പ്രലോഭനവും പീഡനവും
ശീലിച്ചു പോന്ന ജീവിത ശൈലികളോടും ആചരിച്ചു വന്ന ചര്യകളോടും പിന്തുടര്‍ന്നു പോന്ന പാരമ്പര്യങ്ങളോടും വിടപറയാന്‍ ഏറെപ്പേരും വിമുഖത കാണിക്കും. അതിനാല്‍ അവ പരിരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ അവര്‍ തയ്യാറായിരിക്കും.
അതു കൊണ്ടുതന്നെ മക്കാനിവാസികളില്‍ മഹാഭൂരിപക്ഷവും പ്രവാചകനെ കഠിനമായി എതിര്‍ത്തു. വംശീയവും ഗോത്രപരവും കുടുംബപരവുമായ കാരണങ്ങളും സാമ്പത്തികവും അധികാരപരവുമായ താല്‍പര്യങ്ങളും അവരെ എതിര്‍ പക്ഷത്ത് അണി നിരത്തുന്നതില്‍ അനല്പമായ പങ്കു വഹിച്ചു. അവര്‍ പ്രവാചകനെയും അനുയായികളെയും നിര്‍ദയം പീഡിപ്പിച്ചു. രൂക്ഷമായി ആക്ഷേപിച്ചു. കഠിനമായി പരിഹസിച്ചു. അതൊന്നും ഫലിക്കാതെ വന്നപ്പോള്‍ പ്രലോഭനങ്ങളിലൂടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അവരെ പ്രതിനിധീകരിച്ച് റബീഅയുടെ മകന്‍ ഉത്ബ പ്രവാചകനെ സമീപിച്ചു. അദ്ദേഹം പറഞ്ഞു: ‘സഹോദര പുത്രാ, താങ്കള്‍ ഞങ്ങളിലെ മാന്യനാണ്. കുലീന കുടുംബത്തിലെ അംഗമാണ്. എന്നാല്‍ താങ്കളിപ്പോള്‍ രംഗത്തിറങ്ങിയത് താങ്കളുടെ തന്നെ ആള്‍ക്കാര്‍ക്ക് അപകടം വരുത്തുന്ന കാര്യവുമായാണ്. അത് അവരുടെ കെട്ടുറപ്പ് തകര്‍ത്തിരിക്കുന്നു. കൂട്ടായ്മക്ക് കോട്ടം വരുത്തിയിരിക്കുന്നു. അതിനാല്‍ ഇതൊന്നു കേള്‍ക്കൂ; ഏറെ ഗുണകരവും സ്വീകാര്യവുമായ ചില കാര്യങ്ങള്‍ ഞാന്‍ പറയാം.
Also read: നബിജീവിതത്തിന്‍റെ കാലിക വായന പറയുന്ന അഞ്ചു ഗ്രന്ഥങ്ങള്‍
നിന്റെ ഈ പുതിയ മതം കൊണ്ട് പണം നേടലാണ് ലക്ഷ്യമെങ്കില്‍ ഏറ്റവും വലിയ സമ്പന്നനാകാനാവശ്യമായ സ്വത്ത് ഞങ്ങള്‍ തരാം. നേതൃത്വമാണ് ഉദ്ദേശ്യമെങ്കില്‍ താങ്കളെ ഞങ്ങളുടെ നേതാവാക്കാം. താങ്കളുടെ ഇഷ്ടത്തിനെതിരായി ഞങ്ങളൊന്നും ചെയ്യുകയില്ല. ഭരണമാണ് വേണ്ടതെങ്കില്‍ ഞങ്ങള്‍ താങ്കളെ ഞങ്ങളുടെ രാജാവാക്കാം. ഏതെങ്കിലും പെണ്ണിനെ സ്വന്തമാക്കലാണ് ലക്ഷ്യമെങ്കില്‍ അറേബ്യയിലെ ഏറ്റവും സുന്ദരിയെ താങ്കള്‍ക്ക് വിവാഹം ചെയ്തു തരാം. ഇനി ഇതൊന്നുമല്ലാത്ത, താങ്കള്‍ക്കു തന്നെ തടുക്കാനാവാത്ത വല്ല ജിന്നു ബാധയുമാണ് ഇതൊക്കെ വിളിച്ചു പറയാന്‍ കാരണമെങ്കില്‍ താങ്കളെ ഞങ്ങള്‍ വേണ്ട വിധം ചികിത്സിക്കാം. അതിനാവശ്യമായ സമ്പത്ത് ഞങ്ങള്‍ ചെലവഴിച്ചു കൊള്ളാം.’
