മദീനയിലെ സ്വീകരണം
തിരുമേനിയുടെ ആഗമനവൃത്താന്തം മദീനാനിവാസികള്‍ നേരത്തെത്തന്നെ അറിഞ്ഞു. തങ്ങളുടെ പ്രതീക്ഷയും പുതിയ നായകനുമായ പ്രവാചകരെ വരവേല്‍ക്കാന്‍ അവര്‍ എല്ലാവിധ തയ്യാറെടുപ്പുകളും നടത്തി. ദിവസവും പ്രഭാതംമുതല്‍തന്നെ ആഗമനം പ്രതീക്ഷിച്ച് സ്വീകരിക്കാന്‍ പുറത്തിറങ്ങിനിന്നു. ഒരുദിവസം കാത്തുനില്‍പ്പിനൊടുവില്‍ എല്ലാവരും വീട്ടിലേക്കു മടങ്ങിയ സമയത്തായിരുന്നു പ്രവാചകന്‍ മദീനയിലേക്കു കടന്നുവന്നത്. ഈ കാഴ്ച ആദ്യമായി കണ്ടത് ഒരു ജൂതനായിരുന്നു. അദ്ദേഹത്തിന്റെ അട്ടഹാസം കേട്ട് ജനങ്ങള്‍ക്ക് കാര്യം മനസ്സിലായി. എല്ലാവരും പുറത്തിറങ്ങി പ്രവാചകരെ സ്വീകരിക്കാന്‍ മുന്നോട്ടുവന്നു. പ്രവാചകന്‍ ഒരു മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു. തൊട്ടടുത്തുതന്നെ സിദ്ദീഖ് (റ) വുമുണ്ട്. ആദ്യമായി കാണുകയായതിനാല്‍ അധികമാളുകള്‍ക്കും ഇതില്‍ പ്രവാചകന്‍ ആരാണെന്നു വേര്‍തിരിച്ചു മനസ്സിലായില്ല. കാര്യം പിടികിട്ടിയ സിദ്ദീഖ് (റ) എഴുനേറ്റുനിന്ന് കയ്യിലുണ്ടായിരുന്ന വസ്ത്രംകൊണ്ട് പ്രവാചകന് മറ പിടിച്ചുകൊടുത്തു. ഇതോടെ ആളുകള്‍ പ്രവാചകരെ തിരിച്ചറിഞ്ഞു. ജനങ്ങള്‍ തക്ബീറുകള്‍ മുഴക്കി അവര്‍ക്ക് സ്വാഗതമരുളി. കുട്ടികള്‍ ഈണത്തില്‍ പാട്ടു പാടി. എല്ലാ മുഖങ്ങളിലും ആശ്വാസത്തിന്റെ പുഞ്ചിരി വിടര്‍ന്നു. അവരെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം കൈവന്ന ഒരു ദിവസമായിരുന്നു അത്. ജീവിത പ്രാരാബ്ധങ്ങളില്‍നിന്നുള്ള ഒരു വിമോചകനായിരുന്നു പ്രവാചകരുടെ ആഗമനത്തിലൂടെ അവര്‍ക്ക് കൈവന്നത്.
പള്ളിനിര്‍മാണം
ഹിജ്‌റ പതിമൂന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ എട്ടിനാണ് തിരുമേനി ഖുബാഇലെത്തിയത്. ബനൂ അംറ് ബിന്‍ ഔഫിന്റെ വീട്ടിലായിരുന്നു താമസം. നാല് ദിവസത്തോളം അവിടെ തങ്ങി. അന്നു പ്രവാചകന് അമ്പത്തിമൂന്ന് വയസ്സുണ്ടായിരുന്നു. പരിസരങ്ങളെല്ലാം പഠിക്കുകയും എല്ലാം കണ്ടുമനസ്സിലാക്കുകയും ചെയ്തു. ഖുബാഇലെ താമസവേളയില്‍ പ്രവാചകന്‍ അവിടെ ഒരു പള്ളി നിര്‍മിച്ചു. അവിടെ നിന്ന് ആരാധനകള്‍ നടത്തി. ഇതാണ് പിന്നീട് മസ്ജിദ് ഖുബാഅ് എന്ന പേരില്‍ പ്രസിദ്ധി നേടിയത്. പ്രവാചകന്‍ ഖുബാഇലായിരിക്കെത്തന്നെ അമാനത്തു സ്വത്തുകളെല്ലാം അവകാശികള്‍ക്ക് കൈമാറി മദീനയിലെത്തി; അവരുടെ സംഘത്തില്‍ ചേര്‍ന്നു. ഒരു തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയായിരുന്നു പ്രവാചകരുടെ ഖുബാ വാസം. വെള്ളിയാഴ്ച രാവിലെ പ്രവാചകന്‍ അവിടെ നിന്നും പുറപ്പെട്ടു. ബനൂ സാലിം ബിന്‍ ഔഫിന്റെ ഒരു സ്ഥലത്തെത്തി. അവിടെ നിന്നും ജുമുഅ നിര്‍വഹിച്ചു. ഇതായിരുന്നു ഇസ്‌ലാമിലെ പ്രഥമ ജുമുഅ.
