പുസ്തകം

സീറത്തുന്നബവിയ്യ : സയ്യിദ് അബുൽ ഹസൻ അലി നദ്‌വി

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ രചിക്കപ്പെട്ട പ്രവാചക ചരിത്രങ്ങളിൽ പ്രഥമഗണനീയമായ  ഒന്നാണ് വിശ്വ പണ്ഡിതനായ മൗലാന സയ്യിദ് അബുൽ ഹസൻ അലി നദ്‌വി (1914– 1999) അറബി ഭാഷയിൽ രചിച്ച സീറത്തുന്നബവിയ്യ’. പ്രവാചക ചരിത്രത്തെ വസ്തുനിഷ്ഠമായും ആധികാരികമായും അവതരിപ്പിച്ച ഈ കൃതിയുടെ രചന ഏത് വായനക്കാരനും ഗ്രഹിക്കാൻ പാകത്തിന് സരളവും  ഭാഷ  ലളിതവുമാണ്.

നബി തങ്ങളുടെ സന്താന പരമ്പരയിൽ പിറന്ന ഗ്രന്ഥകാരന് ബാല്യം മുതലേ തീരുദൂതരുടെ വ്യക്തിത്വവുമായും ചരിത്രങ്ങളുമായും വലിയ തോതിൽ ബന്ധമുണ്ടായിരുന്നു. തിരുഗുണങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു അലി മിയന്റെ കുടുംബം. ബാല്യ കാലത്ത് അദ്ദേഹത്തിന്റെ വീട്ടിൽ നബി പ്രകീർത്തന കാവ്യങ്ങളും ഗദ്യങ്ങളുമെല്ലാം പ്രതിപാദിക്കുന്ന സദസ്സുകൾ ഉണ്ടായിരുന്നുവെന്നും കുടുംബത്തിലെ സ്ത്രീകൾ ഉൾപ്പെടെ നബി പ്രകീർത്തന കാവ്യങ്ങൾ രചിച്ചിരുന്നുവെന്നും അവ അവരുടേതായ സദസ്സുകളിൽ ആലപിച്ചിരുന്നു എന്നുമൊക്കെയുള്ള ഓർമ്മ അലി മിയാൻ പങ്ക് വെച്ചിട്ടുണ്ട്. ചെറുപ്പ കാലം മുതൽ തന്നെ നബി ചരിത്രങ്ങളോട് അദ്ദേഹത്തിന് വലിയ താത്പര്യമായിരുന്നു. ഭാഷകൾ സ്വായത്തമാക്കാൻ തുടങ്ങിയതോടെ അറബിയിലും ഉറുദുവിലും പിന്നീട് ഇംഗ്ലീഷിലുമായി രചിക്കപ്പെട്ട അനേകം സീറകൾ പരിചയിക്കുകയും നിരവധി ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം ആഴത്തിൽ കടന്ന് പോവുകയും ചെയ്തു. കുട്ടികൾക്ക് വേണ്ടി നബി ചരിത്രങ്ങൾ എഴുതിയ അലി മിയാനിൽ മുൻ കാലങ്ങളിലെ ആധികാരിക നബി ചരിത്ര ഗ്രന്ഥങ്ങളിലെ സുപ്രധാന ഏടുകൾ ക്രോഡീകരിച്ചു കൊണ്ട് ഒരു പുതിയ പുസ്തകം രചിക്കണം എന്ന ആഗ്രഹം ഉടലെടുത്തു. അതാണ് സീറത്തുന്നബിയുടെ പിറവി.

Also read: ദിയാഉന്നബി : മൗലാന പീർ കരം ഷാഹ് അസ്ഹരി

500 ൽ താഴെ താളുകളിൽ നബി ചരിത്രം ഏതാണ്ട് സമഗ്രമായിത്തന്നെ അദ്ദേഹം വിവരിച്ചിട്ടുണ്ട്. പുതുതായി ഒന്നും ചേർക്കാതെ മുൻ കാലങ്ങളിൽ എഴുതപ്പെട്ട ആധികാരിക സ്രോതസ്സുകളിൽ നിന്ന് പകർത്തുകയായിരുന്നു അദ്ദേഹം . അതിനാൽ തന്നെ ഭാഷാ ശൈലിയും തെരഞ്ഞെടുപ്പും ക്രോഡീകരണ ഭദ്രതയുമാണ് ഈ ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ കൃതിക്ക് അറബി നാടുകളിലും മറ്റും വലിയ തോതിൽ സ്വീകാര്യത കിട്ടിയതും ഈ കൃതിയെ ആസ്പദമാക്കി അനേകം പഠനങ്ങൾ നടന്നതും ഇതിന്റെ ക്രമീകരണത്തിന്റെ സൗന്ദര്യം കൊണ്ട് തന്നെയാണ്.

