ജീവചരിത്രം

മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 9

കാരുണ്യത്തിന്റെ പ്രവാചകന്‍

പ്രവാചകന്റെ നിയോഗകാലത്ത് ചില അറബ് ഗോത്രങ്ങള്‍ അപമാനഭാരം ഭയന്ന് പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുമായിരുന്നു. അങ്ങനെ സ്വന്തം കുഞ്ഞിനെ കുഴിച്ചുമൂടിയ ഒരു പിതാവ് പ്രവാചക സന്നിധിയില്‍ അക്കാര്യം വിശദമായി വിവരിച്ചു. ഇതു കേട്ട് നടുങ്ങിയ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ത്തുള്ളികള്‍ താടിരോമങ്ങളെ നനച്ച് ഇറ്റിറ്റു വീണു.

അതോടെ പെണ്‍കുട്ടികളെ കുഴിച്ചുമൂടുന്നവര്‍ക്ക് കഠിനമായ താക്കീത് നല്‍കുന്ന വിശുദ്ധ വാക്യം ഖുര്‍ആനില്‍ അവതീര്‍ണമായി. ‘കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കുന്ന ദിവസം വരിക തന്നെ ചെയ്യും; താന്‍ ഏതൊരു പാപത്തിന്റെ പേരിലാണ് കുഴിച്ചുമൂടപ്പെട്ടതെന്ന്.’ (81:8,9) ഒരിക്കല്‍ യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയ അനുയായികള്‍ മുഹമ്മദ് നബിയെ അറിയിച്ചു: ‘യുദ്ധത്തില്‍ ഏതാനും കുട്ടികള്‍ കൊല്ലപ്പെട്ടു’ ഇത്‌കേട്ട് പ്രവാചകന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി അനുയായികള്‍ പറഞ്ഞു:

‘കൊല്ലപ്പെട്ടത് നമ്മുടെ കുട്ടികളല്ല. ശത്രുക്കളുടെ കുട്ടികളാണ്’ഇത് പ്രവാചകനെ കൂടുതല്‍ അസ്വസ്ഥനാക്കി. അദ്ദേഹം പറഞ്ഞു: ‘ആ കുട്ടികള്‍ ഒരപരാധവും ചെയ്തിട്ടില്ല. എന്നിട്ടും അവര്‍ വധിക്കപ്പെട്ടു. പാവം കുട്ടികള്‍, ഒരു യുദ്ധത്തിലും കുട്ടികള്‍ കുറ്റവാളികളല്ല. വലിയവരുടെ കുറ്റത്തിന് കൊച്ചുകുട്ടികള്‍ ശിക്ഷിക്കപ്പെട്ടു കൂടാ. ഇനി മേല്‍ നിങ്ങള്‍ ആരുടെയും കുട്ടികളെ കൊല്ലരുത്.’
മറ്റൊരിക്കല്‍ പ്രവാചകന്‍ തന്റെ പേരക്കുട്ടി അലി മകന്‍ ഹസനെ ചുംബിക്കുകയായിരുന്നു. അത് കാണാനിടയായ ഹാബിസ് മകന്‍ അഖ്‌റഅ പറഞ്ഞു: ‘എനിക്ക് പത്ത് മക്കളുണ്ട്. ഒന്നിനെയും ഞാന്‍ ഇന്നോളം ചുംബിച്ചിട്ടില്ല.’ ഇത് കേട്ട് പ്രവാചകന്റെ മുഖം വിവര്‍ണമായി. അദ്ദേഹം പറഞ്ഞു: ‘കരുണ കാണിക്കാത്തവരോട് ദൈവം കരുണ കാണിക്കുകയില്ല.’

മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു: ‘ഭൂമിയിലുള്ളവരോട് കരുണ കാണിക്കുന്നവരോട് മാത്രമേ ഉപരിലോകത്തുള്ളവന്‍ കരുണ കാണിക്കുകയുള്ളൂ. കരുണ കാണിക്കാത്തവര്‍ക്ക് കാരുണ്യം കിട്ടുകയില്ല.’ ഇസ്‌ലാമിലെ എറ്റവും ശ്രേഷ്ഠമായ ആരാധന നമസ്‌കാരമാണ്. ഒരു കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടാല്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നയാള്‍ അത് ലഘൂകരിക്കണമെന്ന് പ്രവാചകന്‍ കല്‍പിച്ചു. മാതാവിന്റെ മനസ്സ് വേദനിക്കാതിരിക്കാനാണ് അവ്വിധം നിര്‍ദേശിച്ചതെന്ന് അറിയിക്കുകയും ചെയ്തു.

അനാഥക്കുട്ടികളുടെ സാന്നിധ്യത്തില്‍ സ്വന്തം മക്കളെ ലാളിക്കരുതെന്ന് കല്‍പ്പിച്ച പ്രവാചകന്‍ മനസ്സിന്റെ കാഠിന്യവും പാരുഷ്യവും ഇല്ലാതാക്കാന്‍ അനാഥമക്കളെ തലോടാനാണ് നിര്‍ദേശിച്ചത്.

വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നവര്‍ സ്വര്‍ഗത്തില്‍ തന്നോടൊപ്പമായിരിക്കുമെന്ന് മുഹമ്മദ് നബി അറിയിച്ചു. സ്വര്‍ഗം മാതാവിന്റെ കാല്‍ച്ചുവട്ടിലാണെന്ന് പഠിപ്പിച്ച പ്രവാചകന്‍ മനുഷ്യരില്‍ ഏറ്റവും നല്ലവന്‍ തന്റെ കുടുംബത്തോട് നന്നായി വര്‍ത്തിക്കുന്നവനാണെന്ന് ഊന്നിപ്പറഞ്ഞു. സമസൃഷ്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപകരിക്കുന്നവരാണ് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരെന്ന് പഠിപ്പിച്ചു.

Also read: മുഹമ്മദ് റസൂലുള്ള : ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദ് നബി സദാ നിലയുറപ്പിച്ചത് മര്‍ദിതരുടെയും പീഡിതരുടെയും കൂടെയാണ്. അബൂജഹല്‍ കരുത്തനും പ്രവാചകന്റെ കഠിന ശത്രുവുമായിരുന്നു. ദരിദ്രനും വളരെ സാധാരണക്കാരനുമായ ഇബ്‌നുല്‍ ഗൗസിന് അദ്ദേഹത്തില്‍ നിന്ന് ഒരു സംഖ്യ കിട്ടാനുണ്ടായിരുന്നു. എത്ര ചോദിച്ചിട്ടും കൊടുത്തിരുന്നില്ല. അതിനാല്‍ കഅ്ബയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന ഖുറൈശി പ്രമുഖരോട് പരാതി പറഞ്ഞു. അവര്‍ തൊട്ടടുത്തുണ്ടായിരുന്ന പ്രവാചകനെ ചൂണ്ടിക്കാണിച്ച് അദ്ദേഹത്തോട് പറയാന്‍ ആവശ്യപ്പെട്ടു. പ്രവാചകനെ പരിഹസിക്കലായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ പ്രവാചകന്‍ ഇബ്‌നുല്‍ ഗൗസിനെ കൂട്ടി അബൂജഹലിന്റെ വീട്ടില്‍ പോവുകയും അയാളുടെ സംഖ്യ വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ ധീരതക്കെന്നപോലെ സഹാനുഭൂതിക്കും കാരുണ്യത്തിനുമുള്ള സാക്ഷ്യമത്രെ.

