പുസ്തകം

‘സീറത്തെ സർവ്വറെ ആലം’: സയ്യിദ് മൗദൂദി

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഒട്ടനവധി നബി ചരിത്ര കൃതികൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും രചനാ ശൈലി കൊണ്ടും പ്രതിപാദ്യ വിഷയം കൊണ്ടും സമർത്ഥന പാടവം കൊണ്ടും വ്യത്യസ്ത പുലർത്തുന്ന മഹത്തായ സീറ കൃതിയാണ് വിഖ്യാത ചിന്തകനും പണ്ഡിതനുമായ മൗലാന സയ്യിദ് അബുൽ അഅലാ മൗദൂദി (1903 -1979) രചിച്ച ‘സീറത്തെ സർവ്വറെ ആലം’. മൂന്ന് വാല്യങ്ങളിൽ 1500 ലധികം പേജുകളിലായി പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി മൗദൂദി സാഹിബിന്റെ രചനാ ജീവിതത്തിൽ അദ്ദേഹം ഇസ്ലാമിക ലോകത്തിന് നൽകിയ ഏറ്റവും മഹത്തായ സംഭാവനകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. ഈ കൃതിയുടെ പേര് പോലെ തന്നെ മനോഹരവും ആർത്ഥവത്തുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കവും.

രചയിതാവിന്റെ ജീവിത ചക്രം വിവരിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതാത്തതിനാൽ അതിന് മുതിരുന്നില്ല. 1970 കളിലാണ് മൗദൂദി സാഹിബ് ഈ കൃതി രചിക്കുന്നത്. സംഘടനാ പ്രവർത്തനങ്ങളിൽ നിന്നെല്ലാം വിട്ട് നിന്ന് തന്റെ അവസാന കാലം ഈ രചനയുമായി അദേഹം കഴിച്ചു കൂട്ടി. 1978 ൽ അത് പൂർത്തിയാവുകയും 1979 ൽ അദ്ദേഹം വിടപറയുകയും ചെയ്തു.

നബി ചരിത്ര കൃതികളുടെ പൊതു സ്വഭാവത്തിൽ വ്യത്യസ്തമായ ഉള്ളടക്കവും ശൈലിയുമാണ് ഈ കൃതിയുടെ ഒന്നാം വാല്യത്തിൽ സയ്യിദ് മൗദൂദി സ്വീകരിച്ചിരിക്കുന്നത്. പ്രവാചക ചരിത്രത്തിന് പ്രൗഢമായ ആമുഖമായി ഇതിനെ വിലയിരുത്താം. നബി, നബിത്വം, റസൂൽ, രിസാലത്ത്,മതം എന്നിവയെക്കുറിച്ചുള്ള ബൗദ്ധികവും പ്രമാണികവുമായ ചർച്ചകളാണ് ഈ ഗ്രന്ഥത്തിന്റെ പ്രമേയം. പ്രവചകരെക്കുറിച്ചുള്ള വിശുദ്ധ ഖുർആൻ വചനങ്ങളോടെയാണ് കൃതി ആരംഭിക്കുന്നത്.

