്യതയില്‍ മുന്നിട്ടുനില്‍ക്കുന്നത്.
പ്രത്യേകതകള്‍
ഒരേ സനദില്‍ വ്യത്യസ്ത സനദുകള്‍ വിവരിക്കുന്നതു പോലെ ഒരേ മത്‌നില്‍ പല മത്‌നുകളും ഗ്രന്ഥകാരന്‍ വിവരിക്കാറുണ്ട്. മാത്രമല്ല, ഓരോ ഹദീസിലെയും വ്യത്യസ്ത പദങ്ങളെ പ്രത്യേകം എടുത്തുദ്ധരിക്കും. ഇതിലൂടെ ധാരാളം കാര്യങ്ങള്‍ക്ക് വ്യക്തത കിട്ടും. പദങ്ങളുടെ ഏറ്റക്കുറച്ചില്‍, വ്യത്യാസം, റിപ്പോര്‍ട്ടറുടെ വിശേഷണം. എന്നിവയൊക്കെ രേഖപ്പെടുത്തിയിരിക്കും. ഒരേ റാവിയുടെ രണ്ടു സനദുകളില്‍ ഒന്ന് ഹദ്ദസനായും മറ്റൊന്ന് അന്‍അനയും ആണെങ്കില്‍, ആദ്യത്തേതിന് മുന്‍ഗണനനല്‍കും. ചിലപ്പോള്‍ വളരെ നീണ്ട ഹദീസുകള്‍ ചുരുക്കി വിവരിക്കും. മറ്റുചിലപ്പോള്‍ ഒറ്റതലക്കെട്ടില്‍ വിവിധ വിഷയങ്ങളുള്‍ക്കൊള്ളുന്ന രിവായത്തുകള്‍ കൊണ്ടുവരും. അബ്ബാസീ ഭരണത്തിന്റെ സുവര്‍ണഘട്ടത്തിലായിരുന്നു ഇമാമിന്റെ ജനനം. പെരുമാറ്റമര്യാദകള്‍ (കിതാബുല്‍ ആദാബ്)ക്ക് തന്റെ സുനനില്‍ അദ്ദേഹം പ്രത്യേക സ്ഥാനം നല്‍കിയിട്ടുണ്ട്.
രിവായത്തുകളുടെ എണ്ണം
ലഭ്യമായ അഞ്ചുലക്ഷം ഹദീസുകളില്‍നിന്ന് അദ്ദേഹം 35 തലക്കെട്ടുകളിലായി കേവലം 4800 എണ്ണം മാത്രമാണ് തെരഞ്ഞെടുത്തത്. ഇതിനുപുറമെ 600 മുര്‍സലുകളും. ഇമാം ശാഫിഈ മുര്‍സലുകളെ അംഗീകരിക്കാറില്ല. എങ്കിലും പൂര്‍വികരായ ഭൂരിപക്ഷം പണ്ഡിതന്മാരും അതംഗീകരിക്കുന്നവരാണ്. മൊത്തം 1871 അധ്യായങ്ങളാണുള്ളത്. എന്നാല്‍ റിപ്പോര്‍ട്ടുകളുടെ ബലാബലത്തെക്കുറിച്ച് അബൂദാവൂദ് നിശ്ശബ്ദത പാലിച്ച ഹദീസുകളുടെ കാര്യത്തില്‍ പണ്ഡിതലോകത്ത് ഭിന്നാഭിപ്രായങ്ങള്‍ കാണാവുന്നതാണ്. മൊത്തത്തില്‍ കൊള്ളാമെന്നാണ് അവരുടെ നിഗമനം.
വ്യാഖ്യാനങ്ങള്‍
ഇരുപത്തി രണ്ടോളം വ്യാഖ്യാനങ്ങളും (ശര്‍ഹുകള്‍)വ്യാഖ്യാനക്കുറിപ്പുകളും (ഹാശിയ) അബൂദാവൂദിന്റെ ഈ ഹദീസ് സമാഹാരത്തിനുണ്ട്. അവയില്‍ ചിലത് അപൂര്‍ണമാണ്. ഖത്ത്വാബിയുടെ മആലിമുസ്സുനന്‍ സുയൂത്വിയുടെ മിര്‍ഖാത്തുസ്സുഊദാ ഇബ്‌നുല്‍ ഖയ്യിമിന്റെ തഹ്ദീബുസ്സുനന്‍ ഔനുല്‍ മഅ്ബൂദ് എന്ന സംക്ഷിപ്ത വിവരണവും എന്നിവയാണ് അറിയപ്പെടുന്ന വ്യാഖ്യാന കൃതികള്‍.
ഇമാം തിര്‍മിദി (റ)
പേര്: അബൂ ഈസാ മുഹമ്മദുബ്‌നു ഈസബ്‌നു സൗറ.
ജനനം: ഹി. 209-ല്‍ തിര്‍മിദ് എന്ന പുരാതന തീരപ്രദേശ പട്ടണത്തില്‍.
മരണം: 70-ാം വയസ്സില്‍ (ഹിജ്‌റ 279-ല്‍) തിര്‍മിദില്‍ തന്നെ.
