ഭൂമിയില്‍ ജനവാസം ആരംഭിച്ചതോടെ അവരുടെ മാര്‍ഗദര്‍ശനത്തിനായി ദൈവം തന്റെ ദൂതന്മാരെ നിയോഗിച്ചു കൊണ്ടിരുന്നു. അവരിലൂടെ മനുഷ്യരാശിക്ക് ജീവിതവിജയം ഉറപ്പു വരുത്തുന്ന നേര്‍വഴി കാണിച്ചു കൊടുത്തു. എവിടെയൊക്കെ മനുഷ്യവാസമുണ്ടോ അവിടെയെല്ലാം ദൈവദൂതന്മാര്‍ നിയോഗിതരായിരുന്നു. ഇങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചരിത്രത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലായി ഒരു ലക്ഷത്തിലേറെ ദൂതന്മാരെ ദൈവം നിയോഗിച്ചിട്ടുണ്ട്. ദിവ്യബോധനം ലഭിക്കുന്നവരെന്ന നിലയില്‍ അവരെ പ്രവാചകന്മാരെന്നും വിളിക്കുന്നു. ഈ പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി.
ദൈവത്തിന്റെ അന്ത്യദൂതന്‍
ചരിത്രത്തിന്റെ തെളിഞ്ഞ വെളിച്ചത്തിലാണ് മുഹമ്മദ് ജനിച്ചതും ജീവിച്ചതും. ക്രിസ്താബ്ദം 569 ജൂണ്‍ 17 നാണ് ജനനം.
ജന്മനാട് മക്കാ താഴ്‌വരയാണ്. പിറവിക്ക് രണ്ടു മാസം മുമ്പേ പിതാവ് അബ്ദുല്ല പരലോകം പ്രാപിച്ചു. ആറാമത്തെ വയസ്സില്‍ മാതാവ് ആമിനയും അന്ത്യശ്വാസം വലിച്ചു. പിതാവിന്റെ അഭാവത്തില്‍ സംരക്ഷണം ഏറ്റെടുത്ത പിതാമഹന്‍ അബ്ദുല്‍ മുത്തലിബ് മുഹമ്മദിന് എട്ടു വയസ്സും രണ്ട് മാസവും പത്ത് ദിവസവും പ്രായമുള്ളപ്പോള്‍ ഈ ലോകത്തോട് വിട പറഞ്ഞു. പിന്നീട് സംരക്ഷിച്ചത് പിതൃവ്യന്‍ അബൂത്വാലിബാണ്. അദ്ദേഹം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വ്യക്തിയായിരുന്നു. അതിനാല്‍ അനാഥത്വത്തോടൊപ്പം ദാരിദ്ര്യവും പ്രവാചകന്റെ കൂടെപ്പിറപ്പായി.
Also read: രാജ്യസ്‌നേഹത്തിന്റെ പ്രവാചക മാതൃക
ചെറുപ്രായത്തില്‍ തന്നെ ഇടയവൃത്തിയിലേര്‍പ്പെട്ട മുഹമ്മദിന് അക്ഷരാഭ്യാസം നേടാന്‍ അവസരം ലഭിച്ചില്ല. അക്കാലത്ത് മറ്റെവിടെത്തെയുമെന്നപോലെ അവിടെത്തെയും മഹാഭൂരിപക്ഷവും നിരക്ഷരരായിരുന്നു.
നാട്ടില്‍ നിലനിന്നിരുന്ന അന്ധവിശ്വാസം, അനാചാരം, അധര്‍മം, അശ്ലീലത, അക്രമം, അനീതി, മദ്യപാനം, വ്യഭിചാരം, കളവ്, ചതി പോലുള്ള ദുര്‍വൃത്തികളില്‍ നിന്നെല്ലാം തീര്‍ത്തും മുക്തമായ ജീവിതമാണ് മുഹമ്മദ് നയിച്ചത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും കള്ളം പറയാത്തതിനാല്‍ വിശ്വസ്തന്‍ എന്നര്‍ഥം വരുന്ന അല്‍ അമീന്‍ എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്.
