ബദറിലേറ്റ പരാജയം ഖുറൈശികളെ ഏറെ ദു:ഖിപ്പിച്ചു. തങ്ങളുടെ ഏറ്റവും വേണ്ടപ്പെട്ട പല നേതാക്കന്മാരുടെയും വേര്‍പാട് അവരെ സംബന്ധിച്ചിടത്തോളം സഹിക്കുന്നതിലുമപ്പുറത്തായിരുന്നു. ഈയൊരു നിര്‍ണായക ഘട്ടത്തില്‍ ജാഹിലിയ്യത്തിന്റെ പ്രതികാരാഗ്‌നി അവരുടെ ഉള്ളകങ്ങളില്‍ ആളിക്കത്തി. മുഹമ്മദിനും അനുയായികള്‍ക്കുമെതിരെ എത്രയും വേഗം പ്രതികാരം ചെയ്യണമെന്ന് അവര്‍ ഗൗരവമായി ചിന്തിച്ചു. ശാമില്‍നിന്നും വന്ന കച്ചവട സാധനങ്ങളില്‍ ഷയറുണ്ടായിരുന്നവരില്‍നിന്നും യുദ്ധാവശ്യങ്ങള്‍ക്കായി വലിയൊരു സംഖ്യ ഓഫര്‍ ചെയ്യിച്ചു. ബദ്‌റില്‍ നേരിട്ട പരാജയത്തിന് പ്രതികാരം ചെയ്യാന്‍ എന്തുതന്നെ ചെലവഴിക്കാനും അവര്‍ സന്നദ്ധമായിരുന്നു. ഇതോടെ മക്കയില്‍ പുതിയൊരു യുദ്ധത്തിനുള്ള കാഹളം മുഴങ്ങി. ബദറില്‍ ദുരിതമനുഭവിക്കേണ്ടിവന്ന കുടുംബങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി പ്രതികാര യുദ്ധത്തിനുള്ള സജ്ജീകരണങ്ങള്‍ ആരംഭിച്ചു. ജനങ്ങളെ യുദ്ധോത്സുകരാക്കി മാറ്റാന്‍ ഒരു പിടി കവികളെയും സ്ത്രീകളെയും ഇതിനു പിന്നില്‍ നിര്‍ത്തി. ഹിജ്‌റ വര്‍ഷം മൂന്ന് ശവ്വാല്‍ പതിനഞ്ചിന് ഒരു വന്‍ സൈന്യത്തിന്റെ അകമ്പടിയോടെ അവര്‍ ഉഹ്ദ് ലക്ഷ്യമാക്കി സഞ്ചരിച്ചു. മുവ്വായിരത്തോളം വരുന്നതായിരുന്നു അവരുടെ സൈന്യം. ആവശ്യത്തിലധികം ഒട്ടകങ്ങളും കുതിരകളും മറ്റു യുദ്ധ സന്നാഹങ്ങളും കൂടെയുണ്ടായിരുന്നു.
മുസ്‌ലിംകളുടെ തീരുമാനം
ഖുറൈശികള്‍ പ്രതികാര വാഞ്ഛയോടെ മദീന ലക്ഷ്യമാക്കി പുറപ്പെട്ട വിവരം പ്രവാചകനു ലഭിച്ചു. ഈയൊരു നിര്‍ണായക ഘട്ടത്തില്‍ മദീന വിട്ടു പുറത്തിറങ്ങേണ്ടതില്ലെന്നും അവര്‍ ഉള്ളില്‍ പ്രവേശിക്കുന്ന പക്ഷം അവിടെവെച്ച് അവരുമായി യുദ്ധംചെയ്യാമെന്നുമായിരുന്നു പ്രവാചകന്‍ വിചാരിച്ചിരുന്നത്. മുനാഫിഖുകളുടെ നേതാവായിരുന്ന അബ്ദുല്ലാഹ് ബിന്‍ ഉബയ്യും ഇത് അംഗീകരിച്ചു. പ്രവാചകന്‍ സ്വഹാബി പ്രമുഖരെ വിളിച്ചുവരുത്തി ഇവ്വിഷയകമായി ചര്‍ച്ച നടത്തി. പലരും പ്രവാചകരുടെ അഭിപ്രായത്തോട് യോജിച്ചു. എന്നാല്‍, ബദറില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാതിരുന്ന