പുസ്തകം

മുഹമ്മദ് – മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകൻ

Spread the love

മുഹമ്മദ് നബിയുടെ ചരിത്രത്തെക്കുറിച്ച് അസംഖ്യം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഇനിയും രചിക്കപ്പെടുകയും ചെയ്യും. എത്ര കോരിയെടുത്താലും കുറവുവരാത്ത ചരിത്ര സാഗരമാണ് പ്രവാചക ജീവിതം. എന്നാൽ എല്ലാ രചനകളും ഒരുപോലെയല്ല. ചരിത്ര രചനയുടെ മൗലിക ലക്ഷ്യങ്ങൾ ഫലപ്രദമായി സാക്ഷാത്കരിക്കുന്നതിലാണ് ഒരു കൃതിയുടെ വിജയം നിലകൊള്ളുന്നത്. പ്രസ്തുത വിഷയത്തിൽ നഈം സിദ്ദീഖിയുടെ ‘മുഹമ്മദ് – മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകൻ’ എന്ന ഈ ഗ്രന്ഥം അസാധാരണമായ വിജയം കൈവരിച്ചിരിക്കുന്നു. അതിൽ അത്ഭുതവുമില്ല. ഉർദു സാഹിത്യത്തിൽ വിഖ്യാതനായ എഴുത്തുകാരനായിരുന്നു നഈം സിദ്ദീഖി. നിരവധി ഗ്രന്ഥങ്ങളുടെ ഉടമ. മനോഹരമായ കവിതകളുടെ രചയിതാവ്. ‘സയ്യാറെ ഡൈജസ്റ്റ്’ പോലുള്ള സാഹിത്യമാസികകളുടെ പത്രാധിപർ. അദ്ദേഹത്തിന്റെ ഗദ്യവും കവിതാമയമാണ്. വായനക്കാരെ ഹരം കൊള്ളിക്കുന്നതും.

1960കളുടെ തുടക്കത്തിൽ ‘മുഹ്‌സിനെ ഇൻസാനിയ്യത്ത്’ എന്ന പേരിൽ ഈ ഗ്രന്ഥം വെളിച്ചം കണ്ടപ്പോൾ തന്നെ സഹൃദയലോകം അതിനെ സമോദം സ്വാഗതം ചെയ്തിരുന്നു. പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷകനുമായ മുൻ രാഷ്ട്രപതി ഡോ. സാക്കിർ ഹുസൈൻ പ്രസ്തുത കൃതിയെക്കുറിച്ചെഴുതി: ഈയിടെ സാമ്പ്രദായിക രചനകളിൽനിന്ന് വളരെ വ്യത്യസ്തമായൊരു പ്രവാചക ജീവചരിത്രം വായിക്കാനിടയായി. നഈം സിദ്ദീഖിയുടെ അനുഗ്രഹീത തൂലികയിൽനിന്ന് വാർന്നുവീണ മുഹ്‌സിനെ ഇൻസാനിയത്ത് എന്ന കൃതിയാണത്.” അക്കാലം മുതൽക്കേ പ്രസ്തുത പുസ്തകം വായിക്കണമെന്ന് ഉൽക്കടമായ അഭിലാഷം ഉണ്ടായിരുന്നുവെങ്കിലും ‘മുഹമ്മദ് മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകൻ’ എന്ന പേരിൽ കെ.ടി ഹുസൈൻ പി.പി അബ്ദുർറഹ്മാൻ കൊടിയത്തൂർ എന്നിവർ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്ത് ഐ.പി.എച്ച് പ്രസിദ്ധീകരിച്ചപ്പോഴാണ് ആഗ്രഹം സഫലമായത്. ഐ.പി.എച്ചിന് എന്തുകൊണ്ടും അഭിമാനിക്കാവുന്ന ഒരു നേട്ടം തന്നെയാണ് ഈ കൃതിയുടെ പ്രസിദ്ധീകരണം മുഖേന സാധിച്ചിരിക്കുന്നത്.

