സംശയങ്ങള്‍

നബിയുടെ ഉമ്മ

Spread the love

? മാതാവ് മരിക്കുമ്പോള്‍ നബി(സ)ക്ക് നുബുവ്വത്ത് ലഭിച്ചിരുന്നില്ല. എന്നിരിക്കെ നബി(സ) ഉമ്മക്കു വേണ്ടി പാപമോചനം തേടിയത് തടയപ്പെട്ടത് എന്തുകൊണ്ട്. മാതാപിതാക്കള്‍ക്ക് കരുണ ചെയ്യാന്‍ വേണ്ടി പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ക്ക് വിരുദ്ധമാവില്ലേ ഇത്.

-‘ ഞാന്‍ എന്റെ ഉമ്മക്ക് പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിക്കാന്‍ അല്ലാഹുവിനോട് അനുമതി തേടി; പക്ഷെ എനിക്ക് അത് അനുമതി ലഭിച്ചില്ല’ എന്നാണ് സഹീഹായ ഹദീസുകളിലെ പ്രസ്താവന. അതായത്, നബി(സ) തന്റെ പ്രിയ മാതാവിന് വേണ്ടി പ്രാര്‍ഥിച്ചിട്ടില്ല, പ്രാര്‍ഥിക്കാന്‍ രക്ഷിതാവിനോട് അനുമതി തേടിയിട്ടേയുള്ളൂ. വിഗ്രഹാരാധകര്‍ക്ക് വേണ്ടി പാപമോചനത്തിനായി പ്രാര്‍ഥിച്ചുകൂടെന്നത് അല്ലാഹുവിന്റെ കണിശമായ ഉത്തരവാണ്. പിതാവിനോട് ചെയ്ത വാഗ്ദാനം നിറവേറ്റാന്‍ ഇബ്രാഹീം(അ) അങ്ങനെ ചെയ്തപ്പോള്‍ അല്ലാഹു അദ്ദേഹത്തെ വിലക്കുകയും അദ്ദേഹം അതില്‍ നിന്ന് പിന്മാറുകയും ചെയ്തതായി ഖുര്‍ആനിലുണ്ട്. ഇത് പഠിപ്പിച്ച പ്രവാചകന്‍ തന്നെ ജാഹിലിയ്യാ കാലത്ത് മരിച്ച തന്റെ മാതാവിന്റെ പാപമോചനത്തിനായി പ്രാര്‍ഥിച്ചാല്‍ അത് തെറ്റായ മാതൃകയാവുമായിരുന്നു. അതിനാല്‍ അക്കാര്യം യഥാസമയം ശിഷ്യരെ ബോധ്യപ്പെടുത്തുകയാണ് തിരുമേനി ചെയ്തത്. അതേസമയം നബി(സ)യുടെ മാതാവ് പാപിയാണോ, നരകാവകാശിയാണോ തുടങ്ങിയ സംശയങ്ങള്‍ക്ക് പ്രസക്തിയില്ല. പരമകാരുണികനായ അല്ലാഹുവാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. അവനെ കാരുണ്യം പഠിപ്പിക്കാന്‍ സൃഷ്ടികള്‍ വളര്‍ന്നിട്ടില്ല. മുശരിക്കുകളായ മാതാപിതാക്കളോട് ഐഹികജീവിതത്തില്‍ നന്നായി പെരുമാറാനാണ് ഖുര്‍ആന്‍ കല്‍പിച്ചത്. അവരുടെ പരലോകമോക്ഷത്തിനായി പ്രാര്‍ഥിക്കാനല്ല, ഇതും നബി(സ)യുടെ മാതാവിനെക്കുറിച്ച ഹദീസും തമ്മില്‍ വൈരുധ്യം ഇല്ല.

You may also like