ഖൈബറിലെ ജൂതന്മാരുടെ വര്‍ധിച്ചുവരുന്ന കുല്‍സിത സംരംഭങ്ങള്‍ അവസാനിപ്പിക്കാനായി നബിതിരുമേനി ഖൈബര്‍ ആക്രമണത്തിനുള്ള സജ്ജീകരണങ്ങള്‍ ആരംഭിച്ചു. ജൂതന്മാരുടെ ആക്രമണ ഭീഷണി തടയാന്‍ സ്വയം മദീനയില്‍ നിന്ന് പുറപ്പെട്ടു. ഹിജ്‌റ 7-ാം വര്‍ഷം മുഹര്‍റത്തിലായിരുന്നു ഈ സംഭവം. ഈ ആക്രമണത്തില്‍ തിരുമേനിയോടൊപ്പമുണ്ടായിരുന്നത് 1600 പേരടങ്ങിയ ഒരു സൈന്യമായിരുന്നു. 200 കുതിരപ്പടയാളികളും ബാക്കി കാലാള്‍പ്പടയും.
ഖൈബറില്‍ 6 കോട്ടകളുണ്ടായിരുന്നു. അവയില്‍ 20,000 പടയാളികളും. ഖൈബറിലെത്തിയ നബിതിരുമേനി ജൂതന്മാര്‍ ഒരു വിധത്തിലുള്ള സന്ധിക്കും തയ്യാറെല്ലെന്നും യഥാര്‍ഥത്തില്‍ തന്നെ അവര്‍ യുദ്ധത്തിന് തയ്യാറായിരിക്കുകയാണെന്നും ഉറപ്പായപ്പോള്‍ അനുയായികളോട് ജിഹാദിനെക്കുറിച്ച് ഒരു പ്രസംഗം ചെയ്തു. അല്ലാഹുവിന്റെ ദീനിനുവേണ്ടി ജീവാര്‍പ്പണം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചു. ഏതാണ്ട് ഇരുപത് ദിവസത്തെ ഉപരോധത്തിനുശേഷം അല്ലാഹു മുസ്‌ലിംകള്‍ക്ക് വിജയം പ്രദാനം ചെയ്തു. ഈ യുദ്ധത്തില്‍ 93 ജൂതന്മാര്‍ കൊല്ലപ്പെട്ടു. 15 മുസ്‌ലിംകളും ശഹീദായി. ജൂതന്മാരില്‍ വലിയൊരു മല്ലനായ മര്‍ഹബ്, അലിയുടെ കയാലെ വധിക്കപ്പെട്ടു. ജൂതന്മാരുടെ അഭിമാനമായ അയാളുടെ വധം വലിയൊരു സംഭവമായിരുന്നു.
യുദ്ധാനന്തരം ജൂതന്മാര്‍ തങ്ങളുടെ കൈവശമുള്ള ഭൂമി തങ്ങള്‍ക്ക് തന്നെ വിട്ടുതരികയാണെങ്കില്‍ അവയിലെ വിളവുകളുടെ പാതി മുസ്‌ലിംകള്‍ക്ക് നല്‍കാമെന്ന് ഒരു അപേക്ഷ സമര്‍പ്പിച്ചു. നബി തിരുമേനി അവരുടെ ഈ അപേക്ഷ സ്വീകരിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഈ ഉല്‍പന്നങ്ങളുടെ പാതി സംഭരിക്കുന്നതില്‍ മുസ്‌ലിം ഭരണാധികാരികള്‍ ജൂതന്മാരോട് സ്വീകരിച്ച നീതിപൂര്‍വകമായ പെരുമാറ്റം ക്രമേണ അവരുടെ മനസ്സിനെ കീഴടക്കി. മുസ്‌ലിം ഭരണാധികാരികള്‍ വിളവുകള്‍ പാതിയായി ഭാഗിക്കുകയും അതില്‍ ഇഷ്ടമുള്ളത് എടുത്തുകൊള്ളാന്‍ കര്‍ഷകരെ അനുവദിക്കുകയും ചെയ്തിരുന്നു.