Also read: ‘റഹ്മത്തുൽ ലിൽ ആലമീൻ’: ഖാദി സുലൈമാൻ മൻസൂർപൂരി

സർവ്വ ലോക രക്ഷിതാവായ അല്ലാഹു മനുഷ്യ കുലത്തിന് നൽകിയ ജീവിത പദ്ധതിയുടെ രീതിയും അതിന്റെ ചരിത്രവും പ്രതിപാദിച്ചു കൊണ്ട് പ്രവാചകന്മാരുടെ ആഗമനവും അതിന്റെ ബൗദ്ധികവും ആത്മീയവുമായ ലക്ഷ്യവും സമർത്ഥിക്കുകയാണ് പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് മൗദൂദി സാഹിബ് ചെയ്യുന്നത്. പല ഘട്ടങ്ങളിലായി തദ് വിഷയ സംബന്ധമായി മൗദൂദി സാഹിബ് എഴുതിയ കുറിപ്പുകൾ ഒരേ ചരടിൽ മനോഹരമായി കോർത്ത് പുസ്തകരൂപം കൈവരിച്ചതാണ് ഈ കൃതി. മുഹമ്മദ് (സ) എന്ന കേവലം ഒരു വിമോചന നായകന്റെയോ മാതൃകാ പുരുഷന്റെയോ ചരിത്രം എന്നതിലുപരി മനുഷ്യ കുലത്തിലെ ഓരോ വ്യക്തിയുടെയും മോക്ഷത്തിനും വിമോചനത്തിനും വേണ്ടിയുള്ള ദൈവീക നടപടിയുടെ അനിവാര്യമായ നൈരന്തര്യമാണ് മുഹമ്മദ് നബി എന്നതിലേക്ക് വ്യക്തമായ സൂചനയാണ് ഈ പുസ്തകം. അതിനാൽ തന്നെ സത്യ പ്രബോധന രംഗത്ത് ഈ കൃതിയുടെ സാധ്യതകൾ ഏറെയാണ്.

മനുഷ്യൻ സന്മാർഗ്ഗത്തിലായിരിക്കുക എന്നാൽ എന്താണെന്നും, അതിലേക്കുള്ള ദൈവീക നടപടികൾ എന്താണെന്നും വിശദീകരിച്ച ശേഷം പ്രവാചകന്മാരുടെ അനിവാര്യതയിലേക്കും പ്രവാചകത്വത്തിന്റെ ബൗദ്ധികമായ സമർത്ഥനത്തിലേക്കും ഗ്രന്ഥകാരൻ പ്രവേശിക്കുന്നു. വഹ് യ് എന്തെന്ന് വിവരിച്ച ശേഷം മുഹമ്മദീയ വഹ്‌യിലേക്ക് ഗ്രന്ഥം പ്രവേശിക്കുന്നു. മുഹമ്മദീയ നുബുവ്വത്തിന്റെ സമർത്ഥനമാണ് ഗ്രന്ഥത്തിന്റെ അടുത്ത ഘട്ടം. വിശുദ്ധ ഖുർആൻ സന്ദേശങ്ങളുടെ വെളിച്ചത്തിലും ബൗദ്ധികമായും ദർശനികമായും സയ്യിദ് മൗദൂദി ഇക്കാര്യം സമർത്ഥിക്കുന്നത് ശ്രദ്ധേയമാണ്.

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍

തന്റെ ഗഹനമായ കൃതിക്ക് എന്ത് കൊണ്ട് ഈ പേരിട്ടു എന്നദ്ദേഹം വിവരിക്കുന്നുണ്ട്. സീറത്ത് സർവ്വറേ ആലം (വിശ്വനായകന്റെ ചരിത്രം) എന്ന തലക്കെട്ടിന്റെ അനിവാര്യതയും മുഹമ്മദീയ നുബുവ്വത്ത് സർവ്വലോകത്തെയും തലമുറകളെയും എങ്ങിനെ, എന്ത് കൊണ്ട് വലയം ചെയ്തിരിക്കുന്നു എന്നത് വസ്തുനിഷ്ഠമായി ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. കൃതിയുടെ ഈ ഭാഗത്ത് വിശ്വനായകന്റെ വ്യക്തിത്വവും ഗുണഗണങ്ങളും ചർച്ച ചെയ്യപ്പെടുന്നു. സമകാലിക ലോകത്ത് പ്രവാചകനും പ്രവാചകത്വത്തിനും നേരെ വന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ സയ്യിദ് മൗദൂദിയുടെ പങ്ക് ഇസ്ലാമിക ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഈ സേവനങ്ങളുടെ മഹത്തായ തുടർച്ച കൂടിയാണ് ഈ കൃതി. കൃതിയിലുടനീളം ഇഴപിരിക്കാനാവാത്ത വിധം ബൗദ്ധികമായ പ്രതിരോധം നിഴലിച്ചു കാണാം. ഇത് ഏറ്റവും പ്രകടമായി വരുന്ന ഒരു ഘട്ടം അന്ത്യ പ്രവാചകത്വത്തെക്കുറിച്ചുള്ള ചർച്ചയാണ്. മുഹമ്മദ് (സ) അന്ത്യ പ്രവാചകൻ ആണെന്ന് പ്രമാണികമായും ബുദ്ധിപരമായും നടത്തിയ സമർത്ഥനങ്ങൾ ഖാദിയാനികളുടെ അടിവേരറുക്കാൻ തന്നെ പര്യാപ്തമായ നിലയിലുള്ളതാണ്.