സാമാന്യം ദീർഘമായ ഒരാമുഖത്തോടു കൂടിയാണ് നഈം സിദ്ദീഖി തന്റെ ഗ്രന്ഥം ആരംഭിക്കുന്നത്. പലർക്കും ചരിത്ര പാരായണത്തിന് – ചരിത്ര രചനക്കും- പല ലക്ഷണങ്ങളുമാണുള്ളതെന്ന് അതിൽ വിശദീകരിക്കുന്നുണ്ട്. അത്തരക്കാരെ മൂന്ന് വിഭാഗമായി തരംതിരിച്ചിരിക്കുന്നു. 1) ദൈവപ്രീതി നേടാൻ മാത്രമായി ചരിത്രവായനയിൽ താൽപര്യം കാണിക്കുന്നവർ. അവർ ആഘോഷങ്ങളോടെ മീലാദ് മഹ്ഫിലുകൾ സംഘടിപ്പിക്കുന്നു, മധുര പലഹാരങ്ങൾ, പുഷ്പ തോരണങ്ങൾ, ഖവാലികളുടെയും സ്തുതിഗീതങ്ങളുടെയം അകമ്പടി, സാമ്പാണിത്തിരിയുടെയും ചന്ദനത്തിരിയുടെയും സുഗന്ധം എന്നിവയാകും അന്തരീക്ഷത്തിൽ നിറയുന്ന നബിയുടെ പ്രവർത്തനങ്ങൾ മുഴുവൻ കാര്യകാരണ ബന്ധങ്ങൾക്കതീതമായി സംഭവിക്കുന്ന അമാനുഷിക ഗണത്തിലാണ് അവർ എണ്ണപ്പെടുന്നത്. പ്രകാശത്താൽ രൂപപ്പെട്ട്, ശരീരത്തിന് തണലില്ലാത്ത ഏതോ അമാനുഷിക വ്യക്തിത്വത്തിന്റെ സങ്കൽപമാണവർക്ക് നബി. 2) പാശ്ചാത്യരിൽ കാണുന്ന വീരാരാധനയോട് സദൃശമായതാണ് രണ്ടാമത്തെ പ്രവണത. ഒരുതരം സാമുദായിക വികാരത്തെ അത് പ്രതിനിധീകരിക്കുന്നു. ”ഞങ്ങളുടെ ചരിത്രത്തിൽ എത്ര വലിയ പുണ്യാത്മാക്കളാണ് കഴിഞ്ഞു പോയത്. അവരുടെ പ്രവർത്തനങ്ങൾ അഭിമാനകരവും വിശ്വോത്തരവുമാണ്. ഞങ്ങളതിന്റെ അന്തരാവകാശികളാണ്. ഇത്തരം വ്യക്തിത്വങ്ങളുടെ ജന്മദിനവും മരണദിനവുമെല്ലാം സാഘോഷം കൊണ്ടാടുകയാണെന്നല്ലാതെ ജീവിതത്തിൽ ഒരു സ്വാധീനവും ചെലുത്താൻ ഇതുകൊണ്ട് സാധ്യമല്ല. 3) പ്രവാചക സന്ദേശത്തെ ഒരു സങ്കുചിത മതസന്ദേശമായി മനസിലാക്കുന്നു എന്നതാണ് മൂന്നാമത്തെ രീതി. തിരുമേനി ഏതാനും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ചില ധാർമിക ഉദ്‌ബോധനങ്ങളും ഏതാനും കർമശാസ്ത്ര വിധികളും പഠിപ്പിക്കാനാണ് വന്നത്. ശുദ്ധി, നമസ്‌കാരം നോമ്പ്, സുന്നത്തുകൾ, ദിക്‌റുകൾ, വൈയക്തിക മൂല്യങ്ങൾ എന്നിവ പ്രവാചകനിൽനിന്ന് സ്വീകരിക്കുകയല്ലാതെ സാമൂഹിക ജീവിതത്തിന്റെ വിശാല മണ്ഡലങ്ങളിൽ പ്രവാചക ചര്യയുടെ മാതൃക ഇവർക്ക് സങ്കൽപിക്കാൻ പോലും സാധിക്കുന്നില്ല. ഈ സന്ദർഭത്തിൽ ചരിത്ര പഠനത്തിന്റെ യഥാർഥ ലക്ഷ്യമെന്തായിരിക്കണമെന്ന് ഗ്രന്ഥകാരൻ വിശദീകരിക്കുന്നു: എന്റെ വീക്ഷണത്തിൽ പ്രവാചക ചരിത്ര വായനയുടെ ഒരേയൊരു ലക്ഷ്യം അദ്ദേഹം കൊളുത്തിയ സന്ദേശത്തിന്റെ ജ്വാല നമ്മുടെ മുന്നിലും മുഴുവൻ മനുഷ്യരാശിയുടെ മുന്നിലും ഒരിക്കൽ കൂടി പ്രകാശിക്കുകയും വർത്തമാനകാലഘട്ടത്തിന്റെ അന്ധകാരങ്ങളിൽ മോക്ഷത്തിന്റെ വഴി തുറന്നു കിട്ടുകയുമാണ്.” (പേജ്: 52) ”ഇത് വായിക്കുമ്പോൾ പതിനാലു നൂറ്റാണ്ടുകളുടെ അകലം മുറിച്ചുകൊണ്ട് പ്രവാചകനെ സമീപസ്ഥനായി അനുഭവിക്കാൻ വായനക്കാരന് കഴിയുമെന്നും ഓരോ സംഭവവും തനിക്ക് മുന്നപിൽ ചലിക്കുന്നതായി അനുഭവപ്പെടുമെന്നും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തിരമാലകൾ തന്റെ സങ്കൽപ ലോകത്ത് ഒഴുകിപ്പരക്കുന്നതായി കാണുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. സത്യവും മിഥ്യയും തമ്മിലുള്ള ഈ സംഘർഷത്തിൽ നിഷ്പക്ഷനായിരിക്കാൻ അവന് കഴിയില്ലെന്നും മറിച്ച് അവന്നുള്ളിൽ രചനാത്മകമായ വികാരം ഉണർന്നു വരുമെന്നും മാനവചരിത്രത്തിൽ തന്റെ പങ്ക് എന്താണെന്ന് ചിന്തിക്കാൻ അവൻ നിർബന്ധിതനായിത്തീരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. (പേജ്: 79).

മുഹമ്മദ് നബിയുടെ ചരിത്രത്തെ വികലമായാണ് പാശ്ചാത്യർ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതെന്നും അതിനുള്ള അടിസ്ഥാന കാരണങ്ങൽ എന്താണെന്നും ഗ്രന്ഥകാരൻ വ്യക്തമാക്കുന്നുണ്ട്.

