ജീവചരിത്രം

മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 8

വിടവാങ്ങല്‍ പ്രഭാഷണം

പ്രവാചകന്‍ മദീനയിലെത്തി പത്താം വര്‍ഷം പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയിലേക്ക് പുറപ്പെട്ടു. കൂടെ ഒരു ലക്ഷത്തിലേറെ അനുയായികളുണ്ടായിരുന്നു. പ്രവാചകന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ഹജ്ജായിരുന്നു അത്. ഹജ്ജ് ദിവസം അറഫാ മലയിലെ ഉര്‍നാ താഴ്‌വരയില്‍ വെച്ച് പ്രവാചകന്‍ വിശ്വാസികളുടെ മഹാസാഗരത്തെ അഭിമുഖീകരിച്ച് സംസാരിച്ചു. ‘ഖസ്‌വ’ എന്ന തന്റെ ഒട്ടകപ്പുറത്തിരുന്ന് അദ്ദേഹം നടത്തിയ ചരിത്രപ്രസിദ്ധമായ പ്രഭാഷണം ജനം കേള്‍ക്കാനായി ഉമയ്യ മകന്‍ റാബിഅ: അത്യുച്ചത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു. വിടവാങ്ങല്‍ പ്രസംഗം എന്ന പേരില്‍ അറിയപ്പെടുന്ന അറഫാ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞതില്‍ നിന്ന്:

‘ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക. ഇനി ഒരിക്കല്‍കൂടി ഇവിടെവെച്ച് നിങ്ങളുമായി സന്ധിക്കാന്‍ സാധിക്കുമോയെന്ന് എനിക്കറിയില്ല. ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാള്‍ വരെ പവിത്രമാണ്. ഈ മാസവും ഈ ദിവസവും പവിത്രമായതുപോലെ. തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും. അപ്പോള്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് നിങ്ങളോട് ചോദിക്കും. ഈ സന്ദേശം നിങ്ങള്‍ക്ക് എത്തിച്ചു തരികയെന്ന ചുമതല ഞാന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. ദൈവമേ, നീ ഇതിനു സാക്ഷി!
‘വല്ലവരുടെയും വശം വല്ല സൂക്ഷിപ്പ് ധനവുമുണ്ടെങ്കില്‍ അത് അതിന്റെ അവകാശികളെ തിരിച്ചേല്‍പിക്കുക.

എല്ലാ പലിശ ഇടപാടുകളും ഇന്നു മുതല്‍ നാം ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മൂലധനത്തില്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. അതിനാല്‍ നിങ്ങള്‍ക്കൊട്ടും നഷ്ടം പറ്റുന്നില്ല. പലിശ പാടില്ലെന്ന് ദൈവം വിധിച്ചു കഴിഞ്ഞു. ആദ്യമായി എന്റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടാനുള്ള പലിശയിതാ ഞാന്‍ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. അനിസ്‌ലാമിക കാലത്തെ എല്ലാ കുടിപ്പകക്കും ഇന്നത്തോടെ അറുതി വരുത്തിയിരിക്കുന്നു. അനിസ്‌ലാമിക കാലത്തെ എല്ലാ വിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു.

‘ജനങ്ങളേ, നിങ്ങള്‍ക്ക് സ്ത്രീകളോട് ചില ബാധ്യതകളുണ്ട്. അവര്‍ക്ക് നിങ്ങളോടും. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പ് സ്പര്‍ശിക്കാന്‍ അവരനുവദിക്കരുത്. വ്യക്തമായ നീചവൃത്തികള്‍ ചെയ്യുകയുമരുത്. സ്ത്രീകളോട് നിങ്ങള്‍ ദയാപൂര്‍വം പെരുമാറുക. അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണ്. ദൈവത്തിന്റെ പേരിലാണ് നിങ്ങളവരെ വിവാഹം ചെയ്തത്.