കുട്ടിക്കാലത്ത് തന്നെ ഹദീസിനോട് വലിയ താല്‍പര്യം കാണിച്ചു. ഇമാം ബുഖാരിയുടെ പ്രശസ്തി നാടെങ്ങും വ്യാപിച്ച കാലമായിരുന്നു. തിര്‍മിദി പല നാടുകളിലും സഞ്ചരിച്ച് ഹദീസുകള്‍ പഠിച്ചു. ഇമാം ബുഖാരി, മുസ്‌ലിം, ആലിബ്‌നു ഹുജുര്‍, ഖുതൈ്വബ, മുഹമ്മദുബ്‌നു ബശ്ശാര്‍, അബൂദാവൂദ് തുടങ്ങിയ പ്രമുഖരായിരുന്നു ഗുരുക്കന്മാര്‍. ഇമാം ബുഖാരിയുടെ അരുമ ശിഷ്യനായിരുന്നു തിര്‍മിദി. ബുഖാരി അദ്ദേഹത്തില്‍നിന്ന് രണ്ട് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസിദ്ധരായ ഒട്ടേറെ ശിഷ്യഗണങ്ങളുടെ പരമ്പരതന്നെ തിര്‍മിദിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മശക്തി അപാരമായിരുന്നു. അത് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഫിഖ്ഹ്, തഫ്‌സീര്‍ വിഷയങ്ങളില്‍ അദ്ദേഹത്തിന് നല്ല അവഗാഹമുണ്ടായിരുന്നു. നിരവധി വിഷയങ്ങളെ അധികരിച്ച് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. എട്ട് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഹദീസ് ഗ്രന്ഥങ്ങളെയാണ് ‘ജാമിഅ്’ എന്ന് വിളിക്കുന്നത്. തിര്‍മിദിയുടെ സമാഹാരം ഈ വിശേഷണത്തിന് അര്‍ഹമാണ്. എന്നാല്‍ കര്‍മശാസ്ത്ര വിഷയങ്ങളുടെ ക്രോഡീകരണം പോലെ ശുചിത്വം, നമസ്‌കാരം, സകാത്ത്, നോമ്പ് എന്നീ ക്രമമനുസരിച്ച് രചിക്കപ്പെട്ട ഗ്രന്ഥമായതുകൊണ്ട് ഇതിന് ‘സുനന്‍’ എന്നും പേര്‍ വിളിക്കാറുണ്ട്.
പ്രത്യേകതകള്‍
സച്ചരിതരായ മുന്‍ഗാമികളുടെ അഭിപ്രായങ്ങള്‍ ഈ സുനനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മെച്ചപ്പെട്ട ക്രോഡീകരണമാണ്. ആവര്‍ത്തന വിരസതയില്ല. കര്‍മശാസ്ത്ര പണ്ഡിതന്മാരെക്കുറിച്ചും അവരുടെ വീക്ഷണങ്ങളെക്കുറിച്ചും അവര്‍ നിരത്തുന്ന തെളിവുകളെക്കുറിച്ചും വിവരണങ്ങള്‍ കാണാം. ഹദീസുകളുടെ ഇനങ്ങള്‍ (സ്വഹീഹ്, ഹസന്‍, ദഈഫ്, ഗരീബ്, മുഅല്ലല്‍ മുതലായവ) വിശദീകരിക്കുന്നു. ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ പേരുകള്‍, സ്ഥാനപ്പേരുകള്‍, ഓമനപ്പേരുകള്‍ എന്നിവ സംബന്ധിച്ച പ്രത്യേക നിരൂപണങ്ങളും തിര്‍മിദി നടത്തിയിട്ടുണ്ട്.
ഹദീസുകളില്‍ ഹസന്‍ എന്ന ഒരിനത്തിന്റെ ഉപജ്ഞാതാവ് തിര്‍മിദിയാണെന്ന് ഇബ്‌നുസ്സ്വലാഹ് അഭിപ്രായപ്പെട്ടിട്ടുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്പെടുക തിര്‍മിദിയുടെ സമാഹാരമാണ് എന്നൊരു അഭിപ്രായവുമുണ്ട്. സ്വഹീഹു ബുഖാരിയും സ്വഹീഹു മുസ്‌ലിമും അഗാധ പാണ്ഡിത്യമുള്ളവര്‍ക്കു മാത്രമേ പ്രയോജനപ്പെടൂ എന്നാണവരുടെ ന്യായം.
ഓരോ വിഷയത്തിലും പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ (മദ്ഹബ്) ക്രോഡീകരിക്കുക തിര്‍മിദിയുടെ ഒരു പ്രധാന ലക്ഷ്യമായിരുന്നു. മുന്‍ഗാമികളും സമകാലികരുമായ നിരവധി പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ സുനനില്‍ സമാഹരിച്ചതായി കാണാം. ഇമാം ഔസാഈ, സൗരി, ഇസ്ഹാഖ് മറൂസി തുടങ്ങിയവര്‍ക്ക് അവര്‍ ജീവിച്ചിരുന്ന കാലത്ത് അനുയായികളുണ്ടായിരുന്നെങ്കിലും പിന്നീട് അവരുടെ മദ്ഹബുകള്‍ അപ്രത്യക്ഷമായി. അവരുടെ അഭിപ്രായങ്ങള്‍ അറിയാനുള്ള ഇന്നത്തെ മുഖ്യ അവലംബങ്ങളിലൊന്ന് തിര്‍മിദിയുടെ സുനന്‍ ആണ്.
