ജീവചരിത്രം

ഹജ്ജും നിര്യാണവും

Spread the love

ഹജ്ജ് യാത്ര
ഹിജ്‌റ 10-ാം വര്‍ഷം നബി ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി പ്രസ്താവിച്ചു. പ്രസ്തുത വര്‍ഷം ദുല്‍ഖഅ്ദ് മാസത്തില്‍ നബിതിരുമേനി ഹജ്ജിന് പുറപ്പെടുകയാണെന്ന് പ്രഖ്യാപനമുണ്ടായി. ഈ വാര്‍ത്ത അറേബ്യ മുഴുവന്‍ പ്രചരിച്ചു. ഈ അസുലഭ നിമിഷങ്ങളില്‍ തിരുനബിയുടെ കൂടെ ഹജ്ജ് നിര്‍വഹിക്കാനുള്ള ഭാഗ്യം കരസ്ഥമാക്കുക എന്ന ആഗ്രഹത്തോടെ അറബികള്‍ മുഴുവന്‍ ആവേശരിതരായി പുറപ്പെട്ടു. ദുല്‍ഖഅദ് അവസാന തിയ്യതികളില്‍ തിരുമേനി മദീനയില്‍ നിന്ന് യാത്രയായി. ദുല്‍ ഹജ്ജ് നാലിന് പ്രഭാതത്തില്‍ മക്കയിലെത്തി. എത്തിയ ശേഷം ആദ്യം കഅ്ബ ത്വവാഫ് ചെയ്തു. പിന്നീട് മഖാമു ഇബ്രാഹീമില്‍ നിന്ന് രണ്ടു റക്അത് നമസ്‌കരിച്ചു. തുടര്‍ന്ന് സ്വഫാ മലയില്‍ കയറി. ഈ കര്‍മങ്ങള്‍ക്കിടയില്‍ അല്ലാഹുവിന് സ്തുതി കീര്‍ത്തനങ്ങള്‍ ചെല്ലുകയും പ്രാര്‍ഥനകള്‍ ഉരുവിട്ട് കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ത്വവാഫില്‍ നിന്നും സ്വഫാ മര്‍വക്കിടയിലെ ഓട്ടത്തില്‍ നിന്നും വിരമിച്ച ശേഷം തിരുമേനി ദുല്‍ഹജ്ജ് 8-നു വെള്ളിയാഴ്ച മുഴുവന്‍ മുസ് ലിങ്ങളോടുമൊപ്പം മിനായില്‍ താമസിച്ച് . പിറ്റേ ദിവസം 9-നു രാവിലെ സുബ്ഹ് നമസ്‌കാരാനന്തരം മിനായില്‍ നിന്ന് യാത്രയായി അറഫായിലെത്തി. അവിടെ ഇസ് ലാമിന്റെ പൂര്‍ണഭാവം അതിന്റെ എല്ലാ ഗാംഭീര്യത്തോടെയും പ്രകടിതമായ, തന്റെ ചരിത്രപ്രസിദ്ധമായ ഹജ്ജ് പ്രഭാഷണം നിര്‍വഹിച്ചു. ഈ പ്രഭാഷണത്തില്‍ നബി സുപ്രധാനമായ പല നിര്‍ദേശങ്ങളും നല്‍കുകയുണ്ടായി.

