ജീവചരിത്രം

അറേബ്യ: പ്രവാചകനു മുമ്പ്

Spread the love

ഭൂമിശാസ്ത്രം
വിശാലമായ മണല്‍പ്പരപ്പും മൊട്ടക്കുന്നുകളും നിറഞ്ഞതായിരുന്നു അന്നത്തെ അറേബ്യ. ജലശൂന്യമായ വരണ്ട പ്രദേശം. ജലം ലഭ്യമായ ചില പ്രദേശങ്ങളില്‍ സസ്യങ്ങള്‍ വളര്‍ന്നിരുന്നു. അവിടെയായിരുന്നു ജനങ്ങള്‍ അധികവും താമസിച്ചിരുന്നത്. ഇത്തരം മരുപ്പച്ചകള്‍ ജനങ്ങളുടെ ആശ്വാസകേന്ദ്രമായിരുന്നു.
 
മക്കയും കഅ്ബയും
അറേബ്യയില്‍ മക്കയ്ക്കു സുപ്രധാനസ്ഥാനമാണ് ഉണ്ടായിരുന്നത്. മക്കയില്‍ അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം ഇബ്രാഹീം നബിയും മകന്‍ ഇസ്മാഈല്‍ നബിയും പടുത്തുയര്‍ത്തിയ കഅ്ബ സ്ഥിതിചെയ്തിരുന്നു. കഅ്ബക്ക് അറബികളില്‍ വലിയ സ്ഥാനമാണുണ്ടായിരുന്നത്.ഇസ്മാഈല്‍ നബിയുടെ സന്താനപരമ്പരയില്‍ പെട്ട ഖുറൈശീഗോത്രത്തിന്റെ സംരക്ഷണത്തിലായിരുന്നു കഅ്ബ.
 
സാമൂഹ്യരംഗം
അറബികള്‍ പല ഗോത്രങ്ങളായി താമസിച്ചു. ഗോത്രങ്ങള്‍ തമ്മില്‍ നിരന്തരം കലഹിച്ചിരുന്നു. അക്രമവും കൊള്ളയും സര്‍വ്വസാധാരണമായിരുന്നു. ഒറ്റക്ക് യാത്രചെയ്യുവാന്‍ ജനങ്ങള്‍ ഭയപ്പെട്ടിരുന്നു. അതിനാല്‍ സുരക്ഷിതത്വത്തിന് സംഘങ്ങളായാണ് അവര്‍ യാത്ര ചെയ്തിരുന്നത്. ഒരു ഏകീകൃത ഭരണമോ നിയമമോ അന്ന് നിലവിലുണ്ടായിരുന്നില്ല. കൈയ്യൂക്കുള്ളവര്‍ കാര്യക്കാര്‍ എന്ന നിലയില്‍ കാര്യങ്ങള്‍ നടന്നതിനാല്‍ സാധാരണക്കാരും ദുര്‍ബലരും പലപ്പോഴും മര്‍ദ്ദനപീഡനങ്ങള്‍ക്ക് വിധേയരായിരുന്നു. മനുഷ്യരെ അടിമകളാക്കി പണിയെടുപ്പിക്കുന്ന സമ്പ്രദായവും നിലവിലുണ്ടായിരുന്നു.
 
സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം കല്‍പിച്ചിരുന്നില്ല. ഒരു പുരുഷന് എത്രഭാര്യമാരെ വേണമെങ്കിലും സ്വീകരിക്കാമായിരുന്നു. ബഹുഭര്‍തൃത്വവും നിലവിലുണ്ടായിരുന്നു. വ്യഭിചാരം പോലുള്ള ദുര്‍വൃത്തികള്‍ തെറ്റായി പരിഗണിച്ചിരുന്നില്ല. മദ്യപാനവും ചൂതാട്ടവും സര്‍വസാധാരണമായിരുന്നു. ചില ഗോത്രക്കാര്‍ പെണ്‍കുട്ടികള്‍ ജനിക്കുന്നതുതന്നെ കുടുംബത്തിനും സമൂഹത്തിനും അപമാനമായി കരുതിയിരുന്നു. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുവാന്‍ പോലും അവര്‍ മടിച്ചിരുന്നില്ല. ദാരിദ്ര്യം ഭയന്നും കുട്ടികളെ അവര്‍ വധിച്ചിരുന്നു.
 
സാധാരണജനങ്ങളില്‍ എഴുത്തും വായനയും പ്രചരിച്ചിരുന്നില്ല. അക്ഷരാഭ്യാസമുള്ളവര്‍ വളരെ കുറവായിരുന്നു. എങ്കിലും അവരുടെ ഭാഷയായ അറബി വളരെ സമ്പന്നവും സമ്പുഷ്ടവുമായിരുന്നു. അവരുടെ സാഹിത്യം ജനങ്ങളുടെ മനസ്സിലും ചുണ്ടിലും നിറഞ്ഞിരുന്നു. അക്കാലത്തെ അറബിക്കവിതകള്‍ മഹത്തായ സാഹിത്യസൃഷ്ടികളായി ഇന്നും കണക്കാക്കുന്നു. ഗഹനമായ ആശയങ്ങളെ ഉള്‍ക്കൊള്ളാനും അത് മനുഷ്യഹൃദയങ്ങളില്‍ ചലനങ്ങള്‍ ഉണ്ടാക്കും വിധം അവതരിപ്പിക്കുവാനും അനുയോജ്യമാണ് അറബി ഭാഷ.
 
