ജീവചരിത്രം

ഹുനൈന്‍ യുദ്ധം

Spread the love

മക്കാ വിജയത്തിന്റെ പ്രതികരണം
മക്കാവിജയത്തോടെ അറേബ്യയിലെ ബഹുദൈവാരാധനയുടെ കോട്ടക്കൊത്തളങ്ങള്‍ തര്‍ന്നടിഞ്ഞു. ബഹുഭൂരിഭാഗം അറബ് ഗോത്രങ്ങളും വിശുദ്ധ ഇസ്‌ലാമിന്റെ സത്യസന്ദേശം ഏറ്റുപിടിച്ചു. അപ്പോഴും ചില ഗോത്രങ്ങള്‍ ഇസ്‌ലാമിനോട് തങ്ങളുടെ ആദ്യകാല ശത്രുത വെച്ചുപുലര്‍ത്തുന്നുണ്ടായിരുന്നു. അതില്‍ പ്രധാനമായിരുന്നു ഹവാസിന്‍, സഖീഫ് ഗോത്രങ്ങള്‍. ഖുറൈശ് കഴിഞ്ഞാല്‍ സ്ഥാനത്തില്‍ രണ്ടാമതു നില്‍ക്കുന്ന അറേബ്യയിലെ പ്രമുഖ ഗോത്രമായിരുന്നു ഹവാസിന്‍. അതുകൊണ്ടുതന്നെ, എന്നും അവ പരസ്പരം മത്സരത്തിലായിരുന്നു. ഖുറൈശ് കീഴ്‌പ്പെടുന്നതിന് കീഴ്‌പ്പെട്ടുകൊടുക്കാന്‍ അത് സന്നദ്ധമായിരുന്നില്ല.
മക്കാവിജയത്തോടെ ഹവാസിന്‍ ഗോത്രം മുസ്‌ലിംകള്‍ക്കെതിരെ പ്രത്യക്ഷമായി രംഗത്തുവന്നു.  സഖീഫ് ഗോത്രത്തിന്റെ സഹായംകൂടി ലഭിച്ചപ്പോള്‍ അവര്‍ ഒരു യുദ്ധത്തിനു തയ്യാറായി. മാലിക് ബിന്‍ ഔഫ് അന്നസ്‌രിയായിരുന്നു നേതാവ്. മക്കയില്‍നിന്നും മുസ്‌ലിംകളെ തുരത്തിയോടിക്കണമെന്ന് അവര്‍ പദ്ധതിയിട്ടു. അതനുസരിച്ച് ഒരു വന്‍ സൈന്യത്തെ സമാഹരിക്കുകയും അവര്‍ പിന്തിരിഞ്ഞോടാതിരിക്കാന്‍ തങ്ങളുടെ കുടുംബത്തെയും സമ്പാദ്യങ്ങളെയും കൂടെയെടുത്ത് രണാങ്കണത്തിലേക്ക് ആനയിക്കപ്പെടുകയും ചെയ്തു. മറ്റു ഗോത്രങ്ങളെയും തങ്ങളോടൊപ്പം കൂട്ടി മുസ്‌ലിംകളെ തൂത്തുമാറ്റാനുള്ള സജ്ജീകരണങ്ങള്‍ ആരംഭിച്ചു അവര്‍.