മറ്റുചില സവിശേഷതകള്‍
1. തിര്‍മിദി അധ്യായങ്ങള്‍ക്ക് പ്രസിദ്ധമായ ഒരു ഹദീസോടെയാണ് തുടക്കം കുറിക്കുക. അതിന്റെ സനദ് അദ്ദേഹത്തിന് സ്വീകാര്യമായിരിക്കും. മാത്രമല്ല, സ്വിഹാഹുസ്സിത്തക്കാരും ആ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിരിക്കും. ശേഷം അത്ര പ്രസിദ്ധമല്ലാത്ത മറ്റൊരു ഹദീസ് ഉദ്ധരിച്ച് അധ്യായത്തിന് കൊടുത്ത തലക്കെട്ടിനോട് നീതി പുലര്‍ത്തും. രണ്ടാമത്തെ ഹദീസിന് ആദ്യത്തേതിന്റെ നിലവാരം ഉണ്ടാവണമെന്നില്ല. തുടര്‍ന്ന് പ്രസ്തുത വിഷയം റിപ്പോര്‍ട്ട് ചെയ്ത പലരുടെയും പേരുകള്‍ (ആദ്യം റിപ്പോര്‍ട്ട് ചെയ്ത സ്വഹാബിയുടേത് ഉള്‍പ്പെടെ) ചേര്‍ക്കുന്നു. ഹദീസ് കുതുകികള്‍ക്ക് ഇത് വളരെ പ്രയോജനം ചെയ്യും. പ്രശസ്തമല്ലാത്ത ആ ഹദീസിനെക്കുറിച്ച വിശദാംശങ്ങള്‍ അതിലുണ്ടാവും എന്നതാണ് കാരണം.
2. സ്വഹാബിമാരുടെയും അവരുടെ പുത്രന്മാരുടെയും പേരുകളില്‍ ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ ദൂരീകരിക്കുന്നു. ഒരേ പേരിലുള്ളവയ്ക്ക് പ്രത്യേക വിശേഷണങ്ങള്‍ നല്‍കി വ്യക്തത നല്‍കുന്നു.
3. നീണ്ട ഹദീസുകളെ ചുരുക്കി അവതരിപ്പിക്കുന്നു.
4. ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, നസാഈ മുതലായവരുടെ നിലവാരത്തെ അപേക്ഷിച്ച് തിര്‍മിദി പിന്നിലാണെങ്കിലും ഗരീബായ ഹദീസുകള്‍ കൊടുത്തശേഷം പ്രസ്തുത വിഷയത്തിലുള്ള സ്വഹീഹായ മറ്റു ഹദീസുകളിലേക്ക് വിരല്‍ ചൂണ്ടി സനദിലെ ശരികേടുകളെക്കുറിച്ച് ഉണര്‍ത്തുന്നു എന്നതിനാല്‍ തിര്‍മിദിയുടെ സ്ഥാനവും ഉയര്‍ന്നുതന്നെ നില്‍ക്കുന്നു.
5. പൊതുവെ രണ്ടു തലക്കെട്ടുകള്‍ നല്‍കാറുണ്ട്. ആദ്യത്തേത് ഹിജാസികളുടെയും രണ്ടാമത്തേത് ഇറാഖികളുടെയും മദ്ഹബുകളെ പിന്തുണക്കുന്നു. ഒന്നാമത്തേത് ഇമാം ശാഫിഇക്കും രണ്ടാമത്തേത് ഇമാം അബൂഹനീഫക്കും അവലംബമാണ്. ഹദീസ് സ്വഹീഹ് ഹസന്‍, ഹസന്‍ സ്വഹീഹ്, ഹദീസ് ഹസന്‍ സ്വഹീഹ് ഗരീബ് എന്നിങ്ങനെ ഇതില്‍ പ്രയോഗിച്ചത് കാണാം. ഇതിനൊക്കെ തിര്‍മിദിക്ക് സ്വന്തമായ വ്യാഖ്യാനങ്ങളുമുണ്ട്. പൊതുസ്വീകാര്യമായ നിര്‍വചനങ്ങളുമായി ഇവക്ക് ബന്ധമില്ല.
തന്റെ ഗ്രന്ഥത്തിലെ കറാഹിയ്യത്ത് എന്ന പ്രയോഗത്തിന് സന്ദര്‍ഭങ്ങളനുസരിച്ച് ‘നിഷിദ്ധം’ മുതല്‍ ‘അനുചിതം’ വരെ അര്‍ഥങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. പൂര്‍വകാല പണ്ഡിതലോകം അങ്ങനെയാണ് പ്രയോഗിച്ചു വന്നിട്ടുള്ളത്. പിന്‍മുറക്കാരാണ് സാധാരണക്കാര്‍ക്ക് ആശയക്കുഴപ്പമുണ്ടാകാതിരിക്കാന്‍ ഒറ്റ അര്‍ഥത്തില്‍ മാത്രം പ്രയോഗിച്ചത്.
