
പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് പല സംശയങ്ങളും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നതിന് ഖുര്‍ആനിലും ഹദീസിലും തെളിവുകളുണ്ടെന്ന് ചിലര്‍ വാദിക്കുമ്പോള്‍ മറ്റു ചിലര്‍ അതിനെ നിഷേധിക്കുകയും ജന്മദിനാഘോഷം ഒരു പുത്തന്‍ ആചാരമായി കണക്കാക്കുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രമുഖ ഇസ്ലാമിക പണ്ഡിതന്മാരുടെ അഭിപ്രായങ്ങളാണ് ഇവിടെ വ്യക്തമാക്കുന്നത്.
പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അല്‍ അസ്ഹര്‍ ഫത്വാ കമ്മിറ്റിയിലെ അംഗവും പ്രമുഖ പണ്ഡിതനുമായ ശൈഖ് അത്വിയ്യ സഖ്ര് നല്കിയ വിവരണം ഇങ്ങനെയാണ്: ചരിത്രകാരന്മാരുടെ അഭിപ്രായ പ്രകാരം ഫാത്തിമികളാണ് ആദ്യമായി പ്രവാചകന്റെ ജന്മദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. പ്രവാചകന്റെ ജന്മദിനം ഫാത്തിമികള്‍ വന്‍ ആഘോഷമായി കൊണ്ടാടിയിരുന്നതായും അന്നേ ദിവസം മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുന്നത് അവരുടെ ശീലമായിരുന്നുവെന്നും ഖല്‍ഖഷന്ദി അദ്ദേഹത്തിന്റെ ‘സുബുഹുല്‍ അശാ’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകന്റേതു മാത്രമല്ല പ്രവാചകന്റെ മറ്റു കുടുംബാംഗങ്ങളുടെയും അതോടൊപ്പം ഈസാ നബിയുടെയും ജന്മദിനം ഫാത്തിമികള്‍ ആഘോഷിക്കാറുണ്ടായിരുന്നു.
എന്നാല്‍ ഹിജ്റ വര്‍ഷം 488 ല്‍ ഖലീഫയായിരുന്ന അല്‍ മുഅ്തസിം ബില്ലയുടെ ഉത്തരവ് പ്രകാരം ഇത്തരം ആഘോഷങ്ങളെല്ലാം നിര്‍ത്തലാക്കുകയുണ്ടായി. മുഅ്തസിം ബില്ലയുടെ പ്രധാനമന്ത്രിയായിരുന്ന അഫ്സല് ഷാഹിന്ദയാണ് ഈയൊരു ഉത്തരവ് പുറത്തിറക്കാന്‍ ഖലീഫയെ പ്രേരിപ്പിച്ചതെന്ന് ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നു. അഫ്സല് ഷാഹിന്ദയുടെ പിതാവായിരുന്ന ബദര്‍ അല്‍ ജമാലി പ്രവാചകന്റെ സുന്നത്തുകള്‍ അനുധാവനം ചെയ്യുന്നതില്‍ അങ്ങേയറ്റം കണിശത പാലിച്ചിരുന്നതായി ഇബ്ന അത്വീര്‍ തന്റെ ‘അല്‍ കാമില്‍’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് മഅ്മൂന്‍ അധികാരത്തില്‍ വരുന്നത് വരെ ജനങ്ങള്‍ പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നതില്‍ നിന്നും വിട്ടുനിന്നു. എന്നാല്‍ ഹിജ്റ വര്‍ഷം 517 ല്‍ പ്രവാചകന്റെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12 ന് ദാന ധര്‍മ്മം ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ട് ഖലീഫ മഅ്മൂന്‍ ഔദ്യോഗികമായ ഉത്തരവിറക്കുകയുണ്ടായി. പിന്നീട് അയ്യൂബികള്‍ അധികാരത്തില്‍ വന്നപ്പോള്‍ ഫാത്തിമികള്‍ കൊണ്ടുവന്ന ആഘോഷ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും തങ്ങളുടെ വീടുകളില്‍ അവര്‍ സ്വകാര്യമായി നബിദിനാഘോഷം നടത്തിയിരുന്നു. ശേഷം ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അധികാരത്തില്‍ വന്ന സുന്നിയായ മുസഫറുദ്ദീന്‍ അബീ സഅദ് കവാകിബ്രിയുടെ ഉത്തരവ് പ്രകാരം നബിദിനാഘോഷം ഔദ്യോഗികമായി വീണ്ടും ആചരിക്കുവാന്‍ തുടങ്ങി. നബിദിനാഘോഷം സംഘടിപ്പിക്കുന്നതില്‍ അതീവ തല്പ്പരനായിരുന്ന മുസഫര്‍ സഫര്‍ മാസം മുതല്‍ തന്നെ നബിദിനാഘോഷ പരിപാടികള്‍ക്കുള്ള തയ്യാറാടെപ്പുകള്‍ നടത്താന്‍ ഉത്തരവിട്ടിരുന്നു. വര്‍ണ്ണാഭമായി ഒരുക്കിയ ടെന്റുകള്‍ തെരുവ് വീഥികളില്‍ നിര്‍മ്മിച്ചു വെക്കുകയും എല്ലാ ദിവസവും അസര്‍ നമസ്കാരം ശേഷം ഈ ടെന്റുകളിലെ ആഘോഷ പരിപാടികള്‍ കാണുവാന്‍ വരുന്ന പതിവും മുസഫറുദ്ദീനുണ്ടായിരുന്നു. റബീഉല്‍ അവ്വല്‍ 12 നും ചിലപ്പോള്‍ 8 നും നബിദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അതോടൊപ്പം പ്രവാചകന്റെ ജന്മദിനത്തിന് പൊതു അവധി പ്രഖ്യാപിച്ച് ജനങ്ങള്‍ക്കെല്ലാം ആഘോഷത്തില്‍ പങ്കെടുക്കാനുള്ള അവസരവും മുസഫറുദ്ദീന്‍ ഒരുക്കിയിരുന്നു. പ്രവാചകന്റെ ജന്മദിനത്തിന് രണ്ടു ദിവസം മുമ്പ് തന്നെ ആടുമാടുകളെ അറുത്ത് മാസം ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാനും ആഘോഷം ഗംഭീരമാക്കാനും മുസഫര്‍ ഉത്തരവിട്ടു. മുസഫറിന്റെ ഭരണകാലത്ത് നബിദിനാഘോഷം ഈജിപ്തിലുടനീളം വ്യാപകമായതായി ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നു.
പ്രവാചകന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ഏഴാം നൂറ്റാണ്ടില്‍ നിരവധി പുസ്തകങ്ങള്‍ രചിക്കപ്പെടുകയുണ്ടായി. ഈജിപ്തുകാരനായ ഇബ്നു ദഹ്യ, ഡമസ്കസില്‍ നിന്നുമുള്ള മുഹ്യുദ്ദീന്‍ ഇബ്നുല്‍ അറബി, അഹ്മദ് അല്‍ അസ്ലി അദ്ദേഹത്തിന്റെ മകന് മുഹമ്മദ് തുടങ്ങിയവര്‍ ഈ വിഷയത്തില്‍ ഗ്രന്ഥങ്ങളെഴുതിയവരാണ്. പിന്നീട് നബിദിനാഘോഷത്തില്‍ പുതിയ രീതികള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ പണ്ഡിതന്മാര് അവയെ നിരുത്സാഹപ്പെടുത്തി രംഗത്തു വരികയുണ്ടായി. മാലികി മദ്ഹബിലെ പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതനായ താജുദ്ദീന്, അല്‍ ഫകഹാനി എന്ന പേരിലറിയപ്പെടുന്ന ഉമര്‍ ബ്നു ലഖ്മി തുടങ്ങിയവര്‍ ഇത്തരത്തില്‍ നബിദിനാഘോഷത്തെ എതിര്‍ത്തു രംഗത്തു വന്നവരാണ്. നബിദിനാഘോഷവുമായി ബന്ധപ്പെട്ട് ‘അല്‍ മൗരിദ് ഫില്‍ കലാം