സംശയങ്ങള്‍

പ്രവാചപത്‌നി ആഇശയുടെ പ്രായം

Spread the love

? പ്രവാചകന്‍ ആഇശയെ ഒമ്പതാം വയസ്സില്‍ വിവാഹം കഴിക്കുകയുണ്ടായി. ഇത്രയും ചെറിയ പ്രായത്തില്‍ ശാരീരികമോ മാനസികമോ ആയ വളര്‍ച്ചയെത്താതെ ബാലികമാരെ പുരുഷനേല്‍പിച്ചുകൊടുക്കുന്നത് യഥാര്‍ഥത്തില്‍ അവരോട് ചെയ്യുന്ന ക്രൂരതയല്ലേ.

-മുഹമ്മദ് നബി(സ) പ്രവാചകനാവുന്നതിന് മുമ്പ് ഇരുപത്തഞ്ചാം വയസ്സില്‍ ആദ്യവിവാഹം ചെയ്തത് വിധവയായ നാല്‍പതുകാരി ഖദീജയെ ആയിരുന്നു. അവരില്‍ ശൈശവത്തില്‍ മരണപ്പെട്ട രണ്ട് ആണ്‍മക്കളടക്കം ആറ് സന്താനങ്ങളും അദ്ദേഹത്തിനുണ്ടായി. ഖദീജയുടെ വിയോഗത്തെ തുടര്‍ന്ന് 66 കഴിഞ്ഞ വിധവ സൗദയെ ആയിരുന്നു. വെറും സംരക്ഷണമായിരുന്നു ലക്ഷ്യം. പ്രവാചകന്‍ വിവാഹം ചെയ്ത വനിതകളില്‍ ഒരാള്‍ മാത്രമായിരുന്നു കന്യക. അവരാണ് ചോദ്യകര്‍ത്താവ് പരാമര്‍ശിച്ച ആഇശ. സന്തതസഹചാരി അബൂബക്കറിന്റെ മകളായിരുന്നു അതീവ ബുദ്ധിമതിയായ ആഇശ. അവരുമായി പ്രവാചകന്‍ ദാമ്പത്യജീവിതം ആരംഭിക്കുന്നത് 11-ാം വയസ്സിലായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ജനിതക പാരമ്പര്യം, കാലാവസ്ഥ, തുടങ്ങി പലതുമായും ബന്ധപ്പെട്ടുതാണ് പെണ്‍കുട്ടികളുടെ പ്രായപൂര്‍ത്തി. 11-ാം വയസ്സില്‍ പ്രസവിച്ച യുവതികള്‍ ഉണ്ടായിരുന്നിട്ടുണ്ട്. ആഇശക്ക് പതിനെട്ട് വയസ്സ് പ്രായമായിരുന്നപ്പോഴാണ് ഭര്‍ത്താവ് നിര്യാതനായത്. അവര്‍ പ്രസവിച്ചിരുന്നില്ല. നബി(സ)യുടെ കുടുംബ ജീവിതത്തെക്കുറിച്ച് ഏറ്റവും ആധികാരികവും വിശദവുമായ ചിത്രം ലോകത്തിന് നല്‍കിയത് ആഇശയായിരുന്നു. പ്രവാചകനോട് അഹിതകരമായ കാര്യങ്ങള്‍ പോലും തുറന്നുപറഞ്ഞിരുന്നു അവര്‍. എന്നാല്‍ ഒരിക്കല്‍ പോലും താന്‍ അനുഭവിച്ച ശാരീരിക പീഢനത്തെക്കുറിച്ച ഒരു പരാമര്‍ശവും അവരുടെ പ്രസ്താവനകളില്ല. പ്രത്യുത തന്നോടൊപ്പം ഓട്ടപ്പന്തയം നടത്തിയ പ്രവാചകന്റെ സ്‌നേഹമസൃണമായ പെരുമാറ്റത്തെക്കിറിച്ചാണ് അവര്‍ അനുസ്മരിച്ചത്. ആരോഗ്യശാസ്ത്രപരമായി വിവാഹബന്ധങ്ങള്‍ക്ക് തീര്‍ത്തും കണിശവും കൃത്യവുമായ പ്രായനിര്‍ണയം ഇല്ലെന്നിരിക്കെ പ്രവാചകന്‍ തന്റെ കാലത്തും സാഹചര്യങ്ങളിലും നടത്തിയ ഒട്ടേറെ വിവാഹങ്ങളില്‍ ഒന്ന് മാത്രമെടുത്ത് ഉത്കണ്ഠപ്പെടാന്‍ കാരണമില്ല; തന്റെ ഇണക്ക് പില്‍ക്കാലത്തു പോലും പരാതിയില്ലാതിരിക്കെ വിശേഷിച്ചും.

You may also like