പുസ്തകം

സീറത്തുന്നബി : അല്ലാമാ ശിബിലി, സുലൈമാൻ നദ്‌വി

ഇന്ത്യൻ ഉപഭൂഖണ്ഡം ഇസ്ലാമിക ലോകത്തിന് സംഭാവന നൽകിയ രണ്ട്  ചരിത്ര വ്യക്തിത്വങ്ങളാണ് അല്ലാമാ ശിബിലി നുഅമാനി (1857-1914) യും, അല്ലാമാ സയ്യിദ് സുലൈമാൻ നദ്‌വി (1884-1953) യും. മഹാ പണ്ഡിതരും ചരിത്രകാരന്മാരും ഗ്രന്ഥകാരന്മാരും ധിഷണാ ശാലികളുമായിരുന്നു ഈ രണ്ട് പേരും. ഇരുവരും ചേർന്ന് തയ്യാറാക്കിയ വിശ്വവിഖ്യാതമായ സീറ ഗ്രന്ഥമാണ് ‘സീറത്തുന്നബി’. ഇന്ത്യയിൽ രചിക്കപ്പെട്ട സീറകളിൽ പ്രഥമ സ്ഥാനം അർഹിക്കുന്ന സീറാഗ്രന്ഥമായി ബഹുഭൂരിപക്ഷം പണ്ഡിതരും ഈ മഹാ സംരംഭത്തെ വിലയിരുത്തുന്നു.

വിഖ്യാത ഇസ്ലാമിക കലാലയമായിരുന്ന ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിൽ അധ്യാപകനായിരുന്നു അല്ലാമാ ശിബിലി നുഅ് മാനി, സമകാലികരായ പണ്ഡിതരിൽ നിന്ന് വിഭിന്നമായ പല കാഴ്ചപ്പാടുകളും വീക്ഷണങ്ങളും പുലർത്തിയിരുന്ന അല്ലാമാ ശിബിലി ഹൈദരാബാദ്, അലിഗഡ് എന്നിവിടങ്ങളിൽ സേവനം ചെയ്യുകയും യൂറോപ്പിൽ ഉൾപ്പെടെ ഗവേഷണ യാത്രകൾ നടത്തുകയും മുസ്ലിം സമുദായത്തിന്റെ ബൗദ്ധിക വളർച്ചക്കും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി നിരന്തരം യത്നിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു. കവിയും ചിന്തകനും കൂടിയായിരുന്നു അല്ലാമാ ശിബിലി. അദ്ദേഹം നദ്‌വയിൽ അധ്യാപനം നടത്തുമ്പോൾ അവിടെ പഠനം നടത്തിയ അല്ലാമാ സയ്യിദ് സുലൈമാൻ നദ്‌വി പെട്ടെന്ന് തന്നെ ശിബിലിയുടെ പ്രിയ ശിഷ്യനായി മാറി. സയ്യിദ് സുലൈമാനിലെ മഹാപ്രതിഭയെ തിരിച്ചറിയുകയും അതിനെ പോഷിപ്പിക്കുകയും ചെയ്യുന്നതിൽ അല്ലാമാ ശിബിലി വലിയ പങ്ക് വഹിച്ചു. നദ്‌വയിൽ നിന്ന് വിരമിച്ച ശേഷം തന്റെ നാടായ അഅ്സംഘഡിൽ ദാറുൽ മുസന്നിഫീൻ എന്ന പഠന ഗവേഷണ യത്നത്തിന് അദ്ദേഹം നാന്ദി കുറിച്ചു. ഇത് പിന്നീട് സഫലമാക്കിയത് പ്രിയ ശിഷ്യനായ അല്ലാമാ സുലൈമാൻ നദ്‌വിയാണ്.

