നബിചരിതങ്ങള്‍ എല്ലാ കാലത്തും പണ്ഡിതന്മാരുടെയും ഗവേഷകരുടെയും ഒടുങ്ങാത്ത അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും രചനകള്‍ക്കും വിധേയമായ ഒന്നാണ്. അതില്‍ തെല്ലും അത്ഭുതപ്പെടാനില്ല, കാരണം ആദം സന്തതികളിലെ അത്യുന്നതനായ, അല്ലാഹു നിയോഗിച്ച പരശ്ശതം പ്രവാചകന്മാരിലെ സമുന്നതനായ പ്രവാചകന്‍ മുഹമ്മദി(സ)ന്‍റെ ജീവിതം അത്രമേല്‍ ലോകര്‍ക്ക് മാതൃകയും വിശുദ്ധ ഖുര്‍ആന്‍റെ നേര്‍ച്ചിത്രവും ഇസ്ലാമിന്‍റെ ജീവിക്കുന്ന രൂപവുമൊക്കെയായിരുന്നു. ആഇശ(റ) ബീവി തന്നെ പറഞ്ഞതു പോലെ: ‘നബി(സ) തങ്ങളുടെ ജീവിതം തന്നെ വിശുദ്ധ ഖുര്‍ആനായിരുന്നു.'(മുസ്ലിം). തന്‍റെ ആരാധനകളിലും സ്വഭാവത്തിലും ഇടപാടുകളിലും യുദ്ധത്തിലും സന്ധിയിലും ഭാര്യമാരിലും മക്കളിലും സുഹൃത്തുക്കളിലും ശത്രുക്കളിലും ദേഷ്യത്തിലും തൃപ്തിയിലും എല്ലാത്തിലും ഉത്തമമായ മാതൃകയാണ് പ്രവാചകന്‍ മുഹമ്മദ് (സ) എന്ന് സ്വഹീഹ് ഇബ്നു ഖുസൈമയില്‍ കാണാം. തിരുനബി ജീവിതത്തെ അന്വേഷിക്കുന്ന ഗ്രന്ഥങ്ങള്‍ ഒരുപാടുണ്ടെങ്കിലും അതില്‍ വളരെ കാലികമായും സമഗ്രമായും സുഗന്ധപൂരിതമായ തിരുജീവിതത്തെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള അഞ്ചു പ്രധാന ഗ്രന്ഥങ്ങളാണ് ചുവടെ.
അര്‍റഹീഖുല്‍ മഖ്തൂം
ഇന്ത്യന്‍ പണ്ഡിതനായ ശൈഖ് സ്വഫിയുര്‍റഹ്മാന്‍ മുബാറക്പൂരിയുടെ ഗ്രന്ഥമാണിത്. അതിമനോഹരവും സരളവുമായ ഭാഷയില്‍ പ്രവാചകന്‍റെ നിയോഗം മുതല്‍ വിയോഗം വരെയുള്ള ജീവചരിത്രത്തിന് പ്രാമുഖ്യം കൊടുത്ത അദ്ദേഹം ഇസ്ലാമിനു മുമ്പുള്ള അറബികളുടെ അവസ്ഥയും ചെറുതായി വിവരിക്കുന്നുണ്ട്. ആഴത്തിലുള്ള പഠനങ്ങള്‍ക്കു പകരം, ചെറുതായി, അതിമനോഹരമായി പ്രവാചക ജീവിതത്തിന്‍റെ ചിത്രം നല്‍കുക എന്ന ദൗത്യമാണ് ഈ ഗ്രന്ഥം നിര്‍വഹിക്കുന്നത്. ഹി 1396ല്‍ ആഗോള പണ്ഡിത സഭ നടത്തിയ ആഗോള സീറാ രചനാ മത്സരത്തില്‍ ആദ്യ സ്ഥാനം അലങ്കരിച്ചതും ഈ ഗ്രന്ഥമായിരുന്നു.
