പ്രബോധനഘട്ടങ്ങളും വിഭാഗങ്ങളും
നബി(സ)യുടെ പ്രബോധനത്തെ തികച്ചും വ്യതിരിക്തവും സവിശേഷവുമായ രണ്ട് ഘട്ടങ്ങളായി വിഭജിക്കാവുന്നതാണ്.
1. മക്കാ കാലഘട്ടം: ഏകദേശം പതിമൂന്ന് വര്‍ഷം.
2. മദീനാ കാലഘട്ടം: പൂര്‍ണമായ പത്ത് വര്‍ഷം. ഈ രണ്ടു കാലഘട്ടങ്ങളില്‍ ഓരോന്നിനും അതിനെ വ്യതിരിക്തമാക്കുന്ന ചില പ്രത്യേകതകള്‍ ഉണ്ട്.
മക്കയിലെ നാല് ദശകള്‍
ഹിജ്‌റയ്ക്കുമുമ്പ് തിരുമേനി തന്റെ പവിത്ര ജീവിതത്തിന്റെ ഒരുഭാഗം കഴിച്ചുകൂട്ടിയ മക്കാ ഘട്ടത്തെ അതിന്റെ ദശകള്‍ പരിഗണിച്ചു നാല് വ്യത്യസ്ത ദശകളായി തരം തിരിക്കാം.
1. രഹസ്യ പ്രബോധന കാലം. മൂന്ന് വര്‍ഷം.
2.പ്രവാചകത്വത്തിന്റെ പരസ്യപ്രഖ്യാപനത്തിനും ശേഷമുള്ള ഏതാണ്ട് രണ്ട് വര്‍ഷക്കാലം: കുറച്ച് എതിര്‍പ്പുകളും പരിഹാസങ്ങളും അനുഭവിക്കേണ്ടി വന്നു.
3. മക്കക്കാര്‍ക്കിടയിലെ പരസ്യപ്രബോധനം: മര്‍ദ്ധന പീഢനങ്ങള്‍ വ്യാപകമായ കാലംമായിരുന്നു. ഏകദേശം അഞ്ചാറ് വര്‍ഷം നീണ്ടുനിന്നു
4. അബൂത്വാലിബിന്റെയും ഖദീജയുടെയും മരണം മുതല്‍ ഹിജ്‌റ വരെയുളള ഏതാണ്ട് മൂന്ന് വര്‍ഷക്കാലം . നബിയെയും അനുചരന്മാരെയും സംബന്ധിച്ചെടുത്തോളം അതീവ ദുഷ്‌കരമായിരുന്നു.
പ്രബോധന പ്രവര്‍ത്തനങ്ങള്‍
മനുഷ്യവംശത്തിന്റെ ശാശ്വതമോചനത്തിനു വേണ്ടി അന്ത്യപ്രവാചകനായി അല്ലാഹു മുഹമ്മദ്‌നബിയെ നിയോഗിച്ചു. അല്ലാഹുവില്‍ നിന്നും ജിബ്രീല്‍ മുഖേന ലഭിച്ച ദിവ്യസന്ദേശം അനുസരിച്ച് നബി പ്രബോധന പ്രവര്‍ത്തനം തുടങ്ങി. ആദ്യം സ്വന്തം കുടുംബത്തെയും അടുത്തസുഹൃത്തുക്കളെയുമാണ് ദൈവമാര്‍ഗത്തിലേക്കു ക്ഷണിച്ചത്. നബിയുടെ സഹധര്‍മിണി ഖദീജ ആയിരുന്നു ആദ്യമായി അദ്ദേഹത്തില്‍ വിശ്വസിച്ചത്. തുടര്‍ന്ന് പിതൃവ്യപുത്രന്‍ അലിയ്യുബ്‌നു അബീത്വാലിബ്, തന്റെ പ്രിയ സുഹൃത്ത് അബൂബക്കര്‍ എന്നിവര്‍ സത്യവിശ്വാസം സ്വീകരിച്ചു. ആദ്യത്തെ രണ്ടുമൂന്നു വര്‍ഷത്തിനിടക്ക് നബിയുടെയും അബൂബക്കറിന്റെയും പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഏതാനും ആളുകള്‍ക്കൂടി സത്യവിശ്വാസം കൈക്കൊണ്ടു. അതില്‍ പ്രമുഖര്‍ ഉഥ്മാന്‍, സുബൈര്‍, അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്, ത്വല്‍ഹ, അമ്മാറുബ്‌നു യാസിര്‍, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബൂഉബൈദ തുടങ്ങിയവരായിരുന്നു.