ഉത്ബയുടെ നിര്‍ദേശം ശ്രദ്ധാപൂര്‍വം കേട്ട പ്രവാചകന്‍ ഖുര്‍ആനിലെ മുപ്പത്തിരണ്ടാം അധ്യായം പാരായണം ചെയ്ത് കേള്‍പ്പിച്ചു. അത്യാകര്‍ഷകമായ ആ വചനങ്ങള്‍ ഉത്ബ ഏറെ താല്പര്യത്തോടെയാണ് കേട്ടത്. മുഹമ്മദിന്റെ ലക്ഷ്യം പണമോ പെണ്ണോ പദവിയോ ഒന്നുമല്ലെന്ന് അതോടെ അദ്ദേഹത്തിന് ബോധ്യമായി. നിഷേധിക്കാനാവാത്ത സത്യമാണ് അദ്ദേഹം പറയുന്നതെന്നും വിജയത്തിന്റെ വഴിയിലേക്കാണ് ജനങ്ങളെ ക്ഷണിക്കുന്നതെന്നും അയാളുടെ മനസ്സ് മന്ത്രിച്ചു. അതുകൊണ്ടു തന്നെ പ്രവാചകനോട് കൂടുതലൊന്നും പറയാനുണ്ടായിരുന്നില്ല. അദ്ദേഹം തന്നെ നിയോഗിച്ചവരെ സമീപിച്ച് പറഞ്ഞു: ‘മുഹമ്മദിന്റെ കാര്യം അറബികള്‍ക്ക് പൊതുവായി വിട്ടുകൊടുക്കുക. അവര്‍ അവനുമായി എതിരിടട്ടെ. ജയിക്കുന്നത് അറബികളാണെങ്കില്‍ അതോടെ പ്രശ്‌നം പരിഹരിക്കപ്പെടും. അഥവാ മുഹമ്മദാണ് ജയിക്കുന്നതെങ്കില്‍ അതിന്റെ നേട്ടവും സല്‌പ്പേരും നമുക്ക് തന്നെയാണല്ലോ.’
എന്നാല്‍ ഉത്ബയുടെ ഈ അഭിപ്രായം പ്രവാചകന്റെ എതിരാളികള്‍ക്ക് സ്വീകാര്യമായില്ല. അവര്‍ ശത്രുതക്ക് ശക്തി കൂട്ടി. ക്രൂരത കടുപ്പിച്ചു.
പ്രവാചകന്റെ അനുയായികളില്‍ പലരേയും ക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കി. വൃദ്ധനായ യാസിറിനെയും മകന്‍ അമ്മാറിനെയും റബാഹ് മകന്‍ ബിലാലിനെയും ദിവസങ്ങളോളം കഠിനമായ മര്‍ദനങ്ങള്‍ക്കിരയാക്കി. നട്ടുച്ചനേരത്ത് ചുട്ടു പഴുത്ത മണലില്‍ കിടത്തി നെഞ്ചില്‍ കരിങ്കല്ല് കയറ്റി വെച്ച് കയറില്‍ കെട്ടി വലിച്ചിഴക്കുകയും ചാട്ടവാര്‍ കൊണ്ടടിച്ച് തൊലിയുരിക്കുകയും ചെയ്തു. അമ്മാറിന്റെ മാതാവ് സുമയ്യ ബീവിയെ കൊടിയ മര്‍ദനങ്ങള്‍ക്കിരയാക്കി അവസാനം ജനനേന്ദ്രിയത്തില്‍ കുന്തം കുത്തി കൊലപ്പെടുത്തി. അപ്പോഴൊക്കെയും പ്രവാചകന്‍ അവരോട് പറഞ്ഞു കൊണ്ടിരുന്നു: ‘യാസിര്‍ കുടുംബമേ, ക്ഷമിക്കൂ. ഉറപ്പായും നിങ്ങളുടെ വാഗ്ദത്ത സ്ഥലം സ്വര്‍ഗ്ഗമാണ്.’
