ജീവചരിത്രം

റബീഉൽ അവ്വലിൽ തീയതി പന്ത്രണ്ടിൽ

Spread the love

ലോകാനുഗ്രഹിയായ നബി തിരുമേനി(സ)യുടെ ശരിയായ ജനനത്തീയതി എന്നും ചർച്ചാ വിഷയമാണ്. ഗ്രിഗോറിയൻ കലണ്ടറിലും
ലൂണാർ കലണ്ടറിലും അത് തെറ്റായാണ് ഉദ്ധരിക്കപ്പെടാണ്. ശരിയായ ജനനത്തീയതി 570 മേയ് 5 CE/53 BH റബീഉൽ അവ്വലിലെ പൗർണമി നാളിൽ തിങ്കളാഴ്ചയാണ് നബി (സ) ഭൂജാതനായത് എന്ന സംഗതി പ്രമാണങ്ങൾ കൊണ്ടും ചരിത്ര രേഖകൾ വഴിയും വ്യക്തമാക്കുവാനുള്ള ചെറിയ ശ്രമമാണ് താഴെ വരികളിൽ . ഏപ്രിൽ 20/22, 571 CE എന്നാണ് പൊതുവെ ഓറിയന്റിലിസ്റ്റുകൾ പഠിപ്പിക്കുന്ന പ്രവാചക ജന്മദിനം. CE 20/22 ഏപ്രിൽ 571 എന്ന തീയതി പല കാരണങ്ങളാൽ ശരിയല്ല.

അതനുസരിച്ച് ഗോള ശാസ്ത്രപരമായും ചരിത്ര പരമായും പല അബദ്ധങ്ങളും പറയേണ്ടി വരും. നുബുവ്വത് , ഹിജ്റ, എന്നിവയെ കുറിച്ചുള്ള അനുമാനങ്ങൾ പോലെയോ അതിനേക്കാളധികമോ ഊഹാധിഷ്ഠിത ഗണന നടന്നിട്ടുള്ളത് ജന്മദിനം ക്ലിപ്തപ്പെടുത്തുന്നതിലാണ്. താരീഖ് എന്നത് തീയതിയും ചരിത്രവും ചേർന്നതാണ്. ചരിത്രമെത്ര സമ്പന്നമാണെങ്കിലും തീയതി അനുമാനമാണെങ്കിൽ അത് ഭാഷയിൽ താരീഖ് എന്ന് വിളിക്കപ്പെടാൻ അർഹമല്ല. നബിയുടെ നിയോഗം നടന്നത് CE 610 ഓഗസ്റ്റ് 10 ന് തിങ്കളാഴ്ച ആണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രമാണങ്ങളോടൊത്തു വരുന്ന വായനയുമതാണ്. അന്ന് മുഹമ്മദി(സ)ന് 39 വയസ്സും മൂന്നു മാസവും 22 ദിവസവുമായിരുന്നു പ്രായം. വിശുദ്ധ റമദാനിലെ 21-ാം തിയ്യതി തിങ്കളാഴ്ച അർധരാത്രിക്ക് ശേഷമായിരുന്നു അതെന്ന് ഗണിച്ചെടുക്കുവാൻ ലളിതമായ കണക്കേ വേണ്ടൂ. ഈ അഭിപ്രായമാണ് റഹീഖുൽ മഖ്തൂമിന്റെ രചയിതാവ് മുബാറക്പൂരി രേഖപ്പെടുത്തിയിരിക്കുന്നതും .അപ്രകാരം തന്നെ തിരുത്തപ്പെടേണ്ട മറ്റൊരു ധാരണയാണ് നബിയുടെ വഫാത് 63-ാം വയസ്സിലാണെന്നുള്ളത്. ചരിത്രമെഴുതിയ പാശ്ചാത്യന് പരിചയമുള്ള ഗ്രിഗോറിയൻ കലണ്ടറനുസരിച്ച് അത് ശരിയാണ് താനും. അഥവാ 62 സൂര്യവർഷവും ഒരു മാസവും 3 ദിവസവും ആണ് പ്രവാചകൻ (സ) ഈ ഭൂമിയിൽ ഹയാതോടെ ഉണ്ടായിരുന്നത് . കൃത്യമായി പറഞ്ഞാൽ ആകെ 22680 . (ഇരുപത്തി രണ്ടായിരത്തി അറുനൂറ്റി എൺപത് ദിവസം). ആ എണ്ണമനുസരിച്ച്
ഇസ്ലാമിക ഹിജ്രി /ചാന്ദ്ര കലണ്ടർ പ്രകാരം നബി തങ്ങൾ 64 വർഷമാണ് ജീവിച്ചത്. 33 സൗരവർഷങ്ങൾ 34 ചാന്ദ്രവർഷങ്ങളാണ്. സൗരകലണ്ടറിനെ ചാന്ദ്ര കലണ്ടറിലേക്ക് മാറ്റുമ്പോൾ കൃത്യമായി 349.24 ദിവസങ്ങൾ അത്തരം ചരിത്രഗ്രന്ഥങ്ങളിൽ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് വേണം കരുതാൻ.

