ജീവചരിത്രം

അഹ്‌സാബ് യുദ്ധം

Spread the love

ഒരു വര്‍ഷം നീണ്ടുനിന്ന യുദ്ധങ്ങള്‍ക്കും സൈന്യനിയോഗങ്ങള്‍ക്കുംശേഷം അറബ് ഉപഭൂഖണ്ഡം വീണ്ടും ശാന്തിയുടെയും സമാധാനത്തിന്റെയും കേന്ദ്രമായി മാറി. പക്ഷേ ജൂതര്‍ ചതിയും വഞ്ചനയും ഗൂഢാലോചനയും സ്വഭാവമാക്കിമാറ്റിയതുകാരണം പല വിധത്തിലുള്ള നിന്ദ്യതക്കും പാത്രീഭവിച്ചവര്‍ അവരുടെ മൂഢധാരണയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റതേയില്ല. അവര്‍ക്കനുഭവിക്കേണ്ടിവന്ന നിന്ദ്യതയില്‍നിന്ന് അവര്‍ പാഠം പഠിച്ചതുമില്ല. ഖൈബറിലേക്ക് നാടുകടത്തിയ ശേഷവും മുസ്ലിംകളും വിഗ്രഹപൂജകരും തമ്മിലുള്ള പ്രശ്‌നത്തില്‍ മുസ്ലിംകള്‍ക്ക് എന്തു ഭവിക്കുന്നുവെന്ന് കണ്ണും നട്ടിരിക്കുകയാണ് ഇവര്‍. ദിനരാത്രങ്ങള്‍ മുസ്‌ലിംകള്‍ക്കനുകൂലമായി മാറിയപ്പോള്‍ അവര്‍ക്കെതിരില്‍ തീയെരിക്കുകയായിരുന്നു ഇവര്‍.

മുസ്‌ലിംകളെ നാമാവശേഷമാക്കാവുന്ന ഒരു പുതിയ ഗൂഢാലോചനയില്‍ ഇവര്‍ മുഴുകി. മുസ്‌ലിംകളോടു അഭിമുഖീകരണത്തിനു ധൈര്യമില്ലാതിരുന്ന ഇവര്‍ മറ്റൊരു വഴി തേടുകയാണുണ്ടായത്. ബനൂ നളീര്‍ ഗോത്രത്തിന്റെയും ജൂതരുടെയും ഇരുപതു നേതാക്കള്‍ ഖുറൈശികളെ ലക്ഷ്യമിട്ട് മക്കയിലേക്ക് നീങ്ങി. മുസ്ലിംകള്‍ക്കെതിരില്‍ യുദ്ധ പ്രേരണയും സഹായവാഗ്ദാനവുമായി കടന്നുചെന്ന ഇവരെ ഖുറൈശികള്‍ സ്വീകരിച്ചു. ഖുറൈശികളാകട്ടെ ബദ്‌റില്‍ കണ്ടുമുട്ടാമെന്ന വാഗ്ദാനം ലംഘിച്ച് നില്‍്ക്കുന്ന സന്ദര്‍ഭമായതുകൊണ്ട് തങ്ങളുടെ യശസ്സും പ്രതാപവും തിരിച്ചു പിടിക്കാനുള്ള ഒരു സന്ദര്‍ഭമായി ഇതിനെ കണ്ടു.

പിന്നീട് ഈ സംഘം ഗത്വ്ഫാനിലേക്കുപോയി. അവരേയും ഇതുമായി സഹകരിപ്പിച്ചു. തുടര്‍ന്ന് ഇതര അറബ് ഗോത്രങ്ങളെയെല്ലാം സമീപിച്ച് ദൗത്യം പൂര്‍ത്തീകരിച്ചു. അങ്ങനെ എല്ലാ മുസ്ലിം വിരുദ്ധകക്ഷികളെയും ഇസ്ലാമിന്നെതിരില്‍ അണിനിരത്തുന്നതില്‍ ഇവര്‍ വിജയിച്ചു.

ഇതിന്റെയടിസ്ഥാനത്തില്‍ ദക്ഷിണഭാഗത്ത്‌നിന്ന് ഖുറൈശികളും കിനാനയും തിഹാമയില്‍നിന്നുള്ള അവരുടെ സഖ്യകക്ഷികളുമടക്കം നാലായിരം യോദ്ധാക്കള്‍ അബൂസുഫയാന്റെ നേതൃത്വത്തില്‍ പുറപ്പെട്ടു. മര്‍റുളഹ്‌റാനില്‍നിന്ന് ബനൂസലീം ഇവരോടൊപ്പം ചേര്‍ന്നു പൗരസ്ത്യഭാഗത്ത്‌നിന്ന് ഗത്വ്ഫാന്‍ ഗോത്രങ്ങളായ ബനൂഫുസാറ, ബനൂമുര്‍റ, ബനൂ അശ്ജഅ് എന്നിവയും ബനൂ അസദും മദീനയെ ലക്ഷ്യമാക്കിനീങ്ങി. ഏതാനും ദിവസങ്ങള്‍ക്കകം മദീനക്കു ചുറ്റും പതിനായിരത്തോളം അംഗങ്ങള്‍ വരുന്ന ഒരുവന്‍ സൈന്യവ്യൂഹം തന്നെ സജ്ജമായി. ഇത് ചിലപ്പോള്‍ മദീനയിലെമൊത്തം ജന സംഖ്യയേക്കാള്‍തന്നെ അധികമായിരിക്കാം. ഈ സൈന്യനിരകളൊന്നടങ്കം മദീനക്കെതിരെ ഒരു മിന്നലാക്രമണം അഴിച്ചുവിട്ടാല്‍ അതോടെ മദീനയുടെ കഥ കഴിഞ്ഞതുതന്നെ. പക്ഷേ, മദീനയിലെ സൈന്യനായകന്‍മാര്‍ സ്ഥിതിഗതി വീക്ഷിച്ചുകൊണ്ടും സമൂഹത്തിന്റെ നാഡീസ്പന്ദനങ്ങള്‍ അറിഞ്ഞുകൊണ്ടും സജീവമായി രംഗത്തുണ്ട്. ഈ പട അവരുടെ സങ്കേതങ്ങളില്‍ നിന്ന് ചലിച്ചപ്പോള്‍തന്നെ വിവരം മദീനയിലെത്തിയിരുന്നു.