അലാ ഔലീദ്’ എന്ന ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട് ഇമാം ഉമര്‍ ഇബ്നു ലഖ്മി. നബിദിനാഘോഷ വിഷയത്തില്‍ ഒമ്പതാം നൂറ്റാണ്ടില്‍ പണ്ഡിതന്മാര്ക്കിടയില് വ്യാപകമായ ഭിന്നത പ്രകടമായതായി ശൈഖ് മുഹമ്മദ് ഫദ്ല് ആശൂര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ചിലരിത് നിഷിദ്ധമാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ അനുവദനീയമാണെന്ന പക്ഷക്കാരായിരുന്നു. ഇമാം സുയൂത്വി, ഇബ്നു ഹജറുല്‍ അസ്ഖലാനി, ഇബ്നു ഹജര്‍ ഹൈതമി തുടങ്ങിയവര്‍ നബിദിനാഘോഷത്തോടനുബന്ധിച്ച് ഉയര്‍ന്നുവന്ന പുത്തനാചാരങ്ങളെ നിരുത്സാഹപ്പെടുത്തിയവരാണ്. സുറത്ത് ഇബ്റാഹീമിലെ 5 ാം സൂക്തമായ ‘അല്ലാഹുവിന്റെ സവിശേഷമായ നാളുകളെപ്പറ്റി അവരെ ഓര്‍മ്മിപ്പിക്കുക’ എന്ന സൂക്തമാണ് നബിദിനാഘോഷം അനുവദനീയമാണെന്ന് അഭിപ്രായപ്പെടുന്നവരുടെ പ്രധാന തെളിവ്. ഇമാം നസാഇയും അബ്ദുല്ല ഇബ്നു അഹ്മദും ഇമാം ബൈഹഖിയും ഈ സൂക്തത്തിന്റെ വിശദീകരണമായി ഇബ്നു കഅബില് നിന്നുമുള്ള ഒരു പ്രവാചക വചനം ഉദ്ധരിക്കുന്നുണ്ട്. പ്രവാചകന് പറഞ്ഞു: ‘അല്ലാഹുവിന്റെ ദിനങ്ങള്‍ എന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളും ചിഹ്നങ്ങളുമാണ്. പ്രവാചകന്റെ ജന്മദിനമാണ് അതില്‍ ഏറ്റവും ആനന്ദകരമായ ദിനം’.
ഖതാദയില്‍ മുസ്ലിം ഉദ്ധരിക്കുന്ന ഹദീസില്‍ തിങ്കളാഴ്ച്ച ദിവസം നോമ്പെടുക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രവാചകന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘അന്നേ ദിവസമാണ് ഞാന്‍ ജനിച്ചത്. അതേ ദിവസം തന്നെയാണ് എനിക്ക് ദിവ്യ വെളിപാട് ഉണ്ടായതും’. ഇബ്നു അബ്ബാസ്, ഇബ്നു ജാബിര്‍ എന്നിവരില്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ‘ആനക്കലഹ വര്‍ഷം റബീഉല്‍ അവ്വല്‍ 12 നാണ് പ്രവാചകന് ജനിച്ചത്. പ്രവാചകന് ആദ്യ ദിവ്യബോധനം ഉണ്ടായതും, പ്രവാചകന്റെ സ്വര്ഗീയാരോഹണവും മദീനയിലേക്കുള്ള ഹിജ്റയും റബീഉല്‍ അവ്വല്‍ 12 നായിരുന്നു. പ്രവാചകന് മരിച്ചതും റബീഉല്‍ അവ്വല്‍ 12 ന് തന്നെയായിരുന്നു’. പ്രവാചകന്റെ ജന്മദിനം പ്രത്യേകതയുള്ള ദിവസമാണെന്ന് പ്രവാചകന് (സ) തന്നെ വ്യക്തമാക്കിയിരിക്കുന്നു. അനുഗ്രഹീത ദിനങ്ങളില്‍ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നതാണ് വിശ്വാസികളുടെ ബാധ്യത. പ്രവാചകന് മുഖേന ഇസ്ലാമിന്റെ പാന്ഥാവിലേക്ക് നയിക്കപ്പെട്ടതില്‍ അല്ലാഹുവിന് നന്ദി അര്‍പ്പിക്കാനുള്ള അവസരമായിട്ടാണ് പ്രവാചകന്റെ ജന്മദിനം ആഘോഷിക്കേണ്ടത്.