മദീനയിലെ താമസം
ജുമുഅ നിസ്‌കാരം കഴിഞ്ഞ പ്രവാചകന്‍ അനുയായികളോടൊപ്പം വീണ്ടും മുന്നോട്ടു നീങ്ങി. വഴിയിലുടനീളം തടിച്ചുകൂടിയ ജനങ്ങള്‍ പ്രവാചകരെ സ്വീകരിക്കുകയും തങ്ങളുടെ വീടുകളിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രവാചകന്‍ തങ്ങളുടെ വീട്ടില്‍ താമസിക്കണമെന്ന് ഓരോരുത്തരും വല്ലാതെ ആഗ്രഹിച്ചു. ഓരോ ഗോത്രവും മുന്നോട്ട് വന്നു ബോധിപ്പിച്ചു. തിരുമേനീ ! ഞങ്ങളുടെ വീട്ടില്‍ താമസിച്ചാലും ‘ .ചിലര്‍ പ്രവാചകരുടെ ഒട്ടകത്തെ തങ്ങളുടെ വീട്ടിലേക്ക് തെളിയിക്കാന്‍ ശ്രമിച്ചു. ഇതുകണ്ട പ്രവാചകന്‍ ഇങ്ങനെ പ്രതികരിച്ചു: നിങ്ങള്‍ ഒട്ടകത്തെ അതിന്റെ വഴിക്കു വിടുക. എവിടെ മുട്ടുകുത്തണമെന്ന് അതിനറിയാം. ഒടുവില്‍ ഒട്ടകം അബൂ അയ്യൂബുല്‍ അന്‍സ്വാരിയുടെ വീടിനു മുമ്പില്‍ മുട്ടുകുത്തി. പ്രവാചകന്‍ അവിടെ ഇറങ്ങുകയും ആ വീട്ടില്‍ താമസിക്കുകയും ചെയ്തു.
മദീനയിലെത്തിയ മുസ്‌ലിംകള്‍ക്ക് അവിടത്തെ കാലാവസ്ഥ പെട്ടന്നു പിടിച്ചില്ല. അവിടെ എത്തിയപാടെത്തന്നെ പലര്‍ക്കും പനി പിടിപെട്ടു. സിദ്ദീഖ് (റ) അടക്കം പലരും കിടപ്പിലായി. പ്രവാചകന്‍ അവരുടെ രോഗശമനത്തിനായി പ്രാര്‍ത്ഥിച്ചു. ഇതിനിടെ മക്കയില്‍നിന്നും വരാന്‍ വൈകിയിരുന്ന എല്ലാവരും മദീനയിലെത്തി.
ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഉദയം
പ്രവാചകന്‍ മദീനയില്‍ താമസം തുടങ്ങിയതോടെ ഇസ്‌ലാമിന്റെ ഒരു പുതുയുഗം ആരംഭിക്കുകയായിരുന്നു. പ്രതിരോധത്തിന്റെയും മര്‍ദ്ധനങ്ങളുടെയും മണ്ണായ മക്കയിലേക്കു ചേര്‍ത്തു നോക്കുമ്പോള്‍ തീര്‍ത്തും ഭിന്നമായിരുന്നു മദീനയിലെ സാഹചര്യങ്ങള്‍. എല്ലാ അര്‍ത്ഥത്തിലും ഇസ്‌ലാമിന് തഴച്ചുവളരാന്‍ അനുകൂലമായ മണ്ണായിരുന്നു അത്. പ്രവാചകന്‍ ഈ സാഹചര്യം ശരിക്കും ഉപയോഗപ്പെടുത്തി. വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ മദീന ഇസ്‌ലാമിക ചിന്തയുടെ പ്രശോഭിത കേന്ദ്രമായി പരിണമിച്ചു.