പരസ്യപ്രബോധനം
പരസ്യപ്രബോധനത്തിനുള്ള ആദ്യകല്‍പന ശുഅ്‌റാഅ് അധ്യായത്തിലെ ‘നിന്റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീതു നല്കുകയും ചെയ്യുക’ (26:214) എന്ന സൂക്തത്തിന്റെ അവതരണത്തോടെയാണ് തുടങ്ങുന്നത്. ഈ അധ്യായത്തില്‍ മൂസാ(അ)യുടെ കഥ, പ്രവാചകത്വത്തിന്റെ ആരംഭം മുതല്‍ ഇസ്‌റാഈല്യരുടെ കൂടെയുള്ള പലായനം, ഫിര്‍ഔന്‍ പ്രഭൃതികളില്‍നിന്നുള്ള മോചനം, ഫിര്‍ഔന്‍ പ്രഭൃതികളുടെ പതനം തുടങ്ങി പ്രബോധനത്തിന്റെ എല്ലാ കൈവഴികളും പൂര്‍ണമായി വിശദീകരിച്ചിരിക്കുന്നു. ഈ വിശദീകരണം, പരസ്യപ്രബോധനത്തിലൂടെ മുഹമ്മദ് നബിയും അനുയായികളും അഭിമുഖീകരിക്കാനിരിക്കുന്ന പ്രതിസന്ധികളുടെയും മര്‍ദനങ്ങളുടെയും ചിത്രം നേരത്തെ അവതരിപ്പിക്കുകയും അതുവഴി, പ്രവാചകനെയും അനുയായികളെയും പ്രബുദ്ധരും ദീര്‍ഘദൃഷ്ടിയുള്ളവരുമാക്കുകയുമാണ് ചെയ്യുന്നത്.
അടുത്ത ബന്ധുക്കളില്‍
ഈ സൂക്തത്തിന്റെ അവതരണത്തോടെ നബിതിരുമേനി, ഹാശിം കുടുംബത്തെ ക്ഷണിച്ചു. ഇവരോടൊപ്പം മുത്വലിബ്ബ്‌നു അബ്ദുമനാഫ് കുടുംബത്തിലെ ചിലരും വന്നുചേര്‍ന്നു. മൊത്തം അവര്‍ നാല്‍പ്പത്തഞ്ചുപേരുണ്ടായിരുന്നു. എല്ലാവരും സമ്മേളിച്ചതോടെ നബി(സ) സംസാരിക്കാന്‍ മുതിര്‍ന്നപ്പോള്‍ അബൂലഹബ് നേരത്തെ എഴുന്നേറ്റ് പ്രസ്താവിച്ചു: ‘ഇവരെല്ലാം നിന്റെ പിതൃവ്യന്മാരും പിതൃവ്യപുത്രന്മാരുമാണ്. ഇവരുമായിട്ട് സംസാരിക്കുക, നിന്റെ പുതുവിശ്വാസങ്ങളെ വര്‍ജിക്കുക. നീയൊരു കാര്യമറിയുക, നിന്റെ ജനതയ്ക്ക് അറബികളെ മൊത്തം നേരിടാന്‍ കഴിയില്ല. നിന്നെ പിടിച്ചുകെട്ടാന്‍ ഏറ്റവും അര്‍ഹതയുള്ളത് എനിക്കാണ്. അപ്പോള്‍ നിനക്ക് നിന്റെ പിതൃകുടുംബം തന്നെ മതിയാകും. നീയിപ്പോഴുള്ള അവസ്ഥ തുടരുകയാണെങ്കില്‍ ഖുറൈശ് ഗോത്രങ്ങള്‍ നിന്റെ നേരെ ചാടിവീഴും. അറബികള്‍ അവരെ സഹായിക്കുകയും ചെയ്യും. നിന്റെ കുടുംബത്തിനെതിരെ നീ ഈ കൊണ്ടുവന്നതുപോലെ മോശമായത് കൊണ്ടുവന്ന് ആരേയും ഞാന്‍ കണ്ടിട്ടില്ല. ഇതുകേട്ട് ഒന്നും സംസാരിക്കാനാവാതെ റസൂല്‍(സ) മൗനമവലംബിച്ചു.