മനുഷ്യരോടെന്നപോലെ ജീവജാലങ്ങളോടും കരുണ കാണിക്കണമെന്ന് പ്രവാചകന്‍ കല്‍പിക്കുകയുണ്ടായി. പക്ഷിക്കൂട്ടില്‍ നിന്ന് കുഞ്ഞിനെ എടുത്തുകൊണ്ടു വന്ന അനുയായികളോട് കരഞ്ഞുകൊണ്ട് വട്ടമിട്ടു പറന്ന തള്ളപ്പക്ഷിക്ക് അതിനെ തിരിച്ചേല്‍പിക്കാനാവശ്യപ്പെട്ടു. പ്രവാചകനും അനുയായികളും ഒരു യാത്രയിലായിരിക്കെ തണുപ്പകറ്റാന്‍ കത്തിച്ച തീ ഉറുമ്പുകള്‍ കരിയാന്‍ കാരണമാകുമെന്ന് ആശങ്കിച്ചപ്പോള്‍ അത് കെടുത്താന്‍ കല്‍പിച്ചു. വിശപ്പ് കാരണം ഒട്ടകം കരയുന്നത് കണ്ടപ്പോള്‍ മുഹമ്മദ് നബി അതിന്റെ കണ്ണുനീര്‍ തുടച്ചു കൊടുക്കുകയും അതിന് തിന്നാന്‍ കൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അദ്ദേഹം അതിന്റെ ഉടമയോട് പറഞ്ഞു: ‘ഈ ഒട്ടകത്തിന്റെ കാര്യത്തില്‍ താങ്കള്‍ ദൈവത്തെ സൂക്ഷിക്കുന്നില്ലേ? ദൈവം അതിനെ നമ്മെ ഏല്‍പിച്ചത് അതിനെ നന്നായി സംരക്ഷിക്കാനാണ്. അതിനെ പരിപാലിച്ച് സംരക്ഷിക്കുന്നവര്‍ക്കേ അതിനെ ഉപയോഗിക്കാന്‍ അവകാശമുള്ളൂ.’

മക്കയുടെ വിമോചനത്തിനു വേണ്ടിയുള്ള യാത്രയില്‍ വഴിയില്‍ പ്രസവിച്ച ഒരു പട്ടിയും അതിന്റെ കുട്ടികളുമുണ്ടായിരുന്നു. അവക്ക് ഒരപകടവും സംഭവിക്കാതിരിക്കാന്‍ സംഘത്തിലെ അവസാനത്തെയാളും കടന്നു പോകുന്നത് വരെ ഒരാളെ അവിടെ കാവല്‍ നിര്‍ത്തിയ പ്രവാചകന്‍ ദാഹിച്ചു വലഞ്ഞ പട്ടിക്ക് വെള്ളം കൊടുക്കുന്നത് പാപമോചനത്തിന് കാരണമാണെന്നും പൂച്ചയെ കെട്ടിയിട്ട് അന്നം കൊടുക്കാതിരിക്കുന്നത് ഗുരുതരമായ പാപമാണെന്നും പഠിപ്പിച്ചു.

ജീവജാലങ്ങളോട് മാത്രമല്ല മരത്തോടും മണ്ണിനോടും മനുഷ്യന് ബാധ്യതയുണ്ടെന്ന് മുഹമ്മദ് നബി ഉദ്‌ബോധിപ്പിച്ചു. പഴമില്ലാത്ത മരത്തെ കല്ലെറിയുന്ന കുട്ടിയോട് അദ്ദേഹം പറഞ്ഞു: ‘അരുത് മോനേ, അതിന് വേദനിക്കും’

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 7

വിഖ്യാതമായ വിട്ടുവീഴ്ച
മുഹമ്മദ് നബിയുടെ മനസ്സ് നിറയെ സമൂഹത്തോടുള്ള സ്‌നേഹവാത്സല്യ വികാരങ്ങളായിരുന്നു. അവര്‍ക്ക് എന്തെങ്കിലും വിപത്തു വരുന്നത് അദ്ദേഹത്തെ അത്യധികം അലോസരപ്പെടുത്തി. തന്നെ കഠിനമായി ദ്രോഹിച്ചവര്‍ പോലും ദുര്‍മാര്‍ഗികളായി ദുരിതത്തിലകപ്പെടരുതെന്ന് മുഹമ്മദ് നബി ആത്മാര്‍ഥമായി ആഗ്രഹിച്ചു.