അതിനാല്‍, പ്രവാചകന്റെ ജന്മദിനം ആഘോഷിക്കല്‍ അനുവദനീയമാണെങ്കിലും ഇസ്ലാം നിഷിദ്ധമാക്കിയ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അത്തരം ആഘോഷങ്ങളില്‍ ഉണ്ടായിക്കൂടാ. അല്ലാഹു പറുന്നു: ‘വിശ്വസിച്ചവരേ, നാം നിങ്ങള്‍ക്കേകിയ വിഭവങ്ങളില്‍നിന്ന് വിശിഷ്ടമായത് ആഹരിക്കുക. അല്ലാഹുവോട് നന്ദി കാണിക്കുക. നിങ്ങള്‍ അവനുമാത്രം വഴിപ്പെടുന്നവരാണെങ്കില്‍!’ (അല്‍ ബഖറ 172). നബിദിനത്തോടനുബന്ധിച്ച് അന്നദാനം നടത്തുന്നത് ഈ സൂക്തത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്. മുസ്ലിം യുവത മറ്റു ആഘോഷങ്ങളില്‍ മതിമറന്നാടുന്ന, മതകീയ ആഘോഷങ്ങളില്‍ മുസ്ലിം യുവത വിമുഖത കാണിക്കുകയും ചെയ്യുന്ന ഇന്നത്തെ പ്രേത്യക ലോകത്ത് നബിദിനം പോലുള്ള ആഘോഷങ്ങള്‍ ആവാമെന്നാണ് എന്റെ പക്ഷം. പ്രവാചകന്റെ ജീവിതവും ചര്യയും കൂടുതല്‍ വായിക്കപ്പടുന്ന സാഹചര്യം സൃഷ്ടിക്കുക എന്നതായിരിക്കണം ഇത്തരം ആഘോഷങ്ങളുടെ ലക്ഷ്യം. പള്ളികളും മത സ്ഥാപനങ്ങള്‍ പണിതും അതപോലുള്ള സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും പ്രവാചകന്റെ ജീവിതവും സമരവും ഓര്‍മ്മിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുക. ചുരുക്കത്തില്‍, നബിദിനം ആഘോഷിക്കാമെന്നത് നിഷിദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടാനുള്ള അനുവാദമല്ല, മറിച്ച് പ്രവാചകനോടുളള നമ്മുടെ സ്നേഹം പ്രകടിപ്പിക്കാനും പ്രവാചകനെ പിന്തുടരാനുള്ള നമ്മുടെ സന്നദ്ധത പ്രകടിപ്പിക്കാനുമുള്ള അവസരമാകണം. സ്ര്തീ പുരുഷന്മാര് പരസ്പരം ഇടകലരുന്നതു പോലുള്ള ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ക്ക് തീര്‍ത്തും കടകവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അനുവദനീയമല്ല. മതം ലക്ഷ്യം വെക്കുന്ന ഉദ്ദേശ്യങ്ങള്‍ക്ക് വിരുദ്ധമായി ആഘോഷങ്ങള്‍ മാറുമ്പോള്‍ അത് നിഷിദ്ധമാകുകയും തിന്മയുടെ വ്യാപനം തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി അത്തരം ആക്ഷോഷങ്ങള്ക്ക് വിലക്കേര്‍പ്പെടുത്തേണ്ടി വരികയും ചെയ്യും.