സ്വഫാ മലയില്‍
നബി തിരുമേനി(സ)ക്ക് ‘നിന്റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീതു നല്‍കുക’ എന്ന സൂക്തമവതരിച്ചപ്പോള്‍ അദ്ദേഹം സ്വഫാ കുന്നിന്റെ മുകളില്‍ കയറി ഇങ്ങനെ വിളംബരം ചെയ്തു. ഹേ, ഫിഹ്‌റ് ഗോത്രക്കാരേ! ഹേ., അദിയ്യ് ഗോത്രക്കാരേ (രണ്ടും ഖുറൈശ് ഗോത്രത്തിലെ ശാഖകള്‍) ഉടനെ അവരെല്ലാം അവിടെ സമ്മേളിച്ചു. എത്തിച്ചേരാന്‍ കഴിയാത്തവര്‍ പ്രതിനിധികളെ നിയോഗിച്ചു. അബൂലഹബും സന്നിഹിതനായി. നബി(സ) പറഞ്ഞു: ഈ താഴവരയില്‍ അശ്വരൂഢരായ ഒരു സൈന്യം നിങ്ങളെ ആക്രമിക്കാന്‍ സജ്ജരായി നില്‍ക്കുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അവര്‍: അതെ, നീ സത്യം പറയുന്നതായിട്ടല്ലാതെ ഞങ്ങള്‍ക്കറിയില്ല. അദ്ദേഹം: എന്നാല്‍, നിങ്ങള്‍ക്ക് വരാനിരിക്കുന്ന കഠിനശിക്ഷയെക്കുറിച്ചു താക്കീതു നല്‍കുന്ന ദൈവദൂതനാണ് ഞാന്‍. അപ്പോള്‍ അബൂലഹബ്: നിനക്കെന്നെന്നും നാശം! ഇതിനാണോ നീ ഞങ്ങളെ വിളിച്ചു ചേര്‍ത്തത്? അതിനെ തുടര്‍ന്നതാണ് അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു എന്ന അധ്യായം അവതരിച്ചത്.
ഈ വിളംബരം മക്കയുടെ ചക്രവാളങ്ങളില്‍ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരിക്കേ അതാവരുന്നു മറ്റൊരു പ്രഖ്യാപനം കൂടി.
‘അതിനാല്‍ നീ കല്പിക്കപ്പെടുന്നതെന്തോ അത് ഉച്ചത്തില്‍ പ്രഖ്യാപിച്ചുകൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക.” (15:94). ഉടനെത്തന്നെ, നബി(സ) ബഹുദൈവാരാധനക്കെതിരെ ശക്തിയായ പോരാട്ടം തുടങ്ങി. വിഗ്രഹങ്ങളുടെ നിജസ്ഥിതി ഉദാഹരണങ്ങളിലൂടെ വിശദീകരിക്കുകയും, അല്ലാഹുവിനുപുറമെ അവയെ ആരാധിക്കുകയും വസീലയാക്കുകയും ചെയ്തവര്‍ സ്പഷ്ടമായ വഴി പിഴവിലാണെന്ന് ഉണര്‍ത്തുകയും കഅബാലയത്തിന്റെ മുറ്റത്തുവെച്ച് അല്ലാഹുവെ ആരാധിച്ചുകൊണ്ട് പരസ്യമായി നമസ്‌കാരം നിര്‍വഹിച്ചുതുടങ്ങുകയും ചെയ്തു. അങ്ങനെ പ്രബോധനം കൂടുതല്‍ സ്വീകാര്യത ലഭിച്ചതോടെ ഓരോരുത്തരായി ഇസ്ലാമില്‍ പ്രവേശിച്ചുതുടങ്ങി. ഇത് ഖുറൈശികളെ അസ്വസ്ഥരാക്കി. ഇതോടെ മുസ്ലിംകള്‍ക്കും അവര്‍ക്കുമിടയില്‍ ശക്തമായ വിദ്വേഷവും കോപവും തന്നെ നിലവില്‍വന്നു.