പ്രവാചകന്‍ മദീനയിലെത്തുമ്പോള്‍ പ്രധാനമായും മൂന്നു ജനവിഭാഗങ്ങളെയാണ് അഭിമുഖീകരിക്കാനുണ്ടായിരുന്നത്. മദീനയിലെ വിശ്വാസികളായ അന്‍സ്വാറുകള്‍, മക്കയില്‍നിന്നും പലായനം ചെയ്‌തെത്തിയ മുഹാജിറുകള്‍, മദീനയിലെ അന്തേവാസികളായ ജൂതന്മാര്‍. ഈ മൂന്നു വിഭാഗത്തെയും ഒരുമിച്ചുകൂട്ടി സഹവര്‍ത്തിത്വത്തിന്റെയും സഹകരണത്തിന്റെയും പുതിയൊരു അന്തരീക്ഷം കൊണ്ടുവന്നാല്‍ മാത്രമേ ഇസ്‌ലാമിന് നല്ലൊരു ഭാവി സാധ്യമാവുകയുള്ളൂവെന്ന് പ്രവാചകന്‍ മനസ്സിലാക്കി. അതിനുവേണ്ട ശ്രമങ്ങളാരംഭിച്ചു. ഒരു ഇസ്‌ലാമിക അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു. ഈയൊരു ചിന്തയുടെ സാക്ഷാല്‍കാരത്തിനായി പ്രധാനമായും മൂന്നു പദ്ധതികളാണ് പ്രവാചകന്‍ മുന്നോട്ടു വെച്ചത്:
1) പള്ളി നിര്‍മാണം: ജനങ്ങളെ ദൈവവുമായി ബന്ധിപ്പിക്കുന്ന ഒരു കേന്ദ്രം എന്നതായിരുന്നു പ്രധാനമായും ഇതിലൂടെ ലക്ഷീകരിക്കപ്പെട്ടിരുന്നത്.
2) സാഹോദര്യം സ്ഥാപിക്കല്‍: ഒരുമയും സ്‌നേഹവും കഴിയാടുന്ന ഒരന്തരീക്ഷം കൈവരാന്‍ വിശ്വാസികള്‍ക്കിടയില്‍ യാതൊരു വിവേചനവുമില്ലാത്തവിധം സാഹോദര്യം ഊട്ടിയുറപ്പിക്കലായിരുന്നു ഇതിന്റെ വിവക്ഷ.
3) മുസ്‌ലിംകള്‍ക്കും ജൂതന്മാര്‍ക്കുമിടയില്‍ കരാര്‍ സ്ഥാപിക്കല്‍: അന്യമതക്കാര്‍ക്ക് ഇസ്‌ലാമിനെ മനസ്സിലാക്കാനും മുസ്‌ലിംകളുമായി സഹവര്‍ത്തിത്വത്തില്‍ കഴിയാനുമുള്ള ഒരു സംരംഭമായിരുന്നു ഇത്.
പ്രവാചകന്‍ മുന്നോട്ടുവെച്ച ഈ മൂന്നു പദ്ധതികളും വിജയകരമായി സാക്ഷാല്‍കരിക്കപ്പെട്ടതോടെ മദീന ഇസ്‌ലാമിക ചിന്ത കളിയാടുന്ന ഒരു സമ്പൂര്‍ണ ഇസ്‌ലാമിക രാഷ്ട്രമായി പരിണമിക്കുകയായിരുന്നു.
