
പ്രവാചക അനുരാഗത്തിന്റെ പേനത്തുമ്പിൽ നിന്നുതിർന്ന അക്ഷരകൂട്ടങ്ങൾ പുസ്തക രൂപം കൈവരിച്ചതാണ് ‘റഹ്മത്തുൽ ലിൽ ആലമീൻ’ ,എന്ന വിഖ്യാത സീറ ഗ്രന്ഥം. തിരുദൂതരോടുള്ള അദമ്യമായ അനുരാഗം ഓരോ മിടിപ്പിലും തുടിച്ച ഹൃദയത്തിൽ നിന്നാണ് ആ കൃതി പിറന്നു വീണത്. മൗലാന സുലൈമാൻ മൻസൂർ പൂരി (1867-1930) എന്ന വിഖ്യാത പണ്ഡിതനായിരുന്നു ഈ വിഖ്യാത സീറ രചിച്ച ആ പ്രവചകാനുരാഗി. ഓരോ താളുകളിലും പ്രവാചകരോടുള്ള വികാരം ആവാഹിച്ച മനോഹരമായ ഈ കൃതി ഉപഭൂഖണ്ഡത്തിന്റെ അതിരുകൾ ഭേദിച്ചു വിശ്വപ്രസിദ്ധമായി.ഇന്ന് ഇന്ത്യയിലും പുറത്തുമുള്ള ഒട്ടനേകം ഭാഷകളിലേക്ക് ഈ കൃതി തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ മഹത്തായ കൃതിയുടെ സ്വീകാര്യത ദൃശ്യമാക്കുന്ന രണ്ട് സംഭവങ്ങൾ ഇവിടെ അനുസ്മരിക്കുന്നത് ഉചിതമാകും. ഇന്ത്യയിൽ രചിക്കപ്പെട്ട സീറ ഗ്രന്ഥമായ സീറത്തുന്നബി (അല്ലാമാ ശിബിലി- അല്ലാമാ സുലൈമാൻ നദ്വി) രചനയുടെ ആലോചനകൾ നടക്കുന്ന സമയം, മൗലാന ശിബിലി നുഅ്മാനി ഒരു സദസ്സിൽ വെച്ച് തന്റെ ഈ ഉദ്യമത്തെക്കുറിച്ചു സംസാരിക്കവെ, ആ വേദിയിൽ ലാഹോറിൽ നിന്ന് പുറത്തിറങ്ങുന്ന വത്വൻ പത്രത്തിന്റെ പത്രാധിപർ മൗലാന ഇൻഷിറാ ഉള്ള ഖാൻ എഴുന്നേറ്റ് നിന്ന് പറഞ്ഞത്രേ ” അല്ലാമാ ഖാളി മൻസൂർ പൂരിയുടെ റഹ്മത്തുൽ ലിൽ ആലമീൻ ഇവിടെയുള്ളപ്പോൾ ഇനിയൊരു ഗ്രന്ഥത്തിന് പ്രസക്തിയില്ല. അതിനപ്പുറം ഇനിയെന്താണ് താങ്കൾക്ക് എഴുതാനുണ്ടാവുക”
റഹ്മത്തുൽ ലിൽ ആലമീനു ശേഷം ഇന്ത്യയിൽ ഉറുദു ഭാഷയിലോ അറബി ഭാഷയിലോ രചിക്കപ്പെട്ട ഏത് സീറ ഗ്രന്ഥങ്ങളും ഈ കൃതിയെ അവലംബമാക്കി രചക്കപ്പെട്ടതാണ് എന്ന സവിശേഷത ഈ കൃതിക്കുണ്ട്. മൗലാന അബുൽ ഹസൻ അലി നദ്വി തന്റെ വിഖ്യാതമായ സീറത്തുന്നബവിയ്യയിൽ അവലംബമാക്കിയതും പ്രസ്തുത ഗ്രന്ഥം തന്നെ.
Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്
ബാല്യത്തിൽ മൗലാന അലി മിയാൻ പ്രവാചക ചരിത്രങ്ങൾ തിരഞ്ഞു നടന്ന സംഭവം തന്റെ ‘ത്വരീഖു ഇലൽ മദീന യിൽ’ അദ്ദേഹം വിവരിക്കുന്നുണ്ട്. അപ്പോഴാണ് റഹ്മത്തുൽ ലിൽ ആലമീൻ എന്ന കൃതിയെപ്പറ്റി അലി മിയാൻ അറിയുന്നത്. ആവേശത്തോടെ സയ്യിദ് അലി മിയാൻ അത് കത്തയച്ചു വരുത്തി. പത്ത് പതിനൊന്നു വയസുള്ള കുട്ടിയുടെ ആ കയ്യിൽ പണം തികയുമോ.. ബാക്കി അലി മിയാൻ തന്നെ കുറിക്കട്ടെ:
” എന്റെ കയ്യിൽ പണമില്ലായിരുന്നു, പോസ്റ്റ്മാൻ പുസ്തകവുമായെത്തുമ്പോൾ ഞാൻ വെപ്രാളപ്പെട്ട് ഉമ്മയുടെ അടുക്കലേക്കോടി, ഉമ്മക്കും ഞാൻ ആ കിതാബ് വായിക്കാൻ ആഗ്രഹം അല്ലാതെ പണം തരാൻ കയ്യിലില്ല എന്നു മനസ്സിലായി. അപ്പോൾ ഞാൻ എന്റെ അവസാന ആയുധം കയ്യിലെടുത്തു, കുട്ടികളുടെ സ്ഥിരം ആയുധം ബദ്റിൽ പങ്കെടുക്കാൻ കുട്ടിയായ ഉമൈർ പ്രവാചകരുടെ മുന്നിൽ ചെയ്തത് ഞാനും ചെയ്തു, നിഷ്കളങ്കമായി പൊട്ടിക്കരഞ്ഞു, ഉമ്മ ഉരുകി… എങ്ങിനെയോ ആ ഗ്രന്ഥം എന്റെ സ്വന്തമായി, ആ ഗ്രന്ഥം എന്നെ സ്വാധീനിച്ച പോലെ മറ്റൊരു ഗ്രന്ഥവും എന്നെ ഇന്നോളം സ്വാധീനിച്ചിട്ടില്ല”
അനുരാഗതലത്തിന്റെ അനുഭൂതിയും ആസ്വാദനവും നൽകുന്നതോടോപ്പം വസ്തുതകളുടെ പിൻബലത്തിൽ ഒരു ആധികാരിക ചരിത്ര രേഖയായും ഈ കൃതി വർത്തിക്കുന്നു. പ്രവാചക ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ മനോഹരമായി വിവരിക്കുന്ന ഈ കൃതിയുടെ ഏറ്റവും സുപ്രധാന സവിശേഷത പ്രവാചകരുടെ വ്യക്തിത്വവും ഇസ്ലാമിക സംസ്ഥാപനവുമായും ബന്ധപെട്ട് പാശ്ചാത്യ ചരിത്രകാരന്മാർ ഉയർത്തിയ ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കുകയും അവക്ക് വ്യക്തമായി മറുപടി നൽകുകയും ചെയ്തു എന്നത് കൂടിയാണ്.
Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്- 2
ക്രിസ്ത്യൻ വിമർശകർ മാത്രമല്ല ആധുനിക മത നിഷേധികളും ഭൗതിക വാദികളും ഉന്നയിച്ച ആരോപണങ്ങളെ കൂടി ഈ കൃതിയിൽ മൗലാന മൻസൂർപൂരി അപഗ്രഥിക്കുന്നുണ്ട്. പൂർവ്വ വേദങ്ങളുടെ വെളിച്ചത്തിൽ കൂടിയാണ് തിരുദൂതർ ലോകനുഗ്രഹി ആണെന്ന് ഈ ഗ്രന്ഥം സ്ഥാപിക്കുന്നത്.
1912 ലാണ് ഇതിന്റെ ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. ഒന്നാം ഭാഗത്തിൽ തിരുദൂതരുടെ ജീവിത ചക്രവും ജീവിതത്തിലെ സംഭവ വികാസങ്ങളും വിവരിക്കുന്നു. തുടർന്ന് ജീവിതത്തിലെ സവിശേഷതകളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. തിരുജീവിതത്തിൽ നിന്ന് ഉരുത്തിരിയുന്ന ഇസ്ലാമിക വിശ്വാസ കർമ്മ ശാസ്ത്ര സംഹിതകളിലേക്കുള്ള ഒരു സൂചകം കൂടിയാണ് ഈ കൃതി. പ്രവാചക ജീവിതം എങ്ങിനെ ഇസ്ലാമിനെയും അതിന്റെ ആദർശത്തെയും അടയാളപ്പെടുത്തുന്നു എന്നതിന്റെ ആകെ തുകയാണ് റഹ്മത്തുൽ ലിൽ ആലമീൻ എന്ന ഗ്രന്ഥം.
Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്- 3
മൂന്ന് വാല്യങ്ങളിലായി എഴുതപ്പെട്ട ഈ കൃതിയിൽ നബിയുടെ കാലത്തെ കൃത്യമായി നമുക്ക് മുന്നലെത്തിക്കുന്നു എന്ന പ്രത്യേകതയുണ്ട്. തിരുദൂതരുടെ കുടുംബ പാരമ്പര്യം, അവിടുത്തെ ദൈനം ദിന ജീവിതം, സംഭവങ്ങളുടെ കൃത്യമായ കാലഗണന, തിരുദൂതരോടൊപ്പം യുദ്ധങ്ങളിൽ പങ്കെടുത്ത അനുചരന്മാരുടെ കൃത്യമായ വിവരങ്ങൾ, മക്ക മദീന ജീവിത കാലങ്ങളിലെ അനുചരന്മാരുടെ വസ്തുതാ പരമായ വിവരങ്ങൾ എല്ലാം ഇതിൽ കുറിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ മൂന്നാം ഭാഗത്തിൽ എന്ത് കൊണ്ടാണ് തിരുദൂതർ ലോകാനുഗ്രഹി എന്ന വിശേഷണത്തിന് അർഹനാവുന്നത് എന്നതിനെ സാധൂകരിക്കുന്ന ചർച്ചകളാണ്.
തിരുദൂതരുടെ സ്വഭാവ സവിശേഷതകളുടെയും ഒരു ജനതയുടെ സാമൂഹിക സാംസ്കാരിക തലങ്ങളിലെ സാമൂഹ്യ സുരക്ഷ, ഭരണതലം എന്നിവിടങ്ങളിലുമെല്ലാം പ്രവാചകരുടെ സംഭാവനകളിലൂടെയാണ് കൃതി കടന്ന് പോവുന്നത്. ഖുർആൻ, സുന്നത്ത് എന്നിവയെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട കൃതിയിൽ പ്രവാചക ചരിത്രത്തിലെ പല വസ്തുതകളെയും യുക്തിഭദ്രമായാണ്
അവതരിപ്പിക്കുന്നത്.
തിരു ജീവിതത്തിലെ ദൈനം ദിന വ്യവഹാരങ്ങളെ ഇത്രയും കൃത്യമായും സൂക്ഷ്മമായും പ്രതിപാദിച്ച മറ്റൊരു ഗ്രന്ഥം സീറ ശാഖയിൽ ഇല്ലെന്ന് തന്നെ പറയാം. മൗലാന സയ്യിദ് സുലൈമാൻ നദ്വി എഴുതിയത് പോലെ ഖാളി മൻസൂർ പൂരിയുടെ റഹ്മത്തുൽ ലിൽ ആലമീൻ ഈ വിശ്വമാകെ അനുഗ്രഹ കേദാരമാക്കി റബ്ബുൽ ആലമീൻ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ആ കൃതിക്ക് കിട്ടിയ സ്വീകാര്യത. ഇനി പരലോകത്തും റബ്ബുൽ ആലമീനും അവന്റെ റഹ്മത്തുൽ ലിൽ ആലമീനും (സ) ഈ കൃതിയെ ഇതേ പോലെ സ്വീകരിക്കട്ടെ..
പണ്ഡിതനും ഗ്രന്ഥകാരനും ഖുർആൻ വ്യാഖ്യാതാവുമായിരുന്നു അല്ലാമാ സുലൈമാൻ മൻസൂർപൂരി . ഈ കൃതിക്ക് പുറമെ പ്രവാചക ചരിത്രത്തിൽ തന്നെ അദ്ദേഹം കൃതികൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അൽ ജമാൽ വൽ കമാൽ ഏറെ സ്വീകാര്യതയുള്ള ഖുർആൻ വ്യാഖ്യാന ഗ്രന്ഥമാണ്. അസ്ഹാബേ ബദർ, അസ്മാഉൽ ഹുസ്ന എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ വിഖ്യാത കൃതികളിൽ ഉൾപ്പെടുന്നു.