
യസ്‌രിബില്‍നിന്നും പ്രതിനിധികള്‍ വന്ന് പ്രവാചകരുമായി ചര്‍ച്ച നടത്തിയതും അനന്തരം അവിടെ ഇസ്‌ലാം തഴച്ചുവളരാന്‍ തുടങ്ങിയതും ഖുറൈശികള്‍ മണത്തറിഞ്ഞു. മുസ്‌ലിംകളുടെ ഈ മുന്നേറ്റം അവര്‍ക്ക് സഹിക്കാനായില്ല. വീണ്ടും മര്‍ദ്ധനത്തിന്റെ വഴി പിന്തുടരാന്‍ ഇതവരെ പ്രേരിപ്പിച്ചു. നാടിന്റെ നാനാഭാഗത്തും വിശ്വാസികള്‍ ശക്തമായി മര്‍ദ്ധിക്കപ്പെടാന്‍ തുടങ്ങി. പീഢനം സഹിക്കവയ്യാതായപ്പോള്‍ പ്രതീക്ഷകളുടെ നാടായ മദീനയിലേക്ക് ഹിജ്‌റ പോകാന്‍ പ്രവാചകന്‍ അനുയായികള്‍ക്ക് സമ്മതം കൊടുത്തു. അതോടെ വിശ്വാസികള്‍ മദീനയിലേക്ക് പലായനം ചെയ്യാന്‍ തുടങ്ങി. ഖുറൈശികളുടെ കണ്ണില്‍നിന്നും രക്ഷപ്പെടാന്‍ ഒളിഞ്ഞും രാത്രിയുടെ മറവിലുമാണ് പലരും മക്കയോട് വിട പറഞ്ഞത്. ഉമര്‍ (റ) സധീരം പരസ്യമായിത്തന്നെ മദീനയിലേക്കു പുറപ്പെട്ടു. സത്യത്തിനുവേണ്ടി സ്വന്തം കൂട്ടും കുടുംബവും ഉപേക്ഷിച്ചായിരുന്നു പലരുടെയും യാത്ര. പലര്‍ക്കും വീടും സമ്പത്തുംവരെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പരിത്യജിക്കേണ്ടി വന്നു. ദിവസങ്ങള്‍കൊണ്ട് എല്ലാവരും മക്കയോട് വിടപറഞ്ഞു. പ്രവാചകരും സിദ്ധീഖും അലി (റ) യും അവരുടെ കുടുംബവും മാത്രം ബാക്കിയായി. തനിക്ക് പലായനത്തിനുള്ള ദൈവാനുമതി കാത്തിരിക്കുകയായിരുന്നു പ്രവാചകന്‍. തന്റെ അടുത്ത് മക്കക്കാര്‍ നല്‍കിയ സൂക്ഷിപ്പു സ്വത്തുക്കള്‍ ഉടമസ്ഥന്മാര്‍ക്ക് തിരിച്ചുകൊടുക്കാന്‍ നിയോഗിക്കപ്പെട്ടതായിരുന്നു അലി (റ).