മസ്ജിദുന്നബവിയുടെ നിര്‍മാണം
മദീനയിലെത്തിയ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ആരാധനകള്‍ പരസ്യമായി ചെയ്യല്‍ ഒരു പ്രശ്‌നമുള്ള കാര്യമായിരുന്നില്ല. അതേസമയം വിശ്വാസികളെയെല്ലാം സംഘടിപ്പിക്കുകയും ഏകീകരിക്കുകയും ചെയ്യുന്ന ഒരു കേന്ദ്രം അനിവാര്യവുമായിരുന്നു. അതനുസരിച്ച്, പ്രവാചകന്‍ ഉടനെത്തന്നെ ഒരു പള്ളിയെക്കുറിച്ച് ചിന്തിച്ചു. പ്രവാചകന്‍ താമസിച്ചിരുന്ന അബൂ അയ്യൂബുല്‍ അന്‍സ്വാരിയുടെ വീടിനടുത്തായി അതനനുയോജ്യമായ ഒരിടം കണ്ടെത്തി. പക്ഷെ, അത് പാവപ്പെട്ട രണ്ടു യത്തീമുകളുടെ സ്വത്തായമിരുന്നു. അവരെ വിവരമറിയിച്ചപ്പോള്‍ പള്ളിനിര്‍മാണത്തിനായി അത് വെറുതെ നല്‍കാമെന്ന് അവര്‍ സമ്മതിച്ചു. പക്ഷെ, പ്രവാചകന്‍ കൂട്ടാക്കിയില്ല. അവര്‍ക്തതിനുള്ള പണം നല്‍കി പ്രവാചകന്‍ ആ സ്ഥലം വാങ്ങി. അവിടെ പള്ളി നിര്‍മിച്ചു. ഇതാണ് പിന്നീട് ചരിത്രത്തില്‍ മസ്ജിദുന്നബവി എന്ന പേരില്‍ വിശ്രുതമായത്.
പള്ളിനിര്‍മാണത്തില്‍ സ്വഹാബികളോടൊന്നിട്ട് പ്രവാചകരും സജീവമായി പങ്കെടുത്തു. കല്ലുകള്‍ എടുത്തുവെച്ചും സ്ഥലം നന്നാക്കിയും പ്രവാചകന്‍ നിര്‍മാണപ്രവാര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തങ്ങളുടെ പ്രതാപം വിളിച്ചോതുന്ന ഒരു മന്ദിരത്തിന്റെ നിര്‍മാണമായതുകൊണ്ടുതന്നെ സ്വഹാബികള്‍ വളരെ സന്തുഷ്ടരമായിരുന്നു. അവര്‍ പാട്ടുപാടി തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി മുഴുകി. ബൈത്തുല്‍ മുഖദ്ദസിലേക്കായിരുന്നു മസ്ജിദിന്റെ ഖിബ്‌ല. ചുറ്റും ഇഷ്ടികയും ഈത്തപ്പനയോലകൊണ്ടുള്ള മേല്‍ക്കൂരയുമായിരുന്നു പള്ളിയുടെ രൂപം. ചുറ്റും മൂന്ന് വാതിലുകളും സംവിധാനിക്കപ്പെട്ടിരുന്നു.
ഏഴു മാസത്തോളം പ്രവാചകന്‍ അബൂ അയ്യൂബുല്‍ അന്‍സ്വാരിയുടെ വീട്ടില്‍ താമസിച്ചു. പള്ളിയും അതിനോടനുബന്ധിച്ച് വീടുകളും സജ്ജീകരിക്കപ്പെട്ടതോടെ അങ്ങോട്ടു മാറി. അതോടെ, മസ്ജിദുന്നബവി ജനങ്ങളുടെ ആശ്വാസ കേന്ദ്രമായി മാറുകയായിരുന്നു. ജനങ്ങള്‍ പ്രവാചകരെ കാണാനായി നാനാഭാഗത്തുനിന്നും നിരന്തരം അങ്ങോട്ട് ഒഴുകിക്കൊണ്ടിരുന്നു.