എതിര്‍പ്പുകളും പീഢനങ്ങളും
പൊതുജനങ്ങളെയും മക്കയിലെ പ്രമുഖ വ്യക്തികളെയുമെല്ലാം ഇസ്‌ലാമിലേക്ക് ക്ഷണിക്കാനാരംഭിച്ചത് പ്രവാചകത്വം ലഭിച്ച് മൂന്ന് വര്‍ഷത്തോളമായപ്പോഴാണ്. അതുവരെ രഹസ്യപ്രബോധനമായിരുന്നു നടത്തിയിരുന്നത്. പക്ഷേ, അല്ലാഹുവിന്റെ സന്ദേശത്തെ അവരില്‍ ഭൂരിപക്ഷവും നിരസിക്കുകയാണുണ്ടായത്. കാലക്രമേണ മുസ്‌ലിംകളുടെ എണ്ണം അല്‍പാല്‍പം വര്‍ധിച്ചു തുടങ്ങി. സത്യനിഷേധികളുടെ എതിര്‍പ്പും വര്‍ധിച്ചു. മക്കയിലുണ്ടായിരുന്ന പല അടിമകളും സത്യവിശ്വാസം ഉള്‍ക്കൊണ്ട് മുസ്‌ലിംകളായി. ഇതോടുകൂടി അവരില്‍ പലരും യജമാനന്‍മാരുടെ ക്രൂരമായ പീഢനങ്ങള്‍ക്കു വിധേയരായി. ബിലാല്‍, അമ്മാര്‍, സുമയ്യ തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്. മക്കയില്‍ മര്‍ദനം സഹിക്കവയ്യാതെ സത്യവിശ്വാസികള്‍ വിഷമിച്ചു. മര്‍ദനങ്ങള്‍ അസഹ്യമായപ്പോള്‍ നബിയുടെ നിര്‍ദേശപ്രകാരം മുസ്‌ലിംകള്‍ ഹബ്ശ(എത്യോപ്യ)യിലേക്കു പലായനം ചെയ്തു. അവിടത്തെ രാജാവായ നജ്ജാശി അവരെ സ്വീകരിച്ച് അഭയം നല്‍കി.
നബിയുടെ പിതൃവ്യനായ ഹംസയും ഉമറുബ്‌നുല്‍ഖത്താബും ഇസ്‌ലാമിലേക്കു കടന്നുവന്നത് മുസ്‌ലിംകള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകര്‍ന്നു. അതുവരെ ആരാധനാകര്‍മങ്ങള്‍ രഹസ്യമായി ചെയ്തിരുന്ന മുസ്‌ലിംകള്‍ കഅ്ബയില്‍ ചെന്ന് പരസ്യമായി നമസ്‌കാരം നിര്‍വഹിക്കാന്‍ ധൈര്യം കാണിച്ചു. ഖുറൈശീ തലവന്‍മാര്‍ നബിയുടെ പിതൃവ്യനും സംരക്ഷകനുമായിരുന്ന അബൂത്വാലിബിനെ സമീപിച്ചു. മുഹമ്മദിനെ പുതിയമതം പ്രചരിപ്പിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
ഖുറൈശി തലവന്മാരുടെ ആവശ്യം അബൂത്വാലിബ് നബിയെ അറിയിച്ചു. നബിയുടെ മറുപടി ഇപ്രകാരമായിരുന്നു. ‘അല്ലാഹുവാണ, എന്റെ ഒരു കയ്യില്‍ സൂര്യനെയും മറുകൈയ്യില്‍ ചന്ദ്രനെയും വച്ചുതന്നാല്‍ പോലും എന്റെ ദൗത്യനിര്‍വഹണത്തില്‍നിന്ന് ഞാന്‍ പിന്മാറുകയില്ല. ഒന്നുകില്‍ ഈ ദൗത്യം വിജയിക്കും. അല്ലെങ്കില്‍ അതിന്റെ മാര്‍ഗത്തിലായിരിക്കും എന്റെ അന്ത്യം.” അനുനയമാണ് കൂടുതല്‍ ഫലപ്രദമെന്ന് കരുതി ഖുറൈശികള്‍ നബിയെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: ‘അധികാരമാണ് താങ്കള്‍ക്കുവേണ്ടതെങ്കില്‍ ഞങ്ങള്‍ താങ്കളെ നേതാവാക്കാം. സമ്പത്താണ് ആവശ്യമെങ്കില്‍ ഖുറൈശീഗോത്രത്തില്‍ ഒന്നാമത്തെ പണക്കാരനാക്കിത്തരാം. സുന്ദരിയായ സ്ത്രീയെയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇന്നാട്ടിലെ ഏറ്റവും കുലീനയും സുന്ദരിയുമായ യുവതിയെ വിവാഹം ചെയ്തുതരാം.”