Also read: ‘സീറത്തെ സർവ്വറെ ആലം’: സയ്യിദ് മൗദൂദി

യൂറോപ്യൻ അധിനിവേശവും ആധുനിക വിദ്യാഭ്യാസത്തിന്റെ വ്യാപനവും ഇന്ത്യയിലെ യുവാക്കളിൽ ഒരു സാംസ്കാരിക അധിനിവേശം തന്നെ നടത്തിയ ഘട്ടമായിരുന്നു അത്. ഓറിയന്റലിസ്റ്റ്  പണ്ഡിതന്മാർ ഇസ്ലാമിനെ ക്കുറിച്ചും പ്രവാചകരെക്കുറിച്ചുമെല്ലാം ഉന്നയിക്കുന്ന പല ആരോപണങ്ങളും മുസ്ലിം യുവതയെയും സ്വാധീനിച്ചു തുടങ്ങിയിരുന്നു. പടിഞ്ഞാറ് നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന പല ഇസ്ലാം വിമർശന പഠനങ്ങളും പുസ്തകങ്ങളും ശ്രദ്ധിച്ച അഭ്യസ്ത വിദ്യരായ പല പണ്ഡിതരും ഇതിനെല്ലാം പണ്ഡിതോചിതമായ മറുപടി നൽകാൻ ആരെങ്കിലും മുന്നോട്ട് വരണം എന്ന് അതിയായി ആഗ്രഹിച്ച വേളയായിരുന്നു അത്. മൗലാനാ മുഹമ്മദലിയെ പോലുള്ളവർ ഇക്കാര്യം അല്ലാമാ ശിബിലിയോട് പല ഘട്ടത്തിലും തെര്യപ്പെടുത്തി. ഈ സാഹചര്യത്തിലാണ് അല്ലാമാ ശിബിലി അത്തരമൊരു ഉദ്യമത്തെക്കുറിച്ച് ആലോചിക്കുന്നത്.
1912 ലാണ് ശിബ്‌ലി തന്റെയീ പദ്ധതി വെളിപ്പെടുത്തുന്നത്. എല്ലാവരുടെയും പിന്തുണയും സഹായവും അദ്ദേഹം അഭ്യര്‍ഥിച്ചു. സമഗ്രമായ ഒരു പ്രവാചക ചരിത്രം എഴുതണം എന്ന ആഗ്രഹം ഉടലെടുത്ത ശേഷം അദ്ദേഹം ഈ കാര്യത്തിനായി നിരന്തരം ഗവേഷണം നടത്തുകയും പല രേഖകളും ശേഖരിക്കുകയുമുണ്ടായി.

അല്ലാമാ ശിബിലി നബി ചരിത്രത്തിൽ നടത്തിയ വർഷങ്ങൾ നീണ്ട ഗവേഷണങ്ങളുടെ ആദ്യ ഫലമെന്നോണം സീറത്തുന്നബിയുടെ ഒന്നാം വാല്യം തയ്യാറായി. 622 പേജുകളുള്ള ഈ കൃതിയിൽ രണ്ടു നീണ്ട ആമുഖങ്ങളുണ്ട്. പ്രധാനമായും സീറ എന്ന ശാഖയുടെ ആവിർഭാവവും ആവശ്യകതയും വിവരിക്കുന്ന, സീറയുടെ വികാസവും ചരിത്രവും പ്രതിപാദിക്കുന്നതാണ് 103 പേജുകളിലായുള്ള ഒന്നാം ആമുഖം. സീറ രംഗത്ത് എഴുതപ്പെട്ട യൂറോപ്യൻ പഠനങ്ങളെയും ഈ രചനക്ക് അല്ലാമ ശിബിലി അവലംബിച്ച സ്രോതസ്സുകളേയുമെല്ലാം ഇതിൽ വിവരിക്കുന്നു.