പ്രവാചകന്‍(സ) പ്രശ്‌നത്തിന്റെ ഗൗരവാവസ്ഥ മനസ്സിലാക്കി അടിയന്തിരയോഗം വിളിച്ചുചേര്‍ത്തു. കൂടിയാലോചനയില്‍ പ്രതിരോധം എവ്വിധമായിരിക്കണമെന്നു ഗൗരവപൂര്‍വം ചര്‍ച്ച ചെയ്തു. അവസാനം ബുദ്ധിമാനായ സ്വഹാബി പേര്‍ഷ്യക്കാരന്‍ സല്‍മാന്‍ നിര്‍ദേശിച്ച അഭിപ്രായം നടപ്പാക്കാന്‍ ഏകകണ്ഠമായി തീരുമാനമെടുത്തു. സല്‍മാന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ പേര്‍ഷ്യയില്‍ ചുറ്റുഭാഗത്തും കിടങ്ങുകുഴിച്ചുകൊണ്ടാണ് പ്രതിരോധിക്കാറുള്ളത്? ഇത് അറബികള്‍ക്ക് അപരിചിതമായിരുന്ന ഒരു പദ്ധതിയായിരുന്നു.

ഈ പദ്ധതി അതിവേഗം നടപ്പാക്കിത്തുടങ്ങി. ഓരോ പത്തുപേര്‍ക്കും നാല്‍്പത് മുഴം വീതം കുഴിക്കാനുള്ള ഉത്തരവാദിത്തമേല്‍പിച്ചു. ആവേശത്തോടും ഉന്മേഷത്തോടും കിടങ്ങു കീറുന്നതില്‍ മുഴുകിയ മുസ്ലിംകളെ പ്രവാചകന്‍ അതില്‍ പങ്കുചേര്‍ന്നുകൊണ്ടും പ്രോത്സാഹിപ്പിച്ചുകൊണ്ടും ഉത്സാഹഭരിതരാക്കി. സഹല്‍ ബിന്‍ സഅദില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്നു: ‘ഞങ്ങള്‍ പ്രവാചകന്റെ കൂടെ കിടങ്ങ് കീറിയിരുന്നപ്പോള്‍ കുഴിച്ചെടുക്കുന്ന മണ്ണ് മുതുകിലേറ്റി ഞങ്ങള്‍ പുറത്തേക്ക് നീക്കിക്കൊണ്ടിരുന്നു. അപ്പോള്‍ പ്രവാചകന്‍ പാടിക്കൊണ്ടിരുന്നു: ‘അല്ലാഹുവേ, പാരത്രികജീവിതമല്ലാതൊരു ജീവിതമില്ല. മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും നീ മാപ്പേകണേ”.

കഠിനമായ പട്ടിണിയിലും മുസ്ലിംകള്‍ ആവേശത്തോടെ പണിയെടുത്തുകൊണ്ടിരുന്നു. അനസ്(റ) പറയുന്നു: ‘കിടങ്ങു കുഴിക്കുന്നവര്‍ക്ക് ഇരുകൈകളും നിറയെ തൊലിക്കോതമ്പവും രുചിഭേദം വന്ന എണ്ണയും നല്‍കുമായിരുന്നു. രുചിയില്ലാത്ത അതിന് ഒരു ദുര്‍ഗന്ധവുമുണ്ടായിരുന്നു.’ അബൂത്വല്‍ഹ പറയുന്നു: ‘വയറില്‍ കല്ലുവെച്ചു കെട്ടിയ ഞങ്ങള്‍ പ്രവാചകനോടു പട്ടിണിയെ പറ്റി ആവലാതിപ്പെട്ടപ്പോള്‍ അവിടുന്ന് രണ്ടു കല്ല് വെച്ച് കെട്ടിയത് ഞങ്ങളെ കാണിക്കുകയുണ്ടായി.

പ്രവാചകത്വത്തിന്റെ നിദര്‍ശനങ്ങളെന്നോണം ചില അത്ഭുതങ്ങളും ഇത്തരുണത്തില്‍ സംഭവിക്കുകയുണ്ടായി. പ്രവാചകന് കഠിനമായ വിശപ്പനുഭവപ്പെടുന്നതുകണ്ട ജാബിര്‍ബിന്‍ അബ്ദുല്ല ഒരു ആട്ടിന്‍ കുട്ടിയെ അറുത്ത് ഒരു സ്വാഅ് തൊലിക്കോതമ്പുകൊണ്ട് ഭക്ഷണവും പാകം ചെയ്ത് പ്രവാചകനെ അത് കഴിക്കാന്‍ രഹസ്യമായി ക്ഷണിച്ചു. പ്രവാചക തിരുമേനി ആയിരം വരുന്ന അനുയായികളുമായി അങ്ങോട്ടു പുറപ്പെട്ടു. അവരെയെല്ലാം വയറുനിറയെ ഊട്ടിയിട്ടും മാംസവും മാവും പാത്രത്തില്‍ അതേപോലെ ബാക്കിനില്ക്കുന്നു!നുഅ്മാനുബിന്‍ ബശീറിന്റെ സഹോദരി കൊണ്ടുവന്ന ഈത്തപ്പഴവും അവിടുന്നു ഇതുപോലെ പെരുപ്പിച്ച് ഖന്‍ദഖിലുള്ള എല്ലാവര്‍ക്കും വിതരണം ചെയ്യുകയുണ്ടായി. ഇതിലും അത്ഭുതകരമായിരുന്നു ജാബിറില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്ന സംഭവം: ഖന്‍ദഖ് ദിവസം കിടങ്ങു കുഴിക്കുമ്പോള്‍ ഒരു വലിയ പാറപ്രത്യക്ഷപ്പെട്ടു. അവര്‍ പ്രവാചകനെ സമീപിച്ചു പ്രശ്‌നം അദ്ദേഹത്തോടു പറഞ്ഞു അവിടുന്നു പറഞ്ഞു: അത് ഞാന്‍ ഇളക്കിത്തരാം എന്നുപറഞ്ഞുകൊണ്ട് പിക്കാസെടുത്ത് ആഞ്ഞുവെട്ടിയപ്പോള്‍ അത് വെറും മണല്‍ തരികളായിമാറി!’
മദീന, വടക്കുഭാഗമൊഴിച്ച് മറ്റെല്ലാം ചരല്‍ പ്രദേശങ്ങളാലും കുന്നുകളാലും ഈത്തപ്പനത്തോട്ടങ്ങളാലും വലയം ചെയ്യപ്പെട്ടിരുന്നതുകൊണ്ട് ഇതു പോലൊരു വന്‍ സൈന്യം ആവഴിക്കല്ലാതെ കടന്നുവരികയില്ലെന്ന് യുദ്ധതന്ത്രങ്ങളില്‍ നിപുണനായിരുന്ന പ്രവാചകന്‍ ഊഹിച്ചിരുന്നു. അതിനാല്‍ പ്രസ്തുത ഭാഗത്തായിരുന്നു കിടങ്ങ് കീറിയിരുന്നത്. പകലന്തിയോളം കിടങ്ങു കീറിയും വൈകിട്ട് വീടുകളിലേക്ക് മടങ്ങിയും ഉദ്ദേശിച്ച പദ്ധതിയനുസരിച്ച് ശത്രു സൈന്യം എത്തുംമുമ്പെ മുസ്ലിംകള്‍ പണിപൂര്‍ത്തിയാക്കി. നാലായിരം ഭടന്മാരോടൊപ്പം മക്കയില്‍ നിന്നെത്തിയ ഖുറൈശികള്‍ അസ്യാലിലും ആറായിരം പേരോടൊപ്പം നജ്ദില്‍നിന്ന് പുറപ്പെട്ട സൈന്യം ഖന്‍ദഖിന്റെ ഭാഗത്തും താവളമടിച്ചു.

