പുസ്തകം

അർറഹീഖുൽ മഖ്തൂം: സ്വഫിയുർ റഹ്മാൻ മുബാറക് പൂരി

ഇന്ത്യയിൽ പിറവി കൊണ്ട വിശ്വവിഖ്യാത പ്രവാചക ചരിതമാണ് ‘അർ റഹീഖുൽ മഖ്തൂം’. ഇന്ന് ലോകത്ത് ഏറ്റവും കൂടുതലായി വായിക്കപ്പെടുന്ന സീറ ഗ്രന്ഥങ്ങളിൽ ഒന്നാണിത്.  പ്രമുഖ പണ്ഡിതനായ ശൈഖ് സഫിയുറഹ്മാൻ മുബാറക്പൂരി എഴുതിയ  മനോഹര കൃതി.

1976 ൽ മുസ്ലിം വേൾഡ് ലീഗിന്റെ ആഭിമുഖ്യത്തിൽ പാകിസ്ഥാനിൽ ആദ്യത്തെ സീറ കോൺഫ്രൻസ് നടന്ന പശ്ചാത്തലം. ഇതിന്റെ ഭാഗമായി നടന്ന സീറ രചന മത്സരത്തിലൂടെയാണ് ഈ ഗ്രന്ഥം രചിക്കപ്പെടുന്നത്.  ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള 171 പേരിൽ ഒന്നാം സ്ഥാനം ലഭിച്ചത് ഈ ഇന്ത്യൻ പണ്ഡിതന്റെ സീറക്കാണ്. അര ലക്ഷം സൗദി റിയാൽ ആയിരുന്നു സമ്മാനത്തുക. പിറ്റേ വർഷം റബീഉൽ അവ്വൽ 12 ന് മക്കയിൽ വെച്ചായിരുന്നു സമ്മാന വിതരണം. രണ്ടാം സമ്മാനവും ഒരു ഇന്ത്യക്കാരന്റെ രചനക്ക് തന്നെയായിരുന്നു എന്നതും സ്മരണീയമാണ്.

ഒരു വർഷം കൊണ്ട് ആ മത്സരത്തിന് വേണ്ടി തയ്യാറാക്കിയ ഈ സീറാ ഗ്രന്ഥം പിന്നീട് ആഗോള പ്രസിദ്ധിയാർജ്ജിക്കുകയായിരുന്നു. ലളിത ഭാഷയിലും മനോഹരമായ ശൈലിയിലും ആധികാരികമായ വസ്തുതകൾ മാത്രം ഉൾകൊള്ളിച്ചു  രചിക്കപ്പെട്ട ഈ ഗ്രന്ഥം ലക്ഷക്കണക്കിന് വായനക്കാരിൽ നിന്ന് ലഭിച്ച സ്വീകാര്യത ഈ ഗ്രന്ഥത്തിന് ലഭിച്ച മറ്റൊരു സുപ്രധാന പുരസ്‌കാരം കൂടിയായി. The Sealed Nector എന്ന് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യപ്പെട്ടപ്പോഴും ഇതിന് വലിയ സ്വീകാരതയാണ് ലഭിച്ചത്. മലയാളം ഉൾപ്പെടെ ഇരുപതോളം ഭാഷയിൽ ഇതിന്റെ തർജ്ജമ പ്രസിദ്ദീകരിക്കപ്പെട്ടിട്ടുണ്ട്.

Also read: ‘റഹ്മത്തുൽ ലിൽ ആലമീൻ’: ഖാദി സുലൈമാൻ മൻസൂർപൂരി

1942 ലാണ് ഹുസൈനബാദിൽ മൗലാന സഫിയുറഹ്മാൻ ജനിക്കുന്നത്. മദ്രസ ഫൈസെ ആമിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പ്രസ്തുത സ്ഥാപനം ഉൾപ്പടെ വിവിധയിടങ്ങളിൽ അധ്യാപനം നടത്തി. മികച്ച എഴുത്തുകാരനായ അദ്ദേഹം ഈ സീറ കൂടാതെ മറ്റു രചനകളും നിർവ്വഹിച്ചിട്ടുണ്ട്. മക്കയുടെയും മദീനയുടെയുമെല്ലാം സമ്പൂർണ്ണ ചരിത്ര ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അഹ്‌ലെ ഹദീസ് ധാരയോട് ചേർന്ന് നിന്ന അദ്ദേഹം 2006 ലാണ് മരിച്ചത്.

റഹീഖുൽ മഖ്തൂം ഇസ്ലാമിക ലോകത്ത് ഇത്ര വലിയ സ്വീകാര്യത നേടാൻ കാരണം അതിന്റെ വ്യത്യസ്തമായ രചനാ ശൈലി തന്നെയാണ്. ആധികാരിക സ്രോതസുകൾ മാത്രം അവലംബിച്ചുള്ള ഈ കൃതിയുടെ ആദ്യ ഭാഗത്ത്, അറബികളെയും അവരുടെ സംസ്കാരത്തെയും സംബന്ധിച്ച ചർച്ചയാണുള്ളളത്. അറേബ്യൻ ഉപദ്വീപിൽ പ്രവാചക ആഗമന കാലത്ത് നിലനിന്നിരുന്ന ഭരണ വ്യവസ്ഥകളും രാഷ്ട്രീയ സംഘർശങ്ങളും വിവരിച്ച ശേഷം പ്രവാചകരുടെ കുടുംബ പരമ്പര വിവരിക്കുന്നു. പിന്നീട് ജനനവും ബാല്യവും കൗമാരവുമെല്ലാം ചുരുക്കി വിവരിക്കുന്നു.

