
മാറ്റത്തിന്റെ മാര്‍ഗം
പ്രവാചകന് സമൂഹത്തെ സമൂലമായി മാറ്റിയെടുത്തു. ഏറ്റവും യുക്തവും ഫലപ്രദവുമായ പാതയാണ് അദ്ദേഹം പരിവര്‍ത്തനത്തിനും പരിഷ്കരണത്തിനും സ്വീകരിച്ചത്. പ്രവാചകനും അനുചരന്മാരും പള്ളിയിലായിരിക്കെ ഒരാള്‍ കടന്നു വന്നു. ഉപചാരങ്ങളൊന്നുമില്ലാതെ പ്രവാചകനോട് പറഞ്ഞു: ‘എനിക്ക് വ്യഭിചരിക്കാന്‍ അനുവാദം തരണം.’ അവിടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തോട് കടുത്ത ഭാഷയില്‍ കല്പിച്ചു: ‘മിണ്ടാതിരി.’ എന്നാല്‍ പ്രവാചകന് സ്വീകരിച്ച സമീപനം വ്യത്യസ്തമായിരുന്നു. അദ്ദേഹത്തെ ആലിംഗനം ചെയ്ത് അടുത്തിരുത്തി. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ചോദിച്ചു: ‘താങ്കളുടെ മാതാവിനെ ആരെങ്കിലും വ്യഭിചരിക്കുന്നത് താങ്കള്‍ ഇഷ്ടപ്പെടുമോ?’ ‘ഞാനെന്നല്ല ആരും അതിഷ്ടപ്പെടുകയില്ല.’ അയാള്‍ അറിയിച്ചു. തുടര്‍ന്ന് മക്കളെയും ഭാര്യയെയും സഹോദരിയെയും സംബന്ധിച്ച് ഇതേ ചോദ്യം ഉന്നയിച്ചു. അപ്പോഴൊക്കെയും അയാളുടെ പ്രതികരണം ആദ്യത്തേത് തന്നെയായിരുന്നു. ആ അവസരം ഉപയോഗപ്പെടുത്തി പ്രവാചകന് അദ്ദേഹത്തോട് പറഞ്ഞു: ‘ഞാന്‍ താങ്കള്‍ക്ക് വ്യഭിചരിക്കാന്‍ അനുവാദം തന്നിരിക്കുന്നു. എന്നാല്‍ അത് ആരുടെയും മാതാവോ ഭാര്യയോ സഹോദരിയോ മകളോ ആവരുത്.’ മടങ്ങിപ്പോകുമ്പോള്‍ അയാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘ഞാന്‍ ഇങ്ങോട്ടു വരുമ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കാര്യം ഇപ്പോള്‍ ഏറ്റവും വെറുക്കപ്പെട്ടതായി മാറിയിരിക്കുന്നു.’
മറ്റൊരിക്കല്‍ പ്രവാചകന് തന്റെ അനുചരന്മാരോട് ഒരാളുടെ ദാനത്തെ സംബന്ധിച്ച് പറഞ്ഞു. ‘ഇന്ന് ഞാന്‍ ഒരു ദാനം ചെയ്യുമെന്ന് പറഞ്ഞ് അയാള്‍ ഒരു പണക്കിഴിയുമായി പുറപ്പെട്ടു. അയാള്‍ അന്നത് നല്‍കിയത് ഒരു കള്ളനാണ്. അതറിഞ്ഞവരൊക്കെയും കള്ളന് ദാനം നല്കിയവനെന്ന് പറഞ്ഞ് ആക്ഷേപിച്ചു. അടുത്ത ദിവസവും അയാള്‍ ഒരു പണക്കിഴിയുമായി പുറപ്പെട്ടു. അയാള്‍ അന്നത് നല്‍കിയത് ഒരു തെരുവ് വേശ്യക്കാണ്. അതിനാല്‍ അന്ന് ആക്ഷേപം കൂടുതല്‍ രൂക്ഷമായിരുന്നു. അടുത്ത ദിവസവും പണക്കിഴിയുമായി പുറപ്പെട്ട് അതൊരു ധനികന് നല്കി. അതിനെയും ജനം പരിഹസിച്ചു. ഒരപരിചിതന് വന്ന് അദ്ദേഹത്തെ ഇങ്ങനെ അറിയിച്ചതായി പ്രവാചകന് പറഞ്ഞു: ‘വളരെ നല്ലത്. താങ്കളുടെ ദാനം കാരണമായി കള്ളന് കളവില്‍ നിന്നും വേശ്യ വ്യഭിചാരത്തില്‍ നിന്നും പിന്തിരിഞ്ഞേക്കാം. പണക്കാരന് അതൊരു പാഠവുമാണ്. നാളെ അയാളും ദാനം ചെയ്യാന്‍ തുടങ്ങിയേക്കാം’
Also read: ‘റഹ്മത്തുൽ ലിൽ ആലമീൻ’: ഖാദി സുലൈമാൻ മൻസൂർപൂരി
മറ്റൊരിക്കല്‍ പ്രവാചകന് തനിക്കു ലഭിച്ച പലഹാരപ്പാത്രം പ്രിയപത്നി ആയിശക്കു നല്കി. എന്തോ കാരണവശാല്‍ കോപാകുലയായിരുന്ന അവരത് നിലത്തിട്ടു. ഭാവമാറ്റമൊന്നുമില്ലാതെ പ്രവാചകന് തറയില്‍ ചിതറിയ പലഹാരം പെറുക്കിയെടുക്കാന്‍ തുടങ്ങി. ആയിശക്കിത് സഹിക്കാന്‍ സാധിച്ചില്ല. അവരുടെ ഹൃദയം വിതുമ്പി. പ്രവാചകനില്‍ നിന്ന് പാത്രം വാങ്ങി എല്ലാം പെറുക്കിയെടുത്തു. തനിക്ക് സംഭവിച്ച തെറ്റില്‍ പശ്ചാത്തപിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തു.