‘സത്യവിശ്വാസികള്‍ സംഘടിത കക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ധിപ്പിക്കുകമാത്രമേ ചെയ്തിട്ടുള്ളൂ. (33:22)

എന്നാല്‍ കപടന്മാരും ദുര്‍ബലവിശ്വാസികളും ഈ സൈന്യത്തെ കണ്ടപ്പോള്‍ വിഭ്രാന്തരാവുകയുണ്ടായി. ‘നമ്മോടും അല്ലാഹുവും അവന്റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം. (33:12)

മുവ്വായിരം മുസ്ലിംകളോടൊപ്പം പ്രവാചകന്‍ പുറപ്പെട്ടു. സില്‍അ് പര്‍വ്വതം പിന്നിലും ഖന്‍ദഖ് അവര്‍ക്കും ശത്രുക്കള്‍ക്കും ഇടയിലായും വരുന്ന രൂപത്തില്‍ അവര്‍ നിലയുറപ്പിച്ചു. മദീനയുടെ ഉത്തരവാദിത്തം ഇബ്‌നു ഉമ്മു മക്തൂമിനെ ഏല്‍പിച്ചു. സ്ത്രീകളോടും കുട്ടികളോടും കോട്ടയ്ക്കു മുകളില്‍ ഇരിക്കാനും നിര്‍ദേശിച്ചു.

ബഹുദൈവാരാധകര്‍ സര്‍വസന്നാഹത്തോടെ മദീനക്കെതിരെ ഒരു കടന്നാക്രമണത്തിന് തെയ്യാറെടുത്തപ്പോള്‍ അതാ അവര്‍ക്കു മുമ്പില്‍ ഒരു വന്‍ കിടങ്ങ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. ഇത്തരമൊരു പ്രതിസന്ധിയെക്കുറിച്ച് അവര്‍ നേരത്തെ ചിന്തിക്കുകയോ പദ്ധതികളാവിഷ്‌കരിക്കുകയോ ചെയ്തിരുന്നില്ല. ഇത് അറബികള്‍ക്ക് അപരിചിതമായ ഒരു യുദ്ധതന്ത്രമായിരുന്നു. അതോടെ മുസ്ലിംകളെ ഉപരോധിക്കാന്‍ അവര്‍ തീരുമാനിച്ചു. ശത്രുക്കള്‍ കിടങ്ങിനു ചുറ്റും ഓടിനടന്നു ഒരു പഴുതെങ്ങാനും കണ്ടെത്തിയാല്‍ മുറിച്ചുകടക്കാമെന്ന ധാരണയില്‍. മുസ്ലിം ഭടന്മാര്‍ തികഞ്ഞ ജാഗ്രതയോടെ അവരെ വീക്ഷിച്ചുകൊണ്ടിരുന്നു. അവര്‍ കിടങ്ങിനു സമീപമെത്തുകയോ മുറിച്ചുകടക്കുയോ മണ്ണ് നിരത്തി വഴിയുണ്ടാക്കുകയോ ചെയ്യാതിരിക്കാന്‍ തുടരെത്തുടരെ അവര്‍ക്ക് നേരെ മുസ്ലിംകള്‍ അമ്പുവര്‍ഷം തന്നെനടത്തി.

ഇതിനിടയില്‍, ശത്രുഭടന്മാരില്‍നിന്ന് അംറ്ബിന്‍ അബ്ദുവുദ്ദ്, ഇകരിമത്തുബിന്‍ അബീജഹല്‍, ളിറാര്‍ബിന്‍ ഖത്വാബ് തുടങ്ങിയവര്‍ കിടങ്ങിന്റെ ഒരു ഇടുങ്ങിയ ഭാഗം കണ്ടെത്തി അവിടെ കുതിരയെ ചാടിച്ച് ഇപ്പുറത്തേക്ക് കടന്നു. അവര്‍ കിടങ്ങിന്റെയും സില്‍അ് മലയുടെയും ഇടയില്‍ കുതിരയെ ഓടിച്ചുനടന്നു. ഉടനെ അലിയ്യ്ബിന്‍ അബീത്വാലിബ് ഏതാനും ഭടന്മാരോടൊപ്പം അവിടെ പ്രത്യക്ഷപ്പെട്ടു. ഇതു കണ്ട് അംറ് ദ്വന്ദ യുദ്ധത്തിനു വെല്ലുവിളിച്ചു. അലി അവനെ നേരിടാന്‍ സന്നദ്ധനായി. അല്‍്പസമയത്തെ ഏറ്റുമുട്ടലിനുശേഷം ധീരനായ ശത്രുവെ അലി നിഷ്പ്രയാസം കീഴടക്കി. അവന്റെ ശിരസറുത്തു. ഇതോടെ അവശേഷിച്ചവര്‍ ഭയന്നോടി അവര്‍ കിടങ്ങിന് മറുവശം ചാടിരക്ഷപ്പെട്ടു. ഇകരിമ തന്റെ കുന്തവും ഉപേക്ഷിച്ചുകൊണ്ടാണ് തടിരക്ഷപ്പെടുത്തിയത്. ബഹുദൈവാരാധകര്‍ തുടര്‍ന്നും പല ദിവസങ്ങളില്‍ കിടങ്ങ് മുറിച്ചുകടക്കാന്‍ തീവ്രശ്രമങ്ങള്‍ നടത്തിയെങ്കിലും മുസ്ലിംകള്‍ അമ്പുകള്‍കൊണ്ട് അവരെ നേരിട്ട് ആ ശ്രമം തീര്‍ത്തും പരാജയപ്പെടുത്തി.

ഇവ്വിധം കഠിനതരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിരതരായതുകാരണം മുസ്ലിംകള്‍ക്ക് നമസ്‌കാരസമയം തന്നെ തെറ്റിപ്പോയി. ജാബിര്‍(റ) നിവേദനം ചെയ്യുന്നു: ‘അസ്വ്ര്‍ നമസ്‌കരിക്കാതെ സമയം തെറ്റിയത് കാരണം ഉമര്‍ അവിശ്വാസികളെ അധിക്ഷേപിച്ചുകൊണ്ട് പ്രവാചകസന്നിധിയിലെത്തി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ സൂര്യനസ്തമിക്കുവോളം എനിക്കു അസ്വര്‍ നമസ്‌കരിക്കാനായില്ലല്ലോ? പ്രവാചകന്‍ പറഞ്ഞു: അല്ലാഹുവാണേ ഞാനുമത് നമസ്‌കരിച്ചില്ലല്ലോ. അങ്ങനെ ഞങ്ങളെല്ലാം താഴവരയിലിറങ്ങി വുളുവെടുത്ത് അസ്തമയത്തിനുശേഷം അസ്വര്‍ നമസ്‌കരിച്ചു. തുടര്‍ന്ന് മഗരിബും നമസ്‌കരിച്ചു. ഈ നമസ്‌കാരം സമയം തെറ്റിയതില്‍ ദു:ഖിതനായി പ്രവാചകന്‍ ശത്രുക്കള്‍ക്കെതിരില്‍ പ്രാര്‍ഥിക്കുകയുണ്ടായി. ‘അസ്വര്‍ നമസ്‌കാരത്തില്‍നിന്നു ഞങ്ങളുടെ ശ്രദ്ധതിരിച്ചുകളഞ്ഞ അവിശ്വാസികളുടെ ഖബറുകളും വീടുകളും നീ അഗ്‌നിനിറക്കണേ, അല്ലാഹുവേ.”

