ജീവചരിത്രം

പ്രബോധനം പുതിയ ഘട്ടത്തില്‍

Spread the love

ഹിജ്‌റയുടെ മുമ്പ് ഇസ് ലാമിക പ്രബോധനത്തിന്റെ മുഖം മക്കയിലെ ബഹുദൈവാരാധകരായിരുന്നു. അവരെ സംബന്ധിച്ചെടുത്തോളം ഇസ് ലാമിന്റെ സന്ദേശം ഒരു പുതിയ സംഗതിയായിരുന്നു. എന്നാല്‍ ഹിജ്‌റക്ക് ശേഷം മദീനയില്‍ ജൂത വിഭാഗങ്ങളെയും മുനാഫിഖുകളെയും അഭിമുഖീകരിക്കേണ്ടി വന്നു.

ജൂതന്മരുടെ കരാര്‍ലംഘനം
മദീനയിലെത്തിയ പ്രവാചകന്‍ ജൂതന്മാരുമായി നല്ലനിലയില്‍ പോവാന്‍ അവരുമായി ഒരു കരാറില്‍ ഒപ്പുവെച്ചിരുന്നുവെങ്കിലും ഒടുവില്‍ അവര്‍ തന്നെ അത് പൊളിച്ചു. ഇസ്‌ലാമിന്റെ സുഗമമായ വളര്‍ച്ചയും വിശ്വാസികളുടെ നിര്‍ഭയമായ ജീവിതവും മുന്നില്‍ കണ്ടായിരുന്നു പ്രവാചകന്‍ ഈ ഉടമ്പടിക്കു തയ്യാറായിരുന്നത്. പക്ഷെ, ഇസ്‌ലാമിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ച കണ്ട് സഹിക്കവയ്യാതായ അവര്‍ നിഷ്‌കരുണം അതിനെ ദുര്‍ബലപ്പെടുത്തുകയും ഇസ്‌ലാമിനെതിരെ രംഗത്തിറങ്ങുകയുമായിരുന്നു. മഹാനായ മൂസാ നബിയുടെ അതേ സന്ദേശം തന്നെയാണ് പ്രവാചകനും പ്രചരിപ്പിച്ചിരുന്നതെങ്കിലും ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍നിന്നും അവരെന്നും ശത്രുതാമനോഭാവത്തോടെ മാറിനില്‍ക്കുകയാണ് ചെയ്തിരുന്നത്. പ്രധാനമായും ഈ ശത്രുതക്ക് മൂന്നു കാരണങ്ങള്‍ കാണാം: വിശ്വപ്രവാചകനായി മുഹമ്മദ് നബിയും വിശ്വമതമായി ഇസ്‌ലാമും അവതരിക്കപ്പെട്ടതിലെ അസൂയയായിരുന്നു അതിലൊന്ന്. മതപരമായും സാമ്പത്തികമായും കച്ചവടപരമായും മദീനയില്‍ തങ്ങളെക്കാള്‍ മുസ്‌ലിംകള്‍ക്ക് അധികാരവും മേല്‍ക്കോഴ്മയും നേടാന്‍ കഴിഞ്ഞുവെന്നതായിരുന്നു മറ്റൊരു കാരണം. വിശുദ്ധ ഖുര്‍ആന്‍ തങ്ങളുടെ ചരിത്രവും രഹസ്യങ്ങളും പച്ചയായി പുറത്തു പറഞ്ഞുവെന്നതായിരുന്നു മൂന്നാമത്തെ കാരണം. ഇവയെയെല്ലാം മുന്‍നിര്‍ത്തി, മദീനയില്‍ മുസ്‌ലിംകളുടെ സാന്നിധ്യം തങ്ങള്‍ക്ക് ഭീഷണിയായിരിക്കുമെന്ന് മനസ്സിലാക്കിയ അവര്‍ പ്രവാചകനും വിശ്വാസികള്‍ക്കുമെതിരെ ശക്തമായി രംഗത്തിറങ്ങുകയായിരുന്നു.