ജാമിഅുത്തിര്‍മിദിക്ക് ധാരാളം ശര്‍ഹുകളുണ്ട്. ഇന്ത്യയിലെ പല പ്രമുഖ പണ്ഡിതന്മാരും ഇതിന് വിശദീകരണങ്ങള്‍ എഴുതുകയുണ്ടായി. കാരണം, ഈ ഗ്രന്ഥം ഏറെക്കാലമായി ഇന്ത്യയിലെ ഉയര്‍ന്ന മതപഠന സ്ഥാപനങ്ങളില്‍ ടെക്സ്റ്റായി പഠിപ്പിക്കപ്പെടുന്നുണ്ട്.
ഇമാം നസാഈ (റ)
പേര്: അബൂഅബ്ദുര്‍റഹ്മാന്‍ അഹ്മദുബ്‌നി ശുഐബി ബ്‌നി അലി നസാഈ. ‘നസാ’ എന്നത് തുര്‍ക്കിസ്താനിലെ പ്രധാന പട്ടണമാണ്. അത് പഴയകാല ഖുറാസാന്റെ ഭാഗമാണ്. ഇന്നത്തെ വടക്ക് കിഴക്കന്‍ ഇറാനും (നീസാബൂര്‍) വടക്ക് അഫ്ഗാനിസ്താനും (ഹറാത്ത്, ബല്‍ഖ്) തുര്‍ക്കിസ്താനിലെ സംസ്ഥാനമായ മര്‍വയും ചേര്‍ന്നതാണ് ഖുറാസാന്‍. ഒട്ടുമിക്ക വൈജ്ഞാനിക ശാഖകളുടെയും കേന്ദ്രസ്ഥാനമായിരുന്നുവല്ലോ ഖുറാസാന്‍. ഗ്രന്ഥങ്ങള്‍ ബഹുഭൂരിപക്ഷവും അറബിയിലാണെങ്കിലും അവരാരും അറബികളായിരുന്നില്ല.
ജനനം: ഹിജ്‌റ 214/215-ല്‍. പ്രാഥമിക വിദ്യാഭ്യാസം എവിടെ വെച്ചായിരുന്നുവെന്ന് വ്യക്തമല്ല. ആ കാലത്ത് പഠനാവശ്യാര്‍ഥം ദൂരദിക്കുകളിലേക്ക് ആളുകള്‍ പോകുന്നത് പതിവായിരുന്നു. ഹദീസിനുവേണ്ടി മുഹദ്ദിസുകള്‍ എത്ര ദൂരവും സഞ്ചരിക്കുന്ന കാലം. സമയവും ക്ലേശവും അവര്‍ക്ക് പ്രശ്‌നമേ ആയിരുന്നില്ല. ഇമാം നസാഈ നാട്ടില്‍നിന്ന് ബഗ്ദാദിലുള്ള ഖുതൈബബ്‌നു സഈദിന്റെ അടുത്തേക്ക് യാത്രതിരിച്ചു. അന്നദ്ദേഹത്തിന് 15 വയസ്സായിരുന്നു പ്രായം. പിന്നീടദ്ദേഹം അക്കാലത്തെ വലിയ വിജ്ഞാന കേന്ദ്രങ്ങളിലേക്ക് സഞ്ചരിച്ചു. അവിടെനിന്നും ഹദീസുകള്‍ ശേഖരിച്ചു. ഇസ്ഹാഖുബ്‌നു റാഹ്‌വൈഹും അബൂസുര്‍അഃയും ഇമാം ഇബ്‌നു ഹമ്പലും അദ്ദേഹത്തിന്റെ മകന്‍ അബ്ദുല്ലയും ഇമാം ബുഖാരിയുമെല്ലാം അദ്ദേഹത്തിന്റെ ഗുരുനാഥന്മാരുടെ പട്ടികയില്‍ പെടുന്നു. നസാഇയുടെ ശിഷ്യന്മാരില്‍ മകന്‍ അബ്ദുല്‍ കരീം, (ഹി. 277-344) ഇമാം ത്വബ്‌റാനി, അബൂ അവാനഃ ഇമാം ത്വഹാവി, ഇബ്‌നുസ്സുന്നീ എന്ന നാമധേയത്തില്‍ വിഖ്യാതനായ ഇമാം അബൂബക്ര്‍ ദയ്‌നവരി തുടങ്ങി ധാരാളം പ്രമുഖരുണ്ട്.
ഇമാം നസാഈ തികഞ്ഞ മതഭക്തനായിരുന്നു. രാവും പകലും ഇബാദത്തുകളില്‍ മുഴുകും. പതിവായി ഹജ്ജ് ചെയ്യുന്നതിനുപുറമെ ധര്‍മസമരത്തിലും അദ്ദേഹം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഭരണവര്‍ഗത്തില്‍നിന്ന് ഏറെ അകലംപാലിച്ച അദ്ദേഹം കുറച്ചു കാലം ഹിംസ്വിലെ ജഡ്ജ് ആയിരുന്നതായി ഇബ്‌നു കസീര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സുന്നത്തുകളെ വല്ലാതെ സ്‌നേഹിച്ച അദ്ദേഹത്തിന് ഒന്നിടവിട്ട ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്ന പതിവും ഉണ്ടായിരുന്നു. എന്നാല്‍ ബിദ്അത്തുകളെ പാടെ അവഗണിക്കുകയും അവയോട് സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഫലമായിരുന്നു ജീവിതാന്ത്യത്തില്‍ അദ്ദേഹത്തിന് ഏല്‍ക്കേണ്ടിവന്ന മര്‍ദനമുറകള്‍.