1) മുഹമ്മദ് നബി രംഗപ്രവേശം ചെയ്തപ്പോൾ ജൂതന്മാരും ക്രിസ്ത്യാനികളും അധഃപതനത്തിന്റെ ചരിത്ര ഘട്ടത്തിലൂടെയാണ് പ്രയാണം ചെയ്തിരുന്നത്. മതജന്മികൾ കച്ചവട മനഃസ്ഥിതിയോടു കൂടി താൽപര്യങ്ങളുടെ കടകൾ തുറന്നിരുന്നു. നാഗരികതയുടെ സംസ്‌കരണവും മനുഷ്യത്വത്തിന്റെ നന്മയും അവരുടെ പരിഗണനയിലുണ്ടായിരുന്നില്ല. വിഭാഗീയത നിലനിർത്തി പക്ഷപാതിത്വത്തിന്റെയും അസൂയയുടെയും ശത്രുതയുടെയും മുന്നണി രൂപവൽക്കരിക്കുകയാണവർ ചെയ്തത്. ചരിത്രത്തിന്റെ മലിനജലം പിൻതലമുറകളിലേക്കും പകരാനാണവർ ശ്രമിച്ചത്. നബിയുടെ സമകാലികരായ ജൂത-ക്രൈസ്തവ വിഭാഗത്തിന്റെ ഈ ദുഷിച്ച വൈകാരിക പ്രതികരണം പിൻഗാമികളെയും ആഴത്തിൽ സ്വീധീനിച്ചു.

2) ക്രിസ്ത്യാനികൾക്ക് ശക്തമായ സ്വാധീനവും ശക്തിയുമുണ്ടായിരുന്ന പല പ്രദേശങ്ങളും ഇസ്‌ലാമിന്റെ കീഴിൽ വന്നത് ശത്രുതാപരമായ വികാരം സൃഷ്ടിക്കപ്പെടുകയും അത് അനുദിനം വളർന്നുകൊണ്ടിരിക്കുകയും ചെയ്തു. ഈ ശത്രുത പ്രവാചകനും ഇസ്‌ലാമിനും എതിരെ തിരിയാൻ കാലതാമസമുണ്ടാവില്ല. കുരിശുയുദ്ധകാലത്ത് അത് പാരമ്യത്തിലെത്തി. മുസ്‌ലിംകളിൽ കാണപ്പെട്ട ദൗർബല്യങ്ങളും പാളിച്ചകളും ഇസ്‌ലാമിന്റെയും പ്രവാചകന്റെയും തലയിൽ വെച്ചുകെട്ടുകയും പ്രവാചക ചരിത്രത്തെക്കുറിച്ച തെറ്റായ സങ്കൽപം രൂപപ്പെടുത്തിയെടുക്കുയും ചെയ്തു.

3) ഇസ്‌ലാമിനും പ്രവാചകനുമെതിരെ ക്രൈസ്തക പാതിരിമാർ പ്രചരിപ്പിക്കുന്ന ചിത്രം പാശ്ചാത്യൻ ബുദ്ധിജീവികളിലും സ്വാധീനം ചെലുത്തി. ഓറിയന്റലിസ്റ്റുകളുടെ ഗ്രന്ഥമെഴുത്ത് പരിശോധിച്ചാൽ അവർ എത്രകണ്ട് ഈ പ്രോപഗണ്ടക്ക് വശംവദരായിരിക്കുന്നുവെന്ന് മനസ്സിലാക്കാം.

4) കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിൽ പാശ്ചാത്യ സാമ്രാജ്യത്വം മുസ്‌ലിം ജനതയെ പൈശാചികമായി വേട്ടയാടി. ഇതിനെതിരെ സ്വതന്ത്രചിന്തയും സമത്വഭാവനയും വളർത്തി മുസ്‌ലിംകളെ ഉത്തേജിപ്പിച്ചത് മതവ്യക്തിത്വങ്ങളായിരുന്നു. ഇസ്‌ലാമിന്റെ നീതിവ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനുള്ള ആവേശം നുരഞ്ഞുപൊന്തി. അതിനാൽ പാശ്ചാത്യർ മുസ്‌ലിം രാജ്യങ്ങളിലെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ കാണപ്പെടുന്ന ആവേശത്തെ മതഭ്രാന്തായും മതമൗലികവാദമായും ചിത്രീകരിച്ചും ഇസ്‌ലാമിക പ്രസ്ഥാനത്തിൽ എന്തെങ്കിലും നല്ലവശമുണ്ടെങ്കിൽ അതെല്ലാം ക്രിസ്തുമതത്തിന്റെയും ജൂതായിസത്തിന്റെയും സ്വാധീനത്തെയും അവർ പ്രചരിപ്പിച്ചു.