പ്രവാചകത്വത്തിന് ശേഷമുള്ള തിരു ദൂതരുടെ ജീവിതമാണ് ഈ ഗ്രന്ഥത്തിന്റെ മുഖ്യ പ്രമേയം. പ്രവാചകത്വത്തിന് ശേഷമുള്ള പ്രബോധനത്തെ ഈ ഗ്രന്ഥത്തിൽ മൂന്ന് ഭാഗമായാണ് വിഭജിച്ചിട്ടുള്ളത്, രഹസ്യ പ്രബോധനം. പരസ്യ പ്രബോധനം, മക്കയുടെ അതിരുകൾ കടന്നുള്ള പ്രബോധനം. ഈ ഘട്ടങ്ങളിലെല്ലാം നേരിട്ട പ്രതിസന്ധികളും അത്തരം വേളകളിൽ പ്രവാചകർ സ്വീകരിച്ച നിലപാടുകളും മൗലാന സഫിയുറഹ്മാൻ മനോഹരമായി വിവരിക്കുന്നു.

Also read: ‘സീറത്തെ സർവ്വറെ ആലം’: സയ്യിദ് മൗദൂദി

പ്രവാചകരുടെ മദീന ജീവിതത്തെയും അദ്ദേഹം മൂന്ന് ഘട്ടങ്ങളായാണ് വിവരിക്കുന്നത്. പ്രബോധനത്തിന്റെ സ്വഭാവം അനുസരിച്ചു തന്നെയാണ് ഈ വിഭജനവും.

വിശുദ്ധ ഖുർആൻ ആധാരമാക്കിയാണ് പ്രധാനമായും ഈ ഗ്രന്ഥം രചിക്കപ്പെട്ടത്. പ്രവാചക ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ബന്ധപ്പെട്ട് അവതരിച്ച  ഖുർആൻ വചനങ്ങളും ഈ ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നുണ്ട്. പ്രവാചക ജീവിതവും ഖുർആനും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം കൂടിയാണ് ഈ മഹത്തായ കൃതി. പ്രവാചകന്റെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളുടെ വിശദമായ വിവരണങ്ങളും ഈ കൃതിയിലുണ്ട്.

ഒരു പ്രവാചക ചരിത്രം എന്നതിലുപരി പ്രവാചക ജീവിതത്തിൽ നിന്നുള്ള ഇസ്ലാമിക പ്രബോധനത്തിന്റെ വിവിധ സാധ്യതകൾ   കൂടി ഈ കൃതി അനാവരണം ചെയ്യുന്നുണ്ട് . മക്ക എന്ന ഗ്രാമത്തിൽ നിന്ന് അയൽ പ്രദേശങ്ങളിലേക്കും പതിയെ ഉപദ്വീപ് മുഴുവനും പിന്നീട് അറേബ്യൻ അതിർത്തി താണ്ടിയും ഇസ്ലാം വികസിച്ചതിന്റെ ഹൃസ്വ ചരിത്രം കൂടിയാണിത്. അത് കൊണ്ട് തന്നെ ഇസ്ലാമിക സന്ദേശ പ്രചാരകർക്ക് ഈ കൃതി ഏറെ ഉപകാര പ്രദമാണ്. അമസ്‌ലിംകൾക്കും പ്രവാചക സന്ദേശത്തെ പരിചയപ്പെടാൻ പാകത്തിലാണ് ഇതിന്റെ രചനാ ശൈലി എന്നതും പ്രസ്താവ്യമാണ്.

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 4

പ്രവാചക വിയോഗത്തോടെ ഈ കൃതി അവസാനിക്കുന്നില്ല. പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ വിവരിക്കാനാണ് അവസാന അധ്യായം വിനിയോഗിക്കുന്നത്. ചുരുക്കത്തിൽ ഏത് തരത്തിലുള്ള വായനക്കാരനെയും തൃപ്‌തിപ്പെടുത്തുന്ന ഈ കൃതി എല്ലാ ഭാഷകളിലും 500 ലേറെ പുറങ്ങളിലായാണ് പ്രസിദ്ദീകരിക്കപ്പെട്ടിട്ടുള്ളത്. മലയാളത്തിൽ മുഹമ്മദ് നബി ജീവചരിത്ര സംഗ്രഹം എന്ന പേരിൽ  അന്താരാഷ്ട്ര പ്രസാധകരായ ദാറുസലാം പബ്ലിക്കേഷൻ ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. യുവത ബുക്ക്‌സും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

You may also like

Leave a reply

Your email address will not be published. Required fields are marked *