സംശയങ്ങള്‍

എന്തുകൊണ്ടിപ്പോള്‍ ദൈവദൂതന്മാര്‍ വരുന്നില്ല

Spread the love

? നബിതിരുമേനി ദൈവത്തിന്റെ അന്ത്യദൂതനായതെന്തുകൊണ്ട്? ദൈവത്തിന്റെ മാര്‍ഗദര്‍ശനം ഇന്നും ആവശ്യമല്ലേ? എങ്കില്‍ എന്തുകൊണ്ടിപ്പോള്‍ ദൈവദൂതന്മാരുണ്ടാകുന്നില്ല.

മനുഷ്യരുടെ മാര്‍ഗദര്‍ശനമാണല്ലോ ദൈവദൂത•ാരുടെ നിയോഗലക്ഷ്യം. മുഹമ്മദ് നബിക്കു മുമ്പുള്ള പ്രവാചകന്മാരിലൂടെ അവതീര്‍ണമായ ദൈവികസന്ദേശം ചില പ്രത്യേക കാലക്കാര്‍ക്കും ദേശക്കാര്‍ക്കും മാത്രമുള്ളവയായിരുന്നു. ലോകവ്യാപകമായി ആ സന്ദേശങ്ങളുടെ പ്രചാരണവും അവയുടെ ഭദ്രമായ സംരക്ഷണവും സാധ്യമായിരുന്നില്ലെന്നതാവാം ഇതിനു കാരണം. ഏതായാലും അവരിലൂടെ ലഭ്യമായ ദൈവികസന്ദേശം മനുഷ്യ ഇടപെടലുകളില്‍നിന്ന് തീര്‍ത്തും മുക്തമായ നിലയില്‍ ലോകത്തിന്ന് എവിടെയുമില്ല. എന്നാല്‍ പതിനാലു നൂറ്റാണ്ടിനപ്പുറം മുഹമ്മദ് നബിതിരുമേനിയിലൂടെ അവതീര്‍ണമായ ഖുര്‍ആന്‍ മുഴുവന്‍ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശനമേകാന്‍ പര്യാപ്തമത്രെ. അന്നത് ലോകമെങ്ങും എത്താന്‍ സൌകര്യപ്പെടുമാറ് മനുഷ്യനാഗരികത വളര്‍ന്നു വികസിച്ചിരുന്നു. പ്രവാചക നിയോഗാനന്തരം ഏറെക്കാലം കഴിയുംമുമ്പേ അന്നത്തെ അറിയപ്പെട്ടിരുന്ന നാടുകളിലെങ്ങും ഖുര്‍ആന്റെ സന്ദേശം ചെന്നെത്തുകയും പ്രചരിക്കുകയും ചെയ്തു. ഖുര്‍ആന്‍ മനുഷ്യരുടെ എല്ലാവിധ ഇടപെടലുകളില്‍നിന്നും കൂട്ടിച്ചേര്‍ക്കലുകളില്‍നിന്നും വെട്ടിച്ചുരുക്കലുകളില്‍നിന്നും മുക്തമായി തനതായ നിലയില്‍ ഇന്നും നിലനില്‍ക്കുന്നു. ലോകാവസാനം വരെ അത് അവ്വിധം സുരക്ഷിതമായി ശേഷിക്കും. ദൈവികമായ ഈ ഗ്രന്ഥത്തില്‍ ഒരക്ഷരം പോലും മാറ്റത്തിന് വിധേയമായിട്ടില്ല. അതിന്റെ സൂക്ഷ്മമായ സംരക്ഷണം ദൈവംതന്നെ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. അവന്‍ വാഗ്ദാനം ചെയ്യുന്നു: ‘ഈ ഖുര്‍ആന്‍ നാം തന്നെ അവതരിപ്പിച്ചതാണ്. നാം തന്നെയാണതിന്റെ സംരക്ഷകനും”(15: 9).
മനുഷ്യരാശിക്കായി നല്‍കപ്പെട്ട ദൈവികമാര്‍ഗദര്‍ശനം വിശുദ്ധഖുര്‍ആനിലും അതിന്റെ വ്യാഖ്യാനവിശദീകരണമായ പ്രവാചകചര്യയിലും ഭദ്രമായും സൂക്ഷ്മമായും നിലനില്‍ക്കുന്നതിനാല്‍ പുതിയ മാര്‍ഗദര്‍ശനത്തിന്റെയോ പ്രവാചകന്റെയോ ആവശ്യമില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ പതിനാലുനൂറ്റാണ്ടില്‍ പുതിയ വേദഗ്രന്ഥമോ ദൈവദൂതനോ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ഇക്കാര്യം ഖുര്‍ആന്‍തന്നെ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ‘ജനങ്ങളേ, മുഹമ്മദ് നബി നിങ്ങളിലുള്ള പുരുഷന്മാരിലാരുടെയും പിതാവല്ല. പ്രത്യുത, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അവസാനത്തെയാളുമാകുന്നു. അല്ലാഹു സര്‍വസംഗതികളും അറിയുന്നവനല്ലോ”(32: 40).

You may also like