ഉന്നതസ്ഥാനീയരായ നിരവധി ഹദീസ് പണ്ഡിതന്മാര്‍ നസാഇയുടെ ഹദീസ് പാണ്ഡിത്യത്തെ പൂര്‍ണമായി അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സമകാലികരായി ഹദീസ് വിജ്ഞാനീയത്തിന്റെ മുഴുവന്‍ ശാഖകളിലും ഇത്രത്തോളം സൂക്ഷ്മത പുലര്‍ത്തിയ പണ്ഡിത ശ്രേഷ്ഠന്മാര്‍ വേറെയില്ല എന്നതാണ് സത്യം. ഈജിപ്തില്‍ താമസമാക്കിയിരുന്ന നസാഈ, ഹി. 302-ല്‍ ദമസ്‌കസിലേക്ക് വന്നപ്പോള്‍, ദീര്‍ഘകാലം അമവി ഭരണത്തിന്‍ കീഴില്‍ ജീവിച്ച ജനങ്ങള്‍ ഖവാരിജുകളോട് കൂടുതല്‍ അടുപ്പവും അലി(റ)യോടും കുടുംബത്തോടും വിദ്വേഷവും പുലര്‍ത്തുന്നതായി കണ്ടു. തുടര്‍ന്നദ്ദേഹം അലി(റ) യെക്കുറിച്ച് ഒരു ഗ്രന്ഥം രചിക്കുകയുണ്ടായി. അവിടത്തെ വലിയ പള്ളിയിലെ മിമ്പറില്‍വെച്ച് പ്രസ്തുത പുസ്തകം പരസ്യമായി വായിച്ചുകേള്‍പ്പിച്ചു. അപ്പോഴേക്കും ആളുകള്‍ ക്ഷുഭിതരായി അദ്ദേഹത്തെ മാരകമായി മുറിവേല്‍പിക്കുകയും ശീഈയാണെന്ന് ആരോപിക്കുകയും ചെയ്തു. തളര്‍ന്നവശനായ അദ്ദേഹം മക്കയില്‍വെച്ച് മരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഹിജ്‌റ 303-ല്‍ 88-ാം വയസ്സില്‍ മക്കയില്‍ മരിച്ചു.
സത്യത്തില്‍ അദ്ദേഹം ശീഈ ആയിരുന്നില്ല. എന്നാല്‍ ഇബ്‌നു ഖല്ലിക്കാനും ഇബ്‌നുകസീര്‍പോലും അദ്ദേഹത്തിന് അല്‍പം ശീഇസമുണ്ടെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇബ്‌നുഹജറും ദഹബിയും ഈ വിഷയത്തില്‍ നിശ്ശബ്ദത പാലിച്ചിരിക്കുന്നു. എന്നാല്‍ നസാഈ പില്‍ക്കാലത്ത് സ്വഹാബത്തിനെ മഹത്വപ്പെടുത്തി ‘ഫദാഇല്‍ അസ്വ്ഹാബ’ എഴുതിയത് ശ്രദ്ധേയമാണ്. ചിലര്‍ ഇദ്ദേഹത്തെ ശാഫിഈ പക്ഷക്കാരന്‍ എന്ന് പറഞ്ഞിട്ടുണ്ട്. ചില പ്രത്യേക വീക്ഷണങ്ങള്‍ മുന്‍നിര്‍ത്തി ചില പണ്ഡിതന്മാര്‍ അദ്ദേഹം ഹമ്പലി പക്ഷക്കാരനാണെന്നും പറഞ്ഞിട്ടുണ്ട്. നസാഇക്ക് ഒരു പ്രത്യേക മദ്ഹബുമില്ലെന്ന് ശഠിച്ച് പറയുന്നവരുമുണ്ട്. വാര്‍ധക്യകാലത്ത് പോലും ആരോഗ്യവാനായിരുന്ന നസാഈ ധാരാളം ഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയാണ്. റിപ്പോര്‍ട്ടര്‍മാരുടെ നിരൂപണത്തില്‍ അതിതീവ്രത പുലര്‍ത്തുന്ന വ്യക്തി എന്നാണ് അദ്ദേഹത്തെക്കുറിച്ച് വിലയിരുത്തപ്പെട്ടിട്ടുള്ളത്. നസാഇയുടെ സുനന്‍ കുബ്‌റാ, സുനന്‍ സ്വുഗ്‌റാ എന്നീ രണ്ടു ഗ്രന്ഥങ്ങളാണ് വളരെ പ്രസിദ്ധമായത്. സ്വിഹാഹുസ്സിത്തയില്‍ സുനന്‍ സുഗ്‌റായാണ് അംഗീകരിക്കപ്പെട്ടത്. ഇതിന് അല്‍മുജ്തബാ എന്നും അല്‍മുജ്തനാ എന്നും പേരുകളുണ്ട്. രണ്ടും ഏകദേശം ഒരേ അര്‍ഥം (വേര്‍തിരിച്ചെടുത്തത്) തന്നെയാണ് ധ്വനിപ്പിക്കുന്നത്.