ആട്ടിറച്ചിയില്‍ വിഷം
ഖൈബര്‍ യുദ്ധ വേളയില്‍ സൈനബ് ബിന്‍തു ഹാരിസ് എന്ന ജൂതപ്പെണ്ണ് ആട്ടിറച്ചിയില്‍ വിഷം കലര്‍ത്തി പ്രവാചകന് നല്‍കി. ഭക്ഷണം വായില്‍വെച്ച പ്രവാചകന് ഉടനെ ദൈവിക സന്ദേശം ലഭിക്കുകയും പ്രവാചകന്‍ അതില്‍നിന്ന് അല്‍ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. പെണ്ണിനെ വിളിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇത് യഥാര്‍ത്ഥ പ്രവാചകനാണോ എന്ന് പരീക്ഷിക്കാനാണ് താനിത് ചെയ്തതെന്നായിരുന്നു പ്രതികരണം. അതിനിടെ, ഭക്ഷണം അകത്തു ചെന്ന ഒരു സ്വഹാബി വര്യന്‍ മരണപ്പെടുകയുണ്ടായി.
മറ്റു ജൂത കേന്ദ്രങ്ങളിലേക്ക്
ഫദക്, വാദില്‍ ഖുറാ, തൈമാഅ് എന്നിവയായിരുന്നു മറ്റു ജൂത കേന്ദ്രങ്ങള്‍. ഈ സ്ഥലങ്ങളിലേക്കു കൂടി കടന്നുചെല്ലാനും അവര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്താനും പ്രവാചകന്‍ ഉദ്ദേശിച്ചു. പ്രവാചകന്‍ ഖൈബറില്‍ എത്തിയ ഉടനെത്തന്നെ ഫദകിലേക്ക് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരാളെ പറഞ്ഞയച്ചിരുന്നു. പക്ഷെ, അപ്പോള്‍ അവരതിന് സന്നദ്ധത പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍, ഖൈബറില്‍ മുസ്‌ലിംകള്‍ ഉന്നത വിജയം വരിച്ചതുകണ്ട് പേടിച്ച അവര്‍ മുസ്‌ലിംകള്‍ക്ക് കീഴ്‌പ്പെടുകയും വിളവിന്റെ പാതി നല്‍കാമെന്ന വാഗ്ദാനത്തോടെ പ്രവാചകരുമായി സന്ധിയിലാവുകയും ചെയ്തു. യുദ്ധം നടക്കാത്തതിനാല്‍ പ്രവാചകന്‍ സ്വന്തമായാണ് ആ സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്നത്.
ഖൈബര്‍ യുദ്ധം കഴിഞ്ഞതോടെ പ്രവാചകന്‍ മദീനയിലെ മറ്റൊരു ജൂത കേന്ദ്രമായ വാദില്‍ ഖുറായിലെത്തി. അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. പക്ഷെ, അമ്പു വര്‍ഷംകൊണ്ടാണ് അവര്‍ പ്രവാചകരെ വരവേറ്റത്. പ്രവാചകന്‍ സൈന്യത്തെ മൂന്നായി വിഭജിച്ച് അവര്‍ക്കെതിരെ യുദ്ധം നയിച്ചു. ഒരു ദിവസം ശക്തമായ യുദ്ധം നടന്നു. രണ്ടാം ദിവസമായപ്പോഴേക്കും അവര്‍ പരാജയം സമ്മതിക്കുകയും എല്ലാം പ്രവാചകനു മുമ്പില്‍ കൊണ്ടുവന്ന് നല്‍കി കീഴടങ്ങുകയും ചെയ്തു. ഖൈബറില്‍ ചെയ്തപോലെ പ്രവാചകന്‍ അവരെ അവിടത്തെ ജോലിക്കാരായി നിയമിക്കുകയും ഗനീമത്തുകള്‍ അനുചരന്മാര്‍ക്കിടയില്‍ വിഹിതിക്കുകയും ചെയ്തു. നാലു ദിവസം അവിടെ തങ്ങിയ ശേഷം പ്രവാചകനും അനുയായികളും മദീനയിലേക്കു മടങ്ങി.