അവരുടെ വാഗ്ദാനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കുമൊന്നും നബി വഴങ്ങിയില്ല. നബിയോടും മുസ്‌ലിംകളോടും നിര്‍ദയമായ പ്രതികാരനടപടികള്‍ക്കായി അവര്‍ മുന്നിട്ടിറങ്ങി. അവിശ്വാസികള്‍ ഹാഷിം കുടുംബത്തോട് ബഹിഷ്‌കരണം പ്രഖ്യാപിച്ചു. അവരുമായി സകലബന്ധങ്ങളും വിഛേദിച്ചു. കൊടുക്കല്‍ വാങ്ങലുകള്‍ നിരോധിച്ചു. വെള്ളവും ഭക്ഷണവും കിട്ടാതെ നബിയും കുടുംബവും വിഷമിച്ചു. അവസാനം അബൂത്വാലിബുള്‍പ്പെടുന്ന ഹാഷിം കുടുംബം മുഴുവനും മക്കയുടെ താഴവരയില്‍ അഭയം പ്രാപിച്ചു. പില്‍ക്കാലത്ത് ഈ താഴവര ‘ശിഅ്ബു അബീത്വിബ്’ എന്ന പേരിലറിയപ്പെട്ടു. അവിടെ അവര്‍ വല്ലാതെ വിഷമിച്ചു. ഭക്ഷണം കിട്ടാതായപ്പോള്‍ ഇലകളും തോല്‍ക്കഷ്ണങ്ങളും വരെയും ഭക്ഷിച്ചു വിശപ്പടക്കി. മൂന്നു വര്‍ഷം ഇതു തുടര്‍ന്നു. ഒടുവില്‍ അവിശ്വാസികളില്‍ ചിലര്‍ത്തന്നെ ഈ ഊരുവിലക്ക് റദ്ദുചെയ്യുവാന്‍ ഖുറൈശികളെ പ്രേരിപ്പിച്ചു മുന്നിട്ടിറങ്ങി.
ദുഖ വര്‍ഷം
നബി(സ) മക്കയില്‍ നിരന്തരം പീഢനങ്ങള്‍ക്കു വിധേയനായി. അദ്ദേഹത്തിന്റെ വീട്ടുവാതില്‍ക്കല്‍ മുള്ളുകള്‍ കൊണ്ടുവന്നിട്ടു. നമസ്‌കരിക്കുമ്പോള്‍ ഒട്ടകത്തിന്റെ കുടല്‍മാല കഴുത്തിലിട്ടു. തെരുവില്‍ പരിഹാസശരങ്ങള്‍കൊണ്ട് പൊറുതിമുട്ടിച്ചു. ഭ്രാന്തനെന്നും മാരണക്കാരനെന്നും പറഞ്ഞ് കളിയാക്കി. അദ്ദേഹത്തെ കേള്‍ക്കുന്നതില്‍നിന്നും ജനങ്ങളെ തടഞ്ഞു. സത്യവിശ്വാസം സ്വീകരിച്ച മുസ്‌ലിംകളും കഠിനമായ പീഡനങ്ങള്‍ക്കു വിധേയരായി. നബി ത്വാഇഫില്‍ ചെന്നു. അവിടെയുള്ള ജനങ്ങളെ കാര്യങ്ങള്‍ ധരിപ്പിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ കല്ലെറിഞ്ഞും കൂക്കിവിളിച്ചും അവര്‍ നബിയെ ത്വാഇഫില്‍നിന്നും പുറത്താക്കി. നബി മക്കയിലേക്ക് തിരിച്ചുപോന്നു. അധികം താമസിയാതെ പിതൃവ്യന്‍ അബൂത്വാലിബ് അന്തരിച്ചു. ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ പത്‌നി ഖദീജ(റ)യും മരണപ്പെട്ടു. അവരുടെ വിയോഗം നബിയെ വല്ലാതെ ദുഖിപ്പിച്ചു. നുബുവ്വത്തിന്റെ പത്താം വര്‍ഷമായിരുന്നു ഈ സംഭവം. ഈ വര്‍ഷം ദുഃഖവര്‍ഷം എന്ന പേരില്‍ അറിയപ്പെടുന്നു.