ഫലസ്ത്വീനിലെ ‘റയ’യുടെ ഗവര്‍ണര്‍ക്ക് നസാഈ തന്റെ സുനന്‍ കുബ്‌റാ സമര്‍പ്പിച്ചു. ഈ ഗ്രന്ഥം തീര്‍ത്തും സ്വഹീഹാണോ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ നസാഇയുടെ മറുപടി അല്ലെന്നായിരുന്നു. സ്വഹീഹ് മാത്രമുള്ള ഒരു ഗ്രന്ഥത്തിന്റെ ആവശ്യം അമീര്‍ അറിയിച്ചപ്പോഴാണ് സുനന്‍ സ്വുഗ്‌റാക്ക് നസാഈ രൂപം നല്‍കിയതെന്ന് പറയപ്പെടുന്നു. ഈ സംഭവം പല പണ്ഡിതന്മാരും ഉദ്ധരിക്കുന്നുണ്ടെങ്കിലും ദഹഖിയെപ്പോലുള്ളവര്‍ ഇത് സമ്മതിക്കുന്നില്ല. അവരുടെ വീക്ഷണമനുസരിച്ച്, ശിഷ്യന്‍ ഇബ്‌നുസുന്നി സംഗ്രഹിച്ചെടുത്തതാണ് സ്വുഗ്‌റാ. നസാഇയുടെ മേല്‍നോട്ടത്തില്‍ ഇബ്‌നുസ്സുന്നീ ഇത് സംഗ്രഹിച്ചിരിക്കാനാണ് കൂടുതല്‍ സാധ്യത. ‘കുബ്‌റാ’യിലുള്ള മിക്ക ഹദീസുകളും സ്വഹീഹാണ്, ചിലതിന് ന്യൂനതകളുണ്ടെങ്കിലും. എന്നാല്‍ മുജ്തബായിലേത് മുഴുവനും സ്വഹീഹാണ് എന്ന് നസാഈ തന്നെ പ്രസ്താവിച്ചിട്ടുണ്ട്.
പ്രത്യേകതകള്‍
ബുഖാരിയുടെയും മുസ്‌ലിമിന്റെയും ശൈലി, ഭദ്രവും സുന്ദരവുമായ ക്രമീകരണം, സനദിലെ പോരായ്മകളെക്കുറിച്ച വിശദീകരണം എന്നീ കാരണങ്ങളാല്‍ നസാഇയുടെ സമാഹാരം ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഹദീസുകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ അദ്ദേഹം കടുത്ത നിബന്ധനകള്‍ ചുമത്തി. അബൂദാവൂദും തിര്‍മിദിയും രിവായത്ത്‌ചെയ്യുന്ന ആളുകളെപ്പോലും ഒഴിവാക്കി. അതിനാല്‍ ബുഖാരി-മുസ്‌ലിമിനെക്കാള്‍ തീവ്രമായ നിബന്ധനകളാണ് നസാഇയുടേതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ബുഖാരിക്കും മുസ്‌ലിമിനും ശേഷം നസാഇക്ക് മൂന്നാം സ്ഥാനം നല്‍കണമെന്നാണ് അവരുടെ പക്ഷം.
റാവിമാരുടെ പേരുകള്‍, അവരുടെ ഇരട്ടപ്പേരുകള്‍ തുടങ്ങിയവ തിര്‍മിദിയെപ്പോലെ നസാഇയും വ്യക്തമായി രേഖപ്പെടുത്തുന്നു. പോരായ്മകള്‍ വിവരിക്കുമ്പോള്‍ ശരി തെറ്റുകളെക്കുറിച്ച് സ്വന്തം തീരുമാനം പ്രഖ്യാപിക്കും. ഇത് ഹദീസ് പണ്ഡിതലോകത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കാറുണ്ട്. അധ്യായങ്ങളില്‍ കര്‍മശാസ്ത്രസംബന്ധിയായ വിഷയങ്ങളില്‍ ഗുരുവര്യനായ ബുഖാരിയുടെ സ്വാധീനം എങ്ങും ദൃശ്യമാണ്.
വ്യാഖ്യാനങ്ങള്‍
മറ്റു ഹദീസ് ഗ്രന്ഥങ്ങള്‍ക്കുള്ളതുപോലെ ധാരാളം വ്യാഖ്യാനകൃതികള്‍ നസാഇക്ക് ഉണ്ടായിട്ടില്ല. ആറു നൂറ്റാണ്ടിന് ശേഷം ഹി. 911-ല്‍ ജലാലുദ്ദീന്‍ സുയൂത്വിയാണ് ആ ദൗത്യം ഏറ്റെടുത്തത്. മറ്റൊന്ന് മുഹമ്മദുബ്‌നു അബ്ദില്‍ ഹാദിസിന്തിയുടെതാണ്. ഇത് സുയൂത്വിയെ അപേക്ഷിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍ സ്വിഹാഹുകള്‍ക്ക് അബൂനഫ്‌സ് സര്‍റാജ് എഴുതിയ ശര്‍ഹുകളുടെ കൂട്ടത്തില്‍ ബുഖാരി, മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ് എന്നീ നാലെണ്ണത്തിലും വരാത്ത ഹദീസുകളുടെ വിവരണം ഒരു പ്രത്യേക വാള്യത്തില്‍ ക്രമീകരിച്ചിരിക്കുന്നു. പക്ഷേ, അതെവിടെയും ലഭ്യമല്ല.
