പുസ്തകം

എന്തുകൊണ്ട് മുഹമ്മദ്?

”പ്രവാചകന്റെ ജീവിതം മാനവ ചരിത്രത്തിലെ ഒരു അത്ഭുതമാണ്… അജ്ഞതയിലും എല്ലാത്തരം നികൃഷ്ടതകളിലും ആണ്ടുമുങ്ങിക്കഴിഞ്ഞിരുന്ന ഒരു ജനതയെ സമ്പൂർണമായും പുതിയൊരു ജനതയായി മാറ്റിപ്പണിതു കൊണ്ടാണ് ആ മഹാനുഭാവൻ തന്റെ ദൗത്യം പൂർത്തീകരിച്ചത്.”
(പ്രൊഫ. എം.കെ. സാനു / ‘നബിമാനസ’ത്തിന്റെ അവതാരിക)

”ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പട്ടികക്ക് നേതൃസ്ഥാനം വഹിക്കാൻ ഞാൻ മുഹമ്മദിനെ തിരഞ്ഞെടുത്തത് ചില വായനക്കാരെ അതിശയപ്പെടുത്തിയേക്കാം, വേറെ ചിലർ അതിനെ ചോദ്യം ചെയ്തേക്കാം, പക്ഷേ മതരംഗത്തും മതേതരരംഗത്തും പരമമായ വിജയം നേടിയ ഒരേയൊരാൾ ചരിത്രത്തിൽ അദ്ദേഹം മാത്രമാണ്.”
(മൈക്ൾ എച് ഹാർട്ട് / Muhammad 570-632 / The Hundred : A Ranking of the Most Influential Persons in History)

ഹിജ്റ വർഷം 1442,
റബീഉൽ അവ്വൽ പന്ത്രണ്ട്.
മക്കയിൽ, ക്രി. വർഷം 570 ൽ,
മുഹമ്മദ് നബി ജനിച്ച ദിവസം.
അത് ചരിത്രത്തിന്റെ വഴിത്തിരിവായിരുന്നു.

കാണുന്നതും കാണാത്തതുമായ പ്രപഞ്ചങ്ങളെയഖിലം സൃഷ്ടിച്ചവനും പരിപാലിച്ചുകൊണ്ടിരിക്കുന്നവനുമായ, നിത്യാസ്തിത്വമായ, ഏകനും സ്വയം സമ്പൂർണനും പൂർണ സ്വാശ്രയനുമായ, ചരിക്കുന്നതും ചരിക്കാത്തതുമായ സകല വസ്തുക്കളുടെയും ഭൂത-വർത്തമാന-ഭാവി കാലങ്ങളുടെയും ഉടമസ്ഥനായ, സകല ആശയങ്ങളുടെയും അറിവുകളുടെയും കഴിവുകളുടെയും ഉറവിടമായ, ഉദ്ദേശിക്കുന്ന എന്തും എപ്പോഴും സാധ്യമാക്കാൻ കഴിവുള്ളവനായ, ജീവിതത്തിന്റെയും മരണത്തിന്റെയും വിധാതാവായ യഥാർഥ സത്യദൈവത്തിനു മുന്നിൽ മാത്രമേ തല കുനിക്കാവൂ, വിധേയപ്പെടാവൂ എന്ന് ആഹ്വാനം ചെയ്ത പ്രവാചകൻ. ആ സത്യ ദൈവത്തിന് വിരുദ്ധം നിൽക്കുന്ന സകല അധികാര രൂപങ്ങളെയും ആശയങ്ങളെയും നിഷേധിക്കാൻ പറഞ്ഞ പ്രവാചകൻ.
മനുഷ്യരെല്ലാം ഒരു ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ സന്തതികളും ആണെന്നും, അതുകൊണ്ടുതന്നെ മനുഷ്യവർഗം പരസ്പരം സഹോദരങ്ങളാണെന്നും, ആത്മാവിന്റെ വിശുദ്ധികൊണ്ടല്ലാതെ ഒരാൾക്കും മറ്റൊരാളേക്കാൾ മേന്മയില്ലെന്നും, നിറം കൊണ്ടും കുലം കൊണ്ടും ദേശം കൊണ്ടും സമ്പത്ത് കൊണ്ടും ആരും വിശേഷപ്പെട്ടവർ ആകുന്നില്ലെന്നും പഠിപ്പിച്ച പ്രവാചകൻ. അത് താൻ ഉയർത്തിയ സമൂഹത്തിൽ അക്ഷരംപ്രതി പ്രയോഗവൽക്കരിച്ച പ്രവാചകൻ.