മുഹാജിറുകളും അന്‍സ്വാറുകളും
ഗോത്രമഹിമയുടെയും അധികാരഭ്രമത്തിന്റെയും പേരില്‍ പരസ്പരം പോരടിച്ച് ജീവിതം കഴിച്ചിരുന്ന ജനവിഭാഗങ്ങളെ സാഹോദര്യത്തിന്റെ വിശ്വ മാതൃകകളാക്കി മാറ്റുകയായിരുന്നു മദീന ജീവിതത്തിലൂടെ പ്രവാചകന്‍. മുഹാജിറുകളെയും അന്‍സ്വാറുകളെയും ഒരുമ്മ പെറ്റ മക്കളെപ്പോലെ ഏകോദര സഹോദരന്മാരാക്കി പ്രവാചകന്‍ അവതരിപ്പിച്ചു. ഇസ്‌ലാമിനു വേണ്ടി സര്‍വ്വതും ത്യജിച്ച് മദീനയിലെത്തിയ മുഹാജിറുകളെ അന്‍സ്വാറുകള്‍ സ്വന്തം സഹോദരനെപ്പോലെ സ്വീകരിച്ചു. രണ്ടു വീടുള്ളവര്‍ ഒരു വീട് തന്റെ വീടില്ലാത്ത സുഹൃത്തിന് കൊടുത്തു. ആവശ്യത്തില്‍ കവിഞ്ഞ് വാഹനമുള്ളവര്‍ അത് സുഹൃത്തുക്കള്‍ക്കിടയില്‍ വിതരണം ചെയ്തു. കൂടുതല്‍ ഭൂമിയുള്ളവര്‍ അത് പകുത്ത് മക്കയില്‍നിന്നും വന്നവര്‍ക്കു നല്‍കി. എല്ലാ അര്‍ത്ഥത്തിലും ‘വിശ്വാസികള്‍ ഏകോദരസഹോദരന്മാരാ’ ണെന്ന പ്രഖ്യാപനം അവിടെ സാക്ഷാല്‍കരിക്കപ്പെട്ടു. മദീന ഏക മനസ്സുള്ള വിശ്വാസികളുടെ കളിത്തൊട്ടിലായി.
ജൂതന്മാരുമായി കരാര്‍
മുസ്‌ലിമേതര വര്‍ഗമായി മദീനയില്‍ പ്രവാചകന് അഭിമുഖീകരിക്കാനുണ്ടായിരുന്ന സുപ്രധാനമായൊരു വിഭാഗം ജൂതന്മാരായിരുന്നു. ബനൂ ഖൈനുഖാഅ്, ബനൂ നളീര്‍, ബനൂ ഖുറൈള എന്നിങ്ങനെ മൂന്നു ഗോത്രങ്ങളായാണ് അവരന്ന് താമസിച്ചിരുന്നത്. മദീനയില്‍ മുസ്‌ലിംകളുടെ ജീവിതം ക്ലേശരഹിതമാവാനും ഇസ്‌ലാമിക പ്രബോധനം എളുപ്പമാവാനും ഇവരുമായി ഒരു സൗഹൃദ കരാറിലൊപ്പുവെക്കാന്‍ പ്രവാചകന്‍ തീരുമാനിച്ചു. അതിനായി നിബന്ധനകള്‍ തയ്യാറാക്കുകയും കരാര്‍ നിലവില്‍ വരുകയും ചെയ്തു. കരാറനുസരിച്ച് ഓരോ വിഭാഗങ്ങള്‍ക്കും അവരുടെ മതമനുസരിച്ച് ജീവിക്കാനും പരസ്പരം നല്ലത് ഉപദേശിക്കാനും കരാറിനെതിരെ വരുന്നവരെ ഒറ്റക്കെട്ടായി എതിര്‍ക്കാനുമെല്ലാം നിയമങ്ങളുണ്ടായിരുന്നു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം കരാര്‍ വലിയൊരു അനുഗ്രഹമായി. ഇസ്‌ലാമിക പ്രബോധനം എളുപ്പമാകാനും മുസ്‌ലിംകള്‍ക്ക് നിര്‍ഭയം സാഭിമാനം ജീവിക്കാനും അത് വഴിയൊരുക്കി. പക്ഷെ, ക്രമേണ ജൂതന്മാര്‍തന്നെ ഈ കരാര്‍ പൊളിക്കുകയാണുണ്ടായത്. ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ അസൂയപൂണ്ട അവര്‍ പ്രവാചകരെയും അനുയായികളെയും ഇല്ലായ്മചെയ്യാന്‍ രംഗത്തുവരികയായിരുന്നു.