ഖൈബറും വാദില്‍ ഖുറായും മുസ്‌ലിംകള്‍ക്കു കീഴില്‍വന്ന വിവരമറിഞ്ഞതോടെ ഒരു ഏറ്റുമുട്ടലിന് തൈമാഅ് ഗോത്രം കാത്തുനിന്നില്ല. യുദ്ധമില്ലാതെ തന്നെ അവര്‍ പ്രവാചക സമക്ഷം വന്ന് കീഴടങ്ങി.
ഉംറ നിര്‍വഹണം
പ്രവാചകരുടെ നഷ്ടപ്പെട്ട ഉംറയുടെ സമയം വന്നെത്തി. ഖൈബറില്‍നിന്നും തിരിച്ചെത്തിയ ശേഷം അതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഹുദൈബിയ്യ സന്ധിയില്‍ പങ്കെടുത്തവരെല്ലാം ഉംറക്കുവരണമെന്ന് പ്രവാചകന്‍ നിര്‍ബന്ധിച്ചുപറഞ്ഞു. അതനുസരിച്ച് സ്ത്രീകളും കുട്ടികളുമടക്കം രണ്ടായിരത്തിലേറെ ആളുകള്‍ ഉംറ നിര്‍വഹിക്കാനായി മക്കയിലേക്കു പോകാന്‍ തയ്യാറായി. പ്രവാചകന്‍ തന്റെ ഖസ്‌വാഅ് എന്ന ഒട്ടകപ്പുറത്താണ് യാത്ര ചെയ്തിരുന്നത്. ബലി നല്‍കാനുള്ള അറുപത് ഒട്ടകങ്ങളുമായി മുസ്‌ലിംകള്‍ മക്കയില്‍ പ്രവേശിച്ചു. കഅബാലയത്തിനടുത്തു ചെന്നു തവാഫ് ചെയ്തു. ഉംറയുടെ മറ്റു കൃത്യങ്ങള്‍ പൂര്‍ത്തിയാക്കി. മൂന്നു ദിവസം പല അനുഷ്ഠാനങ്ങളുമായി അവിടെ തങ്ങിയ ശേഷം മദീനയിലേക്കുതന്നെ തിരിച്ചു. ഈ വേളയിലാണ് പ്രവാചകനും മൈമൂനാ ബീവിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഈ യാത്രയില്‍ ഖുറൈശികള്‍ മുസ്‌ലിംകളുടെ ശക്തി ശരിക്കും തിരിച്ചറിഞ്ഞു. അവരുടെ ഉള്ളകങ്ങളില്‍ ഭീതി സ്ഥാനമുറപ്പിച്ചു.
പ്രമുഖരുടെ ഇസ്‌ലാമാശ്ലേഷണം
പ്രവാചകരുടെ മക്കായാത്ര അവിശ്വാസികള്‍ക്കിടയില്‍ വന്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു. ഇതുവഴി അവര്‍ ഇസ്‌ലാമിന്റെ അജയ്യത മനസ്സിലാക്കുകയും അതിലെ സത്യാംശങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ മാസ്മരികതയും അടിച്ചമര്‍ത്തപ്പെടുന്നതിനനുസരിച്ച് അത്യുന്നതി പ്രാപിക്കുന്ന അതിന്റെ അസാധാരണ കഴിവും അനുഭവിച്ചറിഞ്ഞ അവര്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നു. മക്കയിലെ പ്രമുഖരായിരുന്ന അംറ് ബ്‌നുല്‍ ആസ്, ഖാലിദ് ബ്‌നുല്‍ വലീദ്, ഉസ്മാന്‍ ബിന്‍ അബീ ഥല്‍ഹ തുടങ്ങിയവര്‍ ഈ പാത പിന്‍പറ്റിയവരാണ്. പ്രവാചകന്‍ ഉംറ നിര്‍വഹിച്ചു മദീനയിലേക്കു മടങ്ങിയ ശേഷം അവര്‍ പ്രവാചകരെ തേടി മദീനയിലെത്തി ഇസ്‌ലാംമതം വിശ്വസിക്കുകയായിരുന്നു. ഹുദൈബിയ്യാ സന്ധി തീര്‍ത്ത അനുകൂല ചലനങ്ങളുടെ പ്രതിഫലനങ്ങളായിരുന്നു ഇവയെല്ലാം.