പുസ്തകം

മുഹമ്മദ് റസൂലുള്ള : ഡോ. മുഹമ്മദ് ഹമീദുല്ല

നബി ചരിത്ര ശാഖക്ക് അനൽപ്പമായ സംഭാവനകൾ നൽകിയ ഒട്ടനവധി ചരിത്ര വ്യക്തിത്വങ്ങളും വിഖ്യാതമായ ഒട്ടേറെ സീറ ഗ്രന്ഥങ്ങളും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പിറവി എടുത്തിട്ടുണ്ടെകിലും ഈ രംഗത്ത് ഡോ.ഹമീദുല്ല (1908 -2002) യുടെ സേവനങ്ങൾക്കും അദ്ദേഹത്താൽ വിരചിതമായ കൃതികൾക്കും സവിശേഷ സ്ഥാനമാണുള്ളത്. ആധുനിക കാലത്തെ ‘ഇമാമേ സീറത്ത്’ എന്ന് ഇദ്ദേഹം അറിയപ്പെടുന്നു എന്നത് മാത്രം മതി അദ്ദേഹത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ.

ഡോ. ഹമീദുല്ലയുടെ സീറ സംബന്ധമായ രചനകൾ ഏതെങ്കിലും ഒരു കൃതിയിൽ ഒതുങ്ങുന്നതല്ലെങ്കിലും ഈ രംഗത്തെ അദ്ദേഹത്തിന്റെ വിഖ്യാതമായ കൃതി ‘മുഹമ്മദ് റസൂലുല്ലാഹ് : പൈഗമ്പറെ ഇസ്ലാം’ എന്നതാണ്. ഫ്രാൻസിൽ പ്രബോധന പ്രവർത്തനവുമായി ചെലവിട്ട കാലത്ത് ഇതിന്റെ മൂല കൃതി ഇദ്ദേഹം ഫ്രഞ്ച് ഭാഷയിലാണ് രചിച്ചത്. 1959 ൽ രചിക്കപ്പെട്ട ഫ്രെഞ്ചിലെ മൂലകൃതിയായ ‘പ്രൊഫെറ്റ് ദേ ഇസ്ലാം’ എന്ന ഡോ. ഹമീദുല്ല യുടെ ഈ വിഖ്യാത കൃതിക്ക് പ്രൊഫസർ ഖാലിദ് പർവേസ്, നാസിർ ഹഖ് എന്നിവരെല്ലാം നടത്തിയ ഉറുദു ഭാഷാന്തരമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രസിദ്ധം. പൈഗമ്പറെ അമൻ എന്ന പേരിലും ഇതിന് ഉറുദു ഭാഷാന്തരമുണ്ട്.

ടർക്കിഷ് ഭാഷയിൽ ഭാഷാന്തരം ചെയ്യപ്പെട്ടപ്പോഴും ഈ കൃതി ഏറെ പ്രചാരം നേടിയിരുന്നു. ഇംഗ്ലീഷ് ഭാഷയിലും അദ്ദേഹം ഇതേ സീറ എഴുതിയിട്ടുണ്ട്.
പ്രവാചക ജീവിതത്തിന്റെ പുതിയ കാല വായന എന്ന നിലയിലാണ് ഈ കൃതി പ്രസക്തമാവുന്നത്. 30 ലേറെ വർഷങ്ങൾ നീണ്ട കഠിന പ്രയത്നമാണ് ഡോ. ഹമീദുള്ളയുടെ ഈ കൃതിക്ക് ആധാരം. പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട മിക്ക ഇടങ്ങളും സന്ദർശിക്കുകയും കിട്ടാവുന്നിടത്തോളം പഴയ രേഖകൾ അദ്ദേഹം അന്വേഷിച്ചു കണ്ടെത്തുകയും ചെയ്തു. ഇബ്നു ഇസ്ഹാഖിന്റെ സീറയുടെ മൂല കൃതി അദ്ദേഹം കണ്ടെത്തുകയും അത് തന്റെ അടിക്കുറിപ്പുകളോടെ അറബിയിൽ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തത് മാത്രം മതി ഡോ.ഹമീദുള്ളയുടെ ഗവേഷണ ത്വരയും അതിന്റെ സ്വഭാവവും മനസ്സിലാക്കാൻ. ഇത് കൂടാതെ നൂറ്റാണ്ടുകൾ പഴക്കമുള്ള മറ്റനേകം കൈയെഴുത്ത് പ്രതികളും ഇദ്ദേഹം സ്രോതസ്സായി സ്വീകരിച്ചിട്ടുണ്ട്.