ഇമാം ഇബ്‌നുമാജ (റ)
പേര്: അബൂഅബ്ദില്ലാഹ് മുഹമ്മദിബ്‌നി യസീദ് അര്‍റബഈ അല്‍ഖസ്‌വീനി. പരക്കെ അറിയപ്പെടുന്നത് ഇബ്‌നുമാജ എന്ന നാമത്തില്‍. മാജഃ എന്ന പേര് പിതാവിന്റേതോ മാതാവിന്റേതോ പിതാമഹന്റേതോ ആയിരിക്കാം. റബഈക്ക് റബീഅഃയുമായാണ് ബന്ധം. ഖസ്‌വീനാകട്ടെ, ഇറാനിലെ പ്രസിദ്ധമായ നഗരവും.
ജനനം: ഹി. 209-ല്‍. അദ്ദേഹത്തിന്റെ ജന്മനാട് പണ്ഡിതശ്രേഷ്ഠന്മാരുടെ ഈറ്റില്ലം തന്നെയായിരുന്നു. അലിയ്യുബ്‌നു മുഹമ്മദ് ത്വനാഫസീ (ഹി. 233-ല്‍ മരണം), അംറുബ്‌നു റാഫിഅ് ബജൂലി (മരണം ഹി. 237), ഇസ്മാഈല്‍ ഖസ്‌വീനി (മരണം ഹി. 247-ല്‍), ഹാറൂന്‍ തമീമി (മരണം ഹി. 248-ല്‍), മുഹമ്മദുബ്‌നു അബൂഖാലിദ് ഖസ്‌വീനി തുടങ്ങിയ പണ്ഡിതന്മാര്‍ ഉദാഹരണം.
ആദ്യകാലങ്ങളില്‍ നാട്ടില്‍ തന്നെയായിരുന്നു ഹദീസ്പഠനം. പിന്നീട് ഇറാഖ്, ബസ്വറ, കൂഫ, ബഗ്ദാദ്, മക്ക, സിറിയ, ഈജിപ്ത് ഇറാനിലെ പുരാതന നഗരമായ റയ്യ് എന്നിവിടങ്ങളിലേക്ക് യാത്രചെയ്ത് ഹദീസുകള്‍ ശേഖരിച്ചു. പലനാടുകളിലും അദ്ദേഹം സഞ്ചരിച്ചതായി ഇബ്‌നുഹജര്‍ രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഗുരുവര്യന്മാരുടെയും ശിഷ്യഗണങ്ങളുടെയും ശൃംഖല, പേരെടുത്ത് പറഞ്ഞുകൊണ്ട് ഹദീസ് പണ്ഡിതന്മാര്‍ വിസ്മയം രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നുമാജയുടെ ധിഷണയും ഓര്‍മശക്തിയും എല്ലാകാലത്തെയും പണ്ഡിതസമൂഹം അംഗീകരിച്ചിട്ടുണ്ട്. ഓരോ മുഹദ്ദിസിനെക്കുറിച്ചും മദ്ഹബീ അവകാശവാദങ്ങള്‍ ഉന്നയിക്കപ്പെട്ടതു പോലെ ഇബ്‌നു മാജയെക്കുറിച്ചും അത്തരം ചില വാദമുഖങ്ങള്‍ കാണാം. ചിലരുടെ വീക്ഷണത്തില്‍ അദ്ദേഹം ഹമ്പലിയാണെങ്കില്‍ വേറെ ചിലര്‍ക്ക് ശാഫിഈ പക്ഷക്കാരനാണ്.
ഇബ്‌നുമാജ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രധാനപ്പെട്ടത് ‘സുനന്‍ ഇബ്‌നുമാജ’ തന്നെയാണ്. തഫ്‌സീറും ചരിത്രഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
പ്രത്യേകതകള്‍
വിധിവിലക്കുകള്‍ പറയുന്ന സമഗ്രമായ ഗ്രന്ഥമായി ഇബ്‌നു ഹജര്‍ സുനനു ഇബ്‌നിമാജയെ വിശേഷിപ്പിക്കുന്നു. കര്‍മശാസ്ത്ര ക്രമീകരണങ്ങളുടെ മേന്മകാരണം ഇബ്‌നുകസീര്‍ പ്രയോജനപ്രദം എന്ന് അഭിപ്രായപ്പെടുന്നു. സ്വിഹാഹിലെ മറ്റ് അഞ്ച് ഗ്രന്ഥങ്ങളിലും ഇല്ലാത്ത അപൂര്‍വ ഹദീസ് ശേഖരമാണ് മുഖ്യമായും ചിലര്‍ എടുത്തുപറഞ്ഞ പ്രത്യേകത. ഇത്തരം ഹദീസുകള്‍ ദുര്‍ബലമാണെങ്കിലും പ്രസ്തുത വിഷയത്തില്‍ മറ്റു മുഹദ്ദിസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളും ഇബ്‌നുമാജയില്‍ കാണാം. അതാത് നാടുകളിലേക്ക് ഹദീസ് ചേര്‍ത്തുപറയുന്ന രീതിയും അദ്ദേഹത്തിനുണ്ട്. ഉദാഹരണത്തിന്, ‘ഇത് ഈജിപ്തുകാരുടെ ഹദീസാണ്’ എന്ന് പറയുന്നതുപോലെ.