പ്രതികാരമല്ല, വിട്ടുവീഴ്ചയാണ് വിജയത്തിന് വഴിയൊരുക്കുകയെന്ന് സമൂഹത്തെ പഠിപ്പിച്ചു. ഉറങ്ങിക്കിടക്കവേ ഈന്തപ്പനമേല്‍ തൂക്കിയിട്ട തന്റെ വാളെടുത്ത് തന്നെ കൊല്ലാന്‍ ശ്രമിച്ച ദുഅഥൂര്‍, വിഷം പുരട്ടിയ വാളുമായി തന്നെ വധിക്കാന്‍ വന്ന വഹബ് മകന്‍ ഉമൈര്‍, അദ്ദേഹത്തെ അതിന് നിയോഗിച്ചയച്ച ഉമയ്യ മകന്‍ സ്വഫ്‌വാന്‍, തന്റെ പ്രിയ പത്‌നി ആയിശ ബീവിക്കെതിരെ അപവാദം പറഞ്ഞു പരത്തിയവര്‍, ഉള്ളില്‍ നിന്ന് ദ്രോഹിച്ച കപടവിശ്വാസികള്‍, ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ജൂത സ്ത്രീ, തന്റെ പിതൃവ്യന്‍ ഹംസയെ ക്രൂരമായി കൊന്ന് നെഞ്ച് പിളര്‍ത്തി കരളെടുത്ത വഹ്ശി, അതിന് ആജ്ഞാപിക്കുകയും ആ കരള്‍ കടിച്ചു തുപ്പുകയും ചെയ്ത ഹിന്ദ്, തനിക്കെതിരെ നിരവധി യുദ്ധങ്ങള്‍ നയിച്ച അബൂസുഫ്‌യാന്‍, ശത്രു സൈന്യത്തിന്റെ നേതാവായിരുന്ന ഖാലിദ്, തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ യമാമ ഭരണാധികാരി അഥാല്‍ മകന്‍ ഥുമാമ തുടങ്ങിയവരോടെല്ലാം പ്രവാചകന്‍ വിട്ടുവീഴ്ച കാണിക്കുകയും അവര്‍ക്കെല്ലാം മാപ്പ് നല്‍കുകയും ചെയ്തു.

Also read: സീറത്തുന്നബവിയ്യ : സയ്യിദ് അബുൽ ഹസൻ അലി നദ്‌വി

ഹിജ്‌റ അഞ്ചാം വര്‍ഷം മക്കയില്‍ കടുത്ത ദാരിദ്ര്യം ബാധിച്ചു. പണക്കാരുള്‍പ്പെടെ പട്ടിണികൊണ്ട് പൊറുതിമുട്ടി. അപ്പോള്‍ അവിടെയുണ്ടായിരുന്നവരെല്ലാം പ്രവാചകന്റെ കഠിന ശത്രുക്കളായിരുന്നു. അദ്ദേഹത്തെ അങ്ങേയറ്റം ദ്രോഹിച്ചവരും. എന്നിട്ടും വിവരമറിഞ്ഞ പ്രവാചകന്‍ പള്ളിയിലെ പ്രസംഗപീഠത്തില്‍ ജനങ്ങളോട് മക്കക്കാരുടെ പ്രയാസം വിശദീകരിച്ചു. തുടര്‍ന്ന് വീടുകളില്‍ നിന്ന് ധാന്യം കൊണ്ടുവരാനാവശ്യപ്പെട്ടു. അങ്ങനെ അവയൊക്കെയും ശേഖരിച്ച് ഉബയ്യ മകന്‍ അംറ് വശം ശത്രുക്കളുടെ നേതാവായിരുന്ന അബൂസുഫ്‌യാന് കൊടുത്തയച്ചു. അദ്ദേഹം അത് സ്വീകരിച്ച് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു.