പന്ത്രണ്ട് വയസ്സും രണ്ട് മാസവും പ്രായമുള്ളപ്പോള്‍ പിതൃവ്യന്റെ കൂടെ സിറിയയിലേക്ക് യാത്ര പോകാന്‍ അവസരം ലഭിച്ചു.
വിവാഹം
ബാല്യം പിന്നിട്ടതോടെ ഇടയവൃത്തിയോട് വിടപറഞ്ഞു. പിതൃവ്യന്റെ സാമ്പത്തിക പരാധീനതക്ക് പരിഹാരമാകുമെന്നതിനാല്‍ വ്യാപാരരംഗത്തേക്ക് പ്രവേശിച്ചു. കച്ചവട രംഗത്തെ സത്യസന്ധതയും സാമര്‍ഥ്യവും സകലരുടെയും ആദരവും അംഗീകാരവും നേടി. അതേക്കുറിച്ച് കേട്ടറിഞ്ഞ പ്രമുഖ വ്യാപാരി ഖദീജാ ബീവി തന്റെ കച്ചവട സംഘത്തിന്റെ ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചു. ഇരുപത്തിമൂന്നാമത്തെയോ ഇരുപത്തിനാലാമത്തെയോ വയസ്സിലായിരുന്നു ഇത്. അദ്ദേഹം കച്ചവടച്ചരക്കുമായി സിറിയയിലേക്ക് പോയി. ഇത് അവിടേക്കുള്ള രണ്ടാം യാത്രയായിരുന്നു.
Also read: പ്രവാചക സ്‌നേഹം
വ്യാപാരയാത്ര വിജയകരമായി പൂര്‍ത്തീകരിച്ച് തിരിച്ചു വന്ന മുഹമ്മദിന്റെ സ്വഭാവത്തിലും സമീപനത്തിലും സാമര്‍ഥ്യത്തിലും സത്യസന്ധതയിലും ആകൃഷ്ടയായ ഖദീജാ ബീവി വിവാഹാഭ്യര്‍ഥന നടത്തി. അത് അംഗീകരിച്ച് മുഹമ്മദ് അവരെ വിവാഹം കഴിച്ചു. അന്ന് അദ്ദേഹത്തിന്റെ പ്രായം ഇരുപത്തഞ്ച് വയസ്സായിരുന്നു. ഖദീജാ ബീവിയുടേത് നാല്‍പതും. രണ്ടു തവണ വിവാഹം ചെയ്യപ്പെട്ട വിധവയായിരുന്നു അവര്‍, രണ്ടു മക്കളുടെ മാതാവും. പ്രവാചകന് അമ്പതും ഖദീജാ ബീവിക്ക് അറുപത്തിയഞ്ചും വയസ്സുള്ളപ്പോഴാണ് അവര്‍ മരണമടഞ്ഞത്. അതേവരെ പ്രവാചകന്‍ മറ്റൊരു സ്ത്രീയെയും വിവാഹം കഴിച്ചിട്ടില്ല.
പ്രവാചകത്വം
മക്ക കവികളുടെയും പ്രസംഗകരുടെയും സാഹിത്യകാരന്മാരുടെയും നാടായിരുന്നു. എങ്കിലും മുഹമ്മദ് പാഠശാലകളില്‍ പോവുകയോ മത ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ സാഹിത്യ സദസ്സുകളില്‍ സംബന്ധിക്കുകയോ ചെയ്തിരുന്നില്ല. 40 വയസ്സു വരെ അദ്ദേഹം ഒരൊറ്റ വരി ഗദ്യമോ പദ്യമോ രചിച്ചിട്ടുമില്ല. പ്രസംഗ കഴിവ് പ്രകടിപ്പിച്ചിരുന്നുമില്ല. സര്‍ഗസിദ്ധിയുടെ ലക്ഷണമൊന്നു പോലും അദ്ദേഹത്തില്‍ കാണപ്പെട്ടിരുന്നില്ല.