തുടർന്ന് അദ്ദേഹം എഴുതുന്നു: ഇസ്‌ലാമിനെ ക്രിസ്തുമതത്തിന്റെ പ്രതിയോഗിയായ മതമെന്ന നിലയിലല്ല, ജനാധിപത്യത്തെയും സോഷ്യലിസത്തെയും പോലുള്ള പ്രസ്ഥാനമെന്ന നിലക്കും ജീവിതത്തിനുള്ള സാംസ്‌കാരിക ക്രമമെന്ന നിലയിലുമാണ് മനസിലാക്കേണ്ടത്.
പ്രവാചകൻ മുഴുവൻ ജീവിതത്തെയും മാറ്റിക്കൊണ്ടാണ് മുന്നോട്ട് പോയത്. നാഗരികതയുടെ മുഴുവൻ സൗധവും പുനർനിർമിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. സാമൂഹ്യ വ്യവസ്ഥ മുഴുവൻ മികച്ച രൂപരേഖ പ്രകാരം അഴിച്ചു പണിയാനാണ് അദ്ദേഹം നിയുക്തനായത്.”
630 പേജുകളിൽ പരന്നുകിടക്കുന്ന ഈ ഗ്രന്ഥത്തിൽ 31 അധ്യായങ്ങളാണുള്ളത്. പ്രവാചകന്റെ ശരീര പ്രകൃതിയും സ്വഭാവശീലങ്ങളും പ്രതിപാദിക്കുന്നു, ”വ്യക്തിത്വം ഒറ്റനോട്ടത്തിൽ” എന്‌ന അധ്യായത്തിനു ശേഷം പ്രവാചക ചരിത്രത്തെ മക്കാ കാലഘട്ടം, മദീനാകാലഘട്ടം എന്നിങ്ങനെ രണ്ടായി വിഭജിച്ചിരിക്കുന്നു. എതിർപ്പുകൾ, അബ്‌സീനിയൻ പാലായനം, ഉമറിന്റെ ഇസ്‌ലാം ആശ്ലേഷണം, ഉപരോധം, ത്വാഇഫ് യാത്ര, മക്കയോട് വിട എന്നിവയാണ് മക്കാ കാലഘട്ടത്തിലെ പ്രധാന ശീർഷകങ്ങൾ. ഗൂഢാലോചനകൾ, മദീനാ പലായനം, മക്കാവിജയം, ഉടമ്പടികൾ, ദേശാന്തരീയ പ്രബോധനം, എതിർപ്പിന്റെ അവസാന തരംഗം, അറഫാ സംഗമം, വിയോഗം എന്നീ വിഷയങ്ങളാണ് മദീനഘട്ടത്തിലെ മുഖ്യ അധ്യായങ്ങൾ. നബി ചരിത്രത്തിലെ ചെറുതും വലുതുമായ എല്ലാ സംഭവങ്ങളെയും ഒരുമുത്തുമാലപോലെ കോർത്തിണക്കി അവതരിപ്പിക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിരിക്കുന്നു. കേവലം ചരിത്ര സംഭവങ്ങൾ പറഞ്ഞു പോവുകയില്ല, മഹത്തായ ഒരു ലക്ഷ്യം നേടിയെടുക്കുന്നതിന് പ്രവാചകനും അനുയായികളും എങ്ങനെ കഠിനാധ്വാനം ചെയ്തുവെന്നും ഒരു പുതിയ നാഗരികതയും സംസ്‌കാരവും എപ്രകാരം നിർമിച്ചെടുത്തുവെന്നും വിശദമായി പ്രതിപാദിക്കുകയാണ് സിദ്ദീഖി. പലേടത്തും അദ്ദേഹത്തിന്റെ ഭാഷ കവിതാമയവും മനോഹരവുമാണ്. തന്റെ സഹോദരിയുടെ ശരീരത്തിൽ രക്തം കണ്ടപ്പോൾ മനപരിവർത്തനം വന്ന ഉമർ(റ)നെ പറ്റി എഴുതുമ്പോൾ ‘വജ്രഹൃദയം പുഷ്പദളത്താൽ പിളർന്നുപോയി(പേജ്: 201) എന്നും പ്രവാചകന്റെ ആഗമനം കാത്തിരിക്കുന്ന മദീനക്കാരെക്കുറിച്ച്, പെയ്യാനിരിക്കുന്ന മഴമേഘങ്ങളെ കാത്തിരിക്കുന്ന പുതുനാമ്പുകൾപോലെ, വസന്തഋതുവിൽ കാറ്റിനെ കാത്തിരിക്കുന്ന പൂന്തോപ്പിനെപോലെ, ഒരു നവലോക നിർമിക്കുവേണ്ടി ചേരുവകൾ തയാറാക്കി തങ്ങളുടെ നേതാവിനെ അവർ കാത്തിരുന്നു (പേജ് 243) എന്നും അദ്ദേഹം എഴുതുന്നു. മറ്റുചില ഉദാഹരണങ്ങൾ കാണുക: മദീനക്ക് ലഭിച്ച ആ ചരിത്ര മുഹൂർത്തം കൊണ്ടു സങ്കൽപിച്ചു നോക്കൂ. തെരുവുകളിലെ ഓരോ മണൽത്തരിയും ത്രസിച്ചിരിക്കും. കാറ്റിനുപോലും വികാരാവേശം ഉണ്ടായിക്കാണും. ചുമുരുകളിലെ കിളിവാതിലുകൾക്ക് ആ ധന്യനിമിഷങ്ങളിൽ കണ്ണുകൾ ലഭിച്ചിരിക്കും. (പേജ് 244). മദീനയിലെ ഇസ്‌ലാമിന്റെ വളർച്ചയെക്കുറിച്ച് പറയുമ്പോൾ: സത്യപ്രബോധനത്തിന്റെ വയലേലകളിൽ എങ്ങനെയാണ് വിളകൾ തൊഴുത്തു വളരുന്നത്. ഇന്ന് ഇവിടെ ഒരു ബീജം പൊട്ടിമുളക്കുമ്പോൾ നാളെ മറ്റൊരിടത്ത് കോബലകളായി പ്രത്യക്ഷപ്പെടുന്നു. പ്രഭാതത്തിൽ ഇവിടെ ഒരു പൂകെട്ട് വിരിയുമ്പോൾ പ്രദോഷത്തിൽ ഏതോ ദീപാങ്കുരം ആകാശത്തിൽ മിന്നിത്തിളങ്ങുന്ന താരഗണങ്ങളെന്നോണം കണ്ണു തുറക്കുന്നു. ആദ്യം ഒന്ന്, പിന്നെ രണ്ടും നാലും, പിന്നെ പത്തും ഇരുപതും, പിന്നെ നൂറും ആയിരവും പതിനായിരവും ലക്ഷങ്ങളും. അത് പെരുകുകയാണ്. ഒരാൾ വിരലുയർത്തുമ്പോൾ മറ്റൊരാൾ തലപൊക്കുന്നു. മൂന്നാമതൊരാൾ കണ്ണ് തുറക്കുന്നു. പിന്നീടവർ കിരണങ്ങളുടെ ചിറക് വിരിച്ച് പറക്കാൻ തുടങ്ങുന്നു. പറന്ന് പറന്ന് അവർ പരസ്പരം ആശ്ലേഷിക്കുന്നു. അവരിൽനിന്ന് പുതിയൊരു ലോകം ജന്മമെടുക്കുന്നു. (പേജ് 493) ഇതുപോലെ എത്രഎത്ര ഉദാഹരണങ്ങൾ!