ശത്രുക്കളുടെ ആക്രമണവും കിടങ്ങ് ചാടികടക്കാനുള്ള ശ്രമവും മുസ്ലിംകളുടെ പ്രതിരോധവും ദിവസങ്ങളോളം നീണ്ടുനിന്നെങ്കിലും കിടങ്ങ് ഇരു സൈന്യങ്ങള്‍ക്കുമിടയില്‍ ഒരു തടസ്സമായി നിന്നതിനാല്‍ നേരിട്ടൊരു ഏറ്റുമുട്ടല്‍ ഉണ്ടായില്ല. പകരം, അസ്ത്രപ്രയോഗങ്ങള്‍ മാത്രമാണ് നടന്നത്. അതിനാല്‍തന്നെ വിരലിലെണ്ണാവുന്ന അംഗങ്ങള്‍ മാത്രമാണ് ഇരുഭാഗത്തും വധിക്കപ്പെട്ടത്. മുസ്ലിംകളില്‍നിന്ന് ആറും ബഹുദൈവാരാധകരില്‍നിന്ന് പത്തും പേര്‍. ഇതില്‍ ഒന്നോ രണ്ടോപേര്‍ മാത്രമാണ് വാളിനിരയായവര്‍.

ഈ അസ്ത്രപ്രയോഗങ്ങള്‍ക്കിടയില്‍ ഖുറൈശികളിലെ ഹിബ്ബാനിബ്‌നുല്‍ അരിഖ എന്ന ഒരാളുടെ അമ്പേറ്റു സഅദ് ബിന്‍ മുആദിന്റെ കയ്യിലെ രക്തധമനി അറ്റുപോയി. അപ്പോള്‍ അദ്ദേഹം പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ, നിന്റെ പ്രവാചകനെ നിഷേധിക്കുകയും നാട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്ത ശത്രുക്കളുമായി ഏറ്റുമുട്ടുന്നതിനേക്കാള്‍ പ്രിയപ്പെട്ടതായി എന്റെ മനസ്സില്‍ ഒന്നുമില്ലെന്ന് നിനക്കറിയാമല്ലോ. അല്ലാഹുവേ ഞങ്ങള്‍ക്കിടയില്‍ യുദ്ധമുണ്ടാകണമെന്ന തീരുമാനം നിന്റേതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. യുദ്ധം ഇനിയും അവശേഷിക്കുന്നുവെങ്കില്‍ ഖുറൈശികളുമായി ഏറ്റുമുട്ടാന്‍ എന്നെ നീ ജീവിപ്പിക്കണേ, ഇനി യുദ്ധം അവസാനിക്കുകയാണെങ്കില്‍ എന്റെ മുറിവ് പൊട്ടി എന്നെ മരിപ്പിക്കണേ” .

ബനൂ നളീറിന്റെ കരാര്‍ലംഘനം
യുദ്ധരംഗത്ത് കഠിനമായ പരീക്ഷണങ്ങളെ മുസ്ലിംകള്‍ ഇങ്ങനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കെ മുസ്ലിം വിരുദ്ധ ഗൂഢാലോചന മുറക്ക് അതിന്റെ വഴിക്ക് നടക്കുന്നുണ്ടായിരുന്നു. ബനൂനളിറിന്റെ ദുഷ്ടനായ നേതാവ് ഹുയയ്യ്ബിന്‍ അഖ്തബ് ബനൂഖുറൈളയുടെ നേതാവായ കഅബ്ബിന്‍ അസദ് അല്‍ഖുറൈളിയെ സമീപിച്ചു. ഇദ്ദേഹം യുദ്ധഘട്ടത്തില്‍ പ്രവാചകനെ സഹായിക്കാമെന്ന് നേരത്തെ കരാര്‍ ചെയ്തതാണ്. ഹുയയ്യ് ചെന്ന് വാതിലില്‍ മുട്ടിയെങ്കിലും കഅബ് വാതില്‍ അവന് നേരെ കൊട്ടിയടച്ചു. തിരിച്ചുപോരാന്‍ കൂട്ടാക്കാതെ തുടരെത്തുടരെ സംസാരിച്ചതിന്‍ ഫലമായി അവസാനം വാതില്‍തുറന്നു. ഹുയയ്യ് പറഞ്ഞു: ഞാന്‍ വന്നിരിക്കുന്നത് കാലത്തിന്റെ പ്രതാപവും സമ്പന്നമായ പാരാവാരവുമായിട്ടാണ്. ഖുറൈശി നേതാക്കളെകൊണ്ട് വന്ന ഞാന്‍ അത് അസ്യാലിനു സമീപവും ഗത്വ്ഫാന്‍ നേതാക്കളെ ഉഹ്ദിന്റെ സമീപവും ഒരുക്കിനിര്‍ത്തിയിരിക്കുന്നു. മുഹമ്മദിനെയും അനുയായികളെയും അടിയോടെ പിഴുതെറിയാതെ തിരിച്ചുപോവുകയില്ലെന്ന് അവര്‍ എന്നോടു ദൃഢപ്രതിജ്ഞ ചെയ്തിരിക്കുന്നു.” അപ്പോള്‍ കഅബ് പ്രതികരിച്ചു: ‘നീ വന്നിരിക്കുന്നത് കാലത്തിന്റെ നിന്ദ്യതയും പെയ്‌തൊഴിഞ്ഞ മേഘങ്ങളുമായിട്ടാണ്. ഇപ്പോഴും ഇടിയും മിന്നലുമുണ്ടെങ്കിലും ഒന്നും ഇനി അവശേഷിക്കുന്നില്ല. ഹുയയ് നിനക്ക് നാശം! എന്നെ എന്റെ പാട്ടിനുവിടുക. ഞാന്‍ മുഹമ്മദില്‍നിന്ന് കരാര്‍ പാലനവും സത്യസന്ധതയുമല്ലാതെ കണ്ടിട്ടില്ല.”