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 8

കൃത്യമായ സ്രോതസുകളിൽ നിന്നാണ് ഡോ.ഹമീദുല്ല ഈ കൃതി രചിച്ചിട്ടുള്ളത് എന്നതിനാൽ തന്നെ വസ്തുനിഷ്ഠമായ ഒരു ചരിത്ര രേഖയാണിത്. കാലങ്ങളായി വിശ്വസിച്ചു പോന്ന പല കാര്യങ്ങളിലും അദ്ദേഹം യുക്തിഭദ്രമായ തരത്തിൽ ഭിന്നാഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. നബിയുടെ ജനന വർഷം, വിവാഹ സമയത്ത് ഖദീജ ബീവിയുടെ പ്രായം എന്നിവ അതിൽ ചിലതാണ്.
തന്റെ കൃതിക്ക് അവലംബിച്ച സ്രോതസ്സുകളെകുറിച്ചു വിവരിച്ചു കൊണ്ടാണ് ഡോ. ഹമീദുല്ല ഈ കൃതി ആരംഭിക്കുന്നത്. പിന്നീട് ഭൂമിശാസ്ത്ര പരമായി പ്രവാചക നിയോഗത്തിന് അറേബ്യാ എന്ന തെരഞ്ഞെടുപ്പിനെ സാധൂകരിക്കുന്ന ചർച്ചകളിലൂടെ പ്രവാചക ജീവിതത്തിലേക്ക് പ്രവേശിക്കുകയും സംഭവങ്ങളിലൂടെ കടന്ന് പോയി ജീവിതത്തിന്റെ ഓരോ ഘട്ടവും വിവരിക്കുകയും ചെയ്യുന്നു. ജീവിത ചക്രം വിവരിക്കുന്നതിനടയിൽ ഈ ഗ്രന്ഥം അതിന്റെ സവിശേഷത പുലർത്തുന്നത് കാണാം. ഇസ്ലാമിലെ സ്ത്രീ, രാഷ്ട്ര നിർമ്മാണം, സൂമൂഹ്യ സൃഷ്ടിപ്പ്, ഭരണഘടന, പോരാട്ടങ്ങളുടെ സാമൂഹ്യ മാനങ്ങൾ, പ്രബോധന രീതികൾ, വിവിധ ഭരണകൂടങ്ങളുമായുള്ള ബന്ധങ്ങൾ എന്നിവയിലൂടെയെല്ലാം ആധികാരിക രേഖകളുടെ പിൻബലത്തോടെ പുസ്തകം കടന്ന് പോവുന്നു.

പ്രവാചക കാലത്ത് നൂറു കണക്കിന് കത്തുകൾ പല നാടുകളിലേക്കും അയച്ചതായി ഡോ. ഹമീദുല്ല നിരീക്ഷിക്കുന്നുണ്ട്. ഇവയുടെ അധികാരികതയിൽ സംശയം പ്രകടിപ്പിച്ചു കൊണ്ടുള്ള ഓറിയന്റലിസ്റ്റുക്കളുടെ  ആരോപണങ്ങളെ അദ്ദേഹം തെളിവുകളോടെ ഈ കൃതിയിൽ റദ്ദ് ചെയ്യുന്നുണ്ട്. ആവരുമായി പല ഘട്ടങ്ങകിൽ തദ്‌വിഷയകമായി നടത്തിയ സംവാദങ്ങൾ ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇസ്ലാമിന് നേരെയുള്ള മറ്റനേകം പാശ്ചാത്യ വിമർശനങ്ങളെയും തന്റെ ഇതര കൃതികളിൽ എന്ന പോലെ ഈ കൃതിയിലും പലയിടത്തായി ഡോ. ഹമീദുല്ല നേരിടുകയും അതിന്റെ നെല്ലും പതിരും വേർതിരിക്കുകയും ചെയ്യുന്നുണ്ട്. സീറ രംഗത്ത് ഒരു അമൂല്യ കൃതിയായി ഇത് ഗണിക്കപ്പെടുന്നതും മറ്റൊന്നും കൊണ്ടല്ല. ഈ കൃതിയുടെ അക്കാദമിക്ക് നിലവാരം വിദ്യാസമ്പന്നരായ നിരവധി പേർക്ക് പ്രവാചക ജീവിതത്തെ അടുത്തറിയാൻ കാരണമായിട്ടുണ്ട്.

ഒരു നേതാവ് എന്ന നിലയിൽ പ്രവാചകരുടെ ജീവിതം എങ്ങനെ രൂപപ്പെടുകയും വികസിക്കപ്പെടുകയും ചെയ്തു എന്നതാണ് ഈ സീറ യിൽ ഡോ. ഹമീദുല്ല സുപ്രധാനമായി ഊന്നൽ കൊടുത്ത മേഖല. ഇസ്ലാമിക സമൂഹവും സംസ്കാരവും വികസിക്കുന്നതിന്റെ സാമൂഹ്യ മാനങ്ങളെ പ്രവാചക ജീവിതം അളവ് കോലാക്കി അദ്ദേഹം ചർച്ച ചെയ്യുന്നു. ഹൃദയത്തെക്കാളുപരി ഈ സീറ നമ്മുടെ ബുദ്ധിയോടാണ് സംവദിക്കുന്നത്. ഈ സീറയിലൂടെ ഡോ.ഹമീദുല്ല നിർവഹിച്ച പ്രബോധന ദൗത്യം ഏറെ ഫലം ചെയ്യുകയുണ്ടായി. 3000 ൽ പരം പേർ അദ്ദേഹത്തിന്റെ കരം പിടിച്ച് ഇസ്ലാമിക വിശ്വാസത്തിലേക്ക് കടന്നതായി പറയപ്പെടുന്നു.