ചരിത്ര സംഭവങ്ങളെ അവലോകന വിധേയമാക്കാനും വ്യാഖ്യാനിക്കാനും ചരിത്രകാരന് സാധിക്കേണ്ടതുണ്ട്. ഈ രംഗത്തും നഈം സിദ്ദീഖി വിജയിച്ചിരിക്കുന്നു. മക്കയിൽനിന്ന് പറിച്ചുനട്ട ഇസ്‌ലാമിക പ്രസ്ഥാനത്തെ മദീനയിലെ വേദക്കാർ എങ്ങനെ നേരിട്ടു എന്നതിനെക്കുറിച്ച് അദ്ദേഹം എഴുതി: മക്കയിൽ പ്രവാചകൻ ഇബ്‌റാഹീമിന്റെ പിൻമുറക്കാരായിരുന്നു ശത്രുക്കകളെങ്കിൽ മദീനയിൽ മൂസാനബിയുടെ പിൻഗാമികളായിരുന്നു. മക്കയിൽനിന്ന് വ്യത്യസ്തമായി ഇവർക്ക് വേദഗ്രന്ഥവും വിശുദ്ധവേഷവുമുണ്ടായിരുന്നു. മക്കയിൽ കഅ്ബാലയത്തിന്റെ ഊരാളന്മാർ ശത്രുപക്ഷത്ത് അണിനിരന്ന പോലെ മദീനയിൽ ബൈതുൽ മുഖദ്ദസിന്റെ പ്രതിപുരുഷന്മാരാണ് രംഗത്ത് വന്നത്.

സത്യമതത്തെ നേരിടാൻ മതവിശ്വാസികൾ തന്നെയാണ് എന്നും എവിടെയാണ് രംഗത്ത് വന്നിട്ടുള്ളത് എന്നത് ഇസ്‌ലാമിക ചരിത്രത്തിലെ വലിയ ദുരന്തമാണ്. സത്യത്തിന്റെ സന്ദേശം കേൾക്കുമ്പോൾ ആദ്യ അണിയിൽ ചേർന്ന് ‘ലബ്ബൈക’ പറയേണ്ട മതവിശ്വാസികൾ തന്നെയാണ് ദൗർഭാഗ്യവശാൽ ‘ആദ്യത്തെ നിഷേധി’യാകാൻ ധൃതികൂട്ടുന്നത്. വിനാശകാലത്ത് പൊതുവെ മതങ്ങൾക്ക് സ്വന്തം അനുയായികളിൽ നിന്നതന്നെയാണ് ക്ഷതമേൽക്കാറുള്ളത്. അവർക്ക് മതം ലാഭകരമായ കച്ചവടവും പൈതൃക സ്വത്തുമായി മാറുന്നു. മതവിധികൾക്ക് വിപണിവില നിശ്ചയിക്കുന്നു. ഉപദേശങ്ങൾ വിൽപനച്ചരക്കും വിജ്ഞാനം ധനസമ്പാദന മാർഗവുമായിത്തീരുന്നു. സ്ഥാനമാനങ്ങൾ ആത്മീയ ശക്തി പ്രഭാവത്തിലേക്കുള്ള ഏണിപ്പടികളാകുന്നു (പേജ് 250,251)