പ്രവാചകരുടെ സ്വഭാവ സവിശേഷതകൾ, പ്രവാചകരെ അനുസരിച്ചു ജീവിക്കുക എന്നതിന്റെ താത്പര്യം, അതിന്റെ ബുദ്ധിപരമായ അനിവാര്യത എന്നിവയിലൂടെ ഗ്രന്ഥം വികസിച്ച ശേഷം റിസാലത്ത് എന്താണന്നും അതിന്റെ അനിവാര്യതയും മൗദൂദി സാഹിബ് വിവരിക്കുന്നുണ്ട്. പ്രവാചക ജീവിതത്തിലെ സന്ദർഭങ്ങൾ മുൻ നിർത്തി ദൈവീക സന്ദേശങ്ങളുടെ സ്വഭാവത്തെ കൃതി ചർച്ച ചെയ്യുന്നുണ്ട്. വിശുദ്ധ ഖുർആന് പുറമെ പ്രവചകർക്ക് ലഭിച്ച സന്ദേശങ്ങൾ എന്തൊക്കെയാണ് എന്നും അതിന്റെ അനിവാര്യതയും സാധ്യതയും കൂടി അദ്ദേഹം വിവരിക്കുന്നു. നബി (സ) മനുഷ്യൻ ആണ് എന്നതും പ്രവചകരെല്ലാം മനുഷ്യർ തന്നെയാണ് എന്നുമുള്ള ചരിത്രപരവും പ്രാമാണികവുമായ സമർത്ഥനത്തിനും അതിന്റെ അനിവാര്യതയുടെ ബൗദ്ധികമായ വിശകലനത്തിനും സയ്യിദ് മൗദൂദി ഇടം കണ്ടെത്തുന്നുണ്ട്. പ്രവചകത്വത്തിന്റെ അനിവാര്യതകൾക്കും അതിന്റെ സ്വഭാവത്തിനും ശേഷം അതിന്റെ ഭൗതികവും അഭൗതികവുമായ സവിശേഷതകളിൽ കൂടിയും ഈ ഗ്രന്ഥം കടന്ന് പോവുന്നുണ്ട്.

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 3

മതം എന്ന അനിവാര്യതയിലേക്കും ഇസ്ലാം മതത്തിലേക്കും മഹമ്മദീയ പ്രവാചക ദർശനത്തിലേക്കും അവിടുത്തെ ജീവിത ഗന്ധിയായ സന്ദേശത്തിലേക്കും ഗ്രന്ഥം വായനക്കാരെ വഴി നടത്തുന്നു. പ്രവചകനിലെ മനുഷ്യനെ സമർത്ഥിച്ച ശേഷം അത് സമർത്ഥിക്കാൻ ഉപയോഗിച്ച അതേ മാനദണ്ഡങ്ങൾ വെച്ചു കൊണ്ട് തന്നെ അവിടുത്തെ അമാനുഷിക ഗുണങ്ങളെയും സിദ്ധികളെയും പദവിയെയും അദ്ദേഹം സമർത്ഥിക്കുന്നുണ്ട്. മുഅജിസത്ത്, ശഫാഅത്ത് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് ബൗദ്ധികമായും പ്രമാണികമായും സയ്യിദ് മൗദൂദി തെളിവുകൾ നിരത്തുന്നത് കാണാം.