തിങ്കളാഴ്ചയാണ് നബിയുടെ ജനനവും നിയോഗവുമെന്നത് പ്രാമാണികമായ ഹദീസുകളിൽ വന്നതാണ്. ذلك يوم ولدت فيه وبعثت فيه ( നബി ജനിച്ചതും നബിയായി നിയോഗിക്കപ്പെട്ടതും തിങ്കളാഴ്ചയാണെന്ന് സാരം) നബി ജനിച്ചതും നുബുവ്വത് ലഭിച്ചതും സൗറിൽ നിന്നിറങ്ങി മദീനത്തേക്ക് പുറപ്പെട്ടതും മദീനക്കടുത്തുള്ള ഖുബയിലെത്തിയതും തന്റെ വിയോഗം പൂർത്തിയായതുമെല്ലാം ആകസ്മികമെന്ന് പറയട്ടെ; തിങ്കളാഴ്ചകളായിരുന്നു.

ചരിത്രത്തിലെ ആനക്കലഹ വർഷം 54 ൽ നടന്ന ഹിജ്റയുടെ സമയത്ത് നബിയുടെ പ്രായം 53 വയസ്സ് ആയിരുന്നുവെന്നതും മദീനയിൽ 11 കൊല്ലം അദ്ദേഹം ജീവിച്ചു എന്നതും നാം മറക്കാതിരിക്കുക.ഹിജ്റ കലണ്ടർ പ്രകാരം ആദ്യ വർഷം പൂജ്യം (0) വർഷമാണ്, കാരണം ഹിജ്റയെന്ന മഹത്തായ സംഭവം നടന്നത് മൂന്നാമത്തെ ചന്ദ്ര മാസമായ റബീഉൽ അവ്വൽ മാസത്തിലാണ്. BH 1 (ഹിജ്റയുടെ മുമ്പ് ) 9 മാസങ്ങളും ഹിജ്റ പതിനൊന്നാം വർഷത്തിലെ റബീഉൽ അവ്വൽ വരെയുള്ള 3 മാസങ്ങളും ഉൾപ്പെടുത്തി വേണം നബിയുടെ വയസ്സ് രേഖപ്പെടുത്തുവാൻ . 12-3-53BH + 12-3-11AH = 64 ചാന്ദ്രവർഷം അഥവാ 22680 എന്ന് ബോധ്യപ്പെടാൻ വലിയ പ്രയാസമില്ലെന്ന് സാരം.

ഹിജ്റ രണ്ടാം വർഷം റമദാനിലെ നോമ്പ് നിർബന്ധമായ ശേഷം നബി (സ) ക്ക് ആകെ പത്ത് റമദാൻ ആണ് ലഭിച്ചത്; 9 റമദാൻ അല്ല, അതായത് പൊതുവെ ആളുകൾക്കിടയിൽ അറിയപ്പെടുന്നത് 9 റമദാൻ എന്നതും 63 വയസ്സ് എന്നു പറയും പോലെ തന്നെയുള്ള കമ്മട്ടമാണ്.

ചുരുക്കത്തിൽ ചരിത്രകാരന്മാരും സീറ: ഗ്രന്ഥങ്ങളും ചില ഗോളശാസ്ത്രജ്ഞരും ഭൗതികശാസ്ത്രജ്ഞരും ഈ വിഷയത്തിൽ മുൻകാലങ്ങളിൽ പണ്ഡിതപരവും ഗവേഷണപരവുമായ പ്രവർത്തനങ്ങൾ ധാരാളം നടത്തിയിട്ടുണ്ട് എന്നത് വളരെ പ്രധാനസംഗതിയാണ്. എന്നാൽ പ്രസ്തുത രേഖകൾ വെച്ച് നബിയുടെ ജനനവും നിയോഗവും പലായനവും രേഖപ്പെടുത്തിയിരിക്കുന്നത് സൂക്ഷ്മമല്ല എന്നതും സത്യമാണ്.

