? ഹിന്ദുക്കള്‍ ദൈവാവതാരങ്ങളായി കാണുന്ന ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ അവതാരങ്ങളെല്ലാം പ്രവാചകന്‍മാരായിരുന്നോ. ഒരു ലക്ഷത്തിലധികം പ്രവാചകന്‍മാര്‍ ഇവിടെ ഭൂമിയില്‍ വന്നിട്ടുണ്ടല്ലോ. ഇവരുടെ എല്ലാം ദൗത്യം ഇസ്‌ലാമിനെ പ്രചരിപ്പിക്കല്‍ മാത്രമായിരുന്നോ.
-എല്ലാ ജനസമൂഹങ്ങളിലേക്കും നാം പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. ‘ മുന്നറിയിപ്പുകാരന്‍ കഴിഞ്ഞുപോയിട്ടില്ലാത്ത ഒരു ജനതയും ഇല്ല’ .’ എല്ലാ ഓരോ ജനതക്കും ഒരു മാര്‍ഗദര്‍ശകന്‍ ഉണ്ട്’ എന്നീ ഖുര്‍ആന്‍ വചനങ്ങള്‍ വ്യക്തമാക്കുന്നത് പ്രാചീന നാഗരികതയുടെ കളിത്തൊട്ടിലായ ഇന്ത്യയിലും പ്രവാചകന്മാര്‍ നിയുക്തരായിട്ടുണ്ടെന്നാണ്. അല്ലെങ്കില്‍ ഇന്ത്യയിലെ നിവാസികള്‍ ‘ ജനങ്ങള്‍’ ആയിരുന്നില്ലെന്ന് വരണം. അത് സംഭവ്യമല്ല. എന്നാല്‍ ഇന്ത്യന്‍ പ്രവാചകന്മാരുടെ നാമങ്ങള്‍ ഖുര്‍ആനിലില്ല. എങ്കിലും ഇന്ത്യക്കാര്‍ സംപൂജ്യരായി കരുതുന്ന ചരിത്രപുരുഷന്മാരിലും ഇതിഹാസങ്ങളിലെയും പുരാണങ്ങളിലെയും കഥാപാത്രങ്ങളിലെയും ചിലരെങ്കിലും പ്രവാചകന്മാരായിരിക്കാനാണിട. ക്രൈസ്തവര്‍ യേശുവിനെ ദൈവപുത്രനായി സങ്കല്‍പിക്കുന്നതുകൊണ്ട് അദ്ദേഹത്തെ പ്രവാചകനായി വിശ്വസിക്കാനും ആദരിക്കാനും മുസ്‌ലിംകള്‍ വിമുഖത കാട്ടുന്നില്ലല്ലോ. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഹൈന്ദവ വേദങ്ങളും പുരാണങ്ങളും അതേപടി ശരിയാവാന്‍ വയ്യ എന്നതുകൊണ്ടാണ് നിലവിലെ സങ്കല്‍പങ്ങളെ അപ്പടി ശരിവെക്കാന്‍ മുസ്‌ലിങ്ങള്‍ക്ക് സാധിക്കാതിരിക്കുന്നത്. ഹൈന്ദവ പണ്ഡിതന്മാര്‍ തന്നെ അവയൊന്നും ഒരേ പോലെ അംഗീകരിക്കുന്നില്ല. വിശുദ്ധ ഖുര്‍ആനിലെ അധ്യാപനങ്ങളുമായി പൊരുത്തപ്പെടുന്ന പലതും ഹൈന്ദവവേദങ്ങളിലുണ്ടെന്നത് അവഗണിക്കാന്‍ പറ്റില്ല.