പുസ്തകം

ദിയാഉന്നബി : മൗലാന പീർ കരം ഷാഹ് അസ്ഹരി

നബിചരിത്ര വിജ്ഞാന ശാഖയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പിറന്ന ഒരു മഹാത്ഭുതമാണ് മൗലാന പീർ കരം ഷായുടെ ‘ദിയാഉന്നബി’ എന്ന വിഖ്യാത ഗ്രന്ഥം. ഉറുദു ഭാഷയിൽ രചിക്കപ്പെട്ട സീറകളിൽ എല്ലാ തരത്തിലും പ്രഥമഗണനീയമായ സീറകളിൽ ഒന്നാണിത്. ബറേൽവി ധാരയിൽ നിലകൊണ്ട പണ്ഡിതനായ മൗലാന പീർ കരം ഷാഹ് അസ്ഹരി (1918 -1998) രചിച്ച ഈ കൃതി ആഗോള തലത്തിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട മഹദ്ഗ്രന്ഥമാണ്.

മൗലാന പീർ കരം ഷാഹ് ബ്രിട്ടീഷ് ഇന്ത്യയിലെ സർഗോദയിൽ 1918 ലാണ് ജനിച്ചത്. പതിറ്റാണ്ടുകളോളം നീണ്ട വിജ്ഞാന സമ്പാദനത്തിനൊടുവിൽ വിവിധ ഭാഷകളിൽ, വിവിധ വിജ്ഞാന ശാഖകളിൽ അദ്ദേഹം ആഴത്തിലുള്ള പ്രാവീണ്യം കരസ്ഥമാക്കി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഈജിപ്തിലും അദ്ദേഹം വിജ്ഞാന സമ്പാദനത്തിന് യാത്ര ചെയ്തു. 36 വയസ്സ് വരെ അദ്ദേഹം വിവിധ സ്ഥാപനങ്ങളിൽ ചേർന്ന് പഠിച്ചു. പിന്നീടാണ് വിജ്ഞാന പ്രസരണത്തിനും ആത്മ സംസ്കാരണത്തിനും ഗ്രന്ഥ രചനക്കും അദ്ദേഹം സമയം കണ്ടെത്തുന്നത്. വിശുദ്ധ ഖുർആന് ‘ദിയാഉൽ ഖുർആൻ’ എന്ന പേരിൽ അദ്ദേഹം എഴുതിയ വ്യാഖ്യാനം പ്രസിദ്ധമാണ്. പണ്ഡിതനും സൂഫിയും പത്രപ്രവർത്തകനും സാഹിത്യകാരനുമായിരുന്നു അദ്ദേഹം. വിഭജനത്തിന് ശേഷം പാകിസ്ഥാനിൽ താമസമാക്കിയ അദ്ദേഹം അവിടെ സജീവ രാഷ്ട്രീയത്തിൽ ഇടപെടുകയും ജയിൽ വാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. അനിസ്ലാമിക സമ്പ്രദായങ്ങൾക്കും ഖാദിയാനി വത്കരണത്തിനും എതിരെ ഭൂട്ടോ സർക്കാരിനെതിരെ നടന്ന സമരങ്ങളിൽ അദ്ദേഹം നിത്യ സാന്നിധ്യമായിരുന്നു. സിയാഉൾ ഹഖിന്റെ കാലത്ത് ജയിൽ മോചിതനായ അദ്ദേഹം പിന്നീട് സുപ്രീം കോടതി ജഡ്ജ് ആയാണ് വിരമിച്ചത്. വിവിധ മേഖലകളിലായി നിരവധി ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം 1998 ലാണ് മരിക്കുന്നത്.