ആളുകള്‍ ഇതിനോട് യോജിച്ചില്ല. തങ്ങള്‍ക്ക് യുദ്ധം ചെയ്യാനായി കൈവന്ന അവസരം നഷ്ടപ്പെട്ടുപോവാതിരിക്കാനായി അവര്‍ ശ്രദ്ധിച്ചു. നാം ഭീരുക്കളായി ഇവിടെ നില്‍ക്കേണ്ടതില്ലെന്നും സധീരം മദീനക്കു പുറത്തിറങ്ങി യുദ്ധം ചെയ്യാമെന്നും അവര്‍ പറഞ്ഞു. അവസാനം പ്രവാചകനും അതംഗീകരിച്ചു. ആയിരത്തോളം വരുന്ന ഭടന്മാരുമായി അവരും യുദ്ധത്തിനു പുറപ്പെട്ടു. ഉഹ്ദിനടുത്തെത്തിയപ്പോള്‍ മുനാഫിഖായിരുന്ന അബ്ദുല്ലാഹ് ബിനു ഉബയ്യ് തന്റെ അനുയായികളുമായി യുദ്ധത്തില്‍നിന്നും പിന്‍മാറി. മുന്നൂറോളം ആളുകള്‍ സൈന്യത്തില്‍നിന്നും പിരിഞ്ഞുപോയി.
യുദ്ധമുഖത്ത്
പ്രവാചകനും സൈന്യവും ഉഹ്ദിലെത്തി. മദീനയില്‍നിന്നും മൂന്നു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഒരു മലഞ്ചരുവാണ് ഉഹ്ദ്. തന്റെ കല്‍പന വരുന്നതുവരെ ആരും യുദ്ധത്തിനിറങ്ങരുതെന്ന് അവര്‍ പ്രത്യേകം ഓര്‍മിപ്പിച്ചു. ശേഷം, സൈന്യത്തെ സജ്ജീകരിക്കാന്‍ തുടങ്ങി. നിപുണരായ അമ്പത് അമ്പൈത്തുകാരെ മലക്കുമുകളില്‍ നിയമിച്ചു. അബ്ദുല്ലാഹ് ബിന്‍ ജുബൈറിനെ അവരുടെ നേതാവാക്കി. യുദ്ധാവസാനം വരെ മലമുകളില്‍ ഉറച്ചുനില്‍ക്കണമെന്നും മുസ്‌ലിംകള്‍ ഗനീമത്ത് മുതലുകള്‍ ഒരുമിച്ചുകൂട്ടുന്നത് കണ്ടാല്‍പോലും ഇറങ്ങിവരരുതെന്നും അവരോട് പ്രത്യേകം നിര്‍ദ്ദേശിച്ചു. മലക്കു പിന്‍വശത്തുകൂടി ശത്രുക്കള്‍ കടന്നാക്രമിക്കുന്നതിനെ തടയാനാണ് പ്രവാചകന്‍ ഇത്രയും ഊന്നല്‍ നല്‍കി പറഞ്ഞിരുന്നത്. ശേഷം, പടയങ്കി ധരിക്കുകയും എഴുന്നൂറില്‍ താഴെ മാത്രം വരുന്ന സൈന്യവുമായി യുദ്ധത്തിനിറങ്ങുകയും ചെയ്തു. മുസ്അബ് ബിന്‍ ഉമൈറാണ് പതാക വഹിച്ചിരുന്നത്.
അഹങ്കാരത്തിന്റെ വന്‍ മേളകളോടുകൂടിയായിരുന്നു ഖുറൈശികളുടെ യുദ്ധപ്പുറപ്പാട്. കവികളും സ്ത്രീകളും ഭടന്മാരില്‍ യുദ്ധോത്സുകത വര്‍ദ്ധിപ്പിക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടായിരുന്നു. ബദറില്‍ വധിക്കപ്പെട്ട പിതാവ് ഉത്ബയുടെ പ്രതികാരം ചോദിക്കാനായിരുന്നു ഹിന്ദ് എത്തിയിരുന്നത്.
