ജീവചരിത്രം

മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 12

നീതി നിര്‍വഹണം
പ്രവാചക നിയോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് നീതിയുടെ സംസ്ഥാപനമാണെന്ന് ഖുര്‍ആന്‍ പറയുന്നു. നീതിയെ ദൈവത്തിന്റെ പര്യായമായി പോലും ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്. നീതിനിര്‍വഹണത്തിന് തടസ്സമായി ഒന്നുമുണ്ടാകരുതെന്ന് ഖുര്‍ആന്‍ കണിശമായി കല്‍പിക്കുന്നു.

‘വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നടത്തി അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്ന് നോക്കേണ്ടതില്ല. ഇരു കൂട്ടരോടും കൂടുതല്‍ അടുപ്പമുള്ളവന്‍ ദൈവമാണ്. അതിനാല്‍ നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കരുത്. വസ്തുതകള്‍ വളച്ചൊടിക്കുകയോ സത്യത്തില്‍ നിന്ന് തെന്നിമാറുകയോ ചെയ്യരുത്. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.'(4:135)
‘വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവത്തിനുവേണ്ടി നേരാം വിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും.

ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്ക് ഏറ്റവും പറ്റിയത്. നിങ്ങള്‍ ദൈവത്തെ സൂക്ഷിക്കുക. ഉറപ്പായും നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് ദൈവം.'(5:8)
അന്യായമായി മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജൂതന്റെ രക്ഷക്കുവേണ്ടി അവതീര്‍ണമായ ഒമ്പത് സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. (4:105 ? 113)
ഖുര്‍ആന്റെ പ്രായോഗിക മാതൃകയായ പ്രവാചക ജീവിതം നീതി നിര്‍വഹണത്തിന്റെ കുറ്റമറ്റ മാതൃകയാണ്.

പ്രമുഖ മഖ്‌സൂം കുടുംബത്തിലെ ഒരു സ്ത്രീ മോഷണം നടത്തി. ശിക്ഷിക്കപ്പെടുമെന്ന അവസ്ഥ വന്നപ്പോള്‍ പ്രവാചകനോട് ഏറ്റവും അടുപ്പമുള്ളയാളെ ഉപയോഗിച്ച് ശിപാര്‍ശ പറഞ്ഞു. ഇത് പ്രവാചകനെ അത്യധികം അസ്വസ്ഥനാക്കി. ജനങ്ങളെ ഒരുമിച്ച് കൂട്ടി അദ്ദേഹം പറഞ്ഞു: ‘പ്രമാണിമാര്‍ തെറ്റ് ചെയ്താല്‍ വെറുതെ വിടുകയും പാവങ്ങളാണ് അത് ചെയ്തതെങ്കില്‍ പിടികൂടി ശിക്ഷിക്കുകയും ചെയ്തതിനാലാണ് നിങ്ങളുടെ മുന്‍ഗാമികള്‍ നാശത്തിലകപ്പെട്ടത്. ഞാനും അതാവര്‍ത്തിക്കുകയോ?’ തുടര്‍ന്ന് ദൃഢസ്വരത്തില്‍ പ്രഖ്യാപിച്ചു: ‘മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് കട്ടതെങ്കിലും ഞാനവളെ ശിക്ഷിക്കുക തന്നെ ചെയ്യും; തീര്‍ച്ച.’

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 9

സമഗ്ര വിപ്ലവം
കാലം നിരവധി മഹാന്മാരെ കണ്ടിട്ടുണ്ട്. രാഷ്ട്രീയനേതാക്കള്‍, ഭരണാധികാരികള്‍, പണ്ഡിതന്മാര്‍, പ്രതിഭാശാലികള്‍, കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍, മതനേതാക്കള്‍, തത്ത്വചിന്തകന്മാര്‍, ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍…മഹാന്മാരുടെ പട്ടിക ഇനിയും നീട്ടാം. അവരില്‍ ചിലര്‍ ചരിത്രത്തെ നിര്‍ണായകമായി സ്വാധിനിച്ചിട്ടുമുണ്ട്. എന്നാല്‍ എത്ര വലിയ മഹാന്മാര്‍ക്കും ജീവിതത്തിന്റെ ചില വശങ്ങളില്‍ മാത്രമാണ് മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. ജീവിതത്തിന്റെ മുഴു മേഖലകളിലും സമഗ്രമായ വിപ്ലവം സൃഷ്ടിച്ച ഒരൊറ്റ വ്യക്തിയേ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളു. അത് ദൈവത്തിന്റെ അന്ത്യദൂതനായ മുഹമ്മദ് നബിയാണ്.