ബാങ്കിന്റെ ആരംഭം
മസ്ജിദുന്നബവി സജീവമായി. ഓരോ നിസ്‌കാരത്തിനും കൃത്യസമയം നോക്കി ജനങ്ങള്‍ ഒഴുകിയെത്തി. ദൈനംദിനം ആളുകള്‍ കൂടിവന്നപ്പോള്‍ ഈ സംവിധാനത്തിന് ചെറിയ പ്രശ്‌നങ്ങള്‍ സംഭവിച്ചു. ദൂരെയുള്ള ആളുകള്‍ക്ക് ജമാഅത്തിന്റെ സമയം സൂക്ഷിക്കാന്‍ സാധിക്കാതെ വന്നു. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ആവശ്യമായിരുന്നു. എല്ലാവരെയും ഒരേ സമയം നിസ്‌കാരത്തിന് ഒരുമിച്ചുകൂട്ടുന്ന ഒരു സംവിധാനം. പ്രവാചകനും ഇതിനെക്കുറിച്ച് ചിന്തിച്ചു. ചെറിയൊരു പരിഹാരമെന്നോണം സമയമായാല്‍ കൊട്ടി ശബ്ദമുണ്ടാക്കി ആളുകളെ അറിയിക്കുന്ന ഒരു സംവിധാനമാണ് സ്വീകരിക്കപ്പെട്ടത്. കുറച്ചുകാലം ഇത് തുടര്‍ന്നുപോന്നു.
അതിനിടെ ഒരു സംഭവമുണ്ടായി. അബ്ദുല്ലാഹ് ബിന്‍ സൈദ് എന്ന സ്വഹാബി ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ ഒരു ശബ്‌ദോപകരണവുമായി ഒരാള്‍ മുമ്പില്‍ നില്‍ക്കുന്നു. അത് വില്‍ക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. എന്തിനാണെന്നു തിരികെചോദിച്ചപ്പോള്‍ ജനങ്ങളെ നിസ്‌കാര സമയം അറിയിക്കാന്‍വേണ്ടി എന്നായിരുന്നു മറുപടി നല്‍കിയത്. ഇതുകേട്ട ആഗതന്‍ താങ്കള്‍ക്കു ഞാന്‍ ഇതിലും നല്ലൊരു മാര്‍ഗം പരിചയപ്പെടുത്താമെന്നു പറഞ്ഞ് ബാങ്കിന്റെ സൂക്തങ്ങള്‍ പറഞ്ഞുകൊടുത്തു. പ്രഭാതമായപ്പോള്‍ സ്വഹാബിവര്യന്‍ ഓടി പ്രവാചക സവിധം വന്ന് കാര്യം പറഞ്ഞു. താങ്കള്‍ കണ്ട സ്വപ്നം സത്യമാണെന്ന് പ്രവാചകന്‍ പ്രതികരിച്ചു. ഇതോടെ അവരില്‍ വലിയ ശബ്ദത്തിനുടമയായിരുന്ന ബിലാല്‍ (റ) വിനെ വിളിച്ച് അഞ്ചു വഖ്തിലും ബാങ്കുവിളിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയായിരുന്നു. അടുത്ത സമയം മസ്ജിദുന്നബവിയില്‍നിന്നും ബാങ്ക് ഉയര്‍ന്നപ്പോള്‍ വീട്ടില്‍നിന്നും അത് ശ്രവിച്ച ഉമര്‍ (റ) അല്‍ഭുതപ്പെട്ടു. അദ്ദേഹം ഓടി പ്രവാചക സവിധത്തില്‍ വന്നു പറഞ്ഞു: റസൂലേ, ഞാനും ഇതേ കാര്യം ഇന്നെ സ്വപ്നം കണ്ടിരുന്നു. പ്രവാചകന്‍ അല്ലാഹുവിനെ സ്തുതിച്ചു. ഇതോടെ ബാങ്ക് ഇസ്‌ലാമിക ആരാധനകളിലേക്കുള്ള ഒരു വിളിയാളമായി അംഗീകരിക്കപ്പെട്ടു.
ഖിബ്‌ലാമാറ്റം
മദീനയില്‍ വന്നതിനു ശേഷം പതിനാറു മാസത്തോളം ബൈത്തുല്‍ മുഖദ്ദസിലേക്കു തിരിഞ്ഞാണ് മുസ്‌ലിംകള്‍ നിസ്‌കരിച്ചിരുന്നത്. എന്നാല്‍, കാലങ്ങളായി തങ്ങളുടെ ജീവിതം ബന്ധപ്പെട്ടുകിടന്ന കഅബാലയം ഖിബ്‌ലയാവാനായിരുന്നു പ്രവാചകരുടെയും മുസ്‌ലിംകളുടെയും ഉള്ളിലുണ്ടായിരുന്ന ആഗ്രഹം. പ്രവാചകരുടെ ആഗ്രഹം അല്ലാഹു സാക്ഷാല്‍കരിച്ചു. കഅബയെ വിശുദ്ധ ഖിബ്‌ലയാക്കി പ്രഖ്യാപിക്കപ്പെട്ടു. ഇതോടെ എല്ലാവരും കഅബയിലേക്കു തിരിഞ്ഞ് നിസ്‌കരിക്കാന്‍ തുടങ്ങി.