Also read: മുഹമ്മദ് നബി മലയാളത്തില്‍
തന്‍റെ രചനാരീതിശാസ്ത്രം വിവരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു:’എഴുതിത്തുടങ്ങുന്നതിനു മുമ്പേ, സുദീര്‍ഘമായതോ തീരെ ചുരുങ്ങിയതോ ആയ രീതിക്കു പകരം മിതമായ വലിപ്പത്തിലുള്ള ഒരു ഗ്രന്ഥമായിരുന്നു എന്‍റെ ആലോചന. പക്ഷെ, പ്രവാചക ജീവിതത്തിലെ സംഭവവികാസങ്ങളുടെ കാലക്രമത്തിലും ചില ഉപവിഷയങ്ങളിലും വ്യാപകമായ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെന്നു കണ്ട്, ഇത്തരം ഭാഗങ്ങള്‍ അതിസൂക്ഷ്മമായി പഠനവിധേയമാക്കാനും ബഹുതലസ്പര്‍ശിയായി വിഷയം കൈകാര്യം ചെയ്യാനും ശ്രദ്ധിച്ചിട്ടുണ്ട്. ഇത്തരമിടങ്ങളിലെ അന്വേഷണങ്ങള്‍ക്കൊടുവില്‍ എനിക്കു ശരിയായി തോന്നിയ ഭാഗങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കുകയും ഭൂരിപക്ഷം എഴുത്തുകാരും തെറ്റായി ഉദ്ധരിക്കുകയോ വായനക്കാര്‍ക്ക് അവ്യക്തത ഉണ്ടാകാന്‍ സാധ്യത ഉള്ളതോ ആയ വിഷയങ്ങളില്‍ മാത്രം തെളിവുകള്‍ നിരത്തി മറ്റുള്ളവയില്‍ കൂടുതല്‍ തെളിവുകള്‍ പറഞ്ഞ് വിശദീകരണം ദീര്‍ഘിപ്പിക്കാതിരിക്കുകയും ചെയ്തിട്ടുമുണ്ട്.’
ശൈഖ് ബൂത്വിയുടെ ഫിഖ്ഹുസ്സീറ
പ്രമുഖ സിറിയന്‍ പണ്ഡിതനായിരുന്ന ഡോ. സഈദ് റമദാന്‍ ബൂത്വിയുടേതാണ് ഫിഖ്ഹുസ്സീറത്തുന്നബവിയ്യ എന്ന ഗ്രന്ഥം. നബിചരിത്രവും അവസാനഭാഗത്ത് ഖുലഫാഉറാശിദുകളുടെ ചരിത്രവുമാണ് ഗ്രന്ഥത്തിലുള്ളത്. ഇസ്ലാമിലെ മനസ്സിലാക്കുന്നതില്‍ സീറകളുടെ പങ്ക്, സീറാ പഠനത്തിന്‍റെ രീതിശാസ്ത്രവും ചരിത്രവും, സീറാപഠനത്തിലെ ശാസ്ത്രീയരീതി, തുടര്‍ന്ന് ജനനം മുതല്‍ വഫാത്തു വരെയുള്ള പ്രവാചക ജീവിതം എന്നതാണ് ഗ്രന്ഥത്തിന്‍റെ രൂപം. വെറും ചരിത്രം പറച്ചിലിനു പകരം ഓരോ സംഭവങ്ങളിലെയും ഗുണപാഠങ്ങള്‍, മതവിധികള്‍ എന്നിവ വ്യക്തമാക്കുകയും പ്രബോധകര്‍ക്കും പഠിതാക്കള്‍ക്കും ഉപയോഗപ്പെടുംവിധമുള്ള വിശദീകരണങ്ങളും നല്‍കുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.
ഗ്രന്ഥത്തിന്‍റെ ആമുഖത്തില്‍ അദ്ദേഹം തന്നെ പറയുന്നു:’ഈ ഗ്രന്ഥം നബി ചരിത്രവും ഖുലഫാഇന്‍റെ ചരിത്രവും മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു സമ്പൂര്‍ണ അവലംബമാണ്. വായനക്കാരന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള വിശദീകരണവും പഠനങ്ങളും സീറാ പഠനത്തിലൂടെ സാധ്യമാകേണ്ട നേട്ടങ്ങളും കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഓരോ രചനാ രീതീകള്‍ക്കും അതിന്‍റേതായ വശങ്ങള്‍ ഉണ്ടെങ്കിലും ഈ ഗ്രന്ഥത്തില്‍ വെറും സാഹിതീമായ വിവരണങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും പകരം മതവിധികളും കര്‍മശാസ്ത്ര വിഷയങ്ങളും വിശദീകരിക്കുന്ന രീതിയാണ് ഞാന്‍ സ്വീകരിച്ചിട്ടുള്ളത്.’
