ജീവചരിത്രം

പ്രവാചത്വത്തിന്റെ പ്രാരംഭം

Spread the love

ഹിറാഗുഹ

മക്കയില്‍ നിന്ന് മൂന്ന് നാഴിക അകലെയായി ഹിറാ എന്നു പേരുള്ള ഒരു ഗുഹയുണ്ടായിരുന്നു. പലപ്പോഴും അവിടെ ചെന്നിരുന്ന് ചിന്തകളിലും ആരാധനകളിലും വ്യാപൃതനാവാറുണ്ടായിരുന്നു തിരുമേനി. ആഹാരപദാര്‍ഥങ്ങളും കൂടെക്കരുതും. തീരുമ്പോള്‍ വീണ്ടും കൊണ്ടുപോകും. അല്ലെങ്കില്‍ ഖദീജാബീവി അങ്ങോട്ട് കൊടുത്തയക്കും.

പ്രഥമ വഹയ്
ഒരു ദിവസം പതിവുപോലെ ഹിറാഗുഹയില്‍ അദ്ദേഹം ആരാധനയില്‍ മുഴുകിയിരിക്കുകയായിരുന്നു. റമദാന്‍ മാസം. അദ്ദേഹത്തിന്റെ മുമ്പില്‍ ദൈവത്താല്‍ നിയുക്തനായ മലക്ക് പ്രത്യക്ഷപ്പെട്ടു. പ്രവാചകന്മാര്‍ക്ക് ദൈവികസന്ദേശം എത്തിച്ചുകൊടുക്കുന്ന മലക്ക് ജിബരീല്‍ ആയിരുന്നു അത്. തിരുമേനിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു ജിബരീല്‍ പറഞ്ഞു: ‘ വായിക്കുക!’ എനിക്ക് വായിക്കാനറിഞ്ഞുകൂടാ’ .തിരുമേനി പ്രതിവചിച്ചു. ഇതുകേട്ടപ്പോള്‍ ജിബരീല്‍ തിരുമേനിയെ കൂട്ടിപ്പിടിച്ചു വരിഞ്ഞുമുറുക്കി. തിരുമേനി വല്ലാതെ പരവശനായി. പിന്നീട് പിടിവിട്ട് കൊണ്ട് വീണ്ടും പറഞ്ഞു. വായിക്കുക! . തിരുമേനി ആദ്യദത്തെ മറുപടി തന്നെ ആവര്‍ത്തിച്ചപ്പോള്‍ ഒരിക്കല്‍ കൂടി വരിഞ്ഞുമുറുക്കി വിട്ട ശേഷം ജിബരീല്‍ വീണ്ടും വായിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴും തിരുമേനി പറഞ്ഞു: എനിക്ക് വായിക്കാനറിഞ്ഞുകൂടാ’. ജിബരീല്‍ മൂന്നാം തവണയും ആദ്യം ചെയ്തപോലെ ആവര്‍ത്തിച്ച ശേഷം പറഞ്ഞു.
‘ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക, മനുഷ്യനെ അവന്‍ ഒട്ടിപ്പിടിക്കുന്ന ഒരു വസ്തുവില്‍ നിന്ന് സൃഷ്ടിച്ചു. വായിക്കുക! തൂലികകൊണ്ട് പഠിപ്പിച്ച നിന്റെ നാഥന്‍ അത്യുദാരന്‍. അറിവില്ലാത്തതു മനുഷ്യനെ അവന്‍ പഠിപ്പിച്ചുകൊടുത്തു’.
ഇതായിരുന്നു ആദ്യത്തെ വഹയ് (ദിവ്യവെളിപാട്). ഈ സംഭവ ശേഷം തിരുമേനി വീട്ടിലേക്ക് തിരിച്ചു. തിരു ഹൃദയത്തില്‍ അപ്പോള്‍ ഒരു തരം ഭീതി പരന്നിരുന്നു. ‘ ഖദീജയോട് എന്നെ പുതപ്പിക്കൂ എന്ന് പറഞ്ഞു. അവര്‍ അദ്ദേഹത്തെ പുതപ്പിച്ചു. അല്‍പം ആശ്വാസം തോന്നിയപ്പോള്‍ നടന്ന സംഭവമെല്ലാം ഖദീജയോട് വിവരിച്ച ശേഷം തിരുമേനി പറഞ്ഞു.