ഇസ്‌ലാമിക വ്യവസ്ഥയുടെ സംസ്ഥാപനം എങ്ങനെ സാധിച്ചു എന്നതിനെപ്പറ്റി നഈം സിദ്ദീഖി നിരീക്ഷിക്കുന്നു: നാനാഭാഗത്ത് നിന്നുള്ള എതിർപ്പുകളുടെയും ഏറ്റുമുട്ടലുകളുടെയും പ്രളയത്തിൽ പത്ത് പന്ത്രണ്ട് ചതുരശ്ര നാഴിക ഭൂപ്രദേശത്ത് താമസിക്കുന്ന വലിയൊരു മനുഷ്യസഞ്ചയം എങ്ങനെ ഇസ്‌ലാമിക വ്യവസ്ഥയുടെ തണലിൽ വന്നുചേർന്നു. നിബിഢാന്ധകാരത്തിന്റെ നെഞ്ചു പിളർന്ന് പുലരിയുടെ ഹൂറി എങ്ങനെ പുഞ്ചിരിച്ചു? ആ പുഞ്ചിരി എങ്ങനെ ചുറ്റുവട്ടങ്ങളിൽ ജ്വാലയായി പടർന്നു? സന്ദേശം സത്യമാണെങ്കിൽ, പ്രസ്ഥാനം മനുഷ്യ ക്ഷേമത്തിൽ അധിഷ്ഠിതമാണെങ്കിൽ, അതിന്റെ ധ്വജവാഹകൻ നിസ്വാർഥവും പരോപകാരതൽപരതയും ത്യാഗസന്നദ്ധനുമാണെങ്കിൽ സത്യത്തിന്റെ വിപ്ലവാത്മക സാർഥവാഹകസംഘത്തെ സംബന്ധിച്ചേടത്തോളം എതിർപ്പുകളും ഏറ്റുമുട്ടലുകളും കുതിരസവാരിക്കാരന്റെ ബൂട്ടിലെ മുള്ളുപോലെ മുന്നോട്ടു കുതിക്കാനുള്ള പ്രചോദമായിരിക്കും….

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ കരുത്ത് തെളിവുകളായിരുന്നു. ശൈഖ്-മുരീദ് സംവിധാനമായിരുന്നു അതെങ്കിൽ ബുദ്ധിക്ക് മൂടുപടമിടുകയാണ് ചെയ്യുക. സാമ്പ്രദായിക മതമായിരുന്നുവെങ്കിൽ ഊഹാധിഷ്ഠിതമാകുമായിരുന്നു. പൗരോഹിത്യ-സൂഫി ത്വരീഖത്തായിരുന്നുവെങ്കിൽ കണ്ണും കാതും ചുണ്ടുമടങ്ങിയിരുന്ന മാന്ത്രികവിദ്യയാകുമായിരുന്നു. ഇവിടെ പക്ഷേ, ആവശ്യം ദൈവഭക്തിയിലധിഷ്ഠിതമായ നാഗരികത കെട്ടിപ്പടുക്കാനും കൊണ്ടുനടക്കാനും സാധിക്കുന്ന ഉൽബുദ്ധ ചേതസ്സുകളായിരുന്നു.”
സൂഫികളുടെ പ്രബോധനത്തിൽ അപേക്ഷയുടെയും അഭ്യർഥനയുടെയും ഒരേയൊരു രീതിയേയുള്ളൂ. അവിടെ വ്യക്തിജീവിതം മാത്രമേ പരിവർത്തിക്കപ്പെടുന്നുള്ളൂ. സാമൂഹിക ഘടനയെ അത് സ്വാധീനിക്കുന്നില്ല. സൂഫികളുടെയും വ്യക്തിഗതമതങ്ങളുടെയും പരിമിതയാണത്. സ്വാധീനിക്കപ്പെടുന്ന വ്യക്തി വിശ്വാസത്തിലും വൈയക്തിക ഗുണങ്ങളിലും പ്രശോഭിക്കുകയും തിന്മകളിൽനിന്ന് രക്ഷപ്പെടാൻ അഭ്യസിക്കുകയും ചെയ്യുന്നുവെങ്കിലും തിന്മയുടെ സംഘടിത ശക്തിയെ നേരിടാനോ കലാപകലുഷിതമായ സ്ഥിതിഗതികളെ അടിച്ചമർത്താനോ ഉള്ള ശേഷി കൈവരുന്നില്ല. തദ്ഫലമായി അക്രമി നേതൃസ്ഥാനത്ത് വിരാജിക്കുകയും മാനവികത കാലിനടിയിലിട്ട് ചവിട്ടിമെതിക്കുകയും ചെയ്യുന്നത് കണ്ട് നെടുവീർപ്പിടുക മാത്രമാണ് അവർക്ക് ചെയ്യാനാവുക. അത്തരം പരിത്യാഗികൾ ആത്മീയ ലോകത്ത് തളച്ചിടപ്പെടുന്നു. ബാഹ്യലോകത്തിന്റെ എല്ലാ ബന്ധങ്ങളോടും രാഷ്ട്രീയ വ്യവസ്ഥയോടും അകന്നുനിൽക്കുന്നു. എല്ലാവരോടും അങ്ങേയറ്റത്തെ വിനീതവിധേയത്വം കാണിക്കുന്നു.”
ഇസ്‌ലാമിനെയും പ്രവാചകനെയും ഇകഴ്ത്തിക്കാണിക്കാനും വ്യാജാരോപണങ്ങളുന്നയിച്ച് അതിന്റെ മുഖം വികൃതമാക്കാനും ശ്രമിക്കുകയെന്നത് പാശ്ചാത്യൻ ചരിത്രകാരന്മാരുടെ സ്വഭാവമാണ്. ഇത്തരം ആരോപണങ്ങളുടെ പൊള്ളത്തരം അനാവരണം ചെയ്യാൻ ഈ കൃതിയിൽ പ്രത്യേകം പരിശ്രമിച്ചിട്ടുണ്ട്. ഇസ്‌ലാമിലെ ജിഹാദും പ്രവാചകന്റെ യുദ്ധങ്ങളും ഇത്തരത്തിൽ വിമർശിക്കപ്പെട്ട മുഖ്യവിഷയങ്ങളാണ്. ഇവയെക്കുറിച്ച് വിശദമായി ഗ്രന്ഥകാരൻ ചർച്ച ചെയ്തിരിക്കുന്നു. 347-ാം പേജ് മുതൽ ആരംഭിക്കുന്ന ഖഡ്ഗങ്ങളുടെ നിഴലില്ഡ എന്ന അധ്യായം മുതൽ ബദ്ർ യുദ്ധം, ഉഹ്ദ് യുദ്ധം, അഹ്‌സാബ് യുദ്ധം, മക്കാവിജയം, രണ്ട് വിദേശയുദ്ധങ്ങൾ, പൊതുബോധത്തിൽ ജിഹാദിന്റെ സ്വാധീനം എന്നീ ശീർഷകങ്ങളിലായി ഇരൂനൂറിലേറെ പേജുകൾ ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നു. വിശുദ്ധ ഖുർആന്റെ യുദ്ധദർശനം, ഇസ്‌ലാമിലെ ജിഹാദ് എല്ലാം വിശദമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. അദ്ദേഹം എഴുതുന്നു:

”പരമാവധി കുറഞ്ഞ രക്തച്ചൊരിച്ചിൽ’ എന്നതായിരുന്നു പ്രവാചകന്റെ യുദ്ധതന്ത്രം. ഏറ്റവും കുറഞ്ഞ ജീവഹാനിയിലൂടെയാണ് പത്തുലക്ഷം ചതുരശ്ര കി.മീറ്റർ വരുന്ന രാഷ്ട്രം സ്ഥാപിതമായത്. മുസ്‌ലിം രക്തസാക്ഷികളുടെ മൊത്തം എണ്ണം 255 മാത്രം. എതിരാളികളുടേത് 759 പേർ…. ഈ സംഖ്യ മുന്നിൽവെച്ച് ഇസ്‌ലാമിന്റെ രക്തച്ചൊരിച്ചിലിനെക്കുറിച്ച് വാചാലരാകുന്ന എതിരാളികളുടെ ചരിത്രം പരിശോധിക്കുക. ഈ യുദ്ധങ്ങൾ മതപ്രബോധനത്തിന് വേണ്ടിയായിരുന്നുവെങ്കിൽ യഹൂദരുടെയും ക്രൈസ്തവരുടെയും ചരിത്രത്തിൽ ഉണ്ടായതുപോലെ വളരെ വലിയ ക്രൂരതകൾ അരങ്ങേറുക മാത്രമല്ല അറേബ്യൻ മരുഭൂമിയിലെ ഓരോ മണൽത്തരിപോലും രക്തപങ്കിലമാകുകമായിരുന്നു (പേജ് 359). അദ്ദേഹം പറഞ്ഞു: ഒരു തുള്ളി രക്തം ചിന്താതെ ഒരു രാഷ്ട്രത്തിന് അസ്തിവാരമിട്ടതിന് ചരിത്രത്തിലെങ്ങും തുല്യത കാണില്ല. ‘രക്തരഹിതവിപ്ലവം’ എന്നൊക്കെ പറയാറില്ലേ? അക്ഷരാർഥത്തിൽ അതിന്റെ നേർസാക്ഷിയായി മദീന. അവിടെ പടുത്തുയർത്തിയ രാഷ്ട്രത്തിന്റെ ചുമരുകളിൽ മനുഷ്യമാംസത്തിന്റെ ഗന്ധമുണ്ടായിരുന്നില്ല എന്നത് ചരിത്രത്തിലെ അത്ഭുതങ്ങളിലൊന്നായിരുന്നു (പേജ് 363)