ഇന്ന് ഞങ്ങളെ ജയിക്കാന്‍ ആര്‍ക്ക് സാധിക്കും!
ഹവാസിന്‍ ഗോത്രം മുസ്‌ലിംകള്‍ക്കെതിരെ യുദ്ധപ്പുറപ്പാടുമായി രംഗപ്രവേശം ചെയ്തിട്ടുണ്ടെന്ന വിവരം പ്രവാചകനു ലഭിച്ചു. മക്കാവിജയം കഴിഞ്ഞ് പ്രവാചകന്‍ അവിടെത്തന്നെ കഴിയുന്ന സമയത്തായിരുന്നു ഇത്. താമസിയാതെ, പ്രവാചകന്‍ പന്ത്രണ്ടായിരത്തോളം വരുന്ന ഒരു വലിയ സൈന്യത്തെ സമാഹരിച്ചു. അതില്‍ മക്കയില്‍നിന്നുള്ള പുതുവിശ്വാസികളും മദീനയില്‍നിന്നും വന്ന ആളുകളുമുണ്ടായിരുന്നു.  എണ്ണത്തിലും സജ്ജീകരണത്തിലും മുസ് ലിം സൈന്യം മികച്ചതായിരുന്നു. അവരെ നേരിടാന്‍ സാധ്യമാകാതെ ശത്രു യുദ്ധരംഗം വിട്ടുപിന്തിരിഞ്ഞോടുമെന്ന് മുസ് ലിം സൈന്യത്തെ കണ്ടാല്‍ പൂര്‍ണമായും ബോധ്യമാകുമായിരുന്നു. അതിനാല്‍, ചില മുസ് ലിംകളുടെ നാവില്‍ ‘ ഇന്ന് ഞങ്ങളെ ജയിക്കാന്‍ ആര്‍ക്ക് സാധിക്കും’ എന്ന വാക്കുകള്‍ പുറത്ത് വന്നു. മുസ് ലിംകളുടെ നിലപാടിന് ഒട്ടും യോജിച്ചതായിരുന്നില്ല ഇത്. അല്ലാഹു നിങ്ങളെ നിരവധി സന്ദര്‍ഭങ്ങളില്‍ സഹായിച്ചിട്ടുണ്ട്. ഹുനയ്ന്‍ യുദ്ധദിനത്തിലും. അന്ന് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ദുരഭിമാനികളാക്കി. എന്നാല്‍ ആ സംഖ്യാധിക്യം നിങ്ങള്‍ക്കൊട്ടും നേട്ടമുണ്ടാക്കിയില്ല. ഭൂമി വളരെ വിശാലമായിരിക്കെ തന്നെ അത് പറ്റെ ഇടുങ്ങിയതായി നിങ്ങള്‍ക്കുതോന്നി. അങ്ങനെ നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്തു. പിന്നീട് അല്ലാഹു തന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും തന്നില്‍ നിന്നുള്ള സമാധാനം സമ്മാനിച്ചു. നിങ്ങള്‍ക്ക് കാണാനാവാത്ത കുറേ പോരാളികളെ ഇറക്കിത്തന്നു. സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. അതുതന്നെയാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം(അത്തൗബ 25-26).
ഹിജ്‌റ വര്‍ഷം എട്ട്; ശവ്വാല്‍ ആറിന് പ്രവാചകന്‍ സൈന്യ സമേതം ഹവാസിന്‍ ലക്ഷ്യമാക്കി പുറപ്പെട്ടു. അലി ബിന്‍ അബീ ഥാലിബ്, ഹുബാബ് ബിന്‍ മുന്‍ദിര്‍, ഉസൈദ് ബിന്‍ ഹുളൈര്‍ എന്നിവരായിരുന്നു യഥാക്രമം മുഹാജിറുകള്‍, ഖസ്‌റജ്, ഔസ് എന്നിവയുടെ നേതൃത്വം വഹിച്ചിരുന്നത്. പുറമെ, ഓരോ ഗോത്രത്തിനും പ്രത്യേകം കൊടികളുണ്ടായിരുന്നു. മക്കക്കും ഥാഇഫിനുമിടയില്‍ സ്ഥിതി ചെയ്യുന്ന ഒരു താഴ്‌വരയാണ് ഹുനൈന്‍. അത് ലക്ഷ്യമാക്കിയാണ് ഇരു സൈന്യങ്ങളും കടന്നുവന്നത്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അഭൂതപൂര്‍വ്വമായ അംഗബലമുണ്ടായിരുന്നു ഇത്തവണ സൈന്യത്തിന്. അതുകൊണ്ടുതന്നെ, ഇതവര്‍ക്ക് അമിതമായ ആത്മവിശ്വാസം നല്‍കി. ഇത്തവണ ആളുകള്‍ കുറവാണ് എന്ന പേരില്‍ ഒരാള്‍ക്കും തങ്ങളെ കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്ന് അവരില്‍ ചിലര്‍ ചിന്തിച്ചു. എന്നാല്‍, അംഗബലത്തില്‍ ആത്മവിശ്വാസം പൂണ്ട വിശ്വാസികളെ ഒരു പരീക്ഷണത്തിനു വിധേയമാക്കാന്‍തന്നെ അല്ലാഹു തീരുമാനിച്ചു. മുസ്‌ലിംസൈന്യം ഹുനൈനിലെത്തി. നേരത്തെത്തന്നെ അവിടെയെത്തിയിരുന്ന ശത്രുക്കള്‍ മുസ്‌ലിംകളെ ഓര്‍ക്കാപ്പുറത്ത് കടന്നാക്രമിക്കാന്‍ ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു. മുസ്‌ലിംകള്‍ കടന്നുവരേണ്ടതാമസം ഇരുളിന്റെ മറവില്‍ അവര്‍ മുസ്‌ലിംകള്‍ക്കുനേരെ ചാടിവീണു. ഓര്‍ക്കാപ്പുറത്തു വന്ന ആക്രമണം മുസ്‌ലിംകള്‍ നിനച്ചിരുന്നില്ല. അവര്‍ ചിതറിയോടി. ശക്തമായ യുദ്ധം നടന്നു. സാരമായ പല നാശനഷ്ടങ്ങളും സംഭവിച്ചു. അംഗബലമല്ല; വിശ്വാസമാണ് പ്രധാനമെന്ന സത്യം മുസ്‌ലിംകള്‍ക്ക് ബോധ്യമായി. ഉഹ്ദില്‍ പ്രവാചകന്‍ വധിക്കപ്പെട്ടിരിക്കുന്നുവെന്ന കിംവദന്തി പ്രചരിച്ചപ്പോഴുണ്ടായ അവസ്ഥ ഹുനൈനിലും സംഭവിച്ചു. മുസ്‌ലിംകള്‍ പരാജയത്തിന്റെ വക്കോളമെത്തി.