സംഭവ വികാസങ്ങളിലൂടെ വികസിക്കുന്ന കേവലം ഒരു നബിചരിത്ര വയനയല്ല ഈ കൃതിയുടെ ഒന്നാം ഭാഗം നമുക്ക് സമ്മാനിക്കുന്നത്. പ്രവാചക ജീവിതത്തിന്റെ സാർവ്വദേശീയവും സാർവ്വകാലീകവുമായ സ്വഭാവവും അനിവാര്യതയും പ്രസക്തിയുമാണ് ഒന്നാം വാല്യത്തിന്റെ പ്രമേയം. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ഈ കൃതിയുടെ രണ്ടാം വാല്യം സംഭവങ്ങളിലൂടെയാണ് വികസിക്കുന്നത്. ഒന്നാം വാല്യത്തിന്റെ അവസാന ഭാഗത്ത് തന്നെ ഗ്രന്ഥം ആ രീതി കൈവരിക്കുന്നുണ്ട്. മനുഷ്യാരംഭം മുതൽ ആറാം നൂറ്റാണ്ട് വരെയുള്ള മനുഷ്യ കുലങ്ങളുടെ ചരിത്രത്തിലേക്ക് ഗ്രന്ഥം പ്രവേശിക്കുന്നു. തുടർന്ന് അറേബ്യായുടെ അന്നത്തെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരണത്തോടെയാണ് ആദ്യ ഭാഗം അവസാനിക്കുന്നത്.

പ്രവാചക സംബന്ധിയായ വിശുദ്ധ ഖുർആൻ വചനങ്ങളുടെ അകമ്പടിയോടെയാണ് ഈ കൃതിയുടെ രണ്ട് ഭാഗങ്ങളും ആരംഭിക്കുന്നത്. രണ്ടാം ഭാഗത്തെ ആദ്യ അദ്ധ്യായം തന്നെ വിശുദ്ധ ഖുർആനിലെ പ്രവാചകർ എന്നതാണ്. പിന്നീട് നബി തങ്ങളുടെ കുടുംബ പാരമ്പര്യവും ജനനവും ബാല്യവും കൗമാരവും സംഭവങ്ങളിലൂടെ പേജുകളിൽ വികസിക്കുന്നു. എന്നാൽ പ്രബോധന ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടമെത്തുമ്പോൾ കൃതിയുടെ സ്വഭാവം അല്പം കൂടി ബൗദ്ധികമാവുന്നു എന്നു കാണാം. ഒന്നാം വാല്യത്തിൽ സ്വീകരിച്ച ദർശനികമായ ശൈലിയിലേക്ക് അദ്ദേഹം ചില ഭാഗങ്ങളിൽ തിരിച്ചെത്തുന്നുണ്ട്.

പ്രബോധന ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾക്കൊപ്പം വിവിധ ആദർശങ്ങളുടെ പ്രബോധനം വെവ്വേറെയാണ് ക്രമീകരിച്ചിരിക്കുന്നത്. പിന്നീട് ഹിജ്‌റ കാലം വരെയുള്ള പ്രബോധന ഘട്ടത്തിന്റെ ചരിത്രവും അലവലോകനവുമാണ് ഈ കൃതിയുടെ പ്രമേയം. നബി തങ്ങളുടെ ആകാശാരോഹണവുമായി ബന്ധപ്പെട്ടുള്ള അധ്യായം പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. അതിന്റെ സ്വഭാവവും ആ വേളയിൽ ലഭ്യമായ ആരാധനകർമ്മങ്ങളുടെ സാംഗത്യവുമെല്ലാം തന്റെ അനുഗ്രഹീത ശൈലിയിൽ സയ്യിദ് മൗദൂദി വിവരിക്കുന്നത് ഇത് സംബന്ധിച്ച ചർച്ചകൾക്ക് വലിയ മുതൽകൂട്ടാണ്‌. മക്കാ ജീവിതത്തിന്റെ സംഗ്രഹത്തോടെയാണ് ഈ ബ്രഹത്തായ കൃതിയുടെ രണ്ടാം ഭാഗം അവസാനിക്കുന്നത്.