Also read: വീണ്ടും ഒരു വസന്തകാലം
മുഹമ്മദുല്‍ ഗസ്സാലിയുടെ ഫിഖ്ഹുസ്സീറ
ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയുടെ സ്വതസിദ്ധമായ ഭാഷയിലൂടെ നബി തങ്ങളുടെ മാതൃകാ ജീവിതം ഹൃദയത്തിന്‍റെ ഭാഷയില്‍ വരച്ചിടുന്ന ഗ്രന്ഥമാണിത്. തന്‍റെ രചനാ രീതിശാസ്ത്രം വിശദീകരിച്ചുകൊണ്ട് അദ്ദേഹം തന്നെ പറയുന്നു:’ഒരു മുസ്ലിമിനെ സംബന്ധിച്ച് പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജീവിതം വെറുമൊരു വ്യക്തിജീവിതമോ നിരൂപണാത്മകമായ വിവരണമോ അല്ല ഒരിക്കലും. മറിച്ച് അവന്‍ പിന്തുടരുന്ന ജീവിതരീതിയുടെയും അനുഷ്ഠിക്കുന്ന മതത്തിന്‍റെയും സമ്പൂര്‍ണ മാതൃകയാണത്. നബി ജീവിതത്തിന്‍റെ സമ്പൂര്‍ണ ചിത്രം വായനക്കാരനു നല്‍കാനും സംഭവങ്ങളുടെ വിശദീകരണങ്ങളും വിധിവിലക്കുകളും വ്യക്തമാക്കാനും ഞാന്‍ പരിശ്രമിച്ചിട്ടുണ്ട്.’ അദ്ദേഹം തുടര്‍ന്നു പറയുന്നു:’സീറ വിശദീകരിക്കുന്നിടത്ത് മുഹമ്മദ് നബിയെന്ന ഒരാത്മാവിനു കീഴില്‍ സമ്മേളിക്കുന്ന വിവിധ വിഷയങ്ങള്‍ വിശദീകരിക്കാനും വിശ്വാസത്തെ രൂഢമൂലമാക്കുകയും സ്വഭാവസംസ്കരണം നടത്തുകയും സത്യത്തെ വാരിപ്പുണരുകയും ചെയ്യുന്ന ഒന്നായി ഈ സീറ രചനയെ മാറ്റാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്.’
അലി മിയാന്‍റെ സീറത്തുന്നബവിയ്യ
പ്രമുഖ ഇന്ത്യന്‍ പണ്ഡിതനും എഴുത്തുകാരനുമായ ശൈഖ് അബുല്‍ ഹസന്‍ അലി നദ് വിയുടെ 1976 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട അഞ്ഞൂറിലധികം പേജുകള്‍ വരുന്ന ബൃഹദ്ഗ്രന്ഥമാണത്. തുടക്കത്തില്‍ തന്നെ ഇസ്ലാമിനു മുമ്പുള്ള അന്നത്തെ ലോകക്രമത്തെ കുറിച്ചുള്ള(റോം, പേര്‍ഷ്യ, അറബ്) വ്യക്തമായ ചിത്രവും അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ നിയോഗം അനിവാര്യമായ സാഹചര്യവും വിശദീകരിച്ച് മുഹമ്മദ് നബിയുടെ നിയോഗത്തോടെ മനുഷ്യകുലത്ത് സ്വായത്തമായ അനന്തമായ ഗുണങ്ങളെ അന്വേഷിക്കുന്ന ഒരു പഠനത്തോടെയാണ് ഗ്രന്ഥം അവസാനിപ്പിക്കുന്നത്. സീറാ പഠനത്തിന്‍റെ അനിവാര്യത വിശദീകരിച്ച് അദ്ദേഹം പറയുന്നു:’പ്രവാചകന്മാരും അല്ലാത്തവരുമായ മറ്റെല്ലാവരുടെയും ജീവചരിത്രങ്ങളില്‍ നിന്ന് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതം വ്യതിരിക്തമാവുന്നത് അതിന്‍റെ ഗഹനത കൊണ്ടും ആഴം കൊണ്ടും സസൂക്ഷ്മമായ വായന ആവശ്യമുണ്ട് എന്നതു കൊണ്ടുമാണ്.’ രചനാ രീതിശാസ്ത്രത്തെ കുറിച്ച് അദ്ദേഹം പറയുന്നു:’ നബിജീവിതത്തിന്‍റെ വൈജ്ഞാനിക വശം- സാഹിതീയ ആത്മീയ വശം എന്നിവയ്ക്കിടയില്‍ ഒരുമിച്ചു കൂട്ടാനും മറ്റൊരാളുടെയും ജീവിതത്തിലോ ലോകചരിത്രത്തിലോ ലോകമതങ്ങളിലോ സാമ്യതകളില്ലാത്ത ഒരു മനുഷ്യന്‍റെ ഹൃദയഹാരിയും മാതൃകാപരവുമായ ജീവിതം കൂട്ടിച്ചേര്‍ക്കലുകളോ അലങ്കാരങ്ങളോ ഇല്ലാതെ വരച്ചിടുകയാണ് ലക്ഷ്യം. കാരണം, പ്രകൃതിയുടെ സൗന്ദര്യത്തിന് ബാഹ്യവര്‍ണകനകളുടെ മേമ്പൊടികളോ കൂട്ടിച്ചേര്‍ക്കലുകളോ ആവശ്യമില്ലല്ലോ!!!’
