പ്രാര്‍ഥന ശത്രുക്കള്‍ക്കു വേണ്ടി
കല്ലും മുള്ളും കുണ്ടും കുഴിയും താണ്ടി ദുര്‍ഘടമായ വഴിയിലുടെ കാല്‍നടയായി സഞ്ചരിച്ച് ത്വാഇഫിലെത്തിയ പ്രവാചകന്‍ അവിടത്തെ പ്രമുഖരായ മൂന്ന് പേരെക്കണ്ട് ഇസ്‌ലാമിനെ പരിചയപ്പെടുത്തി. തുടര്‍ന്ന് അവരോട് അഭയം തേടി. അവരാരും അതംഗീകരിച്ചില്ല. അതോടൊപ്പം പ്രവാചകനെ രൂക്ഷമായി ആക്ഷേപിക്കുകയും ശകാരിക്കുകയും ചെയ്തു. അഭയം നിഷേധിച്ച സാഹചര്യത്തില്‍ താനിവിടെ വന്നതും സഹായം തേടിയതും മക്കയിലെ ശത്രുക്കളെ അറിയിക്കരുതെന്ന് മുഹമ്മദ് നബി അവരോടഭ്യര്‍ഥിച്ചു. എന്നാല്‍ അതും അവരംഗീകരിച്ചില്ല. അവര്‍ ഉടനെ ശത്രുക്കള്‍ക്ക് വിവരം നല്‍കി. അതോടൊപ്പം അദ്ദേഹത്തിന് ചുറ്റും കൂടി തെറിവിളിക്കാനും പുലഭ്യം പറയാനും അങ്ങാടിപ്പിള്ളേരെ ചുമതലപ്പെടുത്തി.
മുറിവേറ്റ ശരീരവും മനസ്സുമായി മുഹമ്മദ് നബി മക്കയിലേക്ക് മടങ്ങി. കഠിനമായ ക്ഷീണം കാരണം റബീഅയുടെ മക്കളായ ഉത്ബയുടെയും ശൈബയുടെയും തോട്ടത്തില്‍ പ്രവേശിച്ച് അവിടെ വിശ്രമിച്ചു. അപ്പോള്‍ ത്വാഇഫുകാര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാന്‍ അനുവാദം ആരാഞ്ഞവര്‍ക്ക് അത് നല്‍കിയില്ലെന്ന് മാത്രമല്ല, അവര്‍ക്കു വേണ്ടി ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്തു: ‘എന്റെ ദൈവമേ, എന്റെ ജനതയെ നീ നേര്‍വഴിയില്‍ സഹായിക്കേണമേ. അവര്‍ക്ക് മാപ്പ് നല്‍കേണമേ. അവര്‍ അറിവില്ലാത്ത ജനമാണ്.’
അബൂത്വാലിബിന്റെ അഭാവത്തില്‍ മക്കയില്‍ ജീവിതം സാധ്യമാകണമെങ്കില്‍ പ്രഗദ്ഭനായ മുസ്‌ലിമല്ലാത്ത ഏതെങ്കിലും ഗോത്രത്തലവന്റെ പിന്തുണ അനിവാര്യമായിരുന്നു. അതിനാല്‍ അഖ്‌നസിനോട് സഹായം തേടി. അദ്ദേഹം തന്റെ നിസ്സഹായത വ്യക്തമാക്കി. അപ്പോള്‍ സുഹൈലിനോട് അഭയമാവശ്യപ്പെട്ടു. അദ്ദേഹവും അംഗീകരിച്ചില്ല. അങ്ങനെയാണ് അദിയ്യിന്റെ മകന്‍ മുത്വ്ഇമിന്റെ സംരക്ഷണം തേടുന്നത്. അദ്ദേഹം പ്രവാചകന് അഭയം നല്‍കാമെന്ന് സമ്മതിച്ചു. അദ്ദേഹത്തെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അന്ന് രാത്രി മുഹമ്മദ് നബി മുസ്‌ലിമല്ലാത്ത ഗോത്രനേതാവ് മുത്വ്ഇമിന്റെ വീട്ടിലാണ് താമസിച്ചത്. മുത്വ്ഇം പിറ്റേന്ന് രാവിലെ ആറ് മക്കളെയും കൂട്ടി കഅ്ബയുടെ അടുത്ത് ചെന്ന് പ്രവാചകന് അഭയം നല്‍കിയതായി വിളംബരം ചെയ്തു. മക്കയില്‍ ജീവിച്ച തുടര്‍ന്നുള്ള മൂന്ന് വര്‍ഷവും അദ്ദേഹത്തിന്റെ സംരക്ഷണത്തിലാണ് മുഹമ്മദ് നബി ജീവിച്ചത്. പ്രവാചകത്വത്തിന് ശേഷമുള്ള പതിമൂന്ന് വര്‍ഷവും മുസ്‌ലിമല്ലാത്ത പ്രഗദ്ഭരുടെ സംരക്ഷണം സ്വീകരിച്ചാണ് പ്രവാചകന്‍ തന്റെ സത്യപ്രബോധന ദൗത്യം നിര്‍വഹിച്ചതെന്നര്‍ഥം.
Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 2
പുതിയ ഇടം തേടി
മക്കയിലെ സുമനസ്സുകളൊക്കെയും സന്മാര്‍ഗം സ്വീകരിച്ചു. അതിനാല്‍ ഇനിയവിടെ സമയം ചെലവഴിക്കുന്നത് പാഴ്‌വേലയായിരിക്കും. അതിനാല്‍ അനുയോജ്യമായ പുതിയ ഇടം കണ്ടെത്തേണ്ടതുണ്ടായിരുന്നു.
പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം യഥ്‌രിബില്‍ നിന്ന് മക്കയിലെത്തിയ ആറുപേര്‍ പ്രവാചകനെ സമീപിച്ചു. അദ്ദേഹം അവര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തികൊടുത്തു. അതോടെ അവര്‍ സന്മാര്‍ഗം സ്വീകരിച്ചു. അവരിലൂടെ ഇസ്‌ലാമിനെ മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്ത 12 പേര്‍ അടുത്ത വര്‍ഷം മക്കയുടെ അടുത്തുള്ള അഖബയില്‍ വെച്ച് പ്രവാചകനുമായി സന്ധിച്ചു. അവരുമായി പ്രവാചകന്‍ കരാര്‍ ചെയ്തു. ‘ദൈവത്തില്‍ ആരെയും പങ്കു ചേര്‍ക്കാതിരിക്കുക, മോഷ്ടിക്കാതിരിക്കുക, വ്യഭിചരിക്കാതിരിക്കുക, കുട്ടികളെ കൊല്ലാതിരിക്കുക, വ്യഭിചാരാരോപണം നടത്താതിരിക്കുക, സല്‍കാര്യങ്ങളിലെല്ലാം പ്രവാചകനെ അനുസരിക്കുക.’ ഇതൊക്കെയായിരുന്നു കരാര്‍ വ്യവസ്ഥ.
യഥ്‌രിബ് നിവാസികള്‍ക്ക് സത്യവ്യവസ്ഥയെ പരിചയപ്പെടുത്താനായി മുഹമ്മദ് നബി, മിസ്അബിനെ അവരുടെ കൂടെ അയച്ചു കൊടുത്തു.
അങ്ങനെ ഇസ്‌ലാം സ്വീകരിച്ച രണ്ട് സ്ത്രീകളും 73 പുരുഷന്‍മാരും ഉള്‍പ്പെടുന്ന എഴുപത്തഞ്ചംഗ സംഘം അടുത്ത വര്‍ഷം ഹജ്ജ് വേളയില്‍ മക്കയിലെത്തി. പ്രവാചകത്വത്തിന്റെ പതിമൂന്നാം വര്‍ഷമായിരുന്നു അത്. നേരത്തേ തീരുമാനിച്ചതിനനുസരിച്ച് മുഹമ്മദ് നബി അവരുമായി സന്ധിച്ചു. കൂടെ പിതൃവ്യന്‍ അബ്ബാസുമുണ്ടായിരുന്നു. അപ്പോഴും അദ്ദേഹം മുസ്‌ലിമായിരുന്നില്ല. യഥ് രിബില്‍ നിന്നെത്തിയവര്‍ പ്രവാചകനുമായി കരാര്‍ ചെയ്തു. അവരുടെ ക്ഷണം സ്വീകരിച്ച് പ്രവാചകനും അനുയായികളും യഥ്‌രിബിലെത്തിയാല്‍ അവരെ സ്വന്തത്തെയും സ്വന്തം കുടുംബക്കാരെയുമെന്നപോലെ സംരക്ഷിക്കുമെന്നതായിരുന്നു സന്ധിയിലെ പ്രധാന വ്യവസ്ഥ.
Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍
ഇസ്‌ലാമിന്റെ മുന്നേറ്റത്തിലെ അതിപ്രധാന സംഭവമാണ് ഹിജ്‌റ. മുഹമ്മദ് നബിയുടെ മക്കയില്‍ നിന്ന് യഥ്‌രിബിലേക്കുള്ള അതിജീവനയാത്ര. അതിന് പശ്ചാത്തലമൊരുക്കിയ ഈ സന്ധി നടന്നത് അഖബയില്‍ വെച്ചായിരുന്നതിനാല്‍ ഇത് ചരിത്രത്തില്‍ ‘അഖബാ ഉടമ്പടി’ എന്ന പേരില്‍ അറിയപ്പെടുന്നു. അങ്ങനെ പ്രവാചകനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ പോലും തയ്യാറാവുമെന്ന് യഥ്‌രിബ് നിവാസികള്‍ ഉറപ്പുനല്‍കി. (തുടരും)