ജീവചരിത്രം

മക്കാവിജയം

Spread the love

ഹുദൈബിയ സന്ധി ലംഘനം
ഹുദൈബിയ സന്ധിപ്രകാരം അറബ് ഗോത്രങ്ങള്‍ക്ക് മുസ് ലിംകളുമായോ ഖുറൈശികളുമായോ അവര്‍ ഇഛിക്കുന്നവരുമായി സന്ധിചെയ്യാനുള്ള അവകാശം അംഗീകരിക്കപ്പെട്ടിരുന്നു. ഇതനുസരിച്ച് ഖുസാഅ ഗോത്രം മുസ്‌ലിംകളുടെ പക്ഷത്തും ബക്കര്‍ ഗോത്രം ഖുറൈശികളുടെ പക്ഷത്തും ചേര്‍ന്നു. പക്ഷെ, അവര്‍ക്കിടയിലെ മുന്‍കാല വൈരാഗ്യം പൊട്ടിപ്പുറപ്പെടുകയും ബക്കര്‍ ഖുസാഅയെ ആക്രമിക്കാന്‍ രംഗത്ത് വരികയും ചെയ്തു. തങ്ങളെ സഖ്യകക്ഷിയെന്ന നിലക്ക് ഖുറൈശികള്‍ ഇതിന് എല്ലാവിധ പിന്തുണയും സഹായവും നല്‍കി. ഇതോടെ, പ്രശ്‌നം ഗൗരവമായി. ഖുസാഅ ഗോത്രത്തിലെ പ്രധാനികള്‍ മദീനയിലെത്തി പ്രവാചകരോട് ആവലാതി ബോധിപ്പിച്ചു. ഖുറൈശികള്‍ കരാര്‍ പൊളിച്ചതറിഞ്ഞ പ്രവാചകന്‍ നിങ്ങള്‍ക്ക് വിജയമുണ്ടാകുമെന്ന് വാക്ക് നല്‍കി.
വിവരമറിഞ്ഞ ഖുറൈശികള്‍ മുഹമ്മദിന്റെ കടന്നാക്രമണത്തെ ഭയപ്പെട്ടു. പ്രശ്‌നം പരിഹരിക്കുന്നതിനും കരാര്‍ പുതുക്കുന്നതിനുമായി അവര്‍ അബൂസുഫ്‌യാനെ മദീനയിലേക്ക് പറഞ്ഞയച്ചു. അബൂസുഫ്‌യാന്‍ മദീനയിലെത്തി പ്രവാചകരെ കണ്ടു. പക്ഷെ, പ്രവാചകന്‍ അനുകൂലമായൊന്നും സംസാരിച്ചില്ല. ശേഷം, അബൂബക്‌റിനെയും ഉമറിനെയും അലിയെയും ഫാഥിമയെയും കണ്ടുനോക്കി. ഫലമുണ്ടായില്ല. അതോടെ, നിരാശനായ അയാള്‍ മക്കയിലേക്കുതന്നെ തിരിക്കുകയായിരുന്നു.

മുസ്‌ലിംസൈന്യം മക്കയിലേക്ക്
ഖുറൈശികളുടെ ഈ ധിക്കാരത്ത് മറുപടി നല്‍കാനും മക്കയെ ഇസ്‌ലാമിനു കീഴില്‍ കൊണ്ടുവരാനും പ്രവാചകന്‍ പദ്ധതിയിട്ടു. അതനുസരിച്ച്, മക്കയിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പ് നടത്താന്‍ അനുയായികള്‍ക്ക് കല്‍പന നല്‍കി. ഹിജ്‌റ വര്‍ഷം എട്ട്; റമദാന്‍ പത്തിന് പതിനായിരത്തോളം വരുന്ന ഒരു സൈന്യവുമായി പ്രവാചകന്‍ മക്കിയിലേക്കു തിരിച്ചു. തങ്ങള്‍ പുറപ്പെട്ട വിവരം ഖുറൈശികള്‍ അറിയാതെ സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