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 3

ഉറുദു ഭാഷയിൽ രചിക്കപ്പെട്ട സീറകളിൽ ‘ദിയാഉന്നബി’ ക്ക് ഉന്നത സ്ഥാനം കല്പിക്കപ്പെടുന്നത് അതിന്റെ സവിശേഷമായ രചന ശൈലി കൊണ്ട് കൂടിയാണ്. ഏഴ് വാല്യങ്ങളിലായി അയ്യായിരത്തിനടുത്തു പേജുകളിൽ നിറഞ്ഞു നിൽക്കുന്ന ഈ സീറ വസ്തുതകൾ കൊണ്ടും വിശകലനങ്ങൾ കൊണ്ടും മാത്രമല്ല അനുരാഗ വായ്പ്പ് കൊണ്ട് കൂടിയാണ് പ്രസിദ്ധിയാർജ്ജിച്ചത്. ഇത് വായിക്കുന്നവർക്ക് പ്രവാചക ചരിത്രത്തിലെ സംഭവങ്ങളുടെ വിവരങ്ങൾ മാത്രമല്ല ലഭിക്കുന്നത്, ഒപ്പം ‘മുസ്തഫ’ എന്ന അനിർവചനീയമായ അനുഭൂതി കൂടി സാധ്യമാകുന്നു.

ബൃഹത്തായ ആദ്യ വാല്യം 519 പേജുകളായാണ് രചിക്കപ്പെട്ടത്. ഇതിൽ അറേബ്യൻ ഉപദ്വീപിലെയും ഹിന്ദുസ്ഥാൻ വരെയുള്ള സമീപ പ്രദേശങ്ങളിലെയും അക്കാലം വരെയുള്ള മനുഷ്യ ചരിത്രത്തിലൂടെ ഗ്രന്ഥ കർത്താവ് കടന്നു പോകുന്നു. പ്രവാചക ആഗമനത്തിന് മുമ്പുള്ള ഇറാൻ, ഈജിപ്ത്, അറേബ്യാ തുടങ്ങിയ പ്രദേശങ്ങളിലെയും ഹിന്ദുസ്ഥാൻ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളുടെയും രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, മത ചരിത്രങ്ങളിലൂടെ വിശദമായി കടന്ന് പോവുന്നുണ്ട്. ശേഷം ഇബ്രാഹീം നബി(അ) മുതൽ പ്രവാചകർ (സ)വരെയുള്ള പരമ്പരയുടെ വിശദമായ ചരിത്രവും വിവരിക്കുന്നു. അവസാനം പ്രവാചകരുടെ (സ) പിറവിയോടെ ഒന്നാം ഭാഗം അവസാനിക്കുന്നു.

തീരുദൂതരുടെ (സ) ജനനത്തോടെ ആരംഭിക്കുന്ന രണ്ടാം ഭാഗത്തോടെയാണ് ഈ കൃതി അതിന്റ സവിശേഷതയിലേക്ക് കടക്കുന്നത്. ഓരോ വരികളും താളുകളും അനുരാഗത്തിന്റെ മഷി മുക്കി എഴുതിയതെന്ന പോലെ, ആ അനുഗ്രഹീത വേളകളിൽ പീർ കരം ഷാഹ് സാഹബ് ദൃക്‌സാക്ഷി ആയിരുന്നുവെന്ന പോലെയാണ് ഇതിലെ സംഭവങ്ങൾ വികസിക്കുന്നത്. 600 ൽ പരം പേജുകളിലായി ജനനം മുതൽ ഹിജ്‌റ വരെയുള്ള കാലമാണ് വിവരിക്കുന്നത്. ഇതിൽ നബി(സ)യുടെ ഔന്നിത്യം വിവരിക്കുന്ന ഒട്ടേറെ വിവരണങ്ങൾ കൊണ്ട് സമ്പന്നമാണ്. ഓരോ സംഭവം വിവരിക്കുമ്പോഴും അനുരാഗവും ആദരവും മനോഹരമായി അദ്ദേഹം വരികളിൽ ചേർത്ത് വെച്ചിരിക്കുന്നു.

650 പേജുകളുള്ള മൂന്നാം ഭാഗത്തിൽ ഹിജ്‌റയും മദീനയും ബദറും താളുകളിൽ സംഭവങ്ങളായി നിറയുന്നു. പ്രവാചക അനുചരന്മാർക്ക് അവിടുത്തോടുള്ള ഹൃദയ ബന്ധവും മദീന വാസികൾക്ക് പ്രവചകരോടുള്ള അനുരാഗ വായ്പ്പും ഈ കൃതിയിൽ നിറഞ്ഞു നിൽക്കുന്നു, ബദർ യുദ്ധത്തെ സംബന്ധിച്ച വിവരണങ്ങളിൽ ആധുനിക കാലത്തെ യുദ്ധം എന്ന സംജ്ഞയും ബദർ അടക്കമുള്ള പ്രവാചകരുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളും താരതമ്യം ചെയ്യുന്നുണ്ട്. 200 ലേറെ പേജുകൾ ബദർ പോരാട്ട ചരിതത്തിനായി കരം ഷാ സാഹബ് നീക്കിവെക്കുന്നുണ്ട്. ഉഹദ് പോരാട്ടവും ഈ കൃതിയിൽ തന്നെ വിവരിക്കുന്നുണ്ട്. ഹിജ്‌റ അഞ്ചാം വർഷം വരെയുള്ള മദീനയെ ഈ കൃതി വരച്ചു വെക്കുന്നു.