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 4

പ്രവാചകരുടെ വിയോഗം വരെയുള്ള മദീന ജീവിതത്തിന്റെ വിവരണങ്ങൾ സയ്യിദ് മൗദൂദി  മൂന്നാം ഭാഗത്തിലേക്കാണ് നീക്കിവെച്ചിട്ടുള്ളത്. ഇങ്ങനെ മൂന്ന് വാല്യങ്ങളിൽ ഇതൾ വിരിച്ച ഈ സീറ കൃതി ഇന്ത്യൻ ഉപഭൂഖണ്ഡം സീറ ശാഖക്ക് നൽകിയ മഹത്തായ ഒരു ഉപഹാരം തന്നെയാണ്. ചരിത്ര പരമായും പ്രമാണികമായും ബൗദ്ധികമായും ദാർശനികമായും ഏറെ മികച്ചു നിൽക്കുന്ന ഈ കൃതി ഉറുദു ഭാഷയിൽ തന്റെ അവസാന കാലത്താണ് സയ്യിദ് മൗദൂദി രചിച്ചത്.
ആധികാരിക സ്രോതസുകളിൽ നിന്നാണ് മൗലാന മൗദൂദി സാഹിബ് ഈ കൃതിക്കുള്ള അവലംബങ്ങൾ സ്വീകരിച്ചിട്ടുള്ളത്. ഏറ്റവും സുപ്രധാനമായി വിശുദ്ധ ഖുർആൻ തന്നെയാണ് അദ്ദേഹത്തിന്റെ അവലംബം എന്ന വസ്തുത കൃതിയിൽ ഉടനീളം നിഴലിച്ചു കാണുന്നുണ്ട്.

വിശുദ്ധ ഖുർആൻ സംബന്ധിയായ വിശദീകരണങ്ങൾ അധികവും തഫഹീമുൽ ഖുർആനിൽ നിന്ന് ചേർക്കപ്പെട്ടതാണ്. തഫ്ഹീമിൽ നിന്ന് തന്നെയാണ് ബൗദ്ധിക, ദാർശനിക, സമർത്ഥനങ്ങളിൽ പലതും ഈ കൃതിയിലേക്ക് പകർത്തപ്പെട്ടത്. വിഖ്യാത ഹദീസ് ഗ്രന്ഥങ്ങളാണ് രണ്ടാമത്തെ സ്രോതസ്സ്. പൂർവ്വ വേദങ്ങളിൽ പരാമർശിക്കപ്പെട്ട കാര്യങ്ങളും അദ്ദേഹം ചർച്ചക്ക് വിധേയമാക്കുന്നുണ്ട്.

ആധികാരികമായ ചില സീറ ഗ്രന്ഥങ്ങളെയും ഈ രചനക്ക് വേണ്ടി അദ്ദേഹം ആശ്രയിച്ചതായി കാണാം. ഇബ്നു അസാകീർ, ഹക്കിം, ഇബ്നു അബീശൈബ, അബൂ നഈം എന്നിവരെ കൂടാതെ അബൂ സയീദ് നിസാപൂരി യുടെ ശറഫുൽ മുസ്തഫയും അദ്ദേഹം അവലംബമാക്കുന്നുണ്ട്.  ആധുനികരോ സമകാലികരോ ആയ സീറ രചയിതാക്കളിൽ നിന്ന് സയ്യിദ് മൗദൂദി ഈ കൃതിയിൽ കാര്യമായി ഒന്നും ഉദ്ദരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