അറേബ്യയുടെ ചരിത്രവും സംസ്കാരവും വിശ്വാസ സംഹിതകളും വിവരിക്കുന്ന രണ്ടാം ആമുഖത്തിനും ശേഷമാണ് ഗ്രന്ഥത്തിലേക്ക് കടക്കുന്നത്. ഗ്രന്ഥത്തിന്റെ ആരംഭത്തിൽ നബി യുടെ പിതൃ പരമ്പരയും അറേബ്യയിലെ ഗോത്ര വിശേഷങ്ങളും വ്യക്തമായി പ്രതിപാദിച്ച ശേഷം ശേഷിക്കുന്ന പേജുകളിലായി തിരുചരിത്രം ഇതൾ വിരിക്കുന്നു. ഇസ്ലാമിക സംസ്ഥാപനത്തിനായി നടന്ന പോരാട്ടങ്ങളുമായി ബന്ധപ്പെട്ട പ്രയോജനപ്രദവും അപൂർവ്വവുമായ വിവരങ്ങൾ ഈ പുസ്തകത്തിൽ അല്ലാമാ ശിബിലി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Also read: പ്രവാചകനും മാനവിക വികസന മാതൃകകളും

ഇത് പൂർത്തിയാക്കിയതിന് പിന്നാലെയാണ് അല്ലാമാ ശിബിലിയുടെ ആരോഗ്യാവസ്ഥ മോശമായത്. 1914 ല്‍ ശിബ്‌ലി ഇഹലോകവാസം വെടിയുമ്പോള്‍, സീറയുടെ മേൽപറഞ്ഞ ഒന്നാം ഭാഗം പൂര്‍ണമായി തയ്യാറാവുകയും രണ്ടാം ഭാഗം ഏറെക്കുറേ രൂപപ്പെടുകയും ചെയ്തിരുന്നു. തന്റെ ശിഷ്യനായ അല്ലാമാ സയ്യിദ് സുലൈമാൻ നദ്‌വി യെ വിളിച്ചു കൊണ്ട് താൻ തുടങ്ങി വച്ച മഹാ ദൗത്യം തുടർന്ന് കൊണ്ട് പോകാൻ അദ്ദേഹം അന്ത്യാഭിലാഷം പ്രകടിപ്പിച്ചു. ആ മഹത്തായ ദൗത്യം ആ മഹാനായ ശിഷ്യൻ ഏറ്റെടുക്കുകയും ചെയ്തു. . അതിനാവശ്യമുള്ള റഫറന്സുകളും മറ്റു ഭാഗങ്ങളിലേക്ക് താൻ തയ്യാറാക്കിയ കുറിപ്പുകളും അല്ലാമാ ശിബിലി സയ്യിദ് നദ്‌വിക്ക് കൈമാറി.

സയ്യിദ് സുലൈമാൻ നദ്‌വി തന്റെ ഗുരുവിന് എല്ലാ അർത്ഥത്തിലും സമാനനായിരുന്നു. മതത്തിലും ചരിത്രത്തിലും ഗവേഷണത്തിൽ മുഴുകി നിരവധി പ്രൗഢമായ പഠനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. അല്ലാമാ ശിബിലി സ്വപ്നം കണ്ട ദാറുൽ മുസന്നിഫീൻ എന്ന ദൗത്യത്തോടൊപ്പം തന്റെ മഹാഗുരു ആരംഭിച്ച സീറ രചന തുടരുക എന്ന ചുമതല കൂടി അദ്ദേഹത്തിൽ വന്നു ചേർന്നു. 1914 അല്ലാമാ ശിബിലി വിടപറഞ്ഞത് മുതൽ അല്ലാമാ സയ്യിദ് സുലൈമാൻ നദ്‌വി തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം ഈ ഗ്രന്ഥ രചനക്കായാണ് ചെലവിട്ടത്. പ്രവാചക ജീവിതം പ്രമേയമാക്കി സയ്യിദ് സുലൈമാൻ നദ്‌വി റഹ്മത്തെ ആലം പോലുള്ള കൃതികൾ രചിച്ചെങ്കിലും സീറത്തുന്നബി തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ സംഭാവനയായി വിലയിരുത്തപ്പെടുന്നത്.