അടിമയായിരുന്ന ബിലാല്‍ അനുഭവിച്ചു കൊണ്ടിരുന്ന പീഡനങ്ങള്‍ കണ്ട് സഹിക്കാനാവാതെ പ്രവാചകന്റെ ആത്മമിത്രമായ അബൂബക്കര്‍ സിദ്ദീഖ് അദ്ദേഹത്തെ വിലക്കു വാങ്ങി സ്വതന്ത്രനാക്കി.
Also read: വൈവാഹിക ജീവിതം: പ്രവാചക മാതൃകകള്‍
അനുയായികളെയെന്നപോലെ മുഹമ്മദ് നബിയെയും അവര്‍ പരമാവധി ദ്രോഹിച്ചു കൊണ്ടിരുന്നു. അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല്‍ അദ്ദേഹത്തിന്റെ വീട്ടിനു മുമ്പില്‍ കല്ലും മുള്ളും മാലിന്യങ്ങളും കൊണ്ടുവന്നിടുക പതിവാക്കി. നമസ്‌കാര വേളയില്‍ സാംഷ്ടാംഗത്തിലായിരിക്കെ കഴുത്തില്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല കൊണ്ടുവന്നിട്ടത് കാരണം തല ഉയര്‍ത്താന്‍ വയ്യാത്ത അവസ്ഥയുണ്ടായി. പ്രവാചകന്റെ മകള്‍ ഫാത്വിമയാണ് അതെടുത്ത് മാറ്റിയത്.
ഇത്തരം ക്രൂരമര്‍ദനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കെ അടുത്ത അനുയായിയായ ഔഫ് മകന്‍ അബ്ദുറഹ്മാന്‍ പ്രവാചകനെ സമീപിച്ച് പ്രതികാരത്തിന് അനുവാദം ചോദിച്ചു. എന്നാല്‍ അദ്ദേഹം അതംഗീകരിച്ചില്ല. അദ്ദേഹം തന്റെ അനുയായികളോട് പറഞ്ഞു: ‘അരുത്. മാപ്പ് നല്‍കാനാണ് ഞാന്‍ കല്പിക്കപ്പെട്ടിരിക്കുന്നത്.’
ഖുര്‍ആന്‍ പ്രവാചകനോടും അതിന്റെ മുഴുവന്‍ അനുയായികളോടും ആവശ്യപ്പെടുന്നത് തിന്മയെ നന്മകൊണ്ട് തടയാനാണല്ലോ. ഖുര്‍ആനില്‍ ദൈവം പറയുന്നു: ‘നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും. ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല.’ (41 : 34,35)
പ്രതിയോഗികളുടെ ഹീനശ്രമങ്ങളൊക്കെയും പരാജയപ്പെടുകയായിരുന്നു. കടുത്ത അഹങ്കാരവും കൊടിയ ധിക്കാരവും ഗോത്ര മഹിമയുടെ പേരിലുള്ള അസൂയയും പകയുമാണ് സന്‍മാര്‍ഗ സ്വീകരണത്തില്‍ നിന്ന് പലരേയും തടഞ്ഞിരുന്നത്. പ്രവാചകനുമായി ആരും ബന്ധപ്പെടാതിരിക്കാനും ഖുര്‍ആന്‍ കേള്‍ക്കാതിരിക്കാനും പ്രതിയോഗികള്‍ പലശ്രമങ്ങളും നടത്തിക്കൊണ്ടിരുന്നു.