എന്നാൽ ഇവയിലെ പരാമർശങ്ങളെയെല്ലാം വിശകലനം ചെയ്യുമ്പോഴും ബൗദ്ധികമായും പ്രമാണികമായും തന്റെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുകയും ചില അഭിപ്രായാന്തരങ്ങളിൽ തീർപ്പ് പറയുകയും ചെയ്തതും കാണാം. വിശുദ്ധ ഖുർആൻ അവതരണവുമായി ബന്ധപ്പെട്ട് ലൈലത്തുൽ ഖദ്റിലാണ് ഇറക്കപ്പെട്ടത് എന്ന് വിവിധ സ്രോതസ്സുകൾ കൊണ്ട് വന്ന ശേഷം ലൈലത്തുൽ ഖദർ റമദാൻ 27 ന് തന്നെയാണ് എന്ന് സയ്യിദ് മൗദൂദി സമർത്ഥിക്കുന്നത് ഒരു ഉദാഹരണം മാത്രം. ഇത് പോലെ ആയിഷ ബീവിയെ സംബന്ധമായ ചില വിഷയങ്ങളിലും മൗദൂദി സാഹിബ് ഇത് പോലുള്ള സമർത്ഥനങ്ങൾ നടത്തുന്നുണ്ട്.

മൗദൂദി സാഹിബിന്റെ ഈ രചനയുടെ ഏറ്റവും വലിയ പ്രത്യേകത അത് ഒരു സീറ എന്നതിലപ്പുറം ഇസ്ലാമിക പ്രബോധനത്തിനുള്ള ഒരു അവലംബവും മാർഗ്ഗ രേഖയുമായി വർത്തിക്കാൻ പ്രാപ്തമാണ് എന്നത് കൂടിയാണ്. മനുഷ്യർ, സമൂഹം,പ്രവാചകർ, ഇസ്ലാം എന്നിങ്ങനെ ഓരോന്നിന്റെയും ബൗദ്ധിക ചരിത്രം കൂടിയായി ഈ കൃതിയെ വിലയിരുത്താൻ കഴിയും. അത് കൊണ്ട് തന്നെ സീറ ശാഖയിലെ ഒരു വ്യത്യസ്തമായ കാൽവെപ്പാണ് ഇത് എന്ന് നിസ്സംശയം പറയാം. മൗലാന നഈം സിദ്ധീഖിയും അബ്ദുൽ വകീലുമാണ് സയ്യിദ് മൗദൂദിയുടെ നിർദേശ പ്രകാരം മൗദൂദിയുടെ ഇത് സംബന്ധമായ കുറിപ്പുകൾ ക്രമീകരിക്കുകകയും പുസ്തമായി ക്രോഡീകരിക്കുകയും ചെയ്തത്. ഈ മൂന്ന് വാല്യങ്ങളിലും പൊതുവായി കാണുന്ന സ്വഭാവം എന്ന നിലയിൽ പ്രവാചക ജീവിതത്തിലെ സംഭവ വികാസങ്ങളും അതിലൂടെ മൗദൂദി സാഹിബ് കടഞ്ഞെടുത്ത പ്രബോധന സംബന്ധിയായ തത്വങ്ങളും ദർശനങ്ങളുമാണ് ഈ കൃതിയുടെ എറ്റവും സുപ്രധാന സവിശേഷത.

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 2

ചരിത്രം എന്നത് ഭൗതിക ശരീരങ്ങൾ/ശക്തികൾ തമ്മിലുള്ള വ്യവഹാരം എന്നതല്ല, ഈമാൻ ആണ് ചരിത്രത്തിന്റെ കേന്ദ്ര ബിന്ദു എന്ന തലത്തിലാണ് സയ്യിദ് മൗദൂദി ഈ കൃതിയിലെ ഉള്ളടക്കത്തെയും സമീപിച്ചിട്ടുള്ളത്. വളരെ ആസ്വാദ്യവും ഗഹനവുമായ ഒരു വായനാനുഭവം ഈ കൃതി സമ്മാനിക്കും എന്നതിൽ ഒട്ടും സംശയമില്ല. എന്നാൽ എന്റെ പരിമിതമായ അറിവിൽ ഈ കൃതി മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടത് ശ്രദ്ധയിൽ പെട്ടിട്ടില്ല. മലയാളത്തിലേക്ക് ഈ കൃതി ഭാഷാന്തരം ചെയ്യപ്പെടേണ്ടത് ഏറെ അനിവാര്യമാണ് എന്നു കൂടി കുറിക്കട്ടെ.

You may also like

Leave a reply

Your email address will not be published. Required fields are marked *