ഇസ്‌ലാം അതിന്റെ ആവിർഭാവ ഘട്ടത്തിൽ തന്നെ അറബ് ജാഹിലിയ്യത്തിൽ കെട്ടിപ്പടുത്ത സാമൂഹിക വ്യവസ്ഥക്ക് കനത്ത പ്രഹരമേൽപിക്കുകയുണ്ടായി. അന്നു മദീനയുടെ ജനസംഖ്യ അയ്യായിരമായിരുന്നു. അതിൽ പകുതി യഹൂദികൾ. മൊത്തം ജനസംഖ്യയിൽ അൻസാറുകളും മഹാജിറുകളും അടക്കമുള്ള മുസ്‌ലിംകൾ അഞ്ഞൂറിൽ കവിയില്ല. എന്നാൽ കർമോത്സുകരും സുസംഘടിതരും ജാഗ്രത്തുമായ ഈ ന്യൂനപക്ഷത്തിന്റെ ബലത്തിൽ പ്രവാചകൻ ഈ അയ്യായിരത്തെ തന്റെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നു. 12 ഉപഗോത്രങ്ങളിലായി ചിതറിക്കിടക്കുകയായിരുന്ന ഈ വിഭാഗത്തെ ഒരു ഭരണഘടനയുടെ ചട്ടക്കൂട്ടിൽ സംഘടിപ്പിച്ചു. ലോകചരിത്രത്തിൽതന്നെ മാതൃകയില്ലാത്ത ഒരു ഭരണഘടനാ രേഖയാണിതെന്ന് ഡോ. ഹമീദുല്ല നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങളും ഈ ഗ്രന്ഥത്തിൽ വായിക്കാവുന്നതാണ്.
മലയാളത്തിൽ ഇതുവരെ പ്രസിദ്ധീകൃതമായ നബിചരിത്ര ഗ്രന്ഥങ്ങളിൽ ഏറ്റവും സമഗ്രവും ഉദാത്തവുമാണ് ഐ.പി.എച്ചിന്റെ ഈ ഗ്രന്ഥം എന്ന് നിസ്സംശയം പറയാം. എങ്കിലും ചെറിയ ചില സ്ഖലിതങ്ങൾ ഗ്രന്ഥത്തിലുണ്ടെന്നത് പറയാതിരിക്കാൻ വയ്യ. ഉദാഹരണമായി 92-ാം പേജിൽ ”27 ഒട്ടകങ്ങൾക്ക് പകരമായി നബി(സ) വിലപിടിച്ച വസ്ത്രജോഡികൾ വാങ്ങുകയും അത് ധരിച്ച് നമസ്‌കരിക്കുകയും ചെയ്തു” എന്ന് കാണുന്നു. ഇത് എവിടെനിന്ന് കിട്ടിയ വിവരമാണെന്നു ഗ്രന്ഥകാരൻ വ്യക്തമാക്കിയിട്ടില്ല. ലളിത ജീവിതത്തിന്റെയും ആഢംബര നിരാസത്തിന്റെയും പ്രതീകമായ പ്രവാചകനിൽ ഇത്തരമൊരു കാര്യം അചിന്ത്യമാണ്. അതുപോലെ ‘ജഅ്ഫറുത്വയ്യാർ’ എന്ന പ്രഗത്ഭസ്വഹാബിയെ ‘ജഅ്ഫരുബ്‌നു ത്വയ്യാർ’ എന്നെഴുതിയതും പിശകാണ്. ജഅ്ഫറിന്റെ തന്നെ അപരനാമമാണ് ‘അത്ത്വയ്യാർ’ എന്നത്. അത് ഇബ്‌നു ത്വയ്യാർ ആകുമ്പോൾ അദ്ദേഹത്തിന്റെ പിതാവിന്റെ അപരനാമമായി മാറും. ഉമറുബ്‌നുൽ ഖത്താബ് എന്ന് പറയുന്നത് പോലെ. ആവർത്തനവും പലേടത്തും വായനയെ അരസികമാക്കുന്നുണ്ട്. അഖബാ ഉടമ്പടിയെക്കുറിച്ച് 235-ാം പേജിലും 500 പേജിലും വിശദീകരിക്കുന്നതും മദീനയിലെ പ്രഥമ ഭരണഘടനയെപ്പറ്റി 247-ാം പേജിലും 502 മുതൽ 508 പേജുകളിലും പ്രതിപാദിച്ചതും ഉദാഹരണങ്ങളാണ്.

പരിഭാഷ കുറെക്കൂടി മെച്ചപ്പെടുത്തേണ്ടിയിരുന്നു. ചെറിയ വാചകങ്ങളിൽ വലിയ ആശയങ്ങൾ അവതരിപ്പിക്കാനുള്ള പ്രവാചക കഴിവിന് ഉദാഹരണായി പറയുന്ന ഹദീസുകളുടെ മൊഴിമാറ്റം ഗ്രന്ഥത്തിൽ കാണാം. അവയുടെ പരിഭാഷ വായിക്കുമ്പോൾ ആശയ ഗാംഭീര്യം ചോർന്നു പോകുന്നതായി അനുഭവപ്പെടും. അറബി പേരുകൾ മലയാളത്തിൽ എഴുതിയതിലും ഒരുപാട് പിശകുകളുണ്ട്. ‘ദിഹ്‌യ’തുൽ കൽബിയെ ‘വഹ്‌യ’ എന്നെഴുതിയതും തുഫൈലുബ്‌നു ‘അംറു ദ്ദൗസി’യെ ത്വഫൈലുബ്‌നു ‘അംറൂസി’ എന്നാക്കിയതും റുബയ്യിഅ് ബിൻത് മുഅവ്വിദിനെ ‘റബീഅ് ബിൻത് മുഅവ്വദ് എന്നും ‘മർഫദ്’ബ്‌നു അബുൽ ‘മർസദിനെ ‘മുർസിദ് ആക്കിയതും അദ്ൽ, ഖാറ എന്നീ രണ്ടു ഗോത്രങ്ങളെ ‘അദ്ൽ വഖാറ’ എന്ന ഒറ്റഗോത്രമാക്കിയതും ഹകീം ഇബ്‌നു ‘നിസാമി’നെ ഹകീമുബ്‌നു ‘ഹസ്മ്’ ആക്കിയതും അബൂ അസീസിനെ ‘അബൂ ഉസൈർ’ ആക്കിയതും ഉദാഹരണങ്ങളാണ്. വില 390 രൂപ എന്നതും അധികമല്ല. മൂന്ന് പേജുകളിൽ ഒതുങ്ങുന്ന ചെറിയൊര അവതാരിക എഴുതിയ മൗലാനാ മൗദൂദി ഈ ഗ്രന്ഥത്തെ ആദരിച്ചിട്ടുണ്ട് എന്നതും പ്രത്യേകം സ്മരണീയമാണ്.

മുഹമ്മദ് മനുഷ്യ സ്‌നേഹത്തിന്റെ പ്രവാചകൻ
നഈം സിദ്ദീഖി
വിവർത്തനം: കെ.ടി ഹുസൈൻ, പി.പി അബ്ദുർറഹ്മാൻ കൊടിയത്തൂർ
പ്രസാധനം: ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

You may also like