ഉദാഹരണത്തിന് CE പത്തൊൻപതാം നൂറ്റാണ്ടിലെ, ജ്യോതിശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായി കണക്കാക്കപ്പെടുന്ന പ്രശസ്ത ഈജിപ്ഷ്യൻ പണ്ഡിതനായ മഹമൂദ് പാഷ, ഈ വിഷയത്തിൽ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. “കിതാബ് ഫിം അത്തഖാവീമുൽ അറബിയ്യ ഖബ് ലൽ-ഇസ്ലാം” എന്ന പുസ്തകം. ഈ പുസ്തകം അദ്ദേഹത്തിന്റെ മാസ്റ്റർ പീസാണ്. ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത് 1858 CE-ലാണ്. ഇതിലുള്ളത് പ്രവാചകന്റെ ജനനത്തീയതി CE 571 ഏപ്രിൽ 20 ആണ് . അഥവാ അന്ന് 9 റബീഉൽ അവ്വലാണ് വരിക.എന്നാൽ ഈ തീയതി ശരിയല്ലെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ശിബ്‌ലി നുഅ്മാനി, ഖാദി സുലൈമാൻ മൻസൂർപുരി,സയ്യിദ് സുലൈമാൻ നദ്‌വി, സ്വഫിയ്യു റഹ്മാൻ മുബാറക്പുരി,അബൂ സലീം അബ്ദുൽ ഹയ്യ് എന്നിവരുടെ ഗ്രന്ഥങ്ങളിൽ പാഷയുടെ അനുമാനമാണ് എടുത്ത് ചേർത്തിരിക്കുന്നത്. എന്നാൽ ഇബ്നു ഖൽദൂൻ, ത്വബ്രി , ഇബ്നു കസീർ എന്നിവരുടെ അഭിപ്രായമാണ് ഡോ. മുഹമ്മദ് ഹമീദുല്ല പിന്തുണക്കുന്നത്. അതനുസരിച്ച് 12 റബീഉൽ അവ്വൽ മെയ് 16, 569 CE വ്യാഴാഴ്ച എന്നാവും ഇംഗ്ലീഷ് കലണ്ടർ. അതും പ്രബല പ്രമാണങ്ങളിൽ വന്ന തിങ്കളാഴ്ച / സൂര്യ ഗ്രഹണം / പൂർണ്ണ ചന്ദ്രൻ എന്നിവയോട് യോജിച്ചു വരുന്നില്ല. കൃത്യമായ പരിശോധനയിൽ വ്യക്തമായി നിരീക്ഷിക്കാൻ കഴിയുന്നത് 05/05/ 570 CE റബീഉൽ അവ്വൽ മാസത്തിലെ രണ്ടാം തിങ്കളാഴ്ച 14ാം തീയതി പ്രമാണങ്ങളും തീയതിയും ഒത്തുവരുന്നു. അത്പോലെ കൃത്യമായ പരിശോധനയിൽ മനസ്സിലാവുന്നത് 08/06/632 CE അതായത് 12/03/11 AH അഥവാ റബീഉൽ അവ്വലിൽ തീയതി 12 ൽ അദ്ദേഹത്തിന്റെ വഫാത് സംഭവിച്ചു എന്നതിൽ ഉപരിസൂചിത ചരിത്രകാരന്മാർക്കൊന്നും തർക്കമില്ല.

ജനനം, നുബുവ്വത്, ഹിജ്റ എന്നിവയുടെ തീയതി രേഖപ്പെടുത്തുന്നതിൽ ചരിത്രകാരന്മാർക്ക് ഗോളശാസ്ത്രപരമായ അബദ്ധങ്ങളും ഗോളശാസ്ത്രജ്ഞർക്ക് പ്രമാണങ്ങൾ പറയുന്നത് ഗണിച്ചെടുക്കാനുള്ള പ്രയാസങ്ങളും സംഭവിച്ചിട്ടുണ്ടെന്നുമാണ് പ്രസ്തുത വിഷയ സംബന്ധമായി ഈയുള്ളവന്റെ കണ്ടെത്തൽ .

📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

അബ്ദുൽ ഹഫീദ് നദ് വി കൊച്ചി
1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍, കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ) വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.

    You may also like