ദീര്‍ഘനേരത്തെ സംഭാഷണത്തിനുശേഷം കഅബ് തീരുമാനം മാറ്റി. ഹുയയിന്റെ പക്ഷം ചേര്‍ന്നു. ഇതിനായി ഹുയയ് അല്ലാഹുവിന്റെ പേരില്‍ കഅബിനോടു പ്രതിജ്ഞ ചെയ്തു. ‘മുഹമ്മദിനെ പിടികൂടാനാകാതെ ഖുറൈശികളും ഗത്വ്ഫാന്‍കാരും തിരിച്ചുപോകുന്നപക്ഷം ഞാന്‍ താങ്കളുടെ കൂടെ കോട്ടയില്‍ പ്രവേശിക്കുകയും എന്നിട്ട് താങ്കള്‍ക്ക് വരുന്നതെല്ലാം ഞാനും അനുഭവിക്കുന്നതുമാണ്”. ഇതോടെ മുസ്ലിംകളുമായി കരാര്‍ ലംഘിച്ച് കഅബ് ബഹുദൈവാരാധകരുടെ പക്ഷം ചേര്‍ന്നു.
ബനൂ ഖുറൈളക്കാര്‍ യുദ്ധത്തില്‍ പങ്കുചേരുക തന്നെ ചെയ്തു. ഇബ്‌നു ഇസ്ഹാഖ് രേഖപ്പെടുത്തുന്നു: ‘അബ്ദുല്‍ മുത്വലിബിന്റെ പുത്രി സ്വഫിയ്യ ഫാരിഇല്‍ ഹസ്സാന്‍ബിന്‍ ഥാബിതിന്റെ ഫാരിഅ്11 കോട്ടയിലായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയുംകൂടെ ഹസ്സാനുമുണ്ടായിരുന്നു അവിടെ. ഇതിനിടക്ക് ഖുറൈളക്കാര്‍ പ്രവാചകനുമായി കരാര്‍ ലംഘിച്ചു യുദ്ധത്തില്‍ പങ്കു ചേര്‍ന്നതുകാരണം അതില്‍ പെട്ട ഒരു ജൂതന്‍ കോട്ടക്ക് ചുറ്റും കറങ്ങി നടക്കുന്നതു സ്വഫിയ്യയുടെ ദൃഷ്ടിയില്‍പെട്ടു. പ്രവാചകനും അനുയായികളും ശത്രുമുഖത്തായിരുന്നതിനാല്‍ കടന്നുവരുന്നവരെ പ്രതിരോധിക്കാന്‍ ആരുമുണ്ടായിരുന്നില്ല. സ്വഫിയ്യ ഹസ്സാനോടു പറഞ്ഞു: ‘ഹസ്സാന്‍! നോക്കൂ ഈ ജൂതന്‍ നമ്മുടെ രഹസ്യങ്ങള്‍ ചോര്‍ത്തി ജൂതര്‍ക്ക് കൈമാറാന്‍ വന്നതാണ്. അവന്‍ നമ്മുടെ കോട്ടക്ക് ചുറ്റി നടക്കുന്നത് നീ കാണുന്നില്ലേ? റസൂലും അനുയായികളും യുദ്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതിനാല്‍ താങ്കള്‍ ഇറങ്ങിച്ചെന്ന് അവന്റെ കഥകഴിക്കൂ”. അപ്പോള്‍ ഹസ്സാന്‍ പറഞ്ഞു: ‘അല്ലാഹു പൊറുക്കട്ടെ, എനിക്കതിന് കഴിയില്ലല്ലോ!’ ഇതു കേട്ടപ്പോള്‍ സ്വഫിയ്യ വസ്ത്രം മുറുക്കിയുടുത്ത് ഒരു തടിക്കഷ്ണമെടുത്തുകൊണ്ട് കോട്ടയില്‍നിന്ന് താഴെയിറങ്ങി അയാളെ അതുകൊണ്ട് അടിച്ചുകൊന്നു. എന്നിട്ട് കോട്ടയിലേക്കുതന്നെ മടങ്ങിവന്നു. എന്നിട്ട് ഹസ്സാനോടു പറഞ്ഞു: ‘ഹസ്സാന്‍ ഇറങ്ങിച്ചെന്ന് അവന്റെ കൈവശമുള്ളതെല്ലാം എടുത്തുകൊണ്ടുവരൂ. ഒരു പുരുഷ ശരീരമായതുകൊണ്ടാണ് എനിക്ക് പ്രയാസം.” ഹസ്സാന്‍ പറഞ്ഞു: ‘അതെടുത്തുകൊണ്ടുവരേണ്ട ഒരാവശ്യവും എനിക്കില്ല”. സ്വഫിയ്യയുടെ ഈ പ്രവൃത്തിക്ക് ദൂരവ്യാപകമായ ഫലമാണുളവായത്. ഈ കോട്ടകളെല്ലാം മുസ്ലിംകളുടെ പ്രതിരോധനിരകളാണെന്ന ധാരണയില്‍ രണ്ടാമതൊരിക്കല്‍കൂടി അവിടേക്ക് പ്രവേശിക്കാന്‍ ജൂതര്‍ ധൈര്യപ്പെട്ടില്ല. അവര്‍ മുസ്ലിംകള്‍ക്കെതിരില്‍ ബഹുദൈവാരാധകരോടൊപ്പം കക്ഷി ചേര്‍ന്നിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്താനാവശ്യമായ പ്രവൃത്തികളിലേര്‍പ്പെടുകയാണ് ചെയ്തത്.