അബൂസുഫയാന്റെ അറസ്റ്റ്
 മുസ്‌ലിംകളുടെ ചലനങ്ങളോരോന്നും ഒപ്പിയെടുക്കുകയെന്ന ലക്ഷ്യത്തോടെ അബൂസുഫ്‌യാന്‍ രാത്രിയുടെ നിശബ്ദതയില്‍ മക്കക്കു പുറത്ത് ചുറ്റിനടക്കുന്നുണ്ടായിരുന്നു. മുസ്‌ലിംപാറാവുകാരുടെ പിടിയിലകപ്പെട്ട അദ്ദേഹം പ്രവാചകനു മുമ്പില്‍ ഹാജറാക്കപ്പെട്ടു. താങ്കള്‍ക്ക് ഇപ്പോഴും അല്ലാഹു ഏകനാണെന്നും ഞാന്‍ അവന്റെ പ്രവാചകനാണെന്നും ബോധ്യപ്പെട്ടിട്ടില്ലേയെന്ന് പ്രവാചകന്‍ ചോദിച്ചു. പ്രതികൂലമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ പോയ്‌ക്കോളൂ,  ഇന്ന് നിങ്ങളോട് പ്രതികാരമില്ല, അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കട്ടെ. കരുണചെയ്യുന്നവരില്‍ ഏറ്റം കരുണ ചെയ്യുന്നവനാണവന്‍. ‘  അബൂസുഫയാന്റെ നേരെയുള്ള ഈ പെരുമാറ്റം തികച്ചും അനുപമമായ ഒന്നായിരുന്നു. ലോകത്തിന് അനുഗ്രഹമായി ആഗതനായ നബിതരുമേനിയുടെ ഈ കാരുണ്യം അബൂസുഫയാന്റെ മനക്കണ്ണുകള്‍ തുറപ്പിച്ചു. സൈന്യസമേതം മക്കയിലേക്ക് വന്ന  ഈ മനുഷ്യന് സ്വന്തം ശ്ത്രുക്കളോട് പ്രതികാരവാഞ്ഛയോ രക്തദാഹമോ ഇല്ലെന്നും , ഭൗതിക പ്രിയരായ രാജാക്കന്മാരെപ്പോലെ ഗര്‍വും അഹങ്കാരവുമില്ലെന്നും അബൂസുഫയാനു മനസ്സിലായി. നബിതിരുമേനി സ്വാതന്ത്ര്യം നല്‍കിയിട്ടും മക്കയിലേക്ക് തിരിച്ചുപോകാതെ  ഇസ്‌ലാം സ്വീകരിച്ച് അബൂസുഫയാന്‍ തിരുമേനിയുടെ ഭടന്മാരോടൊപ്പം ചേര്‍്ന്നതും ഇക്കാരണത്താലാണ്.

മക്കാ പ്രവേശം
റമദാന്‍ പതിനേഴിന് പ്രവാചകന്‍ മര്‍റുള്ളഹ്‌റാനില്‍നിന്നും മദീനയിലേക്കു നീങ്ങി. മുസ്‌ലിംസൈന്യത്തിന്റെ ഗരിമയും വലുപ്പവും അബൂസുഫ്‌യാന് ബോധ്യപ്പെടുത്തിക്കൊടുത്തു. ദൂഥുവയിലെത്തിയപ്പോള്‍ പ്രവാചകന്‍ സൈന്യത്തെ മൂന്നായി വിഭജിച്ചു. ഒരു വിഭാഗത്തെ ഖാലിദുബ്‌നുല്‍ വലീദിന്റെ നേതൃത്വത്തില്‍ മക്കയുടെ താഴ്ഭാഗത്തുകൂടി അകത്തു പ്രവേശിക്കാനും എതിര്‍ക്കുന്നവരെയെല്ലാം വകവരുത്തി സ്വഫയില്‍ ചെന്നുനില്‍ക്കാനും ചുമതലപ്പെടുത്തി. മറ്റൊരു വിഭാഗത്തെ സുബൈര്‍ ബിന്‍ അബ്ബാസിന്റെ നേതൃത്വത്തില്‍ മക്കയുടെ മുകള്‍ഭാഗത്തുകൂടി അകത്തുപ്രവേശിക്കാനും താന്‍ വരുന്നതുവരെ ഹജൂനില്‍ സ്ഥാനമുറപ്പിക്കാനും ഏല്‍പ്പിച്ചു. നിരായുധരായ മൂന്നാമതൊരു വിഭാഗത്തെ അബൂഉബൈദയുടെ നേതൃത്വത്തില്‍ മക്കയുടെ താഴ്‌വരയിലൂടെ അകത്തുകടക്കാന്‍ പറഞ്ഞയച്ചു. മൂന്നു വിഭാഗങ്ങളും തങ്ങളുടെ ലക്ഷ്യത്തിലേക്കു കുതിച്ചു. ആയുധം പ്രയോഗിക്കരുതെന്നും തങ്ങള്‍ക്കെതിരെ തിരിയുന്നവരോടല്ലാതെ യുദ്ധം ചെയ്യരുതെന്നും പ്രവാചകന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു.