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 4

ഖന്ദഖ് യുദ്ധത്തോടെയാണ് ഈ കൃതിയുടെ നാലാം ഭാഗം ആരംഭിക്കുന്നത്. ഹിജ്‌റയുടെ ഓരോ വർഷവും സവിസ്തരം പ്രതിപാദിക്കുന്നു. ഓരോ സംഭവവും അതിന്റെ പിന്നിലെ പ്രവാചകരുടെ മഹത്വത്തെയും ഔന്നിത്വത്തെയും സ്ഥാപിച്ചു കൊണ്ടാണ് കരം ഷാ സാഹബ് പ്രതിപാദിക്കുന്നത്. കാവ്യാത്മകമായ ശൈലിയാണ് പലപ്പോഴും അദ്ദേഹം സ്വീകരിക്കുന്നത്. നബി തങ്ങൾ(സ) ക്ക് എഴുതപ്പെട്ട കത്തുകളെ സംബന്ധിച്ച നീണ്ട വിവരണവും ഇതിലുണ്ട്. ഡോ.ഹമീദുല്ല യെ അവലംബമാക്കി ഉദ്ധരിക്കുന്ന ചില കത്തുകൾ കരം ഷാ സാഹിബ് ഈ ഗ്രന്ഥത്തിൽ പകർത്തിയിട്ടുണ്ട്. മക്കാ വിജയവും അവസാന ഹജ്ജും വിടവാങ്ങൽ ദിനങ്ങളുമെല്ലാം അത്യന്തം വൈകാരികമായി കരം ശാഹ് സാഹബ് അവതരിപ്പിക്കുന്നു. ഈ വാല്യത്തോടെ തിരുജീവിതത്തിന്റെ വിവരണം അവസാനിക്കുന്നു.

ഈ സീറയുടെ ഏറ്റവും ബൃഹത്തായ കൃതി നാലാം വാല്യമാണ് ആയിരത്തിനടുത്തു പേജുകളിലായി പ്രവാചകരുടെ ഗുണവിശേഷണങ്ങൾ ആണ് ചർച്ച ചെയ്യുന്നത്. തീരുദൂതർ (സ) യുടെ വ്യക്തിപരമായ സവിശേഷതകൾ, അവിടുത്തെ ശരീര പ്രകൃതി, സ്വഭാവ സവിശേഷതകൾ, സവിശേഷ ഗുണങ്ങൾ എന്നിവയും അവിടുത്തെ കാരുണ്യം,നീതി, സേവനം, ദയ, ഗുണകാംക്ഷ എന്നിവയുമായി ബന്ധപ്പെട്ട സംഭവങ്ങളും വിശുദ്ധ ഖുർആന്റെ വെളിച്ചത്തിലുള്ള അവിടുത്തെ അപദാനങ്ങളുമാണ് ഈ ഭാഗം നിറയെ. പ്രവാചക ചര്യകളും അവിടുത്തെ ദൈനം ദിന ജീവിതവും ഇഷ്ടാനിഷ്ടങ്ങളുമെല്ലാം ഈ ഭാഗത്ത് വിശദമായി ചർച്ച ചെയ്യുന്നുണ്ട്.