അല്ലാമാ ശിബ്‌ലിയുടെ ജീവിതകാലത്ത് ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ വേണ്ട സാമ്പത്തിക സഹായം അന്നത്തെ ഭോപ്പാല്‍ രാജ്ഞി സുല്‍ത്താന ജഹാന്‍ ബീഗം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വിയോഗാനന്തരം 1918ലാണ് അദ്ദേഹം എഴുതിയ ഒന്നാം ഭാഗം സയ്യിദ് സുലൈമാൻ നദ്‌വിയുടെ പരിശ്രമഫലമായി ജനങ്ങളിലേക്ക് എത്തുന്നത്. സീറത്തുന്നബിയുടെ ഒന്നാം വാള്യം പുറത്തിറക്കിയപ്പോള്‍ സയ്യിദ് സുലൈമാന് നദ്‌വി ആദ്യം തന്നെ അതിന്റെ ഒരു കോപ്പി ഭോപ്പാലിലെ പ്രസ്തുത രാജ്ഞിക്ക് കൈമാറുകയുണ്ടായി എന്നാണ് ചരിത്രം.

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 5

1920 ലാണ് അല്ലാമാ ശിബിലിയുടെ ഒന്നാം ഭാഗത്തിന്റെ തുടർച്ച എന്ന നിലയിൽ സീറത്തുന്നബി യുടെ രണ്ടാം ഭാഗം പുറത്തിറക്കിയത്. അല്ലാമാ ശിബിലിയുടെ രചന സയ്യിദ് സുലൈമാൻ നദ്‌വി വിപുലീകരിച്ചതാണ് ഈ ഭാഗം. വഫാത്ത് വരെയുള്ള പ്രവാചക ജീവിതവും, ഇസ്ലാമിക പ്രബോധനത്തിന്റെ സ്വഭാവവും പരിശ്രമങ്ങളും ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥത്തിന്റെ അകക്കാമ്പ് സമൂഹത്തിന് പ്രവാചകർ നൽകിയ സുരക്ഷിതത്വമാണ്. പ്രവാചക സന്ദേശങ്ങൾ, ജീവിത ചര്യകൾ, പ്രഭാഷണങ്ങൾ , സദസ്സുകൾ, സ്വഭാവ സവിശേഷതകൾ എന്നിവക്ക് പുറമേ പ്രവാചക പത്നിമാർ, സന്താനങ്ങൾ എന്നിവയുടെ വിവരണവും ഈ കൃതിയിൽ ഉൾക്കൊള്ളുന്നു.

868 പേജിലായാണ് പ്രൗഢമായ മൂന്നാം വാല്യം സയ്യിദ് സുലൈമാൻ നദ്‌വിയാൽ രചിക്കപ്പെടുന്നത്. പ്രവാചകത്വത്തിന്റെ ഭൗതികവും അഭൗതികവുമായ സവിശേഷതകളാണ് ഇതിന്റെ പ്രമേയം. സീറത്തുന്നബി യിലെ എറ്റവും ഗഹനവും സുപ്രധാനവുമായ വാല്യം ഇതാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 1924 ൽ പുറത്തിറങ്ങിയ ഈ കൃതിയിൽ ഉൾക്കൊണ്ടിട്ടുള്ള മുഅജിസത് (അമാനുഷിക സംഭവങ്ങള്‍) സംബന്ധിച്ച ഗഹനമായ പഠനം പ്രത്യേക പരാമർശം അർഹിക്കുന്നു. മുഅജിസത്ത് എന്ന തത്വത്തെ ബൗദ്ധികമായും ദാർശനികമായും വിവിധ മാനങ്ങൾ ഉപയോഗിച്ചു കൊണ്ട് ചർച്ച ചെയ്യുക വഴി സയ്യിദ് സുലൈമാൻ നദ്‌വി വലിയൊരു ധൈഷണിക വിരുന്നാണ് ഒരുക്കിയിട്ടുള്ളത്. വിശുദ്ധ ഖുർആൻ കൂടി ഈ പുസ്തത്തിന്റെ പ്രമേയത്തിൽ ഉൾപ്പെടുന്നു. വിശ്വാസം, മതം എന്നത് എങ്ങിനെ സാധ്യമാകുന്നു എന്നതിന് ദാർശനികവും ബുദ്ധിപരവുമായ മനോഹരമായ സമർത്ഥനം കൂടിയായി ഈ ഗ്രന്ഥം വിലയിരുത്തപ്പെടുന്നു.