അഭയപ്രഖ്യാപനം
ഒരു സൈനിക കടന്നാക്രമണം പോലെ ജനങ്ങള്‍ അരക്ഷിതാവസ്ഥയില്‍ വിഷമിക്കുന്ന അവസ്ഥാവിശേഷം വന്നുകൂടായെന്നത് പ്രവാചകരുടെ നിര്‍ബന്ധമായിരുന്നു. അതനുസരിച്ച് പ്രവാചകന്‍ അബൂസുഫ്‌യാനെ മക്കയില്‍പോയി വിവരമറിയിക്കാന്‍ ചുമതലപ്പെടുത്തി. അദ്ദേഹം മക്കയിലെത്തി ഇങ്ങനെ വിളിച്ചുപറഞ്ഞു:’ ഓ ജനങ്ങളെ, മുഹമ്മദിതാ നിങ്ങള്‍ക്ക് പ്രതിരോധിക്കാനാവാത്ത ഒരു വന്‍ സൈന്യവുമായി കടന്നുവന്നിരിക്കുന്നു. അതിനാല്‍, ആരെങ്കിലും അബൂസുഫ്‌യാന്റെ വീട്ടില്‍ കയറിയാല്‍ അവന്‍ നിര്‍ഭയനായിരിക്കും. മഹ്ജിദുല്‍ ഹറാമില്‍ കയറിയാല്‍ അവനും നിര്‍ഭയനായിരിക്കും. സ്വന്തം വീട്ടില്‍ വാതിലടച്ചിരുന്നാല്‍ അവനും നിര്‍ഭയനായിരിക്കും.’ ഇതു കേട്ട ജനങ്ങള്‍ ഓരോ സ്ഥലങ്ങളില്‍ അഭയം തേടി.