Also read: ‘റഹ്മത്തുൽ ലിൽ ആലമീൻ’: ഖാദി സുലൈമാൻ മൻസൂർപൂരി

വിദൂരസ്ഥമായ ചൈനയിൽ പോയിട്ടെങ്കിലും അറിവ് സമ്പാദിക്കാൻ പറഞ്ഞ;
ദരിദ്രരോടും അവശരോടും അനാഥരോടും ചേർന്നു നിൽക്കാൻ ഉണർത്തിയ;
ധനവാന്റെ സ്വത്തിൽ ദരിദ്രർക്കും ആവശ്യക്കാർക്കും അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച;
എത്ര പ്രതികൂല പരിതസ്ഥിതിയിലും കളവു പറയരുതെന്ന് നിർദേശിച്ച;
സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും അവരുടെ സുരക്ഷയാണ് സമൂഹത്തിന്റെ/രാജ്യത്തിന്റെ സുരക്ഷയെന്നും പഠിപ്പിച്ച;
ഹൃദയത്തിൽ സ്നേഹവും കാരുണ്യവും ഇല്ലാത്തവൻ ഭാഗ്യഹീനനാണ് എന്നും, ക്ഷമയും വിട്ടുവീഴ്ചയും കൊണ്ട് ഒന്നും നഷ്ടപ്പെടാനില്ലെന്നും ഉപദേശിച്ച; മാതാപിതാക്കളെയും ഗുരുവര്യന്മാരെയും ബഹുമാനിക്കുവാനും അവർക്ക് സേവനം ചെയ്യുവാനും ആവശ്യപ്പെട്ട;
ജീവജാലങ്ങൾക്കും പ്രകൃതിക്കും ദോഷം വരുത്തരുതെന്നും, വായുവും വെള്ളവും മലിനമാക്കരുതെന്നും, ഒഴുകുന്ന നദിയിൽ നിന്ന് വെള്ളം ഉപയോഗിക്കുകയാണെങ്കിൽ പോലും ധൂർത്ത് കാണിക്കരുതെന്നും, നാളെ ജീവിതം അവസാനിക്കുകയാണെന്ന് അറിഞ്ഞാൽ പോലും ഇന്ന് ഒരു ചെടി നടാനുള്ള അവസരം പാഴാക്കരുതെന്നും നിർദേശിച്ച;
ഏതവസ്ഥയിലും നീതി ദീക്ഷിക്കണമെന്നും, ഇതരരുടെ സ്വാതന്ത്യത്തെയും അവകാശങ്ങളെയും വിലമതിക്കണമെന്നും താക്കീത് ചെയ്ത;
ദുർബലർക്കും പീഡിതർക്കും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർക്കും വേണ്ടി പോരാടാൻ ആഹ്വാനം ചെയ്ത;
അക്രമിയായ ഭരണാധികാരിയുടെ മുന്നിൽ തലയുയർത്തി നിന്ന് സത്യം പറയുകയാണ് ഏറ്റവും മഹത്തായ ധർമം എന്നു പഠിപ്പിച്ച… അങ്ങനെ നൂറുനൂറ് വിപ്ലവസൂക്തികൾ പറഞ്ഞും പ്രവർത്തിച്ചും പഠിപ്പിച്ച, അതിനൊത്ത ഒരു സമൂഹത്തെ കൺമുന്നിൽ വളർത്തിക്കൊണ്ടുവന്ന് ലോകത്തിനു മുൻപിൽ തന്റെ സത്യത്തിന്റെ നിത്യസാക്ഷ്യമായി അവതരിപ്പിച്ച അന്ത്യപ്രവാചകൻ…
മുഹമ്മദ് ബ്നു അബ്ദില്ല…
സ്വല്ലല്ലാഹു അലൈഹി വ സല്ലം…
പുണ്യപ്രവാചകാ,
അങ്ങേക്കു സലാം…
ലോകമാകെ സലാം ചൊല്ലുന്ന കൂടെ
ഇവന്റെയും സലാം…
(ചിത്രത്തിൽ കാണുന്നത് പത്രപ്രവർത്തകൻ ശ്രീ പി. മാഹിൻ എഴുതിയ ലളിതസുന്ദരമായ പ്രവാചകചരിത്രമാണ് : “നബിമാനസം”. സാധാരണ മലാളി വായനക്കാർക്ക് എളുപ്പം വായിച്ചു പോകാവുന്നതും, എന്നാൽ സമഗ്രശോഭയോടെ പ്രവാചകനെ അവതരിപ്പിച്ചിട്ടുള്ളതുമായ ‘നബിമാനസം’ പ്രവാചകനെ പഠിയ്ക്കാനാഗ്രഹിക്കുന്ന മലയാളികൾക്ക് സവിശേഷം ഉപകരിക്കുന്നതാണ്. ആദരണീയനായ പ്രൊഫ. സാനുമാഷ് അവതാരിക എഴുതിയ ഈ ഗ്രന്ഥം എഡിറ്റ് ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി.)

You may also like

Leave a reply

Your email address will not be published. Required fields are marked *