1932 ൽ പ്രകാശിപ്പിക്കപ്പെട്ട സീറത്തുന്നബി യുടെ നാലാം വാല്യം 830 പേജുകളിലായി വ്യാപിച്ചു കിടക്കുന്നു. ഇതിൽ ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങൾ, പ്രവാചകത്വം, വഹ് യ്, ഉപരിലോകം, അന്ത്യനാൾ, വിചാരണ,രക്ഷാശിക്ഷകൾ, സ്വർഗം- നരകങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രവാചക അധ്യാപനങ്ങൾ വിശുദ്ധ ഖുർആന്റെയും ദർശനങ്ങളുടെയും അടിസ്ഥാനത്തിൽ ചർച്ച ചെയ്യുന്നു. പ്രവാചക ആഗമന കാലത്തെ അറേബ്യയും ഇസ്ലാമിക അറേബ്യയും ഈ ഗ്രന്ഥത്തിന്റെ പ്രമേയത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രവാചക ജീവിതത്തിൽ നിന്ന് പ്രവാചകന്റെ ആദർശ സന്ദേശത്തിലേക്ക് ഈ കൃതിയിലൂടെയാണ് ‘സീറത്തുന്നബി’ പ്രവേശിക്കുന്നത്.

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 6

അഞ്ചാം വാല്യത്തിൽ പ്രധാനമായും പ്രവാചക ജീവിതത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ആരാധനാ കർമ്മങ്ങളെയും കർമ്മ ശാസ്ത്ര നിലപാടുകളെയും സംബന്ധിച്ച ഗഹനമായ ചർച്ചകളാണ്. 456 പേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ വാല്യം 1935ലാണ് പുറത്തിറങ്ങിയത്.

1938 ലാണ് പ്രൗഢമായ ആറാം വാല്യം ഇറങ്ങിയത്. പ്രവാചക ജീവിതത്തിന്റെ സ്വഭാവ സവിശേഷതകളുമായി ബന്ധപ്പെട്ടതാണ് ഇതിന്റെ മുഖ്യപ്രമേയം. ഒരു ജനതയെ സംസ്കരിക്കുവാനും മഹത്തായ ഒരു സത്യസന്ദേശം പ്രചാരണം നടത്തുവാനും പ്രവാചകരുടെ വ്യക്തിത്വവും സ്വഭാവ സവിശേഷതകളും ഏത് അളവിൽ, എങ്ങനെയെല്ലാം സ്വാധീനം ചെലുത്തി എന്നതാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഇസ്ലാമിക സംസ്കാര സംബന്ധിയായ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി കൂടിയാണ് 824 പേജിലായുള്ള ഈ ഭാഗം. ഇത് സംബന്ധമായി മൗലാന അബ്ദുസലാം നദ്‌വി യുടെ പഠനവും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

214 പേജുകളിൽ പ്രസിദ്ധീകരിച്ച ഏഴാം വാല്യം അല്ലാമാ സയ്യിദ് നദ്‌വിയുടെ വിയോഗാനന്തരം ദാറുൽ മുസന്നിഫീൻ ചെയർമാൻ മൗലാന സബാഹുദീൻ അബ്ദുറഹ്മാൻ ആണ് പുറത്തിറക്കിയത്. പ്രവാചക ജീവിതത്തിന്റെ വെളിച്ചത്തിൽ സമൂഹം, ഭരണകൂടം, നിയമ വ്യവസ്ഥ, ഇടപാടുകൾ, വ്യവസ്ഥകൾ, ഭരണരീതികൾ എന്നിവകളെക്കുറിച്ചാണതിൽ ചർച്ച ചെയ്യുന്നത്.