Also read: സീറത്തുന്നബവിയ്യ : സയ്യിദ് അബുൽ ഹസൻ അലി നദ്‌വി

ഹൈദരാബാദിൽ ജനിച്ച ഇദ്ദേഹം യൂറോപ്പിലാണ് പഠനം നടത്തിയതും ജീവിതത്തിന്റെ സിംഹഭാഗം ചെലവിട്ടതും. ഹൈദരാബാദ് ഇന്ത്യൻ യൂണിയനോട് ചേർക്കപ്പെട്ടപ്പോൾ ഫ്രാൻസിലേക്ക് ചേക്കേറിയ ഇദ്ദേഹം തന്റെ മരണം വരെ തന്റെ ഹൈദരാബാദ് പാസ്പോർട്ട് കൈവശം വെച്ചിരുന്നുവത്രെ. പാശ്ചാത്യ ലോകത്ത് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിലും ഇസ്ലാമിക വിജ്ഞാനീയ പ്രസരണ രംഗത്തും അതുല്യമായ സേവനമർപ്പിച്ച ചരിത്ര പുരുഷനായിരുന്നു ഡോ. ഹമീദുല്ല. ഉറുദുവിലും ഇംഗ്ലീഷിലുമായി പ്രവാചക ജീവിതത്തിന്റെ നിഖില മേഖലകളെ സ്പർശിക്കുന്ന നിരവധി കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. പ്രവാചകൻ പങ്കെടുത്ത സായുധ പോരാട്ടങ്ങളെക്കുറിച്ച് ഇദ്ദേഹത്തിന്റെ ആധികാരികമായ ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് ഭാഷയിൽ അദ്ദേഹം എഴുതിയ ഖുർആൻ വ്യാഖ്യാനം ആ ഭാഷയിൽ രചിക്കപ്പെട്ട ഏറ്റവും പ്രയോജനപ്രദമായ ഖുർആൻ പഠനമായി കണക്കാക്കപ്പെടുന്നു. ജർമ്മനയിൽ നിന്ന് ജർമ്മൻ ഭാഷയിൽ ഇസ്ലാമിന് ബൗദ്ധിക വെല്ലുവിളി ഉയർത്തുന്ന ഒരു ഹദീസ് നിരാകാരണ ഗ്രന്ഥം ഇറങ്ങിയപ്പോൾ ജർമ്മൻ ഭാഷ പഠിച്ച് ജർമ്മൻ ഭാഷയിൽ തന്നെ അതിന് ഖണ്ഡനമെഴുതിയ മഹാ പ്രതിഭയാണ് ഡോ. ഹമീദുല്ല. ഇദേഹത്തിന്റെ ഖുതുബാതെ ഭഗൽപൂർ എന്ന കൃതിയും ഏറെ പ്രൗഢമാണ്. ഇത് മലയാളീകരിക്കപ്പെട്ടിട്ടുണ്ട്. ഏഴ് വ്യത്യസ്ത ഭാഷകളിൽ ഇസ്‌ലാമിന് വേണ്ടി ഗ്രന്ഥ രചന നടത്തി എന്ന അപൂർവ്വത ഡോ. ഹമീദുല്ലക്ക് മാത്രം സ്വന്തം. മുജദ്ദിദേ ഉലൂമേ സീറ എന്നാണ് അദ്ദേഹം ഉറുദു ലോകത്ത് വിശേഷിപ്പിക്കപ്പെട്ടത്. ഫ്രാൻസിൽ ഏറെക്കാലം ജീവിച്ച അദ്ദേഹം ഫ്ലോറിഡയിൽ വെച്ചാണ് 2002 ൽ മരണമടയുന്നത്.
വിഖ്യാതമായ ഈ സീറ ഗ്രന്ഥം ദൈവദൂതനായ മുഹമ്മദ് മലയാളത്തിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഐ.പി എച്ച് പുറത്തിറക്കിയ ഈ മലയാള കൃതിക്ക് വേണ്ടി ഭാഷാന്തരം നിർവ്വഹിച്ചത് അഷ്റഫ് കീഴുപറമ്പ് ആണ്.

You may also like

Leave a reply

Your email address will not be published. Required fields are marked *