എന്നിട്ടും പലരും പ്രവാചകനെ പിന്‍തുടര്‍ന്ന് സന്‍മാര്‍ഗം സ്വീകരിച്ചു കൊണ്ടിരുന്നു. സമൂഹത്തില്‍ ഏറെ ആദരവും അംഗീകാരവുമുള്ള വളരെ പ്രഗല്ഭരും കരുത്തരും ധീരരുമായ ഉമറും ഹംസയുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. പ്രവാചകത്വത്തിന്റെ ആറാം വര്‍ഷമാണ് അവര്‍ പ്രവാചകന്റെ പാത പിന്തുടര്‍ന്നത്.
Also read: പ്രവാചകൻ മുഹമ്മദ് നബിയെ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന വിധം
ഗത്യന്തരമില്ലാതെ ശത്രുക്കള്‍ അബൂത്വാലിബിനെ സമീപിച്ചു. അദ്ദേഹത്തോട് പ്രവാചകന് നല്‍കിക്കൊണ്ടിരുന്ന പിന്തുണ പിന്‍വലിക്കാനാവശ്യപ്പെട്ടു. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ സാമൂഹ്യ ബഹിഷ്‌കരണത്തിന് വിധേയമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതോടെ അബൂ ത്വാലിബ് കടലിനും ചെകുത്താനുമിടയിലെന്ന അവസ്ഥയിലായി. ഒരു ഭാഗത്ത് സഹോദര പുത്രനോടുള്ള അതിരുകളില്ലാത്ത സ്‌നേഹം, മറുഭാഗത്ത് സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുമോയെന്നുള്ള ഭയം. നിസ്സഹായനായ അബൂത്വാലിബ് പ്രവാചകനെ അടുത്തു വരുത്തി സ്‌നേഹപൂര്‍വം പറഞ്ഞു: ‘മോനേ, നിന്നെ സഹായിക്കരുതെന്നാണ് നിന്റെ ജനത എന്നോടാവശ്യപ്പെടുന്നത്. അല്ലെങ്കില്‍ നീ നിന്റെ പുതിയ മതം ഉപേക്ഷിക്കണമെന്നും. അതിനാല്‍ എനിക്ക് ചുമക്കാനാവാത്ത ഭാരം എന്നെ വഹിപ്പിക്കരുതേ.’
പിതൃവ്യന്റെ വാക്കുകള്‍ പ്രവാചകനെ ഒരു നിമിഷം സ്തബ്ധനാക്കിയെങ്കിലും ഒട്ടും തളര്‍ത്തിയില്ല. ശാന്തത കൈവിടാതെ ദൃഢസ്വരത്തില്‍ പറഞ്ഞു: ‘ദൈവമാണ് സാക്ഷി! ഈ ജനം എന്റെ വലതു കയ്യില്‍ സൂര്യനും ഇടതു കയ്യില്‍ ചന്ദ്രനും വെച്ചു തന്നാലും ഞാന്‍ ഈ ഉദ്യമത്തില്‍ നിന്ന് പിന്തിരിയുകയില്ല. ഒന്നുകില്‍ എന്റെ ശ്രമം വിജയിക്കും. അല്ലെങ്കില്‍ ഈ മാര്‍ഗത്തില്‍ എന്റെ ജീവന്‍ ബലിയര്‍പ്പിക്കപ്പെടും.’
അതോടെ അബൂത്വാലിബ് ധീരമായ സമീപനം സ്വീകരിച്ചു. അദ്ദേഹം പ്രവാചകനോടിങ്ങനെ പറഞ്ഞു: ‘നീ പോയി നിന്റെ ഇഷ്ടാനുസരണം പ്രവര്‍ത്തിച്ചു കൊള്ളുക. എന്തു വന്നാലും ഞാന്‍ നിന്നെ കൈവിടില്ല. നേരിയ പോറല്‍ പോലും നിനക്കേല്‍പ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ല.’