ഇരുപത്തിമൂന്ന് വര്‍ഷത്തെ നിരന്തര യത്‌നത്തിലൂടെ മുഹമ്മദ് നബി മുഴുജീവിതത്തിലും സമൂലമായ മാറ്റം സംഭവിച്ച ഒരു സമൂഹത്തെ സൃഷ്ടിച്ചു. ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ച് നടന്നിരുന്ന അറബികളെ ലോകത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നവരാക്കി പരിവര്‍ത്തിപ്പിച്ചു. അന്ധവിശ്വാസികളെ സത്യവിശ്വാസികളും നിരക്ഷരരെ സാക്ഷരരും പ്രാകൃതരെ പരിഷ്‌കൃതരും കാട്ടാളരെ നാഗരികരും പരുഷപ്രകൃതരെ പരമദയാലുക്കളും ക്രൂരരെ കരുണാര്‍ദ്രരും പരാക്രമികളെ പരോപകാരികളും ഭീരുക്കളെ ധീരന്മാരുമാക്കി.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അക്രമങ്ങള്‍ക്കും അനീതികള്‍ക്കും അറുതി വരുത്തി. സാമൂഹിക അസമത്വവും സാംസ്‌കാരിക ജീര്‍ണതയും രാഷ്ട്രീയ അടിമത്തവും ധാര്‍മിക തകര്‍ച്ചയും സാമ്പത്തിക ചൂഷണവും ഇല്ലാതാക്കി.

അടിമകളുടെയും അധ:സ്ഥിതരുടെയും നില മെച്ചപ്പെടുത്തി. അഗതികള്‍ക്കും അനാഥര്‍ക്കും അവശര്‍ക്കും അശരണര്‍ക്കും ആശ്വാസമേകി. സ്ത്രീകളുടെ പദവി ഉയര്‍ത്തി. കുട്ടികള്‍ക്ക് മുന്തിയ പരിഗണന നല്‍കി. തൊഴിലാളികള്‍ക്ക് മാന്യത നേടിക്കൊടുത്തു. പാവപ്പെട്ടവര്‍ക്ക് പരിരക്ഷ നല്‍കി. വ്യക്തിജീവിതത്തിലെ വിശുദ്ധവും കുടുംബഘടനയെ ഭദ്രവും സമൂഹത്തെ സംസ്‌കൃതവും ജനതയെ സുരക്ഷിതവും രാഷ്ട്രത്തെ ക്ഷേമ പൂര്‍ണവുമാക്കി. കിടയറ്റ സംസ്‌കാര നാഗരികതകള്‍ക്ക് ജന്മം നല്‍കി.