Also read: വാക്കും പ്രവര്‍ത്തിയും ഒന്നിക്കുന്നതാണ് പ്രവാചക ജീവിതം
മുഹമ്മദ് റസൂലുല്ലാഹ്
ശൈഖ് മുഹമ്മദ് സ്വാദിഖ് ഉര്‍ജൂനിന്‍റെ നാലു വാള്യങ്ങള്‍ വരുന്ന ബൃഹദ്ഗ്രന്ഥമാണിത്. ദൈവിക സന്ദേശങ്ങളും മനുഷ്യബുദ്ധിയും, മുഹമ്മദ് നബിയുടെ ജീവിതത്തിന്‍റെ സാമൂഹിക – പാരിസ്ഥിതിക ഘടകങ്ങള്‍, നബി കുടുംബം: സവിശേഷതകളും അറബികള്‍ക്കിടയിലെ സ്ഥാനവും, നബിജന്മം, നിയോഗം എന്നിവയെക്കുറിച്ചുള്ള വേദക്കാരുടെ മുന്നറിയിപ്പുകള്‍ എന്നിവയാണ് പ്രധാന ചര്‍ച്ചകള്‍.
ഗ്രന്ഥകാരന്‍ തന്നെ പരിചയപ്പെടുത്തുന്നതു പോലെ നബിജീവിതത്തിലെ ചരിത്രസംഭവങ്ങളുടെ കോര്‍ത്തുവെപ്പോ പല ഗ്രന്ഥങ്ങളിലെയും സംഭവങ്ങളുടെ ചേര്‍ത്തുവെപ്പോ ഒന്നുമല്ല. പൊതുവെ ഇത്തരം ഗ്രന്ഥങ്ങളില്‍ ആളുകള്‍ ഉപയോഗിച്ചു വരുന്ന രീതി അതൊക്കെയാണെങ്കിലും അതില്‍ നിന്നൊക്കെ വിപരീതമായി നബിജീവിതത്തിലെ സംഭവങ്ങളിലെ വസ്തുതകളെയും പൊരുളുകളെയും അന്വേഷിക്കുന്ന ചിന്താപരമായ പഠനമാണിതെന്നും അദ്ദേഹം പറയുന്നു. അദ്ദേഹം തുടര്‍ന്നു പറയുന്നു:’നബി ജീവിതം പഠിക്കാന്‍ തുടങ്ങുമ്പോള്‍ നബിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ സ്വീകാര്യതയും ബലഹീനതയുമായി ബന്ധപ്പെട്ട താരതമ്യത്തിലൂടെ എല്ലാ നിലയ്ക്കും സ്വീകാര്യമായത് മാത്രമായിരുന്നു ഞാന്‍ എഴുതിച്ചേര്‍ത്തത്. എങ്കിലും അമാനുഷികതകളെക്കുറിച്ച് പറയുന്നിടത്ത് ബുദ്ധിക്ക് സ്വീകാര്യമാവാത്തതും ദൈവികനിശ്ചയത്തിന്‍റെ പരിധിയില്‍ പെട്ടു എന്നതിനാല്‍ സ്വീകാര്യതാമാനദണ്ഡങ്ങള്‍ അനുസരിച്ച് ഞാന്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.
പ്രവാചക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അതിമഹത്തായ രചനകളെ ചെറിയ രീതിയില്‍ പരിചയപ്പെടുത്തുക മാത്രമാണിവിടെ ചെയ്തത്.
വിവ- മുഹമ്മദ് ശാക്കിര്‍ മണിയറ