ഹദീസുകള്‍ക്ക് ചുവടെ ചില നിര്‍ദിഷ്ട സംഭവങ്ങള്‍ പകര്‍ത്തുന്ന രീതിയും ഇബ്‌നുമാജക്കുണ്ട്. സനദ് ആലി (മികച്ച നിവേദനം)ക്ക് ഹദീസില്‍ വലിയ മഹത്വമുണ്ടല്ലോ. ബുഖാരിയുടെ ഒരു പ്രത്യേകത തന്നെ അതില്‍ 22 സുലാസിയാത്തുകള്‍ (കേവലം 3 റിപ്പോര്‍ട്ടര്‍മാരുള്ള ഹദീസ്) ഉണ്ടെന്നതാണ്. മുസ്‌ലിം, നസാഈ എന്നിവരുടെ ആലി റിപ്പോര്‍ട്ടുകള്‍ 4 പേരടങ്ങിയ റുബാഇയ്യാത്തുകളാണ്. എന്നാല്‍ ഇബ്‌നുമാജക്ക് 5 സുലാസിയാത്തുകള്‍ ഉണ്ട്. അഞ്ചും അനസില്‍നിന്നുള്ളതാണ്. ഈ അഞ്ചെണ്ണത്തിലും കസീറുബ്‌നു സുലൈമിന്റെ സാന്നിധ്യമുള്ളതുകൊണ്ട് അതിന്റെ നിലവാരം താഴ്ന്നതാണെന്നുമാത്രം.
മുന്‍കാലങ്ങളില്‍ പലരും ഇബ്‌നുമാജയെ സ്വിഹാഹുസ്സിത്തയില്‍ ചേര്‍ത്തിരുന്നില്ല. ചിലര്‍ക്ക് ദാരിമിയും വേറെ ചിലര്‍ക്ക് മുവത്വ മാലികുമാണ് ആറാമത്തെ സ്വഹീഹ്. ഹാഫിള് അബ്ദുല്‍ ഫദ്ല്‍ മുഹമ്മദ് ത്വാഹിര്‍ മഖ്ദിസി (ഹി. 507-ല്‍ മരണം)യാണ് ഇബ്‌നുമാജയെ സ്വിഹാഹുസ്സിത്തയില്‍ ഉള്‍പ്പെടുത്തിയത്. പിന്നീടുവന്ന ഗ്രന്ഥകാരന്മാരെല്ലാം അദ്ദേഹത്തെ അനുകരിച്ചു. ഏതായാലും മറ്റുപല ഹദീസ് ഗ്രന്ഥങ്ങള്‍ക്കും അവകാശപ്പെടാനില്ലാത്ത വിധം ഇബ്‌നുമാജയിലെ വിഷയങ്ങളുടെ ക്രോഡീകരണം എല്ലാതരം ആളുകള്‍ക്കും ഉപകാരപ്രദമാണെന്ന കാര്യത്തില്‍ പൊതുവെ ഏകാഭിപ്രായമുണ്ട്. ചില ദുര്‍ബല ഹദീസുകള്‍ സുനനില്‍ ചേര്‍ത്തില്ലായിരുന്നുവെങ്കില്‍ ഇത് അബൂദാവൂദ്, നസാഈ എന്നിവയോട് കിടപിടിക്കുമായിരുന്നു എന്നാണ് ചില നിരൂപകന്മാരുടെ വിലയിരുത്തല്‍. പൊതുവെ ഇബ്‌നുമാജ ആറാം സ്ഥാനത്താണ്.
ഇബ്‌നുമാജയില്‍ ആകെ 32 തലക്കെട്ടുകളിലായി 1500 അധ്യായങ്ങളില്‍ നാലായിരം ഹദീസുകളാണുള്ളത്.
മരണം: ഹിജ്‌റ 273-ല്‍ 64-ാം വയസ്സില്‍ റമദാന്‍ 21 തിങ്കളാഴ്ച. സുനനു ഇബ്‌നുമാജക്ക് പത്തോളം ശര്‍ഹുകളും അനുബന്ധ കൃതികളും ഹിജ്‌റ എട്ടാം നൂറ്റാണ്ടുമുതല്‍ രചിക്കപ്പെട്ടിട്ടുണ്ട്. വ്യാഖ്യാനമെഴുതിയവരില്‍ നാല് മദ്ഹബുകാരുമുണ്ട്.