സാമ്പത്തികരംഗം
ജനങ്ങളില്‍ നല്ലൊരു വിഭാഗം നാട്ടിന്‍ പുറങ്ങളില്‍ അലഞ്ഞു നടന്ന് ജീവിക്കുന്ന ബദു(നാടോടികള്‍)ക്കളായിരുന്നു. അവരുടെ പ്രധാന ജീവിതമാര്‍ഗം ഒട്ടകങ്ങളെയും കന്നുകാലികളെയും വളര്‍ത്തലായിരുന്നു. മരുപ്പച്ചകളില്‍ ഈത്തപ്പന, മുന്തിരി തുടങ്ങിയവയുടെ തോട്ടങ്ങളുണ്ടായിരുന്നു. കൃഷിക്കാരുടെ നഗരം എന്നാണ് മദീന  അറിയപ്പെട്ടത്. നഗരങ്ങളില്‍ മുഖ്യതൊഴില്‍ കച്ചവടമായിരുന്നു. മക്കയിലൂടെ കടന്നുപോകുന്ന കച്ചവടസംഘങ്ങളില്‍നിന്നും നികുതി ഈടാക്കിയിരുന്നു. മക്കയും ത്വാഇഫും പ്രധാന വ്യാപാരകേന്ദ്രങ്ങളായിരുന്നു. അവിടെ പലിശവ്യാപാരം നടത്തുന്നവരും ഊഹക്കച്ചവടക്കാരും വന്‍വ്യവസായികളുമുണ്ടായിരുന്നു. അറേബ്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന യമന്‍, വടക്കുഭാഗത്തുള്ള സിറിയ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കച്ചവടയാത്രകള്‍ പതിവായിരുന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തിനും യൂറോപ്യന്‍ നാടുകള്‍ക്കുമിടയില്‍ നടന്നിരുന്ന വ്യാപാരത്തെ ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു അറേബ്യ.
 
മതരംഗം
ബഹുദൈവ വിശ്വാസികളും വിഗ്രഹാരാധകരുമായിരുന്നു അറബികള്‍. ലാത്ത, ഉസ്സ, മനാത്ത, ഹുബ്ല്! തുടങ്ങിയ നിരവധി വിഗ്രഹങ്ങളെ അവര്‍ ആരാധിച്ചിരുന്നു. ഓരോ ഗോത്രത്തിനും പ്രത്യേകം കുലദൈവങ്ങളുണ്ടായിരുന്നു. കഅ്ബയില്‍ മുന്നൂറിലധികം വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, പ്രകൃതി ശക്തികള്‍ തുടങ്ങിയവയെല്ലാം ഇവരുടെ ആരാധനാ മൂര്‍ത്തികളായിരുന്നു. അറേബ്യന്‍ ജനത പൊതുവെ വിഗ്രഹാരാധകരായിരുന്നുവെങ്കിലും ഇബ്രാഹീം നബി പഠിപ്പിച്ച ഏകദൈവവിശ്വാസം നിലനിര്‍ത്തിപ്പോന്ന അപൂര്‍വ്വം ആളുകള്‍ അങ്ങുമിങ്ങും കാണപ്പെട്ടിരുന്നു. ഇവര്‍ ഹനീഫിയ്യ എന്നാണറിയപ്പെട്ടിരുന്നത്. യമന്‍ പ്രദേശങ്ങളില്‍ ക്രിസ്തുമത വിശ്വാസികളും മദീന ഖൈബര്‍ തുടങ്ങിയ നാടുകളില്‍ ചില ജൂതഗോത്രങ്ങളും വസിച്ചിരുന്നു.
 
പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു പരാശക്തിയെപ്പറ്റി അറബികള്‍ക്കറിയാമായിരുന്നു. അതുപോലെ ദൈവാനുഗ്രഹം, ദൈവകോപം, മരണാനന്തര ജീവിതം, മലക്കുകള്‍ എന്നിവയെക്കുറിച്ച് അവര്‍ക്ക് ചില ധാരണകളൊക്കെ ഉണ്ടായിരുന്നു. പക്ഷേ, ഈ ധാരണകളെല്ലാം ബഹുദൈവവിശ്വാസത്തില്‍പ്പെട്ട് മലീമസമായിരുന്നു. അറേബ്യക്കു പുറത്തുള്ള മനുഷ്യരുടെ സ്ഥിതി ഇതില്‍നിന്നും ഭിന്നമായിരുന്നില്ല. ജനങ്ങള്‍ അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും മുഴുകിപ്പോയിരുന്നു. ഒരു പ്രവാചകന്റെ ആഗമനം അനിവാര്യമാകത്തക്കവിധം ലോകജനത മുഴുവന്‍ അന്ധകാരത്തില്‍ ആണ്ടുപോയിരുന്നു.

You may also like