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 10

തിന്നും കുടിച്ചും ഭോഗിച്ചും മദിച്ചും സുഖിച്ചും ഉല്ലസിച്ചും തീര്‍ക്കാനുള്ളതാണ് ജീവിതമെന്ന് വിശ്വസിച്ചിരുന്ന ഒരു ജനസമൂഹത്തെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റി. അങ്ങനെ അരാജക ജീവിതത്തിന് അറുതി വരുത്തി. ജീവിതത്തിന്റെ മൗലികാവകാശങ്ങളിലൊന്നായി മദ്യത്തെ എണ്ണിയിരുന്ന അറേബ്യന്‍ ജനതയെ മദ്യം ഒഴിച്ച പാത്രം പോലും ഉപയോഗിക്കാത്തവരും മദ്യം വിളമ്പുന്ന സദസ്സ് ബഹിഷ്‌കരിക്കുന്നവരുമാക്കി. അശ്ലീലതക്കും നിര്‍ലജ്ജതക്കും ലൈംഗിക അരാജകത്വത്തിനും അടിപ്പെട്ട് വൃത്തിഹീനമായ ജീവിതം നയിച്ചിരുന്ന സമകാലിക സമൂഹത്തെ കര്‍ക്കശമായ സദാചാര നിയമങ്ങള്‍ കൃത്യമായി പാലിച്ച് വിശുദ്ധ ജീവിതം നയിക്കുന്നവരാക്കി. ദുര്‍ബലമായ നിമിഷത്തില്‍ സംഭവിക്കുന്ന വീഴ്ചകള്‍ തുറന്ന് പറഞ്ഞ് ശിക്ഷ ഏറ്റുവാങ്ങാന്‍ തിടുക്കം കാട്ടുമാറ് ആത്മസംസ്‌കരണവും ശിക്ഷണവും നേടിയവരാക്കി.

പകയുടെയും പാരുഷ്യത്തിന്റെയും പ്രാകൃതചിന്തക്ക് പകരം സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വികാരങ്ങള്‍ വളര്‍ത്തിയെടുത്തു. സ്വാര്‍ഥവികാരങ്ങള്‍ക്ക് അറുതിവരുത്തി സാഹോദര്യ ബോധം ഉത്തേജിപ്പിച്ചു. അക്രമത്തിന്റെയും അനീതിയുടെയും ഇരുണ്ട ലോകത്ത് നിന്ന് അവരെ സമാധാനത്തിന്റെയും നീതിയുടെയും വെളിച്ചത്തിലേക്ക് നയിച്ചു.

അടിമകളെയും ഉടമകളെയും മേലാളന്മാരെയും കീഴാളന്മാരെയും സൃഷ്ടിച്ചിരുന്ന സാമൂഹിക അസമത്വത്തിന്റെയും ഉച്ചനീചത്വത്തിന്റെയും അവസാനത്തെ അടയാളം പോലും തുടച്ചു നീക്കി. എത്യോപ്യക്കാരനായ ബിലാലും റോമക്കാരനായ സുഹൈബും പേര്‍ഷ്യക്കാരനായ സല്‍മാനും മക്കക്കാരനായ അബൂബക്കറും മദീനക്കാരനായ സഅദും ഒരേ സമൂഹത്തിലെ സമന്മാരായ അംഗങ്ങളും തുല്യ പൗരന്മാരുമായി മാറി. ഒരുകാലത്ത് നീഗ്രോ അടിമയും എത്യോപ്യക്കാരനുമായ ബിലാല്‍ ഉന്നതകുലജാതനായ ഖുറൈശികളേക്കാള്‍ മഹിതമായ പദവിയിലെത്തി. പ്രവാചകന്‍ നയിച്ച വിപ്ലവത്തിന്റെ വിജയം പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹമാണല്ലോ.