Also read: വാക്കും പ്രവര്‍ത്തിയും ഒന്നിക്കുന്നതാണ് പ്രവാചക ജീവിതം
നാല്‍പതാം വയസ്സിലേക്ക് പ്രവേശിച്ചതോടെ മുഹമ്മദ് ഏകാന്തത ഇഷ്ടപ്പെടാന്‍ തുടങ്ങി. ധ്യാനത്തിലും പ്രാര്‍ഥനയിലും വ്യാപൃതനായി. മലിനമായ ജീവിതസാഹചര്യങ്ങളില്‍ നിന്ന് മാറി ഹിറാഗുഹയില്‍ തനിച്ചിരിക്കാന്‍ തുടങ്ങി. മക്കയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ വടക്കായിരുന്നു അത് സ്ഥിതി ചെയ്തിരുന്നത്. പ്രിയപത്‌നി ഖദീജാ ബീവിയായിരുന്നു മലമുകളിലെ ഗുഹയില്‍ ഭക്ഷണം എത്തിച്ചു കൊടുത്തിരുന്നത്. ഹിറാഗുഹയില്‍ കഴിയവേ ഒരു ലിഖിതവുമായി മാലാഖ ജിബ്‌രീല്‍ അദ്ദേഹത്തെ സമീപിച്ചു. ജിബ്‌രീല്‍ കല്‍പിച്ചു: ‘വായിക്കുക’ ഇതുകേട്ട മുഹമ്മദ് പ്രതിവചിച്ചു: ‘എനിക്ക് വായിക്കാനറിയില്ല.’മാലാഖ വീണ്ടും വായിക്കാന്‍ കല്‍പിച്ചു. അപ്പോഴും പ്രവാചകന്‍ തന്റെ മറുപടി ആവര്‍ത്തിച്ചു.മൂന്നാം തവണ വായിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്താണ് വായിക്കേണ്ടതെന്ന് അന്വേഷിച്ചു. അപ്പോള്‍ മാലാഖ ജിബ്‌രീല്‍ ഇങ്ങനെ പറഞ്ഞു കൊടുത്തു. ‘സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ നീ വായിക്കുക. അവന്‍ മനുഷ്യനെ ഒട്ടിപ്പിടിച്ചതില്‍ നിന്ന് സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥന്‍ അത്യുദാരന്‍. പേന കൊണ്ട് എഴുതാന്‍ പഠിപ്പിച്ചവന്‍. മനുഷ്യനെ അവനറിയാത്തത് അഭ്യസിപ്പിച്ചവന്‍.’ (ഖുര്‍ആന്‍ 96 : 1 – 5)
അന്നോളം കച്ചവടക്കാരനും കുടുംബനാഥനും മാത്രമായിരുന്ന അബ്ദുല്ല മകന്‍ മുഹമ്മദ് ദൈവദൂതനായി. ഒരിക്കല്‍ കൂടി ഉപരിലോകം ഭൂമിയുമായി സംഗമിച്ചു. മനുഷ്യകുലത്തില്‍ നിന്ന് ദൈവം തെരഞ്ഞെടുത്ത തന്റെ ദാസനിലേക്ക് ദിവ്യ സന്ദേശങ്ങള്‍ പ്രവഹിച്ചു. വിശുദ്ധ ഖുര്‍ആന്റെ അവതരണം ആരംഭിച്ചു. അതിലെ ആദ്യം അവതീര്‍ണമായ അഞ്ചു സൂക്തങ്ങളാണിവ. ക്രിസ്താബ്ദം 610 ഫെബ്രുവരി 12 ന് തിങ്കളാഴ്ചയാണ് ആദ്യമായി ദിവ്യബോധനം ലഭിച്ചത്. അപ്പോള്‍ പ്രായം 40 വയസ്സും 11 ദിവസവുമായിരുന്നു.