അഖബാ ഉടമ്പടി
മക്കയുടെ 350 നാഴിക വടക്ക് യസ്‌രിബ് എന്ന പട്ടണമുണ്ട്. മദീന എന്നാണ് ഇപ്പോഴത്തെ പേര്. മദീനാ നിവാസികള്‍ പ്രവാചകനെപ്പറ്റി കേട്ടു. ഹജ്ജ് വേളയില്‍ അവരുടെ പ്രതിനിധികള്‍ നബിയുമായി കണ്ട് സംസാരിച്ചു. ഇസ്‌ലാം ആശ്‌ളേഷിച്ച ശേഷമാണ് അവര്‍ മടങ്ങിയത്. അടുത്തവര്‍ഷം യസരിബില്‍നിന്നും മറ്റൊരു സംഘം ഹജ്ജിന് വന്നു. അവര്‍ അഖബാ എന്ന സ്ഥലത്തുവെച്ച് നബിയെ കണ്ടു. അവര്‍ നബിയുമായി ഒരു ഉടമ്പടി ചെയ്തു. അതിപ്രകാരമായിരുന്നു: ‘ഞങ്ങള്‍ അല്ലാഹുവിനോട് ആരെയും പങ്ക് ചേര്‍ക്കില്ല. കളവ് നടത്തുകയില്ല. വ്യഭിചരിക്കുകയില്ല. ശിശുഹത്യനടത്തുകയില്ല. ആര്‍ക്കുമെതിരെ അപവാദം പ്രചരിപ്പിക്കുകയില്ല. നബിയെ ധിക്കരിക്കുകയില്ല. യുദ്ധത്തിലും സന്ധിയിലും നബിയോടൊപ്പം നില്‍ക്കും.” ഇത് ഒന്നാം ‘അഖബാ’ ഉടമ്പടി എന്ന പേരില്‍ അറിയപ്പെടുന്നു.
രണ്ടാം അഖബാ ഉടമ്പടി
പ്രവാചകത്വം ലഭിച്ചതിന്റെ പതിമൂന്നാം വര്‍ഷം മദീനയില്‍നിന്ന് കൂടുതല്‍ ആളുകള്‍ ഹജ്ജിനുപോയി. ഹജ്ജിന് ശേഷം 72 ആളുകള്‍ അഖബയില്‍ ചെന്ന് നബിയെകണ്ടു. നബിക്കും അനുയായികള്‍ക്കും അഭയം നല്‍കാമെന്ന് അവര്‍ നബിയുടെ കൈപിടിച്ച് ബൈഅത്ത്(കരാര്‍, പ്രതിജ്ഞ) ചെയ്തു. നബി അവരില്‍ നിന്ന് 12 ആളുകളെ തെരഞ്ഞെടുത്തു അവരെ നഖീബുമാര്‍ ആയി നിശ്ചയിച്ചു. ഒമ്പതു പേര്‍ ഖസ്‌റജ് ഗോത്രത്തില്‍ നിന്നും മൂന്ന് പേര്‍ ഔസ് ഗോത്രത്തില്‍ നിന്നുമായിരുന്നു. ‘ഞങ്ങള്‍ സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെ നബിയെയും അനുയായികളെയും സംരക്ഷിക്കും എന്ന് അവര്‍ പ്രതിജ്ഞ നിറവേറ്റിക്കൊണ്ട് പറഞ്ഞു.” ഇതിന് രണ്ടാം ‘അഖബാ’ ഉടമ്പടി എന്നു പറയുന്നു. അഖബാ ഉടമ്പടിക്കുശേഷം മദീനയില്‍ ഇസ്‌ലാമിന്റെ വളര്‍ച്ച അത്ഭുതകരമായിരുന്നു. മദീനക്കാര്‍ക്കിടയില്‍ ഇസ്‌ലാമിക പ്രബോധനത്തിനായി നബി(സ) നിയോഗിച്ച മുസ്അബുബ്‌നു ഉമൈറിന്റെ ശ്രമഫലമായി മദീനയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇസ്‌ലാം ആശ്‌ളേഷിച്ചു. മക്കയില്‍ പീഡനങ്ങള്‍ അനുഭവിച്ചു കഴിഞ്ഞ മുസ്‌ലിംകള്‍ക്ക് മദീന അഭയസ്ഥാനമായി മാറി. അവര്‍ ഓരോരുത്തരായി മദീനയിലേക്ക് താമസംമാറ്റി. നബി, അബൂബക്കര്‍ സിദ്ദീഖ്, അലി തുടങ്ങി ഏതാനും പേര്‍ മാത്രം മക്കയില്‍ അവശേഷിച്ചു.