ഖിബ്‌ലാമാറ്റം വലിയൊരു സംഭവമായിരുന്നു. ശത്രുക്കള്‍ ഇത് ഉയര്‍ത്തിക്കാണിക്കുകയും മുസ്‌ലിംകളെ പരിഹസിക്കുകയും ചെയ്തു. അമ്പിയാക്കളുടെ കേന്ദ്രമായ ബൈത്തുല്‍ മുഖദ്ദസില്‍നിന്നും മാറിയത് ഒരിക്കലും ശരിയായില്ലെന്ന് ജൂതന്മാര്‍ പറഞ്ഞു. ഖിബ്‌ല മാറിയപോലെ നാളെ മതവും മാറി മുഹമ്മദ് ബഹുദൈവാരാധനയിലേക്കു തിരിച്ചുവരുമെന്നു പറഞ്ഞ് മുശ്‌രിക്കുകളും പരിഹസിച്ചു. വിശ്വാസികള്‍ ഇതൊന്നും ചെവി കൊണ്ടില്ല. അവര്‍ തങ്ങളുടെ വിശ്വാസത്തിന്റെയും ആരാധനകളുടെയും ഏകീകരണത്തിന്റെ കേന്ദ്രമായി അല്ലാഹുവിന്റെ പ്രഥമ ഗേഹമായ കഅബാലയത്തെ കണ്ടു. അതിലേക്കു തിരിഞ്ഞുനിന്ന് ആരാധനകള്‍ നിര്‍വഹിച്ചു.
നോമ്പും സക്കാത്തും നിര്‍ബന്ധമാകുന്നു
ഹിജ്‌റയുടെ രണ്ടാം വര്‍ഷം ശഅബാന്‍ മാസത്തില്‍ റമദാന്‍ നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കല്‍പന വന്നു. അതിനു മുമ്പും പ്രവാചകന്‍ മാസത്തില്‍ മൂന്നു ദിവസം എന്ന നിലക്ക് നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. മദീനയില്‍ വന്നപ്പോള്‍ ജൂതന്മാര്‍ ആശൂറാഅ് നോമ്പനുഷ്ഠിക്കുന്നത് കണ്ടു. അന്വേഷിച്ചപ്പോള്‍ ഫിര്‍ഔന്‍ മുങ്ങിമരിക്കുകയും മൂസാനബി (അ) രക്ഷപ്പെടുകയും ചെയ്ത ദിവസമായതിനാലെന്നായിരുന്നു പ്രതികരണം. ജൂതന്മാരെക്കാള്‍ മൂസാ നബിയോട് കൂടുതല്‍ ബന്ധപ്പെട്ടത് തങ്ങളാണെന്ന് പ്രഖ്യാപിച്ച പ്രവാചകന്‍ അനുചരന്മാരോടൊപ്പം അന്നും നോമ്പനുഷ്ഠിച്ചിരുന്നു. റമദാന്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട ശേഷം പ്രവാചകന്‍ ഇതിനെ കല്‍പിക്കുകയോ വിരോധിക്കുകയോ ചെയ്തിരുന്നില്ല.
ഇതേ വര്‍ഷംതന്നെ റമദാന്‍ മാസം മുസ്‌ലിംകളുടെമേല്‍ ഫിഥ്ര്! സക്കാത്തും നിര്‍ബന്ധമാപ്പെട്ടു.
ഇസ്‌ലാമിന്റെ അനുഷ്ഠാന കര്‍മങ്ങള്‍ പ്രാബല്യത്തില്‍ വന്നുകൊണ്ടിരുന്ന കാലമായിരുന്നു പൊതുവെ മദീനയിലെ ആദ്യ കാലങ്ങള്‍. പലവിധ ശരഈഅത്ത് നിയമങ്ങളും നിയമമായി വന്നിരുന്നത് ഇക്കാലത്തായിരുന്നു. മദീന ഒരു ഇസ്‌ലാമിക രാഷ്ട്രമായി ഉയര്‍ന്നുവന്ന സമയമായിരുന്നുവല്ലോ ഇത്.