ശത്രുക്കളുടെ ഗൂഢാലോചന
മുസ്‌ലിംകള്‍ മദീനയിലേക്ക് പലായനം ആരംഭിച്ച വിവരം ഖുറൈശികള്‍ അറിഞ്ഞു. ഇത് അവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായി. പലനിലക്കും ഇത് തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ആ പ്രവാഹം അവസാനിപ്പിക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ ഇതിനെതിരെ ശക്തമായൊരു നിലപാടെടുക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. ദാറുന്നദ്‌വയില്‍ യോഗം ചേര്‍ന്നു. മുസ്‌ലിംകളെല്ലാവരും പുറപ്പെട്ടുപോയ സ്ഥിതിക്ക് പ്രവാചകരെ സംഘമായിച്ചെന്ന് വകവരുത്തുകയെന്നതായിരുന്നു തീരുമാനം. കൊലയാളി പിടിക്കപ്പെടാതിരിക്കാന്‍ ഓരോ ഖബീലയില്‍നിന്നും ഓരോ ധീരന്മാരെ തെരഞ്ഞെടുത്ത് പ്രവാചകരുടെ വീട് വളയാന്‍ അവര്‍ പ്രതിജ്ഞയെടുത്തു. രാത്രിയില്‍ പ്രവാചകന്‍ പുറത്തുവരുമ്പോള്‍ വെട്ടാനായിരുന്നു പദ്ധതി. പക്ഷെ, അല്ലാഹുവിന്റെ തീരുമാനം അവരുടെ തീരുമാനത്തെ മറികടക്കുകയായിരുന്നു. നൂറോളം ആയുധ സജ്ജരായ പടയാളികള്‍ രാത്രിയുടെ യാമങ്ങളില്‍ പ്രവാചകരുടെ വീട് വളഞ്ഞു. അതിനിലെ ജിബ്‌രീല്‍ (അ) ഈ സന്ദേശം പ്രവാചകനു കൈറി. പ്രവാചകന്‍ തന്റെ വിരിപ്പില്‍ അലി (റ) വിനെ കിടത്തുകയും സൂറത്ത് യാസീനില്‍നിന്നും അല്‍പം ഉരുവിട്ടുകൊണ്ട് ഒരു പിടി മണ്ണ് വാരി ശത്രുക്കളുടെ മുഖത്തേക്കെറിയുകയും വാതില്‍ തുറന്ന് അവര്‍ക്കിടയിലൂടെ രക്ഷപ്പെടുകയും ചെയ്തു.
തിരുമേനിയുടെ ഹിജ്‌റ
നേരത്തെത്തന്നെ മദീനാപലായനത്തിനുള്ള അനുമതി പ്രവാചകനു ലഭിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, സിദ്ദീഖ് (റ) വുമായി ബന്ധപ്പെട്ട് അതിനുള്ള വാഹനവും ഭക്ഷണവുമെല്ലാം സജ്ജീകരിക്കപ്പെട്ടിരുന്നു. പ്രവാചകന്‍ നേരെ പോയത് സിദ്ദീഖ് (റ) ന്റെ അടുക്കലേക്കാണ്. അവരിരുവരും വാഹനം കയറി സൗര്‍ ഗുഹയിലേക്ക് പുറപ്പെട്ടു. ശത്രുക്കളുടെ കണ്ണില്‍നിന്നും രക്ഷപ്പെടാന്‍ മൂന്നു ദിവസം അവിടെ തങ്ങി. ഇക്കാലത്ത് സിദ്ദീഖ് (റ) വിന്റെ മക്കളായ അബ്ദുല്ലായും അസ്മാഉമായിരുന്നു ഭക്ഷണവും രഹസ്യവിവരങ്ങളുമെല്ലാം അവര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നത്.
പ്രവാചകന്‍ രക്ഷപ്പെട്ടുപോയ വിവവം ശത്രുക്കള്‍ പ്രഭാതത്തിലാണ് അറിഞ്ഞത്. കലികയറിയ അവര്‍ പ്രവാചകരെ പിടികൂടാന്‍ നാടുനീളെ ഓടി. സൗര്‍ ഗുഹക്കു മുമ്പിലെത്തിയ അവര്‍ ചിലന്തി വല നെയ്തത് കണ്ട് അതിലത്ര ശ്രദ്ധിച്ചില്ല. നൂറൊട്ടകം മോഹിച്ചുകൊണ്ട് ശിരസ്സറുക്കാന്‍ സുറാഖയും പ്രവാചകരെ മദീനയിലേക്കുള്ള വഴിയില്‍ പിന്തുടര്‍ന്നു.
മൂന്നു ദിവസത്തിനു ശേഷം പ്രവാചകരും സിദ്ദീഖ് (റ) വും അബ്ദുല്ലാഹ് ബിന്‍ ഉറൈഖിഥ് എന്ന വഴികാട്ടിയുടെ സഹായത്തോടെ, ശത്രുക്കള്‍ കടന്നുവരാന്‍ തീരെ സാധ്യതയില്ലാത്ത വഴികളിലൂടെ മദീനയിലേക്ക് രക്ഷപ്പെട്ടു. ഇരുളും വെളിച്ചവും വകവെക്കാതെ 510 മൈലുകള്‍ താണ്ടി ഒടുവില്‍ അവര്‍ മദീനയിലെത്തി.