‘ എനിക്ക് എന്റെ ജീവനെ സംബന്ധിച്ച് ഭയമായിരിക്കുന്നു’ . അപ്പോള്‍ ഖദീജ പറഞ്ഞു. ‘ ഇല്ല, ഒരിക്കലുമില്ല; അങ്ങയുടെ ജീവന് യാതൊരു അപകടവുമില്ല, ദൈവം ഒരിക്കലും അങ്ങേയ്ക്ക് അപമാനം വരുത്തുകയില്ല, അങ്ങ് ബന്ധുക്കളോടുള്ള ബാധ്യതകള്‍ നിറവേറ്റുന്നു, ജനങ്ങളുടെ ഭാരങ്ങള്‍ സ്വയം ഏറ്റെടുക്കുന്നു, പാവങ്ങളെയും അഗതികളെയും സഹായിക്കുന്നു. വഴിയാത്രക്കാര്‍ക്ക് ആതിഥ്യമരുളുന്നു, നീതിപൂര്‍വം ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നു.’
അതിനുശേഷം ഖദീജ തിരുമേനിയെയും കൂട്ടി വറഖതു ബ്‌നു നൗഫലിന്റെ അടുക്കല്‍ ചെന്നു. മതഭക്തനായ പ്രായം ചെന്ന ക്രിസ്ത്യാനിയായിരുന്നു അദ്ദേഹം. തൗറാത്തില്‍ അവഗാഹവും നേടിയിരുന്നു. ഖദീജ സംഭവങ്ങളെല്ലാം അദ്ദേഹത്തെ കേള്‍പിച്ചു. അപ്പോള്‍ വറഖ പറഞ്ഞു. ‘ മൂസാക്ക് അവതരിച്ച അതേ ‘ നാമൂസ്’ (അദൃശ്യവൃത്താന്തങ്ങളറിയിക്കുന്ന മാലാഖ) തന്നെയാണിത്. താങ്കളുടെ ജനത താങ്കളെ ബഹിഷ്‌കരിക്കുന്ന ഘട്ടം വരെ ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ഞാന്‍ താങ്കളെ സഹായിക്കുന്നതാണ്’. ഇതിനു ശേഷം അല്‍പനാളുകള്‍ക്കകം വറഖ ഇഹലോകവാസം വെടിഞ്ഞു.
പിന്നീട് ജിബരീലിന്റെ ആഗമനം നിലച്ചു. തിരുമേനി പതിവുപോലെ ഹിറാഗുഹയില്‍ പോയിക്കൊണ്ടിരുന്നു. ചുരുങ്ങിയത് ആറു മാസത്തോളം ഈ ഘട്ടം നീണ്ടുനിന്നു. ഈ ഇടവേള മൂലം ഒരു ഫലമുണ്ടായി. തിരുമേനിയുടെ മനസ്സില്‍ പെട്ടെന്നുണ്ടായ മനുഷ്യസഹജമായ ഭീതിക്ക് ശമനം വന്നു. തിരുഹൃദയം വീണ്ടും ദിവ്യവെളിപാടിന്റെ അവതരണത്തില്‍ തല്‍പരരായി. എത്രത്തോളമെന്നാല്‍ ഈ ഘട്ടം അല്‍പം ദീര്‍ഘിച്ചപ്പോള്‍ തിരുമേനിയെ സമാധാനിപ്പിക്കാനായി ജിബരീല്‍ വന്നുകൊണ്ടിരുന്നു. ദൈവദൂതനെന്ന നിലയില്‍ തിരുമേനിയുടെ നിയോഗം നടന്നു കഴിഞ്ഞുവെന്നും ജിബരീല്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. പിന്നെ കുറേ കഴിഞ്ഞപ്പോള്‍ ജിബരീല്‍ നിരന്തരം വന്നുകൊണ്ടിരുന്നു.

You may also like