ബനൂഖുറൈള കരാര്‍ ലംഘിച്ച വിവരം പ്രവാചകനും അനുയായികള്‍ക്കും ലഭിച്ചു. ഉടനെത്തന്നെ വാര്‍ത്ത സ്ഥിരീകരിക്കാനായി സഅദ്ബിന്‍ മുആദ്, സഅദ്ബിന്‍ ഉബാദ, അബ്ദുല്ലാഹിബിന്‍ റവാഹ, ഖുവാത്ബിന്‍ ജുബൈര്‍ എന്നിവരെ പ്രവാചകന്‍ അങ്ങോട്ടയച്ചു. അവരോടു നിര്‍ദേശിച്ചു: ‘നിങ്ങള്‍ ചെന്ന് നോക്കുക, വാര്‍ത്ത ശരിയാണെങ്കില്‍ സ്വകാര്യമായി വെക്കുക. മറിച്ചാണെങ്കില്‍ ഉറക്കെ ജനങ്ങള്‍ക്കിടയില്‍ വിളിച്ചു പറയുകയും ചെയ്യുക” അവര്‍ അവിടെയെത്തിയപ്പോള്‍ സ്ഥിതിഗതികള്‍ ആകെ വഷളായതായി അവര്‍ കണ്ടു. ജൂതര്‍ അധിക്ഷേപവര്‍ഷംതന്നെ ചെന്നവര്‍ക്കെതിരില്‍ ചൊരിഞ്ഞു. പ്രവാചകനെയും അവര്‍ വെറുതെവിട്ടില്ല. അവര്‍ ചോദിച്ചു: ‘ആരാണ് അല്ലാഹുവിന്റെ ദൂതന്‍? ഞങ്ങള്‍ക്ക് മുഹമ്മദുമായി ഒരു കരാറുമില്ല’. ഇവര്‍ തിരിച്ചുചെന്ന് രഹസ്യമായി പ്രവാചകനെ വിവരം ധരിപ്പിച്ചു. എന്നിട്ട് പറഞ്ഞു: ഇത് റജീഅ് സംഭവത്തിലെ അളല്‍, ഖാറ പ്രദേശത്തുകാര്‍ ചെയ്തതുപോലുള്ള ചതിയാണ്.
കാര്യം വളരെ രഹസ്യമായി വെക്കാന്‍ ശ്രമിച്ചെങ്കിലും സംഗതി പരസ്യമായി. അതോടെ മുസ്ലിംകള്‍ക്കുമുമ്പില്‍ ഭീതിയും ഭീകരതയും മൂര്‍ത്തരൂപം പൂണ്ടുവന്നു. മുസ്ലിംകളെ സംബന്ധിച്ച് ഏറെ പ്രയാസകരമായ ഒരു ഘട്ടമായിരുന്നു അത്. ബനൂ ഖുറൈള പിന്നിലൂടെ മുസ്ലിംകളെ അക്രമിക്കുന്നത് തടയുന്ന യാതൊരു തടസ്സവും അവര്‍ക്കിടയിലുണ്ടായിരുന്നില്ല. മുന്നിലാകട്ടെ, സന്നാഹങ്ങളോടെ എത്തിച്ചേര്‍ന്ന വന്‍ സൈന്യം! അവരില്‍നിന്ന് ശ്രദ്ധതിരിക്കുവാന്‍ മുസ്ലിംകള്‍ക്കാകുമായിരുന്നില്ല. മുസ്ലിം സ്ത്രീകളും കുട്ടികളും വഞ്ചകരായ ജൂതര്‍ക്ക് തൊട്ടടുത്തും. എല്ലാംകൊണ്ടും മുസ്ലിംകളുടെ അവസ്ഥ അല്ലാഹു പരാമര്‍ശിച്ചതുപോലെ:

‘നിങ്ങളുടെ മുകള്‍ഭാഗത്തുകൂടിയും നിങ്ങളുടെ താഴ്ഭാഗത്തുകൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോവുകയും ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ചുപോവുകയും ചെയ്തിരുന്ന സന്ദര്‍ഭം. അവിടെവെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു”(33:10,11). ചില കപടന്മാര്‍ പറഞ്ഞു: ‘മുഹമ്മദ് നമുക്ക് കിസ്‌റയുടേയും കൈസറിന്റെയും നിധികുംഭങ്ങള്‍ വാഗ്ദാനം ചെയ്തിട്ട് നമുക്കിപ്പോള്‍ മലമൂത്ര വിസര്‍ജനത്തിനു പുറത്തുപോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്”. വേറെ ചിലര്‍ അവരുടെ ജനങ്ങള്‍ക്കിടയില്‍ പ്രഖ്യാപിച്ചു. ‘ഞങ്ങളുടെ വീടുകള്‍ മദീനക്ക് പുറത്ത് അരക്ഷിതാവസ്ഥയിലാണുള്ളത് അതിനാല്‍ ഞങ്ങള്‍ക്ക് മടങ്ങാന്‍ അനുമതിവേണം.’ ബനൂസലമഗോത്രം പിരിഞ്ഞുപോകാന്‍ തന്നെ തീരുമാനിച്ചു. ഇവരെ പറ്റിയാണ് അല്ലാഹു പരാമര്‍ശിക്കുന്നത്: ‘നമ്മോട് അല്ലാഹുവും അവന്റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപട വിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം. ‘യഥ്രിബുകാരേ! നിങ്ങള്‍ക്ക് നില്ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ’ എന്ന് അവരില്‍ ഒരുവിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞുകൊണ്ട് അവരില്‍ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാന്‍) നബിയോടു അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്നുമാത്രം”.(33:12,13)

ബനൂഖുറൈളയുടെ വഞ്ചനാ വാര്‍ത്ത പ്രവാചകനെത്തിയപ്പോള്‍ അവിടുന്ന് തന്റെ വസ്ത്രം കൊണ്ട് പൊതിഞ്ഞ് അല്‍പനേരംകിടന്നു. അതോടെ പരീക്ഷണം കഠിനമാവുകയും ചെയ്തു. തുടര്‍ന്ന് പ്രതീക്ഷയുടെ കിരണങ്ങള്‍ അദ്ദേഹത്തെ പൊതിഞ്ഞു അവിടുന്നു എഴുന്നേറ്റു പ്രഖ്യാപിച്ചു: ‘അല്ലാഹു അക്ബര്‍! മുസ്ലിംകളെ സന്തോഷിക്കുക. അല്ലാഹുവിന്റെ സഹായവും വിജയവും ഇതാ വന്നിരിക്കുന്നു’ തുടര്‍ന്നദ്ദേഹം ഈ പ്രതികൂല സാഹചര്യം തരണം ചെയ്യാനാവശ്യമായ നീക്കങ്ങള്‍ നടത്തി. ഇതിന്റെ ഭാഗമായി സ്ത്രീകളും കുട്ടികളും താമസിക്കുന്നിടത്ത് പെട്ടെന്ന് ആക്രമണം നടക്കാതിരിക്കാന്‍ കാവല്‍ക്കാരെ അയച്ചു. പക്ഷേ, സഖ്യകക്ഷികളെ തകര്‍ത്തുകളയുന്ന ഒരു നിര്‍ണായകമുന്നേറ്റമാവശ്യമാണ്. ഇത് സാക്ഷാല്‍ക്കരിക്കേണ്ടതിനായി ഗത്വ്ഫാന്‍ നേതാക്കളായ ഉയയ്‌നബിന്‍ ഹിസ്വ്‌നിനോടും ഹാരിഥ് ബിന്‍ ഔഫിനോടും മദീനയിലെ ഫലങ്ങളുടെ മൂന്നില്‍ ഒന്ന് നല്കി സന്ധിയിലേര്‍പ്പെട്ടു തിരിച്ചയച്ചാലോ എന്നദ്ദേഹം ആലോചിച്ചു. പിന്നീട്, മുമ്പ് പല തവണ ഏറ്റുമുട്ടി. ഖുറൈശികള്‍ മാത്രമേ മുന്നണിയില്‍ അവശേഷിക്കുകയുള്ളു. ഇതിന്റെയടിസ്ഥാനത്തില്‍ പ്രവാചകന്‍ സഅദ്ബിന്‍ മുആദിനോടും സഅദ്ബിന്‍ ഉബാദയോടും കൂടിയാലോചിച്ചു. അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ! താങ്കളീ പറഞ്ഞത് അല്ലാഹുവിന്റെ കല്‍പനയാണെങ്കില്‍ ഞങ്ങള്‍ സര്‍വാത്മനാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഇനി ഞങ്ങള്‍ക്കു വേണ്ടിയാണ് അങ്ങിതു ചെയ്യുന്നതെങ്കില്‍ ഞങ്ങള്‍ക്കിതാവശ്യമില്ല. ഞങ്ങളും ഇവരും വിഗ്രഹപൂജയിലും ബഹുദൈവാരാധനയിലും കഴിഞ്ഞിരുന്ന കാലത്ത് ഇവര്‍ക്ക് ഞങ്ങളുടെ ഫലങ്ങള്‍ ഭുജിക്കാന്‍ കഴിഞ്ഞിട്ടില്ല. വല്ല സല്‍ക്കാരത്തിലോ കച്ചവടം വഴിയോ അല്ലാതെ. ഇന്നിപ്പോള്‍ ഇസ്ലാം കൊണ്ട് ഞങ്ങളെ അല്ലാഹു അനുഗ്രഹിച്ച ഈ സന്ദര്‍ഭത്തില്‍ ഞങ്ങളുടെ ധനം നാം അവര്‍ക്ക് നല്കുകയോ? ‘ഇല്ല, ഒരിക്കലുമില്ല. ഖഡ്ഗമല്ലാതെ അവര്‍ക്ക് ഒന്നും നല്കില്ല.’ പ്രവാചകന്‍ അവരുടെ അഭിപ്രായം ശരിവെച്ചു. അവിടുന്നു പറഞ്ഞു: ‘അറബികള്‍ ഒന്നടങ്കം ഒരുമിച്ച് നിങ്ങള്‍ക്കെതിരെ ആക്രമിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞുവെന്നേയുള്ളൂ.’