ഈ വാക്കുകള്‍ മുഹമ്മദ് നബിക്ക് അനല്പ്പമായ ആശ്വാസം നല്‍കി. അദ്ദേഹം തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി തുടര്‍ന്നു.
സാമൂഹ്യ ബഹിഷ്‌കരണം
പ്രവാചകനും അനുയായികള്‍ക്കുമെതിരെയുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ എതിരാളികള്‍ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ ഉപരോധം ഏര്‍പ്പെടുത്തി. സാമൂഹ്യബഹിഷ്‌കരണം പ്രഖ്യാപിച്ചു. പ്രവാചകത്വത്തിന്റെ ഏഴാം വര്‍ഷം ഒന്നാം മാസത്തിലായിരുന്നു ഇത്. ശത്രുക്കളുടെ മുന്നണിയിലുണ്ടായിരുന്ന ഖുറൈശികളുടെ നേതാവ് അബൂജഹലാണ് ഇതിന് നേതൃത്വം നല്‍കിയത്. പ്രവാചകനും അനുയായികളും കടുത്ത ദാരിദ്ര്യത്തിലും കൊടിയ കഷ്ടപ്പാടുകളിലും അകപ്പെട്ടു. വിശപ്പിന്റെ കാഠിന്യം കാരണം പച്ചിലകള്‍ പോലും പറിച്ചു തിന്നാന്‍ അവര്‍ നിര്‍ബന്ധിതരായി. എന്നാല്‍ ഈ ദുരിത നാളുകളിലും ചില സുമനസ്സുകള്‍ വളരെ രഹസ്യമായി ആഹാര പദാര്‍ഥങ്ങള്‍ എത്തിച്ചു കൊടുത്തിരുന്നു.
തുല്യതയില്ലാത്ത കഷ്ടപ്പാടുകളുടെ ഈ നാളുകളിലും പ്രവാചകനും അനുചരന്മാരും അത്ഭുതകരമായ ക്ഷമ പാലിച്ചു. അവരുടെ അതുല്യമായ ഈ ത്യാഗം പലരിലും വലിയ മതിപ്പുളവാക്കി. അവരില്‍ ചിലരെങ്കിലും വിശ്വാസികളോട് അകമഴിഞ്ഞ് സഹതാപം പ്രകടിപ്പിച്ചു. അപൂര്‍വം ചിലര്‍ സന്മാര്‍ഗം പ്രാപിക്കാനും ഇത് കാരണമായി.
Also read: മുഹമ്മദ് നബി തിരുത്തേണ്ട ധാരണകള്‍
ബഹിഷ്‌കരണം മൂന്ന് കൊല്ലം പിന്നിട്ടതോടെ ചില നല്ല മനുഷ്യര്‍ രംഗത്തു വന്നു. അംറിന്റെ മകന്‍ ഹിഷാമും അബൂഉമയ്യ മകന്‍ സുഹൈറും ബഹിഷ്‌കരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു. അബൂജഹല്‍ അതിനെ എതിര്‍ത്തെങ്കിലും അവര്‍ തങ്ങളുടെ തീരുമാനവുമായി മുന്നോട്ടു പോയി. അങ്ങനെ കഅ്ബയില്‍ എഴുതി പതിപ്പിച്ചിരുന്ന കരാര്‍ കീറിക്കളയാന്‍ ചെന്നപ്പോഴേക്കും അത് ചിതല്‍ തിന്നിരുന്നു. അതോടെ സാമൂഹ്യ ബഹിഷ്‌കരണത്തിന് അറുതിയായി. പ്രവാചകത്വത്തിന്റെ ഒമ്പതാം വര്‍ഷാവസാനത്തിലാണ് ഇത് സംഭവിച്ചത്.