നിത്യ സാന്നിധ്യം
ലോകമെങ്ങുമുള്ള മുസ്‌ലിം ജനകോടികളുടെ ജീവിതത്തില്‍ പ്രവാചകന്‍ ചെലുത്തുന്ന സ്വാധീനം ആരിലും അത്ഭുതമുണ്ടാക്കും വിധം അത്യഗാധവും ഏറെ വ്യാപകവും അസമാനവുമത്രെ. കഴിഞ്ഞ പതിനാലിലേറെ നൂറ്റാണ്ടുകളായി ലോകമെങ്ങുമുള്ള കോടാനുകോടി മുസ്‌ലിംകള്‍ ജീവിതത്തിലുടനീളം വളരെ കണിശതയോടെയും സൂക്ഷ്മതയോടെയും കൃത്യതയോടെയും പിന്തുടരുന്നത് ആ മഹജ്ജീവിതത്തെയാണ്. ഒരോ ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉരുവിടുന്ന പ്രാര്‍ഥന അദ്ദേഹം പഠിപ്പിച്ചതാണ്. പ്രാഥമികാവശ്യങ്ങള്‍ക്കായി ടോയ്‌ലറ്റില്‍ പോകുമ്പോള്‍ ലോകമെങ്ങുമുള്ള മുസ്‌ലിംകള്‍ ആദ്യം ഇടതുകാല്‍ എടുത്ത് വെക്കുന്നു. തിരിച്ചു വരുമ്പോള്‍ വലത് കാലും. ഒരേ പ്രാര്‍ഥനകള്‍ ചൊല്ലുന്നു. അന്നപാനീയങ്ങള്‍ കഴിക്കുമ്പോള്‍ വലത് കൈ ഉപയോഗിക്കുന്നു. ദൈവനാമത്തില്‍ ആരംഭിക്കുകയും ദൈവത്തെ വാഴ്ത്തി അവസാനിപ്പിക്കുകയും ചെയ്യുന്നു. നടത്തത്തിലും ഇരുത്തത്തിലും കിടത്തത്തിലും ഉറക്കത്തിലും ഉണര്‍ച്ചയിലും സ്വഭാവത്തിലും പെരുമാറ്റത്തിലും സമീപനത്തിലും സമ്പ്രദായത്തിലും സംസാരത്തിലും ചിന്തയിലും കേള്‍വിയിലും കാഴ്ചയിലും ആരാധനകളിലും ആചാരങ്ങളിലും കീര്‍ത്തനങ്ങളിലും പ്രാര്‍ഥനകളിലുമെല്ലാം പ്രവാചകനെ പിന്തുടരാന്‍ അവര്‍ വെമ്പല്‍ കൊള്ളുന്നു. വികാര വിചാരങ്ങളിലും മുഖഭാവങ്ങളിലും തീനിലും കുടിയിലും പല്ലുതേക്കലിലും വരെ പ്രവാചക ചര്യ സ്വീകരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നു. വ്യക്തിജീവിതവും വിവാഹവും കുടുംബജീവിതവും സാമൂഹ്യക്രമവും സാമ്പത്തിക ഇടപാടുകളും സാംസ്‌കാരിക നിലപാടുകളും രാഷ്ട്രീയ ക്രമവും ഭരണസംവിധാനവുമെല്ലാം മുഹമ്മദ് നബിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുരൂപമാക്കാന്‍ കണിശത പുലര്‍ത്തുന്നു. അങ്ങനെ ലോകമെങ്ങുമുള്ള മുഴുവന്‍ മുസ്‌ലിംകളും തങ്ങളുടെ അഖില ജീവിതമേഖലകളിലും പ്രവാചക മാതൃകകളും നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെപ്പോലെ അനുകരിക്കപ്പെടുകയോ പിന്തുടരപ്പെടുകയോ ചെയ്യുന്ന മറ്റൊരു നേതാവിനെയും ആര്‍ക്കും എവിടെയും കാണുക സാധ്യമല്ല.

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 11

അദ്ദേഹത്തിന്റേതുപോലെ വിശദാംശങ്ങളോടെ രേഖപ്പെടുത്തപ്പെട്ട മറ്റൊരു ജീവിതവും ഭൂമുഖത്തില്ല. ലോകാന്ത്യം വരെ മുഴുവന്‍ മനുഷ്യര്‍ക്കും പഠിക്കാനും പകര്‍ത്താനും സാധിക്കുമാറ് അത് എക്കാലവും നിലനില്‍ക്കണമെന്ന ദൈവ നിശ്ചയത്തിന്റെ അനിവാര്യ താല്‍പര്യമത്രെ അത്.

ജാതി, മത, ദേശ, ഭാഷാ ഭേദമന്യേ മുഴുവന്‍ മനുഷ്യര്‍ക്കും ആ മഹജ്ജീവിതത്തില്‍ കുറ്റമറ്റ മാതൃകയുണ്ട്. (അവസാനിച്ചു)

 

You may also like

Leave a reply

Your email address will not be published. Required fields are marked *