ഹജ്ജ് പ്രഭാഷണം
‘ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക. ഇനി ഒരിക്കല്‍ കൂടി ഇവിടെ വെച്ച് നിങ്ങളുമായി സന്ധിക്കാന്‍ സാധിക്കുമോയെന്ന് എനിക്കറിയില്ല.’ ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാള്‍ വരെ പവിത്രമാണ്. ഈ മാസവും ഈ ദിവസവും പവിത്രമായ പോലെ. തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനെ കണ്ടുമുട്ടും. അപ്പോള്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് നിങ്ങളോടു ചോദിക്കും. ഈ സന്ദേശം നിങ്ങള്‍ക്കെത്തിച്ചു തരികയെന്ന ചുമതല ഞാന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ, നീയിതിനു സാക്ഷി! ‘വല്ലവരുടെയും വശം വല്ല അമാനത്തുമുണ്ടെങ്കില്‍ അത് അതിന്റെ അവകാശികളെ തിരിച്ചേല്‍പിച്ചുകൊള്ളട്ടെ. എല്ലാ പലിശ ഇടപാടുകളും ഇന്നു മുതല്‍ നാം ദുര്‍ബലമാക്കിയിരിക്കുന്നു. എന്നാല്‍ മൂലധനത്തില്‍ നിങ്ങള്‍ക്കവകാശമുണ്ട്. അതിനാല്‍ നിങ്ങള്‍ക്കൊട്ടും നഷ്ടം പറ്റുകയില്ല. പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചു കഴിഞ്ഞു. ആദ്യമായി എന്റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടാനുള്ള പലിശയിതാ ഞാന്‍ റദ്ദുചെയ്യുന്നു. അനിസ്‌ലാമിക കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. അനിസ്‌ലാമിക കാലത്തെ എല്ലാവിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു. ജനങ്ങളേ, നിങ്ങള്‍ക്ക് സ്ത്രീകളോട് ചില ബാധ്യതകളുണ്ട്. അവര്‍ക്ക് നിങ്ങളോടും. നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പ് സ്പര്‍ശിക്കാന്‍ അവരനുവദിക്കരുത്. വ്യക്തമായ നീച വൃത്തികള്‍ ചെയ്യുകയുമരുത്. സ്ത്രീകളോട് നിങ്ങള്‍ ദയാപുരസ്സരം പെരുമാറുക. അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണ്. അല്ലാഹുവിന്റെ അമാനത്തായാണ് നിങ്ങളവരെ വിവാഹം ചെയ്തത്. ജനങ്ങളേ, വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരന്‍ മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ആര്‍ക്കും ഒന്നും അനുവദനീയമല്ല. അതിനാല്‍ നിങ്ങളന്യോന്യം ഹിംസകളിലേ്‌പ്പെടാതിരിക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ സത്യനിഷേധികളാകും. ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക; വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണ് ഞാന്‍ പോകുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്. ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമില്‍ നിന്നുള്ളവരാണ്. ആദമോ മണ്ണില്‍നിന്നും. അതിനാല്‍ അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല. ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ. അല്ലാഹുവേ, ഞാന്‍ ഈ സന്ദേശം എത്തിച്ചുകൊടുത്തില്ലേ? അല്ലാഹുവേ, നീയിതിനു സാക്ഷി. അറിയുക: ഈ സന്ദേശത്തിന് സാക്ഷിയായവര്‍ അത് ലഭിക്കാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ.’

ഇസ്‌ലാം സമ്പൂര്‍ണം
ഈ ഹജ്ജ് വേളയില്‍ ഇസ്‌ലാമിന്റെ സമ്പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് പ്രവാചകന് വഹ്‌യ് ലഭിച്ചു. ‘ഇന്ന് നിങ്ങള്‍ക്കു ഞാന്‍ നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്കു ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു’ (5:3). പ്രവാചനിത് ജനങ്ങളില്‍ പ്രഖ്യാപനം നടത്തി. ഇതോടെ ഇസ്‌ലാം പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നുവെന്നും ഇനി അതനുസരിച്ചുള്ള ജീവിതവും അതിന്റെ പ്രബോധനപ്രവര്‍ത്തനങ്ങളുമാണ് ആവശ്യമെന്നും ജനങ്ങളെ ഉല്‍ബോധിപ്പിച്ചു. ശേഷം, ഈ സന്ദേശം ഇവിടെ സന്നിഹിതരായവര്‍ ഇല്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കുക എന്ന ആഹ്വാനത്തോടെ ഉപദേശം നിര്‍ത്തി.
പ്രവാചകരുടെ അന്നത്തെ നയനിലപാടുകളില്‍ന്നും ഇത് പ്രവാചകരുടെ അവസാന കാലങ്ങളാണെന്ന് പലര്‍ക്കും ബോധ്യപ്പെട്ടു. ഈ സൂക്തം ശ്രവിച്ചപ്പോള്‍തന്നെ പ്രവാചകരുടെ വിയോഗം അടുത്തിരിക്കുന്നുവെന്ന കാര്യം സിദ്ദീഖ് (റ) വിനെപ്പോലെയുള്ള വര്‍ മനസ്സിലാക്കി. എല്ലാ അര്‍ത്ഥത്തിലും ഒരു നയപ്രഖ്യാപനത്തിന്റെ ധ്വനിയായിരുന്നു ഈ ഹജ്ജിലുടനീളം മുഴങ്ങിക്കേട്ടിരുന്നത്. ഇസ്‌ലാമിതാ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നുവെന്നും ഇനി തലമുറകള്‍ തലമുറകളായി കുറ്റമറ്റവിധത്തില്‍ നിങ്ങളതിനെ സംരക്ഷിക്കണമെന്നുമുള്ള ഒരു മൗനപ്രഖ്യാപനം അതില്‍ നിറയെ വിങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത് ഹജ്ജത്തുല്‍ വിദാഅ് അഥവാ വേര്‍പ്പാടിന്റെ ഹജ്ജ് എന്ന പേരില്‍ അറിയപ്പെടുന്നു.

You may also like