Also read: സീറത്തുന്നബി : അല്ലാമാ ശിബിലി, സുലൈമാൻ നദ്‌വി

‘ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക. വളരെ വ്യക്തമായ രണ്ടു കാര്യം ഇവിടെ വിട്ടേച്ചാണ് ഞാന്‍ പോകുന്നത്. ദൈവത്തിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്. ‘ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമില്‍ നിന്നുള്ളവരാണ്. ആദമോ മണ്ണില്‍ നിന്നും. അതിനാല്‍ അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. വെളുത്തവന് കറുത്തവനേക്കാളോ കറുത്തവന് വെളുത്തവനേക്കാളോ ഒരു പ്രത്യേകതയുമില്ല. സൂക്ഷ്മതയുടെ അടിസ്ഥാനത്തിലല്ലാതെ.’

വിയോഗം
ദൈവത്തിന്റെ അന്ത്യദൂതന്‍ മുഹമ്മദ് നബി തന്നിലര്‍പ്പിതമായ ചുമതലകള്‍ യഥാവിധി പൂര്‍ത്തീകരിച്ചു. സ്വന്തം ജീവിതത്തിലൂടെ വിശുദ്ധ ഖുര്‍ആനിന് പ്രായോഗിക മാതൃക സമര്‍പ്പിക്കലും ആധികാരിക വ്യാഖ്യാനം നല്‍കലുമായിരുന്നല്ലോ അദ്ദേഹത്തിലര്‍പ്പിതമായ ഉത്തരവാദിത്തം. പ്രവാചകത്വലബ്ധി മുതലുള്ള തന്റെ ഇരുപത്തിമൂന്ന് വര്‍ഷത്തെ ജീവിതത്തിലുള്ള വാക്കുകളും കര്‍മങ്ങളും കല്‍പനകളും നിരോധങ്ങളും മൗനങ്ങളും ഹാവഭാവങ്ങളുമെല്ലാം വിശുദ്ധ ഖുര്‍ആനെ പ്രതിനിധീകരിക്കുന്നവയായിരുന്നു. പ്രവാചക ജീവിതത്തെ സംബന്ധിച്ച അന്വേഷണത്തിന് പ്രിയപത്‌നി ആയിശാ ബീവി പറഞ്ഞത് പൂര്‍ണമായും ശരിയായിരുന്നു; ‘ഖുര്‍ആനാണ് അദ്ദേഹത്തിന്റെ ജീവിതം.’

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 7

പ്രവാചകന്‍ തന്റെ ദൗത്യം പൂര്‍ത്തീകരിച്ചു എന്നതിന് ഹജ്ജ് വേളയില്‍ അറഫയില്‍ പതിനായിരങ്ങള്‍ സാക്ഷ്യം വഹിച്ചു. അവിടെ വെച്ച് നടത്തിയ പ്രഭാഷണത്തില്‍ താന്‍ ലോകത്തോട് വിട പറയാന്‍ പോവുകയാണെന്ന് സൂചിപ്പിക്കുകയും ചെയ്തു. ആത്മമിത്രം അബൂബക്കര്‍ സിദ്ദീഖിനെപോലെയുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നത് വായിച്ചെടുക്കാന്‍ സാധിച്ചു.