വൈകിയെത്തിയ വിജയം
പ്രവാചകനും ചില സ്വഹാബികളും അപ്പോഴും യുദ്ധമുഖത്ത് ഉറച്ചുനില്‍ക്കുന്നുണ്ടായിരുന്നു. ആഞ്ഞടുത്തുവന്ന ശത്രുസൈന്യത്തിനു നേരെ പ്രവാചകന്‍ ഒരു പിടി മണ്ണുവാരിയെറിഞ്ഞു. ഇതവരുടെ കണ്ണുകളില്‍ ഇരുള്‍ വീഴ്ത്തി. ഈ തക്കംനോക്കി പ്രവാചകന്‍ അബ്ബാസ് (റ) വിളിച്ച് സ്വഹാബികളെയെല്ലാം വിളിച്ചുവരുത്താന്‍ ആജ്ഞാപിച്ചു. അബ്ബാസ് (റ) ശബ്ദത്തില്‍ വിളിച്ചു. സ്വഹാബികള്‍ പ്രവാചകരുടെ വിളിക്ക് ഉത്തരം നല്‍കി കൂട്ടത്തോടെ തിരിച്ചെത്തി. അനുഭവത്തില്‍നിന്നും പാഠം പഠിച്ച് അവര്‍ സംഘടിക്കുകയും പ്രവാചകരോടൊപ്പം നിന്ന് വീണ്ടും യുദ്ധമുഖത്തേക്ക് ശക്തമായി ഇറങ്ങിത്തിരിക്കുകയും ചെയ്തു. അതിനിടെ സഹായവുമായി മലക്കുകളുമെത്തി. ഈ മുന്നേറ്റം മുസ്‌ലിംകള്‍ക്ക് ഏറെ സഹായം ചെയ്തു. ശക്തമായ പടപ്പുറപ്പാട് കണ്ട് ശത്രുക്കള്‍ക്ക് ഭീതി കുടുങ്ങി. ഒരിക്കലും പിടിച്ചുനില്‍ക്കാനാകില്ലെന്നു കണ്ടപ്പോള്‍ അവര്‍ യുദ്ധമുഖത്തുനിന്നും പിന്‍മാറി. പരാജയം സമ്മതിച്ചു. പിന്തിരിഞ്ഞോടിയ സൈന്യം വിവിധ വഴികളിലൂടെയാണ് കടന്നുപോയത്. പ്രവാചകന്‍ സ്വഹാബികളെ ഗ്രൂപ്പുകളായിക്കി അവര്‍ക്കു പിന്നാലെ പറഞ്ഞയച്ചു. വഴിയിലവര്‍ ഏറ്റുമുട്ടുകയും പരാജയപ്പെടുത്തുകയുമുണ്ടായി.
ഹുനൈന്‍ യുദ്ധത്തില്‍ ശത്രുക്കളുടെ ഭാഗത്ത് നിന്ന് എഴുപതോളം പേര്‍ വധിക്കപ്പെടുകയുണ്ടായി.  മുസ്‌ലിംകള്‍ക്ക് ധാരാളം ഗനീമത്ത് മുതലുകള്‍ ലഭിച്ചു. ആറായിരത്തോളം ബന്ധികളും ഇരുപത്തിനാലായിരത്തോളം ഒട്ടകങ്ങളും അതില്‍ ചിലതാണ്. ബന്ധികളുടെ കൂട്ടത്തില്‍ പ്രവാചകരുടെ മുലകുടിബന്ധത്തിലെ സഹോദരി ശൈമാഅ് ബിന്‍ത് ഹാരിസ് അസ്സഅദിയ്യയുമുണ്ടായിരുന്നു. അവരെ തിരിച്ചറിഞ്ഞ പ്രവാചകന്‍ ആദരിക്കുകയും വെറുതെ വിടുകയും ചെയ്തു. ഥാഇഫ് യുദ്ധത്തിനു ശേഷമാണ് ഹുനൈനിലെ യുദ്ധാര്‍ജ്ജിത സ്വത്തുക്കള്‍ സ്വഹാബികള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നത്.

You may also like