Also read: ‘സീറത്തെ സർവ്വറെ ആലം’: സയ്യിദ് മൗദൂദി

ചുരുക്കത്തിൽ മുഹമ്മദ് റസൂലുല്ലാഹ് (സ) എന്ന ലോകാനുഗ്രഹിയെ വായനക്കാർക്ക് മുമ്പിൽ സമർപ്പിക്കുകയാണ് മൗലാന പീർ കരം ഷാഹ് സാഹബ്.
ദിയാഉന്നബിയുടെ ആറാം വാല്യം ധൈഷണികമായും വൈജ്ഞാനികമായും ഏറെ സമ്പന്നമാണ്. ഇസ്ലാമിനെ ഇതര വിശ്വാസ സംഹിതകൾ എങ്ങിനെ സമീപിച്ചു എന്നതാണ് ഇതിന്റെ ഇതിവൃത്തം. പ്രവാചക കാലത്തെ ക്രൈസ്തവ, ജൂത, പാഴ്‌സി സംസ്കാരങ്ങളുടെ വിശദമായ വിവരണത്തോടെയാണ് ഈ കൃതി ആരംഭിക്കുന്നത്. പിന്നീട് പടിഞ്ഞാറൻ ലോകം ഇസ്ലാമിനെ കണ്ടത് എങ്ങനെയെന്നും പടിഞ്ഞാറു നിന്ന് ഇന്നോളം പുറത്ത് വന്ന ഇസ്ലാം പഠനങ്ങളുടെ സ്വഭാവവും വിവരിക്കുന്നു.

ഇസ്ലാമിനെക്കുറിച്ചും വിശുദ്ധ ഖുർആനിനെക്കുറിച്ചും ഓറിയന്റലിസ്റ്റ്  പണ്ഡിതന്മാർ ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളെയും അദ്ദേഹം ചർച്ച ചെയ്യുകയും അതിന് വ്യക്തമായ മറുപടി നൽകുകയും ചെയ്യുന്നു എന്നത് കൊണ്ട് തന്നെ സർവ്വരാലും ഈ കൃതി പ്രശംസിക്കപ്പെടുകയുണ്ടായി. 645 പേജുകളാണ് ഈ വിഷയത്തിൽ മൗലാന കരം ഷാ ചെലവിട്ടത്.

പ്രവാചക ജീവിതത്തെക്കുറിച്ചുള്ള ആരോപണങ്ങളെ പ്രതിരോധിക്കാനും പ്രവാചക ജീവിതത്തെ മഹത്വപ്പെടുത്താനുമാണ് ഏഴാം വാല്യത്തിലെ 615 പേജുകൾ  ചെലവിട്ടിട്ടുള്ളത്.  ഹദീസ് നിഷേധത്തിനും തിരു ദൂതരുടെ വിവാഹങ്ങൾ സംബന്ധിച്ച ആരോപണങ്ങൾക്കുമുള്ള മറുപടികൾക്കാണ്  അവസാന വാല്യത്തിലെ ഏറ്റവും കൂടുതൽ താളുകൾ ചെലവഴിക്കപ്പെട്ടത്.

Also read: ‘റഹ്മത്തുൽ ലിൽ ആലമീൻ’: ഖാദി സുലൈമാൻ മൻസൂർപൂരി

ഏഴ് വല്യങ്ങളിൽ ഇസ്ലാമിക ലോകത്തിന് മഹത്തായ സംഭാവനയാണ് മൗലാന പീർ കരം ഷാ നൽകിയിട്ടുള്ളത്. അത് കൊണ്ട് തന്നെ ഉറുദു ഭാഷയിലുള്ള ഈ കൃതി ഗ്രന്ഥകാരൻ തന്നെ ഇംഗ്ലീഷ് ലേക്ക് തർജ്ജമ നടത്തിയപ്പോൾ വൻ തോതിലുള്ള സ്വീകാര്യത ഈ ഗ്രന്ഥത്തിന് ലഭിച്ചു. ഒരു പക്ഷെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ശിബിലി- നദ്‌വി മാരുടെ സീറത്തുന്നബി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ച സീറ കൃതി ഇത് തന്നെയാവും . ബുദ്ധിയോടും ഹൃദയത്തോടും ഒരേ പോലെ സംവദിക്കുന്ന മഹത്തായ ഒരു രചനയാണിത്. ബറേൽവി ധാരയിൽ നിന്നുള്ള ഒരു രചന ഐകഖണ്ഡേന മുസ്ലിം ലോകം പ്രശംസിച്ചത് പീർ കരം ഷായുടെ സവിശേഷവും പണ്ഡിതോചിതവുമായ രചനാ ശൈലി കൊണ്ട് തന്നെയാണ്.

You may also like

Leave a reply

Your email address will not be published. Required fields are marked *