പ്രവാചക അനുരാഗത്തിന്റെ വികാരവായ്പോടെ തന്നെ പുതിയ കാലത്തെ പൂർണ്ണമായി ഉൾക്കൊണ്ട് കൊണ്ട് രചിക്കപ്പെട്ട ഈ ഗ്രന്ഥം നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. രചയിതാവിന്റെ ഭാഷയും ശൈലിയും അല്ലാതെ മറ്റൊരു വിധത്തിലും ശൈഖ് അലി മിയാന്റെ നിലപാടുകളുടെ സ്വാധീനം ഈ കൃതിയിൽ പ്രകടമല്ല എന്ന പ്രത്യേകത അടിവരയിട്ട്പറയേണ്ടതാണ്. അലി മിയാൻ തന്നെ എഴുതുന്നു ” രചയിതാവിന്റെ വീക്ഷണങ്ങളുമായി ബന്ധപ്പെടുത്തിയും യോജിപ്പിച്ചും കേന്ദ്ര ബിന്ദുവിനെ അവതരിപ്പിക്കുന്ന പതിവ് ഇന്ന് നിലവിലുണ്ട്. അത്തരം ശൈലി സ്വീകരിച്ചാൽ അത് രചയിതാവിന്റെ ആശയത്തെ പ്രതിഫലിപ്പിക്കുന്ന രചന മാത്രമായി മാറും, അതിനാൽ തന്നെ നാം സ്വയം നിർമ്മിച്ച അളവ് കോൽ വെച്ചു കൊണ്ട് മഹദ് ജീവിതത്തെ അവതരിപ്പിക്കുന്ന ശൈലി ഈ ഗ്രന്ഥത്തിൽ സ്വീകരിച്ചിട്ടില്ല ”

25 അധ്യായങ്ങളിൽ ക്രമീകരിക്കപ്പെട്ട ഈ രചന അതിന്റെ സമഗ്രതയിൽ വിശേഷ സ്ഥാനം അർഹിക്കുന്നു. വായന തുടങ്ങിയാൽ കൃത്യമായ തുടർച്ച ഇത് വായനക്കാരന് സമ്മാനിക്കുന്നുണ്ട്. അക്കാദമികമായും വൈകാരികമായും സമീപിക്കാവുന്ന തലങ്ങൾ ഇഴപിരിക്കാൻ കഴിയാത്ത വിധം ഗ്രന്ഥത്തിൽ ഉടനീളം രചയിതാവ് മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു. ഏത് തരത്തിലുള്ള വായനക്കാരനും ഉൾക്കൊള്ളാനാവും വിധമാണ് ഇതിന്റെ ഭാഷാ ശൈലി. പൊതുവായും സൂക്ഷ്മമായും വായന സാധ്യമാവുന്ന അപൂർവ്വ കൃതിയാണിത്.

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 5

സയ്യിദ് അലി മിയാന്റെ പതിവ് ഗ്രന്ഥങ്ങളെക്കാൾ സൂക്ഷ്മത ഇതിൽ പുലർത്തിയിട്ടുണ്ട് എന്ന് കൃത്യമായി നിരീക്ഷിക്കാൻ കഴിയും. ആറാം നൂറ്റാണ്ടിലെ ലോക ക്രമവും അറേബ്യാ, ഇന്ത്യ, ചൈന, റോം, യൂറോപ്പ് എന്നിവിടങ്ങളിലെ സാമൂഹ്യ സാംസ്കാരിക മത സാഹചര്യങ്ങളേയും കുറിച്ച വിശദമായ വിവരണത്തോടെ ആരംഭിക്കുന്ന ഗ്രന്ഥത്തിന്റെ തുടർ ചർച്ച പ്രവാചക നിയോഗം എന്ത് കൊണ്ട് അറേബ്യയിലായി എന്നതാണ്. തുടർന്ന് പ്രവാചക നിയോഗത്തിന് മുമ്പുള്ള അറേബ്യയുടെ വിശദമായ വിവരണമാണ്. ഒരു ചരിത്ര പണ്ഡിതൻ എന്ന നിലയിൽ അലി മിയാൻ ഈ വിവരണങ്ങളിലെല്ലാം തികഞ്ഞ ആധികാരികത പുലർത്തിയിട്ടുണ്ട്. മക്കയുടെ വിശദമായ ചരിത്രം പ്രതിപാദിച്ച ശേഷമാണ് പ്രവാചക ജനനത്തിലേക്കും ജീവിതത്തിലേക്കും അലി മിയാൻ പ്രവേശിക്കുന്നത്.