യുദ്ധതന്ത്രം
പക്ഷേ അല്ലാഹു ശത്രുക്കളെ പരാജയപ്പെടുത്തിയ ഒരു തന്ത്രം ആവിഷ്‌കരിച്ചു. ഗത്വ്ഫാന്‍കാരനായ നുഐംബിന്‍ മസ്ഊദ്ബിന്‍ ആമിര്‍ അല്‍ അസ്ജഇ പ്രവാചകനെ സമീപിച്ചു പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരെ ഞാന്‍ ഇസ്ലാം ആശ്‌ളേഷിച്ചിട്ടുണ്ട്. പക്ഷേ എന്റെ ജനതയ്ക്കത് അറിയില്ല. ശത്രുക്കള്‍ക്കെതിരില്‍ ഞാന്‍ എന്തു ചെയ്യണമെന്ന് അങ്ങ് കല്പിച്ചാലും’. പ്രവാചകന്‍ പറഞ്ഞു: ‘നീ ഒരാളല്ലേയുള്ളൂ നിനക്കാവുന്ന തന്ത്രങ്ങളാവിഷ്‌കരിക്കുക. യുദ്ധം ഒരു തന്ത്രമാണ്. ഉടനെ അദ്ദേഹം ഖുറൈളാ ഗോത്രത്തെ സമീപിച്ചു സ്‌നേഹപൂര്‍വം പറഞ്ഞു: ‘എനിക്ക് നിങ്ങളോടുള്ള സ്‌നേഹവും നിങ്ങളുടെ കാര്യത്തിലുള്ള താല്പര്യവും നിങ്ങള്‍ക്കറിയാമല്ലോ.’ അവര്‍ പറഞ്ഞു: ‘അതെ, തീര്‍ച്ചയായും’ അദ്ദേഹം പറഞ്ഞു; ‘ഖുറൈശികള്‍ ഒരിക്കലും നിങ്ങളെപ്പോലെയല്ല. ഈ നാട് നിങ്ങളുടെ നാടാണ്. നിങ്ങളുടെ സമ്പത്തും സന്താനങ്ങളും സഹധര്‍മിണികളും ഇവിടെയാണുള്ളത്. ഇവിടം വിട്ട് പോവാന്‍ ഒരിക്കലും നിങ്ങള്‍ക്കാവില്ല. ഖുറൈശും ഗത്വ്ഫാനും മുഹമ്മദിനോട് യുദ്ധം ചെയ്യാനായി വന്നവരാണ്. നിങ്ങളവരെ സഹായിക്കാമെന്നുമേറ്റു. അവരുടെ നാടുംവീടും സമ്പത്തുമെല്ലാം മറ്റൊരിടത്താണ്. അവര്‍ സന്ദര്‍ഭമിണങ്ങിയാല്‍ യുദ്ധം ചെയ്യും ഇല്ലെങ്കില്‍ നിങ്ങളെയും മുഹമ്മദിനെയും ഇവിടെ വിട്ടേച്ചു അവര്‍ തിരിച്ചുപോകും. അതോടെ മുഹമ്മദും കൂട്ടുകാരും നിങ്ങളോട് പ്രതികാരം ചെയ്യും’ അവര്‍ ചോദിച്ചു: ‘ഞങ്ങള്‍ എന്തു ചെയ്യണമെന്നാണ് നീ പറയുന്നത് നുഐം?’ അദ്ദേഹം പറഞ്ഞു: ‘ആള്‍ ജാമ്യം തരുന്നതുവരെ നിങ്ങളവരോടൊപ്പം യുദ്ധത്തില്‍ പങ്കുചേരരുത്.’ അവര്‍ ഇതൊരു ശരിയായ അഭിപ്രായമായാണ് കണ്ടത്.
തുടര്‍ന്ന് നൂഐം ക്വുറൈശികളെ സമീപിച്ചു പറഞ്ഞു: ‘നിങ്ങളോടുള്ള എന്റെ സ്‌നേഹവും ഗുണകാംക്ഷയുമറിയാമല്ലോ?’ അവര്‍: അതെ. അദ്ദേഹം പറഞ്ഞുതുടങ്ങി: ‘മുഹമ്മദിനോടും അനുയായികളോടും കരാര്‍ ലംഘിച്ചതില്‍ ജൂതന്മാര്‍ ഇപ്പോള്‍ ദു:ഖത്തിലാണ്. അവര്‍ നിങ്ങളോട് ആള്‍ജാമ്യം വാങ്ങി മുഹമ്മദിനു നല്കിയ കരാര്‍ പുതുക്കാന്‍ ഉദ്ദേശിക്കുന്നു. അതിനാല്‍ അവര്‍ ജാമ്യം ചോദിച്ചാല്‍ ഒരിക്കലും നല്കിപ്പോകരുത്!’ തുടര്‍ന്ന് നുഐം ഗത്വ്ഫാന്‍കാരെ സമീപിച്ചും ഇതുപോലെത്തന്നെ പറഞ്ഞു:

ഹിജ്‌റ 5ന് ശവ്വാല്‍മാസം വെള്ളിയാഴ്ച രാത്രി ഖുറൈശികള്‍ ജൂതന്മാരുടെ അടുക്കലേക്ക് മുഹമ്മദിനെതിരെ യുദ്ധം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആളെ അയച്ചു. ശനിയാഴ്ച ശബ്ബത്ത് ആയതിനാല്‍ യുദ്ധം ചെയ്യാന്‍ പറ്റില്ലെന്ന് അവര്‍ മറുപടി പറഞ്ഞു. പൂര്‍വീകര്‍ക്ക് നാശമുണ്ടായതെല്ലാം ശബ്ബത്തിന്റെ പവിത്രത ലംഘിച്ചതാണ്. കൂടാതെ, നിങ്ങള്‍ ഞങ്ങള്‍ക്കു ആള്‍ ജാമ്യം നല്കാതെ നിങ്ങളോടൊപ്പം യുദ്ധത്തില്‍ പങ്കെടുക്കുന്ന പ്രശ്‌നമേയില്ലെന്നും അവര്‍ അറിയിച്ചു. ജൂതന്മാര്‍ തിരിച്ചുചെന്നപ്പോള്‍ ക്വുറൈശും ഗത്വ്ഫാനും പറഞ്ഞു: ‘നുഐം പറഞ്ഞത് തികച്ചും സത്യം തന്നെ’. അവര്‍ വീണ്ടും ജൂതന്മാരുടെ അടുക്കലേക്ക് ആരേയും ജാമ്യം തരില്ല എന്നറിയിച്ചുകൊണ്ട് ആളെ അയച്ചു. അപ്പോള്‍ ഖുറൈള പറഞ്ഞു: നുഐം പറഞ്ഞത് വളരെ സത്യമാണ്. അതോടെ ഇരുകക്ഷികളും തമ്മില്‍ തെറ്റിപ്പിരിഞ്ഞു. നുഐമിന്റെ ദൌത്യം വിജയിക്കുകയും ചെയ്തു.

മുസ്ലിംകള്‍ പ്രാര്‍ഥനയില്‍ മുഴുകി ‘അല്ലാഹുവേ! ഞങ്ങളുടെ വീടും കുടുംബവും നീ സംരക്ഷിക്കണേ’. പ്രവാചകന്‍ സഖ്യകക്ഷികള്‍ക്കെതിരെ പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ! വേദഗ്രന്ഥം അവതരിപ്പിച്ച നാഥാ! വേഗം വിചാരണ നടത്തുന്ന നാഥാ! സഖ്യകക്ഷികളെ തുരത്തണമേ! അല്ലാഹുവേ അവരെ പരാജയപ്പെടുത്തുകയും വിറപ്പിക്കുകയും ചെയ്യണമേ!”

പ്രവാചകന്റെയും മുസ്ലിംകളുടെയും പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. നേരത്തെ ഭിന്നിപ്പു തുടങ്ങിയ സൈന്യത്തിന് നേരെ അല്ലാഹു ശക്തിയായി ശീതക്കാറ്റ് വീശി. അതവരുടെ തമ്പുകള്‍ പിഴുതെറിഞ്ഞു! പാത്രങ്ങളും സാധനങ്ങളും അന്തരീക്ഷത്തില്‍ പാറിനടന്നു! അവര്‍ക്ക് ഭൂമിയില്‍ പിടിച്ചുനില്ക്കാന്‍ കഴിയാതായി. അവരുടെ ഹൃദയങ്ങളില്‍ ഭീതിനിറച്ചു. പിടിച്ചുകുലുക്കുന്ന മലക്കുകളെയും അല്ലാഹു അവര്‍ക്ക് നേരെ നിയോഗിച്ചു.

കൊടും തണുപ്പ് ഉറഞ്ഞുകൂടിയ ആ കരാളരാത്രിയില്‍ ശത്രുക്കളുടെ വിവരങ്ങളറിഞ്ഞുവരാന്‍ പ്രവാചകന്‍ ഹുദൈഫത്തുല്‍ യമാനെ നിയോഗിച്ചു. അദ്ദേഹം ചെന്നുനോക്കുമ്പോള്‍ അവര്‍ തിരിച്ചുപോക്കിനു ഒരുക്കം കൂട്ടുന്നു! ഹുദൈഫ തിരിച്ചുവന്നു പ്രവാചകനോടു വിവരം പറഞ്ഞു. അല്ലാഹു പ്രവാചകനെയും അനുയായികളെയും സഹായിച്ചു. തന്റെ വാഗ്ദത്തം പൂര്‍ത്തീകരിച്ചു. തന്റെ സൈന്യത്തെ വിജയിപ്പിക്കുകയും സഖ്യകക്ഷികളെ ഏകനായി പരാജയപ്പെടുത്തുകയും ചെയ്തു.

ഏറ്റവും ശരിയായ അഭിപ്രായമനുസരിച്ച് ഖന്‍ദഖ് യുദ്ധം നടന്നത് ഹിജ്‌റ അഞ്ചാം വര്‍ഷം ശവ്വാലിലാണ്. ഒരു മാസക്കാലം ശത്രുക്കള്‍ മുസ്ലിംകളെ ഉപരോധിച്ചു. ശവ്വാലില്‍ ആരംഭിച്ചു ദുല്‍ഖഅദയില്‍ അവസാനിച്ചു. ഇബ്‌നു സഅദ് രേഖപ്പെടുത്തിയതനുസരിച്ച് ദുല്‍ഖഅദയില്‍ ഏഴു ദിവസം ബാക്കിനില്‌ക്കെ ബുധനാഴ്ചയാണ് പ്രവാചകന്‍ ഖന്‍ദഖ് വിട്ടത്.

ഖന്‍ദഖ്, ശക്തിയായ ഏറ്റുമുട്ടലുകളൊന്നുമില്ലാതെ മുസ്ലിംകള്‍ വിജയം കൊയ്ത യുദ്ധമാണ്. ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന യുദ്ധം. ഇത്, അറബികളുടെ ഏത് വന്‍ ശക്തിക്കും മദീനയില്‍ വേരുപിടിച്ചുവരുന്ന നവ ശക്തിയെ പിഴുതെറിയാന്‍ ഒരു വിധേനയും സാധ്യമാവുകയില്ലായെന്ന് തെളിയിക്കുന്നതായിരുന്നു. കാരണം ഇതിലും വലിയ ഒരു സന്നാഹം അറബികള്‍ക്ക് ഇനി ഒരുക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് യുദ്ധാനന്തരം പ്രവാചകന്‍ പ്രഖ്യാപിച്ചത്: ‘ഇനി നാം അവരോടു യുദ്ധം ചെയ്യും അവര്‍ ഇങ്ങോട്ട് യുദ്ധം ചെയ്യില്ല. നാം അവരിലേക്ക് അങ്ങോട്ട് ചെല്ലുകയായിരിക്കും ഇനി.”

You may also like