Also read: നബിജീവിതത്തിന്‍റെ കാലിക വായന പറയുന്ന അഞ്ചു ഗ്രന്ഥങ്ങള്‍
ഹൃദയത്തില്‍ ഹിറാഗുഹയില്‍ നിന്ന് ലഭിച്ച വേദവെളിച്ചവും ചുണ്ടുകളില്‍ ദിവ്യവചനങ്ങളുമായി മുഹമ്മദ് നബി വീട്ടില്‍ തിരിച്ചെത്തി. അസാധാരണമായ ഈ അനുഭവത്താല്‍ അസ്വസ്ഥനായ പ്രിയതമനെ ഖദീജാ ബീവി സമാശ്വസിപ്പിച്ചു. അദ്ദേഹത്തിന്റെ അടുത്തിരുന്ന് അവര്‍ പറഞ്ഞു ‘പ്രിയപ്പെട്ടവനേ, സന്തോഷിച്ചു കൊള്ളുക. ദൃഢമാനസനാവുക. അല്ലാഹു ഒരിക്കലും അങ്ങയെ അപമാനിക്കുകയില്ല. കഷ്ടപ്പെടുത്തുകയുമില്ല. അങ്ങ് കുടുംബബന്ധം ചേര്‍ക്കുന്നു. സത്യം മാത്രം പറയുന്നു. അശരണരെ സഹായിക്കുന്നു. അതിഥികളെ സല്‍കരിക്കുന്നു. സത്യത്തിന്റെ വിജയത്തിനായി പണിയെടുക്കുന്നു. ഒരു തെറ്റും ചെയ്യുന്നില്ല. എല്ലാം നല്ലതിനായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.’
സത്യ പ്രബോധനം
മുഹമ്മദ് നബിയുടെ പ്രവാചകത്വം ആദ്യം അംഗീകരിച്ചതും അദ്ദേഹത്തില്‍ വിശ്വസിച്ചതും പ്രിയപത്‌നി ഖദീജാ ബീവിയാണ്. അവരോടൊപ്പം താമസിച്ചിരുന്ന ബാലനായ അലിയും വൈകാതെ സന്മാര്‍ഗം സ്വീകരിച്ചു. തുടര്‍ന്ന് മക്കയിലെ സ്വഫാതാഴ്‌വരയില്‍ തന്റെ അടുത്ത ബന്ധുക്കളെ വിളിച്ചു കൂട്ടി. തുടര്‍ന്ന് മലമുകളില്‍ കയറി അവരോടിങ്ങനെ ചോദിച്ചു: ‘ഈ മലയുടെ മറുഭാഗത്ത് നിങ്ങളെ ആക്രമിക്കാന്‍ സൈന്യം താവളമടിച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?’ ‘തീര്‍ച്ചയായും. നിന്നെ വിശ്വസിക്കാതിരിക്കാന്‍ ഞങ്ങള്‍ ഒരു കാരണവും കാണുന്നില്ല. ഇന്നോളം താങ്കള്‍ കളവു പറഞ്ഞതായി ഞങ്ങള്‍ക്ക് അനുഭവമില്ല.’അവിടെക്കൂടിയവരെല്ലാം വിളിച്ചു പറഞ്ഞു. തന്റെ വിശ്വസ്തത കേള്‍വിക്കാരെക്കൊണ്ട് അംഗീകരിപ്പിച്ച ശേഷം പ്രവാചകന്‍ അവരോട് പറഞ്ഞു: ‘കൊടിയ ശിക്ഷയെക്കുറിച്ച് താക്കീത് നല്‍കുന്നവനാണ് ഞാന്‍. എന്റെ അടുത്ത ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ദൈവം എന്നോട് കല്‍പിച്ചിരിക്കുന്നു. അതിനാല്‍ അല്ലാഹുവല്ലാതെ വേറെ ദൈവമില്ലെന്ന് നിങ്ങള്‍ പ്രഖ്യാപിക്കുക. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ ലോകത്ത് എന്തെങ്കിലും നേട്ടമോ പരലോകവിജയമോ ഉറപ്പു നല്‍കാന്‍ എനിക്ക് സാധ്യമല്ല.’