പ്രവാചക നിയോഗത്തിന് ശേഷമുള്ള കാര്യങ്ങൾ സംഭവങ്ങളിലൂടെയാണ് വികസികുന്നത്. ഹിജ് റക്ക് ശേഷം മദീനയുടെ വിശദമായ ചരിത്രവും  അലി മിയാൻ പ്രതിപാദിക്കുന്നു. പിന്നീട് ബദർ, ഉഹദ്, അഹ്‌സാബ് സംഭവങ്ങളുടെ വിവരണമാണ്. ഹുദൈബിയ സന്ധിയും ഖൈബറും മക്കാ വിജയവും അലി മിയാന്റെ മനോഹരമായ ഭാഷയിലൂടെ നമ്മിലെത്തുന്നു. പ്രവാചകർ ഇതര രാജാക്കന്മാർക്കും അറേബ്യൻ നേതാക്കൾക്കും മറ്റും അയച്ച കത്തുകളെക്കുറിച്ചുള്ള അധ്യായം ഏറെ ശ്രദ്ധേയമാണ്. അവർ ആ കത്തുകളോട് എങ്ങനെ പ്രതികരിച്ചു എന്നും അത് പിൽക്കാലത്തെ ഇസ്ലാമിക വികാസങ്ങൾക്ക് എങ്ങിനെ അടിത്തറയിട്ടു എന്നുമൊക്കെയുള്ള അലി മിയാന്റെ നിരീക്ഷണങ്ങൾ ഏറെ പ്രസക്തമാണ്. മദീന ജീവിതത്തിലെ അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ അനേകം സംഭവങ്ങളിലൂടെ അലി മിയാൻ പ്രവാചക ജീവിതത്തിന്റെ സംഗ്രഹം അനുവാചകരിൽ എത്തിക്കാൻ നടത്തുന്ന ഈ ഉദ്യമം ഏറെ ഫലപ്രദമാണ്. പ്രവാചക വിയോഗം അലി മിയാൻ അവതരിപ്പിമ്പോൾ ആ വികാരവായ്പ്പ് നമുക്ക് തൊട്ടെറിയാൻ സാധിക്കും.

Also read: ദിയാഉന്നബി : മൗലാന പീർ കരം ഷാഹ് അസ്ഹരി

അവസാന അധ്യായമാണ് ഈ ഗ്രന്ഥത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. തിരുദൂതരുടെ ശാരീരികവും ആത്മീയവുമായ സവിശേഷതകളും സ്വഭാവ ഗുണങ്ങളും മറ്റു സവിശേഷതകളും അവതരിപ്പിക്കുമ്പോൾ ‘നബി ഏ റഹ്മത്ത്’ അഥവാ കാരുണ്യത്തിന്റെ തിരുദൂതർ എന്ന നാമകരണത്തിന് ഏറെ അർത്ഥം നൽകുന്നു. അവിടുത്തെ സൂക്ഷ്മതയും സഹനയും ഔന്നിത്യവും വിട്ടു വീഴ്ചയും അലിവും സ്ഥൈര്യവും ലജ്ജയും കാരുണ്യവുമെല്ലാം എങ്ങിനെയാണ് സാർവ്വകാലികവും സമ്പൂർണ്ണവുമായ ഒരു നേതാവിനെ രൂപപ്പെടുത്തിയത് എന്ന സമർത്ഥനത്തിലൂടെയാണ് ഈ ഗ്രന്ഥം അവസാനിക്കുന്നത്. പ്രവാചക സ്നേഹത്തിന്റെ മൂർത്തീ ഭാവമായിരുന്ന ശൈഖ് അലി മിയാന്റെ ഈ രചന മലയാളത്തിലേക്ക് കാരുണ്യത്തിന്റ് തിരുദൂതർ എന്ന പേരിൽ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്.

You may also like

Leave a reply

Your email address will not be published. Required fields are marked *