ആരവങ്ങളുടെയും അട്ടഹാസങ്ങളുടെയും ഇടയില്‍ യുദ്ധമാരംഭിച്ചു. സത്യവും അസത്യവും രണഭൂമിയില്‍ അടരാടാന്‍ തുടങ്ങി. പലരും മരിച്ചുവീണു. പലരും ജീവനുംകൊണ്ടോടി. ജുബൈര്‍ ബിന്‍ മുഥ്ഇമിന്റെ അടിമ വഹ്ശി ഹസ (റ) വിനെ വധിക്കാന്‍ ഉന്നം നോക്കിയിരിക്കുകയാണ്. ഹംസയെ വധിച്ചാല്‍ അദ്ദേഹത്തിന് മോചനം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ഹിന്ദ് അതിനെ പ്രോത്സാഹിപ്പിച്ചു. ഒടുവില്‍ വഹ്ശിയുടെ ചാട്ടുളി ഹംസയുടെ ശരീരത്തില്‍ തുളച്ചുകയറി. അദ്ദേഹം രക്തസാക്ഷിയായി. തുടക്കത്തില്‍ മുസ്‌ലിംകളുടെ ഭാഗത്തായിരുന്നു വിജയ സാധ്യത. അവരുടെ ധീരമായ മുന്നേറ്റത്തിനിടയില്‍ തുടക്കത്തില്‍തന്നെ എതിര്‍പക്ഷത്തുനിന്നും പതിനൊന്നോളം ആളുകള്‍ വധിക്കപ്പെട്ടു. ഇതു കണ്ട് ഭയവിഹ്വലരായ ശത്രുക്കള്‍ പിന്തിരിഞ്ഞോടാന്‍ തുടങ്ങി. മുസ്‌ലിംകള്‍ സന്തോഷിച്ചു. അവര്‍ വിജയമുറപ്പിക്കുകയും ഗനീമത്ത് മുതലുകള്‍ സമാഹരിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഇതുകണ്ട മലമുകളിലെ അമ്പൈത്തുകാര്‍ താഴെയിറങ്ങി. അബ്ദുല്ലാഹി ബ്‌നു ജുബൈര്‍ അവരെ പ്രവാചകരുടെ നിര്‍ദ്ദേശങ്ങള്‍ ഓര്‍മിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഈയൊരു അവസരം ശത്രുക്കള്‍ മുതലെടുത്തു. എല്ലാവരും താഴെയിറങ്ങിയ തക്കം നോക്കി ഖാലിദ് ബ്‌നുല്‍ വലീദിന്റെ നേതൃത്വത്തില്‍ ഒരു കുതിരപ്പട മലക്കു എതിര്‍വശത്തുകൂടി തിരിച്ചുവന്നു. മുസ്‌ലിംകള്‍ക്കെതിരെ അമ്പൈത്തിലൂടെ ശക്തമായി പോരാടി. ഓര്‍ക്കാപ്പുറത്തുവന്ന ആക്രമണം മുസ്‌ലിംകള്‍ക്ക് പ്രതിരോധിക്കാനായില്ല. അവര്‍ നാലുഭാഗത്തേക്കും ചിതറിയോടി. ഒന്നും തിരിച്ചറിയാനാവാതെ അവര്‍ പരസ്പരം പോരാടി. അതിനിടെ പലരും വധിക്കപ്പെട്ടു. ധ്വജവാഹകനായ മുസ്അബ് ബ്‌നു ഉമൈറും രക്തസാക്ഷിയായി. മുഹമ്മദ് വധിക്കപ്പെട്ടുവെന്ന ഒരാക്രോശം അന്തരീക്ഷത്തില്‍ മുഴങ്ങി. ഇതു കേട്ട മുസ്‌ലിംകള്‍ അമ്പരന്നു. പ്രവാചകന്‍ രണഭൂമിയില്‍ തന്നെ ഉണ്ടായിരുന്നു. സംഘട്ടനത്തില്‍ പ്രവാചകരുടെ പല്ല് പൊട്ടുകയും ചുണ്ടിനും മുഖത്തും മുറിവ് പറ്റുകയും ചെയ്തു. മുസ്‌ലിംകള്‍ യുദ്ധമുഖം വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായും അതിനു സാധിച്ചില്ല. പലരും ചിതറിയോടി. ചെറിയൊരു വിഭാഗം മാത്രം പോര്‍ക്കളത്തില്‍ പ്രവാചരോടൊപ്പം ഉറച്ചുനിന്നു. യുദ്ധത്തില്‍ പ്രവാചക കരങ്ങളാല്‍ ഉബയ്യ് ബിന്‍ ഖലഫും വധിക്കപ്പെട്ടു.