മക്കാനിവാസികള്‍ ഭക്ഷ്യ ധാന്യങ്ങള്‍ക്ക് മുഖ്യമായി ആശ്രയിച്ചിരുന്നത് യമാമ ദേശക്കാരെയാണ്. അവരുടെ നേതാവ് അഥാല്‍ മകന്‍ ഥുമാമ ഇസ്‌ലാം സ്വീകരിച്ചു. അതോടെ അദ്ദേഹം പ്രവാചകനെയും അനുയായികളെയും പ്രയാസപ്പെടുത്തിക്കൊണ്ടിരുന്ന മക്കാനിവാസികള്‍ക്ക് ഒരുമണി ധാന്യവും നല്‍കരുതെന്ന് തന്റെ നാട്ടുകാരോട് ആവശ്യപ്പെട്ടു. അതോടെ മക്കാനിവാസികള്‍ പട്ടിണികൊണ്ട് പൊറുതിമുട്ടി. അതിനിടെ തീര്‍ഥാടനത്തിന് മക്കയിലെത്തിയ ഥുമാമയോട് ഭക്ഷ്യ ഉപരോധം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഇസ്‌ലാം സ്വീകരിച്ചതിന്റെ പരിഭവം രേഖപ്പെടുത്തുകയും ചെയ്തു. ഥുമാമയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘ഞാന്‍ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും ഉല്‍കൃഷ്ട മതമാണിസ്‌ലാം. ഞാന്‍ അതംഗീകരിച്ചിരിക്കുന്നു. ഇനി സത്യത്തില്‍ നിന്ന് അസത്യത്തിലേക്ക് തിരിച്ചു പോക്കില്ല.

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 8

നിങ്ങള്‍ക്ക് ഒരു മണി ധാന്യവും തരികയുമില്ല’ മുഹമ്മദിന്റെ നിര്‍ദേശമില്ലാതെ ഥുമാമ തീരുമാനം മാറ്റുകയില്ലെന്ന് മക്കക്കാര്‍ക്ക് ബോധ്യമായി. മൂന്നുകൊല്ലം വെള്ളം പോലും കൊടുക്കാതെ മുഹമ്മദിനെ ബഹിഷ്‌കരിച്ച തങ്ങള്‍ക്ക് അനുകൂലമായ നിലപാട് അദ്ദേഹം സ്വീകരിക്കുമോ? ഗത്യന്തരമില്ലാതെ അവര്‍ പ്രവാചകനോട് ഇങ്ങനെ ആവശ്യപ്പെട്ടു: ‘ഞങ്ങള്‍ക്ക് ഭക്ഷ്യധാന്യം നല്‍കുന്നത് നിരോധിച്ചു കൊണ്ട് ഥുമാമ നല്‍കിയ നിര്‍ദേശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടാലും. ഈ പ്രയാസത്തില്‍ നിന്നും ഞങ്ങളെ രക്ഷിക്കണം. കുടുംബബന്ധത്തിന്റെ പേരിലെങ്കിലും.’ കത്ത് കിട്ടിയ പ്രവാചകന്‍ ഥുമാമക്കെഴുതി: ‘ദൈവം തന്നെ തള്ളിപ്പറയുന്നവരോടും തന്നില്‍ പങ്കുചേര്‍ക്കുന്നവരോടും കരുണ കാണിക്കുന്നവനാണ്. നാമും ഉള്‍ക്കൊള്ളേണ്ടത് അതാണ്. അതിനാല്‍ മക്കയിലേക്കുള്ള ഭക്ഷ്യപദാര്‍ഥങ്ങള്‍ വിലക്കരുത്.’ (തുടരും)

You may also like

Leave a reply

Your email address will not be published. Required fields are marked *