ചുരുക്കത്തിൽ ഇസ്ലാമിന്റെ പ്രവാചകൻ ആരായിരുന്നു എന്ന ചോദ്യത്തിന് അല്ലാമാ ശിബിലിയും സയ്യിദ് സുലൈമാൻ നദ്‌വിയും ചേർന്ന് ആദ്യ മൂന്ന് ഭാഗങ്ങളിൽ ഉത്തരം നൽകുമ്പോൾ ആ പ്രവാചകൻ ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചത് എന്ത് എന്ന ചോദ്യത്തിന് ബാക്കി  വാല്യങ്ങളിലായി അല്ലാമാ സയ്യിദ് സുലൈമാൻ നദ്‌വി ഉത്തരം നൽകുന്നു.

Also read: അർറഹീഖുൽ മഖ്തൂം: സ്വഫിയുർ റഹ്മാൻ മുബാറക് പൂരി

ഈ കൃതിയുടെ സുപ്രധാന സവിശേഷത ഇതിന്റെ ആധികാരികത തന്നെയാണ്. സീറ ചരിത്രത്തിൽ ഏറെ വ്യതിരിക്തമായ കൃതിയായി സീറത്തുന്നബവി അറിയപ്പെടുന്നു. ഇതിന്റെ പ്രധാന അവലംബം ഖുർആൻ , ഹദീസ് എന്നിവ തന്നെയാണ്. വിഖ്യാത സീറ ഗ്രന്ഥങ്ങളായ ഇബ്നു സഅദിന്റേയും ഇബ്നു ഹിഷാമിന്റെയും ത്വബരി യുടെയും സീറകൾ അവലംബിച്ചിട്ടുണ്ട്. ഇസ്ലാമിക സ്രോതസ്സുകൾ മാത്രമല്ല ഇതിന് അവലംബിച്ചിട്ടുള്ളത് എന്നത് കൂടി ഈ മഹദ്ഗ്രന്ഥത്തിന്റെ പ്രത്യേകതയാണ്.

രചനാ ശൈലിയിലും, അവതരണത്തിലും ഈ കൃതി വ്യതിരിക്തത പുലർത്തുന്നുണ്ട്. രചയിതാക്കൾ ഉന്നതമായ ധൈഷണിക നിലവാരവും വൈജ്ഞാനികമായ  പ്രവീണ്യവും പുലർത്തുന്നവരായതിനാൽ ഈ ഗ്രന്ഥം ഭാഷാ പരമായും ഉള്ളടക്കത്തിലും ദാർശനികമായും ഉന്നത നിലവാരം പുലർത്തുന്നുണ്ട്. തിരു ജീവിതത്തിന്റെ സാധ്യമായ എല്ലാ മേഖലകളേയും ചർച്ച ചെയ്തു എന്നത് കൂടി ഈ കൃതിയുടെ സവിശേഷതയായി വിലയിരുത്തപ്പെടുന്നു. കൃത്യമായ ക്രോഡീകരണം വഴി ഇഴപിരിക്കാൻ കഴിയാത്ത തുടർച്ച ഈ ഏഴ് വാല്യങ്ങൾക്കും അവകാശപ്പെടാൻ ഉണ്ടെങ്കിലും ഈ പരമ്പരയിലെ ഓരോ ഭാഗവും  അതിൽ പരാമർഷിക്കപ്പെടുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിൽ മൗലികവും സ്വാതന്ത്രവുമായ കൃതികളായും വിലയിരുത്താവുന്നതാണ്.

You may also like

Leave a reply

Your email address will not be published. Required fields are marked *