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വന്‍ പരാജയമായിരുന്നു ഉഹ്ദ്. ആദ്യം വിജയമായിരുന്നുവെങ്കിലും പ്രവാചകരുടെ കല്‍പന മാനിക്കാതെ മലമുകളിലുണ്ടായിരുന്നവര്‍ താഴെ ഇറങ്ങിയത് അവര്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചു. മുസ്‌ലിംപക്ഷത്തുനിന്നും എഴുപതോളം ആളുകള്‍ വധിക്കപ്പെട്ടു. നൂറ്റി അമ്പതിലേറെ പേര്‍ക്ക് മുറിവ് പറ്റി. 23 പേര്‍ മാത്രമാണ് ശത്രുപക്ഷത്തുനിന്നും വധിക്കപ്പെട്ടത്. ഹംസ (റ) അടക്കം പല പ്രമുഖരെയും മുസ്‌ലിംകള്‍ക്ക് ഇതില്‍ നഷ്ടപ്പെടുകയായിരുന്നു. യുദ്ധത്തില്‍ വധിക്കപ്പെട്ടവരെ പ്രവാചകരുടെ നേതൃത്വത്തില്‍ ഉഹ്ദില്‍ തന്നെ ഖബറടക്കി. ശേഷം, എല്ലാവരും മദീനയിലേക്കു തിരിച്ചു. ശവ്വാല്‍ ഏഴ് ശനിയാഴ്ച വൈകുന്നേരം അവര്‍ മദീനയിലെത്തി.
ഹംറാഉല്‍ അസദ് യുദ്ധം
യുദ്ധത്തില്‍ വിജയിച്ചെങ്കിലും കൂടുതല്‍ സമ്പാദിക്കാന്‍ സാധിക്കാത്തത് രണ്ടാമതൊരു മദീനാ ആക്രമണത്തിന് ഖുറൈശികളെ പ്രേരിപ്പിക്കുമോ എന്ന് പ്രവാചകന്‍ പേടിച്ചു. അതുകൊണ്ടുതന്നെ, അതിനെതിരെ ഒരു സൈനിക മുന്നേറ്റം നടത്താനും ഉഹ്ദ് യുദ്ധം കഴിഞ്ഞ് തിരിച്ചുപോകുന്ന ശത്രുക്കളെ പിന്തുടരാനും പ്രവാചകന്‍ തീരുമാനിച്ചു. സ്വഹാബികളില്‍ പലരും മുറിവേറ്റവരായിരുന്നു. ഉഹ്ദില്‍ പങ്കെടുത്തവര്‍ മാത്രമേ ഇതിലും വരേണ്ടതുള്ളൂവെന്ന് പ്രവാചകന്‍ പ്രത്യേകം പറഞ്ഞു. എല്ലാ വേദനകളും സഹിച്ച് സ്വഹാബികള്‍ പ്രവാചകനോടൊപ്പം പുറപ്പെട്ടു. ശത്രുക്കള്‍ കടന്നുപോയ വഴിയില്‍ എട്ടു നായിക സഞ്ചരിച്ച് ഹംറാഉല്‍ അസദ് എന്ന സ്ഥലത്തെത്തി. പക്ഷെ, അവരെ കണ്ടെത്താനായില്ല.