ഇതു കേട്ടപ്പോഴേക്കും പ്രവാചകന്റെ പിതൃവ്യന്‍ അബൂലഹബ് അത്യധികം പ്രകോപിതനായി. കോപാധിക്യത്താല്‍ അയാള്‍ അലറി. ‘ നിനക്ക് നാശം! ഇത് പറയാനാണോ നീ ഞങ്ങളെ ഇവിടെ ഒരുമിച്ചു കൂട്ടിയത്!’
Also read: വൈവാഹിക ജീവിതം: പ്രവാചക മാതൃകകള്‍
മൗലിക സന്ദേശം
പ്രവാചകന്‍ പ്രബോധനം ചെയ്ത അടിസ്ഥാന കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: ഈ പ്രപഞ്ചത്തെയും അതിലുള്ള സകലതിനെയും സൃഷ്ടിച്ചതും സംരക്ഷിക്കുന്നതും സര്‍വ ശക്തനായ ഏകദൈവമാണ്. അവന്‍ അനാദിയും അനന്ത്യനുമാണ്. പരമകാരുണ്യകനും നീതിമാനുമാണ്. പദാര്‍ഥാതീതനും അവിഭാജ്യനുമാണ്. സര്‍വജ്ഞനും നിരാശ്രയനുമാണ്. അവന് സമന്‍മാരോ സദൃശ്യരോ ഇല്ല.
ദൈവത്തിനു മാത്രമേ അഭൗതികമായ അറിവുള്ളൂ.
കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണമോ ദോഷമോ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അവനല്ലാതെ ആര്‍ക്കും സാധ്യമല്ല. അതിനാല്‍ അവനെ മാത്രമേ ആരാധിക്കാവൂ. സഹായാര്‍ഥനയും പ്രാര്‍ഥനയും അവനോട് മാത്രമേ പാടുള്ളൂ.
നമുക്ക് ശരീരവും ശാരീരികാവയവങ്ങളും ജീവനും ജീവിതവും ആയുസ്സും ആരോഗ്യവും നല്‍കിയത് ദൈവമാണ്. അതിനാല്‍ അവനാണ് നമ്മുടെ യഥാര്‍ഥ നാഥനും ഉടമയും. അവനല്ലാതെ സംരക്ഷകനും യജമാനനുമില്ല. ദൈവത്തിനു മാത്രമേ മനുഷ്യന്റെ മേല്‍ പരമാധികാരമുള്ളൂ. മുഴു ജീവിതമേഖലകളിലും നാം സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടത് ദൈവിക നിയമങ്ങളാണ്. ആരും അവനെയല്ലാതെ നിരുപാധികം അനുസരിക്കരുത്. അവന്റേതല്ലാത്ത അടിമത്തം അംഗീകരിക്കരുത്.
മനുഷ്യജീവിതം മരണത്തോടെ അവസാനിക്കുന്നില്ല. ഇഹലോകം കര്‍മ വേദിയാണ്. ജീവിതം ഒരു പരീക്ഷണമാണ്. വിചാരണയും വിധിയും കര്‍മഫലവും മരണശേഷം പരലോകത്താണ്. ഐഹിക ജീവിതം ക്ഷണികവും പരലോകജീവിതം ശാശ്വതവുമാണ്. ഭൂമിയില്‍ ദൈവശാസന പാലിച്ച് സല്‍കര്‍മിയായി ജീവിച്ചാല്‍ പരലോകത്ത് സങ്കല്‍പ്പിക്കാനാവാത്ത സുഖസൗകര്യങ്ങളുള്ള സ്വര്‍ഗം പ്രതിഫലമായി ലഭിക്കും. ദൈവധിക്കാരിയായി ദുഷ്ടജീവിതം നയിച്ചാല്‍ കണക്കാക്കാനാവാത്ത കഷ്ടതകള്‍ നിറഞ്ഞ നരകശിക്ഷയാണുണ്ടാവുക.
