ജീവചരിത്രം

മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 10

കുടുംബ ജീവിതം

ഖദീജാ ബീവി മരണപ്പെടുന്നത് വരെ പ്രവാചകന്‍ മറ്റൊരു വിവാഹം കഴിച്ചില്ല എന്ന കാര്യം നാം നേരത്തെ വിശദീകരിച്ചിട്ടുണ്ടല്ലോ. അന്ന് പ്രവാചകന്റെ പ്രായം 50 വയസ്സും ഖദീജാ ബീവിയുടേത് 65 വയസ്സുമായിരുന്നു. അവരുടെ മരണശേഷം പ്രവാചകന്‍ സാമൂഹ്യവും മതപരവുമായ ആവശ്യനിര്‍വഹണത്തിന് പതിനൊന്ന് വിവാഹം കഴിച്ചു.

അദ്ദേഹം രണ്ടാമതായി വിവാഹം കഴിച്ചത് തന്നേക്കാള്‍ വളരെ കൂടുതല്‍ പ്രായമുള്ള വിധവയായ സൗദയെയാണ്. ഭര്‍ത്താവ് മരണപ്പെട്ട് വിധവയായ അവരെ സംരക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഇസ്‌ലാം സ്വീകരിച്ചതിനാല്‍ കുടുംബം ശത്രുപക്ഷത്തായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് തന്നേക്കാള്‍ പതിനാറ് വയസ്സ് കൂടുതലുള്ള അറുപത്താറുകാരിയായ അവരെ പ്രവാചകന്‍ വിവാഹം ചെയ്തത്. മൂന്നാമതായി പ്രവാചകന്‍ വിവാഹം കഴിച്ചത് തന്റെ ആത്മമിത്രവും ഹിജ്‌റയില്‍ സഹയാത്രികനുമായ അബൂബക്കര്‍ സിദ്ദീഖിന്റെ മകള്‍ ആയിശാ ബീവിയെയാണ്. മുഹമ്മദ് നബി കല്യാണം കഴിച്ച ഏക കന്യകയും അവര്‍ തന്നെ.

കൊച്ചുപ്രായത്തില്‍ തന്നെ അത്യസാധാരണമായ ബുദ്ധിശക്തിയും കാര്യഗ്രഹണ ശേഷിയും സ്വഭാവ സവിശേഷതകളും പെരുമാറ്റ മേന്മകളും വിസ്മയകരമായ വിവേകവും കാണിച്ച വ്യത്യസ്തമായ വ്യക്തിത്വത്തിന്നുടമയായിരുന്നു അവര്‍. ശൈശവം തൊട്ടേ നന്നായി അടുത്തറിയുന്ന മുഹമ്മദ് നബിക്ക് അവരുടെ എല്ലാ സാമര്‍ഥ്യവും സവിശേഷതയും നന്നായി മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. വരും കാലത്ത് ഇസ്‌ലാമിനും മനുഷ്യരാശിക്കും അവര്‍ ഏറെ ഉപകരിക്കുമെന്ന് പ്രവാചകന് നന്നായറിയാമായിരുന്നു. ഇസ്‌ലാമിന്റെ രണ്ടാമത്തെ പ്രമാണമായ പ്രവാചകചര്യ വരും തലമുറക്കു വേണ്ടി ഏറ്റവും കൂടുതല്‍ നിവേദനം ചെയ്ത വനിതയാണവര്‍. പ്രവാചകന്റെ കുടുംബ ജീവിതത്തിലെ സ്വകാര്യതയെക്കുറിച്ച് ലോകത്തിന് പഠിക്കാന്‍ കഴിഞ്ഞത് പ്രധാനമായും അവരിലൂടെയാണ്.