നബിദിനാഘോഷവുമായി ബന്ധപ്പെട്ട് ലോക മുസ്ലിം പണ്ഡിത വേദിയുടെ അധ്യക്ഷനായ ഡോ. യൂസുഫുല്‍ ഖറദാവിയുടെ അഭിപ്രായം ഇപ്രകാരമാണ്: പ്രവാചകന്റെ അനുചരന്മാര് ഒരിക്കലും പ്രവാചകന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ലെന്നത് വളരെ വ്യക്തമാണ്. പ്രവാചകന്റെ കൂടെ ഹിജ്റ ചെയ്തവരും ബദ്ര് യുദ്ധത്തില്‍ പങ്കെടുത്തവരുമായ അദ്ദേഹത്തിന്റെ അനുയായികള്‍ പ്രവാചക ജീവിതത്തിലെ നിര്‍ണായക സംഭവങ്ങള്‍ക്കെല്ലാം സാക്ഷികളായവരും ഹൃദയാന്തരാളങ്ങളില്‍ അതിന്റെ മധുരമൂറുന്ന സ്മരണകള്‍ സൂക്ഷിക്കുന്നവരായിരുന്നെങ്കിലും അവരതൊന്നും ആഘോഷത്തിനുള്ള അവസരങ്ങളാക്കിയില്ലെന്നത് ശ്രദ്ധേയമാണ്. സഅദ് ബിന്‍ അബീ വഖാസ് പറയുന്നു: ‘സ്വഹാബികള്‍ തങ്ങളുടെ മക്കള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചു കൊടുക്കുന്നതില്‍ കാണിച്ചിരുന്ന താല്പര്യം പ്രവാചക ജീവിതത്തിലെ പോരാട്ടത്തിന്റെ ചരിത്രം വിവരിച്ചു കൊടുക്കുന്നതിലും കാണിച്ചിരുന്നു’. പ്രവാചക ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളെ കുറിച്ചും അവര്‍ തങ്ങളുടെ മക്കള്‍ക്ക് പഠിപ്പിച്ചു കൊടുത്തിരുന്നു എന്നതിനാല്‍ തന്നെ അവ ഓര്‍മ്മിച്ചെടുക്കാന്‍ അവര്‍ക്ക് പ്രത്യേകം ആഘോഷങ്ങള്‍ വേണ്ടിയിരുന്നില്ല. എന്നാല്‍ പിന്നീടു വന്ന തലമുറകളുടെ സ്മരണകളില്‍ ഇത്തരം പ്രശോഭിത ചരിത്രങ്ങളും അവയുടെ പ്രാധാന്യവും മാഞ്ഞു പോയതോടെയാണ് ആഘോഷങ്ങള്‍ ആ സ്ഥാനം കൈയടക്കിയത്. പിന്നീട് ഈ മഹത്തായ ചരിത്രങ്ങളുടെ അന്തസത്തയും അവയുടെ മൂല്യങ്ങളും തിരിച്ചു പിടിക്കാന്‍ വേണ്ടിയാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്.
എന്നാല്‍ പ്രവാചക ജീവിതത്തെ സ്മരിക്കുന്നതിന് വേണ്ടി നടക്കുന്ന ആഘോഷങ്ങളില്‍ അതിന് വിരുദ്ധമായ പുത്തന്‍ ആചാരങ്ങള്‍ കടന്നു കൂടിയിരിക്കുന്നു എന്നതാണ് സങ്കടകരം. പ്രവാചകന്റെ ജീവതം എപ്രകാരമായിരുന്നു എന്ന് ജനങ്ങളെ ഓര്‍മ്മിപ്പിക്കാനായിരിക്കണം നബിദിനാഘോഷ പരിപാടികള്‍. അല്ലാഹു പറയുന്നു: ‘സംശയമില്ല ; നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ മികച്ച മാതൃകയുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്. അല്ലാഹുവെ ധാരാളമായി ഓര്‍ക്കുന്നവര്‍ക്കും’ ( അഹ്സാബ് 21). പ്രവാചകന്റെ ഹിജ്റ നാം ആഘോഷിക്കുമ്പോള്‍ അതുവഴി പ്രവാചകന് കാണിച്ചു തന്ന ത്യാഗത്തിന്റെ മാതൃകയാണ് നാം ജനങ്ങളെ പഠിപ്പിക്കുന്നത്, ഹിജ്റയുടെ രാത്രി പ്രവാചകന്റെ പുതപ്പില്‍ കിടന്നുറങ്ങി അലി (റ) കാണിച്ച ത്യാഗവും നാം സ്മരിക്കുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. ഹിജ്റക്കു വേണ്ട പദ്ധതികള്‍ പ്രവാചകന് എവ്വിധമാണ് തയ്യാറാക്കിയതെന്നും ശത്രുക്കള്‍ പിടികൂടും എന്ന സാഹചര്യം സംജാതമായപ്പോഴും അല്ലാഹുവില്‍ നിര്‍ഭയം വിശ്വസം വെച്ചു പുലര്‍ത്തിയ പ്രവാചകന്റെ ജീവിതവും നാം ജനങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നു. ആ സന്ദര്‍ഭത്തില്‍ ഭയചകിതനായ അബൂബക്കറിനോട് പ്രവാചകന് (സ) പറഞ്ഞു: ‘ഭയപ്പെടേണ്ടതില്ല, അല്ലാഹു നമ്മോടൊപ്പമുണ്ട്’ (തൗബ: 40).