അതിനിടയിലാണ് ഖുറൈശികള്‍ വഴിയില്‍ ഹൗറാഅ് എന്ന സ്ഥലത്തിറങ്ങി തമ്പടിച്ച് യുദ്ധകാര്യങ്ങള്‍ വിലയിരുത്തുന്നത്. ഒരിക്കലൂടെ തിരിച്ചുപോയി അവിടെ ബാക്കിയായവരെയും വകവരുത്തണമെന്നായിരുന്നു പലരുടെയും ആവശ്യം. യുദ്ധത്തിലെ പല നിലപാടുകളെയും ചൊല്ലി അവര്‍ക്കിടയില്‍ പലവിധ തര്‍ക്കങ്ങളും നടന്നുകൊണ്ടിരുന്നു. മുഹമ്മദും അനുയായികളും തങ്ങളെ ലക്ഷ്യം വെച്ച് പുറപ്പെട്ടിട്ടുണ്ടെന്ന വിവരം അതിനിടെ അബൂസുഫ്‌യാന് ലഭിച്ചു. കിട്ടിയ വിവരമനുസരിച്ച് അവരുടെ സന്നാഹവും ഒരുക്കവും കണ്ട് പേടിച്ച അവര്‍ ഇനിയും ഒരു ശക്തി പരീക്ഷണത്തിന് വരുന്നത് ശരിയല്ലായെന്ന് മനസ്സിലാക്കി. സൈന്യത്തെയും കൂട്ടി അവര്‍ വേഗം മക്കയിലേക്കു തിരിച്ചു. പ്രവാചകരും അനുയായികളും ഹംറാഉല്‍ അസദില്‍ മൂന്നു ദിവസം താമസിച്ചു. ഇതിനിടെ പലരും പ്രവാചക സവിധത്തില്‍ വന്ന് മുസ്‌ലിമായി. ശേഷം, അവര്‍ മദീനയിലേക്കു തിരിച്ചു. ഹംറാഉല്‍ അസദ് ഒരു സ്വതന്ത്ര യുദ്ധമല്ലെന്നും ഉഹ്ദ് യുദ്ധത്തിന്റെ പൂരണമാണെന്നുമാണ് പലരും പറയുന്നത്.
ഉഹ്ദിന്റെ പ്രതികരണങ്ങള്‍
ഉഹ്ദില്‍ നേരിട്ട പരാജയം മുസ്‌ലിംകള്‍ക്ക് പല നിലക്കും അപമാനം വരുത്തി. ശത്രുക്കളുടെ മനസ്സില്‍ മുസ്‌ലിംകളുടെ ശക്തി ചെറുതാവുകയും അതുവഴി മുസ്‌ലിംകള്‍ക്കെതിരെ നാനാ ഭാഗത്തുനിന്നും അവര്‍ കടന്നു കയറുകയും ചെയ്തു. ചെറിയ വിഭാഗങ്ങള്‍വരെ മുസ്‌ലിംകള്‍ക്കെതിരെ തങ്ങളാലാവുന്നത് ചെയ്യാന്‍ ഒരുമ്പെട്ടു. മദീനക്കു ചുറ്റും മുസ്‌ലിംകളെ ഉന്നംവെച്ച് പലവിധ വലകളും വിരിക്കപ്പെട്ടു. മുസ്‌ലിംകളെ ഇല്ലായ്മ ചെയ്യാന്‍തന്നെ പലരും സ്വപ്നംകണ്ട് രംഗത്തെത്തി. മദീനയിലെ ജൂതന്മാരും ഈ അവസരം നല്ലപോലെ ഉപയോഗപ്പെടുത്തി. കഴിയുംവിധത്തിലെല്ലാം അവര്‍ മുസ്‌ലിംകള്‍ക്കെതിരെ അക്രമണങ്ങള്‍ അഴിച്ചുവിടാന്‍ അവസരമുണ്ടാക്കി. വിശ്വാസികളെ ആഹുതി വരുത്താന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.
എന്നാല്‍, പ്രവാചകന്‍ (സ) ഈ അവസരം ശക്തമായി രംഗത്തിറങ്ങുകയും ബദറിലൂടെ അതിനു ലഭിച്ച പ്രതാപം വീണ്ടെടുക്കാന്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ദീര്‍ഘദര്‍ശനത്തോടെയുള്ള പ്രവാചകരുടെ പല നിലപാടുകളും ഇതിന് ഏറെ സഹായകമായി. വളരെ വേഗത്തില്‍തന്നെ മുസ്‌ലിംകളോടുണ്ടായിരുന്ന ആ ഭയം ജൂതന്മാരുടെയും മുശ്‌രിക്കുകളുടെയും ഇടയില്‍ തിരിച്ചവന്നു. ഹംറാഉല്‍ അസദ് യുദ്ധം അതിനൊരു