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 9

മുഹമ്മദ് നബി നാലാമതായി വിവാഹം ചെയ്തത് ഉമറുല്‍ ഫാറൂഖിന്റെ മകള്‍ ഹഫ്‌സ്വയെയാണ്. ബദര്‍ യുദ്ധത്തില്‍ ഭര്‍ത്താവ് ഹുദൈഫ രക്തസാക്ഷിയായതോടെ വിധവയായിത്തീര്‍ന്ന അവരെ വിവാഹം കഴിക്കാന്‍ ഉമറുല്‍ ഫാറൂഖ് ഒന്നിലേറെപ്പേരോട് ആവശ്യപ്പെട്ടുവെങ്കിലും അവര്‍ സന്നദ്ധരായില്ല. അങ്ങനെ പ്രയാസത്തിലകപ്പെട്ട തന്റെ ആത്മമിത്രമായ ഉമറിന് ആശ്വാസമേകുകയായിരുന്നു അദ്ദേഹത്തിന്റെ മകളെ വിവാഹം കഴിച്ചതിലൂടെ പ്രവാചകന്‍ ചെയ്തത്. കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്ന ശരീരസൗന്ദര്യമോ ആകര്‍ഷകത്വമോ ഉള്ള സ്ത്രീ ആയിരുന്നില്ല അവര്‍.
പ്രവാചകന്‍ അഞ്ചാമതായി വിവാഹം ചെയ്തത് ഇസ്‌ലാമിനെയും പ്രവാചകനെയും കഠിനമായി എതിര്‍ത്തുകൊണ്ടിരുന്ന അബൂസുഫ്‌യാന്റെ മകള്‍ ഉമ്മു ഹബീബയെയാണ്. പിതാവ് പ്രവാചകനെതിരെ നടന്ന ഒന്നിലേറെ യുദ്ധങ്ങളില്‍ സര്‍വസൈന്യാധിപനായിരുന്നു. മാതാവ് ഹിന്ദ് പ്രവാചകന്റെ പിതൃവ്യന്‍ ഹംസയെ വധിക്കാന്‍ പാരിതോഷികം നല്‍കുകയും അദ്ദേഹത്തിന്റെ കരളെടുത്ത് കടിച്ചു തുപ്പുകയും ചെയ്ത സ്ത്രീയാണ്. എന്നിട്ടും സത്യം ബോധ്യമായപ്പോള്‍ അവരത് സ്വീകരിച്ചു. മര്‍ദനം സഹിക്കാനാവാതെ എത്യേപ്യയിലേക്ക് പോയ അവരുടെ ഭര്‍ത്താവ് ഇസ്‌ലാം ഉപേക്ഷിച്ചു. അതോടെ അന്യനാട്ടില്‍ ഒറ്റപ്പെട്ട അവരെ പ്രവാചകന്‍ വിവാഹം കഴിക്കുകയായിരുന്നു. പ്രവാചകന്റെ ഈ സമീപനം പില്‍ക്കാലത്ത് അവരുടെ പിതാവ് അബൂസുഫ്‌യാനെയും ഒട്ടൊക്കെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘ഏതായാലും മുഹമ്മദ് വളരെ നല്ല മനുഷ്യനാണ്. മാന്യനായ ഭര്‍ത്താവ്.’

ആറാമതായി വിവാഹം ചെയ്തത് സൈനബിനെയാണ്. നേരത്തേ മൂന്ന് തവണ വിവാഹം ചെയ്യപ്പെട്ട അവരുടെ അവസാന ഭര്‍ത്താവ് ഉഹ്ദ് യുദ്ധത്തില്‍ രക്തസാക്ഷിയാവുകയായിരുന്നു. അതോടെ തീര്‍ത്തും നിരാലംബയായ അവരെ മുഹമ്മദ് നബി വിവാഹം കഴിച്ചു. മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും അവര്‍ പരലോകം പ്രാപിച്ചു.