Also read: പ്രവാചകൻ മുഹമ്മദ് നബിയെ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന വിധം
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ കാലത്തും നിയോഗിതരായ പ്രവാചകന്മാരെല്ലാം ഒരേ സന്ദേശമാണ് പ്രബോധനം ചെയ്തത്. അവരെയെല്ലാം അംഗീകരിച്ചും സത്യപ്പെടുത്തിയുമാണ് മുഹമ്മദ് നബി നിയോഗിതനായത്. അവര്‍ക്കെല്ലാം നല്‍കിയ സന്ദേശങ്ങളുടെ സാരാംശവും സമഗ്രവുമായ രൂപമാണ് അന്ത്യ പ്രവാചകനിലൂടെ അവതീര്‍ണമായത്.
മനുഷ്യന്‍ ആദരണീയനാണ്. ഏറ്റവും നല്ല ഘടനയോടെയാണ് അവനെ സൃഷ്ടിച്ചത്. എല്ലാ മനുഷ്യരും ഒരേ ദൈവത്തിന്റെ സൃഷ്ടികളെന്ന പോലെ ഒരേ മാതാപിതാക്കളുടെ മക്കളുമാണ്. അതിനാല്‍ അവരെല്ലാം സമന്മാരും ഏകോദര സഹോദരങ്ങളുമാണ്.
മനുഷ്യജീവന്‍ ഏറെ വിലപ്പെട്ടതാണ്. ആര്‍ക്കും ജീവന്‍ നല്‍കാന്‍ കഴിയാത്ത മനുഷ്യന്‍ അന്യായമായി ആരുടെയും ജീവന്‍ ഹനിക്കരുത്. ഒരു മനുഷ്യനെ കൊല്ലുന്നത് ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും കൊല്ലുന്നത് പോലെയാണ്. ഒരാള്‍ക്ക് ജീവിതമേകുന്നത് മുഴുവന്‍ മനുഷ്യരെയും ജീവിപ്പിക്കുന്ന പോലെയും.
Also read: പ്രവാചകന്റെ സ്വഭാവ വിശുദ്ധിയുടെ ഉദാഹരണങ്ങള്‍
ദൈവം മനുഷ്യനില്‍ നിന്ന് ഒട്ടും അകലെയല്ല. അവന്റെ കണ്ഠനാഡിയേക്കാള്‍ അവനോടടുത്താണ്. അവന്റെ മനോമന്ത്രങ്ങള്‍ പോലും ദൈവം അറിയുന്നു. കണ്ണിന്റെ കട്ട് നോട്ടങ്ങള്‍ പോലും സൂക്ഷ്മമായി അറിയുന്നു. ആര്‍ക്കും ഒരു നിമിഷം പോലും ദൈവത്തില്‍ നിന്ന് മറഞ്ഞു നില്‍ക്കാനാവില്ല. ദൈവ സാന്നിധ്യത്തെ സംബന്ധിച്ച ഈ സജീവ ബോധം സദാ നിലനിര്‍ത്തണം.
മാതാപിതാക്കള്‍, മക്കള്‍, ഇണകള്‍, അയല്‍ക്കാര്‍, അഗതികള്‍, അനാഥകള്‍, തൊഴിലാളികള്‍, തൊഴിലുടമകള്‍ എല്ലാവര്‍ക്കുമിടയിലെ പരസ്പര ബന്ധം എവ്വിധമായിരിക്കണമെന്ന് പഠിപ്പിക്കുകയും വിശ്വാസം, ജീവിതവീക്ഷണം, വികാരം. വിചാരം, ആചാരം, ആരാധന, അനുഷ്ഠാനം, സ്വഭാവം, പെരുമാറ്റം, കുടുംബകാര്യങ്ങള്‍, സാമ്പത്തിക ക്രമങ്ങള്‍, സദാചാര നിര്‍ദേശങ്ങള്‍, സാംസ്‌കാരിക വ്യവസ്ഥകള്‍, ധാര്‍മിക തത്ത്വങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സമഗ്രമായ ജീവിത വ്യവസ്ഥയാണ് പ്രവാചകനിലൂടെ സമര്‍പ്പിതമായത്. ഇതിന്റെ പ്രബോധനമാണ് അദ്ദേഹം നിര്‍വഹിച്ചു കൊണ്ടിരുന്നത്. (തുടരും)