ഹജ്ജ് പൂര്‍ത്തീകരിച്ച് മദീനയിലേക്ക് മടങ്ങവേ അവര്‍ ഖും തടാകത്തിനടുത്ത് താവളമടിച്ചു. അവിടെവെച്ച് അനുയായികളോടിങ്ങനെ പറഞ്ഞു: ‘എനിക്ക് നിങ്ങളോട് പറയാനുള്ളതിതാണ്. ജനങ്ങളേ, എന്തായാലും ഞാന്‍ ഒരു മനുഷ്യനാണ്. ഒരു പക്ഷേ പെട്ടെന്നു തന്നെ എന്റെയടുക്കല്‍ ദൈവത്തിന്റെ വിളിയുമായി മരണദൂതന്‍ വന്നേക്കാം. ഞാന്‍ അതിന് ഉത്തരം നല്‍കുകയും ചെയ്യും. ദൈവത്തിന്റെ ഗ്രന്ഥം നിങ്ങള്‍ക്കിടയില്‍ വിട്ടേച്ചാണ് ഞാന്‍ പോകുന്നത്. അതില്‍ വ്യക്തമായ ജീവിതക്രമവും വെളിച്ചവുമുണ്ട്. അതിനാല്‍ ആ ഗ്രന്ഥത്തെ മുറുകെപ്പിടിക്കുക. അതില്‍ നിന്ന് വെളിച്ചം സ്വീകരിക്കുക.’

മദീനയില്‍ തിരിച്ചെത്തിയ പ്രവാചകന്‍ ഏറെക്കഴിയും മുമ്പേ ഹിജ്‌റ വര്‍ഷം 11 ന് രണ്ടാം മാസാവസാനം രോഗബാധിതനായി. അവശമായ അവസ്ഥയില്‍ 11 ദിവസം പള്ളിയില്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പള്ളിയില്‍ വരാന്‍ സാധിക്കാത്ത വിധം രോഗം മൂര്‍ഛിച്ചപ്പോള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ അബൂബക്കര്‍ സിദ്ദീഖിനെ ചുമതലപ്പെടുത്തി.

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 6

രോഗത്തിന് നേരിയ ആശ്വാസമുണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് അത്യാവശ്യമായ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. അവസാനമായി പറഞ്ഞ വാചകങ്ങളില്‍ ചിലതിങ്ങനെ: ‘ജനങ്ങളേ, നിങ്ങള്‍ എന്റെ മരണത്തെക്കുറിച്ച് ഭയപ്പെടുന്നതായി ഞാനറിയുന്നു. എനിക്ക് മുമ്പ് എത്രയോ പ്രവാചകന്മാര്‍ നിയോഗിതരായിട്ടുണ്ട്. അവരാരും മരിക്കാതിരുന്നിട്ടില്ല. ഞാന്‍ നിങ്ങള്‍ക്കു മുമ്പേ ദൈവവുമായി കണ്ടുമുട്ടാന്‍ പോവുകയാണ്. നിങ്ങളും ഞാനുമായി സന്ധിക്കും.’

ഹിജ്‌റ വര്‍ഷം പതിനൊന്നിന് റബീഉല്‍ അവ്വല്‍ 12ന് തിങ്കളാഴ്ച പ്രവാചകന്‍ കൂടുതല്‍ പ്രസന്നവദനനായിരുന്നു. തന്നെ സന്ദര്‍ശിക്കാനെത്തിയവരെ നോക്കി പുഞ്ചിരിച്ചു. എന്നാല്‍ പെട്ടെന്ന് അവസ്ഥ മാറുകയും സമഗ്രമായ വിപ്ലവത്തിലൂടെ മനുഷ്യ ചരിത്രത്തെ മാറ്റിമറിച്ച ദൈവത്തിന്റെ ആ അന്ത്യദൂതന്‍ അന്ത്യശ്വാസം വലിക്കുകയും ചെയ്തു.

പ്രവാചകനുമായുള്ള അത്യഗാധമായ ആത്മബന്ധം കാരണം അടുത്ത അനുയായികളില്‍ പലര്‍ക്കും ആ വിയോഗം ഉള്‍ക്കൊള്ളാന്‍ പോലും സാധിച്ചില്ല. അത്രമേല്‍ ഗാഢവും സമാനതകളില്ലാത്തതും വാക്കുകള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതുമായിരുന്നല്ലോ പ്രവാചകനുമായുള്ള അവരുടെ ഹൃദയബന്ധം. (തുടരും)

 

You may also like

Leave a reply

Your email address will not be published. Required fields are marked *