ഏഴാമതായി വിവാഹം ചെയ്തത് വളര്‍ത്തുപുത്രന്‍ സൈദ് വിവാഹം ചെയ്ത് ഒഴിവാക്കിയ സൈനബിനെയാണ്. അവര്‍ പ്രവാചകന്റെ പിതൃസഹോദരിയുടെ മകളാണ്. വളര്‍ത്തുപുത്രന്‍ വിവാഹമോചനം ചെയ്ത സ്ത്രീയെ കല്യാണം കഴിക്കാന്‍ പാടില്ലെന്ന അറേബ്യയില്‍ നിലനിന്നിരുന്ന ധാരണയെ തിരുത്താന്‍ കൂടിയാണ് മുഹമ്മദ് നബി അവരെ വിവാഹം കഴിച്ചത്.

എട്ടാമതായി വിവാഹം ചെയ്തത് സന്മാര്‍ഗം സ്വീകരിച്ചതിന്റെ പേരില്‍ കൊടിയ പീഡനങ്ങളനുഭവിച്ച ഉമ്മുസല്‍മയെയാണ്. ഭര്‍ത്താവ് ഉഹ്ദ് യുദ്ധത്തില്‍ രക്തസാക്ഷിയായതോടെ നാലു മക്കളുടെ സംരക്ഷണം അസാധ്യമായി. ആ ഘട്ടത്തില്‍ അവര്‍ക്ക് ആശ്വാസമേകുകയെന്ന അടിസ്ഥാനത്തിലാണ് പ്രവാചകന്‍ അവരെ വിവാഹം ചെയ്തത്.

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 8

ഒമ്പതാമത് വിവാഹം ചെയ്തത് ബനുല്‍ മുസ്ത്വലിഖ് യുദ്ധത്തില്‍ തടവുകാരിയായി പിടിക്കപ്പെട്ട ജുവൈരിയയെയാണ്. അവര്‍ ബനുല്‍ മുസ്ത്വലിഖ് ഗോത്രത്തലവന്‍ ഹാരിസിന്റെ മകളായിരുന്നു. അവര്‍ക്ക് ഒരംഗീകാരവും ബഹുമതിയുമെന്ന നിലയിലാണ് മുഹമ്മദ് നബി അവരെ വിവാഹം ചെയ്തത്.
ഖൈബര്‍ യുദ്ധത്തില്‍ പിടികൂടപ്പെട്ട മദീനയിലെ പ്രമുഖ ജൂതഗോത്രമായ ബനൂനദീറിന്റെ നേതാവ് അഖ്തബ് മകന്‍ ഹുയയ്യിന്റെ മകള്‍ സ്വഫിയ്യയെയാണ് പത്താമതായി വിവാഹം ചെയ്തത്. അവര്‍ക്ക് പ്രവാചകന്‍ സ്വന്തം നാട്ടിലേക്ക് പോവുകയോ സന്മാര്‍ഗം സ്വീകരിച്ച് തന്റെ പത്‌നിയാവുകയോ ചെയ്യാനുള്ള സ്വാതന്ത്യം നല്‍കി. അവര്‍ പ്രവാചകന്റെ പത്‌നീപദം സ്വയം തെരഞ്ഞെടുക്കുകയായിരുന്നു.

പതിനൊന്നാമത് വിവാഹം ചെയ്തത് മൈമൂനയെയാണ്. ആദ്യത്തെ രണ്ട് ഭര്‍ത്താക്കന്മാര്‍ മരണപ്പെട്ട ശേഷം അവരുടെ സഹോദരീ ഭര്‍ത്താവും പ്രവാചകന്റെ പിതൃവ്യനുമായ ഹംസയും മറ്റു ബന്ധുക്കളും നിര്‍ബന്ധിച്ചപ്പോഴാണ് മുഹമ്മദ് നബി അവരെ വിവാഹം കഴിച്ചത്.

പന്ത്രണ്ടാമത് വിവാഹം ചെയ്തത് മാരിയത്തുല്‍ ഖിബ്ത്വിയ്യയെയാണ്. ഈജിപ്ഷ്യന്‍ ഭരണാധികാരി മുഖൗഖിസ് സമ്മാനിച്ച അവരെ പ്രവാചകന്‍ പത്‌നിയായി സ്വീകരിക്കുകയായിരുന്നു.