മുനാഫിഖുകളുടെ രംഗപ്രവേശം
മദീനയില്‍ പ്രവാചകന് അഭിമുഖീകരിക്കേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു മുനാഫിഖുകള്‍ അഥവാ കപടവിശ്വാസികള്‍. പ്രത്യക്ഷത്തില്‍ ഇസ്‌ലാമിന് ഉള്ളില്‍ നില്‍ക്കുകയും പ്രവാചകരെയും അനുയായികളെയും ഒറ്റുകൊടുക്കുകയും ചെയ്തിരുന്നവരായിരുന്നു അവര്‍. സന്തോഷ ഘട്ടങ്ങള്‍ വരുമ്പോള്‍ ഉപകാരം ലഭിക്കാനായി മുസ്‌ലിംകളോടൊപ്പം നിന്ന അവര്‍ യുദ്ധംപോലെയുള്ള നിര്‍ണായക ഘട്ടങ്ങളില്‍ അതില്‍നിന്നും പിന്തിരിയുകയും വിശ്വാസികളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
മദീനയില്‍ ഇസ്‌ലാമെത്തിയപ്പോള്‍ അബ്ദുല്ലാഹ് ബിന്‍ സലാമിനെ പോലെയുള്ള പല ജൂത പ്രമുഖരും ഇസ്‌ലാമാശ്ലേഷിച്ചിരുന്നു. എന്നാല്‍, മദീനയിലെ അധികാരം മോഹിച്ച് അവസരം കാത്തിരിക്കുകയായിരുന്നു പലരെയും ഇത് ഇസ്‌ലാമിന്റെ കൊടിയ ശത്രുക്കളാക്കി മാറ്റി. ഇസ്‌ലാം വന്നതോടെ ആദ്യകാല സംവിധാനങ്ങളെല്ലാം തകിടംമറിയുകയും അധികാരം മുസ്‌ലിംകരങ്ങളില്‍ ഭദ്രമാവുകയും ചെയ്തുവെന്നതായിരുന്നു ഇതിനു കാരണം. അതുകൊണ്ടുതന്നെ, കാപട്യത്തിന്റെ കുപ്പായമണിഞ്ഞ് അവര്‍ ഇസ്‌ലാമിനെതിരെ ഒളിഞ്ഞിരിക്കുകയായിരുന്നു. അബ്ദുല്ലാഹ് ബിന്‍ ഉബയ്യ് ബിന്‍ സലൂല്‍ ആയിരുന്നു ഇവരുടെ നേതാവ്. ഇസ്‌ലാമിനും പ്രവാചകര്‍ക്കുമെതിരെ അദ്ദേഹവും അനുയായികളും ചെയ്ത ക്രൂരതകള്‍ക്ക് കയ്യും കണക്കുമില്ല.

മുശ്‌രിക്കുകള്‍ വീണ്ടും
മക്കയിലെ മുശ്‌രിക്കുകളായിരുന്നു മദീനയില്‍ പ്രവാചകന് അഭിമുഖീകരിക്കേണ്ടിവന്ന മൂന്നാമതൊരു വിഭാഗം. മറ്റു രണ്ടു വിഭാഗങ്ങളും മദീനക്കുള്ളില്‍നിന്നും എതിര്‍ത്തപ്പോള്‍ ഇവര്‍ മദീനക്കു പുറത്തുനിന്നും ഭീഷണിയുയര്‍ത്തി. മക്കയില്‍നിന്നും പ്രവാചകരെയും അനുയായികളെയും കണക്കിന് പീഢിപ്പിക്കുകയും മര്‍ദ്ധനങ്ങള്‍ സഹിക്കവയ്യാതെ മദീനയിലേക്ക് ഒളിച്ചോടുകയും ചെയ്തതോടെ എല്ലാം കഴിഞ്ഞുവെന്നായിരുന്നു അവരുടെ ധാരണ. എന്നാല്‍ മദീനയില്‍ ഇസ്‌ലാം തഴച്ചുവളരുകയും ഒരു ശക്തിയായിമാറുകയും ചെയ്തപ്പോള്‍ അതിനെതിരെ അവര്‍ വീണ്ടും രംഗത്തെത്തി. മുശ്‌രിക്കുകള്‍ സംഘടിക്കുകയും ജൂതന്മാരുടെയും മുനാഫിഖുകളുടെയും സഹകരണത്തോടെ മുസ്‌ലിംകളെ പീഢിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു.

You may also like