വിജയശ്രീലാളിതനായി പ്രവാചകന്‍
പ്രവാചകന്‍ വളരെ വിനയാന്വിതനായി മക്കയില്‍ പ്രവേശിച്ചു. തനിക്കു കൈവന്ന ഉന്നമായ വിജയത്തിലും ഭാഗ്യത്തിലും അല്ലാഹുവിന്ന് നന്ദി പറഞ്ഞു. വാഹനപ്പുറത്ത് തലകുനിച്ച് ആദരവ് പ്രകടിപ്പിച്ച പ്രവാചകന്‍ അനുചരന്മാരോടൊപ്പം നേരെ കഅബാലയത്തിനടുത്തേക്കാണ് ചെന്നത്. ആ അധരങ്ങളില്‍ സൂറത്തുല്‍ ഫതഹ് മിന്നിമറയുന്നുണ്ടായിരുന്നു. പ്രവാചകന്‍ ആദ്യമായി ഏഴു തവണ കഅബയെ പ്രദക്ഷിണം ചെയ്തു. കഅബാലയത്തിനു മുകളിലും ചുറ്റിലുമായി മുന്നൂറ്റി അറുപതോളം ബിംബങ്ങളുണ്ടായിരുന്നു. പ്രവാചകന്‍ കയ്യിലുണ്ടായിരുന്ന വില്ലുകൊണ്ട് ഓരോന്നും തച്ചുടച്ചു. ‘സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. അസത്യം എന്നും മാഞ്ഞുപോകുന്നതാണ്.’ പ്രവാചകന്‍ പറഞ്ഞുകൊണ്ടിരുന്നു. ശേഷം, കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ഉസ്മാന്‍ ബിന്‍ ഥല്‍ഹയെ വിളിച്ചു. കഅബ തുറക്കാനാവശ്യപ്പെട്ടു. അകത്തുകയറി. അവിടെയും ചില വിഗ്രഹങ്ങളും ചിത്രങ്ങളുമുണ്ടായിരുന്നു. അവ ഇല്ലായ്മ ചെയ്യാന്‍ പ്രവാചകന്‍ കല്‍പിച്ചു. ശേഷം പുറത്തിറങ്ങി. മുഹമ്മദ് എന്താണ് ചെയ്യുന്നതെന്നറിയാന്‍ അപ്പോഴേക്കും ഖുറൈശികള്‍ പരിസരത്താകെ നിരന്നുകഴിഞ്ഞിരുന്നു.