ഇങ്ങനെയുള്ള മഹത്തായ ചരിത്രങ്ങളും അവ നല്കുന്ന പാഠങ്ങളും ഓര്ത്തെടുക്കാനുള്ളതാകണം നമ്മുടെ ആഘോഷങ്ങള്‍. ആഘോഷങ്ങള്‍ അത്തരത്തിലാവുമ്പോള്‍ ഇസ്ലാമിനെയും പ്രവാചകനെയും പ്രവാചക ചര്യകളെയും കൂടുതല്‍ അടുത്തറിയാനും പഠിക്കാനും മുസ്ലിംകള്ക്കാവും. ആശൂറാ ദിവസം പ്രവാചകന് ആഘോഷിച്ചത് നോമ്പു നോറ്റ് കൊണ്ട് മാത്രമായിരുന്നു. മുഹറം 10 ന് ജൂതന്മാര് നോമ്പ് നോല്‍ക്കുന്നത് കണ്ടപ്പോള്‍ നിങ്ങളെന്തിനാണ് നോമ്പെടുക്കുന്നതെന്ന് പ്രവാചകന് അവരോട് ചോദിച്ചു. ഫിര്‍ഔനില്‍ നിന്നും മൂസയെയും ബനൂ ഇസ്രയേല്‍ സമുദായത്തെയും അല്ലാഹു രക്ഷപ്പെടുത്തിയ ദിവസമാണതെന്ന് അവര്‍ മറുപടി നല്കിയപ്പോള് പ്രവാചകന് പറഞ്ഞു: ‘നിങ്ങളേക്കാള്‍ മൂസയോട് അടുത്ത് നില്‍ക്കുന്നത് ഞങ്ങളാണ്’. അങ്ങനെ അന്നേ ദിവസം പ്രവാചകന് നോമ്പെടുക്കുകയും സ്വഹാബികളോട് നോമ്പെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത വര്‍ഷം ജീവിച്ചിരിക്കുകയാണെങ്കില്‍ മുഹറം 9 നും ഞാന്‍ നോമ്പെടുക്കുമെന്ന് പ്രവാചകന് മരണപ്പെടുന്നതിന് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ചില സുന്നി വിഭാഗങ്ങള്‍ നോമ്പിനു പുറമെ ആശൂറാ ദിവസം ആഘോഷത്തിനുള്ള അവസരമാക്കി മാറ്റുന്നു. അതോടൊപ്പം, ശിയാക്കള്‍ ദുഃഖത്തിന്റെയും സങ്കടത്തിന്റെയും ദിവസമായും ഈ ദിനം കൊണ്ടാടുന്നു. എന്നാല്‍ ഇതെല്ലാം പുതിയ ആചാരങ്ങളാണ്. ഇസ്ലാമിന് വിരുദ്ധവും.
വിവ: ജലീസ് കോഡൂര്‍