പ്രവാചകന് സമൂഹത്തെ സമ്പൂര്‍ണമായി സംസ്കരിച്ചതും മാറ്റിയെടുത്തതും ഇവ്വിധമായിരുന്നു. അരുതുകളുടെയും വിലക്കുകളുടെയും പട്ടിക നിരത്തി വെക്കുന്നതിനു പകരം മനശ്ശാസ്ത്രപരമായും യുക്തിഭദ്രമായും അവരുടെ മനസ്സുകളെ പരിവര്‍ത്തിപ്പിക്കുകയായിരുന്നു. അത് കൊണ്ടാണ് അദ്ദേഹത്തിന് സമൂഹത്തില്‍ സമഗ്രമായ മാറ്റം വരുത്താന്‍ സാധിച്ചത്.
ആള്‍ക്കൂട്ടത്തില്‍ ഒരുവന്
ദൈവത്തിന്റെ അന്ത്യദൂതനും സമൂഹത്തിന്റെ നായകനും രാജ്യത്തിന്റെ ഭരണാധികാരിയുമെല്ലാമായിരുന്നിട്ടും പ്രവാചകന് എപ്പോഴും ആള്‍ക്കൂട്ടത്തിലായിരുന്നു. ആദ്ദേഹം അവരോടൊപ്പമിരുന്നു, നടന്നു, ആഹാരം കഴിച്ചു, കിടന്നുറങ്ങി. അവര്‍ വിശന്നപ്പോള്‍ അദ്ദേഹവും വിശന്നു. എല്ലാ ജോലികളിലും പങ്കാളിയായി. സ്ഥാനവസ്ത്രമോ സിംഹാസനമോ പ്രത്യേക ഇരിപ്പിടമോ ഭക്ഷണമോ ഒന്നും ഉണ്ടായിരുന്നില്ല.
അനുയായികളെപ്പോലെ ഈത്തപ്പഴവും വെള്ളവും കഴിച്ച് ജീവിച്ചു. ഈന്തപ്പനയുടെ ഓല കൊണ്ടുണ്ടാക്കിയ പായയില്‍ കിടന്നുറങ്ങി. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവന്റേതിന് സമാനമായ ജീവിതമാണ് നയിച്ചിരുന്നത്. താന്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കരുതെന്ന് പോലും അദ്ദേഹം കല്പിച്ചു.
ഒരു യാത്രയിലായിരിക്കെ പ്രവാചകനും അനുചരന്മാരും ഒരിടത്ത് വിശ്രമിക്കാനിരുന്നു. അവര്‍ ഒരാടിനെ അറുത്ത് ആഹാരമാക്കാന്‍ തീരുമാനിച്ചു. അറവ്, തൊലിപൊളിക്കല്‍, കഷ്ണം മുറിക്കല്‍, പാകം ചെയ്യല്‍ തുടങ്ങിയ ജോലികള്‍ ഒരോരുത്തര് ഏറ്റെടുത്തപ്പോള്‍ പ്രവാചകന് വിറകു കൊണ്ടുവരുന്ന ചുമതലയേറ്റു. അത് തങ്ങള്‍ നിര്‍വ്വഹിക്കാമെന്ന് പറഞ്ഞ് അനുയായികള്‍ വിലക്കിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അവരോട് ഇങ്ങനെ പറയുകയും ചെയ്തു. ‘ഞാന്‍ നിങ്ങളില്‍ ഒരുവനല്ലേ? ഒരുവനാകേണ്ടവനല്ലേ?’
ഖന്ദഖ് യുദ്ധവേളയില്‍ അനുയായികളോടൊപ്പം അദ്ദേഹവും കിടങ്ങ് കുഴിക്കുന്നതില്‍ പങ്കാളിയായി.
Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്- 9
ദൈവത്തില്‍ നിന്ന് കല്പനയോ നിര്‍ദേശമോ മാര്‍ഗദര്‍ശനമോ ലഭിക്കാത്ത കാര്യങ്ങളിലെല്ലാം തീരുമാനമെടുത്തിരുന്നത് അനുയായികളോട് കൂടിയാലോചിച്ചാണ്. സഹധര്‍മിണിയുടെ പേരില്‍ അപവാദാരോപണമുണ്ടായപ്പോള്‍ അക്കാര്യത്തില്‍പോലും കൂടെയുള്ളവരോട് കൂടിയാലോചിക്കുകയുണ്ടായി. ഭൂരിപക്ഷാഭിപ്രായം തന്റേതിന് വിരുദ്ധമായാല്‍ അതാണ് സ്വീകരിച്ചിരുന്നത്. ഉഹ്ദ് യുദ്ധവേളയില്‍ മദീനക്കു പുറത്തു പോയത് തന്റെ കാഴ്ചപ്പാടിനെതിരെ ഭൂരിപക്ഷാഭിപ്രായം സ്വീകരിച്ചാണ്. (തുടരും)