ഇരട്ട നഷ്ടം
പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം അദ്ദേഹത്തിന് എല്ലാ പ്രതിസന്ധികളിലും പൂര്‍ണ പിന്തുണ നല്‍കിയിരുന്ന, കടുത്ത പ്രതിസന്ധികളെ മറികടക്കാന്‍ കരുത്തേകിയ പിതൃവ്യന്‍ അബൂത്വാലിബ് പരലോകം പ്രാപിച്ചു. അതേവര്‍ഷം പ്രവാചകന് താങ്ങും തണലും ഇണയും തുണയുമായി നിലകൊണ്ട പ്രിയതമ ഖദീജാ ബീവിയും അദ്ദേഹത്തോട് വിട പറഞ്ഞു. മാതൃതുല്യമായ പരിലാളനയും സഹപ്രവര്‍ത്തകയുടെ സഹകരണവും സഹധര്‍മിണിയുടെ സ്‌നേഹവാത്സല്യവും സമ്മാനിച്ച് ഖദീജാ ബീവി നബിതിരുമേനിക്ക് സദാ സാന്ത്വനവും ആശ്വാസവും നല്‍കി. ആരെയും അത്ഭുതപ്പെടുത്തുന്ന മധുര മനോഹര, സുന്ദര സുരഭില ദാമ്പത്യമായിരുന്നു അവരുടേത്. ഒരിക്കല്‍ പോലും അലോസരമുണ്ടാക്കുന്ന ഒരക്ഷരം പോലും പരസ്പരം പറഞ്ഞതായി ആരും രേഖപ്പെടുത്തിയിട്ടില്ല. അതോടൊപ്പം അവര്‍ക്കിടയില്‍ ഏറെ കൗതുകകരമായ അനേകം മധുരഭാഷണങ്ങള്‍ നടന്നതായി ചരിത്രം കുറിച്ചിട്ടിരിക്കുന്നു. കൊടിയ പീഡനങ്ങള്‍ ഏറ്റു വാങ്ങിയ പ്രതിസന്ധിഘട്ടങ്ങളിലും പ്രിയപ്പെട്ട മക്കള്‍ മരണപ്പെട്ട വേര്‍പാടിന്റെ വേദനയുടെ വേളകളിലും അവര്‍ പരസ്പരം ആശ്വസിപ്പിച്ചു. അങ്ങനെ സുഖദു:ഖങ്ങള്‍ പങ്കിട്ട കൂട്ടു ജീവിതത്തില്‍ നിന്ന് ഇണക്കിളി പാറിപ്പറന്നു പോയത് പ്രവാചകനെ ദു:ഖത്തിലാഴ്ത്തി. എന്നിട്ടും ഈ ഇരട്ട നഷ്ടത്തെ എല്ലാം ദൈവത്തിലര്‍പ്പിച്ച് മനസ്സമാധാനത്തോടെ അഭിമുഖീകരിച്ചു.
Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍
എന്നാല്‍ അബൂത്വാലിബിന്റെ അസാന്നിധ്യം പ്രവാചകന്റെ മക്കയിലെ ജീവിതം ഏറെ പ്രയാസകരമാക്കി. അങ്ങനെയാണ് അദ്ദേഹം ത്വാഇഫില്‍ അഭയം തേടാന്‍ തീരുമാനിച്ചത്. മക്കയുടെ അടുത്ത പ്രദേശമാണത്. അവിടെ മുഹമ്മദ് നബിയുടെ അകന്ന രക്തബന്ധുക്കളുണ്ടായിരുന്നു. അദ്ദേഹത്തിന് കുഞ്ഞുനാളില്‍ മുല കൊടുത്ത ഹലീമാ ബീവിയുടെ കുടുംബം അതിനടുത്തായിരുന്നു. ഇക്കാരണങ്ങളാലെല്ലാം അവിടത്തുകാര്‍ തന്നെ കൈയ്യൊഴിക്കില്ലെന്ന് പ്രവാചകന്‍ പ്രതീക്ഷിച്ചു. അങ്ങനെ പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം അദ്ദേഹം ത്വാഇഫിലേക്ക് പുറപ്പെട്ടു. സൈദുബ്‌നു ഹാരിസ് മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ. പരമ രഹസ്യമായാണ് ഇരുവരും അവിടേക്ക് പോയത്. (തുടരും)