ഇങ്ങനെ പ്രവാചകന്‍ പന്ത്രണ്ട് പേരെ വിവാഹം ചെയ്തിരുന്നുവെങ്കിലും ഒമ്പത് ഭാര്യമാരേ ഒരേസമയം ജീവിച്ചിരുന്നുള്ളൂ. പ്രവാചകന്റെ വിവാഹങ്ങള്‍ ലൈംഗികതയുമായി ബന്ധപ്പെട്ടതല്ലെന്നും മതപരവും സാമൂഹികവുമായ അനിവാര്യ കാരണങ്ങളാല്‍ നടത്തപ്പെട്ടവയാണെന്നും ഉപര്യുക്ത വിവരണങ്ങള്‍ അസന്നിഗ്ദമായി വ്യക്തമാക്കുന്നു.

പ്രവാചകന് ഏഴ് മക്കളാണുണ്ടായിരുന്നത്. മൂന്ന് ആണും നാല് പെണ്ണും. ഖാസിം, അബ്ദുല്ല, ഇബ്‌റാഹിം, സൈനബ, റുഖിയ്യ, ഫാത്വിമ, ഉമ്മു കുല്‍സൂം. ഇവരില്‍ ഇബ്‌റാഹിം ഒഴിച്ചുള്ളവരെല്ലാം ഖദീജാ ബീവിയിലുണ്ടായ മക്കളാണ്. ഇബ്‌റാഹിം ഈജിപ്തുകാരി മാരിയത്തിന്റെ മകനാണ്. ഇബ്‌റാഹീമും അബ്ദുല്ലയും ഒഴിച്ചുള്ളവരെല്ലാം പ്രവാചക ലബ്ധിക്ക് മുമ്പ് ജനിച്ചവരാണ്. അബ്ദുല്ല പ്രവാചകത്വത്തിന് ശേഷം മക്കയില്‍ ജനിച്ചു. ഇബ്‌റാഹിം മാത്രമാണ് മദീനയില്‍ ജനിച്ചത്.

Also read: മുഹമ്മദ് റസൂലുള്ള : ഡോ. മുഹമ്മദ് ഹമീദുല്ല

ആണ്‍കുട്ടികളെല്ലാം ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. ഇബ്‌റാഹിം മരണപ്പെട്ട ദിവസം സൂര്യഗ്രഹണമുണ്ടായി. പ്രവാചക പുത്രന്റെ മരണം കാരണമാണ് ഗ്രഹണമുണ്ടായതെന്ന് ചിലര്‍ പ്രചരിപ്പിച്ചു. ഇത് കേള്‍ക്കാനിടയായ പ്രവാചകന്‍ ഗ്രഹണത്തിന് ആരുടെയെങ്കിലും ജനനവുമായോ മരണവുമായോ ഒരു ബന്ധവുമില്ലെന്നും അത് ദൈവനിശ്ചിതമായ പ്രകൃതിപ്രതിഭാസത്തിന്റെ ഭാഗമാണെന്നും വിശദീകരിച്ചു കൊടുത്തു. അങ്ങനെ അവരുടെ അന്ധവിശ്വാസം തിരുത്തി.

നാല് പെണ്‍മക്കളും വിവാഹിതരായി കുടുംബജീവിതം നയിച്ചു. എന്നാല്‍ ഫാത്വിമ ഒഴിച്ചുള്ള മൂന്ന് പെണ്‍മക്കളും പ്രവാചകന്റെ ജീവിതകാലത്തു തന്നെ പരലോകം പ്രാപിച്ചു. ഫാത്വിമ പ്രവാചകന്റെ വിയോഗത്തിന് ശേഷം ആറുമാസക്കാലം ജീവിച്ചു. അവരുടെ മക്കളിലൂടെ മാത്രമാണ് പ്രവാചകനുമായി ബന്ധമുള്ള സന്താന പരമ്പര ഉണ്ടായത്. (തുടരും)

 

You may also like

Leave a reply

Your email address will not be published. Required fields are marked *