വിജയാനന്തര പ്രഭാഷണം
 കഅബാലയത്തിന്റെ വാതിലില്‍ പിടിച്ച് പ്രവാചകന്‍ ഇങ്ങനെ പ്രഖ്യാപിച്ചു:
‘അല്ലാഹു ഏകനാണ്. അവന് പങ്കുകാരില്ല. അവന്‍ അവന്റെ വാഗ്ദത്തം പൂര്‍ത്തീകരിച്ചിരിക്കുന്നു. അവന്‍ തന്റെ അടിമയെ സഹായിച്ചിരിക്കുന്നു. ഇന്ന് എല്ലാ ദുരഭിമാനങ്ങളും സമ്പാദ്യങ്ങളും രക്തവുമെല്ലാം എന്റെ ഈ പാദങ്ങള്‍ക്കു താഴെയാണ്. കഅബാലയത്തിന്റെ പവിത്രസ്ഥാനങ്ങളൊഴികെ. ഖുറൈശികളെ, അല്ലാഹു നിങ്ങളുടെ ദുരഭിമാനത്തെയും പാരമ്പര്യമഹിമയെയും ഇല്ലാതാക്കി. എല്ലാവരും ആദം സന്തതികളാണ്. ആദം മണ്ണില്‍നിന്നുമാണ്.’ ശേഷം പ്രവാചകന്‍ ഖുര്‍ആനില്‍നിന്നും ഈ സൂക്തമോതി:  ‘ജനങ്ങളെ, നിങ്ങളെ നാം ഒരു ആണില്‍നിന്നും പെണ്ണില്‍നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ വിത്യസ്ത ഗോത്രങ്ങളും സമൂഹങ്ങളുമാക്കിയത് നിങ്ങള്‍ പരസ്പരം തിരിച്ചറിയാനാണ്. നിശ്ചയം നിങ്ങളില്‍ ഉത്തമന്‍ അല്ലാഹുവിനെ പേടിക്കുന്നവനാണ്.’
ശേഷം പ്രവാചകന്‍ ഖുറൈശികളെ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ ചോദിച്ചു: ഖുറൈശികളെ, ഇന്നു ഞാന്‍ നിങ്ങളെ എന്തു ചെയ്യുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? അവര്‍ പറഞ്ഞു: ഞങ്ങള്‍ അങ്ങില്‍നിന്നും നന്മ പ്രതീക്ഷിക്കുന്നു. നിശ്ചയം, അത്യത്തമനായ ഒരു സഹോദരനാണ് താങ്കള്‍.  പ്രവാചകന്‍ പറഞ്ഞു: എന്നാല്‍, പണ്ട് യൂസുഫ് നബി തന്റെ തഹോദരങ്ങളോടു പറഞ്ഞ അതേ വാക്കുകള്‍ തന്നെ ഞാനും നിങ്ങളോട് പറയുന്നു: ‘ഇന്ന് നിങ്ങള്‍ക്ക് പ്രതികാരമില്ല. നിങ്ങള്‍ സ്വതന്ത്രരായി പോയിക്കൊള്ളുക’.
ശേഷം, പ്രവാചകന്‍ ബിലാല്‍ (റ) വിനെ വിളിച്ച് കഅബാലയത്തനുമുകളില്‍ കയറി ബാങ്ക് വിളിക്കാന്‍ പറഞ്ഞു. ബിലാല്‍ ബാങ്ക് വിളിച്ചു. സത്യനിഷേധത്തിന്റെ നാട്ടില്‍ തൗഹീദിന്റെ മധുരവീചികള്‍ അലതല്ലി. ഇരുളടഞ്ഞ ഹൃദയങ്ങളില്‍ സത്യത്തിന്റെ വെളിച്ചം പരന്നു. പ്രവാചകന്‍ ശുദ്ധി വരുത്തി നന്ദിയുടെ നമസ്‌കാരം നിര്‍വഹിച്ചു. ശേഷം, ജനങ്ങളുടെ ബൈഅത്ത് സ്വീകരിക്കാനായി ഇരുന്നു. അവര്‍ കൂട്ടംകൂട്ടമായി വന്നു പ്രവാചകനെ ബൈഅത്ത് ചെയ്തു. മക്കയെയും പരിസരപ്രദേശങ്ങളെയും ബിംബാരാധനയുടെ ശേഷിപ്പുകളില്‍നിന്നും ശുദ്ധീകരിക്കുകയെന്നതായി പ്രവാചകരുടെ അടുത്ത ചിന്ത. അതനുസരിച്ച് സ്വഹാബികളെ സംഘടിപ്പിക്കുകയും നാനാ ഭാഗങ്ങളിലേക്കും പറഞ്ഞയക്കുകയും ചെയ്തു. ഓരോ പ്രദേശങ്ങളിലും കടന്നുചെന്ന അവര്‍ വിഗ്രഹങ്ങളെ തച്ചുടക്കുകയും ഇസ്‌ലാമിന്റെ വെന്നിക്കൊടി നാട്ടുകയും ചെയ്തു. ശേഷം, പ്രവാചകന്‍ ജനാവലിക്കുമുമ്പില്‍ മക്കയുടെ പരിശുദ്ധി വിളംബരം നടത്തി.  ഭൂമിയിലെ പരിശുദ്ധ ഇടമാണ് മക്കയെന്നും അവിടെനിന്ന് രക്തം ചിന്താനോ യുദ്ധം നടത്താനോ പാടില്ലെന്നും അവസാന നാള്‍വരെ അതിന്റെ പരിശുദ്ധി സംരക്ഷിക്കപ്പെടണമെന്നും പ്രഖ്യാപിച്ചു. മക്കാവിജയം കഴിഞ്ഞ് പതിനെട്ട് ദിവസം അവിടെ താമസിച്ച പ്രവാചകന്‍ ശേഷം മദീനയിലേക്കു പുറപ്പെട്ടു.
മക്കാവിജയത്തോടെ സത്യനിഷേധത്തിന്റെ സര്‍വ്വ വേരുകളും അറുക്കപ്പെട്ടു. ഇസ്‌ലാമിന്റെ അജയ്യത ബോധ്യപ്പെട്ട ജനങ്ങള്‍ കൂട്ടംകൂട്ടമായി അതിലേക്ക് ഒഴുകാന്‍ തുടങ്ങി. ശത്രുക്കള്‍ ന്യൂനാല്‍ ന്യൂനപക്ഷമായി ചുരുങ്ങുകയും അവരുടെ ശബ്ദങ്ങള്‍ അപ്രസക്തമായി മാറുകയും ചെയ്തു.

You may also like